ഇന്ത്യന്‍ മാധ്യമങ്ങളുടെ വിസ്മൃതി
ജനാധിപത്യ ക്രമത്തിലെ ഏറ്റവും പ്രബലമായ ശാക്തീകരണ ചേരികളിലൊന്നായ, ഫോര്‍ത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന മാധ്യമ ശൃംഖലയാണ് പലപ്പോഴും നമ്മുടെ ജനാധിപത്യ ക്രമത്തെ ചലനാത്മകമാക്കുന്നതും, ഭരണകൂടത്തിന് ഉത്തരവാദിത്തബോധമുാക്കുന്നതും. അതിനാല്‍ തന്നെ ചരിത്രപരമായി അപരവല്‍ക്കരിക്കപ്പെട്ടവരുടെയും അരികുവത്കരിക്കപ്പെട്ടവരുടെയും അവകാശപോരാട്ടത്തിലും പ്രതിനിധാനത്തിലും മാധ്യമങ്ങള്‍ വഹിച്ച പങ്ക് നിസ്തൂലമാണ്. പക്ഷേ പുതിയ ലോകക്രമത്തില്‍, പ്രത്യേകിച്ച് ഇന്ത്യന്‍ സാഹചര്യത്തില്‍ മാധ്യമ സംവിധാനത്തില്‍ കണ്ടുവരുന്ന പ്രവണതകള്‍ അത്ര ആശാവഹമല്ല.
മുസ്‌ലിം, ദലിത് , ന്യൂനപക്ഷ സ്വത്വങ്ങളെയും പ്രതിനിധാനങ്ങളെയും ഇന്ത്യന്‍ മാധ്യമങ്ങള്‍ അറിഞ്ഞോ അറിയാതെയോ വിസ്മരിക്കുന്നു എന്നതിന്റെ ഏറ്റവും പ്രകടമായ തെളിവായിരുന്നു മുന്‍ വ്യോമസേനാ മേധാവി എയര്‍ മാര്‍ഷല്‍ ഇദ്‌രീസ് ഹസന്‍ ലത്വീഫിന്റെ വിയോഗം ദി ഹിന്ദു അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രീതി. ദി ഹിന്ദു അതിന്റെ ഹൈദരാബാദ് എഡിഷനില്‍ റിപ്പോര്‍ട്ട് പരിമിതപ്പെടുത്തിയതിനെ മുന്‍ വിംഗ് കമാണ്ടറും ഗാലന്ററി അവാര്‍ഡ് ജേതാവുമായ ആര്‍. രാജു ശ്രീനിവാസന്‍ വിമര്‍ശിക്കുകയുണ്ടായി.
രണ്ടാം ലോക യുദ്ധത്തില്‍ പങ്കെടുക്കുകയും തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേനാ തലവനാവുകയും ചെയ്ത എയര്‍ ചീഫ് മാര്‍ഷല്‍ ഇദ്‌രീസ്, മതേതര ഇന്ത്യയുടെ ന്യൂനപക്ഷ സ്വത്വ പ്രതിനിധാനമായിരുന്നു. മറ്റൊരര്‍ഥത്തില്‍ നാനാത്വത്തില്‍ ഏകത്വമെന്ന (Unity in Diversity) ഇന്ത്യന്‍ സാംസ്‌കാരിക പൈതൃകത്തിലെ ഇന്ത്യന്‍ മുസ്‌ലിം സ്വത്വത്തിന്റെ പ്രാതിനിധ്യമായിരുന്നു.
അലീഗഢ് മുസ്‌ലിം സര്‍വകലാശാലയിലെ ജിന്നയുടെ പടത്തെ ചുറ്റിപ്പറ്റിയുള്ള കോലാഹലങ്ങളില്‍ മാധ്യമങ്ങള്‍ അഭിരമിക്കുമ്പോള്‍ ഇതു പോലുള്ള മുസ്‌ലിം സ്വത്വത്തെ പ്രതിനിധാനം ചെയ്യുന്ന വ്യക്തികളെ അറിഞ്ഞോ അറിയാതെയോ വിസ്മരിക്കുമ്പോള്‍ ഒരു വിഭാഗം ജനതയുടെ സ്വത്വനിരാസത്തിലേക്കും അതുവഴി അവരുടെ അരികുവത്കരണത്തിലേക്കുമാണ് അത് നയിക്കുന്നത്.
അലീഗഢ് മുസ്‌ലിം സര്‍വകലാശാലയിലെ ജിന്നയുടെ പടത്തെ ചൊല്ലിയുള്ള വിവാദത്തിലേക്ക് മുസ്‌ലിം സ്വത്വത്തെ ആവാഹിക്കാന്‍ ശ്രമിക്കുകയും ഇദ്‌രീസിനെ പോലുള്ള വ്യക്തികളുടെ വിയോഗം വിസ്മരിക്കുകയും ചെയ്യുമ്പോള്‍ ഇന്ത്യന്‍ മതേതരത്വ ജനാധിപത്യ സംവിധാനത്തെ ശാക്തീകരിക്കുന്നതിനുള്ള ഒരവസരമാണ് മാധ്യമങ്ങള്‍ കളഞ്ഞു കുളിച്ചത്. ഇങ്ങനെയുള്ള വിസ്മൃതികളെക്കുറിച്ച് അതിജീവിക്കുന്നതില്‍ ജാഗരൂകരായാല്‍ മാത്രമേ മാധ്യമങ്ങള്‍ക്ക് തങ്ങളുടെ ചരിത്രപരമായ ദൗത്യം നിര്‍വഹിക്കാന്‍ സാധിക്കുകയുള്ളൂ.
പൊതുമേഖലാ ബാങ്കുകളുടെ പ്രതിസന്ധി
പതിനൊന്ന് പൊതുമേഖലാ ബാങ്കുകള്‍ ഗുരുതര പ്രതിസന്ധിയില്‍ എന്ന വാര്‍ത്ത രാജ്യനിവാസികളില്‍ ഉത്കണ്ഠയും ഞെട്ടലുമുണ്ടാക്കേണ്ടതാണ്. പല പൊതുമേഖലാ ബാങ്കുകളും കിട്ടാക്കടം പെരുകി കുഴിയില്‍നിന്ന് വാരിക്കുഴിയിലേക്ക് പോകുന്ന അവസ്ഥയിലാണ്. പലതിന്റെയും സാമ്പത്തിക നഷ്ടം 1500 കോടി മുതല്‍ 12000 കോടി വരെയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സാധാരണക്കാരുടെ വിയര്‍പ്പ് പറ്റിയ പ്രതീക്ഷയുടെ ചെറു നിക്ഷേപക്കൂട്ടങ്ങള്‍ കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് തീറെഴുതിക്കൊടുക്കുകയാണ് ഭരണാധികാരികള്‍ ചെയ്യുന്നത്. സര്‍വതിനെയും സ്വകാര്യവത്കരിക്കുന്ന കൂട്ടത്തില്‍ ആര്‍.ബി.ഐയെ കരുവാക്കി സാമ്പത്തിക വ്യവസ്ഥയുടെ നെടുംതൂണുകളായ പൊതുമേഖലാ ബാങ്കുകളെ ഞെരിച്ചമര്‍ത്തി കൊല്ലുകയാണ് കേന്ദ്ര സര്‍ക്കാര്‍ യാഥാര്‍ഥത്തില്‍ ചെയ്യുന്നത്. എഫ്.ആര്‍.ഡി.ഐ ബില്‍ അണിയറയില്‍ ചുട്ടെടുക്കാന്‍ തല്‍പരകക്ഷികളുടെ സഹായത്താല്‍ സര്‍ക്കാര്‍ വെപ്രാളം കൂട്ടുന്നതും ഇതിന്റെ ഭാഗമായി തന്നെ ചേര്‍ത്തു വായിക്കേണ്ടതാണ്. ഇ-വ്യാപാര മേഖലയില്‍ വാള്‍മാര്‍ട്ടിനെ ചുവന്ന പരവതാനി വിരിച്ച് ആനയിച്ച് എഴുന്നള്ളിപ്പിക്കുന്നത്, പൊതുവെ ദുര്‍ബലമായ രാജ്യത്തിന്റെ ചില്ലറ വ്യാപാര മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കും എന്നതില്‍ സംശയമില്ല. മറുവശത്ത് ആര്‍ക്കിയോളജിക്കല്‍ വകുപ്പിനെ നോക്കുകുത്തിയാക്കി ചരിത്ര സ്മാരകങ്ങളെയും പൈതൃക കേന്ദ്രങ്ങളെയും സ്വകാര്യ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും കച്ചവട താല്‍പര്യ സംരക്ഷണത്തിന് വേണ്ടി കൈമാറുന്ന അസ്വസ്ഥകരമായ കാഴ്ചയും നാം കാണുന്നു. ഇങ്ങനെയെല്ലാം സ്വകാര്യ കുത്തകകള്‍ കൈ നനയാതെ രാജ്യസമ്പത്ത് അടിച്ചുമാറ്റുന്ന കാലത്ത്, തഴക്കവും പഴക്കവുമുള്ള പാര്‍ട്ടികള്‍ക്ക് രാജ്യതാല്‍പര്യാര്‍ഥം ശക്തമായ ഒരു പ്രതിപക്ഷ ഐക്യം പോലും കെട്ടിപ്പടുക്കാന്‍ സാധിക്കാതെ വരുന്നത് പരിതാപകരമായ അവസ്ഥതന്നെയാണ്. പൂച്ചക്കാര് മണികെട്ടും എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചാല്‍ പൊതുജനം എന്ന സമ്മര്‍ദശക്തി അവരുടെ മുന്നിലും പിന്നിലും കരുത്തായി ഉണ്ടാകും, തീര്‍ച്ച.
വി. ഹശ്ഹാശ് കണ്ണൂര്‍ സിറ്റി
അഭിനവ നീറോയില്‍നിന്ന് എന്താണ് പ്രതീക്ഷിക്കാനുള്ളത്?
ഇന്ത്യാ മഹാരാജ്യത്ത് നടമാടിക്കൊണ്ടിരിക്കുന്ന അസംഖ്യം അക്രമസംഭവങ്ങളില്‍ അതിക്രൂരവും പൈശാചികവുമെന്ന് വിശേഷിപ്പിക്കേണ്ട ഒന്നാണ് കശ്മീരില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കശ്മീരിലെ കഠ്‌വയിലാണ് ഒരു മുസ്‌ലിം നാടോടി കുടുംബത്തിലെ എട്ടുവയസ്സുകാരി അതിക്രൂരമായി കൂട്ട ബലാത്സംഗത്തിനിരയായി അറുകൊല ചെയ്യപ്പെട്ട സംഭവം അരങ്ങേറിയിരിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ നടന്ന സംഭവത്തില്‍ ബലാത്സംഗ വീരന്മാര്‍ക്കും ഒത്താശക്കാരായ പോലീസുകാര്‍ക്കുമെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചതോടെയാണ് സംഭവം രാജ്യശ്രദ്ധ നേടിയത്.
ഇസ്‌ലാം മതവിശ്വാസികളായ ബക്കര്‍വാല്‍ സമുദായത്തിന്റെ ഉപജീവന മാര്‍ഗം കാലിമേക്കലാണ്. സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ ഹിന്ദു ഭൂരിപക്ഷ മേഖലയായ കഠ്‌വയില്‍ ഭൂമി പാട്ടത്തിനെടുത്താണ് ഇക്കൂട്ടര്‍ താമസിക്കുന്നത്. ഈ നാടോടികളോട് അയിത്തപ്പെട്ട് കഴിയുകയാണ് കഠ്‌വാ നിവാസികള്‍. ബി.ജെ.പി സംസ്ഥാനത്ത് അധികാരത്തിലെത്തിയ ശേഷം ബക്കര്‍വാല്‍ വിരുദ്ധ സമീപനം കൂടുതല്‍ രൂക്ഷമാവുകയും ഈ മുസ്‌ലിം നാടോടികളെ ഉന്മൂലനം ചെയ്യുന്നതിനുള്ള കുത്സിത ശ്രമങ്ങള്‍ പ്രദേശത്ത് വര്‍ധിച്ചുവരികയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഒരു കുരുന്നു ബാലിക അതിക്രൂരമായി കൊലചെയ്യപ്പെട്ടത്.
പൈശാചികമായ ഈ അതിക്രമത്തില്‍ തെളിവുകള്‍ നശിപ്പിക്കാനും കുറ്റവാളികളെ സംരക്ഷിക്കാനും നിയമപാലകര്‍ കൂട്ടുനിന്നു എന്നത് രാജ്യത്ത് നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥ എത്രമേല്‍ ബീഭത്സമാണെന്ന് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തര്‍ പ്രദേശിലെ ഉന്നാവോയിലും സൂറത്തിലും ഉണ്ടായ സമാന സംഭവങ്ങള്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. നാഷ്‌നല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണം നടക്കുന്ന സംസ്ഥാനങ്ങളിലൊന്നായി മാറിയിരിക്കുന്നു ഉത്തര്‍പ്രദേശ്. ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ 803 ബലാത്സംഗ കേസുകളാണത്രെ അവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
മുത്ത്വലാഖ് വിരുദ്ധ നിയമ നിര്‍മാണത്തിലൂടെ സ്ത്രീകളുടെ 'സുരക്ഷ' ഉറപ്പാക്കിയെന്നും 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' എന്ന മുദ്രാവാക്യത്തിലൂടെ സ്ത്രീ മുന്നേറ്റത്തിന്റെ 'സാരഥി'യായെന്നുമൊക്കെ ഊറ്റം കൊള്ളുന്ന ഹീറോ അഭിനവ നീറോ ആയിമാറിയ ദുരവസ്ഥയാണ് ജനങ്ങള്‍ക്ക് കാണാന്‍ കഴിയുന്നത്. രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ അറുകൊല ചെയ്യപ്പെടുമ്പോഴും സ്ത്രീയുടെ ജീവനും മാനവും നിര്‍ബാധം പിച്ചിച്ചീന്തപ്പെടുമ്പോഴും ധീരമായ ഒരു പ്രസ്താവന പോലും നടത്താന്‍ പ്രാപ്തിയില്ലാതെ നിസ്സംഗതയുടെ പുതപ്പിനുള്ളില്‍ ആണ്ടുകിടക്കുന്ന ഒരു ഭരണാധികാരിയില്‍നിന്ന് എന്തു നീതിയാണ് നാം പ്രതീക്ഷിക്കേണ്ടത്!
ശാഹിന തറയില്‍
മഹല്ല് ശാക്തീകരണത്തിന്റെ പ്രായോഗിക വഴികള്‍
മുസ്‌ലിം രാഷ്ട്രങ്ങളില്‍ ഔഖാഫുകളാണ് പള്ളികള്‍ പരിപാലിക്കുന്നത്. കേരളത്തില്‍ പ്രാദേശിക കമ്മിറ്റികളാണ് മഹല്ലു ഭരണം നടത്തുന്നത്. കേരളത്തില്‍ പതിനായിരം മഹല്ലുകളുണ്ടെന്നാണ് കണക്ക്. മികച്ച കാഴ്ചപ്പാടുള്ളവര്‍ മഹല്ലിന്റെ നേതൃത്വത്തിലേക്ക് വരണം. ഖാദിയുടെ പങ്കും മേല്‍നോട്ടവും പ്രധാനമാണ്. മഹല്ലിന്റെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കാവുന്ന നിരവധി പദ്ധതികളുണ്ട്. ഗവണ്‍മെന്റിന്റെ വിവിധ പ്രൊജക്ടുകള്‍ ലഭ്യമാക്കുന്നതില്‍ മഹല്ല് ശ്രദ്ധ പുലര്‍ത്തണം. പിന്നാക്ക ഡെവലപ്‌മെന്റ് കോര്‍പറേഷന്‍, ന്യൂനപക്ഷ കമീഷന്‍, പിന്നാക്ക വിഭാഗ കമീഷന്‍, ന്യൂനപക്ഷ ക്ഷേമവകുപ്പ്, വഖ്ഫ് ബോര്‍ഡ്, മറ്റു സംസ്ഥാന-കേന്ദ്ര ഏജന്‍സികള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തന പരിപാടികളെക്കുറിച്ച് മഹല്ല് ജമാഅത്ത് ഭാരവാഹികള്‍ക്ക് അറിവുണ്ടാകണം. ഓരോ ജില്ലാ ആസ്ഥാനത്തും ന്യൂനപക്ഷ കമീഷന്‍ സെല്ലുകളുണ്ട്. അവയുടെ പ്രവര്‍ത്തനങ്ങള്‍ പ്രയോജനപ്പെടുത്തണം.
ക്രിസ്തീയ സഭകള്‍ ഈ കാര്യത്തില്‍ വളരെ മുമ്പിലാണ്. അവരുടെ ഇടവകകള്‍ നയിക്കുന്നത് നല്ല വിദ്യാഭ്യാസവും കാര്യപ്രാപ്തിയുമുള്ളവരാണ്. ക്രിസ്ത്യാനികള്‍ക്ക് പള്ളിയും പള്ളിക്കൂടവും മുസ്‌ലിംകള്‍ക്ക് പള്ളിയും പള്ളിക്കാടുകളുമാണ് പൊതുവിലുള്ളത്!.
ഗള്‍ഫ് പണം കൊണ്ട് കേരള മുസ്‌ലിംകളുടെ ജീവിത നിലവാരം ഏറക്കുറെ ഉയര്‍ന്നെങ്കിലും കുറേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലഭിച്ചെങ്കിലും മറ്റു സമുദായങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിദ്യാഭ്യാസ രംഗത്തും തൊഴില്‍ രംഗത്തും സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും അവരുടെ നില തൃപ്തികരമല്ല. തന്നെയുമല്ല സ്ഥാപനങ്ങളുടെ നടത്തിപ്പ് ആരോഗ്യകരമോ ശാസ്ത്രീയമോ ആണെന്ന് പറയാന്‍ സാധിക്കുകയുമില്ല. സമുദായ ശാക്തീകരണത്തിന് ഗവണ്‍മെന്റ് പദ്ധതികള്‍ മാത്രം മതിയാകില്ല. മഹല്ലു നേതൃത്വവും സംഘടനകളും ഉണര്‍ന്നു പ്രവര്‍ത്തിച്ചാലേ ലക്ഷ്യപ്രാപ്തിയിലെത്താനാകൂ. തന്നെയുമല്ല ഉന്നത ഉദ്യോഗങ്ങളിലും ഭരണ സിരാകേന്ദ്രങ്ങളിലും പ്രാതിനിധ്യം ഉറപ്പിക്കണമെങ്കില്‍ പ്രാദേശിക തലം മുതല്‍ ആസൂത്രിതമായ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടതുണ്ട്.
മഹല്ലു ജമാഅത്തുകള്‍ക്ക് ഈ രംഗത്ത് പലതും ചെയ്യാനുണ്ട്. സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുക, മുന്നില്‍നിന്ന് നയിക്കാന്‍ യോഗ്യരായ ഖത്വീബുമാരെയും ഇമാമുമാരെയും നിയമിക്കുക, മദ്‌റസാ പഠനം കഴിഞ്ഞ് ശേഷിക്കുന്ന സമയങ്ങളില്‍ മദ്‌റസകള്‍ ഉപയോഗിച്ചും അല്ലാതെയും ട്യൂഷന്‍, പി.എസ്.സി കോച്ചിംഗ്, സിവില്‍ സര്‍വീസ് കോച്ചിംഗ് തുടങ്ങിയവ നടത്തുക, പള്ളിപറമ്പ് തരിശിട്ട് കാടുപിടിക്കാതെ കൃഷിവകുപ്പിന്റെയും മറ്റും സഹകരണത്തോടെ പച്ചക്കറി-ഔഷധ സസ്യങ്ങള്‍ വളര്‍ത്തുക, നാണ്യവിളകള്‍ നട്ടുപിടിപ്പിക്കുക തുടങ്ങി പലതുമുണ്ട്. സ്‌പോര്‍ട്‌സ് ക്ലബുകള്‍, കലാ-കായിക വിനോദപരിപാടികള്‍ ഇതിന് അഭിരുചിയുള്ള യുവാക്കളെ സംഘടിപ്പിച്ചുകൊണ്ട് നടപ്പാക്കാവുന്നതാണ്.
മഹല്ലു ശാക്തീകരണം യാഥാര്‍ഥ്യമാക്കുന്നതില്‍ ഉദ്യോഗസ്ഥന്മാര്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ചവര്‍ക്കും പ്രവാസികള്‍ക്കും അഭ്യസ്ഥവിദ്യരായ യുവതീയുവാക്കള്‍ക്കും കാര്യമായ പങ്കുവഹിക്കാന്‍ സാധിക്കും. ഇവരെയൊക്കെ സഹകരിപ്പിക്കാന്‍ മഹല്ല് നേതൃത്വം തയാറാകേണ്ടതുണ്ട്.
വി.എം ഹംസ മാരേക്കാട്
Comments