Prabodhanm Weekly

Pages

Search

2018 മെയ് 25

3053

1439 റമദാന്‍ 09

തകര്‍ക്കാനാവില്ല; ഫലസ്ത്വീന്റെ പോരാട്ടവീര്യം

ലോകമെമ്പാടുമുള്ള ഫലസ്ത്വീനികള്‍ക്ക് നഖ്ബ എന്ന ആ 'മഹാദുരന്ത'ത്തിന്റെ എഴുപതാം വാര്‍ഷികം പറിച്ചെറിയലിന്റെയും വേര്‍പാടിന്റെയും നീറുന്ന ഓര്‍മകളായിരുന്നു. ലക്ഷക്കണക്കിന് ഫലസ്ത്വീനികളെ ആട്ടിയോടിച്ച് സയണിസ്റ്റ് ഭീകരര്‍ രൂപം കൊടുത്ത ഇസ്രയേലിന്റെ എഴുപതാം വാര്‍ഷികം. പലയിടത്തും പ്രതിഷേധസംഗമങ്ങള്‍ അരങ്ങേറി. അധിനിവിഷ്ട ഫലസ്ത്വീനില്‍ കൈയേറ്റം ചെയ്യപ്പെട്ട ഭൂമിയിലേക്ക് 'തിരിച്ചുനടത്ത'വും ഫലസ്ത്വീനികള്‍ പതിവാക്കി. ഈ തിരിച്ചുനടത്തക്കാരെ ഇസ്രയേല്‍ അതിക്രൂരമായാണ് നേരിട്ടുകൊണ്ടിരുന്നത്. പശ്ചിമേഷ്യ ഇത്തരമൊരു സംഘര്‍ഷാവസ്ഥയില്‍ നില്‍ക്കുമ്പോള്‍, അതിനൊരു ശമനം ഉണ്ടാക്കുന്ന എന്തെങ്കിലുമൊരു പ്രസ്താവന അമേരിക്കന്‍ പ്രസിഡന്റില്‍നിന്നുണ്ടാവുമെന്നാണ് ആരും പ്രതീക്ഷിക്കുക; ആ പ്രസ്താവന തനി പൊള്ളയായിരിക്കുമെങ്കിലും. എന്നാല്‍ ഇപ്പോഴത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 'നഖ്ബ' ദിനത്തില്‍ ഫലസ്ത്വീനികളുടെ മുറിവില്‍ മുളക് തേക്കുന്ന നടപടിയുമായാണ് പ്രത്യക്ഷപ്പെട്ടത്. അമേരിക്കന്‍ എംബസി തെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റിയിരിക്കുകയാണ് ട്രംപ്. ഇത് കടുത്ത ധിക്കാരവും അന്താരാഷ്ട്ര വേദികളോടും മുസ്‌ലിം ലോകത്തോടുമുള്ള വഞ്ചനയുമാണെന്ന കാര്യത്തില്‍ സംശയമില്ല. വലതുപക്ഷ തീവ്രവാദിയായ ഇസ്രയേല്‍ പ്രധാനന്ത്രി ബിന്‍യാമിന്‍ നെതന്യാഹുവിന്റെ മുഴുവന്‍ ആഗ്രഹങ്ങളും തന്റെ പ്രസിഡന്റ് കാലാവധി കഴിയുന്നതിനു മുമ്പ് സാധിച്ചുകൊടുക്കാനുള്ള പുറപ്പാടിലാണ് ട്രംപ്. മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാര്‍ പറഞ്ഞുകൊണ്ടിരുന്ന ദ്വിരാഷ്ട്ര തിയറിയൊക്കെ ട്രംപ് എന്നേ വെട്ടിക്കളഞ്ഞിരിക്കുന്നു. ഫലസ്ത്വീന്‍ പ്രശ്‌നം തന്നെ കുഴിച്ചുമൂടാനുള്ള പുറപ്പാടിലാണ് ഇവര്‍.

വീണ്ടുവിചാരമോ ദീര്‍ഘ വീക്ഷണമോ ഒട്ടുമില്ലാത്ത ഈ നീക്കത്തെ ലോകരാഷ്ട്രങ്ങളും വേദികളും അപലപിക്കുകയുണ്ടായെങ്കിലും അതു തണുപ്പന്‍ മട്ടിലുള്ളതായിരുന്നു. ചില രാഷ്ട്രങ്ങള്‍ സമര്‍ഥമായി മൗനത്തിലൊളിച്ചു. പക്ഷേ, ഫലസ്ത്വീനികള്‍ ശക്തമായി തന്നെ പ്രതികരിച്ചു. പ്രതിഷേധിച്ച് തെരുവിലിറങ്ങിയവരെ ഗസ്സയിലും പടിഞ്ഞാറെ കരയിലും ഇസ്രയേല്‍ സൈന്യം അതിക്രൂരമായാണ് നേരിട്ടത്. അറുപതു പേര്‍ മരിച്ചുവീഴുകയും 2771 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെല്‍ അവീവില്‍നിന്ന് തങ്ങളുടെ അംബാസഡറെ പിന്‍വലിച്ച് ദക്ഷിണാഫ്രിക്ക മാതൃക കാട്ടി, അങ്കാറയില്‍നിന്ന് ഇസ്രയേല്‍ അംബാസഡറെ 'കുറച്ചു കാലത്തേക്ക്' പറഞ്ഞുവിട്ട് തുര്‍ക്കിയും. എന്തു വന്നാലും മര്‍ദിതരായ ഫലസ്ത്വീനികള്‍ക്കൊപ്പം നില്‍ക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. മറ്റുള്ള രാഷ്ട്രങ്ങളൊന്നും കാര്യമായ പ്രതികരണത്തിന് മുതിര്‍ന്നിട്ടില്ല. അതേസമയം, എംബസി തെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റുന്ന ചടങ്ങിലേക്ക് 86 രാഷ്ട്രങ്ങളെ ക്ഷണിച്ചിരുന്നുവെങ്കിലും, ചില അപ്രധാന ആശ്രിത രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളേ പങ്കെടുത്തുള്ളൂ.

ആരൊക്കെ അവഗണിച്ചാലും, രഹസ്യമായി സയണിസ്റ്റുകളുമായി കൈകോര്‍ത്താലും ഫലസ്ത്വീനികളുടെ അന്യാദൃശമായ പോരാട്ടവീര്യത്തെ തകര്‍ക്കാനാവില്ല. അമേരിക്കയും ഇസ്രയേലും അവരുടെ കൂട്ടാളികളും കഴിഞ്ഞ എഴുപതു വര്‍ഷമായി അതിന് ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഭൂമി മുഴുവന്‍ കൈവിട്ടുപോയിട്ടും സാമ്രാജ്യത്വ ശക്തികള്‍ക്ക് മുമ്പില്‍ ഏഴു പതിറ്റാണ്ട് പിടിച്ചുനിന്ന ഫലസ്ത്വീന്‍ ജനത ഈ പോരാട്ടം അന്തിമവിജയം വരെ നീട്ടിക്കൊണ്ടുപോവുകതന്നെ ചെയ്യും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (54-56)
എ.വൈ.ആര്‍