സല്‍മാന്‍ ഖുര്‍ഷിദും 'മുസ്‌ലിം' സംവരണവും
ഉത്തര്‍പ്രദേശിലെ കായിംഗഞ്ച് അസംബ്ലിയില്‍ കഴിഞ്ഞ തവണ ലൂയീസ് ഖുര്‍ഷിദ് മത്സരിച്ചു പരാജയപ്പെട്ടതിന്റെ മുഖ്യകാരണങ്ങളിലൊന്ന് ഭര്‍ത്താവ് സല്‍മാന്‍ ഖുര്‍ഷിദിന് മുസ്‌ലിം സമുദായത്തിന്റെ പിന്തുണ ലഭിക്കാത്തതായിരുന്നു. അദ്ദേഹം അനഭിമതാനാവാന്‍ സ്വയം സൃഷ്ടിച്ചതും അല്ലാത്തതുമായ ഒന്നിലേറെ കാരണങ്ങള്‍ ഉണ്ടായി. ഭാര്യ തെരഞ്ഞെടുപ്പില്‍ ജയിച്ചു കാണണമെന്ന മോഹം കലശായപ്പോള്‍ സല്‍മാന്‍ എന്ന പാവം ഭര്‍ത്താവ് ഹൈന്ദവ വിധി പ്രകാരമുള്ള ഒരു യാഗം നടത്തിയതായിരുന്നു മുഖ്യ പ്രശ്‌നം. ഭാര്യ ജയിക്കാന്‍ വേണ്ടിയാണ് യാഗമെന്നും അതല്ല മണ്ഡലത്തിലെ ബ്രാഹ്മണരെ സുഖിപ്പിക്കാനാണെന്നും അന്നേ തര്‍ക്കമുയര്‍ന്നു. രണ്ടായാലും മണ്ഡലത്തിലെ മുസ്‌ലിംകളുടെ വോട്ട് തനിക്ക് പൂര്‍ണമായും അനുകൂലമല്ലെന്ന സല്‍മാന്റെ വിലയിരുത്തല്‍ ഈ പ്രവൃത്തിക്ക് കാരണമായിരുന്നുവെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. സല്‍മാന്റെ ഭാര്യ തന്നെ അദ്ദേഹത്തിന്റെ മതേതര ജീവിതത്തിന്റെ മകുടോദാഹരണമായ സ്ഥിതിക്ക് ഈ യാഗത്തെ അങ്ങു ക്ഷമിച്ചാല്‍ മതിയായിരുന്നുവെങ്കിലും പൊതുജനം അങ്ങനെയല്ല ചിന്തിച്ചത്. നവാബുമാരുടെയും ചൗധരിമാരുടെയും തൊട്ട് ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാനാ അബുല്‍ കലാം ആസാദിന്റെ വരെ വേരുകളുള്ള കായിംഗഞ്ചില്‍ ലൂയീസ് ഖുര്‍ഷിദ് എട്ടുനിലയില്‍ പൊട്ടിയമര്‍ന്നു. അത് കഴിഞ്ഞ തവണത്തെ കഥ. ഇത്തവണ അവര്‍ മത്സരിക്കുന്നത് കുറെക്കൂടി മുസ്‌ലിം ജനസംഖ്യയുള്ള ഫറൂഖാബാദില്‍. കായിംഗഞ്ച് ഇക്കുറി സംവരണമണ്ഡലമായതാണ് ലൂയീസിന് വിനയായത്. പക്ഷേ സല്‍മാന്‍ ഖുര്‍ഷിദ് ഇത്തവണ സമുദായത്തിന്റെ 'ഖല്‍ബ്' കീഴടക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട മട്ടാണ്.
ഒ.ബി.സിക്കാര്‍ക്ക് മണ്ഡല്‍ കമീഷന്‍ വകുപ്പില്‍ നിശ്ചയിച്ച 29 ശതമാനം സംവരണത്തിനകത്ത് പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്ക് 9 ശതമാനം പ്രത്യേകമായി ഏര്‍പ്പെടുത്തുമെന്ന 'പ്രഖ്യാപനം' സല്‍മാനവര്‍കള്‍ നടത്തിയത് ഭാര്യയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ആയിരുന്നു. യഥാര്‍ഥത്തില്‍ ഒ.ബി.സികളിലെ ന്യൂനപക്ഷം എന്ന് സല്‍മാന്‍ ഉദ്ദേശിച്ചത് സ്ഥലത്ത് തടിച്ചു കൂടിയ മുസ്‌ലിംകളെ ആണെങ്കില്‍ പോലും ഇതൊരു വാചകക്കസര്‍ത്ത് മാത്രമായിരുന്നു. മുസ്‌ലിംകള്‍ എന്ന വാക്ക് സല്‍മാന്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് സൂക്ഷ്മമായ റിപ്പോര്‍ട്ടുകള്‍. താന്‍ സ്ഥലത്ത് പ്രസംഗിക്കുന്നുണ്ടെന്ന വിവരം സല്‍മാന്‍ മുന്‍കൂട്ടി തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കുകയും അതനുസരിച്ച് അവര്‍ വീഡിയോഗ്രാഫറെ ഏര്‍പ്പാടാക്കുകയും ചെയ്തിരുന്നുവത്രെ. അങ്ങനെയെല്ലാം മുന്‍കൂട്ടി ആലോചിച്ച് ഉറപ്പിച്ച യോഗമാണെങ്കില്‍ അതില്‍ പറയാന്‍ പോകുന്ന കാര്യവും സല്‍മാന്‍ നേരത്തെ പദ്ധതിയിട്ടതാവാനേ തരമുള്ളൂ. സംവരണത്തെ കുറിച്ച് പാര്‍ട്ടിയുടെ നിലപാട് അദ്ദേഹം സ്വാഭാവികമായും എടുത്തു പറഞ്ഞിട്ടുണ്ടാവും. കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പു പത്രികയില്‍ അക്കാര്യം ഉള്‍പ്പെടുത്തിയത് തന്റെ ഭാര്യയുടെ വോട്ടര്‍മാരെ ഓര്‍മിപ്പിക്കുക അദ്ദേഹത്തിന്റെ ലക്ഷ്യവുമാവണം. പക്ഷേ പിന്നീടുണ്ടായ പുകില്‍ അതായിരുന്നില്ല. സല്‍മാനും 'മുസ്‌ലിം സംവരണ'വും ഒറ്റ ദിവസം കൊണ്ട് ദേശീയതലത്തില്‍ ചര്‍ച്ചയായി.
ഈ വിവാദം യഥാര്‍ഥത്തില്‍ ഉണ്ടായതാണോ അതോ കൃത്രിമമായി സൃഷ്ടിച്ചതാണോ എന്നതാണ് പ്രസക്തമായ ചോദ്യം. മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള ഉത്തരേന്ത്യന്‍ ബന്ധങ്ങള്‍ നാം കരുതുന്നതു പോലെ നേരെവാ നേരെ പോ എന്ന മട്ടിലുള്ളതല്ല. വിഷയത്തെ വളച്ചൊടിക്കാന്‍ മുന്‍കൂട്ടി 'കരാര്‍' ഏറ്റെടുത്തവര്‍ പോലും കൂട്ടത്തിലുണ്ടാകും. കോണ്‍ഗ്രസ് സര്‍ക്കാര്‍ മുസ്‌ലിംകള്‍ക്ക് സംവരണം നല്‍കുമെന്ന് സല്‍മാന്‍ പ്രഖ്യാപിച്ചതായി പിറ്റേ ദിവസം ഒരു ഹിന്ദി പത്രത്തില്‍ വെണ്ടക്കാ തലക്കെട്ടില്‍ വാര്‍ത്ത വന്നു.
ഓരോ പാര്‍ട്ടിയും എന്തുമാത്രം വര്‍ഗീയമായാണ് വിഷയങ്ങളെ സമീപിക്കുന്നതെന്ന് തുടര്‍ന്നുണ്ടായ പ്രസ്താവനകളുടെ ബഹളം അടിവരയിട്ടു. സല്‍മാന്റെ പ്രഖ്യാപനം കൊണ്ട് കോണ്‍ഗ്രസ്സിന് നേട്ടമാണോ കോട്ടമാണോ ഉണ്ടാവുക എന്നത് ഇപ്പോഴും വ്യക്തമല്ല. ബാബരി മസ്ജിദ് ധ്വംസനകാലത്ത് വിട്ടുപോയ കോണ്‍ഗ്രസ്സിന്റെ ഒ.ബി.സി-മുസ്‌ലിം വോട്ടുബാങ്കാണ് സമാജ്‌വാദിയിലും ബി.എസ്.പിയിലും ചേക്കേറിയത്. അക്കൂട്ടത്തില്‍ ഒ.ബി.സി ഹിന്ദുക്കളുടെ വോട്ട് പരീക്ഷണത്തിന് വിട്ട് മുസ്‌ലിംകളെയെങ്കിലും പാര്‍ട്ടിയിലേക്ക് തിരികെ അടുപ്പിക്കാനാവണം ഒരുപക്ഷേ കോണ്‍ഗ്രസ്സിന്റെ നീക്കം. മേല്‍ജാതി ഹിന്ദുക്കളാവട്ടെ ബി.എസ്.പിയിലെയും ബി.ജെ.പിയിലെയും പരീക്ഷണങ്ങള്‍ മതിയാക്കി കൂട്ടത്തോടെ കോണ്‍ഗ്രസ്സിലേക്ക് തിരിച്ചെത്തുന്നുമുണ്ട്. മറുഭാഗത്ത് ബി.ജെ.പിക്കോ? ഒ.ബി.സിക്കാരുടെ ശതമാനത്തില്‍ മുസ്‌ലിംകള്‍ കൈയിട്ടുവാരുമെന്ന ഭയം സൃഷ്ടിക്കാനായാല്‍ മൊത്തത്തില്‍ ഗുണം ചെയ്യുമെന്നാണ് അവര്‍ കണക്കു കൂട്ടിയത്. ഏറ്റവും വലിയ നഷ്ടം സ്വാഭാവികമായും സമാജ്‌വാദി പാര്‍ട്ടിക്കായിരുന്നു. കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്നതായി മുലായത്തിന്റെ അവസ്ഥ. 'ആകെ മൊത്തം' ഒ.ബി.സിക്കാരാണല്ലോ അദ്ദേഹത്തിനു ചുറ്റിലും. അദ്ദേഹത്തിന്റെ നിസ്സഹായാവസ്ഥ സമര്‍ഥമായി ചൂഷണം ചെയ്താല്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് കുറച്ചു വോട്ടുകള്‍ ചോര്‍ത്തിയെടുക്കാന്‍ പറ്റുമെന്ന് ബി.ജെ.പിയും കോണ്‍ഗ്രസും കണക്കു കൂട്ടിയതിന്റെ ശിഷ്ടപത്രമായിരുന്നു സല്‍മാന്റെ പ്രസ്താവനയും അതിനോടുള്ള പ്രതികരണവും. അഴിമതിയുടെ നാറ്റം ഭേസുന്ന കുശവാഹയെ പേറിയതിന്റെ വൈക്ലബ്യം തീര്‍ക്കാനും ഈ വിഷയത്തെ ഒന്നു കത്തിച്ചെടുത്താല്‍ ബി.ജെ.പിക്ക് കഴിയുമായിരുന്നു. ഒപ്പം കോണ്‍ഗ്രസും ബി.ജെ.പിയും ഏറ്റുമുട്ടുന്ന മണ്ഡലങ്ങളില്‍ അത് സഹായകരമാവുകയും ചെയ്യും. വാര്‍ത്ത വന്നയുടന്‍ നഖ്‌വിയും കൂട്ടരും ഇലക്ഷന്‍ കമീഷനിലേക്ക് നിവേദനവുമായി ജാഥ പോയി. ഇലക്ഷന്‍ കമീഷണര്‍ ഖുറൈശിഅ് സല്‍മാന്‍ ഖുര്‍ഷിദിനെതിരെ പരാതി കൊടുക്കുന്നതാകട്ടെ മുഖ്താര്‍ അബ്ബാസ് നഖ്‌വി. വര്‍ഗീയമായ ഒരു ചുവയും ബി.ജെ.പിയുടെ നീക്കത്തില്‍ എവിടെയും കാണാനാവില്ലല്ലോ. കോണ്‍ഗ്രസ്സാകട്ടെ സല്‍മാന്‍ ഖുര്‍ഷിദ് അങ്ങനെ പറഞ്ഞിട്ടുണ്ടെന്നോ ഇല്ലെന്നോ തീര്‍ത്തു പറയാതെ ഭംഗിയായി ഉരുണ്ടു കളിച്ചു.
എന്തായാലും മുസ്‌ലിം വിഷയങ്ങള്‍ വരുമ്പോള്‍ കാര്യങ്ങള്‍ക്ക് ഇപ്പോഴും മാറ്റമില്ല. പറയുന്ന സല്‍മാന്റേയും കേട്ട നഖ്‌വിയുടെയും ഏറ്റുപിടിച്ച മാധ്യമങ്ങളുടെയും നിലപാട് പഴയ നാറിപ്പുഴുത്ത വര്‍ഗീയത തന്നെ.
Comments