ടി. സൈതാലിക്കുട്ടി ഹാജി, ചുനൂര്‍
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആടിത്തിമര്‍ക്കുന്ന ഒരു പ്രദേശത്തെ രക്ഷപ്പെടുത്താന്‍ ഇറങ്ങിപ്പുറപ്പെട്ട നാലഞ്ചു പേരില്‍ ഒരാളായിരുന്നു ഈയിടെ നമ്മോട് വിടപറഞ്ഞ മലപ്പുറം ചുനൂര്‍ താമരശ്ശേരി ഹൈദ്രസ് ഹാജി. മലപ്പുറം ജില്ലയിലെ ചുനൂര്‍ ചേങ്ങോട്ടൂര്‍ പരിസര പ്രദേശങ്ങളിലും നിറഞ്ഞു നിന്നിരുന്ന സാമൂഹിക പ്രവര്‍ത്തകനായ ഇദ്ദേഹം ആദ്യകാല സി.പി.എം പ്രവര്‍ത്തകനും മെമ്പറുമായിരുന്നു.
ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ടതിന്റെ പേരില്‍ ഒരുപാടു ത്യാഗങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്. നാട്ടുപ്രമാണിമാരുടെയും പള്ളിക്കമ്മിറ്റിക്കാരുടെയും നിര്‍ബന്ധത്തിനു വഴങ്ങി സ്വന്തം പിതാവ് വീട്ടില്‍നിന്ന് പുറത്താക്കി. പിന്നീട് പിതാവിന്റെ ജ്യേഷ്ഠന്‍ ഇടപെട്ട് അദ്ദേഹം വീട്ടില്‍ തിരിച്ചെത്തി.
മകന്റെ വായന പിതാവിലും സ്വാധീനം ചെലുത്തി. പ്രബോധനം, ഐ.പി.എച്ച് സാഹിത്യങ്ങള്‍ ഉപ്പയും വായിക്കാനിടയായി. നാട്ടിലെ പള്ളിയിലെ ചില കാര്യങ്ങളെ ചോദ്യം ചെയ്തതിന്റെ പേരില്‍ പിതാവും ജമാഅത്തുകാരനായി മുദ്രകുത്തപ്പെട്ടു.
ശാന്തപുരം കോളേജില്‍ കുറച്ചു കാലം സേവനമനുഷ്ഠിച്ചിരുന്ന ഇദ്ദേഹം സാഹിത്യ സമാജങ്ങളില്‍ കഥയും കവിതയും അവതരിപ്പിച്ചും പാട്ടു പാടിയും പുല്ലാങ്കുഴല്‍ വായിച്ചും പരിപാടികള്‍ സമ്പുഷ്ടമാക്കിയിരുന്നു. ചുനൂരില്‍ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും ഖബ്ര്‍സ്ഥാനടക്കമുള്ള സമ്പൂര്‍ണ മഹല്ലിന് രൂപം നല്‍കുന്നതിലും അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. സ്വസഹോദരങ്ങളെയും കുടുംബത്തേയും പ്രസ്ഥാന രംഗത്തേക്ക് കൊണ്ടുവരാനും അദ്ദേഹത്തിന് സാധിച്ചു. ഭാര്യ: കെ.സി ഫാത്വിമ. മക്കള്‍: മുഹമ്മദലി, അബ്ദുശ്ശുകൂര്‍, സുബൈര്‍, ബല്‍ഖീസ്.
ടി.കെ അഹ്മദ് ഹാജി
വടക്കേ മലബാറില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഒരു കര്‍മഭടന്‍ കൂടി യാത്രയായി. ജമാഅത്തെ ഇസ്‌ലാമിയെ സ്‌നേഹിക്കുകയും സേവിക്കുകയും ദേഹവും ധനവുംകൊണ്ട് സഹായിക്കുകയും ചെയ്തവരില്‍ മുമ്പനായിരുന്നു ടി.കെ അഹ്മദ് ഹാജി. ആരംഭം മുതല്‍ വാദിഹുദാ സ്ഥാപനങ്ങളുടെ നിയന്ത്രണാധികാരമുള്ള തഅ്‌ലീമുല്‍ ഇസ്‌ലാം ട്രസ്റ്റ് മെമ്പറായിരുന്നു അദ്ദേഹം. സ്ഥാപനത്തിന്റെ ആദ്യകാല നിര്‍മാണ സംരംഭങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച് അദ്ദേഹം എന്നും ഒപ്പമുണ്ടായിരുന്നു. പ്രബോധന ദൗത്യം നിര്‍വഹിക്കുന്നതില്‍ ആരേക്കാളും മുന്‍പന്തിയിലായിരുന്നു. വടക്കേ മലബാറില്‍ ഓണംകേറാ മൂലകളില്‍ പോലും സ്‌ക്വാഡ് വര്‍ക്കുകള്‍ക്കും പരിപാടികള്‍ സംഘടിപ്പിക്കാനും അദ്ദേഹം മുന്നിട്ടിറങ്ങി. എല്ലാവരോടും അകമഴിഞ്ഞ സ്‌നേഹവും ദയാവായ്പുമുള്ളതോടൊപ്പം തെറ്റുകള്‍ കാണുമ്പോള്‍ അവയെ തുറന്ന് വിമര്‍ശിക്കുകയും ചെയ്യുമായിരുന്നു.
വാദിഹുദാ, വാദിനൂര്‍, വാദിസ്സലാം എന്നീ സ്ഥാപന സമുച്ചയങ്ങളുടെ വിദ്യാര്‍ഥികളും അന്തേവാസികളുമായി ഹൃദയബന്ധം സ്ഥാപിച്ചിരുന്ന അദ്ദേഹം രോഗഗ്രസ്തനായ ശേഷം മാത്രമാണ് വിട്ടുനിന്നത്. വിദ്യാര്‍ഥികളുടെ നടപ്പിലും കിടപ്പിലും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പയ്യന്നൂര്‍, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ ഇസ്‌ലാമിക പ്രവര്‍ത്തനത്തിന് ആസ്ഥാനം പണിയുന്നതില്‍ അദ്ദേഹം വലിയ താല്‍പര്യം കാണിച്ചു. അവിടത്തെ ട്രസ്റ്റുകളുടെ ഭാരവാഹിത്വവും അദ്ദേഹത്തിനാണ്. ജമാഅത്തെ ഇസ്‌ലാമി തൃക്കരിപ്പൂര്‍ പ്രാദേശിക ഘടകം അമീറായിരുന്നു.
മംഗലാപുരം മെഡിക്കല്‍ കോളേജ് ഉടമ യേനപ്പൊയ മുഹമ്മദ് കുഞ്ഞി, അബ്ദുല്ലക്കുഞ്ഞി എന്നിവരുമായും അവരിലൂടെ എ.കെ ഖാദര്‍കുട്ടി സാഹിബുമായും തുടര്‍ന്ന് ടി.കെ.എം എഞ്ചിനീയറിംഗ് കോളേജ് നടത്തുന്ന ടി.കെ.എം അശ്‌റഫ് എന്നിവരുമായും കുടുംബബന്ധമുള്ള അദ്ദേഹം ആ ബന്ധങ്ങളൊക്കെ പ്രസ്ഥാനത്തിനു വേണ്ടി പ്രയോജനപ്പെടുത്തിയിരുന്നു.
ഭാര്യ: വി.പി ആസിയ. മക്കള്‍: ജുവൈരിയ (ടീച്ചര്‍, പൂക്കോയ തങ്ങള്‍ സ്മാരക ഹയര്‍ സെക്കന്ററി സ്‌കൂള്‍, കൈക്കോട്ടുകടവ്), സുമയ്യ (റിയാദ്), റുഖിയ്യ (ടീച്ചര്‍, എ.യു.പി സ്‌കൂള്‍, കൈതക്കാട്). ജാമാതാക്കള്‍: സഈദ് ഉമര്‍, പി.കെ ഉമര്‍ (രണ്ടുപേരും ഇന്‍ഫര്‍മേഷന്‍ മിനിസ്ട്രി, റിയാദ്), വി.സി മുഹമ്മദ് ഇഖ്ബാല്‍ (വാദിസ്സലാം മാനേജര്‍, വിളയാങ്കോട്). സഹോദരങ്ങള്‍: ടി.കെ മൊയ്തുഹാജി, സഫിയ, അസ്മ, പരേതരായ അബ്ദുല്ല ഹാജി, സൈനബ, ആയിശ, ഖദീജ, ഉമ്മുകുത്സൂം.
വി.കെ ഹംസ അബ്ബാസ്
Comments