Prabodhanm Weekly

Pages

Search

2018 മെയ് 25

3053

1439 റമദാന്‍ 09

ഹവാസിന്‍ ഗോത്രം, ത്വാഇഫ് നഗരം

ഡോ. മുഹമ്മദ് ഹമീദുല്ല

മുഹമ്മദുന്‍ റസൂലുല്ലാഹ്-57

സുലൈം ഗോത്രത്തോടൊപ്പം ഹവാസിന്‍ ഗോത്രവും 'അടുപ്പുകല്ല്' ത്രികോണത്തിലെ ഒരു 'തീപ്പൊരി' വിഭാഗമായിരുന്നു എന്ന് നാം നേരത്തേ സൂചിപ്പിച്ചിട്ടുണ്ട്. പ്രവാചകാഗമനത്തിനു മുമ്പുള്ള അറേബ്യയില്‍ കൂടുതല്‍ അക്രാമക സ്വഭാവമുള്ള ഗോത്രങ്ങളിലൊന്ന്. ഹവാസിന്‍ വലിയ ഗോത്രമായിരുന്നു. കിഴക്ക് നജ്ദിന്റെയും മക്കയുടെയും ഇടയിലുള്ള ഭൂഭാഗത്ത് മാത്രമല്ല, തെക്ക് യമന്‍ വരെയും അവര്‍ വ്യാപിച്ചിരുന്നു. ഹവാസിന്‍ ഗോത്രത്തിലെ സഖീഫ് വിഭാഗം താമസിച്ചിരുന്നത് ത്വാഇഫിലായിരുന്നു. ഹവാസിനിന്റെ മറ്റൊരു ശാഖയായ ബനൂ ആമിറു ബ്‌നു സ്വഅ്‌സ്വഅ് ഏറക്കുറെ നാടോടികളായിരുന്നു. കിന്‍ദ ഭരണകൂടം ഹവാസിന്‍ ഗോത്രത്തെ കീഴ്‌പ്പെടുത്തിയിരുന്നെങ്കിലും, നഫ്‌റാവാത്ത് യുദ്ധത്തിലൂടെ ഹവാസിനുകള്‍ തങ്ങളുടെ സ്വാതന്ത്ര്യം തിരിച്ചുപിടിച്ചു. ഏറെക്കഴിയും മുമ്പ് അവര്‍ക്ക് വടക്കന്‍ അറേബ്യയിലെ ഗോത്രങ്ങളുമായി ഏറ്റുമുട്ടേണ്ടിവന്നു. അതില്‍, അബസ്- ദുബ്‌യാന്‍ സഖ്യശക്തിക്കു മുമ്പില്‍ ഹവാസിന്‍ പരാജയപ്പെടുകയാണ് ചെയ്തത്. മക്കക്ക് സമീപമായിരുന്നു അവരുടെ താമസം. 'ദൈവത്തിന്റെ കരാര്‍' അവര്‍ നാലു തവണ ലംഘിച്ചിട്ടുണ്ട് (മക്കയില്‍ തീര്‍ഥാടന കാലത്താണ് ഇത് പ്രാബല്യത്തില്‍ വരിക. ഇതിന്റെ ലംഘനങ്ങളെയാണ് 'ഫിജാര്‍' അഥവാ ദൈവനിന്ദാ യുദ്ധങ്ങള്‍ എന്നു പറയുന്നത്).

ഒരിക്കല്‍ ഒരു ഹവാസിന്‍ ഗോത്രക്കാരന്‍ ഉക്കാള് ചന്തയില്‍ വെച്ച് ചില ചരക്കുകള്‍ ഒരു കിനാന ഗോത്രക്കാരന് കച്ചവടമാക്കി. ഇടപാട് നടന്നെങ്കിലും പണം കൊടുത്തിരുന്നില്ല. വര്‍ഷങ്ങളായിട്ടും നല്‍കാതെ വന്നപ്പോള്‍ അത് ഇരു ഗോത്രങ്ങള്‍ക്കിടയിലും യുദ്ധത്തിന് വഴിതുറന്നു. പക്ഷേ, യുദ്ധം മൂര്‍ഛിക്കുന്നതിനു മുമ്പ് മറ്റു പരിസര നിവാസികള്‍ ഇടപെട്ട് സമാധാനം പുനഃസ്ഥാപിച്ചു. മറ്റൊരവസരത്തില്‍, ഹീറയിലെ രാജാവ് ഹവാസിന്‍ ഗോത്രക്കാരനായ ഉര്‍വയെ (ഇയാള്‍ റഹ്ഹാല്‍- മഹായാത്രികന്‍- എന്ന പേരിലും അറിയപ്പെടുന്നുണ്ട്), തന്റെ കച്ചവടച്ചരക്കുകള്‍ക്ക് ഹീറ മുതല്‍ ഉക്കാള് വരെ അകമ്പടി പോകാന്‍ ചട്ടംകെട്ടി. ഉക്കാള് ചന്തയില്‍ വില്‍പ്പനക്കുള്ളതായിരുന്നു ചരക്കുകള്‍. വഴിമധ്യേ കിനാനക്കാരനായ അല്‍ബര്‍റാദ് എന്ന കൊള്ളക്കാരന്‍ ഉര്‍വയെ കൊലപ്പെടുത്തി. ഇത് മറ്റൊരു ദൈവനിന്ദാ യുദ്ധത്തിന് കാരണമായി. പ്രവാചകന്‍ യുവാവായിരിക്കെ തന്റെ ഗോത്രത്തോടൊപ്പം പങ്കെടുത്തുവെന്ന് പറയപ്പെടുന്ന 'ഫിജാര്‍' യുദ്ധം ഇതാണ്. കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഒരു യുദ്ധം മതിയാവുമായിരുന്നില്ല. യുദ്ധങ്ങള്‍ പല തവണയായി ആവര്‍ത്തിക്കപ്പെടും. ഓരോ യുദ്ധവും ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കും. മക്കയിലെ ഖുറൈശികള്‍ ഈ യുദ്ധത്തില്‍ എപ്പോഴും ഹവാസിന്‍കാര്‍ക്കെതിരെ കിനാനക്കാരോടൊപ്പമാണ് അണിനിരന്നത്. ഹവാസിന്‍കാരുടെ സഖ്യകക്ഷിയാവട്ടെ സുലൈമുകാരും. 'അടുപ്പുകല്ല് ശക്തികള്‍'ക്ക് ഖുറൈശിയായ പ്രവാചകനോടുണ്ടായിരുന്ന ശത്രുതയുടെ ഒരു കാരണം ഇതില്‍നിന്ന് മനസ്സിലാക്കാം.

ഹവാസിനുകളുടെ യശസ്സിന്റെ അടയാളമായിരുന്നു ത്വാഇഫ്. സമുദ്രനിരപ്പില്‍നിന്ന് ആയിരക്കണക്കിന് മീറ്ററുകള്‍ ഉയരത്തിലുള്ള ഈ നഗരം അറേബ്യന്‍ മരുഭൂമിയുടെയല്ല, സിറിയന്‍ ഫലഭൂയിഷ്ട ഭൂമിയുടെ ഭാഗമായാണ് കണക്കാക്കപ്പെട്ടുവരാറുള്ളത്. കഴുതപ്പുറത്താണെങ്കില്‍ മക്കക്കും ത്വാഇഫിനുമിടയിലുള്ള വഴിദൂരം ഒരു ദിവസവും, ഒട്ടകപ്പുറത്താണെങ്കില്‍ രണ്ട് ദിവസവുമാണ്. മക്കയെയും ത്വാഇഫിനെയും ഇരട്ട നഗരങ്ങള്‍ (ഠംശി ഠീംി)െ എന്ന് വിശേഷിപ്പിക്കാം. തങ്ങളുടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള കമ്പോളമായി ത്വാഇഫുകാര്‍ മക്കയെ കണ്ടു. ത്വാഇഫിലെ വേനല്‍ക്കാലത്തെ സുഖസുന്ദരമായ കാലാവസ്ഥയിലായിരുന്നു മക്കക്കാരുടെ കണ്ണ്. ത്വാഇഫില്‍ നിരവധി മക്കക്കാര്‍ക്ക് ഭൂമി സ്വന്തമായുണ്ടായിരുന്നു. മക്കയില്‍ കച്ചവടാവശ്യങ്ങള്‍ക്കായി കുടിയേറിപ്പാര്‍ത്ത ത്വാഇഫുകാരെയും നമുക്ക് കാണാം. സാംസ്‌കാരികമായും ബൗദ്ധികമായും ഭേദപ്പെട്ട നിലയിലായിരുന്നു ത്വാഇഫ്. ചില ഉദാഹരണങ്ങള്‍ നോക്കാം.

ഇസ്‌ലാമിന്റെ ആഗമനകാലത്ത് അറേബ്യന്‍ ഉപദ്വീപില്‍ പ്രശസ്തനായ ഒരൊറ്റ വൈദ്യനേ ഉണ്ടായിരുന്നുള്ളൂ - അല്‍ഹാരിസു ബ്‌നു കലദഃ. അയാള്‍ ത്വാഇഫുകാരനും ബനൂ അല്ലാജ് ഉപഗോത്രത്തില്‍ പെടുന്നയാളുമായിരുന്നു.1 ഇറാനിലെ ജുന്‍ദൈസാപൂരിലാണ് അയാള്‍ വൈദ്യപഠനം നടത്തിയത്.2 അറേബ്യക്ക് പുറത്തും അയാളുടെ ഖ്യാതി പരന്നിരുന്നു. ഒരിക്കല്‍ പേര്‍ഷ്യന്‍ കുലപതി അശ്ജാന്‍ രോഗശയ്യയിലാവുകയും പേര്‍ഷ്യയിലെ വൈദ്യന്മാരൊക്കെ രോഗം സുഖപ്പെടുത്തുന്നതില്‍ പരാജയപ്പെടുകയും ചെയ്തപ്പോള്‍ അല്‍ഹാരിസിന്റെ ചികിത്സയാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.3

ഒരിക്കല്‍ ഒരു സഖീഫുകാരന് പേര്‍ഷ്യന്‍ രാജാവിനെ നേരില്‍ കാണാന്‍ അവസരമുണ്ടായി. ഈ അറബ് നാടോടിയെ രാജാവിന് വളരെ ഇഷ്ടമായി. തനിക്ക് ഇഷ്ടമുള്ളതൊക്കെ ചോദിച്ചോളൂ എന്നായി രാജാവ്. താന്‍ നല്‍കിയ ഈ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണത്രെ, ത്വാഇഫ് നഗരത്തില്‍ ചുറ്റുമതിലും കോട്ടയും നിര്‍മിക്കാന്‍ അദ്ദേഹം ഒരു പേര്‍ഷ്യന്‍ എഞ്ചിനീയറെ അങ്ങോട്ടേക്കയച്ചത്.4 ('ത്വാഇഫ്' എന്ന പേരുണ്ടായതും അതിനാല്‍ തന്നെ. ആ അറബി വാക്കിന്റെ അര്‍ഥം ചുറ്റുമതില്‍ എന്നാണ്. മുമ്പ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത് വജ്ജ് എന്ന പേരിലാണ്. ത്വാഇഫ് നഗരത്തോടു ചേര്‍ന്നുള്ള താഴ്‌വരക്ക് ഇന്നും വജ്ജ് എന്നാണ് പേര്). ഈ കോട്ടകൊത്തളങ്ങള്‍ എത്രത്തോളം സുശക്തമായിരുന്നു എന്ന് ചോദിച്ചാല്‍, പ്രവാചകന്നും അനുയായികള്‍ക്കും തങ്ങള്‍ പ്രബല ശക്തിയായിത്തീര്‍ന്ന ഹിജ്‌റ എട്ടാം വര്‍ഷം പോലും ഈ നഗരം കീഴടക്കാന്‍ സാധിച്ചിരുന്നില്ല. അതേക്കുറിച്ച് പിന്നീട് വരുന്നുണ്ട്. ഇനി ത്വാഇഫിലെ ബൗദ്ധിക ജീവിതത്തെക്കുറിച്ച്. ഉക്കാളിലെ വാര്‍ഷികച്ചന്തയില്‍ പ്രശ്‌നങ്ങളില്‍ വിധിതീര്‍പ്പ് നടത്തുന്ന ട്രൈബ്യൂണലിന്റെ അധ്യക്ഷന്‍ സഖീഫുകാരനായ ഗൈലാനുബ്‌നു സലമ ആയിരുന്നു. ഉക്കാളില്‍ ഒരു ദിവസം അദ്ദേഹത്തെ കാണുക ന്യായാധിപനായിട്ടാണെങ്കില്‍, രണ്ടാമത്തെ ദിവസം അദ്ദേഹം കവിത ചൊല്ലുകയായിരിക്കും, മൂന്നാം ദിവസം അതിഥികളെ സ്വീകരിക്കുകയും.5 അറേബ്യന്‍ മഹാകവികളിലൊരാളായ അന്നാബിഗ അല്‍ ജഅ്ദി ഈ ഗോത്രക്കാരനാണ്. ഇവരുടെ ഭൂമേഖലയിലാണ് പ്രശസ്തമായ ഉക്കാള് ചന്ത നടക്കാറുണ്ടായിരുന്നത്. ഈ ചന്തയില്‍ കച്ചവടമുണ്ട്, പന്തയമുണ്ട്, 'അന്തര്‍ദേശീയ' പ്രശ്‌നപരിഹാര വേദിയുണ്ട്, സാഹിത്യ പ്രവര്‍ത്തനങ്ങളുണ്ട് (കവിതയും ഗദ്യവും), മത-സാമൂഹിക പരിഷ്‌കരണ ചര്‍ച്ചകളുണ്ട്. ഇതെല്ലാം പൗരാണിക അറേബ്യയിലെ ഈ ചന്തയെ മാതൃകാ യോഗ്യമാക്കിത്തീര്‍ക്കുന്നു.6

വലിയൊരു വിഭാഗം ജൂതന്മാരുമുണ്ടായിരുന്നു ത്വാഇഫില്‍.7 വട്ടിപ്പലിശക്കാര്‍ വളരെ സജീവമായിരുന്നുവെന്ന പരാമര്‍ശം അവരെക്കുറിച്ചാവും. കമ്പോളത്തില്‍ പണമോ ഭക്ഷ്യവസ്തുക്കളോ ഒരു വര്‍ഷത്തേക്ക് കടമായി കിട്ടുമായിരുന്നു. അവയുടെ പലിശ നൂറ് ശതമാനം! വര്‍ഷാവസാനം അധമര്‍ണന് കടം വീട്ടാന്‍ കഴിയാതെ വന്നാല്‍, മുമ്പത്തെ അതേ വ്യവസ്ഥയില്‍ കരാര്‍ പുതുക്കും. അതിനര്‍ഥം, നൂറ് ദിര്‍ഹം കടംവാങ്ങിയിട്ടുണ്ടെങ്കില്‍ ഒരു വര്‍ഷമാവുമ്പോള്‍ ബാധ്യത ഇരുനൂറ് ദിര്‍ഹമും, രണ്ട് വര്‍ഷമാവുമ്പോള്‍ നാനൂറ് ദിര്‍ഹമും ആയിട്ടുണ്ടാകും എന്നാണ്.8 

 

(തുടരും)

 

കുറിപ്പുകള്‍

1. മുഹബ്ബര്‍, പേ: 460

2. ഇബ്‌നു ഖല്ലിഖാന്‍, No. 831

3. യാഖൂത്ത്- ബുല്‍ദാന്‍, ബലാദുരി - അന്‍സാബ് 1, No: 989, ഖല്ലിഖാന്‍ No. 831

4. അഗാനി, XII, 489

5. മുഹബ്ബര്‍, പേ: 135

6. അഹ്മദ് അമീന്‍ - ഫൈദുല്‍ കസീര്‍ (കൈറോ, 1949), IV, 26588

7. ബലാദുരി - ഫുതൂഹ്, പേ: 56

8. മാലിക് - മുവത്വ, 31:83

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (54-56)
എ.വൈ.ആര്‍