Prabodhanm Weekly

Pages

Search

2018 മെയ് 25

3053

1439 റമദാന്‍ 09

പൂത്തിട്ടും കായ്ക്കാത്ത അഞ്ച് മരങ്ങള്‍

സി.കെ മുനവ്വിര്‍, ഇരിക്കൂര്‍

ഒന്ന്

വിശന്നിട്ട്

പള്ള കാളുന്നുണ്ട്.

ജീവിക്കാനേറെ

ദാഹവുമുണ്ട്.

എന്നിട്ടും

വിരലുകള്‍

ചോറ്റുപാത്രത്തില്‍നിന്നും

ഉയരുന്നതേയില്ല.

 

 

രണ്ട്

കൊടുക്കാനുള്ളതും

കിട്ടാനുള്ളതും

പ്രത്യേകം പ്രത്യേകം

താളുകളിലെഴുതി.

രണ്ടു താളിലേയും

ഒടുവിലത്തെ വരി

ഒരു പോലെയായിരുന്നു.

'ഈ രാത്രിക്കേറെ

പ്രത്യേകതകളുണ്ട്.'

 

 

മൂന്ന്

ആരും

ഒന്നും കൊടുക്കുന്നുണ്ടായിരുന്നില്ല. 

എന്നിട്ടും

വന്നവര്‍, വന്നവര്‍

പിന്നാലെ, പിന്നാലെ

നിര നിരയായ്

നിന്നുകൊണ്ടേയിരുന്നു.

 

 

നാല്

കുപ്പായമടിക്കാന്‍

കൊടുത്തപ്പോള്‍

ഒറ്റ നിര്‍ദേശം മാത്രമേ

അയാള്‍ പറഞ്ഞുള്ളൂ....

കുപ്പായത്തിനിനി മുതല്‍

കീശ വേണ്ട.

 

 

അഞ്ച്

മണിക്കൂറുകളിടവിട്ട്

മുറിയിലെ ഫോണ്‍

ശബ്ദിച്ചുകൊണ്ടേയിരുന്നു.

കേട്ടതെല്ലാം

ഒന്ന് മറ്റൊന്നിനേക്കാള്‍ ഭീകരം

മുടക്കമില്ലാതെ

മണിക്കൂറു കൂടുമ്പോള്‍

മുറിയിലെ ഫോണ്‍

ഗര്‍ജിച്ചുകൊണ്ടേയിരുന്നു

പക്ഷേ,

ആ ഫോണില്‍നിന്നും

മറ്റൊരു മുറിയിലേക്ക്

ഒരു കോള് പോലും

പോയിട്ടുണ്ടായിരുന്നില്ല

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (54-56)
എ.വൈ.ആര്‍