Prabodhanm Weekly

Pages

Search

2018 മെയ് 25

3053

1439 റമദാന്‍ 09

വിവാഹാലോചനാ വേളയിലെ 'ഗുപ്ത വഞ്ചന'കള്‍

ഡോ. ജാസിമുല്‍ മുത്വവ്വ

വിവാഹം കഴിഞ്ഞ് ഒരു മാസമായതേയുള്ളൂ. ഓഫീസില്‍ കയറി വന്ന അയാള്‍: 'വിവാഹാലോചനാ വേളയില്‍ ഞാന്‍ എന്റെ ഭാര്യയെ വേണ്ടവിധം മനസ്സിലാക്കിയില്ലെന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്.'

ഞാന്‍: 'നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്‌നം?'

അയാള്‍: 'ഒരു പ്രശ്‌നമൊന്നുമല്ല. അനേകം പ്രശ്‌നങ്ങള്‍. ഞങ്ങളിരുവരുടെയും സ്വഭാവവും പ്രകൃതിയും വളര്‍ത്തുരീതിയും തമ്മിലുള്ള വ്യത്യാസവുമായി ബന്ധപ്പെട്ടതാണ് അധികവും. വിവാഹാലോചനാ വേളയില്‍ ഞാന്‍ ഇത്തരം കാര്യങ്ങള്‍ ചിന്തിച്ചതേ ഉണ്ടായിരുന്നില്ല. അന്തസ്സുള്ള കുടുംബത്തിലെ സുന്ദരിയായ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന ഏക മോഹമേ എനിക്കുണ്ടായിരുന്നുള്ളൂ. അവളുമായി ജീവിച്ചുപോവുക ഏറെ പ്രയാസകരമാണെന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്. എപ്പോഴും ഞങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമാണ്. എന്നും വീട്ടില്‍ പ്രശ്‌നങ്ങളാണ്.'

വിവാഹാലോചനാ വേളയിലെ ധൃതി കാരണം ഇങ്ങനെയുള്ള ചില സംഭവങ്ങള്‍ ഉണ്ടാവാറുണ്ട്. പരിചയപ്പെടുന്ന സന്ദര്‍ഭത്തില്‍ ഏറെ പ്രധാനമായ കാര്യങ്ങളില്‍ ശ്രദ്ധയൂന്നാത്തതുകൊണ്ടും ഇങ്ങനെ സംഭവിക്കാം. വിവാഹിതരാവാന്‍ പോകുന്നവര്‍ അടുത്ത് പരിചയപ്പെടുന്നത് വിലക്കുന്നതോ അനഭിലഷണീയമായി കരുതുന്നതോ ആയ വിശ്വാസങ്ങളും ആചാരങ്ങളും പാരമ്പര്യമായി കൊണ്ടുനടക്കുന്ന കുടുംബങ്ങളിലും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടാവാറുണ്ട്. വിവാഹത്തിന് മുതിരുന്നവര്‍ പരസ്പരം അറിയുന്നത് സംബന്ധിച്ചും വിവരങ്ങള്‍ ശേഖരിക്കുന്നതിനെക്കുറിച്ചും അറിഞ്ഞോ അറിയാതെയോ ഇരുപക്ഷത്തുനിന്നും സംഭവിക്കുന്ന 'ഗുപ്തവഞ്ചന'യെ പറ്റിയും മനസ്സിലാക്കിവെക്കേണ്ടത് ആവശ്യമാണ്. വിവാഹാന്വേഷികള്‍ അകപ്പെടുന്ന ചില ഗുപ്ത വഞ്ചനകള്‍ സൂചിപ്പിക്കാം:

ഒന്ന്, വിവാഹം ആലോചിക്കുമ്പോള്‍ മറ്റ് പല കാര്യങ്ങളിലും മുഴുകി പ്രധാന കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ വരും. വിവാഹത്തിന് വേണ്ട ഒരുക്കങ്ങള്‍, നടപടിക്രമങ്ങള്‍, വിരുന്നുകള്‍, യാത്ര, വിവാഹവുമായി ബന്ധപ്പെട്ട് ഇരു കുടുംബങ്ങള്‍ക്കുമിടയില്‍ ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളെ കുറിച്ച ചര്‍ച്ചകള്‍. അങ്ങനെ പല ബദ്ധപ്പാടുകള്‍. പരസ്പരം അടുത്തറിയാനുള്ള സന്ദര്‍ഭങ്ങളാണ് ഇതുമൂലം നഷ്ടമാവുന്നത്.

രണ്ട്, യാഥാര്‍ഥ്യവും ഭംഗിവാക്കുകളും തമ്മില്‍, ജീവിക്കുന്ന യാഥാര്‍ഥ്യവും കൊതിക്കുന്ന ഭാവനാ ലോകവും തമ്മില്‍ വേര്‍തിരിച്ചു മനസ്സിലാക്കാന്‍ ആലോചനാ വേളയില്‍ കഴിയായ്ക. വിവാഹത്തിന് മുതിര്‍ന്ന് മുന്നോട്ടു വരുന്നവരില്‍ അധികവും തന്റെ ഏറ്റവും നല്ല സ്വഭാവവും പെരുമാറ്റവും തേനൂറുന്ന സംസാരവുമാണ് പുറത്തെടുക്കുക. വസ്ത്രധാരണത്തില്‍ പോലും കാണും ഈ ആകര്‍ഷണീയത. യാഥാര്‍ഥ്യം നേരെ വിപരീതമായിരിക്കും.

മൂന്ന്, സോഷ്യല്‍ മീഡിയ, ഒരുമിച്ചുള്ള ജോലി, കുടുംബങ്ങളുടെ അടുപ്പം തുടങ്ങിയ കാരണങ്ങളാല്‍ വിവാഹാലോചന നടത്തുന്ന യുവാവിനും യുവതിക്കുമിടയില്‍ നേരത്തേയുള്ള 'പഴയ പ്രേമം' കാണും. ആ സന്ദര്‍ഭങ്ങളില്‍ ഇരുവര്‍ക്കും തങ്ങളുടെ വൈകല്യങ്ങളും പോരായ്മകളും തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ടാവില്ല. കാരണം 'പ്രേമം' അന്ധവും ബധിരവുമാണല്ലോ. മറുകക്ഷിയുടെ യഥാര്‍ഥ അവസ്ഥ ഗ്രഹിക്കാന്‍ ഇരുവര്‍ക്കും അന്ധമായ പ്രേമം തടസ്സം നിന്നിരിക്കും. ഒരു സംഭവം ഓര്‍ക്കുന്നു: ഒരു യുവതി. തന്നെ വിവാഹാലോചനയുമായി സമീപിച്ച പുരുഷനെ അവര്‍ അങ്ങേയറ്റം സ്‌നേഹിച്ചു. ആലോചന നടക്കുന്ന കാലത്തു തന്നെ രാത്രി യുവതിയുമായി അയാള്‍ ഫോണില്‍ ദീര്‍ഘനേരം സംസാരിക്കും. അയാളുടെ നാവ് വഴങ്ങാത്തതിനാല്‍ സംസാരം കുഴഞ്ഞതാണെന്ന് അവള്‍ക്ക് അന്നേ തോന്നിയിരുന്നു. അവര്‍ പറയുകയാണ്: 'അയാളെ ശരിയായി വിലയിരുത്താന്‍ അന്ധമായ സ്‌നേഹത്താല്‍ എനിക്ക് കഴിഞ്ഞില്ല. എല്ലാ രാത്രിയും ലഹരി തലക്കു പിടിക്കുവോളം, അയാള്‍ മദ്യപിക്കുമെന്ന് വിവാഹത്തിനു ശേഷമാണ് എനിക്ക് മനസ്സിലായത്.'

നാല്, വിവാഹത്തിന് മുതിരുന്ന വ്യക്തി തെറ്റായ സങ്കല്‍പങ്ങളില്‍ അകപ്പെട്ട് അബദ്ധത്തില്‍ ചാടുന്ന ചില സംഭവങ്ങളുണ്ട്. അയാള്‍ മനസ്സില്‍ ഓരോ ധാരണകള്‍ കുറിച്ചിടും. ഉദാഹരണമായി ഹിജാബ് ധരിച്ച പെണ്‍കുട്ടിയാണെങ്കില്‍ അയാള്‍ ഉറപ്പിക്കും; അവള്‍ നമസ്‌കരിക്കുന്ന, സ്വഭാവ ഗുണമുള്ള പെണ്ണാണെന്ന്. യുവാവ് മാതാപിതാക്കളെ ബഹുമാനിക്കുന്നതു കാണുമ്പോള്‍ കരുതും; അയാള്‍ അവരോട് എന്നും മാന്യമായി പെരുമാറുന്നവനാണെന്ന്. കുടുംബം ദീനീ പശ്ചാത്തലമുള്ളതാണെങ്കില്‍ ഉറപ്പിക്കും; യുവാവും യുവതിയും നല്ല ഇസ്‌ലാമിക നിഷ്ഠ പുലര്‍ത്തുന്നവരാണെന്ന്. ഈ തോന്നലും ധാരണകളുമൊന്നും ശരിയാവണമെന്നില്ല. ശരിയായ അന്വേഷണവും ആലോചനയും നടത്തിവേണം ഇത്തരം സാഹചര്യങ്ങളില്‍ ഒരു നിഗമനത്തിലെത്താന്‍.

അഞ്ച്, വിവാഹാലോചനാവേളയില്‍ തന്നെ യുവതിക്കും യുവാവിനുമിടയില്‍ അഭിപ്രായങ്ങളില്‍ അന്തരവും മനോഭാവങ്ങളില്‍ വ്യത്യാസവും അനുഭവപ്പെടാം. അത് അവര്‍ അത്ര കാര്യമാക്കില്ല. വിവാഹം കഴിഞ്ഞാല്‍ എല്ലാം ശരിപ്പെട്ടുകൊള്ളും എന്ന ശുഭചിന്തയാവും അവര്‍ക്ക്. രുചിഭേദങ്ങളും വ്യത്യസ്തതകളുമൊക്കെ താല്‍ക്കാലികവും നിസ്സാരവുമാണെന്ന കണക്കുകൂട്ടലില്‍ ആയിരിക്കും അവര്‍. ആലോചനാവേളകളില്‍ തന്നെ ഇത്തരം വിഷയങ്ങളില്‍ വ്യക്തമായ ധാരണയും തീര്‍പ്പും ഉണ്ടാക്കുകയാണ് ഉചിതം.

ആറ്, വിവാഹത്തിനു ശേഷം മറുകക്ഷിയില്‍ സ്വാധീനം ചെലുത്തി മാറ്റിയെടുക്കാമെന്ന പ്രതീക്ഷയിലാവും ഓരോരുത്തരും. ഇത് ശരിയാവില്ല. പ്രത്യേകിച്ച് ദീനിന്റെയും പെരുമാറ്റരീതിയുടെയും സംസ്‌കാരത്തിന്റെയും കാര്യത്തില്‍. നമസ്‌കാരം, ഹിജാബ്, പുകവലി, ചീത്ത കൂട്ടുകെട്ട് തുടങ്ങിയ വിഷയങ്ങളില്‍ അത്തരമൊരു മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത് അസ്ഥാനത്താവും.

ഏഴ്, മറുകക്ഷിയെക്കുറിച്ച് വാനോളം പ്രതീക്ഷകള്‍ പുലര്‍ത്തല്‍. തന്റെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും നൂറ് ശതമാനം യാഥാര്‍ഥ്യമായി പുലരും എന്ന വ്യര്‍ഥ മോഹത്തിലായിരിക്കും അത്തരക്കാര്‍. പ്രതീക്ഷകള്‍ മിഥ്യയായിത്തീരുമ്പോള്‍ ഏറ്റുമുട്ടല്‍ ആരംഭിക്കുകയായി.

എട്ട്, ഇരു കുടുംബങ്ങളുമായി ബന്ധപ്പെട്ട രഹസ്യങ്ങളുടെയും ഇരുവരുടെയും ഫോട്ടോകളുടെയും കൈമാറ്റം. ഇവ ഭാവിയില്‍ ദുരുപയോഗപ്പെടുത്താനുള്ള സാധ്യത ഏറെയാണ്.

 വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (54-56)
എ.വൈ.ആര്‍