Prabodhanm Weekly

Pages

Search

2012 ജനുവരി 21

ഇസ്‌ലാമിസ്റ്റുകള്‍ എന്ന പ്രയോഗം

ഇസ്ലാമിസ്റുകള്‍ എന്ന് മുസ്ലിംകള്‍ ഉപയോഗിക്കാന്‍ പാടില്ല. ഇസ്ലാമിസ്റില്‍ നിന്ന് ഇസ്ലാമിസം ഉടലെടുക്കും. അത് കമ്യൂണിസവും ക്യാപിറ്റലിസവും സോഷ്യലിസവും പോലെ ഒരു പ്രത്യയശാസ്ത്രമാകും. ഇസ്ലാം ഒരു പ്രത്യയശാസ്ത്രമേ അല്ല, ഇസ്ലാം ദീന്‍ മാത്രമാണ്. ദീന്‍ എന്ന വാക്കിന് 'മതം' എന്ന അര്‍ഥം മാത്രമേ കൊടുക്കാന്‍ പറ്റുകയുള്ളൂ. മതം പരലോക വിജയത്തിനു മാത്രമുള്ളതാകുന്നു.
-നിച്ച് ഓഫ് ട്രൂത്ത് ചാവക്കാട് നടത്തിയ സ്നേഹസംവാദം മാസികയുടെ പാനല്‍ ഡിബേറ്റില്‍ ഒരു ചോദ്യത്തിന് കൊടുത്ത ഉത്തരത്തിലെ ഈ പരാമര്‍ശത്തോട് ജമാഅത്തെ ഇസ്ലാമിക്ക് യോജിക്കാന്‍ കഴിയുമോ?
മൊയ്തുട്ടി ഹാജി
പഞ്ചാരമുക്ക്, ഗുരുവായൂര്‍

ഒരേസമയം പല അബദ്ധങ്ങളും നിറഞ്ഞ ഈ പരാമര്‍ശത്തോട് യോജിക്കാന്‍ ഒരു നിര്‍വാഹവുമില്ല. ഒന്നാമതായി, ഖുര്‍ആനും സുന്നത്തും അനുശാസിക്കുന്ന അതേ പ്രയോഗങ്ങളല്ല ഇന്നൊരു ഇസ്ലാമിക സംഘടനയും കൊണ്ടുനടക്കുന്നത്. തൌഹീദ്, സലഫിസം, സുന്നിസം, ശീഈസം, അഹ്ലു സുന്നത്തി വല്‍ ജമാഅത്ത് എന്നീ പ്രയോഗങ്ങളൊന്നുംഅതേപടി ഖുര്‍ആനിലോ ഹദീസുകളിലോ ഇല്ല; പ്രമാണങ്ങളെ ആധാരമാക്കി പിന്നീട് കണ്ടെത്തിയതാണ്. ഇസ്ലാമിസം എന്ന പ്രയോഗവും അതിനാല്‍ തെറ്റായിത്തീരുന്നില്ല. ഇസ്ലാമിസ്റ് എന്നാല്‍ ഇസ്ലാമിന്റെ പ്രചാരണത്തിനും സംസ്ഥാപനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവന്‍ എന്നാണ് വിവക്ഷ. ഇസ്ലാമിസം ഇസ്ലാമിനെ ഒരു പ്രത്യയശാസ്ത്രമാക്കും എന്നത് അപകടകരമോ, തെറ്റോ ആയ കാര്യമല്ല. ജീവിതത്തെ സമ്പൂര്‍ണമായി ഉള്‍ക്കൊള്ളുന്ന ദൈവിക പ്രത്യയശാസ്ത്രം തന്നെയാണ് ഇസ്ലാം. ചില വിശ്വാസാചാരങ്ങളും അനുഷ്ഠാനങ്ങളും മാത്രമുള്ള മതമാണ് ഇസ്ലാം എന്നത് വികലവും അപൂര്‍ണവും അയഥാര്‍ഥവുമായ കാഴ്ചപ്പാടാണ്. ദീന്‍ എന്നാണ് ഇസ്ലാമിനെ ഖുര്‍ആന്‍ വിശേഷിപ്പിച്ചതെന്നത് ശരിയാണ്. ദീന്‍ എന്നാല്‍ കേവലം 'മതം' ആണെന്ന് ആരാണ് പറഞ്ഞത്? തിന്നാന്‍ പാടുള്ളതും ഇല്ലാത്തതുമായ വസ്തുക്കള്‍ വിവരിച്ച ശേഷം ഖുര്‍ആന്‍ പറയുന്നത് ഇതോടെ നിങ്ങളുടെ ദീന്‍ പൂര്‍ത്തിയാക്കിതന്നിരിക്കുന്നു എന്നാണ്. വ്യഭിചാരിയെ 100 അടി അടിക്കാന്‍ കല്‍പിച്ച ശേഷം അല്ലാഹുവിന്റെ ദീന്‍ നടപ്പാക്കുന്നതില്‍ നിങ്ങള്‍ക്ക് കനിവ് തോന്നേണ്ട കാര്യമില്ല എന്നും വ്യക്തമാക്കുന്നു. ദീന്‍ പൂര്‍ണമായി അല്ലാഹുവിന്നാവുന്നത് വരെ നിങ്ങള്‍ ശത്രുക്കളോട് യുദ്ധം ചെയ്യുക എന്നുപറഞ്ഞപ്പോഴും വെറും മതമാണ് ഉദ്ദേശ്യമെങ്കില്‍ വളരെ അപകടകരമായ സ്ഥിതിയാണ് അതേ തുടര്‍ന്നുണ്ടാവുക. അതിനാല്‍ ദീന്‍ എന്നാല്‍ ജീവിതത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളുന്ന ആദര്‍ശം അഥവാ വ്യവസ്ഥയാണെന്ന് വരുന്നു. അത് മനുഷ്യന്‍ അംഗീകരിക്കേണ്ടത് ആത്യന്തികമായി പാരത്രിക സൌഭാഗ്യത്തിനുതന്നെ. പക്ഷേ ഇഹലോകം എഴുതിത്തള്ളി പരലോകമോക്ഷം നേടണമെന്നോ നേടാമെന്നോ ഇസ്ലാം പറയുന്നില്ല. മറിച്ച് ഇഹപര സൌഭാഗ്യത്തിനും ക്ഷേമത്തിനും വേണ്ടി പണിയെടുക്കാനാണ് ഖുര്‍ആന്റെ ആഹ്വാനം. നന്മയില്‍ അധിഷ്ഠിതവും തിന്മയില്‍ നിന്ന് മുക്തവും നീതിപൂര്‍വകവും മാനവിക മൂല്യങ്ങളോട് പ്രതിബദ്ധതയുള്ളതുമായ സാമൂഹിക ജീവിതം ഇഹലോകത്ത് കരുപ്പിടിപ്പിക്കുന്നതിലൂടെ മാത്രമേ പരലോക വിജയം പ്രതീക്ഷിക്കാനാവൂ. അതാണ് ദീനിന്റെ സന്ദേശവും താല്‍പര്യവും; മുസ്ലിം ഉമ്മത്തിന്റെ  ബാധ്യതയും.

ഇസ്ലാമിന് ഭീകരമുഖം
 ലോകത്ത് തീവ്രവാദവും ഭീകരവാദവും മനുഷ്യനാശവും നടത്തിക്കൊണ്ടിരിക്കുന്നത് ഏറ്റവും കൂടുതല്‍ ജൂത, ക്രൈസ്തവ രാഷ്ട്രങ്ങളാണ്. എന്നാല്‍ ക്രൈസ്തവ ഭീകരതയെന്നോ ജൂത തീവ്രവാദമെന്നോ നമുക്ക് കേള്‍ക്കാന്‍ കഴിയുന്നില്ല. മാനവകുലത്തിനു മുമ്പില്‍ ഇതിന്റെ അനുയായികള്‍ക്ക് കാരുണ്യത്തിന്റെ മുഖവും കാണുന്നു. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും മതമായ ഇസ്ലാമാവാട്ടെ, അതിന്റെ അനുയായികളാവട്ടെ ലോകത്ത് ഭീകരന്മാരും തീവ്രവാദികളുമായി അവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതെന്തുകൊണ്ട് സംഭവിക്കുന്നു?
പി. ഹംസ ചെര്‍പ്പുളശ്ശേരി

സാമാന്യമായി പറഞ്ഞാല്‍ ലോകത്ത് മതാധിഷ്ഠിത ഭരണം നടക്കുന്ന രാഷ്ട്രങ്ങള്‍ ഇന്നില്ല. വത്തിക്കാന്‍, ഇസ്രയേല്‍, ഇറാന്‍, സുഊദി അറേബ്യ എന്നീ നാടുകളെക്കുറിച്ച് ഒരു പരിധിവരെ അങ്ങനെ പറയാമെന്ന് മാത്രം. ഇക്കൂട്ടത്തില്‍ ഇസ്രയേല്‍ മാത്രമാണ് ഭീകര കൃത്യങ്ങളില്‍ ഏര്‍പ്പെട്ട രാജ്യം. അതിന്റെ പിറവി തന്നെ ഹിംസയിലൂടെ ആയിരുന്നു. നിലനില്‍പും ബലപ്രയോഗത്തിലൂടെ തന്നെ. 'ഇസ്ലാമിക ഭീകരത' കൊണ്ടുനടക്കുന്ന ഒരു രാജ്യവും ഭൂമുഖത്തില്ല. എന്നാല്‍ ലോകത്തിലെ ഏതാണ്ടെല്ലാ മതാനുയായികളിലും തീവ്രവാദികളും ഭീകരരും ഉണ്ട്. ന്യൂനാല്‍ ന്യൂനപക്ഷമായ ഈ വിഭാഗത്തെ മുന്‍നിര്‍ത്തിയാണ് മതങ്ങളുടെ പേരില്‍ തീവ്രവാദവും ഭീകരതയും ആരോപിക്കപ്പെടുന്നത്. ഇക്കൂട്ടത്തില്‍ ഏറെ അപവാദപ്രചാരണവും ആരോപണവും ഉയരുന്നത് ഇസ്ലാമിന്റെ നേരെയാണ്.
ഇസ്ലാമിനെതിരായ പ്രചാരണത്തിന് ഹേതു ഒരുവശത്ത് മുന്‍വിധിയും അജ്ഞതയും പരമതവിദ്വേഷവുമാണെങ്കില്‍ മറുവശത്ത് മുസ്ലിംകളില്‍ തന്നെ ഒരു വിഭാഗത്തിന്റെ നിരുത്തരവാദമായ പെരുമാറ്റവും ചെയ്തികളും എരിതീയില്‍ എണ്ണ ഒഴിക്കുന്നതാണ്. ശക്തമായ സാമൂഹിക സമ്മര്‍ദത്തിലൂടെ അവരെ നേര്‍വഴിക്ക് കൊണ്ടുവരുന്നതോടൊപ്പം ഇസ്ലാമിന്റെ മാനുഷിക മുഖവും സമാധാന തല്‍പരതയും തെളിയിച്ചു കാട്ടുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുകയും വേണം. അറബ് വസന്തത്തെ തുടര്‍ന്നുണ്ടായ ശക്തമായ അടിയൊഴുക്കുകള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഇസ്ലാമിക പ്രസ്ഥാനങ്ങളെക്കുറിച്ച മുന്‍വിധികള്‍ ഇല്ലാതാക്കാന്‍ വഴിയൊരുക്കുന്നുണ്ടല്ലോ.
അനുഭവമാണ്


ഏറ്റവും സത്യമായ സാക്ഷി
 'ചോദ്യം: വിശാലമായൊരു ഇസ്ലാമിനെ ആവിഷ്കരിക്കുന്ന താങ്കള്‍ എന്തുകൊണ്ടാണ് ഇസ്ലാമിക ദര്‍ശനങ്ങളെ റെഡ്യൂസ് ചെയ്യുന്നു എന്ന ആരോപണമുള്ള ജമാഅത്തെ ഇസ്ലാമിയുമായി സഹകരിക്കുന്നത്?
ഉത്തരം: ഓരോ ഇസ്ലാമിക പ്രസ്ഥാനങ്ങളും സംഘടനകളും ഏതേത് അളവുകളിലാണ് ഇസ്ലാമെന്ന കടലില്‍ നിന്ന് വെള്ളം കോരിവെച്ചിരിക്കുന്നതെന്ന് ഞാന്‍ പരിശോധിച്ചിട്ടില്ല. എന്നാല്‍ താലിബാന്റെയും അല്‍ഖാഇദയുടെയും പോലെ ഇന്ത്യയിലെ ജമാഅത്തെ ഇസ്ലാമിക്കാരോ മുജാഹിദുകാരോ സുന്നിക്കാരോ അതില്‍ വിഷം കലര്‍ത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം. സിദ്ദീഖ് ഹസനോ ആരിഫലിയോ ഒ. അബ്ദുര്‍റഹ്മാനോ ഭീകരവാദമോ അന്യമത വിദ്വേഷമോ പ്രചരിപ്പിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകള്‍ എഴുതിയ ടി. മുഹമ്മദ് ആരായിരുന്നു എന്നും ഓര്‍ക്കണം. ദൈവഭരണം, ദൈവരാജ്യം തുടങ്ങിയ ഇമ്പാച്ചികളിലാണെങ്കില്‍ എനിക്ക് പേടിയില്ല. മഹാത്മാഗാന്ധി പറഞ്ഞ രാമരാജ്യവും അതുതന്നെയല്ലേ? ജമാഅത്തുകാരുടെ വേദികളില്‍ പോയി പ്രസംഗിക്കുമ്പോള്‍ ഞാനവരുടെ വീക്ഷണങ്ങള്‍ക്കനുസരിച്ചല്ല, എന്റെ വീക്ഷണങ്ങള്‍ക്കനുസരിച്ചാണ് പ്രസംഗിക്കാറ്. സൂഫിസത്തെ ഞാന്‍ വാനോളം പുകഴ്ത്തും. അവര്‍ അത് കേള്‍ക്കും. അവരുടെ പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചുവരും. ഒരു ജനാധിപത്യ രാജ്യത്ത് ഇത്തരം മാന്യമായ ഏര്‍പാടുകളില്‍ എന്താണ് തെറ്റുള്ളത്?
കെ.പി രാമനുണ്ണി-എ.കെ അബ്ദുല്‍ ഹക്കീമിന്റെ ചോദ്യങ്ങള്‍ക്ക് നല്‍കിയ ഉത്തരം (അഭിമുഖം-മാതൃഭൂമി ആഴ്ചപ്പതിപ്പ്).
നുഹ ബിന്‍ത് കവ്വായി കണ്ണൂര്‍

മുന്‍ധാരണകളും പക്ഷപാതിത്വവും മാറ്റിവെച്ച് ഇസ്ലാമിക പ്രസ്ഥാനത്തെ നോക്കിക്കാണാനും പഠിക്കാനും കഴിഞ്ഞതാണ് സാഹിത്യകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ കെ.പി രാമനുണ്ണിയെ മറ്റു പലരില്‍നിന്നും വ്യത്യസ്തനാക്കുന്നത്. ജമാഅത്തെ ഇസ്ലാമിക്കാരുമായി അടുത്തിടപഴകാനും പ്രസ്ഥാനത്തെക്കുറിച്ച് നേരിട്ട് പഠിക്കാനും അവസരം ലഭിച്ചവര്‍ക്ക് ഒരുവേള ഭിന്നതയോ വിയോജിപ്പോ തോന്നിയാലും അതില്‍ ഭീകരതയോ തീവ്രവാദമോ വര്‍ഗീയതയോ ആരോപിക്കാനാവില്ല. അന്ധമായി പ്രസ്ഥാനത്തെപ്പറ്റി തെറ്റിദ്ധാരണകള്‍ പരത്തുന്നവര്‍ക്ക് പുസ്തകങ്ങളില്‍ നിന്നുള്ള ഉദ്ധരണികളെ അന്യഥാ വ്യാഖ്യാനിക്കാനല്ലാതെ സ്വാനുഭവങ്ങളില്‍ നിന്ന് വര്‍ഗീയതയോ തീവ്രവാദമോ എടുത്തുകാണിക്കാന്‍ കഴിഞ്ഞിട്ടില്ല. മുന്നോട്ട് പോവാന്‍ ഇസ്ലാമിക പ്രസ്ഥാനത്തിന് ധൈര്യം പകരുന്നത് ഈ തിരിച്ചറിവാണ്.

അമേരിക്കയുടെ മുസ്ലിം പ്രേമം
 ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുസ്ലിം പുരോഹിതന്മാരുമായി അമേരിക്കന്‍ എംബസി അധികൃതര്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ മദ്റസാ വിദ്യാഭ്യാസത്തിന്റെ അവസ്ഥയെക്കുറിച്ചാണ് ഗോധ്രയിലെ ജാമിഅ റഹ്മാനിയ ദാറുല്‍ ഉലൂമിലെ മൌലാനാ ഇഖ്ബാല്‍ ബോഗ്ദ അടക്കം 30 പേരടങ്ങുന്ന മുസ്ലിം പുരോഹിതന്മാരുമായി എംബസി അധികൃതര്‍ കൂടിക്കാഴ്ച നടത്തിയത് (മാധ്യമം 2011 ഡിസംബര്‍ 29). കുറച്ച് മുമ്പ് അമേരിക്ക സ്പോണ്‍സര്‍ ചെയ്ത ഇഫ്ത്വാര്‍ നടത്തിയിരുന്നല്ലോ. ഇതുകൊണ്ടെല്ലാം അമേരിക്ക ലക്ഷ്യം വെക്കുന്നതെന്താണ്?
പി.വി.സി മുഹമ്മദ് പൊന്നാനി

മുസ്ലിം ലോകവുമായി ബന്ധം മെച്ചപ്പെടുത്തണമെന്ന് അമേരിക്ക ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍ വേണ്ടത് പ്രസിഡന്റായി ചുമതലയേറ്റ ഉടനെ ബറാക് ഒബാമ മുസ്ലിംകളോടായി ചെയ്ത പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യസന്ധമായി നടപ്പാക്കുകയാണ്. പക്ഷേ, അമേരിക്കയിലെ ജൂതലോബിയും ഇവാഞ്ചലിസ്റുകളും അവരുടെ സ്വാധീനവലയത്തില്‍ പെട്ട കോര്‍പറേറ്റ് ഭീമന്മാരും അതിനദ്ദേഹത്തെ അനുവദിക്കുന്നില്ല. അതിനാല്‍ മുസ്ലിം പ്രീതിക്കു വേണ്ടിയും അമേരിക്ക ഇസ്ലാംവിരുദ്ധമാണെന്ന പ്രചാരണത്തിന് തടയിടാനും കുറുക്കുവഴികള്‍ തേടേണ്ടിവരുന്നു. അതിന്റെ ഉദാഹരണങ്ങളാണ് യു.എസ് സ്പോണ്‍സേര്‍ഡ് ഇഫ്ത്വാറും മുസ്ലിം പുരോഹിതന്മാരുമായുള്ള കൂടിക്കാഴ്ചകളും മദ്റസ കാര്യത്തിലെ താല്‍പര്യവുമെല്ലാം. ഒപ്പം, മുസ്ലിം തലമുറകളെ ഹൈജാക്ക് ചെയ്യാനുള്ള അമേരിക്കന്‍ കുതന്ത്രങ്ങളും വരികള്‍ക്കിടയില്‍ വായിച്ചെടുക്കാം. പക്ഷേ, എന്തു ചെയ്തിട്ടും മുസ്ലിം ജനസാമാന്യത്തിനിടയില്‍ അമേരിക്കയുടെ പ്രതിഛായയുടെ ഗ്രാഫ് തെല്ലുമേ ഉയരുന്നില്ല. ഇസ്ലാമിന്റെ പ്രഖ്യാപിത ശത്രുക്കളുമായുള്ള ബാന്ധവം അമേരിക്ക തുടരുന്നേടത്തോളം കാലം മറിച്ച് പ്രതീക്ഷിക്കുന്നതും വെറുതെയാണ്.

അറബ് വസന്തം വഴി ഇടതുപക്ഷ പാളയത്തിലേക്ക്!
 'കേരളത്തിലെ മുസ്ലിം പൊതു പ്ളാറ്റ് ഫോറത്തില്‍നിന്ന് അകറ്റിനിര്‍ത്തപ്പെട്ട ജമാഅത്തെ ഇസ്ലാമി ഇടതുപക്ഷത്തെ മുസ്ലിം പ്രതിനിധികളെ ഉപയോഗിച്ച് നടത്തുന്ന അറബ് വസന്തത്തിന്റെ കൊണ്ടാടല്‍ ഇടതുപക്ഷത്തിനും പൊതുസമൂഹത്തിനും മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകില്ല. പാര്‍ട്ടി കോണ്‍ഗ്രസ് അടുത്തുവരുമ്പോള്‍ അറബ് വസന്തത്തിന്റെ ചെലവില്‍ ഇടതുപക്ഷ പാളയത്തിലെത്തിപ്പെടാനുള്ള ജമാഅത്ത് പാര്‍ട്ടിയുടെ തന്ത്രമാണ് അറബ് വസന്തത്തിന്റെ ആഘോഷമെന്ന് മനസ്സിലാക്കാന്‍ അത്ര ബുദ്ധിയൊന്നും വേണ്ട്' (അല്‍മനാര്‍ മാസിക 2011 ഡിസംബര്‍). മുജാഹിദ് ജിഹ്വയുടെ ജല്‍പനങ്ങള്‍ക്ക് എന്തെങ്കിലും ന്യായീകരണങ്ങള്‍ ഉണ്ടോ? എന്താണ് യഥാര്‍ഥ വസ്തുത?
ഹാജിറ കടന്നമണ്ണ

ഇസ്ലാമിനെ കേവലം പാരമ്പര്യ മതമാക്കി ചുരുട്ടിക്കെട്ടി, മതേതരത്വത്തിന്റെ മേലങ്കിയണിയാനുള്ള കേരള സലഫികളുടെ ശ്രമം ആഗോള സലഫികള്‍ പോലും അംഗീകരിക്കുന്നില്ലെന്ന് അറബ് വസന്തത്തെ തുടര്‍ന്ന് തുനീഷ്യയിലും ഈജിപ്തിലും നടന്ന തെരഞ്ഞെടുപ്പുകള്‍ തെളിയിച്ചിരിക്കുകയാണ്. ഈജിപ്തില്‍ സലഫികളുടെ അന്നൂര്‍ പാര്‍ട്ടിയാണ് രണ്ടാമത്തെ ഏറ്റവും വലിയ കക്ഷി. ശരീഅത്ത് ഉടനടി നടപ്പാക്കണമെന്നാണ് അവരുടെ ആവശ്യം. ആദര്‍ശപരമായി കേരള സലഫികള്‍ നേരിടുന്ന ഈ കനത്ത തിരിച്ചടിക്ക് മറയിടാനുള്ള വൃഥാ ശ്രമമാണ് ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് അപവാദ പ്രചാരണം. മുസ്ലിംകളുടെ പൊതു പ്ളാറ്റ്ഫോമില്‍ നിന്ന് ജമാഅത്ത് അകറ്റിനിര്‍ത്തപ്പെട്ടു എന്ന ആരോപണവും ഇതിലൊന്നാണ്. സാമ്പ്രദായിക മതസംഘടനകളുടെയും സാമുദായിക രാഷ്ട്രീയത്തിന്റെയും മുഖ്യധാരക്കെതിരെ തത്ത്വാധിഷ്ഠിത വിയോജനം രേഖപ്പെടുത്തി വേറിട്ടൊരു പാത സ്വീകരിച്ച സംഘടനയാണ് ജമാഅത്തെഇസ്ലാമി. അപ്പോഴും പൊതു പ്രശ്നങ്ങളില്‍ ഇതര സംഘടനകളുമായി സഹകരിച്ചിരുന്നു, വേദി പങ്കിടുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ഇപ്പോഴും മാറ്റമൊന്നും സംഭവിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ട് ലീഗ്-സലഫി കൂട്ടുകെട്ട് കുറുക്കിയെടുത്ത കോട്ടക്കല്‍ കഷായത്തിന്റെ അവധി തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തീര്‍ന്നു.
അറബ് വസന്തത്തില്‍ ഇടതുപക്ഷം കാണുന്നത് അമേരിക്കന്‍ പാവകളായ ഏകാധിപതികളുടെ പതനവും ജനകീയ പ്രക്ഷോഭത്തിന്റെ വിജയവുമാണെങ്കില്‍ ജമാഅത്തെ ഇസ്ലാമി അതു മാത്രമല്ല, ഇസ്ലാമിക ജനാധിപത്യത്തിന്റെ പ്രയോഗവത്കരണത്തിന് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ വന്‍ പിന്തുണ കൂടിയാണ് ദര്‍ശിക്കുന്നത്. അപ്രതീക്ഷിതവും ആവേശകരവുമായ ഈ മാറ്റത്തില്‍ സന്തോഷിക്കാതിരിക്കാന്‍ ഇസ്ലാമിക മനസ്സാക്ഷിയുള്ള ആര്‍ക്കും സാധ്യമല്ല. മാത്രമല്ല, അറബ് വസന്തത്തിന്റെ പരോക്ഷ ഫലം നമ്മുടെ രാജ്യത്തെ മൂല്യമുക്ത സെക്യുലരിസത്തിന്റെ വൈതാളികര്‍ക്ക് ഉത്തരം മുട്ടിയെന്നത് കൂടിയാണ്. ഇതിന് ഒരിടതു പക്ഷപാളയത്തിലും ചേക്കേറേണ്ട കാര്യമില്ല. ഇടതുപക്ഷത്തിന് വേണമെങ്കില്‍ സാമ്രാജ്യത്വ ദാസ്യത്തിനെതിരെ ഇസ്ലാമിസ്റുകളുമായി സഹകരിക്കാമെന്ന് മാത്രം. ഒരു പാളയത്തിലും കയറിപ്പറ്റാതെ സ്വതന്ത്രമായും ആര്‍ജവത്തോടെയും ലക്ഷ്യപ്രാപ്തിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തിന് കഴിയും. സാമുദായിക രാഷ്ട്രീയത്തിന്റെ തൊഴുത്തില്‍ തളച്ചിടപ്പെട്ടവര്‍ക്ക് ഇത് സാധ്യമാണോ എന്നതാണ് ചോദ്യം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം