Prabodhanm Weekly

Pages

Search

2012 ജനുവരി 21

മാനസിക സംഘര്‍ഷം: പ്രതിവിധികള്‍ ഇസ്‌ലാമിലും ഭൗതിക ശാസ്ത്രത്തിലും

ഇബ്‌റാഹീം ശംനാട്

നിര്‍വചനങ്ങളിലും വിവരണങ്ങളിലും ഒതുങ്ങാത്ത സങ്കീര്‍ണ വിഷയമാണ് മാനസിക സംഘര്‍ഷം. മാനസിക സംഘര്‍ഷങ്ങളും മനോവ്യഥകളും അനുഭവിക്കാത്ത ഒരാളും തന്നെ ഭൂമുഖത്ത് ഉണ്ടാവുകയില്ല. പ്രായ ലിംഗ ഭേദമന്യേ എല്ലാവരെയും പിടികൂടുന്ന മഹാരോഗം.  ഒരു കൈകുഞ്ഞ്  ഭൂമിയിലേക്ക് പിറന്ന് വീഴുന്നത് മുതല്‍  ഏതെങ്കിലും തരത്തിലുള്ള മാനസിക സംഘര്‍ഷത്തിന് വിധേയമാവാറുണ്ടെന്ന് മനഃശാസ്ത്ര പഠനങ്ങള്‍ വ്യക്തമാക്കുന്നു. 
ആധുനിക കാലഘട്ടത്തില്‍ ജീവിക്കുന്ന നമ്മെ സംബന്ധിച്ചേടത്തോളം പല കാരണങ്ങളാല്‍ മാനസിക സംഘര്‍ഷ രോഗങ്ങള്‍ അധികരിക്കുകയാണ് ചെയ്തിരിക്കുന്നത്. വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍, ആക്രമണങ്ങള്‍, വ്യക്തികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ എല്ലാം മനഃസംഘര്‍ഷം വര്‍ധിക്കാന്‍ ഇടയാക്കുന്നു. ഏറ്റവും വികസിതമായ അമേരിക്ക പോലുള്ള രാജ്യങ്ങളിലെ നമ്പര്‍ വണ്‍ രോഗമായി ഇന്ന് മാനസിക സംഘര്‍ഷരോഗം വളര്‍ന്നിരിക്കുന്നു. പട്ടിണി, ദാരിദ്ര്യമുള്‍പ്പടെ നിരവധി പ്രയാസങ്ങള്‍ നേരിടുന്ന നമ്മുടേത് പോലുള്ള രാജ്യത്ത് മാനസിക സംഘര്‍ഷത്തില്‍ നിന്നും മുക്തരായവര്‍ വളരെ അപൂര്‍വമായിരിക്കും.
മാനസിക സംഘര്‍ഷത്തെ പോസിറ്റീവ് സ്‌ട്രെസ്സ്, നെഗറ്റീവ് സ്‌ട്രെസ്സ് എന്നിങ്ങനെ രണ്ടായി വിഭജിക്കാം. പോസിറ്റീവ് സ്‌ട്രെസ്സ് നൈസര്‍ഗികവും ജന്മസിദ്ധവുമായ ഒരു ഗുണവും നമ്മില്‍ എല്ലാവരിലും ഉണ്ടായിരിക്കേണ്ട ഒരു സ്വഭാവചര്യയുമാണ്. നാം ചെയ്യുന്ന എല്ലാ ഉദാത്ത കര്‍മങ്ങള്‍ക്ക് പിന്നിലും പോസിറ്റീവ് സ്‌ട്രെസ്സ് ഉണ്ടായിരിക്കും. കര്‍ഷകന്‍ വിള ഇറക്കുമ്പോഴും അമ്മമാര്‍ ഗര്‍ഭം ധരിക്കുമ്പോഴും ശാസ്ത്രജ്ഞന്മാര്‍ ഗവേഷണത്തില്‍ ഏര്‍പ്പെടുമ്പോഴുമെല്ലാം ഇത്തരം മനോസംഘര്‍ഷത്തിന്റെ അവാച്യമായ അനുഭൂതി ആസ്വദിച്ചിരിക്കും.
എന്നാല്‍ നെഗറ്റീവ് സ്‌ട്രെസ് തീര്‍ത്തും ഫലശൂന്യവും അനാവശ്യ വ്യഥ സൃഷ്ടിക്കുന്നതുമായ മനോസംഘര്‍ഷമാണ്. കുടുംബ വഴക്ക് മൂലം ഉണ്ടാവുന്ന അപസ്വരങ്ങള്‍, സന്താനങ്ങളുടെ അപഥസഞ്ചാരം കണ്ട് വ്യാകുലരാകുന്ന രക്ഷിതാക്കള്‍, സംഘടനകളില്‍ സ്ഥാനമാനം കിട്ടാത്തതിലെ മനോവ്യഥ തുടങ്ങി ഇതിനും നമ്മുടെ ജീവിതത്തില്‍ ഉദാഹരണങ്ങള്‍  ധാരാളം.
ആദ്യത്തേത് മനുഷ്യനെ എണ്ണയിട്ട യന്ത്രം കണക്കെ കര്‍മനിരതനാവാന്‍ സഹായിക്കുമ്പോള്‍, രണ്ടാമത് പറഞ്ഞത് മനുഷ്യനെ നിഷ്‌ക്രിയനാക്കുകയാണ് ചെയ്യുക. പോസിറ്റീവ് സ്‌ട്രെസ്സ് അനുഭവിച്ചതിന്റെ സായൂജ്യം ജീവിതത്തിലുടനീളം ആസ്വദിക്കാന്‍ കഴിയുമ്പോള്‍, നെഗറ്റിവ് സ്‌ട്രെസ് ഒരാളെ വിഷാദനും ഖിന്നനുമാക്കിതീര്‍ക്കുന്നു.
ലക്ഷണങ്ങള്‍
മുഖം മനസ്സിന്റെ കണ്ണാടി എന്ന് കവി പാടിയത് പോലെ മനോസംഘര്‍ഷം അനുഭവിക്കുന്നവരുടെ മുഖത്ത് നിന്ന് തന്നെ അതിന്റെ ലക്ഷണങ്ങള്‍ വായിച്ചെടുക്കാവുന്നതാണ്. ജീവിതത്തോട് തികഞ്ഞ വിരക്തി, മുഷിഞ്ഞ വസ്ത്രധാരണം, അടുക്കും ചിട്ടയുമില്ലാത്ത ജീവിതവും പരിസരവും.... മദ്യപാനം, പുകവലി, അമിതമായ കോഫി, ചായ ഉപയോഗം എന്നിവ ഇത്തരം ആളുകളുടെ പ്രത്യക്ഷ ലക്ഷണങ്ങളാണ്. ആരോടെന്നറിയാതെ അയാളുടെ മനസ് കോപാന്ധമായി കത്തിയമരുന്നത് മുഖം കണ്ടാല്‍ തന്നെ മനസ്സിലാകും. ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം എന്ന പഴഞ്ചൊല്ല് പോലെ, ഒരാളെ കണ്ടാല്‍ തന്നെ അയാള്‍ അനുഭവിക്കുന്ന സംഘര്‍ഷാവസ്ഥയുടെ ആഴം മനസ്സിലാക്കാം.
പ്രത്യാഘാതങ്ങള്‍
ലക്ഷണങ്ങള്‍ വിവരിച്ചതില്‍ നിന്ന് തന്നെ മനോസംഘര്‍ഷം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ അതീവ ഗുരുതരങ്ങളാണ് എന്ന് വ്യക്തം. മാനസിക സംഘര്‍ഷം നമ്മുടെ ശാരീരിക ആരോഗ്യത്തെയും ഒരു പരിധിവരെ ബാധിക്കുന്നു. സംഘര്‍ഷത്തിന്റെ ശക്തമായ തിരമാലകള്‍ അലയടിക്കുന്ന മനസ്സില്‍ ശാരീരികമായ അസ്വസ്ഥതകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. അത് അചിരേണ ഗുരുതരമായ രോഗങ്ങളിലേക്ക് നമ്മെ വലിച്ച് കൊണ്ടുപോവുന്നു.
ഹൃദയസംബന്ധമായ രോഗങ്ങള്‍, ഉറക്കില്ലായ്മ, രക്തസമ്മര്‍ദം, വിവിധതരം തലവേദനകള്‍, ഉദര സംബന്ധമായ രോഗങ്ങള്‍ ഇങ്ങനെ പലതും മനോസംഘര്‍ഷം മൂലം ഉണ്ടായിത്തീരാം.
മനോസംഘര്‍ഷത്തിന്റെ പ്രത്യാഘാതങ്ങള്‍ സ്വന്തത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. മക്കളുടെ വിദ്യാഭ്യാസത്തിന് ഭംഗം വരുകയോ പിന്നോട്ട് പോവുകയോ ചെയ്യല്‍, ഭാര്യ-ഭര്‍തൃ ബന്ധത്തില്‍ വിള്ളല്‍, തൊഴില്‍ നഷ്ടപ്പെടല്‍ എല്ലാം അതിന്റെ പാര്‍ശ്വഫലങ്ങളായി വന്നുചേര്‍ന്നേക്കാം.
സ്രോതസ്സുകള്‍
മനഃസംഘര്‍ഷത്തിന്റെ സ്രോതസ്സുകള്‍ അവനവന് മാത്രമേ നിര്‍ണയിക്കാന്‍ കഴിയുകയുള്ളൂ. സ്വന്തം അഭിരുചിക്കനുസരിച്ച തൊഴില്‍ ലഭിക്കാതിരിക്കുക, ചെയ്യുന്ന ജോലിക്കനുസരിച്ച് വേതനം ലഭിക്കാതിരിക്കുക ഇതൊക്കെ തൊഴില്‍ മേഖലയില്‍ നിന്നുള്ള സ്‌ട്രെസ്സിന് കാരണമാവാം. കുടുംബപരമായ പ്രശ്‌നങ്ങളും ഭാര്യ-ഭര്‍തൃ ബന്ധത്തിലെ വിള്ളലുകളും മാനസിക സംഘര്‍ഷത്തിന്റെ ഉറവിടമായേക്കാം. സാമ്പത്തികമായ കാരണങ്ങളാലും മനോസംഘര്‍ഷം അനുഭവപ്പെടും. അന്യരുടെ ജീവിത ശൈലിയില്‍ കൊതിപൂണ്ട് അതുപോലെ തനിക്കും വേണമെന്ന് ആഗ്രഹിച്ചാലും ഒരാള്‍ക്ക് മനോസംഘര്‍ഷമുണ്ടായേക്കാം. പരാശക്തിയിലുള്ള വിശ്വാസത്തിലൂടെ തനിക്ക് ഇതാണ് വിധിച്ചിട്ടുള്ളത് എന്ന് സമാശ്വസിച്ച് പരിഹരിക്കാവുന്നതേയുള്ളൂ ഇത്തരം സംഘര്‍ഷങ്ങള്‍.    
കുടത്തില്‍ നിന്ന് പുറത്ത് വരുന്ന ജിന്നിനെ അവിടെ വെച്ച് തന്നെ അമര്‍ത്തുന്നത് പോലെ, ഏത് സ്രോതസ്സില്‍ നിന്നാണോ അതിന്റെ ലാവ പുറപ്പെടുന്നത് അവിടെ വെച്ച് തന്നെ അതിന് പരിഹാരം കാണാന്‍ ശ്രമിക്കുകയാണ് വേണ്ടത്.
 പ്രതിവിധികള്‍
പ്രതിവിധികള്‍ ഇസ്‌ലാമിലും ഭൗതിക ശാസ്ത്രത്തിലും എന്ന് പറയുമ്പോള്‍ രണ്ടും പരസ്പര പൂരകമാണെന്നേ അര്‍ത്ഥമാക്കേണ്ടതുള്ളൂ. ഒന്ന് സ്രഷ്ടാവിന്റെ ആജ്ഞകളാണെങ്കില്‍ മറ്റേത് കാലാന്തരങ്ങളായി സ്രഷ്ടാവ് നല്‍കിയ അറിവിലൂടെ മനുഷ്യന്‍ ഗ്രഹിച്ച കാര്യങ്ങളാണ്.
''മനുഷ്യരേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്നുള്ള സദുപദേശം വന്നെത്തിയിരിക്കുന്നു. അത് നിങ്ങളുടെ മനസ്സുകളുടെ രോഗത്തിനുള്ള ശമനമാണ്. സത്യവിശ്വാസികള്‍ക്ക് നേര്‍വഴി കാട്ടുന്നതും മഹത്തായ അനുഗ്രഹവുമത്രെ അത്'' (ഖുര്‍ആന്‍ 10:57).
''നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ഖുര്‍ആനില്‍ വിശ്വാസികള്‍ക്ക് ആശ്വാസവും കാരുണ്യവുമായ ചിലതുണ്ട്'' (ഖുര്‍ആന്‍ 17:82).
നമ്മുടെ മനോസംഘര്‍ഷവുമായി ബന്ധപ്പെട്ട് ഖുര്‍ആനെ സമീപിക്കുമ്പോള്‍ നാം ആദ്യം മനസ്സിലാക്കേണ്ടത്  ഖുര്‍ആന്‍ തന്നെ ചൂണ്ടിക്കാണിച്ചത് പോലെ 'മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശത്തിലാകുന്നു' (90:4) എന്ന കാര്യമാണ്. ജീവിതം പട്ടില്‍ വിരിച്ച പരവതാനിയിലൂടെയാണ് നീങ്ങുക എന്ന ധാരണ തിരുത്തേണ്ടതാണ്. 
പ്രയാസങ്ങളില്‍ നിന്ന് ക്ഷമയിലൂടെയും നമസ്‌കാരത്തിലൂടെയും സഹായം തേടാന്‍ അല്ലാഹു നമ്മോട് ആവശ്യപ്പെട്ടു (2:153). മനോവ്യഥക്ക് ഉത്തമ ഔഷധമായി നിരവധി പ്രാര്‍ഥനകളും ഖുര്‍ആനും നബി(സ)യും നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
മനുഷ്യനെ അസ്വസ്ഥപ്പെടുത്തുന്ന മറ്റൊരു കാര്യം പട്ടിണിയാണ്. ഉമര്‍ (റ) പറഞ്ഞു: ''അല്ലാഹുവിനെ ആശ്രയിക്കേണ്ട വിധം ആശ്രയിച്ചാല്‍, പക്ഷികള്‍ക്ക് അന്നം നല്‍കുന്നത് പോലെ അവന്‍ നമ്മെയും ഭക്ഷിപ്പിക്കും. വിശന്നൊട്ടിയ വയറുമായി അത് പറന്ന് പോകുന്നു. എന്നാല്‍ നിറഞ്ഞ സംതൃപ്തിയോടെ തിരിച്ച് വരുന്നു.''
പ്രയാസങ്ങള്‍ - അത് മാനസികമാകട്ടെ ശാരീരികമാകട്ടെ - നേരിടുമ്പോള്‍ അറബികളുടെ ചുണ്ടുകള്‍ നിന്ന് സദാ ഉരുവിടാറുള്ള മൂന്ന് മന്ത്രങ്ങള്‍ ഉണ്ട്. ഖുര്‍ആന്‍ പഠിപ്പിച്ച് തന്ന മൂന്ന് ഔഷധ മന്ത്രങ്ങള്‍.
ഒന്ന്: ഞങ്ങള്‍ക്ക് അല്ലാഹു മതി.കാര്യങ്ങള്‍ ഏല്‍പിക്കാന്‍ പറ്റിയവന്‍ അവന്‍ തന്നെയാകുന്നു (3:173).
രണ്ട്: ഏതൊരു വിപത്ത് വരുമ്പോഴും അവര്‍ പറയും: ''ഞങ്ങള്‍ അല്ലാഹുവിന്റേതാണ്. അവനിലേക്ക് തന്നെ തിരിച്ച് ചെല്ലേണ്ടവരും'' (2:156).
മൂന്ന്: മനസ്സിന് അലോസരപ്പെടുത്തുന്ന എന്ത് പ്രശ്‌നം നേരിട്ടാലും അറബികള്‍ ഇസ്തിഗ്ഫാര്‍ അഥവാ പാപമോചനാര്‍ഥന ചെയ്യുന്ന പതിവുണ്ട്. നബി വചനങ്ങളില്‍ വന്ന കാര്യമാണിത്.
അല്ലാഹു പറഞ്ഞതായി നബി(സ)യില്‍ നിന്ന് അബൂഹുറയ്‌റ (റ) ഉദ്ധരിക്കുന്നു: ''ഭക്തരായ എന്റെ ദാസന്മാര്‍ക്ക് ഇന്നു വരെ ആരും കണ്ടിട്ടില്ലാത്ത, ആരും കേട്ടിട്ടില്ലാത്ത, ആരും അനുഭവിച്ചിട്ടില്ലാത്ത അനുഗ്രഹങ്ങള്‍ സ്വര്‍ഗത്തില്‍ ഒരുക്കിവെച്ചിരിക്കുന്നു.'' മനോസംഘര്‍ഷത്തിന് ഓരോ കാരണങ്ങള്‍ കണ്ടെത്തുന്നതിന് പകരം ഖുര്‍ആന്‍ വിവരിച്ച സ്വര്‍ഗത്തെ കുറിച്ച് നമുക്ക് എന്തുകൊണ്ട് സ്വപ്നം കണ്ട് കൂടാ?
കായിക കര്‍മങ്ങള്‍
കായിക കര്‍മങ്ങളും മാനസികാരോഗ്യത്തെ ശക്തിപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ശരീര വ്യായാമങ്ങളില്‍ പ്രവാചകന്‍ താല്‍പര്യം കാണിച്ചിരുന്നതായി നിരവധി ഹദീസുകളില്‍ നിന്ന് വ്യക്തമാണ്. ശരീര ശുദ്ധി, ദന്ത ശുദ്ധി, നീന്തല്‍, യാത്ര, അംഗസ്‌നാനം എല്ലാം പ്രവാചകന്‍ ധാരാളമായി ചെയ്യാന്‍ പറഞ്ഞിട്ടുള്ളത് മാനസിക സംഘര്‍ഷം ലഘൂകരിക്കാന്‍ സഹായകമാവും. 
ശരീരവും മനസ്സും രണ്ടും വേറിട്ട അസ്ഥിത്വങ്ങളല്ലാത്തതിനാല്‍ മനസ്സിന് ഉണര്‍വും ഉന്മേഷവും നല്‍കുന്ന വേറേയും കായികകര്‍മങ്ങള്‍ ഉണ്ട്. ശ്വാസോഛാസത്തിലൂടെയുള്ള യോഗാഭ്യാസം, സൈക്കിള്‍ സവാരി, പര്‍വതാരോഹണം, നടത്തം, മറ്റു കായിക വ്യായാമങ്ങള്‍ എല്ലാം ശാരീരിക ആരോഗ്യം പ്രദാനം ചെയ്യുന്നതോടൊപ്പം മനസ്സിന് ആഹ്ലാദവും ഉന്മേഷവും പകരുന്നു. ഇത്തരം വ്യായാമങ്ങളിലൂടെ ഓക്‌സിജന്‍ ധാരാളമായി ലഭിക്കുന്നതിനാല്‍ ശരീരത്തിലെ രക്തചംക്രമണത്തിന് ആക്കം വര്‍ധിക്കുന്നു. ലഘുവായ ശാരീരിക അധ്വാനമേ ആവശ്യമുള്ളൂ എന്നതും ഇതിന്റെ പ്രത്യേകതയാണ്. ഇനി ജീവിതത്തില്‍ അല്‍പ സമയം ഇത്തരം കാര്യങ്ങള്‍ക്ക് കൂടി  നീക്കിവെച്ച് നോക്കൂ.
വൃഥാ ഓരോന്ന് ചിന്തിച്ച് മനസില്‍ യുദ്ധത്തിന്റെ പെരുമ്പറ മുഴക്കുന്നതിന് പകരം എന്തെങ്കിലും താല്‍പര്യമുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെട്ട് കൊണ്ടിരിക്കുക.  അത് ഒരു ഗാര്‍ഹിക ലൈബ്രറി പരിപാലിക്കുന്നത് മുതല്‍ പച്ചകൃഷി വരേയുള്ള എന്തുമാകാം.അതല്ലെങ്കില്‍ മനസ്സില്‍ യുദ്ധം അവസാനിക്കുമ്പോള്‍ ആ ശരീരത്തെ മാരകമായ രോഗം കവര്‍ന്നിരിക്കും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം