Prabodhanm Weekly

Pages

Search

2012 ജനുവരി 21

'സത്യം' ബോധ്യമായി മൌലാന വിജയിച്ചു

ടി.കെ അബ്ദുല്ല / സദ്റുദ്ദീന്‍ വാഴക്കാട്

വാദപ്രതിവാദങ്ങളുടെ കലയും ശാസ്ത്രവും-2

മുസ്ലിം സമുദായത്തില്‍ പ്രചാരത്തിലുള്ള അനാരോഗ്യകരമായ മതവാദപ്രതിവാദ ശൈലിയോട് പ്രതിബദ്ധതയോ താല്‍പര്യമോ ജമാഅത്തെ ഇസ്ലാമി കാണിച്ചിരുന്നില്ല. ഇപ്പോഴും അതേ നിലപാടുതന്നെയാണ് പ്രസ്ഥാനം തുടരുന്നത്. എന്നാല്‍, ചില സന്ദര്‍ഭങ്ങളിലെങ്കിലും മറുപക്ഷത്തിന്റെ തീവ്രമായ വെല്ലുവിളി സമ്മര്‍ദത്തിനും ഗുണകാംക്ഷികളും ശുദ്ധാത്മാക്കളുമായ മധ്യസ്ഥരുടെ പ്രേരണക്കും ജമാഅത്ത് പണ്ഡിതന്മാര്‍ വഴങ്ങേണ്ടി വന്നിട്ടുണ്ട്. അതില്‍ ശ്രദ്ധേയമായ, പ്രമുഖരുമായി ബന്ധപ്പെട്ട രണ്ടു സംഭവങ്ങള്‍ മാത്രമേ ഇവിടെ ഓര്‍ക്കുന്നുള്ളൂ.
ഒന്ന്, നടക്കാതെ പോയ ശാന്തപുരം വാദപ്രതിവാദം. സുന്നി പക്ഷത്ത് കേരളത്തില്‍ നിറഞ്ഞുനിന്ന പതി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുമായി പെരിന്തല്‍മണ്ണയില്‍ ഏതോ ഒരു സദസില്‍ ഹാജിസാഹിബ് ഇങ്ങനെയൊരു വാദപ്രതിവാദത്തിന് സമ്മതം മൂളേണ്ടിവരികയാണുണ്ടായത്. 'മൌലാനാ മൌദൂദിയുടെ 'ഇസ്ലാം മത'ത്തില്‍ അബദ്ധങ്ങളുണ്ട്, ഇല്ല' എന്നതായിരുന്നു ചര്‍ച്ചാവിഷയം. ലോകത്ത് എഴുപത്തിയഞ്ച് ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട കൃതിയാണല്ലോ 'രിസാലയെ ദീനിയ്യാത്ത്.' അതിന്റെ മലയാള തര്‍ജമയാണ് ഇസ്ലാംമതം. ഈ കൃതി ചില മുസ്ലിം രാജ്യങ്ങളില്‍ പാഠപുസ്തകമായും അംഗീകരിക്കപ്പെട്ടതായി കേട്ടിട്ടുണ്ട്. ലോകപ്രശസ്തമായ ഈ പുസ്തകത്തില്‍ മൌദൂദി സാഹിബ് ഈമാന്‍കാര്യം അഞ്ചായി എണ്ണിയതാണ് അവര്‍ വിവാദമാക്കിയത്. ഇതേ ചൊല്ലിയാവണം വാദപ്രതിവാദത്തിന് അരങ്ങൊരുങ്ങിയതും.
ശാന്തപുരം, ജമാഅത്തെ ഇസ്ലാമിക്ക് വലിയ സ്വാധീനമുള്ള പ്രദേശമാണെന്നത് പ്രത്യേകം പറയേണ്ടതില്ല. എന്നാലും, ആയിരക്കണക്കായ ആളുകള്‍ പങ്കെടുക്കുന്ന ഒരു പരിപാടിക്ക് നല്ല മുന്‍കരുതലും സൂക്ഷ്മതയും ആവശ്യമാണല്ലോ. അതുകൊണ്ട്, സ്റേജിന്റെ മുന്നില്‍ ബലമുള്ള ഒരു മറ നിര്‍മിച്ചിരിക്കുന്നു. അതിന്റെ വ്യക്തമായ രൂപം ഇപ്പോള്‍ മനസിലില്ല. ആ മറക്കും അപ്പുറത്താണ് ബഹുജനങ്ങള്‍ നില്‍ക്കുന്നത്. അന്നത്തെ അവസ്ഥയില്‍ ഒരു വലിയ ജനാവലിതന്നെ അവിടെ തടിച്ചു കൂടിയിരുന്നു. മുജാഹിദ്-ജമാഅത്ത് വിരോധം ശക്തമല്ലാതിരുന്നതിനാല്‍ മുജാഹിദ് വീക്ഷണമുള്ളവരും ധാരാളമായി സദസില്‍ എത്തിച്ചേര്‍ന്നിരുന്നു. അവസാന നിമിഷം വരെ പതി മുസ്ലിയാര്‍ വന്ന് ചേരുമോ എന്ന സംശയത്തിന്നും പ്രതീക്ഷക്കും മധ്യേ കടന്നുപോയ സമയം ഉല്‍കണ്ഠാജനകമായിരുന്നു. എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായി, സദസ് കാത്തിരിക്കുന്നു. പതി വരേണ്ട താമസമേ ഉണ്ടായിരുന്നുള്ളൂ, സംവാദം നടക്കാന്‍! നേരത്തേ പെരിന്തല്‍മണ്ണയിലെത്തി ക്യാമ്പ് ചെയ്തിരുന്ന പതി അബ്ദുല്‍ഖാദര്‍ മുസ്ലിയാര്‍ പക്ഷേ, വാദപ്രതിവാദത്തിന് വന്നില്ല. അദ്ദേഹത്തിന്റെ കക്ഷിയായ കറാച്ചി ഹാജിയുടെ വീട് തൊട്ടടുത്താണ്. 'കറാച്ചിഹാജി' ഉണ്ടോ എന്ന് ഉറക്കെ വിളിച്ച് ചോദിച്ചുകൊണ്ട് ഒരു ജീപ്പ് കടന്നുപോയി. അതില്‍ പതിമുസ്ലിയാര്‍ ഉണ്ടായിരുന്നുവത്രെ.
പതി വാദപ്രതിവാദത്തിന് വരില്ലെന്ന് ഉറപ്പായപ്പോള്‍ ഒരു വിജയഭേരിയായിരുന്നു സദസിലും സ്റേജിലും മുഴങ്ങിയത്. മര്‍ഹൂം വി.കെ.എം ഇസ്സുദ്ദീന്‍ മൌലവിയായിരുന്നു മുഖ്യകഥാപുരുഷന്‍. അത്യുജ്വലവും അത്യന്തം ആവേശകരവുമായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. സ്വതവേ ജനശ്രദ്ധ പിടിച്ചുപറ്റുന്ന മൌലവിയുടെ പ്രസംഗം, ആ വിജയ പശ്ചാത്തലം കൂടി ആയപ്പോള്‍ അത്യസാധാരണമായിരുന്നു. എത്രതന്നെ സൂക്ഷ്മത പുലര്‍ത്തിയാലും, ഒരു വാദപ്രതിവാദത്തിന്റെ വിജയലഹരി അതിന്റെ അന്തര്‍ധാരയായി വര്‍ത്തിച്ചു എന്ന് തീര്‍ച്ച. സദസും ആവോളം അത് ആസ്വദിക്കുകയായിരുന്നു. ഇതില്‍ വാദപ്രതിവാദത്തിന് അനുകൂലമായും പ്രതികൂലമായും അടിവരയിടുന്ന വാദമുഖങ്ങളുണ്ട്. ഇസ്സുദ്ദീന്‍ മൌലവിയുടെ പ്രസംഗം വിജയപ്രഖ്യാപനമായി സമാപിച്ചപ്പോള്‍ എനിക്ക് തീര്‍ത്തും അപരിചിതനായ ഒരു ഉജ്വല വാഗ്മിയാണ് പിന്നീട് എഴുന്നേറ്റ് നിന്നത്. വശ്യമായ വ്യക്തിത്വത്തിന്റെ ഉടമയായ ഈ ആജാനുബാഹുവിനെക്കുറിച്ച് വഴിയെ പറയാം. ഏതായാലും ഈ രണ്ട് പ്രഭാഷണങ്ങളും പതി അബ്ദുല്‍ഖാദിര്‍ മുസ്ലിയാരുടെ പരാജയ സൂചകമായ അസാന്നിധ്യവുമെല്ലാം കാരണമായി അതൊരു മഹാ സംഭവം തന്നെയായിത്തീര്‍ന്നു. തീര്‍ച്ചയായും അതൊരു വിജയമായിരുന്നെങ്കിലും വാദപ്രതിവാദത്തിന്റെ ദൂഷ്യങ്ങള്‍ക്ക് ന്യായീകരണമാവുന്നില്ല.
രണ്ടാമത്തെ സംഭവം, ഒരു ബഹുജന സദസിനെ മുന്‍നിറുത്തിയുള്ള വാദപ്രതിവാദമല്ല. നിശ്ചിത എണ്ണം മധ്യസ്ഥന്മാരെ സാക്ഷി നിര്‍ത്തി രണ്ടു പക്ഷത്തെയും പണ്ഡിതന്മാര്‍ തമ്മില്‍ കോഴിക്കോട്ട് നടന്ന സംവാദം ആയിരുന്നു അത്. ശാന്തപുരം വാദപ്രതിവാദത്തിന് നേതൃത്വം നല്‍കിയത് കേരള ജമാഅത്തിന്റെ സ്ഥാപകനേതാവ് മര്‍ഹൂം ഹാജി സാഹിബായിരുന്നുവെങ്കില്‍ കോഴിക്കോട് സംവാദത്തിന്റെ നായകത്വം, ഹാജിസാഹിബിന്റെ സന്തത സഹചാരി കെ.സി അബ്ദുല്ല മൌലവിക്കായിരുന്നു. ഇതുതന്നെയാണ് ഈ രണ്ടു സംഭവങ്ങളുടെയും പ്രാധാന്യം. സുന്നിപക്ഷത്ത് മര്‍ഹൂം ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍ ആയിരുന്നു എന്നതും കോഴിക്കോട് സംവാദത്തിന് മിഴിവ് നല്‍കുന്നു. കെ.സിയുടെ കൂടെ മറ്റു പണ്ഡിതന്മാരൊന്നും ഉണ്ടായിരുന്നില്ല. സഹായത്തിന് യുവാവായിരുന്ന എന്നെയും വിദ്യാര്‍ഥിയായിരുന്ന ഒ. അബ്ദുര്‍ഹ്മാനെയും കൂട്ടിയിരുന്നു. വിഷയം എന്തൊക്കെയായിരുന്നുവെന്ന് ഇപ്പോള്‍ ഓര്‍മയിലില്ല. ഈ സംവാദത്തില്‍ ഇരുപക്ഷത്തും ജയവും തോല്‍വിയും മാറിമാറിവന്നു. ഇടക്കെപ്പോഴോ എന്റെ സംസാരത്തില്‍ സദസിന് ചിരിക്കാന്‍ വക നല്‍കിയ ഒരു വിഡ്ഢിത്തം സംഭവിച്ചു. ആളുകള്‍ അതിനെ ആ രൂപത്തില്‍ തന്നെ ഏറ്റുവാങ്ങുകയും ചെയ്തു. അതിന്റെ ജാള്യം മാറുന്നതിനു മുമ്പ് ബഹുമാന്യനായ ഇ.കെയില്‍നിന്നുതന്നെ മറ്റൊരു വിഡ്ഢിത്തം പുറത്തു ചാടി. അങ്ങനെ രണ്ടുവിഭാഗവും ഓരോ സെല്‍ഫ് ഗോള്‍ അടിച്ച് സമാസമം നില്‍ക്കുമ്പോള്‍, ചര്‍ച്ച എവിടെയും എത്തുന്നില്ലെന്ന് കണ്ട് മധ്യസ്ഥന്മാര്‍ ഇടപെട്ട് മറ്റൊരു സന്ദര്‍ഭത്തിലേക്കെന്ന് പറഞ്ഞ് തല്‍ക്കാലം അവസാനിപ്പിക്കുകയാണുണ്ടായത്. ഇരുപക്ഷത്തിനും അതില്‍ സമ്മതക്കുറവുണ്ടായിരുന്നുമില്ല.
ഒരു മുഹര്‍റം ഒമ്പതിനോ പത്തിനോ ആയിരുന്നു സംഭവം. സുന്നത്ത് നോമ്പുനോറ്റാണ് വീട്ടില്‍നിന്ന് വന്നത്. വാദപ്രതിവാദം കഴിഞ്ഞപ്പോള്‍, ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച് ഔപചാരികമായി നോമ്പ് മുറിച്ചു. ഇതിനെക്കുറിച്ച് സുഹൃത്തുക്കള്‍ കളിയാക്കിയപ്പോള്‍ എന്റെ മറുപടി ഇങ്ങനെ: 'വാദപ്രതിവാദം കൊണ്ടുതന്നെ നോമ്പുമുറിഞ്ഞിട്ടുണ്ട്, അതുകൊണ്ടാണ് ഞാന്‍ ഭക്ഷണം കഴിച്ചത്!' അതായത് അവിടെ നടന്ന സംസാരവും തന്ത്രങ്ങളും തന്നെ നോമ്പ് മുറിയാന്‍ കാരണമാകുന്നതായിരുന്നു എന്നര്‍ഥം. കേരളത്തിലെ രണ്ട് പ്രമുഖ ജമാഅത്തു നേതാക്കള്‍ തന്നെ കാര്‍മികത്വം വഹിച്ചു എന്നതാണ് ഈ രണ്ട് സംവാദത്തിന്റെയും ചരിത്രപ്രാധാന്യം.
ജമാഅത്ത് യുവ പണ്ഡിതന്മാര്‍ പങ്കെടുത്ത, മുജാഹിദ് പണ്ഡിതന്മാരുമായുള്ള സംവാദങ്ങളും ചര്‍ച്ചകളും ചില സന്ദര്‍ഭങ്ങളില്‍ നടന്നിട്ടുണ്ട്. കൊച്ചി, കോഴിക്കോട്, ചേന്ദമംഗല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഇത്തരം സംവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. നാം സൂചിപ്പിച്ച ശാന്തപുരം-കോഴിക്കോട് വാദപ്രതിവാദങ്ങളുടെ തരത്തിലുള്ളതായിരുന്നില്ല അതൊന്നും. സുന്നി-മുജാഹിദ് സംഘടനകള്‍ക്കിടയില്‍ നടക്കുന്ന തീര്‍ത്തും അനാരോഗ്യകരമായ വാദപ്രതിവാദങ്ങളുടെ തലത്തിലേക്ക് ജമാഅത്ത് പണ്ഡിതര്‍ പങ്കെടുത്ത സംവാദങ്ങളൊന്നും തരം താഴ്ന്നിരുന്നില്ല.
ജമാഅത്തെ ഇസ്ലാമിക്ക് മുസ്ലിം സമൂഹത്തില്‍ നന്നായി വേരോട്ടം ലഭിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. ദീനീവിഷയങ്ങളിലുള്ള മികച്ച പ്രഭാഷണങ്ങളും ചര്‍ച്ചകളും നടത്തിക്കൊണ്ട്, ഇസ്ലാമിക പ്രസ്ഥാനം അതിന്റെ തനിമയും മൌലികതയും കാത്തു സൂക്ഷിച്ച് സമൂഹത്തില്‍ നിറഞ്ഞുനിന്നിരുന്നു. ഇസ്ലാമിക ജീവിതവ്യവസ്ഥയെ ഉയര്‍ത്തിപ്പിടിച്ച ജമാഅത്തിന്റെ പ്രബോധന പ്രവര്‍ത്തനങ്ങളിലേക്ക് മുസ്ലിം മനസ് വല്ലാതെ ആകര്‍ഷിക്കപ്പെട്ടത് ദീനീവിഷയങ്ങളോടുള്ള അവരുടെ താല്‍പര്യം കാരണമായിട്ടായിരുന്നു. ദുന്‍യാവും ദീനിന്റെ ഭാഗമാണെന്ന് ജമാഅത്ത് പറഞ്ഞപ്പോള്‍, രാഷ്ട്രീയത്തെയും സാമൂഹിക ജീവിതത്തെയും ദീനീ കണ്ണിലൂടെ വീക്ഷിക്കുകയും ഇടപെടുകയുമാണ് ചെയ്തത്. പ്രവര്‍ത്തനങ്ങളിലും പ്രമേയങ്ങളിലും അടിമുടി പ്രതിഫലിച്ചിരുന്ന ദീനീ സ്വഭാവം തന്നെയാണ് ഇസ്ലാമിക പ്രസ്ഥാനത്തിന്റെ മൌലികത.
ഒരു വാദപ്രതിവാദ നര്‍മത്തോടുകൂടി ഇതവസാനിപ്പിക്കാം. രംഗം ഉത്തരേന്ത്യയിലെ റാംപൂര്‍(യു.പി). പ്രഗത്ഭനായ ഒരു സുന്നി ദയൂബന്തി പണ്ഡിതന്‍, അപാര വാദപ്രതിവാദ വിദഗ്ധന്‍ മൌലാനാ മുസഫ്ഫര്‍ ഹുസൈന്‍ കശോശവി(മുന്‍ പാര്‍ലമെന്റ് മെമ്പര്‍). ഇദ്ദേഹം ജമാഅത്തെ ഇസ്ലാമിയെയും ഉല്‍പതിഷ്ണുക്കളെയും അടച്ചാക്ഷേപിച്ച് നടത്തിയ ഒരുഗ്രപ്രഭാഷണത്തിന് മറുപക്ഷം, യോഗം വിളിച്ച് മറുപടി പറയാന്‍ നിര്‍ബന്ധിതരായി. മൌലവി സാഹിബ് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും തെളിവായി ഉദ്ധരിച്ച ഒട്ടേറെ നബിവചനങ്ങള്‍ 'ളഈഫായ' ഹദീസുകളായിരുന്നു. അവയൊന്നും സ്വീകാര യോഗ്യമായിരുന്നില്ല, തള്ളപ്പെടേണ്ടവയായിരുന്നു. ഈ വിശദീകരണം ഫലിച്ചെന്നുകണ്ടപ്പോള്‍ ദയൂബന്തീപക്ഷം വീണ്ടും മൌലവി സാഹിബിനെ വരുത്തി. മൌലാനയുടെ മറുപടി പ്രസംഗത്തിലെ മര്‍മ പ്രധാനമായ പോയിന്റ് ളഈഫായ ഹദീസുകളെക്കുറിച്ചുള്ളതായിരുന്നു. അദ്ദേഹം പരിഹാസ സ്വരത്തില്‍ പറഞ്ഞു: "എനിക്കുള്ള മറുപടി പ്രസംഗത്തില്‍ വഹാബി മൌദൂദികള്‍ ഉന്നയിച്ച പ്രധാന ആരോപണം ഞാന്‍ ഉദ്ധരിച്ച ഹദീസുകളെല്ലാം, ളഈഫാണ്, ദുര്‍ബലമാണ് എന്നുള്ളതാണ്. ജനങ്ങളേ ചിന്തിച്ച് നോക്കുക. നമ്മുടെയൊക്കെ വീട്ടില്‍ ളഈഫായ, ദുര്‍ബലരായ, രോഗികളായ മാതാപിതാക്കളും ബന്ധുക്കളും ഉണ്ടെന്ന് വെക്കുക. ആ ളഈഫുകളെ നമ്മള്‍ വലിച്ചെറിയുകയാണോ വേണ്ടത്. അതോ ആദരപൂര്‍വം ചികിത്സിച്ച് സംരക്ഷിക്കുകയോ? ഹദീസ് ളഈഫാണെന്ന് പറഞ്ഞ് തള്ളുന്ന ഇക്കൂട്ടര്‍ എത്രമാത്രം കഠിന ഹൃദയരാണെന്ന് ആലോചിച്ച് നോക്കുക, നഊദുബില്ലാഹ്....!'' ജനങ്ങള്‍ക്ക് 'സത്യം' ബോധ്യമായി! മൌലാന 'വിജയിക്കുക'യും ചെയ്തു!
(തുടരും)


കുറ്റ്യാടി കോളേജ് സമരവും സിമിയും
ഒരു വിശദീകരണം

എന്റെ ലേഖന പരമ്പരയില്‍ (2012 ജനു. 7) സിമി-ജമാഅത്ത് ബന്ധം ചര്‍ച്ചചെയ്യവെ, കുറ്റ്യാടി കോളേജിലെ വിദ്യാര്‍ഥി സമരം സിമിയുമായി ബന്ധപ്പെടുത്തി പരാമര്‍ശിച്ചതില്‍ ഓര്‍മപ്പിശക് പറ്റിയിട്ടുണ്ട്. സമരത്തിന് നേതൃത്വം നല്‍കിയത് സിമിമാത്രമല്ല. എസ്.ഐ.ഒ-സിമി വിവേചനമില്ലാതെ സംഘടിത വിദ്യാര്‍ഥി കൂട്ടായ്മയാണ് സമരമുഖത്തുണ്ടായിരുന്നത്. ഏതാനും വിദ്യാര്‍ഥികള്‍ സമരത്തില്‍നിന്ന് മാറിനില്‍ക്കുകയുണ്ടായി. സമരത്തിന് കാരണമായി വിദ്യാര്‍ഥി കൂട്ടായ്മ ഉന്നയിച്ച പ്രശ്നം ന്യായമായിരുന്നു. അക്കാര്യം എനിക്കും ബോധ്യപ്പെട്ടതാണ്. 'ക്ഷുഭിത യൌവന'ത്തിന്റെ സമര തീവ്രതയാണ് പ്രശ്നം കൈവിട്ടുപോകാനും പുറത്തുള്ളവര്‍ പ്രശ്നത്തില്‍ ഇടപെടാനും കാരണമാക്കിയത്. ആ ഘട്ടത്തില്‍ ജമാഅത്തിന് കോളേജ് ഭരിക്കുന്ന ട്രസ്റില്‍ മതിയായ പിന്‍ബലം ഉണ്ടായിരുന്നില്ല. കുറ്റാരോപിതരായ വ്യക്തികളും ജമാഅത്ത് നിയന്ത്രണത്തിന് വിധേയരായിരുന്നില്ല. ഈ പരിമിതികളൊന്നും സമരത്തില്‍ പരിഗണിക്കാതെ പോയതാണ് താല്‍കാലികമായെങ്കിലും സ്ഥാപനം പൂട്ടാന്‍ ഇടവരുത്തിയത്. സിമി-ജമാഅത്ത് വേര്‍പിരിയലിനെ തുടര്‍ന്ന് സ്ഥാപനങ്ങളിലും ഓഫീസുകളിലും ഉണ്ടായ സംഘര്‍ഷം പരക്കെ അറിയപ്പെട്ട വസ്തുതയാണ്.
* ഐ.എസ്.എല്‍ എന്നതിന്റെ പൂര്‍ണരൂപം ഐഡിയല്‍ സ്റുഡന്റ്സ് ലീഗ് എന്നാണ്; ഇസ്ലാമിക് സ്റുഡന്റ്സ് ലീഗ് എന്നല്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം