Prabodhanm Weekly

Pages

Search

2012 ജനുവരി 21

അഹ്മദ് ബഹ്ജത്ത് ഇസ്‌ലാമെഴുത്തിന്റെ സൗന്ദര്യം

വി.എ കബീര്‍

ദോഹയില്‍ നിന്ന് കെ.ടി ഹാശിം അയച്ച ഒരു എസ്.എം.എസ്സിലൂടെയാണ് അഹ്മദ് ബഹ്ജത്ത് ഡിസംബര്‍ 18-ന് നിര്യാതനായ വിവരം അറിയുന്നത്. ബഹ്ജത്തുമായുള്ള ലേഖകന്റെ ആത്മബന്ധം ഹാശിമിന്നറിയാമായിരുന്നു. രാത്രി ഷിഫ്റ്റില്‍ ജോലിയൊന്നും ഇല്ലാതെ ഉറക്കമിളക്കുമ്പോഴാണ് ബഹ്ജത്തിന്റെ 'ഖുര്‍ആനിലെ ജന്തുകഥ'കളുടെ പരിഭാഷ മുഴുമിച്ചിരുന്നത്. അന്നേരം കട്ടന്‍ ചായയോടൊപ്പം ഹാശിമും അരികത്തുണ്ടായിരുന്നു. ബഹ്ജത്തിന്റെ ഏറെ തേടിയലഞ്ഞിരുന്ന 'ബ്രഹ്മസൗന്ദര്യത്തിന്റെ ധ്യാനാനുഭൂതികള്‍' രണ്ടു വര്‍ഷം മുമ്പ് സംഘടിപ്പിച്ച് തന്നതും ഹാശിമായിരുന്നു.
പ്രബോധനം വാരിക തുടങ്ങിയ കാലത്ത് അബൂബക്കര്‍ നദ്‌വി പരിഭാഷപ്പെടുത്തിയ 'നര്‍ത്തകി' എന്ന ചെറുകഥയിലൂടെയാണ് ബഹ്ജത്തിനെ ആദ്യമായി വായിക്കുന്നത്. ഒരു നര്‍ത്തകിയുടെ ജീവിത ദുരന്തം ചിത്രീകരിക്കുന്ന ആ കഥ ധാര്‍മികതയുടെ വെളിച്ചം പ്രസരിപ്പിക്കുന്ന സാമാന്യം ഭേദപ്പെട്ട ഒരു സൃഷ്ടിയായിരുന്നുവെന്നതൊഴിച്ചാല്‍ എടുത്തോതത്തക്ക മറ്റു സവിശേഷതകളൊന്നുമുണ്ടായിരുന്നില്ല. പിന്നെയും വര്‍ഷങ്ങള്‍ക്ക് ശേഷം ബഹ്ജത്തിന്റെ 'പ്രവാചകന്മാ'രുടെ ഒരു നിരൂപണം കണ്ടപ്പോള്‍ അദ്ദേഹത്തെ വീണ്ടും വായിക്കാനുള്ള ത്വരയുണ്ടായി. ഇതിനകം 36 പതിപ്പുകളിലായി ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകമാണ് 'പ്രവാചകന്മാര്‍'. അന്ന് സി.സി നൂറുദ്ദീന്‍ മൗലവി അല്‍- അസ്ഹറില്‍ പഠിക്കുന്നുണ്ടായിരുന്നു. പുസ്തകത്തിന്റെ ഒരു കോപ്പി സംഘടിപ്പിക്കാനാവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തിനെഴുതി. 'പ്രവാചകന്മാ'രോടൊപ്പം 'ഖുര്‍ആനിലെ ജന്തുകഥകളും' നൂറുദ്ദീന്‍ മൗലവി അയച്ചുതന്നു. രണ്ടും വായിച്ചപ്പോള്‍ കൂടുതല്‍ ആകര്‍ഷകമായി തോന്നിയത് 'ജന്തുകഥ'കളാണ്.
അഹ്മദ് ബഹ്ജത്തിന് താമസിയാതെ ഒരു കത്തെഴുതി; ജന്തുകഥകള്‍ മൊഴിമാറ്റാന്‍ അനുവാദം ചോദിച്ചുകൊണ്ട്. നൂറുദ്ദീന്‍ മൗലവി കൈയാലെ അത് അഹ്മദ് ബഹ്ജത്തിനെത്തിച്ചു കൊടുത്തു. അപ്പോള്‍ തന്നെ ബഹ്ജത്ത് മറുപടി അയച്ചു. 'ഖുര്‍ആനിലെ ജന്തുകഥകള്‍' ഏത് ഭാഷയിലേക്കും വിവര്‍ത്തനം ചെയ്യാനുള്ള ഉദാരമായ അനുമതിപത്രമായിരുന്നു അത്.
1987-ല്‍ ഖത്തറില്‍ ജോലിക്ക് പോകുന്നതിന് മുമ്പ് തന്നെ അതിന്റെ മിക്കവാറും ഭാഗങ്ങള്‍ പരിഭാഷപ്പെടുത്തിയിരുന്നു. ആദ്യത്തെ കഥ 'ഖാബീലിന്റെ കാക്ക' മലര്‍വാടി ബാലമാസികയുടെ ആദ്യ ലക്കത്തില്‍ തന്നെ പ്രസിദ്ധീകരിച്ചു. ഖത്തറിലെത്തിയപ്പോള്‍ 'ജന്തുകഥകളുടെ' പുതിയൊരു പതിപ്പ് ഖത്തര്‍ യൂനിവേഴ്‌സിറ്റി ലൈബ്രേറിയനായിരുന്ന ഫസ്‌ലുര്‍റഹ്മാന്‍ (തിരൂരങ്ങാടി) കൊണ്ടുതന്നു. നൂറുദ്ദീന്‍ മൗലവി അയച്ചുതന്ന പതിപ്പിലില്ലാത്ത പുതിയ കുറേ കഥകള്‍ അതിലുണ്ടായിരുന്നു. ഈഹാബ് ശാകിറിന്റെ മനോഹരമായ കളര്‍ ചിത്രങ്ങളായിരുന്നു പുതിയ പതിപ്പിന്റെ മറ്റൊരു പ്രത്യേകത. ഐ.പി.എച്ച് 'ജന്തുകഥകള്‍' പ്രസിദ്ധീകരിച്ചപ്പോള്‍ മനോഹരമായ കളര്‍ ചിത്രങ്ങളൊക്കെ ഖാബീലിന്റെ കാക്ക പോലെയായി എന്നത് മറ്റൊരു സങ്കടം. ഒരിക്കല്‍ ചിത്രകലാ ദമ്പതിമാരായ കബിതാ മുഖോപാധ്യായയും പ്രഭാകരനും ഞാനെഴുതിയ ഏതെങ്കിലും പുസ്തകമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഈ വിവര്‍ത്തന കൃതിയാണ് കൊടുത്തത്. മാര്‍വലസ് എന്നാണ് കബിത പ്രതികരണം അറിയിച്ചത്. അതിന്റെ ഒരു അബ്‌സറ്റ്രാക്ട് ചിത്രാവിഷ്‌കാരം നടത്തുന്നതിനെക്കുറിച്ച് പ്രഭാകരന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ജന്തുകഥകളുടെ ആനിമേഷന്‍ ചെയ്യാനുള്ള ഒരു സംരംഭവും നബീജ് കുറ്റിപ്പുറത്തിന്റെ മേല്‍നോട്ടത്തില്‍ നടന്നിരുന്നു. കാര്‍ട്ടൂണിസ്റ്റ് സുരേഷുമായൊക്കെ ആലോചിച്ച് ചിത്രകലാകാരനായ പതജ്ഞലി 'സുലൈമാന്റെ മരക്കൊത്തി'യുടെ സ്റ്റോറി ബോര്‍ഡ് തയാറാക്കുകയും ചെയ്തിരുന്നു. നവാല്‍ മുസ്ത്വഫ എന്ന പത്രപ്രവര്‍ത്തകക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട സ്വന്തം കൃതി ഏതാണെന്ന് ചോദിച്ചപ്പോള്‍ ബഹ്ജത്ത് നല്‍കിയ മറുപടി ഇതായിരുന്നു: ''അനേകം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ടെങ്കിലും സ്വന്തം നിലക്ക് അവയില്‍ ഏറ്റവും പ്രധാനമായി കരുതുന്നത് 'ഖുര്‍ആനിലെ ജന്തുകഥകളാ'ണ്. ''പ്രവാചകന്മാരോടൊപ്പം ജീവിതം പങ്കിട്ട ജീവികളുടെ ഓര്‍മക്കുറിപ്പുകളായി എഴുതപ്പെട്ട ഈ കൃതിയില്‍ ഹാസ്യവും മതവും സാമൂഹിക രാഷ്ട്രീയ പ്രമേയങ്ങളുമെല്ലാമുണ്ട്. അതൊക്കെ ഒറ്റത്തച്ചില്‍ ഇഴചേര്‍ത്തിരിക്കുകയാണ്. അതാണ് കൃതിയുടെ സാഹിത്യ മൂല്യം. അതിനാല്‍ എന്റെ കൃതികളില്‍ ഏറ്റവും ശ്രേഷ്ഠമായി ഞാന്‍ പരിഗണിക്കുന്നത് 'ഖുര്‍ആനിലെ ജന്തുകഥ'കളാണ്.''

കൂടിക്കാഴ്ച
ബഹ്ജത്ത് ദോഹയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ ഈ ലേഖകന്‍ അവിടെ ഉണ്ടായിരുന്നു. പരിപാടി നടക്കുമ്പോള്‍ രാത്രി ഷിഫ്റ്റിലായിരുന്നതിനാല്‍ അദ്ദേഹത്തെ നേരില്‍ കാണാനുള്ള അവസരം നഷ്ടപ്പെട്ടു. ഒരു ദശകത്തിനു ശേഷം വീണ്ടും അദ്ദേഹം ഖത്തറില്‍ വന്നതോടെയാണ് ആ സങ്കടത്തിന് പരിഹാരമായത്. ഹാസ്യ സാഹിത്യത്തെക്കുറിച്ച് അല്‍ ജസ്‌റ ക്ലബ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ബഹ്ജത്ത്. ബഹ്ജത്തിന്റെതായിരുന്നു പരിപാടിയിലെ മുഖ്യ ഇനം. പരിപാടി സമാപിച്ചപ്പോള്‍ സ്റ്റേജില്‍ ചെന്ന് അദ്ദേഹവുമായി പരിചയപ്പെട്ടു. 'ജന്തുകഥ'കളുടെ പരിഭാഷാ കോപ്പി നേരത്തെ അയച്ചുകൊടുത്തതിനാല്‍ പെട്ടെന്ന് തന്നെ അദ്ദേഹത്തിനത് ഓര്‍ത്തെടുക്കാനായി. അതിനെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ ഏതാണ് ഈ ഭാഷയെന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു. ഒരുപാട് പേര്‍ പരിചയം പുതുക്കാനായി അതിനകം സ്റ്റേജില്‍ എത്തിയിട്ടുണ്ടായിരുന്നു.

നിയമലോകത്ത് നിന്ന് പത്രപ്രവര്‍ത്തനത്തിലേക്ക്
1932 നവംബര്‍ 15-ന് കയ്‌റോവില്‍ ജനിച്ച അഹ്മദ് ബഹ്ജത്ത് കയ്‌റോ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദമെടുത്തത് നിയമത്തിലായിരുന്നു. പക്ഷേ, അഭിഭാഷകന്റെ കോട്ടണിയുന്നതിന് പകരം പത്രപ്രവര്‍ത്തകന്റെ തൂലിക ഏന്താനാണ് ബഹ്ജത്ത് താല്‍പര്യം കാണിച്ചത്. 1950-ല്‍ 'അത്തഹ്‌രീര്‍' മാഗസിനിലായിരുന്നു തുടക്കം. സീനിയറായിരുന്നെങ്കിലും മഹ്മൂദ് സലീമായിരുന്നു അന്ന് 'തഹ്‌രീരി'ല്‍ അദ്ദേഹത്തിന്റെ അടുത്ത കൂട്ടുകാരന്‍. കവി അഹ്മദ് ഫുആദ് നജ്മിന്റെ വീട്ടില്‍ സയ്യിദ് മക്കാവി, സലാഹ് ജാഹീന്‍ എന്നിവരോടൊപ്പം മിക്ക രാത്രിയും നടക്കാറുള്ള സരസമായ സൊറവട്ടം മഹ്മൂദ് സലീം ഇപ്പോഴും ഓര്‍ക്കുന്നു. 58 വരെ തഹ്‌രീറില്‍ സേവനമനുഷ്ഠിച്ച ബഹ്ജത്ത് പിന്നീട് 'അഖ്ബാറുല്‍ യൗം' ദിനപത്രത്തിലും റൗസുല്‍ യൂസുഫ് ഗ്രൂപ്പിന്റെ 'സബാഹുല്‍ ഖൈര്‍' മാഗസിനിലും പ്രവര്‍ത്തിക്കുകയുണ്ടായി. അക്കാലത്ത് 'അഖ്ബാറുല്‍ യൗമി'ല്‍ അദ്ദേഹം എഴുതിയിരുന്ന 'തിരക്കില്‍ ഒരു മുഖം' എന്ന കോളം വളരെ വേഗം ജനപ്രിയം പിടിച്ചു പറ്റി. ടാക്‌സി ഡ്രൈവര്‍മാര്‍, തൂപ്പുകാര്‍, ചെരിപ്പ് കുത്തികള്‍, യാചകര്‍,താഴെക്കിട സര്‍ക്കാര്‍ ജോലിക്കാര്‍ തുടങ്ങി സമൂഹത്തിലെ അടിത്തട്ടില്‍ കിടക്കുന്ന ഒരുപാടാളുകള്‍ ആ കോളത്തിലൂടെ കയറിയിറങ്ങുകയുണ്ടായി. ആ മുഖങ്ങളൊക്കെ വായനക്കാരുടെ മനസ്സില്‍ മായാതെ തങ്ങുകയും ചെയ്തു.
ഇടക്കാലത്ത് അദ്ദേഹം ഈജിപ്ഷ്യന്‍ റേഡിയോ-ടി.വി പ്രസിദ്ധീകരിക്കുന്ന മാഗസിന്റെ എഡിറ്ററായും പ്രവര്‍ത്തിക്കുകയുണ്ടായി. പ്രമുഖ സാഹിത്യ നിരൂപകനായ റജാ നഖാശ് സ്ഥാനമൊഴിഞ്ഞപ്പോഴായിരുന്നു അത്.

ഹൈക്കലിന്റെ ക്ഷണം
1958-ലാണ് ഈജിപ്തിലെ ഏറ്റവും പ്രചാരമുള്ള 'അല്‍ അഹ്‌റാമില്‍ ബഹ്ജത്ത് ചേരുന്നത്. അറബ് പത്രപ്രവര്‍ത്തനത്തിന്റെ കുലപതിയായ ഹൈക്കലായിരുന്നു അന്ന് അല്‍ അഹ്‌റാമിന്റെ പത്രാധിപര്‍. അഖ്ബാറുല്‍ യൗമില്‍ ബഹ്ജത്തിന്റെ 'തിരക്കിനിടയില്‍ ഒരു മുഖം' കത്തിനില്‍ക്കുന്ന സമയമായിരുന്നു അത്. അത് കണ്ടിട്ട് തന്നെയാണ് ഹൈക്കല്‍ ഒരു ദിവസം ബഹ്ജത്തിനെ ഫോണ്‍ ചെയ്ത് അല്‍ അഹ്‌റാം ഓഫീസില്‍ ചെന്ന് കാണാന്‍ ആവശ്യപ്പെട്ടത്. ഹൈക്കലിന്റെ ക്ഷണം ലഭിക്കുക എന്നത് ഒരു ബഹുമതിയാണ്. നിനച്ചിരിക്കാത്ത നിമിഷത്തിലെ ആ ക്ഷണം ബഹ്ജത്തില്‍ അല്‍പമൊരു പരിഭ്രമം സൃഷ്ടിക്കാതെയല്ല. മഹ്മൂദ് സലീമിനെയാണ് അദ്ദേഹം ആദ്യം ചെന്നുകാണുന്നത്. ജോലിയുമായി ബന്ധപ്പെട്ടായിരുന്നു ഹൈക്കലിന്റെ ക്ഷണം. അഹ്‌റാമില്‍ എന്താണ് വിശേഷാല്‍ ചെയ്യാനാവുക എന്ന് ബഹ്ജത്ത് ചോദിച്ചപ്പോള്‍ 'തിരക്കില്‍ ഒരു മുഖം' അങ്ങോട്ട് തിരിക്കുക എന്നായിരുന്നു മഹ്മൂദ് സലീമിന്റെ നിര്‍ദേശം. കൂടിക്കാഴ്ചക്ക് ശേഷം വേതനത്തെക്കുറിച്ച് മറുപടി പറയാന്‍ ബഹ്ജത്തിന് ഹൈക്കല്‍ ഒരു ദിവസത്തെ അവധി കൊടുത്തു. ബഹ്ജത്ത് വീണ്ടും മഹ്മൂദ് സലീമിന്റെ അടുത്തെത്തി. 20 ഈജിപ്ഷ്യന്‍ പൗണ്ടായിരുന്നു അന്ന് ബഹ്ജത്തിന്റെ വേതനം. അക്കാലത്ത് തരക്കേടില്ലാത്ത ശമ്പളമായിരുന്നു അത്. അതിന്റെ ഇരട്ടി ആവശ്യപ്പെടാന്‍ മഹ്മൂദ് സലീം നിര്‍ദേശിച്ചു. എന്നാല്‍ ബഹ്ജത്ത് എഴുതിക്കൊടുത്തത് 20 പൗണ്ട് മാത്രായിരുന്നു. ഹൈക്കല്‍ അത് വെട്ടി 40 പൗണ്ടാക്കി. തിരക്കില്‍ ഒരു മുഖം എന്ന കോളം പിന്നീട് അല്‍ അഹ്‌റാമില്‍ 'ദുനിയാവിന്റെ പെട്ടി' എന്ന ശീര്‍ഷകത്തില്‍ വേഷം മാറി കസറി. നാലായിരത്തിലധികം ലേഖനങ്ങളാണ് ആ 'പെട്ടി'യില്‍ ബഹ്ജത്ത് നിറച്ചത്. ദീര്‍ഘകാലം തുടര്‍ന്ന ആ കോളം അഹ്‌റാമിന്റെ വായനക്കാര്‍ ഒട്ടും മുഷിയാതെ വായിച്ചു പോന്നു.
ഈജിപ്ഷ്യന്‍ പ്രസിഡന്റ് ജമാല്‍ അബ്ദുന്നാസിര്‍ അറബ് സോഷ്യലിസവുമായി ഇറങ്ങിപ്പുറപ്പെട്ട കാലത്ത് പ്രസിഡന്റിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ ഹൈക്കല്‍ അഹ്‌റാമിന്റെ സ്റ്റാഫ് യോഗം വിളിച്ചുകൂട്ടി. സോഷ്യലിസത്തെക്കുറിച്ച് ജനങ്ങളെ ഉല്‍ബുദ്ധരാക്കുന്ന ലേഖനങ്ങളെഴുതാന്‍ പത്രാധിപ സമിതി അംഗങ്ങളോട് ഹൈക്കല്‍ ആവശ്യപ്പെട്ടു. ഒരു രാത്രി മഹ്മൂദ് സലീമിന്റെ വീട്ടില്‍ വീണ്ടും ബഹ്ജത്ത് എത്തി. ''ഹൈക്കല്‍ പാഷ സോഷ്യലിസത്തെക്കുറിച്ച് എഴുതാന്‍ കലപിച്ചിരിക്കുന്നു. സോഷ്യലിസത്തെക്കുറിച്ച് എനിക്ക് ഒരു കുന്തവുമറിയില്ല. എന്താണ് ചെയ്യുക?'' ബഹ്ജത്തിന്റെ ബേജാറ് കണ്ട മഹ്മൂദ് സലീം തന്റെ ഹോം ലൈബ്രറിയില്‍ നിന്ന് സോഷ്യലിസത്തെക്കുറിച്ച് 12-ഓളം പുസ്തകങ്ങളെടുത്ത് വായിക്കാന്‍ സ്വീകരണമുറി ഒരുക്കിക്കൊടുത്തു. മണിക്കൂറുകള്‍ക്ക് ശേഷം മുറിയില്‍ തിരിച്ചെത്തിയപ്പോള്‍ ചായ കൂജ മുഴുവന്‍ കാലിയാക്കി വിളക്ക് കെടുത്താതെ ഉടുത്ത വസ്ത്രത്തില്‍ സുഖനിദ്ര കൊള്ളുന്ന ബഹ്ജത്തിനെയാണ് സലീം കണ്ടത്. കൊടുത്ത പുസ്തകങ്ങള്‍ ഒന്ന് മറിച്ചു നോക്കിയ ലക്ഷണം പോലുമില്ല!
മറ്റൊരിക്കല്‍ 500 പൗണ്ട് കടം ചോദിക്കാനാണ് അദ്ദേഹം മഹ്മൂദ് സലീമിനെ സമീപിച്ചത്. വോള്‍ക്‌സ് വാഗന്‍ കാറ് വാങ്ങിയ വകയില്‍ അടച്ചു വീട്ടാനായിരുന്നു അത്. സ്വന്തം മകന്റെ പിറന്നാള്‍ ആഘോഷത്തിന് നീക്കി വെച്ച തുക ഭാര്യയുടെ പ്രതിഷേധം വകവെക്കാതെ മഹ്മൂദ് സലീം എടുത്തു കൊടുത്തു. അത്രയും ഉറ്റ സൗഹൃദമായിരുന്നു അവര്‍ തമ്മില്‍. എന്നാല്‍ ഇതിന് മറ്റു വിധത്തില്‍ ബഹ്ജത്തും പ്രത്യുപകാരം ചെയ്യുകയുണ്ടായി. മഹ്മൂദ് സലീമിന്റെ അടുത്ത ചില ബന്ധുക്കള്‍ സുഊദിയില്‍ ജോലിക്കപേക്ഷിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിനാല്‍ സുഊദി എമ്പസി അവര്‍ക്ക് വിസ അനുവദിക്കുകയുണ്ടായില്ല. ബഹ്ജത്തിന്റെ അടുത്ത സുഹൃത്തായിരുന്നു സുഊദി സ്ഥാനപതി. ഭാര്യയുടെ ഉപദേശപ്രകാരം ബഹ്ജത്തുമായി മഹ്മൂദ് സലീം സംസാരിച്ചു. ബഹ്ജത്തിന്റെ ശിപാര്‍ശ പ്രകാരം അവര്‍ക്ക് വിസ കിട്ടുകയും ചെയ്തു.

ചെക്കോവിന്റെ ആരാധകന്‍
ബഹ്ജത്ത് എഴുത്തിന് നാന്ദി കുറിക്കുന്നത് ചെറുകഥകളിലൂടെയാണ്. പിന്നീടത് പത്രപ്രവര്‍ത്തനത്തിലേക്കുള്ള കവാടമായിത്തീരുകയായിരുന്നു. കഥാകൃത്ത് ആയിത്തീരുക എന്നതായിരുന്നു യുവാവായിരിക്കെ അദ്ദേഹത്തിന്റെ മോഹം. വിചിത്രമായി തോന്നാം. ഇതര വിഷയങ്ങളില്‍ 18 പുസ്തകങ്ങള്‍ ഇറങ്ങിയ ശേഷമാണ് ബഹ്ജത്തിന്റെ ആദ്യ ചെറുകഥാ സമാഹാരം പുറത്തിറങ്ങുന്നത്. കഥയെഴുത്തില്‍ അദ്ദേഹത്തെ ഏറ്റവുമധികം സ്വാധീനിച്ചത് റഷ്യന്‍ കഥാകൃത്ത് ചെക്കോവായിരുന്നു. ബഹ്ജത്തിന്റെ വീട്ടില്‍ പിതാവിന്റെതൊഴിച്ചാല്‍ ചുവരില്‍ തൂക്കിയിട്ട ഒരേയൊരു പടം ചെക്കോവിന്റെതാണ്. അത്രക്കിഷ്ടമായിരുന്നു അദ്ദേഹത്തിന് ചെക്കോവിന്റെ കഥകള്‍. ലോകത്തിലെ ഏറ്റവും മഹാനായ കഥാകൃത്ത് അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ ആന്റണ്‍ ചെക്കോവാണ്. ജീവിതത്തെ ആഴത്തിലും പരപ്പിലും നിരീക്ഷിക്കുകയും മനുഷ്യ മനസ്സിന്റെ നിഗൂഢ ഭൂഖണ്ഡങ്ങളിലൂടെ സഞ്ചരിക്കുകയും ചെയ്യുന്ന ചെക്കോവിന്റെ മാസ്മരികമായ ആഖ്യാന പാടവത്തെക്കുറിച്ച് നവാല്‍ മുസ്ത്വഫാക്ക് നല്‍കിയ അഭിമുഖത്തില്‍ ബഹ്ജത്ത് വാചാലനാകുന്നുണ്ട്.
ചെറുകഥകളോടുള്ള പ്രണയം എന്നും ഹൃദയത്തിലുണ്ടായിരുന്നെങ്കിലും ഒരു ചെറുകഥാ സമാഹാരം മാത്രമേ ബഹ്ജത്തിന്റേതായി വെളിച്ചം കണ്ടിട്ടുള്ളൂ. 20-ാം വയസ്സിലാണ് അദ്ദേഹം ചെറുകഥകള്‍ എഴുതിത്തുടങ്ങിയത്. കഥയുടെ മേഖല കുത്തകയാക്കിയ പ്രശസ്തരുടെ കഥകള്‍ മാത്രമേ അക്കാലത്ത് പ്രസാധകര്‍ സ്വീകരിച്ചിരുന്നുള്ളൂ. പത്രമാധ്യമങ്ങള്‍ക്ക് വേണ്ടിയിരുന്നത് നൈമിഷികമായ വിഭവങ്ങളായിരുന്നു. തന്റെ കോളങ്ങള്‍ക്ക് 'കഥക്കൂട്ട്' നല്‍കിക്കൊണ്ടാണ് ബഹ്ജത്ത് ആത്മദാഹം ശമിപ്പിച്ചത്. 'ഈജിപ്ഷ്യന്‍ ചിത്രങ്ങള്‍' എന്ന തലക്കെട്ടില്‍ അല്‍ അഹ്‌റാമില്‍ ചെയ്ത ഹാസ്യ കോളം ചെറുകഥകള്‍ തന്നെയാണെന്നാണ് ബഹ്ജത്ത് അവകാശപ്പെടുന്നത്. ചെറുകഥയുടെ ചെക്കോവിയന്‍ ടെക്‌നിക്ക് അതിലെ പ്രമേയങ്ങളില്‍  തലോടി നില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.
പത്രപ്രവര്‍ത്തനത്തില്‍ മുഴുകിയിരുന്നില്ലെങ്കില്‍ നല്ലൊരു ചെറുകഥാ കൃത്തായി അദ്ദേഹം അറിയപ്പെടുമായിരുന്നു. അറ്റമില്ലാത്ത ആവശ്യങ്ങളുമായി ഭര്‍ത്താവിനെ പൊറുതികെടുത്തുന്ന ശല്യക്കാരിയായ ഭാര്യയെപ്പോലെയാണ് പത്രപ്രവര്‍ത്തനം എന്ന് ബഹ്ജത്ത് പറയുന്നു. അതിനിടയില്‍ സന്ദര്‍ഭം ഒത്ത് കിട്ടിയാല്‍ കാമുകിയായ സാഹിത്യവൃത്തിയിലേക്ക് പൊറുതിമുട്ടിയ ഭര്‍ത്താവ് ഒളിച്ചോടും. ഈ ഒളിസേവയില്‍ നിന്ന് പിറന്നുവീണതാണ് ബഹ്ജത്തിന്റെ സാഹിത്യ സൃഷ്ടികള്‍. മിക്ക കഥകളും മോഹഭംഗത്തിന്റെ കഥകളാണ്. ഈജിപ്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ച വര്‍ഷങ്ങളാണ് മുപ്പതുകളും നാല്‍പതുകളും. വിപ്ലവം വരുന്നു. സാമൂഹികാവസ്ഥകള്‍ കീഴ്‌മേല്‍ മറിയുന്നു. മാറ്റങ്ങളുടെ ബൃഹദാകാരത്തിനനുസരിച്ച് സ്വപ്നങ്ങളും വികസിക്കുന്നു. പക്ഷേ, ജനങ്ങളുടെ സ്വപ്നങ്ങളൊന്നും സാക്ഷാത്കരിക്കപ്പെടാതെ പൊലിഞ്ഞുപോവുകയും സാധ്യതകള്‍ സങ്കോചിക്കുകയും ചെയ്തു. ഈ ദുരന്തത്തിന്റെ അനിവാര്യ ഫലമാണ് തന്റെ കഥകളിലും പ്രതിഫലിക്കുന്നതെന്നാണ് ബഹ്ജത്ത് ചൂണ്ടിക്കാട്ടുന്നത്.


ഏകാന്തതയില്‍നിന്ന് വരുന്ന ഭാവനകള്‍
എഴുത്തിലെന്ന പോലെ ബഹ്ജത്തിന്റെ ജീവിതത്തിലും നര്‍മത്തിന്റെ മേമ്പൊടി പുരണ്ട വൈചിത്ര്യങ്ങള്‍ കാണാം. ദാമ്പത്യത്തിന്റെ മനോഹരശില്‍പങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകളിലൂടെ വാര്‍ന്നുവീണിട്ടുണ്ട്. എന്നാല്‍ അദ്ദേഹവും പ്രിയതമയും രണ്ട് വീടുകളിലാണ് താമസിച്ചിരുന്നത്. ദാമ്പത്യത്തിന്റെ അസ്വാരസ്യതകളായിരുന്നില്ല കാരണം. എഴുത്തിന്റെ സൗകര്യത്തിനായി രണ്ട് പേരും സ്വയം തെരഞ്ഞെടുത്ത രീതിയായിരുന്നു അത്. വീട്ടില്‍ നിന്ന് താന്‍ 'പുറത്താക്കപ്പെടുക'യായിരുന്നുവെന്നാണ് ഇതിനെ കുറിച്ച് ബഹ്ജത്ത് തമാശ പറയുക. ആബിദിനില്‍ ചെറിയൊരു ഫ്‌ളാറ്റിലായിരുന്നു അദ്ദേഹവും നാടക നിരൂപകയായ ഭാര്യ സനാ ഫത്ഹുല്ലയും താമസിച്ചിരുന്നത്. ബഹ്ജത്തിന്റെ ലൈബ്രറി ഉറക്കറയും കടന്ന് പുറം ഹാളിലേക്ക് വ്യാപിക്കാന്‍ തുടങ്ങിയപ്പോള്‍ സനാ അദ്ദേഹത്തോട് പറഞ്ഞു: ''ഇത് വീടാണെന്ന് ഓര്‍മ വേണം; ലൈബ്രറിയല്ല.'' അതോടെ അലക്‌സാണ്ട്രിയയില്‍ ഒരു ഫ്‌ളാറ്റ് വാടകക്കെടുത്ത് ലൈബ്രറി മുഴുവന്‍ അങ്ങോട്ടേക്ക് മാറ്റി. ഏകാന്തതയിലേ ബഹ്ജത്തിന് എഴുത്ത് നടക്കൂ. ഈ മാറ്റം അതിനും സൗകര്യമായി. സാമ്പ്രദായിക ദാമ്പത്യത്തിന്റെ പൊളിച്ചെഴുത്താണ് താന്‍ ഇതിലൂടെ നടത്തിയതെന്നാണ് ബഹ്ജത്തിന്റെ ന്യായീകരണം. കണ്ണോടടുപ്പിച്ചു വെച്ചാല്‍ നിങ്ങള്‍ക്ക് പുസ്തകം വായിക്കാന്‍ കഴിയില്ല. അല്‍പം അകറ്റിപ്പിടിച്ചാലേ അക്ഷരങ്ങള്‍ തെളിയൂ. ഇതുപോലെ അല്‍പമൊന്ന് അകന്ന് ജീവിച്ചാല്‍ ദാമ്പത്യത്തിന്റെ മധുരവും തെളിച്ചവും വര്‍ധിക്കുമെന്നാണ് ബഹ്ജത്തിന്റെ ചിരി. ഭാര്യയുടെ സാന്നിധ്യം ആഗ്രഹിക്കുമ്പോള്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്യും. അപ്പോള്‍ പെടയും കുട്ടികളും അലക്‌സാണ്ട്രിയയിലെത്തും. പിന്നെ ഒരാഴ്ച മുഴുവന്‍ അവര്‍ക്ക് മാത്രം. ചിലപ്പോള്‍ ഏകാന്തത മനം മടുപ്പിക്കാം. അപ്പോള്‍ പൂച്ചയുടെ, അല്ലെങ്കില്‍ നായയുടെ സഹവാസം വലിയ ആശ്വാസമാണ്. കാരണം നിശ്ശബ്ദമായി ആശയവിനിമയം നടത്താന്‍ ഞങ്ങള്‍ക്ക് കഴിയും. മനുഷ്യരേക്കാളേറെ ജന്തുക്കളോടാണ് എനിക്ക് സ്‌നേഹം എന്ന് ആളുകള്‍ പറയാറുണ്ട്. അപ്പറയുന്നതില്‍ വലിയ അര്‍ഥമൊന്നുമില്ല. യഥാര്‍ഥത്തില്‍ എന്റെ കൗതുകം ജന്തുക്കളുടെ ഒരു സ്വഭാവ വിശേഷത്തിലാണ്. മൗനമാണത്. സംസാരിക്കാതെ തന്നെ നൂറുകൂട്ടം മാധ്യമങ്ങളിലൂടെ നിങ്ങളുമായി സംവദിക്കാന്‍ ജന്തുക്കള്‍ക്ക് സാധിക്കും. സംസാരത്തിലൂടെ പലപ്പോഴും എല്ലാം പ്രകടിപ്പിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. വികാരങ്ങളുടെ വന്‍ സാഗരം തന്നെ ചിലപ്പോള്‍ നിങ്ങളുടെ ഉള്ളില്‍ തിരതല്ലുന്നുണ്ടാവും. പക്ഷേ, പുറത്തേക്ക് ആവാഹിക്കാന്‍ ശ്രമിക്കുമ്പോള്‍ അവ ചെറിയ കുമിളകളായി മാറും.''
ഒ.വി വിജയനെപ്പോലെ ഈ എഴുത്തുകാരനും പൂച്ചകളോട് വലിയ ഇമ്പമായിരുന്നു. അലക്‌സാണ്ട്രിയയിലെ വീട്ടില്‍ ബഹ്ജത്തിന്റെ ശയമനമുറിയിലായിരുന്നു അവയുടെ പൊറുതി. 'ബുദ്ധിജീവിപ്പൂച്ചയും ഒരു പാവം കുട്ടിയും തമ്മിലുള്ള സംവാദം' എന്ന ശീര്‍ഷകത്തില്‍ നീണ്ടകഥ തന്നെ ബഹ്ജത്ത് എഴുതിയിട്ടുണ്ട് (അശ്‌റഫ് കീഴുപറമ്പ് അത് മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്). 'ഖുര്‍ആനിലെ ജന്തുകഥ'കളുടെ ആമുഖത്തില്‍ ജന്തുലോകത്തോടുള്ള ഈ ആഭിമുഖ്യത്തിന്റെ പല ബാല്യകാലാനുഭവങ്ങളും ബഹ്ജത്ത് കോറിയിട്ടതായി കാണാം. ബാല്യത്തില്‍ ഒരു ചെത്തലപ്പട്ടിയെ വീട്ടില്‍ കൊണ്ടുവന്നതിന്റെ ഫലമായുണ്ടായ പൊല്ലാപ്പുകളും അവശയായ ഒരു മരങ്കൊത്തിയുടെ കാതില്‍ ഖുര്‍ആനില്‍ സുലൈമാന്‍ നബിയുടെ മരങ്കൊത്തിയെ പരാമര്‍ശിക്കുന്ന സൂക്തങ്ങള്‍ മന്ത്രിച്ചു കൊടുത്തതുമൊക്കെ വിസ്തരിക്കുന്നുണ്ട്. ബഹ്ജത്ത് മുതിര്‍ന്നപ്പോഴും ഈ ജന്തു സ്‌നേഹം അദ്ദേഹത്തെ വിട്ടുമാറിയില്ല. അദ്ദേഹത്തിന്റെ അടുത്ത തോഴനായിരുന്നു 'സുല്‍ത്താന്‍ പാഷ' -വില കൊടുത്ത് വാങ്ങിയ മുന്തിയ ഇനം ഇംഗ്ലീഷ് വര്‍ഗത്തില്‍ പെട്ട നായ.

ഇസ്‌ലാം എഴുത്തിന്റെ സൗന്ദര്യം 
ഇസ്‌ലാം എഴുത്ത് എങ്ങനെ സുന്ദരമായൊരു കലയാക്കാം എന്നതിന്റെ ഉത്തമ നിദര്‍ശനങ്ങളാണ് അഹ്മദ് ബഹ്ജത്തിന്റെ കൃതികള്‍. ഒട്ടും ചെടിപ്പും മടുപ്പുമില്ലാതെ ആ വരികളോടൊപ്പം അനുവാചക മനസ് താനെ ഒഴുകിപ്പോകും. പുതിയ തലമുറയിലെ പല കലാകാരന്മാര്‍ക്കും ബഹ്ജത്ത് പ്രചോദനമായി. അവരില്‍ എഴുത്തുകാരും സിനിമാ പ്രവര്‍ത്തകരുമെല്ലാം പെടുന്നു. 'ദാറുശുറൂഖ്' ബഹ്ജത്തിന്റെ 77-ാം ജന്മദിനമാഘോഷിച്ചപ്പോള്‍ അതില്‍ പങ്കെടുത്ത് സംസാരിച്ച പുതിയ തലമുറയിലെ എഴുത്തുകാരൊക്കെ അദ്ദേഹത്തോടുള്ള കടപ്പാട് എടുത്തോതുകയുണ്ടായി. ബിലാല്‍ ഫദ്‌ലിന്റെ അനുഭവം നോക്കുക. കര്‍ക്കശമായ മതചിട്ടകള്‍ പുലരുന്ന വീട്ടില്‍ പിതാവ് മതഗ്രന്ഥങ്ങള്‍ മാത്രമേ ബിലാലിന് വായിക്കാന്‍ കൊടുത്തിരുന്നുള്ളൂ. ആ സാമ്പ്രദായിക രചനകള്‍ മതത്തോട് വിരക്തി ജനിപ്പിക്കാനാണിടയാക്കിയതെന്നാണ് ബിലാല്‍ പറയുന്നത്. പിന്നീട് ബഹ്ജത്തിന്റെ കൃതികള്‍ വായിച്ചപ്പോഴാണ് മതത്തിന്റെ സൗന്ദര്യം താന്‍ കണ്ടെത്തിയതെന്ന് ബിലാല്‍ പറയുന്നു. അല്‍ അഹ്‌റാമില്‍ വെച്ച് ബഹ്ജത്തുമായി നടന്ന ഒരു കൂടിക്കാഴ്ചയാണ് തന്നെ എഴുത്തില്‍ നിലനിര്‍ത്തിയതെന്നാണ് ഉമര്‍ താഹിറിന്റെ ഏറ്റുപറച്ചില്‍. അടുത്ത കാലത്തിറങ്ങിയ ബെസ്റ്റ് സെല്ലര്‍ നോവലായ 'യാഖൂബിയാന്‍ ബില്‍ഡിംഗി'ന്റെ കര്‍ത്താവായ അലാ അസ്വ്‌വാനിയുടെ അനുഭവവും വ്യത്യസ്തമല്ല. ബഹ്ജത്തിന്റെ 'ഖുര്‍ആനിലെ ജന്തുകഥകളെ'ക്കുറിച്ചും 'സ്‌നേഹത്തിന്റെ ഒരു നിമിഷ'ത്തെക്കുറിച്ചും മണിക്കൂറുകളോളം പ്രസംഗിക്കാനുണ്ടെന്നാണ് ജന്മദിനാഘോഷച്ചടങ്ങില്‍ സംബന്ധിച്ചുകൊണ്ട് അസ്വ്‌വാനി പറഞ്ഞത്.
കൗമാരത്തില്‍ തന്നെ മതം ബഹ്ജത്തിന്റെ ആലോചനാ വിഷയമായിരുന്നു. ഇരുപതാം വയസ്സില്‍ ഒരു പെണ്‍കുട്ടിക്ക് എഴുതിയ പ്രേമ ലേഖനത്തെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. ആ കത്ത് അദ്ദേഹം അവള്‍ക്ക് അയക്കുകയുണ്ടായില്ല. അതിലെ പ്രതിപാദ്യം മുഴുവന്‍ മതമായിരുന്നുവെന്നതാണ് രസകരം. പത്രപ്രവര്‍ത്തനം തുടങ്ങി പിന്നെയും പത്തു വര്‍ഷം കഴിഞ്ഞാണ് 'ഒരു ഭര്‍ത്താവിന്റെ ഓര്‍മക്കുറിപ്പുകള്‍' എഴുതുന്നത്. മതമായിരുന്നു അതിലെ മുഖ്യ പ്രമേയം. പിന്നീട് ഇസ്‌ലാമിക വിഷയങ്ങളില്‍ രസനിഷൃന്ദികളായ വ്യത്യസ്ത കൃതികള്‍ അദ്ദേഹം രചിച്ചു.
മതം അദ്ദേഹത്തിനു എഴുത്ത് മാത്രമായിരുന്നില്ല; ജീവിതം തന്നെയായിരുന്നു. സൂഫിയുടെ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. യൗഗികാനുഭൂതിയുടെ അമൃതം ചുരത്തുന്ന ഹൃദയഹാരിയായ പല കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്. സൂഫി ദാര്‍ശനികനായ നഫരിയുടെ കവിതകള്‍ വര്‍ണശബളമാക്കിയ 'ദൈവത്തിലേക്കുള്ള പാത' അനുവാചകനെ അചുംബിതമായ അലൗകിക മാനത്തിലേക്ക് നയിക്കുന്ന കൃതിയാണ്. 'ദര്‍വീശും രാജകുമാരനും', 'സൂഫികളുടെ സ്‌നേഹസാഗരം' എന്നിവയും മിസ്റ്റിസിസത്തിന്റെ അനുഭൂതികളിലേക്കുള്ള കിളിവാതിലുകള്‍ തുറന്നിടുന്നു. അതേസമയം 'ഉപവാസിയുടെ ദിനസരിക്കുറിപ്പുകളി'ല്‍ വ്യാജ സൂഫികളെ തൊലിയുരിക്കുന്നുമുണ്ട് അദ്ദേഹം. 'സാഹിദ് ഖുശ്ക് നഹി' (ശുഷ്‌കമനസ്‌കനല്ല യോഗി) എന്ന ഉര്‍ദു പഴമൊഴിയെ സാര്‍ഥകമാക്കുന്നതാണ് ബഹ്ജത്തിന്റെ നര്‍മബോധം.
എല്ലാ 'റമദാനി'ലെയും അവസാനത്തെ പത്ത് ദിനം കഅ്ബാലയത്തിലെ ഭജന (ഇഅ്തികാഫ്)യിലായിരുന്നു അദ്ദേഹം കഴിച്ചുകൂട്ടിയിരുന്നത്. റമദാന്‍ മുഴുക്കെ അദ്ദേഹത്തിന്റെ തൂലികയും കണ്ണുകളും ദൈവത്തിന് വേണ്ടി വിശ്രമിച്ചു. ബഹ്ജത്ത് തിരക്കഥയെഴുതിയ 'ആയിരത്തി ഒന്ന് രാവുകള്‍' റമദാനിലാണ് ഈജിപ്ഷ്യന്‍ ടി.വി സംപ്രേഷണം ചെയ്തിരുന്നത്. എന്നാല്‍ അതിന്റെ ഒരു എപ്പിസോഡു പോലും അദ്ദേഹം കാണുകയുണ്ടായില്ല. രാഷ്ട്രീയച്ചേരുവകള്‍ ഉള്ളടങ്ങിയ പുനരാഖ്യാനമായിരുന്നു ബഹ്ജത്തിന്റെ 'ആയിരത്തൊന്ന് രാവുകള്‍'. നിലനില്‍ക്കുന്ന രാഷ്ട്രീയാവസ്ഥയുടെ ചിത്രങ്ങളാണ് അതില്‍ ജനം കണ്ടത്.

ബഹുമുഖ പ്രതിഭ
ബഹ്ജത്തിന്റെ ചരമക്കുറിപ്പ് എഴുതിയവരൊക്കെ അദ്ദേഹത്തിന് നല്‍കിയ ഒരു വിശേഷണമുണ്ടായിരുന്നു- ഭൗതിക കാമനകളൊന്നുമില്ലാത്ത സൂഫി. സൂഫിയും സറ്റയറിസ്റ്റും തിരിക്കൊഴിയാത്ത പത്രപ്രവര്‍ത്തകനും അതേസമയം തന്നെ നല്ലൊരു തിരക്കഥാ കൃത്തുമായിരുന്നു ബഹ്ജത്ത്. കഴിഞ്ഞ റമദാനില്‍ അദ്ദേഹത്തിന്റെ 'ഖുര്‍ആനിലെ ജന്തുകഥകള്‍' ഈജിപ്ഷ്യന്‍ ടി.വി പരമ്പരയാക്കുകയുണ്ടായി. അഹ്മദ് സക്കി നായകനായി അഭിനയിച്ച 'സാദാത്തിന്റെ ദിനങ്ങള്‍' എന്ന സിനിമക്ക് തിരക്കഥ എഴുതിയത് ബഹ്ജത്തായിരുന്നു. കുട്ടികള്‍ക്ക് വേണ്ടി ടി.വി പരമ്പരകള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. ഏറെ ജനപ്രിയം നേടിയ റേഡിയോ പരിപാടിയായിരുന്നു അദ്ദേഹത്തിന്റെ 'രണ്ട് വാക്ക് മാത്രം.' ബഹ്ജത്തിന്റെ ടി.വി പരമ്പരകളുടെ ഗാനരചന നിര്‍വഹിച്ചത് സ്വന്തം മകന്‍ മുഹമ്മദ് ബഹ്ജത്താണ്. കവിയും പത്രപ്രവര്‍ത്തകനുമാണ് മുഹമ്മദ്. മറ്റൊരു മകന്‍ ഖാലിദ് ബഹ്ജത്ത് സിനിമാ സംവിധായകനാണ്. നാടകനിരൂപകയായ ഭാര്യ സനാ ഫത്ഹുല്ല ബഹ്ജത്തിന് മുമ്പേ ഇഹലോകവാസം വെടിഞ്ഞു.
എഴുത്തിന്റെയും കലയുടെയും വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോഴും ബഹ്ജത്ത് ജീവിതത്തിലുടനീളം വിശുദ്ധി കാത്തുസൂക്ഷിച്ചു. 'ദുന്‍യാവിന്റെ പെട്ടി' പൂട്ടിവെച്ച് അദ്ദേഹം പരലോകത്തേക്ക് യാത്രയായി. പരലോകത്ത് അദ്ദേഹത്തെ കാത്തിരിക്കുന്ന പെട്ടിയില്‍ ദൈവം നന്മകള്‍ നിറച്ചുകൊടുക്കട്ടെ.

 

 

ഒറ്റവാക്കില്‍ പറഞ്ഞാല്‍ വിശ്വത്തിന്റെ പരിപ്രേക്ഷ്യമാണ് കല
അലിജാ അലി ഇസ്സത്ത് ബെഗോവിച്ച്

കലയും മതവും തമ്മിലുള്ള ആന്തരികമായ കണ്ണി മറ്റൊരു വസ്തുതയില്‍ കൂടി ദര്‍ശിക്കാവുന്നതാണ്. ബാഹ്യമോടികളുടെ കാര്യത്തില്‍ കലാകാരന്മാര്‍ കാണിക്കുന്ന തൊഴില്‍പരമോ ഉദ്ദേശ്യപൂര്‍വമോ ആയ ഉദാസീനതയും ചില മതവിഭാഗങ്ങള്‍ പ്രത്യേകിച്ച് ഹിന്ദുക്കളും ക്രിസ്ത്യാനികളും കാണിക്കുന്ന വിശുദ്ധാവിശുദ്ധിയും ആണത്. സാധാരണക്കാരുടെ ദൃഷ്ടിയില്‍, കലാകാരന്മാരും മുനികളും ഒരേതരത്തില്‍ പെട്ടവരാണ്. വിചിത്രമാണെന്ന് പ്രഥമ വീക്ഷണത്തില്‍ തോന്നുമെങ്കിലും സന്യാസത്തിന്റെയും ക്രമരഹിതസമ്പ്രദായത്തിന്റെയും തായ്‌വേര് ഇതാണെന്ന് കാണുക. മൈക്കലാഞ്ചലോ സിസ്‌റ്റൈന്‍ പള്ളിയുടെ മച്ചില്‍ ചുമര്‍ ചിത്രങ്ങള്‍ വരയ്ക്കുമ്പോള്‍ ജൂലിയസ് രണ്ടാമന്‍ അദ്ദേഹത്തെ ആട്ടിയോടിച്ചു. ഭരണകൂടം കലാകാരന്മാരെ പീഡിപ്പിക്കുന്നതിന് എപ്പോഴും വിപരീതോദ്ദേശ്യമാണുള്ളത്. അവരുടെ നിയോഗത്തില്‍ നിന്നവരെ നിര്‍ബന്ധപൂര്‍വം മാറ്റുക. കലാകാരന്മാര്‍ മധ്യകാലഘട്ടത്തിലെ പള്ളിയുടെ സമഗ്രാധിപത്യത്തെ തിരിച്ചറിഞ്ഞില്ല. ശാസ്ത്രകാരന്മാര്‍ തിരിച്ചറിയുകയും ചെയ്തു. സോവിയറ്റ് യൂനിയനില്‍ ശാസ്ത്രജ്ഞന്മാര്‍ നിലവിലുള്ള ഭരണകൂടത്തിന്റെ സമഗ്രാധിപത്യത്തെക്കുറിച്ച് നന്നേ കുറഞ്ഞ ബോധമുള്ളവരാണെന്ന് തോന്നുന്നു.
മധ്യ കാലഘട്ടത്തിന്റെ അന്ത്യദശയില്‍ ശാസ്ത്രജ്ഞന്മാരെ മതകോടതികള്‍ സ്മാര്‍ത്തവിചാരണ നടത്തുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നത് മൂര്‍ധന്യത്തിലെത്തിയപ്പോഴും പ്രശസ്ത ഇറ്റാലിയന്‍ സ്‌കൂള്‍ അവരുടെ അതിപ്രശസ്തമായ ചിത്രങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. വിശ്വ വിജ്ഞാനത്തിന്റെയും അണുശാസ്ത്രത്തിന്റെയും മണ്ഡലങ്ങളില്‍ സ്റ്റാലിന്റേയും ഷഡ്‌നോവിന്റേയും കാലത്ത് സോവിയറ്റ് ശാസ്ത്രകാരന്മാര്‍ സാരവത്തായ ഫലങ്ങളിലെത്തിച്ചേര്‍ന്നു. സോവിയറ്റ് കലയാകട്ടെ എല്ലാ മര്‍ദനങ്ങളും സഹിച്ചു. കാരണം കല മറ്റൊരു ലോകത്തിന്റെ, മറ്റൊരു വ്യവസ്ഥയുടേതായത് കൊണ്ടാണ്. പള്ളി ശാസ്ത്രത്തെ മതമീമാംസയുടെ ദാസ്യവേലക്കുപയോഗിക്കാന്‍ ശ്രമിക്കുകയുണ്ടായി. സോവിയറ്റ് യൂനിയനില്‍ കലയെ രാഷ്ട്രീയത്തിന്റെ അടിമയാക്കാനാണ് ശ്രമം. ഒരുപറ്റം ഭരണാധികാരികള്‍ സത്യവും സോഷ്യലിസ്റ്റ് റിയലിസവും പ്രഖ്യാപിക്കുമ്പോള്‍ അത് മാത്രമാണ് സോവിയറ്റ് കലയില്‍ സംഗതമായ സമ്പ്രദായം. സോഷ്യലിസ്റ്റ് റിയലിസം എന്നത് സ്റ്റാലിന്‍ ഉപയോഗിച്ച പദമാണ്. ഇങ്ങനെ വന്നാല്‍, പള്ളിയുടെ മട്ടിലുള്ള ആജ്ഞയും വൈകല്യവുമാണത്. വ്യത്യാസം ഒന്നുമാത്രം:  ഒരു കൂട്ടരുടെ ആജ്ഞ കലയെ അഭിസംബോധന ചെയ്യുന്നു. മറ്റുള്ളവര്‍ ശാസ്ത്രത്തെയും. അതൊരു പക്ഷേ മനസ്സിലാകായ്മയുടെ പ്രശ്‌നമായിരിക്കാം.
പിക്കാസോവിന് സോവിയറ്റ് യൂനിയനില്‍ പോകാം, എന്നാലദ്ദേഹത്തിന്റെ സൃഷ്ടികള്‍ക്കത് അസാധ്യം. അദ്ദേഹത്തിന്റെ രാഷ്ട്രീയ സമീപനത്തെ സോവിയറ്റ് യൂനിയന്‍ അംഗീകരിക്കുന്നു. എന്നാലദ്ദേഹത്തിന്റെ സൃഷ്ടികള്‍ക്കത് അസാധ്യം. അദ്ദേഹത്തിന്റെ രാഷ്ട്രീയ സമീപനത്തെ സോവിയറ്റ് യൂനിയന്‍ അംഗികരിക്കുന്നു. എന്നാലദ്ദേഹത്തിന്റെ കല അസ്വീകാര്യമാണ്.
കലാകാരന്റെ സംബോധാഗ്രഹങ്ങളും അഭിപ്രായങ്ങളും എന്തായിരുന്നാലും കല കല തന്നെയായി നില്‍ക്കുന്നുവെന്നതാണ് കാരണം. കല ഒരു വിശുദ്ധസന്ദേശമാണ്, അത് മനുഷ്യന്റെ പൂര്‍ണതക്കും ആപേക്ഷികതക്കും വിപരീതമായ സാക്ഷ്യപത്രമാണ്. അത് വസ്തുക്കളുടെ വിശ്വക്രമത്തിന്റെ സുവിശേഷമാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ വിശ്വത്തിന്റെ പരിപ്രേക്ഷ്യമാണ്.
(ഇസ്‌ലാം രാജമാര്‍ഗം)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം