Prabodhanm Weekly

Pages

Search

2018 മെയ് 25

3053

1439 റമദാന്‍ 09

തെരഞ്ഞെടുപ്പ് ലബനാനിലും തുനീഷ്യയിലും

അബൂസ്വാലിഹ

2009 മുതല്‍ ലബനാനില്‍ രണ്ടു തവണ ഗവണ്‍മെന്റുകള്‍ നിലംപതിച്ചിട്ടുണ്ട്; പ്രസിഡന്റിന്റെ കസേര 29 മാസം ഒഴിഞ്ഞു കിടന്നിട്ടുണ്ട്. അപ്പോഴൊന്നും ഒരു തെരഞ്ഞെടുപ്പ് നടത്താനുള്ള രാഷ്ട്രീയ സ്ഥിരതയുണ്ടായിരുന്നില്ല, പലതരം വിദേശശക്തികളുടെ കളിസ്ഥലമായി മാറിക്കഴിഞ്ഞ ഈ രാഷ്ട്രത്തിന്. അതിനാല്‍ ഒമ്പതു വര്‍ഷത്തിനു ശേഷം കഴിഞ്ഞ മെയ് 2-ന് ഏറക്കുറെ സമാധാനപരമായി നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഒരു നേട്ടം തന്നെയാണ്. 'ശീഈ ദ്വയം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹിസ്ബുല്ല-അമല്‍ സഖ്യത്തിനാണ് കൂടുതല്‍ സീറ്റ് ലഭിച്ചിരിക്കുന്നത്. 128 അംഗ പാര്‍ലമെന്റില്‍ 29 സീറ്റ്. അവരുടെ സഖ്യ കക്ഷികള്‍ പതിനൊന്ന് സീറ്റുകള്‍ നേടിയിട്ടുണ്ട്. ഹിസ്ബുല്ലക്ക് നേരത്തേ ചങ്ങാത്തമുള്ള ഇപ്പോഴത്തെ പ്രസിഡന്റ് മൈക്കല്‍ ഔന്റെ പാര്‍ട്ടിയായ ഫ്രീ പാട്രിയോട്ടിക് മൂവ്‌മെന്റിന്റെ പിന്തുണ (അവര്‍ക്ക് 17 സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്) കൂടി ലഭിച്ചാല്‍ ഭരണത്തിന്റെ പൂര്‍ണ നിയന്ത്രണം ഹിസ്ബുല്ലക്കായിരിക്കും.

സുന്നി വിഭാഗത്തെ പ്രതിനിധീകരിക്കുന്ന പ്രധാനമന്ത്രി സഅ്ദ് ഹരീരിയുടെ പാര്‍ട്ടി ഫ്യൂച്ചര്‍ മൂവ്‌മെന്റിനാണ് ഏറ്റവും വലിയ തിരിച്ചടിയേറ്റിരിക്കുന്നത്. 21 സീറ്റുകള്‍ മാത്രം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 34 സീറ്റുകളുണ്ടായിരുന്നു. ബൈറൂത്ത്, സഅ്ദ, ട്രിപ്പോളി പോലുള്ള നഗരങ്ങളിലെ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങള്‍ പോലും ഹിസ്ബുല്ല-അമല്‍ മുന്നണിക്ക് അടിയറവെക്കേണ്ടിവന്നു. അറബ് രാജ്യങ്ങള്‍ പൊതുവെ പിന്തുണക്കുന്നത് സഅ്ദ് ഹരീരിയുടെ മുന്നണിയെയാണെങ്കിലും, അവര്‍ ഇത്തവണ പുതിയ ചില പാര്‍ട്ടികളെയും ഗോദയിലിറക്കിയിരുന്നു. സഅ്ദ് ഹരീരി ഇപ്പോള്‍ അവര്‍ക്ക് അത്ര സ്വീകാര്യനല്ല എന്നതാണ് കാരണം. ഇങ്ങനെ സുന്നി വോട്ടുകള്‍ ശിഥിലമായതാണ് ഹിസ്ബുല്ലക്ക് അനുഗ്രഹമായത്. പക്ഷേ, പ്രധാനമന്ത്രിയായി ഒരു സുന്നിയെ തന്നെ നിശ്ചയിക്കേണ്ടിവരും. കാരണം ലബനാന്‍ ഭരണഘടന പ്രകാരം, ലബനാന്‍ പ്രസിഡന്റ് മറോനൈറ്റ് ക്രിസ്ത്യനും പ്രധാനമന്ത്രി സുന്നി മുസ്‌ലിമും പാര്‍ലമെന്റ് സ്പീക്കര്‍ ശീഈ വിഭാഗക്കാരനുമായിരിക്കണം. മജ്ദ് പാര്‍ട്ടിയുടെ നജീബ് മീഖാത്തി, അറബ് ലിബറേഷന്‍ പാര്‍ട്ടിയുടെ ഫൈസല്‍ കറാമി എന്നിവരിലൊരാള്‍ അടുത്ത പ്രധാനമന്ത്രിയായേക്കും.

തുനീഷ്യയിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് മെയ് ആറിനായിരുന്നു. മറ്റു ദേശക്കാര്‍ക്ക് അതൊരു വാര്‍ത്തയേ ആവേണ്ടതല്ല. ജനാധിപത്യ ഭരണ സംവിധാനം കടുത്ത വെല്ലുവിളി നേരിടുന്ന തുനീഷ്യയില്‍ ഈ തെരഞ്ഞെടുപ്പുഫലം ഒട്ടേറെ ശുഭസൂചനകള്‍ നല്‍കുന്നുണ്ട്. ഭരണകക്ഷിയായ നിദാഅ് തുനീസിനെയും, മുഖ്യ പ്രതിപക്ഷവും ഭരണത്തില്‍ പങ്കാളിയുമായ അന്നഹ്ദയെയും പിന്തള്ളി സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ കരുത്തു തെളിയിച്ചു എന്നതാണ് അതിലൊന്ന്. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ 32.9 ശതമാനം വോട്ടുകള്‍ നേടി. അന്നഹ്ദക്ക് 28.6 ശതമാനവും നിദാഇന് 22.17 ശതമാനവും. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ഒരൊറ്റ ബ്ലോക്കായി നില്‍ക്കാത്തതുകൊണ്ട് മുഖ്യ കക്ഷികള്‍ക്ക് ആശ്വാസം. പക്ഷേ, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇവര്‍ ഒരു പൊതുവേദിക്കു കീഴില്‍ അണിനിരന്നാല്‍ മുഖ്യ പാര്‍ട്ടികള്‍ നന്നായി വിയര്‍ക്കേണ്ടിവരും.

35.5 ശതമാനം പേരേ വോട്ട് ചെയ്തുള്ളൂ എന്നതില്‍നിന്ന് ഭരണ-പ്രതിപക്ഷ കക്ഷികളിലുള്ള ജനങ്ങളുടെ അവിശ്വാസം പ്രകടമാണ്. ബഹിഷ്‌കരിച്ചവരില്‍ ബഹുഭൂരിഭാഗവും യുവാക്കള്‍. വിലക്കയറ്റവും തൊഴിലില്ലായ്മയും പിടിച്ചുനിര്‍ത്തുന്നതില്‍ അറബ് വസന്താനന്തരമുള്ള എല്ലാ ഭരണകൂടങ്ങളും പരാജയമായിരുന്നു. തൂനിസ്, ഖൈറവാന്‍, ഗഫ്‌സ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം അന്നഹ്ദ ഒന്നാം സ്ഥാനത്തെത്തിയെങ്കിലും പാര്‍ട്ടിയുടെ വോട്ട് കുറഞ്ഞിട്ടുണ്ട്.

ഈ തെരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത, മത്സരിച്ചവരില്‍ പകുതിയും യുവാക്കളും സ്ത്രീകളുമായിരുന്നു എന്നതാണ്. 47 ശതമാനം കൗണ്‍സിലര്‍മാരും 35 വയസ്സിന് താഴെയുള്ളവരാണ്. മുനിസിപ്പല്‍ മേയറോ ഡെപ്യൂട്ടി മേയറോ സ്ത്രീ ആയിരിക്കണമെന്ന നിബന്ധനയുണ്ട്. മേയറോ ഡെപ്യൂട്ടി മേയറോ 35 വയസ്സില്‍ താഴെയായിരിക്കണമെന്നതാണ് മറ്റൊരു നിബന്ധന. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ഭരണത്തിന്റെ കടിഞ്ഞാണ്‍ ഏല്‍പിച്ചുകൊടുക്കുന്നു എന്ന നിലയിലും ഈ തെരഞ്ഞെടുപ്പ് ശ്രദ്ധയാകര്‍ഷിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (54-56)
എ.വൈ.ആര്‍