Prabodhanm Weekly

Pages

Search

2018 മെയ് 25

3053

1439 റമദാന്‍ 09

ചരിത്രം തിരുത്തിയെഴുതി മലേഷ്യ

പി.കെ. നിയാസ്

ദക്ഷിണ പൂര്‍വേഷ്യയിലെ കരുത്തുറ്റ രാജ്യമായ മലേഷ്യയില്‍ ഈയിടെ നടന്ന പൊതു തെരഞ്ഞെടുപ്പു ഫലം രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിക്കുന്നതായിരുന്നു. ആറു പതിറ്റാണ്ടോളം രാജ്യം ഭരിച്ച യുനൈറ്റഡ് മലായ് നാഷ്‌നല്‍ ഓര്‍ഗനൈസേഷന്‍ (അംനോ) നേതൃത്വം നല്‍കിയ ബാരിസാന്‍ നാഷ്‌നല്‍ മുന്നണിയെ പരാജയപ്പെടുത്തി പ്രതിപക്ഷം അധികാരത്തിലേറിയത് മുഴുവന്‍ പ്രവചനങ്ങളെയും നിഷ്പ്രഭമാക്കിക്കൊണ്ടാണ്. 

പ്രതീക്ഷാ സഖ്യ(പക്താന്‍ ഹാരപാന്‍)മെന്ന പേരില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മഹാതീര്‍ മുഹമ്മദ് നേതൃത്വം നല്‍കിയ പ്രതിപക്ഷ മുന്നണി 222 പാര്‍ലമെന്റ് സീറ്റുകളില്‍ 121 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ഭരണ മുന്നണിയായ ബാരിസാന്‍ നാഷ്‌നലിന് 79 സീറ്റുകളേ ലഭിച്ചുള്ളൂ. കഴിഞ്ഞ തവണ കിട്ടിയ 133 സീറ്റുകളില്‍നിന്നാണ് ഭരണകക്ഷി 79-ലേക്ക് കൂപ്പുകുത്തിയത്. അവര്‍ക്ക് 54 സീറ്റുകള്‍ നഷ്ടപ്പെട്ടു. എന്നാല്‍ പ്രതീക്ഷാ സഖ്യമാകട്ടെ, കഴിഞ്ഞ തവണത്തേക്കാള്‍ 54 സീറ്റുകള്‍ കൂടുതല്‍ നേടി. അബ്ദുല്‍ ഹാദി അവാംഗ് നയിക്കുന്ന ഇസ്‌ലാമിക സഖ്യം (ഗഗാസന്‍ സേജഹതേര) 18 സീറ്റുകളുമായി മൂന്നാം സ്ഥാനത്തെത്തി. ഈ മുന്നണിയില്‍ നാലു പാര്‍ട്ടികളുണ്ടെങ്കിലും മലേഷ്യന്‍ ഇസ്‌ലാമിക് പാര്‍ട്ടിക്ക് (പാസ്) മാത്രമേ വിജയിക്കാനായുള്ളൂ. അവര്‍ക്ക് കഴിഞ്ഞ തവണത്തേക്കാള്‍ മൂന്നു സീറ്റുകളുടെ കുറവുണ്ടായി.

ഇരുപത്തിരണ്ടു കൊല്ലം തുടര്‍ച്ചയായി മലേഷ്യയുടെ പ്രധാനമന്ത്രി പദവി വഹിച്ച മഹാതീര്‍ മുഹമ്മദ് തന്റെ 92-ാം വയസ്സില്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ലോകത്തിലെ ഏറ്റവും പ്രായമുള്ള പ്രധാനമന്ത്രിയായി. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ റെക്കോര്‍ഡാണ് അദ്ദേഹം മറികടന്നത്. എന്നാല്‍, അതിലേറെ അമ്പരപ്പിക്കുന്ന മറ്റൊരു കാര്യം, താന്‍ കൂടി കഠിനാധ്വാനം ചെയ്ത് വളര്‍ത്തിയ അംനോക്കും ബാരിസാന്‍ മുന്നണിക്കും എതിരെ മത്സരിച്ചാണ് മഹാതീര്‍ ഒരു ഇടവേളക്കുശേഷം വീണ്ടും പ്രധാനമന്ത്രി പദവിയില്‍ എത്തിയത് എന്നതാണ്. താന്‍ ഉപപ്രധാനമന്ത്രിയായി വാഴിക്കുകയും തന്റെ അപ്രമാദിത്വം ചോദ്യം ചെയ്‌തേക്കുമോ എന്ന ഭീതിയില്‍ ലൈംഗികാരോപണം ഉന്നയിച്ച് ജയിലില്‍ അടക്കുകയും ചെയ്ത അന്‍വര്‍ ഇബ്‌റാഹീം രൂപം കൊടുത്ത മുന്നണിയുടെ ബാനറിലാണ് മഹാതീര്‍ മത്സരിച്ചത് എന്നതാണ് കൗതുകകരമായ മറ്റൊരു കാര്യം. മൂന്നു പാര്‍ട്ടികളുള്ള പകാതന്‍ ഹാരപനെ നയിച്ചത് മഹാതീറായിരുന്നെങ്കിലും മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായ പീപ്പ്ള്‍സ് ജസ്റ്റിസ് പാര്‍ട്ടി നേതാക്കളായ അന്‍വര്‍ ഇബ്‌റാഹീമും പത്‌നി വാന്‍ അസീസയുമായിരുന്നു നേതൃത്വത്തിലുണ്ടായിരുന്ന പ്രമുഖര്‍. മാത്രമല്ല, അന്‍വര്‍ ഇബ്‌റാഹീമിന്റെ പാര്‍ട്ടിയാണ് 50 സീറ്റുകളുമായി മുന്നണിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയത്. വാന്‍ അസീസയും മൂത്ത മകള്‍ നൂറുല്‍ ഇസ്സയും വീണ്ടും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രമുഖരാണ്. മഹാതീറിന്റെ മലേഷ്യന്‍ യുനൈറ്റഡ് ഇന്‍ഡീജനസ് പാര്‍ട്ടിക്ക് 13 സീറ്റുകളാണ് കിട്ടിയത്. അതുകൊണ്ടു തന്നെ അന്‍വര്‍ ഇബ്‌റാഹീം ജയില്‍മോചിതനായി വരികയും വോട്ടെടുപ്പില്‍ ജയിക്കുകയും ചെയ്താല്‍ പ്രധാനമന്ത്രി പദവി അദ്ദേഹത്തിന് നല്‍കുമെന്ന മഹാതീറിന്റെ പ്രഖ്യാപനം ന്യായമാണ്. വാന്‍ അസീസ ഉപപ്രധാനമന്ത്രിയാകും. മുന്നണിയിലെ പ്രബലമായ രണ്ടാം കക്ഷിയായി മാറിയത് 42 സീറ്റുകളോടെ ചൈനീസ് വംശജര്‍ക്ക് മുന്‍തൂക്കമുള്ള ഡെമോക്രാറ്റിക് ആക്ഷന്‍ പാര്‍ട്ടിയാണ്. ഗവണ്‍മെന്റ് മെഷിനറികളെയും മാധ്യമങ്ങളെയും വിലയ്‌ക്കെടുത്ത് ഭരണ മുന്നണി നടത്തിയ സകല പ്രചാരണങ്ങളെയും തകര്‍ത്താണ് ജനം പ്രതിപക്ഷ മുന്നണിയെ വിജയിപ്പിച്ചത്.

 

അന്‍വറിന്റെ പ്രായോഗിക രാഷ്ട്രീയം

ഇസ്‌ലാമിക വേരുകളുള്ള രാഷ്ട്രീയ നേതാവാണ് അന്‍വര്‍ ഇബ്‌റാഹീം. 1968-ല്‍ നാഷ്‌നല്‍ യൂനിയന്‍ ഓഫ് മലേഷ്യന്‍ മുസ്‌ലിം സ്റ്റുഡന്റ്‌സ് എന്ന സംഘടനയുടെ പ്രസിഡന്റായി രംഗത്തുവന്ന അന്‍വര്‍ ഇബ്‌റാഹീം ഏറെ ശ്രദ്ധേയനാകുന്നത് 1971-ല്‍ അംഗാതന്‍ ബെലിയ ഇസ്‌ലാം മലേഷ്യ (അബിം) എന്ന ഇസ്‌ലാമിസ്റ്റ് സംഘടനയുടെ രൂപീകരണത്തോടെയാണ്. മലേഷ്യന്‍ ഗ്രാമങ്ങളില്‍ നിലനിന്ന ദാരിദ്ര്യത്തിനെതിരെ പട്ടിണി പ്രക്ഷോഭം നയിച്ച് ജയില്‍വാസം അനുഷ്ഠിച്ച അന്‍വര്‍ 1982-ല്‍ അംനോയില്‍ ചേര്‍ന്നത് അനുയായികളെ അമ്പരപ്പിച്ചു. മഹാതീര്‍ മുഹമ്മദ് പ്രധാനമന്ത്രിയായതിനു തൊട്ടടുത്ത വര്‍ഷമായിരുന്നു ഈ കൂടുമാറ്റം. ഏതു പാര്‍ട്ടിയുടെ ജനവിരുദ്ധ ഭരണത്തിനെതിരെയാണോ താന്‍ പ്രക്ഷോഭം നയിച്ചത്, അതേ പാര്‍ട്ടിയില്‍ ചേര്‍ന്നുകൊണ്ടുള്ള അന്‍വറിന്റെ നയംമാറ്റത്തിന്റെ ആവര്‍ത്തനമാണ് തന്നെ ജയിലിലടച്ച മഹാതീറുമായി വീണ്ടും സഖ്യത്തിലായതിലൂടെ സംഭവിച്ചിരിക്കുന്നത് എന്നത് യാദൃഛികമാവാം. അംനോയില്‍ ചേര്‍ന്ന അടുത്ത വര്‍ഷം തന്നെ അന്‍വര്‍ ഇബ്‌റാഹീം സാംസ്‌കാരിക, യുവജന, സ്‌പോര്‍ട്‌സ് മന്ത്രിയായി.

ജയിലില്‍ അടക്കപ്പെട്ടെങ്കിലും താന്‍ രാഷ്ട്രീയ വനവാസത്തിനില്ലെന്ന് വ്യക്തമാക്കിയാണ് പീപ്പ്ള്‍സ് ജസ്റ്റിസ് പാര്‍ട്ടി (പി.കെ.ആര്‍) എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് അന്‍വര്‍ ഇബ്‌റാഹീം രൂപംനല്‍കുന്നത്. ഭാര്യ ഡോ. വാന്‍ അസീസ വാനും മൂത്ത മകള്‍ നൂറുല്‍ ഇസ്സയും ചേര്‍ന്നാണ് അന്‍വറിന്റെ അഭാവത്തില്‍ പാര്‍ട്ടിയെ നയിച്ചത്. 2008-ലെ തെരഞ്ഞെടുപ്പില്‍ പക്താന്‍ റക്‌യാത് എന്ന പേരില്‍ അന്‍വര്‍ രൂപം നല്‍കിയ മുന്നണിയില്‍ ഇസ്‌ലാമിസ്റ്റുകളായ പാസും ഡി.എ.പിയും ചേര്‍ന്നു. അംനോ നേതൃത്വം നല്‍കുന്ന ബാരിസന്‍ മുന്നണിക്ക് ചരിത്രത്തില്‍ ഏറ്റവും വലിയ തിരിച്ചടി നല്‍കാന്‍ ഈ മുന്നണിക്ക് കഴിഞ്ഞു. മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് ബാരിസാന് നഷ്ടമായത്. പക്താന്‍ റക്‌യാത് നേടിയ 82 സീറ്റുകളില്‍ 23-ഉം പാസിന്റെ സംഭാവനയായിരുന്നു. അംനോയിലെ മുസ്‌ലിം പണ്ഡിതന്മാര്‍ ചേര്‍ന്ന് രൂപീകരിച്ച ഇസ്‌ലാമിക സംഘടനയാണ് പാര്‍ട്ടി ഇസ്‌ലാം സെ മലേഷ്യ അഥവാ പാസ്. മലേഷ്യയിലെ പ്രമുഖ സംസ്ഥാനമായ കെലന്തനില്‍ 1959 മുതല്‍ 1978 വരെയും 1990 മുതലിങ്ങോട്ടും പാസ് ഭരണം നിലനിര്‍ത്തിവരുന്നു. ഇത്തവണ തെരംഗാനു സംസ്ഥാന ഭരണം പിടിച്ചെടുക്കാനും പാര്‍ട്ടിക്ക് കഴിഞ്ഞു. 2013-ലെ ഇലക്ഷനിലും 89 സീറ്റുകളുമായി മുന്നണി മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ പാസിലുണ്ടായ പിളര്‍പ്പും അന്‍വറിന്റെ പാര്‍ട്ടിയുമായി വിവിധ വിഷയങ്ങളിലുണ്ടായ അഭിപ്രായ ഭിന്നതകളും കാരണം പാസ്, അന്‍വറുമായുള്ള ബന്ധം വിടുകയും ഇത്തവണ പുതിയ മുന്നണി രൂപീകരിച്ച് മത്സരിക്കുകയുമായിരുന്നു. ഇഖ്‌വാനുല്‍ മൂസ്‌ലിമൂനുമായി ബന്ധം പുലര്‍ത്തുന്ന പാസിന് ക്ഷീണം തട്ടിയിട്ടില്ലെന്നാണ് ഇലക്ഷന്‍ ഫലം വ്യക്തമാക്കുന്നത്. പക്താന്‍ റക്‌യാത് പിരിച്ചുവിട്ട് പക്താന്‍ ഹാരപാന്‍ എന്ന പുതിയ മുന്നണിക്ക് രൂപം നല്‍കിയ അന്‍വറിന്റെ ഇലക്ഷന്‍ തന്ത്രമാണ് പക്ഷേ വിജയിച്ചത്.

 

മഹാതീര്‍ യുഗം

ഇരുപത്തിരണ്ടു വര്‍ഷം തുടര്‍ച്ചയായി പ്രധാനമന്ത്രി പദവിയില്‍ ഇരുന്ന് മലേഷ്യയെ ആധുനികവത്കരിച്ച നേതാവാണ് മഹാതീര്‍ എന്നതില്‍ സംശയമില്ല. ലോകത്തിലെ തന്നെ ഉയരം കൂടിയ പെട്രോണാസ് ഇരട്ട ടവറുകള്‍, പുതിയ അന്താരാഷ്ട്ര വിമാനത്താവളം, പുത്രജയ എന്ന പുതിയ ഭരണ തലസ്ഥാനം, സൈബര്‍ജയ എന്ന പേരില്‍ ഇന്റര്‍നെറ്റ് സിറ്റി തുടങ്ങി മഹാതീര്‍ ഭരണത്തില്‍ മലേഷ്യ അക്ഷരാര്‍ഥത്തില്‍ മൂന്നാം ലോക രാജ്യ പട്ടികയില്‍നിന്ന് വികസ്വര രാജ്യ പദവിയിലേക്ക് ഉയരുകയായിരുന്നു. താന്‍ ഉള്‍പ്പെടുന്ന മലായ് വംശജരെയും ചൈനീസ്, ഇന്ത്യന്‍ വംശജരെയും ഒരുമിപ്പിച്ചു കൊണ്ടുപോകാന്‍ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. അഴിമതിക്കെതിരെ സന്ധിയില്ലാ സമരം നടത്തിയ മഹാതീര്‍ പക്ഷേ, പലപ്പോഴും ഒരു ഏകാധിപതിയുടെ റോളിലാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. തന്റെ അപ്രമാദിത്വത്തിന് ഇളക്കം തട്ടുന്ന എല്ലാ നീക്കങ്ങളും അദ്ദേഹം മുളയിലേ നുള്ളിക്കളഞ്ഞു. മലേഷ്യയില്‍ സുല്‍ത്താന്മാര്‍ക്കുണ്ടായിരുന്ന അധികാരം വെട്ടിക്കുറക്കാനും നീതിപീഠങ്ങളെപ്പോലും മറികടന്ന് പ്രവര്‍ത്തിക്കാനും അദ്ദേഹം തുനിഞ്ഞത് ഏകാധിപത്യത്തിന്റെ ലക്ഷണങ്ങളായിരുന്നു.

നേതൃസ്ഥാനത്തേക്ക് താന്‍ കൈപിടിച്ചുയര്‍ത്തിയവരെയൊക്കെ പിന്നീട് താഴെയിടാനും അവര്‍ക്കെതിരെ ഗൂഢാലോചനകള്‍ നടത്തി ജയിലില്‍ അടയ്ക്കാനും  മടികാണിക്കാതിരുന്ന ആളാണ് മഹാതീര്‍. 1992 മുതല്‍ 98 വരെ അദ്ദേഹം ഉപപ്രധാനമന്ത്രിയായി നിയമിച്ച ധനമന്ത്രി കൂടിയായിരുന്ന അന്‍വര്‍ ഇബ്‌റാഹീമിനെ ലൈംഗിക കുറ്റം ചുമത്തി വര്‍ഷങ്ങളോളം കാരാഗൃഹത്തിലടച്ചത് മഹാതീറിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പാളിച്ചകളിലൊന്നായിരുന്നു. അന്‍വര്‍ തിളങ്ങിനില്‍ക്കുന്ന കാലത്തായിരുന്നു ഈ നടപടി. ന്യൂസ് വീക്ക് വാരിക 'ഏഷ്യന്‍ ഓഫ് ദി ഇയര്‍' ആയി തെരഞ്ഞടുത്തതിനു തൊട്ടുപിന്നാലെയാണ് രാഷ്ട്രീയത്തില്‍നിന്ന് കാരാഗൃഹത്തിലേക്ക് അന്‍വര്‍ ഇബ്‌റാഹീം എടുത്തെറിയപ്പെട്ടത്. അന്‍വറിനെ പുറത്താക്കിയ ശേഷം അബ്ദുല്ല അഹ്മദ് ബദവിയെ ഉപപ്രധാനമന്ത്രിയാക്കിയ മഹാതീര്‍, 2002-ല്‍ തന്റെ റിട്ടയര്‍മെന്റിനുശേഷം അദ്ദേഹത്തെ പ്രധാനമന്ത്രിയുമാക്കി. 2004-ലെ തെരഞ്ഞെടുപ്പില്‍ അബ്ദുല്ലയുടെ നേതൃത്വത്തില്‍ അംനോ തിളക്കമാര്‍ന്ന വിജയം നേടുകയും പ്രധാന മന്ത്രി പദവിയില്‍ അദ്ദേഹം തുടരുകയും ചെയ്തു. എന്നാല്‍, 2008-ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഭൂരിപക്ഷം കുറഞ്ഞു. ഇതിനകം മഹാതീറിന്റെ ഫേവറിറ്റ് ലിസ്റ്റില്‍ അബ്ദുല്ലക്ക് ഇടം നഷ്ടപ്പെട്ടിരുന്നു. 

മലേഷ്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്ന അബ്ദുര്‍റസാഖ് ഹുസൈന്റെ പുത്രന്‍ നജീബ് റസാഖായിരുന്നു മഹാതീറിന്റെ പുതിയ നോമിനി. പാര്‍ട്ടിയില്‍ തനിക്കുള്ള ഉന്നത സ്ഥാനം മുതലെടുത്ത് മഹാതീര്‍ അണിയറ പ്രവര്‍ത്തനം തുടങ്ങിയതോടെ നജീബ് റസാഖും മഹാതീറിന്റെ സൂക്ഷ്മമായ സ്‌കാനിംഗിന് വിധേയനായി. 2013-ലെ തെരഞ്ഞെടുപ്പില്‍ ജയിച്ച് നജീബ് രണ്ടാം വട്ടവും പ്രധാനമന്ത്രിയായതോടെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി. ഗവണ്‍മെന്റ് സബ്‌സിഡികള്‍ വെട്ടിക്കുറച്ചായിരുന്നു തുടക്കം. ആറു ശതമാനം ജി.എസ്.ടി നടപ്പിലാക്കി. വിദേശ നിക്ഷേപങ്ങള്‍ക്കുള്ള നിയന്ത്രണം എടുത്തുമാറ്റുകയും മലായ് വംശജര്‍ക്ക് വാണിജ്യ-വ്യവസായ മേഖലകളില്‍ പ്രത്യേക ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇത് ചൈനീസ്, തമിഴ് വംശജരില്‍ വ്യാപകമായ രോഷമുണ്ടാക്കി. രാജ്യദ്രോഹ കുറ്റം ആരോപിച്ച് രാഷ്ട്രീയ നേതാക്കളെ അഴിക്കുള്ളിലാക്കിയ നജീബ്,. തനിക്ക് ഭീഷണിയായേക്കാവുന്ന പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്‌റാഹീമിനെ സ്വവര്‍ഗ രതി ആരോപണം ചുമത്തി വീണ്ടും ജയിലിലടച്ചു. അങ്ങനെ ഉപപ്രധാനമന്ത്രി പദവിയിലും പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും ജയിലില്‍ പോകേണ്ട ദുര്യോഗമായിരുന്നു അന്‍വറിന്.

 

1 എം.ഡി.ബി അഴിമതി

നജീബ് അബ്ദുര്‍റസാഖിന്റെ ഭരണത്തിലെ ഏറ്റവും വലിയ അഴിമതി 1 എം.ഡി.ബി(1 ങമഹമ്യശെമ ഉല്‌ലഹീുാലി േആലൃവമറ)യുമായി ബന്ധപ്പെട്ടതാണ്. തലസ്ഥാനമായ ക്വാലാലമ്പൂരിനെ സാമ്പത്തിക കേന്ദ്രമാക്കാനും വന്‍കിട വിദേശ നിക്ഷേപങ്ങളിലൂടെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താനുമായി 2009-ലാണ് 1 എം.ഡി.ബി രൂപം കൊള്ളുന്നത്. എന്നാല്‍ ആറു കൊല്ലമാകുമ്പോഴേക്ക് തികച്ചും വിപരീത ദിശയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയത്. ബാങ്കുകള്‍ക്കും ബോണ്ട് ഉടമകള്‍ക്കും 1100 കോടി ഡോളര്‍ അടച്ചുവീട്ടേണ്ട അവസ്ഥയിലാണ് എം.ഡി.ബിയെന്ന് വ്യക്തമായി. 1 എം.ഡി.ബി അക്കൗണ്ടില്‍നിന്ന് 450 കോടി ഡോളര്‍ അപ്രത്യക്ഷമായെന്നും അതില്‍ 70 കോടി ഡോളര്‍ നജീബിന്റെ ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിച്ചതെന്നും വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്നു കോടി ഡോളര്‍ നജീബിന്റെ ഭാര്യ റോസ്മ മന്‍സൂറിന് ആഭരണങ്ങള്‍ വാങ്ങാനാണ് വിനിയോഗിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ നജീബ് റസാഖ് നിഷേധിച്ചെങ്കിലും അമേരിക്കയിലും മറ്റു ചില രാജ്യങ്ങളിലും അദ്ദേഹത്തിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.

നജീബ് അബ്ദുര്‍റസാഖിനെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ കള്ളനെന്നും കൊള്ളക്കാരനെന്നും വിളിച്ചാണ് മഹാതീര്‍ ആഞ്ഞടിച്ചത്. മുന്‍ പ്രധാനമന്ത്രിക്കെതിരെ അന്വേഷണം നടത്താന്‍ മതിയായ തെളിവുകളുണ്ടെന്ന് തീര്‍ത്തുപറഞ്ഞ മഹാതീര്‍, തെരഞ്ഞെടുപ്പിനു ശേഷം ഇന്തോനേഷ്യയില്‍ വിശ്രമ ജീവിതം നയിക്കാന്‍ സ്വകാര്യ ജെറ്റ് വിമാനത്തില്‍ രാജ്യം വിടാന്‍ ഒരുങ്ങവെ നജീബിനും ഭാര്യക്കും യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത് വിഷയം പെട്ടെന്ന് അന്വേഷിക്കാനും പ്രോസിക്യൂഷന്‍ നടപടികളുമായി മുന്നോട്ടുപോകാനുമാണ് ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത് എന്നതിന് തെളിവാണ്, നജീബ് റസാഖിന്റെ അടുത്തയാളായിരുന്ന അറ്റോര്‍ണി ജനറല്‍ മുഹമ്മദ് അപന്‍ദി അലിയോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടത്. നജീബിന്റെ അഴിമതി അന്വേഷിക്കാന്‍ കൂട്ടാക്കിയില്ല എന്ന ഗുരുതരമായ ആരോപണമാണ് അപന്‍ദി നേരിടുന്നത്.

പ്രമുഖ സാമൂഹിക നിരീക്ഷകനും ആക്റ്റിവിസ്റ്റുമായ ഡോ. ചന്ദ്ര മുസാഫിര്‍ ടൈം വാരികയില്‍ എഴുതി: 'മഹാതീറിനു കീഴില്‍ മലേഷ്യക്ക് അങ്ങേയറ്റത്തെ രാഷ്ട്രീയ സ്ഥിരത ഉണ്ടായി. അട്ടിമറിയോ രക്തച്ചൊരിച്ചിലോ ഉണ്ടായില്ല. അദ്ദേഹം ജനാധിപത്യവാദി ആയിരുന്നില്ല. അതേസമയം ഒരു പൂര്‍ണ ഏകാധിപതിയെന്ന് വിളിക്കാനുമാവില്ല. അധികാരം നിലനിര്‍ത്താന്‍ പോലീസിനെയോ പട്ടാളത്തെയോ മഹാതീര്‍ ഉപയോഗിച്ചില്ല. ഒരു തവണ ഏഷ്യാ വീക്ക് വാരിക ഏഷ്യയിലെ ഏറ്റവും ശക്തനായ നാലാമത്തെ വ്യക്തിത്വമായി തെരഞ്ഞെടുത്തത് അദ്ദേഹത്തെയായിരുന്നു. കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്ന മഹാതീര്‍ പലപ്പോഴും വാഷിംഗ്ടണിനെ ചൊടിപ്പിച്ചിട്ടുണ്ട്.''

തനിക്ക് രാഷ്ട്രീയത്തില്‍ പാളിച്ചകള്‍ പറ്റിയിട്ടുണ്ടാകാമെന്നും എന്നാല്‍ അന്‍വറിനെ പുറത്താക്കുകയും ശിക്ഷിക്കുകയും ചെയ്തത് അതില്‍ ഉള്‍പ്പെടില്ലെന്നുമാണ് മഹാതീര്‍ പല ഘട്ടങ്ങളിലും പറഞ്ഞത്. അ ഉീരീേൃ ശി വേല ഒീൗലെ എന്ന പുസ്തകത്തില്‍ അദ്ദേഹം എഴുതി: 'അന്‍വറിനെ പുറത്താക്കിയത് അദ്ദേഹം എന്നെ സ്ഥാനഭ്രഷ്ടനാക്കുമെന്ന ഭയത്താലായിരുന്നു എന്ന വാദത്തിന് ഒരടിസ്ഥാനവുമില്ല. രണ്ട് കാരണങ്ങളാലാണ് ഞാന്‍ അന്‍വറിനെ പുറത്താക്കിയത്. ഗവണ്‍മെന്റില്‍ തുടരാനും എന്റെ പിന്തുടര്‍ച്ചക്കാരനായി പ്രധാനമന്ത്രി പദവി അലങ്കരിക്കാനും അദ്ദേഹം യോഗ്യനല്ലാതായി എന്നതാണ് പ്രസ്തുത കാരണങ്ങള്‍.'

അന്‍വറിനെപ്പറ്റി പറഞ്ഞത് മാറ്റിപ്പറയാനൊന്നും മഹാതീര്‍ ഇതുവരെ തയാറായിട്ടില്ല. എന്നാല്‍ അദ്ദേഹത്തിനും കുടുംബത്തിനുമുണ്ടായ പ്രയാസങ്ങളില്‍ സങ്കടമുണ്ടെന്ന് ഒരഭിമുഖത്തില്‍ മഹാതീര്‍ പറഞ്ഞിരുന്നു. ഭര്‍ത്താവിന്റെ രാഷ്ട്രീയ ജീവിതം തകര്‍ക്കാന്‍ ശ്രമിച്ച മഹാതീറുമായി സഖ്യ ഗവണ്‍മെന്റുണ്ടാക്കുന്നതിനെ കുറിച്ച് അന്‍വറിന്റെ ഭാര്യ വാന്‍ അസീസ സ്‌ട്രെയിറ്റ് ടൈംസിനോട് പറഞ്ഞു: ''അദ്ദേഹത്തെ (മഹാതീര്‍) അംഗീകരിക്കുക എളുപ്പമായിരുന്നില്ല. എന്നാല്‍ അദ്ദേഹം കൂറേ മാറിയെന്നാണ് കരുതുന്നത്. മലേഷ്യയെ രക്ഷിക്കാന്‍ അനിവാര്യമായ നടപടിയായാണ് ഈ സഖ്യത്തെ ഞങ്ങള്‍ കാണുന്നത്.''

അന്‍വര്‍ ഇബ്‌റാഹീം ഇപ്പോള്‍ ജയില്‍ മോചിതനായിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുന്നതോടെ മലേഷ്യയുടെ കടിഞ്ഞാണ്‍ അന്‍വര്‍ ഇബ്‌റാഹീമിന്റെ കരങ്ങളില്‍ വന്നു ചേരുമെന്ന് പ്രതീക്ഷിക്കാം. തനിക്ക് ആരോടും പ്രതികാരമില്ലെന്ന് മഹാതീറുമായി സഖ്യത്തിലെത്തിയതോടെ അന്‍വര്‍ തെളിയിച്ചുകഴിഞ്ഞു. പ്രകൃതിരമണീയമായ മലേഷ്യയെ അഴിമതിമുക്തവും ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതുമായ ഭരണത്തിലേക്ക് നയിക്കുകയെന്ന ഭാരിച്ച ദൗത്യമാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (54-56)
എ.വൈ.ആര്‍