ഭൂമിയിലാണ് ജീവിതം; ആകാശത്തുനിന്നാണ് വെളിച്ചം
'വേദഗ്രന്ഥം ഞാനെങ്ങനെ വായിക്കണം ഗുരോ?' 'ഒന്നാം ക്ലാസ്സിലെ കുഞ്ഞ് പാഠപുസ്തകം വായിക്കുന്ന പോലെ വായിക്കൂ'. അതേ, അത്രയും ആനന്ദത്തോടെ. അത്രയും പുതുമയോടെ. അത്രയും കൗതുകക്കണ്ണുകളോടെ. അപ്പോളറിയാം, വായിക്കാനുള്ള വരികളല്ല, വളരാനുള്ള വിത്തുകളാണ് വേദമെന്ന്.
ഭൂമിയിലാണ് മനുഷ്യന്റെ ജീവിതം. ആകാശത്തുനിന്നാണ് ജീവിതാവിഭവങ്ങളേറെയും. മഴയും സൂര്യനും ആകാശത്തുനിന്നാണ് ഭൂമിയെ ചുംബിക്കുന്നത്. വെള്ളവും വെയിലുമാണ് ജൈവികാവശ്യങ്ങളില്‍ പ്രധാനം. അതില്ലെങ്കില്‍ ജീവിതമില്ല. ഭൗതികജീവിതത്തിന്റെ ഭൗതികാവശ്യങ്ങള്‍ ആകാശത്തുനിന്ന് മനുഷ്യന്‍ സവിനയം സ്വീകരിക്കുന്നു. എങ്കില്‍, ഭൗതികജീവിതത്തിന്റെ ആത്മീയാവശ്യങ്ങളുടെയെല്ലാം ഉത്തരവും അതേ ആകാശത്തുനിന്നാണ് പെയ്തിറങ്ങിയത്; അതാണ് വേദഗ്രന്ഥം. ഭൗമികജീവിതത്തിന് ആകാശത്തുനിന്നുള്ള വഴിത്തെളിച്ചം.
സ്രഷ്ടാവിലേക്ക് സഞ്ചരിക്കാനുള്ള രാജപാതയാണ് ഖുര്‍ആന്‍. ഉന്നതനായ ആ കാരുണ്യവാനെ അറിയാനും അവനോട് അടുക്കാനുമുള്ള ഏകവഴിയാണ് ഖുര്‍ആന്‍.
അസത്യങ്ങളില്‍ കലരാതെ സത്യത്തെ തിരിച്ചറിയുന്ന അനിതരമായ സൂക്തങ്ങളാണ് ഖുര്‍ആന്‍. കാലം കണ്ട അനവദ്യസുന്ദരമായ ജീവിതാദര്‍ശത്തിലേക്ക് കൈ പിടിക്കുന്ന ആയത്തുകള്‍. കഥ പറഞ്ഞും ഉപമകള്‍ കാണിച്ചും ഉദാഹരണങ്ങള്‍ വിസ്തരിച്ചും സംഭവങ്ങള്‍ നിരത്തിയും ചരിത്രവും ശാസ്ത്രവും നിയമങ്ങളും നിര്‍ദേശങ്ങളുമാണ് ഈ മഹാഗ്രന്ഥം. യുക്തിയും സത്യവും മുക്തിയും കൊണ്ട് അലങ്കരിക്കപ്പെട്ട അപൂര്‍വ ശേഖരമാണിത്. എന്താണീ ഖുര്‍ആന്‍? പൂര്‍വ സമുദായങ്ങളുടെ ചരിത്രമുണ്ടതില്‍; പക്ഷേ, അതൊരു ചരിത്രപുസ്തകമല്ല. വിജ്ഞാനവും ശാസ്ത്രവുമുണ്ടതില്‍; അതൊരു ശാസ്ത്രഗ്രന്ഥമല്ല. ചിത്രീകരണങ്ങളുണ്ടതില്‍; നോവലോ കവിതയോ അല്ല. പ്രാര്‍ഥനാ കീര്‍ത്തനങ്ങളുണ്ട്; പ്രാര്‍ഥനാഗ്രന്ഥമല്ല. സിവില്‍-ക്രിമിനല്‍ നിയമങ്ങള്‍ ധാരാളമുണ്ടതില്‍; നിയമഗ്രന്ഥവുമല്ല. മനുഷ്യനാണ് ഖുര്‍ആനിന്റെ കേന്ദ്രവിഷയം. ആ മനുഷ്യന്റെ മോചനമാണ് പ്രതിപാദനം.
ഖുര്‍ആന്‍ മാനുഷികമല്ല എന്നതിന് ഖുര്‍ആന്‍ തന്നെയാണ് തെളിവ്.
* നിരക്ഷരനെന്ന് ഇസ്ലാമിന്റെ വിമര്‍ശകര്‍ പോലും സമ്മതിക്കുന്ന മുഹമ്മദ് നബി ഒരു ഗ്രന്ഥം രചിക്കാന്‍ സാധ്യതയേയില്ല. ''ഈ ഖുര്‍ആനു മുമ്പ് നീ ഏതെങ്കിലും ഗ്രന്ഥം വായിക്കുകയോ വലംകൈ കൊണ്ട് എഴുതുകയോ ചെയ്തിരുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ അസത്യവാദികള്‍ക്ക് സംശയത്തിന് സാധ്യതയുണ്ടായിരുന്നു'' (വിശുദ്ധ ഖുര്‍ആന്‍ 29:48).
* ഒറ്റ ഗ്രന്ഥത്തിലായല്ല ഖുര്‍ആന്റെ അവതരണം; അങ്ങനെ കൊണ്ടുവരാന്‍ ശത്രുക്കള്‍ വെല്ലുവിളി ഉയര്‍ത്തിയിട്ടും. പകരം 23 വര്‍ഷത്തെ വിഭിന്ന സന്ദര്‍ഭങ്ങളിലൂടെയാണ് അവതരണമുണ്ടായത്. മനുഷ്യസൃഷ്ടിയായിരുന്നെങ്കില്‍ വൈരുധ്യങ്ങള്‍ ഉണ്ടാകാന്‍ ഇതു തന്നെ മതിയായിരുന്നു. ''ഈ ഗ്രന്ഥം അല്ലാഹുവില്‍നിന്നുള്ളതല്ലായിരുന്നെങ്കില്‍ അവരിതില്‍ ധാരാളം വൈരുധ്യങ്ങള്‍ കാണുമായിരുന്നു'' (4:82).
* ഭാഷയിലും ഭാവനയിലും ശൈലിയിലും സാഹിത്യത്തിലും ഇതുപോലൊന്നില്ല. ഉണ്ടാക്കാന്‍ ഖുര്‍ആന്‍ വെല്ലുവിളിച്ചിട്ടും സാധ്യമായില്ല. മുഹമ്മദ് നബിയേക്കാള്‍ ഭാഷയും സാഹിത്യവുമറിയുന്ന ഏറെപ്പേര്‍ അക്കാലത്തുതന്നെയുണ്ടായിരുന്നു; എന്നിട്ടും! ''നാം നമ്മുടെ അടിമക്ക് അവതരിപ്പിച്ചതില്‍ നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ അതിനു തുല്യമായ ഒരധ്യായമെങ്കിലും നിങ്ങള്‍ ഹാജറാക്കുക. അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ക്കുള്ള സാക്ഷികളെയും വിളിച്ചോളൂ. നിങ്ങള്‍ സത്യസന്ധരാണെങ്കില്‍!'' (2:23).
* മുഹമ്മദ് നബിയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഖുര്‍ആനിലുണ്ട്. അന്ധനായ അനുചരനെ അവഗണിച്ചപ്പോള്‍ (80:110), യുദ്ധത്തടവുകാരുടെ കാര്യത്തില്‍ തീരുമാനമെടുത്തപ്പോള്‍ (8:67), സൈനബിന്റെ വിവാഹക്കാര്യത്തില്‍ ആശങ്കയുണ്ടായപ്പോള്‍, മുസ്ലിം സൈന്യം യുദ്ധത്തിന് പുറപ്പെട്ടപ്പോള്‍, വ്യാജകാരണങ്ങള്‍ പറഞ്ഞ് പിന്മാറിയ കപടവിശ്വാസികള്‍ക്ക് അനുമതി നല്‍കിയപ്പോള്‍ (9:43). ഖുര്‍ആന്‍ രചിച്ചത് മുഹമ്മദ് നബിയായിരുന്നെങ്കില്‍ സ്വയം വിമര്‍ശനങ്ങള്‍ വരാതിരിക്കാനല്ലേ ശ്രദ്ധിക്കുക?
* പ്രവാചകജീവിതത്തിലെ ഒട്ടുമിക്ക ചലനങ്ങളും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. നിര്‍ദേശങ്ങളും ഉപദേശങ്ങളും അടങ്ങിയ ഹദീസുകള്‍ ആണിത്. ഭാഷയിലും ശൈലിയിലുമെല്ലാം ഖുര്‍ആനില്‍നിന്ന് വ്യത്യസ്തമാണ് ഹദീസുകള്‍. കാരണം ഹദീസുകള്‍ നബിവചനങ്ങളാണ്; ഖുര്‍ആന്‍ ദൈവവചനങ്ങളും!
* ഖുര്‍ആന്‍ അറേബ്യയില്‍ മാത്രം വിപ്ലവമുണ്ടാക്കിയ ഗ്രന്ഥമല്ല. സര്‍വതലങ്ങളിലും സര്‍വ രാജ്യങ്ങളിലും വിപ്ലവത്തിന്റെ വിത്തുപാകിയ വീരേതിഹാസമാണ് വിശുദ്ധ ഖുര്‍ആന്‍. അനറബികളിലും അതു പടര്‍ന്നു. അക്ഷരജ്ഞാനമില്ലാത്ത മുഹമ്മദ് നബിയുടെ സൃഷ്ടിയുടെ വിജയമാണിതെന്ന് ആരെങ്കിലും പറയുമോ?
* ഖുര്‍ആന്‍ നബിയുടെ വാക്കുകളാണെന്ന് വാദിക്കാന്‍ വിമര്‍ശകര്‍ ഉദ്ധരിക്കുന്ന ആയത്തുകള്‍ സംശയാസ്പദമാണെങ്കില്‍ നബിക്ക് അവ എടുത്തുമാറ്റാമായിരുന്നു. അതല്ലെങ്കില്‍ ആദ്യമേ അത്തരം ആയത്തുകള്‍ ഖുര്‍ആനില്‍ വരില്ലായിരുന്നു. അമൂല്യ നിധികളുടെ സമാഹാരമാണ് ഖുര്‍ആന്‍. അക്ഷരങ്ങളുടെ പിറകിലൊളിപ്പിച്ച ആശയക്കടലാണ് ഖുര്‍ആന്‍. പാരായണത്തിന്റെ പുറംവാതിലിലൂടെ കടന്നുപോകുന്നവര്‍ക്ക് ആ നിധികള്‍ ശേഖരിക്കാനാവില്ല. അതിതീവ്രമായ ആര്‍ത്തിയോടെ അന്വേഷിച്ചെത്തുന്നവര്‍ക്ക് ഖുര്‍ആന്‍ വാതിലുകള്‍ തുറന്നിടും. വായിക്കുകയും പിന്നെയും വായിക്കുകയും പേജുകളില്‍നിന്ന് പേജുകളിലേക്ക് കുതിക്കുകയും ചെയ്യുമ്പോഴും ഈ നിധികളിലേക്ക് പലര്‍ക്കും പടരാന്‍ കഴിയുന്നില്ല.
''.....ഖുര്‍ആന്‍ എത്ര അരികിലായിരുന്നാലും പലരും അതിലേക്ക് ശ്രദ്ധിക്കാറില്ല. പലരും അതിന്റെ കവാടങ്ങളില്‍നിന്ന് പിന്തിരിയും. ചിലര്‍ നിത്യവും അത് ഓതുന്നവരായിരിക്കും. പക്ഷേ, ഒഴിഞ്ഞ കൈയോടെ മടങ്ങിപ്പോരും. എന്നാല്‍ മുമ്പൊന്നും അത് പാരായണം ചെയ്തിട്ടില്ലാത്തവര്‍ സത്യത്തില്‍ ഈ ലോകത്തേക്ക് കടക്കും. ചിലര്‍ കണ്ടെത്തില്ല. ചിലര്‍ നഷ്ടത്തിലാകും. അല്ലാഹുവിന്റെ വചനങ്ങളില്‍നിന്ന് അല്ലാഹുവിനെ കണ്ടെത്തുന്നതില്‍ അവര്‍ പരാജയപ്പെടും. പകരം, സ്വന്തം ശബ്ദങ്ങളും അല്ലാഹുവിന്റേതല്ലാത്ത മറ്റുള്ളവരുടെ ശബ്ദങ്ങളുമാണവര്‍ കേള്‍ക്കുക. നിങ്ങള്‍ ഖുര്‍ആനിലേക്ക് പ്രവേശിച്ചശേഷം-ആത്മാവ് സ്പര്‍ശിക്കപ്പെടാതെ, ഹൃദയം ചലിക്കപ്പെടാതെ, മാറ്റമില്ലാത്ത ജീവിതവുമായി മടങ്ങിയാല്‍ അത് അത്യന്തം ദുഃഖകരവും നിര്‍ഭാഗ്യകരവുമാണ്...'' (Way to Quran, ഖുര്‍റം ജാ. മുറാദ്, പേജ് 31).
ഖുര്‍ആന്‍ പാരായണത്തെ കുറിക്കാന്‍ ഖുര്‍ആന്‍ തന്നെ ഉപയോഗിച്ച പദം തിലാവഃ എന്നാണ്. 'അനുധാവനം ചെയ്യുക' എന്നാണ് ഇതിന്റെ സാക്ഷാല്‍ അര്‍ഥം. 'വായിക്കുക' എന്ന ആശയം രണ്ടാമതാണ്. 'ചന്ദ്രന്‍ സൂര്യനെ പിന്തുടരുമ്പോള്‍' (93:2) എന്ന വചനത്തില്‍ 'പിന്തുടരല്‍' എന്നതിന് തലാ എന്നാണല്ലോ പ്രയോഗിച്ചത്. തിലാവത് ആണത്. ഒരു വാക്കിനെ മറ്റൊരു വാക്ക് പിന്തുടരുകയാണല്ലോ വായനയില്‍ സംഭവിക്കുന്നത്. ആ വാക്കുകളിലൂടെ പകര്‍ന്നുകിട്ടുന്ന ആശയങ്ങളെ പിന്തുടരാനാണ് നാം ഖുര്‍ആനിനെ തിലാവത് ചെയ്യേണ്ടത്. അത്യഗാധമായി സ്വാധീനിക്കുന്ന സൗന്ദര്യമാണ് ഖുര്‍ആനിന്റേത്. അക്ഷരങ്ങളിലൂടെ കയറിച്ചെന്ന് ഖുര്‍ആനിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോള്‍ മാറ്റത്തിന്റെ മഹാവിസ്മയങ്ങളിലേക്കായിരിക്കും ആ പ്രവേശനം. മധുരംകൊണ്ട് ദൈവരൂപങ്ങളുണ്ടാക്കുകയും അവയെ ആരാധിക്കുകയും വിശക്കുമ്പോള്‍ അവയെത്തന്നെ ഭക്ഷിക്കുകയും ചെയ്തിരുന്ന ഉമറുബ്നുല്‍ ഖത്ത്വാബ് ഖുര്‍ആനിലേക്ക് പ്രവേശിച്ചപ്പോള്‍ സംഭവിച്ചത് അതായിരുന്നില്ലേ? തിരുനബി (സ) അറിയിക്കുന്നു: ''ഖുര്‍ആനിന്റെ സഹചാരിയോട് ഇങ്ങനെ പറയും: നീ പാരായണം ചെയ്യുക, കയറിപ്പോവുക. പ്രയാസങ്ങളില്ലാതെ ഖുര്‍ആന്‍ പാരായണം ചെയ്തതുപോലെ, പ്രയാസങ്ങളില്ലാതെ കയറിപ്പോവുക. നീ പാരായണം ചെയ്യുന്ന അവസാന സൂക്തത്തോടൊപ്പം നീ എത്തുന്നതെവിടെയോ, അവിടമാണ് നിന്റെ അന്തിമ വാസസ്ഥലം'' (തിര്‍മിദി).
ഓരോ അക്ഷരത്തിലും അനിതരമാണ് ഖുര്‍ആന്‍. സാമ്യത കല്‍പിക്കാന്‍ പോലും മറ്റൊന്നില്ല. അതിസൂക്ഷ്മമായ ഘടനാവൈഭവവും ആശയവൈപുല്യവും ഓരോ ആയത്തിലും ആഴത്തില്‍ അളന്നുവെച്ചിട്ടുണ്ട്. ഉപരിലോകത്തുനിന്ന് ആദ്യമായി ഇറങ്ങിയ ഇഖ്റഅ് എന്ന ഒറ്റപ്പദം പോലും ഇന്നും ചര്‍ച്ചതീരാതെ ബാക്കിയാണ്. ഓരോ അണുവിലും അര്‍ഥങ്ങളുടെ അലയൊലിയുണ്ട്. ഓരോ സൂക്തത്തിലും സാരങ്ങളുടെ സാഗരമുണ്ട്. ഓരോ മൗനത്തിനും മഴവില്ലിന്റെ വര്‍ണങ്ങളുണ്ട്. ഖുര്‍ആന്‍ ഒന്നു മിണ്ടാതിരിക്കുമ്പോള്‍ പോലും അതിലൊരു മുഴക്കമുണ്ട്.
ശീര്‍ഷകങ്ങളില്‍ പോലുമുണ്ട് ഈ അതിശയം. സൂക്തങ്ങളുടെ വലുപ്പത്തിലും എണ്ണത്തിലും ശൈലിയിലും അവതരണ പശ്ചാത്തലത്തിലും അകക്കാമ്പിലുമെല്ലാം ഓരോ അധ്യായവും വ്യത്യസ്തമാണ്. വ്യക്തിയോ ജീവിയോ വസ്തുവോ വര്‍ഗമോ സംഭവമോ ഒക്കെ ഖുര്‍ആനിലെ അധ്യായങ്ങളുടെ പേരുകളാണ്. ആന, പശു, കാലികള്‍, ഉറുമ്പ്, തേനീച്ച, എട്ടുകാലി, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രം, ഇരുമ്പ്, ഇടി, ഗുഹ, പ്രഭാതം, ഉഷസ്സ്, രാത്രി, പകല്‍, കാലം, പേന, നൂഹ്, ഇബ്റാഹീം, ഹൂദ്, യൂസുഫ്, മുഹമ്മദ്, പ്രവാചകന്മാര്‍.... ഇവയൊക്കെ അധ്യായ ശീര്‍ഷകങ്ങളാണ്.
'വായന'യെ പ്രപഞ്ചത്തോളം വികസിപ്പിച്ച ഗ്രന്ഥമാണ് ഖുര്‍ആന്‍. 'ഖുര്‍ആന്‍' എന്ന പദത്തിന്റെ അര്‍ഥം 'വായിക്കപ്പെടേണ്ടത്' എന്നു ചുരുക്കുന്നതില്‍ അസാംഗത്യമുണ്ട്. കാരണം എല്ലാ ഗ്രന്ഥങ്ങളും വായിക്കപ്പെടാനുള്ളതാണ്. കൂടുതല്‍ വായിക്കപ്പെടുന്നത്, എപ്പോഴും വായിക്കപ്പെടുന്നത് എന്നൊക്കെയുള്ള വിശദീകരണങ്ങളും പൂര്‍ണമല്ല; അതൊക്കെ മറ്റു ഗന്ഥങ്ങള്‍ക്കും ആകാം. പിന്നെയെന്താണ് ഖുര്‍ആന്‍? ഇബ്നുഅബ്ബാസ് (റ) പറഞ്ഞതുപോലെ, ഖുര്‍ആനിന്റെ ഏറ്റവും നല്ല വ്യാഖ്യാനം കാലമാണ്! കേവലമായ പാരായണമല്ല ഖുര്‍ആനിന്റെ ലക്ഷ്യം. നമസ്‌കരിക്കാന്‍ ആജ്ഞാപിച്ചപ്പോള്‍ നബി (സ) നമസ്‌കരിച്ചിട്ടുണ്ട്. നോമ്പ് നിര്‍ദേശിച്ചപ്പോള്‍ നോമ്പ് അനുഷ്ഠിച്ചിട്ടുണ്ട്. 'വായിക്കുക' എന്ന് കല്‍പിച്ചപ്പോള്‍ വായിക്കാന്‍ പഠിച്ചില്ല! മലര്‍ന്നുകിടക്കുന്ന അക്ഷരങ്ങളെയല്ല, മറഞ്ഞുകിടക്കുന്ന ആശയങ്ങളെയാണ് വായിക്കാന്‍ പറഞ്ഞത്. കണ്ണുകൊണ്ട് എന്നതിലുപരി, ഹൃദയംകൊണ്ടാണ് ആ വായന. ''സമുത്കൃഷ്ട വചനങ്ങളത്രെ അല്ലാഹു അവതരിപ്പിച്ചിട്ടുള്ളത്. ഘടകങ്ങളൊക്കെ പരസ്പരം ചേര്‍ന്നതും വിഷയങ്ങള്‍ ആവര്‍ത്തിച്ചുറപ്പിക്കപ്പെട്ടതുമായ വേദം. അത് കേള്‍ക്കുമ്പോള്‍ റബ്ബിനെ ഭയപ്പെടുന്നവര്‍ക്ക് രോമാഞ്ചമുണ്ടാകുന്നു. അനന്തരം അവരുടെ ശരീരങ്ങളും മനസ്സുകളും തരളിതമായി ദൈവസ്മരണയിലേക്ക് ഉന്മുഖമാകുന്നു'' (അസ്സുമര്‍ 23).
''ഇത് കേള്‍പ്പിക്കപ്പെടുന്നതായാല്‍ അവര്‍ മുഖംകുത്തി സാഷ്ടാംഗ പ്രണാമത്തില്‍ വീണുപോകും. അവര്‍ പ്രാര്‍ഥിക്കുകയും ചെയ്യും; പരിശുദ്ധനത്രെ ഞങ്ങളുടെ നാഥന്‍! അവന്റെ വാഗ്ദാനം സാക്ഷാത്കരിക്കപ്പെടുന്നതു തന്നെ. അവര്‍ കരഞ്ഞുകൊണ്ട് മുഖംകുത്തി വീഴുന്നു. അതുകേട്ട് അവരുടെ ഭക്തി വര്‍ധിക്കുകയും ചെയ്യും'' (അല്‍ഇസ്രാഅ് 107-109).
''കരുണാവാരിധിയായ അല്ലാഹുവിന്റെ സൂക്തങ്ങള്‍ കേള്‍പ്പിക്കപ്പെടുമ്പോള്‍ കരഞ്ഞുകൊണ്ട് സാഷ്ടാംഗം വീഴും എന്നതായിരുന്നു ഇവരുടെ അവസ്ഥ'' (മര്‍യം 58). ''ദൈവദൂതന് അവതീര്‍ണമായ വചനങ്ങള്‍ കേള്‍ക്കുമ്പോള്‍, സത്യബോധത്തിന്റെ ഫലമായി അവരുടെ കണ്ണിണകളില്‍നിന്ന് കണ്ണീരു കവിഞ്ഞൊഴുകുന്നത് താങ്കള്‍ക്ക് കാണാം. അവര്‍ പറയുന്നു: നാഥാ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ നാമം നീ സാക്ഷികളുടെ കൂട്ടത്തില്‍ രേഖപ്പെടുത്തേണമേ...'' (അല്‍മാഇദ 83).
ഖുര്‍ആനില്‍നിന്ന് വായിച്ചെടുക്കുന്നതെന്തും ഹൃദയത്തില്‍ പതിയുകയും ജീവിതമേഖലകളിലേക്കെല്ലാം പുതുവഴിയായിത്തീരുകയും വേണം. ആരാധനാഭാവം, പുകഴ്ത്തല്‍, ആദരം, കൃതജ്ഞത, അന്ധാളിപ്പ്, സ്നേഹം, അഭിലാഷം, വിശ്വാസം, സഹനം, പ്രതീക്ഷ, ഭീതി, സന്തോഷം, സന്താപം, ചിന്ത, ഓര്‍മ, വിധേയത്വം, കീഴടങ്ങല്‍.... ഇതെല്ലാം ഖുര്‍ആന്‍ വായനയിലെ അവസ്ഥകളാണ്. ഇവയിലൂടെയെല്ലാം ഹൃദയം കടന്നുപോകണം. അതല്ലെങ്കില്‍ ചുണ്ടും നാവും കണ്ണും മാത്രം പങ്കെടുക്കുന്ന പ്രവര്‍ത്തനമായി അതുതീരും. ഖുര്‍ആന് നമ്മോടെന്തോ പറയാനുണ്ട്. അത് കേള്‍ക്കാന്‍ കഴിയുന്നതായിരിക്കണം വായന.
മുഹമ്മദ് നബി(സ)ക്ക് നാല്‍പതാമത്തെ വയസ്സില്‍, ഹിറാഗുഹയില്‍ വെച്ച് ജിബ്രീല്‍ ആദ്യമായി ഖുര്‍ആന്‍ വചനങ്ങള്‍ കേള്‍പ്പിച്ചു. അറുപത്തി മൂന്നാമത്തെ വയസ്സില്‍ നബിയുടെ വിയോഗത്തിനു ഒമ്പതു ദിവസം മുമ്പ് അവസാനത്തെ സൂക്തവും അവതരിച്ചു. ഏകദേശം 23 വര്‍ഷത്തിനിടയില്‍ വിവിധ സന്ദര്‍ഭങ്ങളിലും പശ്ചാത്തലങ്ങളിലുമായി അല്ലാഹുവില്‍ നിന്ന് അവതരിച്ച സൂക്തങ്ങളുടെ സമാഹാരമാണ് വിശുദ്ധ ഖുര്‍ആന്‍. 114 അധ്യായങ്ങളും ആറായിരത്തിലേറെ വചനങ്ങളും എഴുപത്തി ഏഴായിരത്തിലധികം പദങ്ങളും മൂന്നു ലക്ഷത്തി ഇരുപതിനായിരത്തിലേറെ അക്ഷരങ്ങളും കൊണ്ട് ഖുര്‍ആന്‍ വിപ്ലവം നയിച്ചു. കാലം കണ്ടതില്‍ വെച്ചേറ്റവും വലിയ വിപ്ലവം. വ്യക്തിയുടെ ഉള്ളിലും പുറത്തും അസാമാന്യമായ ജാഗരണമാണ് ഖുര്‍ആന്‍ വരുത്തിയത്.
അന്നോളമുള്ള സര്‍വ സമവാക്യങ്ങളെയും ഖുര്‍ആന്‍, കൂടുതല്‍ മികവുറ്റ മറ്റൊന്നിലേക്ക് പരിവര്‍ത്തിപ്പിച്ചു. നീതിയും നിയമവുമില്ലാതിരുന്ന കാട്ടറബിയെ നിയമം പാലിക്കുന്ന ഖലീഫയാക്കി മാറ്റി. ആശകളുടെ അഴുക്കിലൂടെ ജീവിച്ചവരെ ആദര്‍ശത്തിന്റെ അച്ചുതണ്ടില്‍ സംയോജിപ്പിച്ചു. പത്തു നേരം മദ്യപിച്ചിരുന്നവരെ അഞ്ചു നേരം നമസ്‌കരിക്കുന്നവരാക്കി മാറ്റി. വിഷവും വൈരവും നിറഞ്ഞ മനസ്സുകളില്‍ അലിവും കനിവും നട്ടുവളര്‍ത്തി. ഖുര്‍ആനിനു മുമ്പും ഖുര്‍ആനിനു ശേഷവും എന്ന് ലോകം രണ്ടായി മാറി.
അര്‍ഹരായ ആരെയും ഖുര്‍ആന്‍ ശ്രദ്ധിക്കാതെ പോയില്ല. അടിച്ചമര്‍ത്തപ്പെട്ടവരും ആട്ടിയകറ്റപ്പെട്ടവരും ഖുര്‍ആനിന്റെ തണലില്‍ തലചായ്ച്ചു. അഗതിയും അനാഥയും അടിമയും അശരണനും അവശനും ഖുര്‍ആനിന്റെ വിഷയമാണ്. നാവറുക്കപ്പെട്ടവന്റെ നാവായും ആട്ടിയകറ്റപ്പെട്ടവന്റെ അഭയമായും ഖുര്‍ആന്‍ ജ്വലിച്ചു. അനീതിയെ അനീതിയെന്നു വിളിച്ചു. സര്‍വരെയും സര്‍വ ഭയങ്ങളില്‍നിന്നും മോചിപ്പിച്ച് ഒരേയൊരുവനെ ഭയക്കാന്‍ പഠിപ്പിച്ചു. ഖുര്‍ആന്‍ ഉയര്‍ത്തുന്ന വിമോചനമൂല്യങ്ങള്‍, വിശ്വോത്തരമായ മാനവികത വളര്‍ത്തുന്നു. കുലമോ കുടുംബമോ അല്ല, ഭക്തിയുടെ ശക്തിയാണ് മഹത്വത്തിന്റെ മാനദണ്ഡമെന്ന് അറബികളോടും അനറബികളോടും ഖുര്‍ആന്‍ ഉദ്ഘോഷിച്ചു. ജന്മവും ജാതകവും വര്‍ഗവും വര്‍ണവുമൊക്കെ മഹിമയുടെ മാര്‍ഗമെന്ന് പറഞ്ഞവരോടാണ് ഖുര്‍ആന്‍ ആദ്യമിത് പറഞ്ഞത്.
അടിമയെ മോചിപ്പിക്കല്‍ ദുഷ്‌കരമായ മലമ്പാതയാണെന്ന് പറഞ്ഞു. ആ മലമ്പാത കയറുന്നവര്‍ വിജയിച്ചു. പട്ടിണിയും ദാരിദ്ര്യവും എടുത്തുപറഞ്ഞ് പിന്നെയും പിന്നെയും നമ്മെ അസ്വസ്ഥരാക്കി. ചെയ്യാവുന്നതൊക്കെ ചെയ്യാന്‍ പ്രേരണയായി. അഗതിയെ പരിഗണിക്കാത്ത നമസ്‌കാരക്കാരെ പരിഹസിച്ചു. ഏറ്റവും വലിയ മഹാപാപമാണ് ശിര്‍ക്ക്. പക്ഷേ, ശിര്‍ക്ക് ചെയ്താല്‍ ഈ ലോകത്ത് ശിക്ഷയില്ല. എന്നാല്‍, കട്ടവന്റെ കൈ മുറിക്കണം, കൊന്നവനെ ജീവിക്കാന്‍ വിടരുത്. ആരോപണം ഉന്നയിച്ച് സാക്ഷികളെ കൊണ്ടുവരാത്തവനും ശിക്ഷയുണ്ട്! മനുഷ്യന്റെ അഭിമാനത്തിനും സ്വത്തിനും ജീവന്നും വിലകല്‍പിച്ചു. നമസ്‌കാരത്തിന്റെ വിശദാംശങ്ങള്‍ പറഞ്ഞില്ല; സകാത്തിന്റെ അവകാശികളെ എണ്ണിപ്പറഞ്ഞു.
കണ്ണ് ചിമ്മിയോ, കണ്ണ് പൊത്തിയോ സൂര്യനെ കാണുന്നില്ലെന്ന് ആര്‍ക്കും പറയാം. പക്ഷേ, സൂര്യന്റെ പ്രകാശത്തെ നിഷേധിക്കാനാവില്ല. കത്തിജ്ജ്വലിക്കുന്ന സൂര്യനാണ് ഖുര്‍ആന്‍. എത്ര കണ്ണുപൊത്തിയാലും ആ വെളിച്ചം പ്രോജ്ജ്വലിക്കും. ഖുര്‍ആനിലേക്ക് നടന്നടുക്കുന്നവരാണ് വിജയികള്‍. കണ്ണുപൊത്തുന്നവര്‍ക്ക് കാലിടറും. ഖുര്‍ആന്‍ പഠിക്കാത്ത വ്യക്തി ആള്‍പ്പാര്‍പ്പില്ലാത്ത വീടുപോലെയാണെന്ന് തിരുനബി (സ) പറഞ്ഞു. അവിടെ തേളുകളും ഇഴജന്തുക്കളും വളരും, പെരുകും. തിന്മകളും ദുര്‍നടപ്പും ശീലമാകും.
വളരെ പ്രിയപ്പെട്ടവരുടെ കത്തുകളും സന്ദേശങ്ങളും എത്ര ആനന്ദത്തോടെയാണ് നാം വായിക്കാറുള്ളത്! അത്രയും ആനന്ദത്തോടെയാണ് ഖുര്‍ആന്‍ വായിക്കേണ്ടത്. ഓരോ വാക്കും വരിയും പഠിക്കാനും പകര്‍ത്താനുമുള്ള ആര്‍ത്തിയായിരിക്കണം ആ വായന. അല്ലാഹുവിന്റെ സൃഷ്ടികളായ പൂക്കളെയും പൂമ്പാറ്റകളെയും ആസ്വദിക്കുന്ന മനുഷ്യന്‍, പ്രപഞ്ചത്തിലെ ഓരോ അണുവിനെപ്പറ്റിയും ഇഴപിരിച്ച് പഠിക്കുന്ന മനുഷ്യന്‍ പക്ഷേ, തന്റെ വഴിവിളക്ക് കാണാതെ പോകുന്നത് എത്രമേല്‍ സങ്കടകരമാണ്! ഉറപ്പുള്ള വീടിനു വേണ്ടത് അലങ്കാരങ്ങളല്ല; നല്ല സിമന്റും കമ്പിയുമാണ്. മനക്കരുത്തുള്ള വ്യക്തികളെ വാര്‍ത്തെടുക്കുന്ന ബലവത്തായ അടിത്തറയാണ് ആദര്‍ശം. ആദര്‍ശത്തെ വളര്‍ത്തിയെടുക്കുന്ന വെള്ളവും വളവുമാണ് വിശുദ്ധ ഖുര്‍ആന്‍.
അസത്യങ്ങളില്‍നിന്ന് സത്യത്തെ വേര്‍തിരിക്കുക മാത്രമല്ല, സത്യമെന്ന് തോന്നിപ്പിക്കുന്നവയില്‍നിന്ന് യാഥാര്‍ഥ്യത്തെ പുറത്തെടുക്കുകയാണ് ഖുര്‍ആന്‍. അങ്ങനെയാണ് ഖുര്‍ആന്‍ 'ഫുര്‍ഖാന്‍' ആയത്. ഹൃദയത്തെയാണ് ഖുര്‍ആന്‍ ചൂണ്ടുന്നതും ചികിത്സിക്കുന്നതും. മനുഷ്യശരീരത്തിലെ കേവലമൊരു മാംസഭാഗം എന്ന വിധത്തിലല്ല ഹൃദയത്തെ ഖുര്‍ആന്‍ വിവരിക്കുന്നത്. സര്‍വ വികാരങ്ങളുടെയും താല്‍പര്യങ്ങളുടെയും തോന്നലുകളുടെയും പ്രചോദനങ്ങളുടെയും കേന്ദ്രമാണത്. കഠിനമായ കല്ലുപോലെയാവുന്നതും (അല്‍ബഖറ 74), തരളിതമാവുന്നതും (അസ്സുമര്‍ 23),
യുക്തിപൂര്‍വം ഗ്രഹിക്കാനാവുന്നതും (അല്‍അഅ്റാഫ് 179, ഹജ്ജ് 46, ഖാഫ് 37), അന്ധത ബാധിക്കുന്നതും (ഹജ്ജ് 46), ബാഹ്യരോഗങ്ങളുടെയെല്ലാം വേരുകള്‍ പാര്‍ക്കുന്നതും (അല്‍മാഇദ 52), ആന്തരിക രോഗങ്ങളുടെ സ്വസ്ഥാനവും (അല്‍ബഖറ 10), വിശ്വാസത്തിന്റെ ആവാസ സ്ഥാനവും (അല്‍മാഇദ 41), കാപട്യം കുടിയിരുത്തപ്പെട്ടതുമെല്ലാം (അത്തൗബ 77) ഹൃദയത്തില്‍ തന്നെയാണ്. ഭിന്നസാധ്യതകളുള്ള ഹൃദയത്തെ ഏകശിലയില്‍ കേന്ദ്രീകരിക്കുകയും നിരന്തരം ശുദ്ധീകരിക്കുകയും ചെയ്യുന്നതിനാണ് ഖുര്‍ആന്‍.
കൈയിലൊരു വെളിച്ചമുണ്ടെങ്കില്‍ അതു പ്രകാശിക്കണം. സ്വന്തത്തിലും ചുറ്റിലുമുള്ള ഇരുട്ടുകളെ കീറിമുറിക്കണം. ആപത്തിന്റെ ആഴങ്ങളിലേക്ക് സ്വയം നടക്കാതെയും ആരെയും നടത്താതെയുമുള്ള ജീവിതമാണ് ഖുര്‍ആനില്‍നിന്ന് പഠിക്കുന്നത്. പര്‍വതത്തെ പോലും പൊട്ടിത്തകര്‍ക്കാന്‍ കെല്‍പുള്ള വാക്കുകളാണ് ഖുര്‍ആനിന്റേത്. എന്നിട്ടുമെന്തേ നമ്മിലൊരു പൊട്ടിത്തെറിയുമില്ലാത്തത്?
Comments