നേര്‍ച്ചക്കോഴി
അമാവാസികള്‍ പെയ്തിറങ്ങാന്‍
ഉള്‍ക്കണ്ണിലെ വെളിച്ചം
കെടുത്തിവെക്കുക,
പൗര്‍ണമിക്കായി
നീഗൂഢ മന്ത്രം ജപിക്കുക,
ഊഹവും കുതന്ത്രവും പുകയ്ക്കുക,
നുണയുടെ ചായം തേച്ച
പാഴ്വാക്കുകള്‍കൊണ്ട് ഉപദേശിക്കുക,
വര്‍ത്തമാനകാലത്തിന്റെ
ചതിച്ചുഴികളിലേക്ക്
വിരല്‍ ചൂണ്ടി ദിശപറയുക,
വഴികളില്‍ ഉന്മാദം
ഊതി നിറയ്ക്കുക
വസന്തങ്ങള്‍ ചുട്ടെരിക്കാന്‍
കണ്ണുകളില്‍ അഗ്നി പടര്‍ത്തുക
ഏതോ അപകടങ്ങളുടെ മുന്നറിയിപ്പുമായി
വിജനമായ ബോധിവൃക്ഷച്ചുവട്ടില്‍
വീണുകിടന്ന അനാഥ നിഴലുകള്‍,
ജീവന്‍ പറിച്ചെടുക്കുന്നവരുടെ
ജയഭേരികളാല്‍ വീര്‍പ്പുമുട്ടുന്ന ആകാശം,
ഒഴിഞ്ഞ ചഷകങ്ങളും എല്ലിന്‍കഷ്ണങ്ങളും
ബാക്കിവെച്ച അഹിംസാചര്‍ച്ചകള്‍,
പാണരുടെ കുടിലുകളില്‍
പാട്ടിലെ ഇടര്‍ച്ചകള്‍,
കുതന്ത്രങ്ങളില്‍ വീണു മരിച്ചവരുടെ
ചോര നക്കിയെടുക്കുന്ന കുറുക്കന്റെ
ഓരിയിടല്‍,
മോക്ഷം കാത്ത് പുഴുവരിക്കുന്ന
ശവക്കൂനകള്‍ക്ക് കാവലിരിക്കുന്ന
ജപമാലകള്‍,
അശോകവൃക്ഷത്തണലില്‍
തളംകെട്ടി നില്‍ക്കുന്ന
ചോരക്ക് പേടിയുടെ ഗന്ധം,
ആവര്‍ത്തിക്കപ്പെടുന്ന
സംഹാരങ്ങളിലേക്ക്
സിരകളില്‍ ചോര നിറച്ച്
സ്വയം നേര്‍ച്ചക്കോഴിയാവുക.
Comments