Prabodhanm Weekly

Pages

Search

2018 മെയ് 25

3053

1439 റമദാന്‍ 09

ഖുര്‍ആന്റെ സമകാലിക വായന

ടി.കെ ഉബൈദ്

വിശുദ്ധ ഖുര്‍ആനിനെ നമുക്ക് മൂന്നു വിധത്തില്‍ സമീപിക്കാം. ഖുര്‍ആന്‍ പ്രപഞ്ചനാഥനായ അല്ലാഹുവിങ്കല്‍നിന്ന് അവതീര്‍ണമായ വചനങ്ങളാണെന്നും, മനുഷ്യന്‍ ആരാണെന്നും അവന്റെ ജീവിതത്തിന്റെ ലക്ഷ്യം എന്താണെന്നും ആ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കേണ്ടത് എങ്ങനെയാണെന്നും അല്ലാഹു തന്നെ നേരിട്ടു പറഞ്ഞുതരുകയാണ് ഈ വചനങ്ങളിലൂടെ എന്നും ദൃഢമായി വിശ്വസിച്ചുകൊണ്ട് ഖുര്‍ആനിനെ സമീപിക്കുകയാണ് ഒന്ന്. മുന്‍ധാരണകളൊന്നുമില്ലാതെ നിഷ്‌കളങ്കവും ആത്മാര്‍ഥവുമായ സത്യാന്വേഷണ താല്‍പര്യത്തോടെ ഖുര്‍ആന്‍ വായിക്കുകയാണ് രണ്ടാമത്തെ സമീപനം. ഏതോ മനുഷ്യന്റെ ചിന്തകളും അഭിരുചികളും ഭാവനകളും മാത്രമാണ് ഖുര്‍ആന്‍ എന്ന മുന്‍ധാരണയോടെ വായിക്കുകയാണ് മൂന്നാമത്തെ സമീപനം. ഖുര്‍ആന്റെ അവതരണകാലം മുതല്‍ ഇന്നുവരെ ഈ മൂന്നു വിധത്തിലുള്ള വായനകളും നിര്‍ബാധം നടക്കുന്നുണ്ട്.

ഇക്കൂട്ടത്തില്‍ ഒന്നാമതായി പറഞ്ഞതാണ് ഏറ്റവും ശ്രേഷ്ഠവും രചനാത്മകവുമായ സമീപനം. ഖുര്‍ആന്‍ പ്രഥമമായി ലക്ഷ്യമിടുന്നത് അത്തരം വായനക്കാരെയാണ്. സൂറ അല്‍ബഖറ 2-5 സൂക്തങ്ങള്‍ അക്കാര്യം ഇപ്രകാരം വ്യക്തമാക്കിയിരിക്കുന്നു:

''നിസ്സംശയം, ദൈവഭക്തന്മാര്‍ക്ക് സന്മാര്‍ഗദര്‍ശകമായിട്ടുള്ള വിശുദ്ധ വേദപുസ്തകമാണിത്. അതിഭൗതിക യാഥാര്‍ഥ്യങ്ങളില്‍ വിശ്വസിക്കുന്നവരും മുറ പ്രകാരം നമസ്‌കരിക്കുന്നവരും അല്ലാഹു അരുളിയ വിഭവങ്ങളില്‍നിന്ന് സല്‍ക്കാര്യങ്ങളില്‍ ചെലവഴിക്കുന്നവരുമത്രെ ആ ദൈവഭക്തന്മാര്‍. അന്ത്യപ്രവാചകന്നും അദ്ദേഹത്തിനു മുമ്പും അവതീര്‍ണമായ വേദങ്ങളിലൊക്കെയും അവര്‍ വിശ്വസിക്കുന്നു. പരലോകത്തെക്കുറിച്ചാകട്ടെ ദൃഢബോധ്യമുള്ളവരാണവര്‍. സ്വന്തം വിധാതാവിങ്കല്‍ സന്മാര്‍ഗം ലഭിച്ചവരത്രെ അക്കൂട്ടര്‍. അവര്‍ തന്നെയാകുന്നു ജീവിതം സഫലമാക്കുന്നവര്‍.'' ഈ സൂക്തങ്ങള്‍ സൂചിപ്പിക്കുന്ന വിശ്വാസങ്ങളോടും നിലപാടുകളോടും കൂടി ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരെ അത് മാനസികമായി സമുജ്ജ്വലമായ ഒരനുഭൂതിമണ്ഡലത്തിലേക്ക് നയിക്കുന്നു. അവരുടെ മനസ്സിനെയും മസ്തിഷ്‌കത്തെയും അതു വിമലീകരിക്കുന്നു. ബുദ്ധിയും വികാരവും പ്രകാശപൂരിതമാക്കുന്നു. ആ പ്രകാശത്തില്‍ അവര്‍ സ്വന്തം അസ്തിത്വവും അതിന്റെ ലക്ഷ്യവും തിരിച്ചറിയുന്നു. ആ തിരിച്ചറിവ് അവരെ രോമാഞ്ചമണിയിക്കുകയും മനസ്സിനെ തരളിതമാക്കുകയും ചെയ്യുന്നു. 

''ഈ ദൈവദൂതന് അവതരിച്ച വേദസൂക്തങ്ങള്‍ കേള്‍ക്കുമ്പോള്‍ സത്യബോധത്താല്‍ അവരുടെ നയനങ്ങള്‍ നിറഞ്ഞൊഴുകുന്നതു കാണാം. അവര്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കും; നാഥാ, ഞങ്ങള്‍ ഈ സത്യത്തില്‍ വിശ്വസിച്ചിരിക്കുന്നു. സത്യസാക്ഷികളുടെ ഗണത്തില്‍ ഞങ്ങളെ രേഖപ്പെടുത്തേണമേ!''(5:83).

''ഹൃദയാവര്‍ജകമായ വചനങ്ങളത്രെ അല്ലാഹു അവതരിപ്പിച്ചിട്ടുള്ളത്. ഘടകങ്ങളൊക്കെയും ഒന്നിനൊന്ന് ചേര്‍ന്നുനില്‍ക്കുന്നതും പ്രമേയങ്ങള്‍ ആവര്‍ത്തിച്ചുറപ്പിക്കപ്പെട്ടതുമായ വേദം. അതിന്റെ ശ്രവണവും പാരായണവും ദൈവഭയമുള്ളവരെ രോമാഞ്ചമണിയിക്കുന്നു. പിന്നെ മനസ്സും ശരീരവും തരളിതമായി അവര്‍ ദൈവവിചാരത്തിലലിയുന്നു. ഇതത്രെ അല്ലാഹുവിങ്കല്‍നിന്നുള്ള സന്മാര്‍ഗ ലബ്ധി''(39:23).

ഖുര്‍ആനോട് സ്വീകരിക്കപ്പെടുന്ന രണ്ടാമത്തെ സമീപനം അഥവാ നിഷ്‌കളങ്കമായ സത്യാന്വേഷണ താല്‍പര്യത്തോടെയുള്ള ഖുര്‍ആന്‍ വായനയും, രചനാത്മകവും പ്രയോജനപ്രദവുമാകുന്നു. ഭൗതിക ചിന്തകളുടെയും ആസക്തികളുടെയും പാരമ്പര്യ ആചാര വിശ്വാസങ്ങളുടെയും അന്ധമായ ദേശീയ വികാരത്തിന്റെയുമൊക്കെ ബന്ധനങ്ങളില്‍നിന്ന് മുക്തമായി സത്യം കണ്ടെത്തണമെന്ന അഭിവാഞ്ഛയോടെ ഖുര്‍ആന്‍ വായിക്കുന്നവര്‍ക്ക് ആ വചനങ്ങള്‍ സത്യത്തിന്റെ പൊന്‍പ്രഭ ചൊരിയുന്നതായി അനുഭവപ്പെടുന്നു. തുടര്‍ന്ന് അവരും മാനസികമായി ആദ്യം പറഞ്ഞ വിഭാഗത്തിന്റെ അനുഭൂതി മണ്ഡലത്തിലേക്ക് നയിക്കപ്പെടുന്നു. ഇങ്ങനെ സത്യം അന്വേഷിക്കുന്നവരോടാണ് അല്ലാഹു പറയുന്നത്:  

''നാമിതാ നിങ്ങള്‍ക്ക് ഒരു വേദമയച്ചുതന്നിരിക്കുന്നു. നിങ്ങള്‍ക്കുള്ള ഉദ്‌ബോധനമാണതിലുള്ളത്. നിങ്ങള്‍ ബുദ്ധിപൂര്‍വം മനസ്സിലാക്കുന്നില്ലയോ?'' (21:10). ''വചനങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുകയും എന്നിട്ട് അതില്‍ വിശിഷ്ടമായതിനെ പിന്തുടരുകയും ചെയ്യുന്ന എന്റെ ദാസന്മാര്‍ക്ക് സുവിശേഷം. അവരാകുന്നു അല്ലാഹു സന്മാര്‍ഗമരുളിയവര്‍. സദ്ബുദ്ധിയുള്ളവരും അവര്‍തന്നെ''(39:18). ''ജനത്തിനാകമാനമുള്ള വിളംബരവും ദൈവഭക്തന്മാര്‍ക്ക് മാര്‍ഗദര്‍ശനവും സദുപദേശവുമാണിത്''(3:138). ഈ പൊതു വിളംബരം എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാവുന്നതും ഉപയോഗപ്പെടുത്താവുന്നതുമാണ്.

''ജനങ്ങളുടെ ഉദ്‌ബോധനത്തിനു വേണ്ടി ഈ ഖുര്‍ആന്‍ അല്ലാഹു ലളിതമാക്കിയിരിക്കുന്നു. ഉദ്ബുദ്ധരാവാന്‍ താല്‍പര്യമുള്ളവരുണ്ടോ?''(54:17). മുന്‍വിധികൡാതെ, നിഷ്‌കപടമായ സത്യാന്വേഷണബോധത്തോടെ സമീപിക്കുന്നവരെ എക്കാലത്തും ഖുര്‍ആന്‍ ഹഠാദാകര്‍ഷിക്കുന്നു. പാശ്ചാത്യ ലോകത്തും പൗരസ്ത്യ ലോകത്തും ഈ രീതിയില്‍ ഖുര്‍ആന്‍ വായിക്കുന്നവര്‍ ഇന്നും അതുന്നയിക്കുന്ന ആദര്‍ശങ്ങളുടെയും ജീവിതക്രമത്തിന്റെയും വാഹകരും വക്താക്കളുമായി മാറിക്കൊണ്ടിരിക്കുന്നു.

സങ്കുചിതമായ മുന്‍വിധികളോടെ ഖുര്‍ആനിനെ സമീപിക്കുന്നവരാണ് മൂന്നാമത്തെ വായനാ വിഭാഗം. അവര്‍ ഖുര്‍ആന്റെ അതിമാനുഷികതയെയും ദൈവികതയെയും ആദ്യമേ നിഷേധിക്കുന്നു. അതുവഴി ഖുര്‍ആന്റെ ഉദാത്ത ദര്‍ശനങ്ങളിലേക്ക് കടന്നുചെല്ലാനുള്ള കവാടം സ്വയം കൊട്ടിയടക്കുകയാണവര്‍. അവരുടെ ദൃഷ്ടിയില്‍ ഏതോ മനുഷ്യന്റെ ഭ്രാന്ത ജല്‍പനങ്ങളോ കെട്ടുകഥകളോ ആണ് ഖുര്‍ആന്‍. 

''നമ്മുടെ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കപ്പെടുമ്പോള്‍ അത് പുരാണകഥകള്‍ മാത്രം എന്ന് അവര്‍ ഘോഷിക്കുന്നു. എന്നാല്‍ കാര്യം അതല്ല; അവരുടെ മനസ്സുകള്‍ തുരുമ്പെടുത്തിരിക്കുന്നു എന്നതത്രെ സത്യം''(83:13,14). അവര്‍ ഖുര്‍ആന്‍ അവതരിപ്പിക്കുന്ന മൗലിക തത്ത്വങ്ങളുടെ യാഥാര്‍ഥ്യത്തെക്കുറിച്ച് ചിന്തിക്കാനും അത് നല്‍കുന്ന ധര്‍മോപദേശങ്ങളെ മനുഷ്യ ബുദ്ധിയും ജീവിതത്തിന്റെ ഉത്തമ താല്‍പര്യങ്ങളും സാധൂകരിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും തയാറല്ല. അവരുടെ നോട്ടത്തില്‍ അത്തരം പരിഗണനകളൊന്നും ഈ ഗ്രന്ഥം അര്‍ഹിക്കുന്നേയില്ല.  ''ദൈവിക സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കുമ്പോള്‍, താനതു കേള്‍ക്കുന്നേയില്ല എന്ന ഭാവേന ഗര്‍വിഷ്ഠനായി തിരിഞ്ഞുകളയുന്നു. അവന്റെ കാതുകളില്‍ അടപ്പിട്ടതുപോലെ''(31:7). ഇത്തരക്കാര്‍ ഖുര്‍ആന്‍ വായിക്കുന്നുവെങ്കില്‍ അത് ഖുര്‍ആനിനെ വിമര്‍ശിക്കാനുള്ള ന്യായങ്ങള്‍ തേടുകയാണ്, അല്ലെങ്കില്‍ സ്വേഛാപരമായ നിലപാടുകളെ സാധൂകരിക്കുന്ന പരാമര്‍ശങ്ങള്‍ തേടുകയാണ്. ഖുര്‍ആനിലൂടെ മനുഷ്യരെ പഠിപ്പിക്കാന്‍ അല്ലാഹു ഉദ്ദേശിച്ചതൊന്നും അവരതില്‍നിന്ന് പഠിക്കുന്നില്ല. അവരതൊക്കെ ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ പുറത്തേക്ക് തള്ളിവിടുന്നു.

 

ഖുര്‍ആനും സുന്നത്തും

പണ്ടെന്നപോലെ ഇന്നും, ഖുര്‍ആന്‍ പഠിക്കാനും പകര്‍ത്താനും മുന്‍ചൊന്ന രണ്ടിലൊരു സമീപനം സ്വീകരിക്കേണ്ടത് അനിവാര്യമാകുന്നു. ഒന്നുകില്‍ ഖുര്‍ആന്‍ ദൈവിക വേദമാണെന്ന ദൃഢബോധ്യത്തോടെ സമീപിക്കുക. അല്ലെങ്കില്‍ മുന്‍വിധികളില്ലാതെ നിഷ്‌കളങ്കമായ സത്യാന്വേഷണവാഞ്ഛയോടെ സമീപിക്കുക. ഈ രീതിയില്‍ ഖുര്‍ആന്‍ വായിക്കുന്നവര്‍ക്ക് അതവതരിപ്പിക്കുന്ന തത്ത്വങ്ങളും നിയമങ്ങളും നിഷ്പ്രയാസം ഗ്രഹിക്കാനാകും. ഖുര്‍ആന്‍ അതിന്റെ അധ്യാപനങ്ങള്‍ അവതരിപ്പിക്കുന്നത് നിരവധി വ്യാഖ്യാനങ്ങള്‍ സാധ്യമാക്കുന്ന പൊതുവും സംക്ഷിപ്തവുമായ വചനങ്ങളിലാണ്. ഖുര്‍ആനില്‍നിന്ന് ഉള്‍ക്കൊള്ളുന്ന പ്രപഞ്ച വീക്ഷണവും ജീവിത ദര്‍ശനവും നിത്യജീവിതത്തിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ അവയുടെ ശരിയും സാധുവുമായ പ്രായോഗിക വ്യാഖ്യാനം കൂടിയേ തീരൂ. ഇവിടെയാണ് സുന്നത്തിന്റെ പ്രസക്തി. ഖുര്‍ആന്‍ ലോകത്തിന് എത്തിച്ചുതന്ന അന്ത്യപ്രവാചകന്റെ ജീവിതചര്യയാണ് സുന്നത്ത്. അതാണ് ഖുര്‍ആനിന്റെ ഏറ്റവും ആധികാരികമായ പ്രായോഗിക വ്യാഖ്യാനം. ഖുര്‍ആന്‍ അഖീമുസ്സ്വലാത്ത വആത്തുസ്സകാത്ത (നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുവിന്‍, സകാത്ത് നല്‍കുവിന്‍) എന്ന് ആവര്‍ത്തിച്ചനുശാസിക്കുന്നുണ്ട്. പക്ഷേ നമസ്‌കാരം എത്ര നേരം, എത്ര റക്അത്ത്, ഏതു രൂപത്തില്‍, സകാത്ത് എന്തിന്, ഏതു തോതില്‍ നല്‍കണം എന്നൊന്നും ഖുര്‍ആന്‍ പറയുന്നില്ല. എങ്കിലും മുസ്‌ലിം സമുദായം നമസ്‌കാരവും സകാത്തും കൃത്യമായ രൂപത്തിലും അളവിലും നിര്‍വഹിച്ചുവരുന്നുണ്ട്. സുന്നത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഖുര്‍ആനിനെ പ്രായോഗിക ജീവിതത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സുന്നത്തിനെ ഉപപ്രമാണമായി സ്വീകരിച്ചേ പറ്റൂ.

സുന്നത്ത് ഖുര്‍ആനിന്റെ ആധികാരിക വ്യാഖ്യാനവും ഉപപ്രമാണവുമാകുന്നു എന്നത് ഖുര്‍ആനില്‍നിന്ന് അന്യമായ ഒരാശയമല്ല; ഖുര്‍ആന്‍ തന്നെ നിര്‍ദേശിച്ചിട്ടുള്ളതാണ്. ഖുര്‍ആന്‍ ഒരു പുസ്തകമാക്കി തുന്നിക്കെട്ടി ആളുകളുടെ കൈകളിലര്‍പ്പിക്കുകയോ ജനസമക്ഷം ഓതിക്കേള്‍പ്പിക്കുകയോ മാത്രമായിരുന്നില്ല പ്രവാചക ദൗത്യം. അല്ലാഹു പറയുന്നു:

''നിരക്ഷര ജനതയില്‍ അവരില്‍നിന്നുതന്നെ ഒരു ദൈവദൂതനെ നിയോഗിച്ചത് അല്ലാഹുവാകുന്നു. അദ്ദേഹം അവന്റെ സൂക്തങ്ങള്‍ ഓതിക്കൊടുക്കുന്നു. അവരുടെ ജീവിതം സംസ്‌കരിക്കുന്നു. വേദവും തത്ത്വജ്ഞാനവും പഠിപ്പിക്കുന്നു''(62:2). ഖുര്‍ആന്‍ ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കാന്‍ പ്രവാചകനെ അല്ലാഹു ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഖുര്‍ആന്‍ പറയുന്നു: ''നാം ഈ വേദം നിനക്ക് അവതരിപ്പിച്ചുതന്നിട്ടുള്ളത് ജനങ്ങള്‍ക്കു വേണ്ടി അവതീര്‍ണമായ വചനങ്ങള്‍ നീ അവര്‍ക്കു വിശദീകരിച്ചുകൊടുക്കേണ്ടതിനാകുന്നു'' (16:44). പ്രവാചകന്റെ ഈ വ്യാഖ്യാനം, കര്‍മമാതൃക നിര്‍ബന്ധമായും അനുസരിക്കപ്പെടേണ്ടതാണെന്നും അല്ലാഹു കല്‍പിച്ചിരിക്കുന്നു: ''അല്ലാഹുവിന്റെ അനുമതിയാല്‍ അനുസരിക്കപ്പെടുന്നതിനു വേണ്ടിയല്ലാതെ നാം ഒരു പ്രവാചകനെയും നിയോഗിച്ചിട്ടില്ല''(4:64). വായിക്കുന്നവന് തോന്നുംപടിയല്ല, പ്രവാചകന്‍ പഠിപ്പിച്ച പടിയാണ് ഖുര്‍ആന്‍ പഠിക്കേണ്ടതും പകര്‍ത്തേണ്ടതും. പ്രായോഗികമായി ഖുര്‍ആനിനെ-അല്ലാഹുവിനെ അനുസരിക്കുക എന്നാല്‍ പ്രവാചകനെ അനുസരിക്കലാണ്:  ''ദൈവദൂതനെ അനുസരിക്കുന്നവന്‍ തീര്‍ച്ചയായും അല്ലാഹുവിനെ അനുസരിച്ചിരിക്കുന്നു''(4:80). എല്ലാ പ്രവാചകന്മാരും തങ്ങളുടെ സമുദായത്തെ  'നിങ്ങള്‍ അല്ലാഹുവിനോടു ഭയഭക്തിയുള്ളവരാകുവിന്‍, എന്നെ അനുസരിക്കുവിന്‍' എന്ന് ഉദ്‌ബോധിപ്പിച്ചിരുന്നതായി ഖുര്‍ആന്‍ പറയുന്നു. അല്ലാഹുവിനോടുള്ള ഭയഭക്തി അവന് വിധേയമായ മാനസികാവസ്ഥയാണ്. പ്രവാചകനെ അനുസരിക്കുമ്പോഴാണ്  ആ അവസ്ഥ പ്രായോഗിക രൂപം പ്രാപിക്കുന്നത്.

അന്ത്യപ്രവാചകന്‍ ഖുര്‍ആനിനു നല്‍കിയ കര്‍മവ്യാഖ്യാനം ആധികാരികവും മാതൃകായോഗ്യവും ഒരുകാലത്തും റദ്ദാക്കപ്പെട്ടുകൂടാത്തതുമാകുന്നു എന്ന കാര്യം തര്‍ക്കമറ്റതാണ്. എന്നാല്‍ ഈ ഗുണങ്ങളെല്ലാം ഉള്ളതും എന്നും സംരക്ഷിക്കപ്പെടേണ്ടതും പ്രവാചക നടപടിയുടെ ബാഹ്യരൂപമാണോ, അതല്ല ആ നടപടിയുടെ ആന്തരാര്‍ഥമാണോ എന്നൊരു ചോദ്യമുണ്ട്. ഖുര്‍ആനിന്റെ സമകാലീന വായനയില്‍ ഏറെ പ്രസക്തമായ ചോദ്യമാണിത്. ഒരു ഉദാഹരണം: സകാത്തിന്റെ അവകാശികളുടെ ഗണത്തില്‍ ഖുര്‍ആന്‍ മുഅല്ലഫത്തു ഖുലൂബ്- മനസ്സിണക്കപ്പെടേണ്ടവര്‍- എന്നൊരു വിഭാഗത്തെ എണ്ണിയിരിക്കുന്നു. മുസ്‌ലിംകളോട് ശത്രുതയില്‍ വര്‍ത്തിക്കാത്ത, അമുസ്‌ലിം സഹോദരങ്ങളുമായി സ്‌നേഹ സൗഹൃദ സാഹോദര്യ ബന്ധങ്ങള്‍ വളര്‍ത്താന്‍ സകാത്ത് ധനത്തില്‍ അവരെയും പങ്കാളികളാക്കുക എന്ന ഉദാത്തമായ ആന്തരാര്‍ഥമാണതിനുള്ളത്. പ്രവാചകന്റെ കാലത്ത് ഈ വിഹിതം നല്‍കിയിരുന്നത് ഇസ്‌ലാമിക രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശത്ത് വസിച്ചിരുന്ന സഹോദര മതസ്ഥര്‍ക്കായിരുന്നു. ഇസ്‌ലാമിക രാജ്യത്തോടുള്ള അവരുടെ കൂറ് ദൃഢീകരിക്കുകയും അവര്‍ അതിര്‍ത്തിക്കപ്പുറമുള്ള ശത്രുക്കളാല്‍ സ്വാധീനിക്കപ്പെടാതിരിക്കുകയും കൂടി അതിന്റെ താല്‍പര്യമായിരുന്നു. രണ്ടാം ഖലീഫ ഉമറിന്റെ കാലമായപ്പോള്‍ ഇസ്‌ലാമിക രാജ്യത്തിന്റെ അതിരുകള്‍ ഏറെ വികസിച്ചു. നബി (സ) സകാത്ത് വിഹിതം നല്‍കിയിരുന്ന പ്രദേശത്തുകാരുടെ സഹായം അപ്രസക്തമാവുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഉമര്‍ (റ) അവര്‍ക്കുള്ള സകാത്ത് വിതരണം നിര്‍ത്തലാക്കി. തുടര്‍ന്ന്, മുഅല്ലഫത്തു ഖുലൂബിന്റെ വിഹിതം ഇസ്‌ലാമിലേക്ക് കടന്നുവരുന്ന നവ മുസ്‌ലിംകള്‍ക്ക് നല്‍കിക്കൊണ്ട് അവരെ സമുദായവുമായി കൂടുതല്‍ അടുപ്പിക്കാന്‍ വിനിയോഗിക്കണമെന്ന് ഫുഖഹാഅ് നിര്‍ദേശിച്ചു. കാലക്രമത്തില്‍ മുഅല്ലഫത്തു ഖുലൂബ് എന്നാല്‍ നവ മുസ്‌ലിംകളാണ് എന്നൊരു ധാരണ ഫുഖഹാക്കളില്‍ വേരുറച്ചു. എന്നാല്‍ ആധുനിക ബഹുമത ദേശ രാഷ്ട്രങ്ങളുടെ പശ്ചാത്തലത്തില്‍ സമകാലീനമായി ഖുര്‍ആന്‍ വായിക്കുന്ന പണ്ഡിതന്മാര്‍ മുഅല്ലഫത്തു ഖുലൂബിനെ - മുസ്‌ലിം സമുദായവുമായി സൗഹാര്‍ദവും സാഹോദര്യവും വളര്‍ത്തപ്പെടേണ്ട വിഭാഗത്തെ- പുനര്‍നിര്‍ണയിച്ചിരിക്കുന്നു. മുസ്‌ലിം സമുദായവുമായി സമാധാനപരമായ സഹവര്‍ത്തിത്വം കാംക്ഷിക്കുന്ന എല്ലാ അമുസ്‌ലിം സഹോദരന്മാരും മുഅല്ലഫത്തു ഖുലൂബ് ആയി കണക്കാക്കപ്പെടണമെന്നാണവരുടെ നിലപാട്. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഈ നിലപാട് എത്രമാത്രം പ്രസക്തമാണെന്ന് വിശദീകരിക്കേണ്ടതില്ലല്ലോ. മുഅല്ലഫത്തു ഖുലൂബിന് സകാത്ത് നല്‍കാനുള്ള ഖുര്‍ആനിക കല്‍പന പ്രവാചകന്‍ നടപ്പിലാക്കിയ രൂപം മാത്രം പരിഗണിച്ചാല്‍ മുഅല്ലഫത്തു ഖുലൂബ് എന്ന സങ്കല്‍പം തന്നെ ഇന്ന് അപ്രസക്തമാകുന്നു. ഫുഖഹാക്കള്‍ മുഅല്ലഫത്തു ഖുലൂബിനെ നിര്‍ണയിച്ചപ്പോള്‍ അവരില്‍ വലിയൊരു വിഭാഗം പുറത്തുപോയി. സുന്നത്തിന്റെ രൂപം മാത്രം പരിഗണിക്കുകയും യാഥാര്‍ഥ്യം അവഗണിക്കുകയും ചെയ്യുന്നതിന്റെ പരിണതിയാണിത്. ഇതുപോലെ സുന്നത്തിന്റെ പ്രയോഗരൂപത്തില്‍ പിന്നീട് മാറ്റം വരുത്തിയതും ഇനിയും മാറ്റം ആവശ്യമുള്ളതുമായ ധാരാളം വിഷയങ്ങളുണ്ട്.

 

ഇന്നത്തെ വിവാദ വിഷയങ്ങളും ഖുര്‍ആനും

എക്കാലത്തും ഖുര്‍ആന്‍ വായിക്കുമ്പോള്‍ സഗൗരവമായ ജാഗ്രത കൈക്കൊള്ളേണ്ട പ്രശ്‌നമാണ് പ്രവാചകന്റെ പേരില്‍ പ്രചരിതമായ വ്യാജ ഹദീസുകള്‍. മുസ്‌ലിം സമുദായത്തിലേക്ക് പല അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കടന്നുകയറിയത് വ്യാജ ഹദീസുകള്‍ വഴിയാണ്. കേവലം ഇസ്രാഈലീ മിത്തുകളാണ് ഇത്തരം ഹദീസുകളേറെയും. സിഹ്‌റിന് അഥവാ ആഭിചാര ക്രിയക്ക് യാതൊരു യാഥാര്‍ഥ്യവുമില്ലെന്ന് ഖുര്‍ആന്‍ അര്‍ഥശങ്കക്കിടമില്ലാത്ത വിധം പ്രസ്താവിക്കുന്നുണ്ട്: ''ആഭിചാരകന്മാര്‍ ഒരിക്കലും വിജയിക്കുന്നില്ല''(10:77). ''എങ്ങനെ അവതരിപ്പിച്ചാലും ആഭിചാരകന്‍ വിജയിക്കാന്‍ പോകുന്നില്ല''(20:69). പ്രവാചകനെതിരെ പ്രതിയോഗികള്‍ സാദാ ഉന്നയിക്കുകയും ഖുര്‍ആന്‍ ശക്തിയുക്തം നിഷേധിക്കുകയും ചെയ്തിട്ടുള്ള ആരോപണമാണ് അദ്ദേഹം ആഭിചാരബാധിതനാകുന്നു എന്നത്. സത്യവിശ്വാസികളെ പരിഹസിച്ചുകൊണ്ട് അവര്‍ പറഞ്ഞുകൊണ്ടിരുന്നു:  ''നിങ്ങള്‍ നടക്കുന്നത് ഒരാഭിചാരബാധിതന്റെ പിന്നാലെ തന്നെയാണ്''(17:47). ഇതൊക്കെയായിട്ടും പൂര്‍വിക പണ്ഡിതന്മാര്‍ പൊതുവില്‍ സിഹ്‌റിന് യാഥാര്‍ഥ്യമുണ്ടെന്നു മാത്രമല്ല അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)ക്കു വരെ സിഹ്‌റ് ബാധിച്ചിട്ടുണ്ടെന്നും വാദിച്ചിരിക്കുന്നു. ആ മഹാന്മാര്‍ വെറുതെ അങ്ങ് വാദിച്ചതല്ല; ഹദീസുകള്‍ എന്ന പേരില്‍ ഉദ്ധരിക്കപ്പെടുന്ന കഥകളാണ് അവരെ അതിനു പ്രേരിപ്പിച്ചത്. അങ്ങനെ സിഹ്‌റ്-സിഹ്‌റ് നശീകരണ അന്ധവിശ്വാസങ്ങള്‍ സമുദായത്തില്‍ നല്ലൊരു വ്യവസായമായി വളര്‍ന്നു. ഇന്നിപ്പോള്‍ മതരംഗത്തെ പുരോഗമനവാദികളെ വരെ സിഹ്‌റ് ബാധിച്ചുകൊണ്ടിരിക്കുന്നതാണ് കാണാനാകുന്നത്.

മറ്റൊരു വിവാദ വിഷയമാണ് മതപരിത്യാഗിയുടെ ശിക്ഷ. മതപരിത്യാഗി വധാര്‍ഹനാണെന്നാണ് കര്‍മശാസ്ത്ര പണ്ഡിതന്മാരുടെ വിധി. എന്നാല്‍ മതപരിത്യാഗിക്കെതിരെ ഖുര്‍ആന്‍ ഒരുവിധ ക്രിമിനല്‍ നടപടിയും നിര്‍ദേശിക്കുന്നില്ല. വിശ്വാസത്തിലേക്ക് വരുന്നതോ തിരിച്ചുപോകുന്നതോ ശിക്ഷാര്‍ഹമായ ക്രിമിനല്‍ കുറ്റമാക്കുന്നതിന് നൈതികമോ യുക്തിസഹമോ ആയ ന്യായങ്ങളില്ലെന്ന് വ്യക്തമാണല്ലോ.  'മതത്തില്‍ ബലാല്‍ക്കാരമില്ല'  എന്നാണ് ഖുര്‍ആന്റെ ഖണ്ഡിതമായ പ്രമാണം. പ്രവാചകനോട് അല്ലാഹു കല്‍പിക്കുന്നു: ''നീ തുറന്നു പറയുക: ഇതു നിങ്ങളുടെ വിധാതാവിങ്കല്‍ നിന്നുള്ള സത്യമാകുന്നു. ഇഷ്ടമുള്ളവര്‍ക്ക് സ്വീകരിക്കാം, ഇഷ്ടമുള്ളവര്‍ക്ക് തിരസ്‌കരിക്കാം''(18:29). 

''ദൈവദൂതന്റെ ചുമതല ദൈവിക സന്ദേശം ജനങ്ങള്‍ക്ക്  എത്തിച്ചുകൊടുക്കുക മാത്രമാകുന്നു''(5:99). സമൂഹത്തിലെ ഭൂരിപക്ഷം ആളുകള്‍ പ്രവാചകനെ നിഷേധിക്കുകയും അദ്ദേഹത്തിന്റെ സന്ദേശത്തെ പുഛിച്ചുതള്ളുകയും ചെയ്തപ്പോള്‍ ദുഃഖാകുലനായ അദ്ദേഹം ചിന്തിച്ചുപോയി, ഈ ആളുകളെ വിശ്വാസികളാക്കാന്‍ പര്യാപ്തമായ ശക്തിയും അധികാരവും തനിക്കുണ്ടായിരുന്നെങ്കില്‍ എന്ന്. ആ സന്ദര്‍ഭത്തില്‍ അല്ലാഹു അദ്ദേഹത്തോടു പറയുന്നു: ''നിന്റെ നാഥന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ളവരെല്ലാം ഒന്നടങ്കം നിര്‍ബന്ധിതരായി സത്യവിശ്വാസം കൈക്കൊള്ളുമായിരുന്നു. അവന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്നിരിക്കെ നീ ജനങ്ങളെ നിര്‍ബന്ധിച്ച് വിശ്വാസികളാക്കുകയോ?''(10:99). 

ഇപ്പറഞ്ഞതൊക്കെ മതത്തിലേക്ക് വരാത്തവരെയും വരാന്‍ വിസമ്മതിക്കുന്നവരെയും കുറിച്ചാണ്. ഒരിക്കല്‍ മതത്തില്‍ ചേര്‍ന്ന ശേഷം അത് ഉപേക്ഷിക്കുന്നത് അതില്‍നിന്ന് വ്യത്യസ്തമായ ക്രിമിനല്‍ കുറ്റമാകുന്നു എന്നാണ് വാദം. എന്നാല്‍ അങ്ങനെ മതം ഉപേക്ഷിച്ച് തിരിച്ചുപോകുന്നവരെക്കുറിച്ചും ഖുര്‍ആന്‍ വ്യക്തമായി പറയുന്നുണ്ട്: ''നിങ്ങളിലാരെങ്കിലും സ്വമതത്തില്‍നിന്ന് തിരിച്ചുപോവുകയും സത്യനിഷേധിയായി മരിക്കുകയും ചെയ്യുന്നുവെങ്കില്‍ അവരുടെ കര്‍മങ്ങളൊക്കെയും ഇഹത്തിലും പരത്തിലും നശിച്ചുപോയിരിക്കുന്നു''(2:217). അവര്‍ നേരത്തേ സ്വീകരിച്ച സത്യവിശ്വാസവും സല്‍ക്കര്‍മങ്ങളും പാഴായിപ്പോകുമെന്നര്‍ഥം. ദൈവത്തില്‍ വിശ്വാസവും സ്‌നേഹവുമില്ലാത്തവര്‍ അവന്റെ ദീന്‍ വിട്ടുപോകുന്നതില്‍ യഥാര്‍ഥ സത്യവിശ്വാസികള്‍ വ്രണിതരാവുകയോ പ്രകോപിതരാവുകയോ ചെയ്യേണ്ട കാര്യമല്ല. ''അല്ലയോ സത്യവിശ്വാസികളായവരേ, നിങ്ങളിലാരെങ്കിലും തന്റെ മതത്തില്‍നിന്ന് പിന്തിരിഞ്ഞുപോകുന്നുവെങ്കില്‍ പൊയ്‌ക്കൊള്ളട്ടെ. തല്‍സ്ഥാനത്ത് അവന്‍ സ്‌നേഹിക്കുകയും അവനെ സ്‌നേഹിക്കുകയും ചെയ്യുന്ന മറ്റൊരു ജനതയെ കൊണ്ടുവരുന്നതാകുന്നു''(5:54). ഇതാണ് മതപരിത്യാഗം സംബന്ധിച്ച ഖുര്‍ആന്റെ നിലപാട്.

ഒരു ഇസ്‌ലാമിക രാജ്യത്ത് ചിലപ്പോള്‍ പ്രതിവിപ്ലവം, വിഘടനവാദം, ഭീകര പ്രവര്‍ത്തനം തുടങ്ങി രാജ്യദ്രോഹ നടപടികള്‍ മതപരിത്യാഗത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടും. അപ്പോള്‍ കലാപമൊതുക്കാനും രാജ്യത്തിന്റെ അഖണ്ഡതയും ക്രമസമാധാനവും പുനഃസ്ഥാപിക്കാനും യുക്തമെന്നു തോന്നുന്ന ശിക്ഷാ നടപടികള്‍ സ്വീകരിക്കുക ഇസ്‌ലാമിക ഭരണകൂടത്തിന്റെ ബാധ്യതയാകുന്നു. ദൈവത്തിനോടും ദൈവദൂതനോടുമുള്ള തുറന്ന യുദ്ധമായിട്ടാണ് ഖുര്‍ആന്‍ അതിനെ കാണുന്നത്: ''അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുകയും നാട്ടില്‍ നാശം വളര്‍ത്താന്‍ യത്‌നിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ വധിക്കപ്പെടുകയോ ക്രൂശിക്കപ്പെടുകയോ കൈകാലുകള്‍ ഛേദിക്കപ്പെടുകയോ നാടുകടത്തപ്പെടുകയോ ആകുന്നു''(5:33). ഇക്കാര്യത്തില്‍ പ്രാചീനവും ആധുനികവുമായ എല്ലാ ഭരണകൂടങ്ങളുടെയും നിലപാട് ഇതുതന്നെയാണ്. ഒന്നാം ഖലീഫ അബൂബക്‌റിന്റെ കാലത്ത് യമാമ പ്രദേശത്ത് രംഗപ്രവേശം ചെയ്ത മുസൈലിമയുടെ പ്രസ്ഥാനം ഇത്തരം കലാപത്തിനും വിധ്വംസക വിഘടനവാദത്തിനും ഉദാഹരണമാകുന്നു. താന്‍ മുഹമ്മദ് നബിയെപ്പോലെ ഒരു ദൈവദൂതനാണ്, തന്റെ നാട്ടിലെ ഭരണാധികാരിയും മതാചാര്യനും താനായിരിക്കും, ഈ നാട്ടില്‍ സകാത്ത് പിരിക്കാനും വിതരണം ചെയ്യാനുമുള്ള അധികാരം തനിക്കു മാത്രമായിരിക്കും - ഇതൊക്കെയായിരുന്നു അയാളുടെ വാദങ്ങള്‍. ഖലീഫ അബൂബക്ര്‍ (റ) അയാളെ കലാപകാരിയും പ്രതിവിപ്ലവകാരിയുമായ വ്യാജ പ്രവാചകനായി കാണുകയും അതര്‍ഹിക്കുന്ന നടപടിയെടുക്കുകയും ചെയ്തു.

വ്യക്തിപരമായി ഒരാള്‍ മതത്തില്‍നിന്ന് പിന്മാറുകയോ മറ്റൊരു മതം സ്വീകരിക്കുകയോ ചെയ്യുന്നത് ഇതുപോലെയല്ല. അത് സാമൂഹിക വ്യവസ്ഥക്കോ രാജ്യസുരക്ഷക്കോ ഭീഷണിയാകുന്നില്ല. മതപരിത്യാഗം പ്രതിവിപ്ലവത്തിന്റെ സ്വഭാവം സ്വീകരിക്കുമ്പോള്‍ രാജ്യത്തിന്റെ നിലനില്‍പിനും സൈ്വരജീവിതത്തിനും മഹാ ഭീഷണിയാകുന്നു. മുസൈലിമക്കെതിരെ സൈനിക നടപടിക്കൊരുങ്ങുമ്പോള്‍ അബൂബക്ര്‍ (റ) പറഞ്ഞത്, അയാള്‍ മുര്‍തദ്ദായതുകൊണ്ട് നടപടിയെടുക്കുന്നുവെന്നല്ല; അയാള്‍ നബി(സ)ക്ക് നല്‍കിയിരുന്ന ഒരു ഒട്ടകക്കയര്‍ എനിക്ക് വിലക്കിയാല്‍ പോലും താനയാളോട് യുദ്ധം ചെയ്യും എന്നാണ്. രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്തുകൊണ്ട് നികുതിനിഷേധവും നിയമലംഘനവും നിസ്സഹകരണവും നടത്തുന്നത് എത്ര ചെറിയ തോതിലാണെങ്കിലും അതിനെതിരെ കര്‍ശനമായ നടപടിയെടുക്കേണ്ടത് ഭരണകൂടത്തിന്റെ ചുമതലയാണെന്നാണ് അദ്ദേഹം പറഞ്ഞതിന്റെ താല്‍പര്യം.

വിവാഹിതരായ വ്യഭിചാരികളുടെ ശിക്ഷ മറ്റൊരു ഉദാഹരണമാണ്. കല്ലെറിഞ്ഞു കൊല്ലുകയാണ് കര്‍മശാസ്ത്രം നിര്‍ദേശിക്കുന്ന ശിക്ഷ. ഖുര്‍ആന്‍ അങ്ങനെയൊരു ശിക്ഷ വിധിക്കുന്നില്ല. പരസ്യമായ നൂറ് പ്രഹരമാണ് വ്യഭിചാരികള്‍ക്ക് പൊതുവില്‍ ഖുര്‍ആന്‍ നിര്‍ദേശിച്ച ശിക്ഷ. വിവാഹിത വ്യഭിചാരിയെ എറിഞ്ഞുകൊല്ലണമെന്ന് മഹാന്മാരായ ഫുഖഹാക്കള്‍ സ്വേഛാനുസാരം പറഞ്ഞതല്ല. പ്രബലമായതെന്ന് കരുതപ്പെടുന്ന ഹദീസുകളെ ആധാരമാക്കിയാണ് അവരങ്ങനെ വിധിച്ചത്. അവരുടെ കാലഘട്ടത്തിലെ പൊതുബോധവും വൈജ്ഞാനിക നിലവാരവും അതില്‍ പങ്കുവഹിച്ചിരിക്കാം. ഇന്നത്തെ വികസ്വരമായ ജീവകാരുണ്യ വികാരത്തിന്റെയും മനുഷ്യജീവന്റെ പവിത്രത സംബന്ധിച്ച ബോധത്തിന്റെയും പശ്ചാത്തലത്തില്‍ ആ മഹാന്മാരെ വിമര്‍ശിക്കേണ്ടതില്ല. എന്നാല്‍ അവരുടെ അറിവും മഹത്വവും ഇന്ന് യഥാതഥമായി ഖുര്‍ആന്‍ വായിക്കാന്‍ നമുക്ക് തടസ്സമാവാനും പാടില്ല.

ഹദീസുകള്‍ ഖുര്‍ആനിന്റെ വ്യാഖ്യാനവും വിശദീകരണവുമാണ്. അല്ലാതെ ഖുര്‍ആനിന്റെ തിരുത്തോ ഖണ്ഡനമോ അല്ല, ആയിക്കൂടാ. ഹദീസുകളുടെ ആധികാരികതയുടെ പ്രഥമവും പ്രധാനവുമായ മാനദണ്ഡം ഖുര്‍ആനുമായുള്ള അതിന്റെ യോജിപ്പാണ്. ഈ മാനദണ്ഡം പൂര്‍ത്തീകരിക്കപ്പെട്ട ശേഷമാണ് നിവേദകരുടെ വിശ്വസ്തതയും വൈജ്ഞാനിക യോഗ്യതകളും പരിഗണിക്കേണ്ടത്. പക്ഷേ, ഹദീസ് പണ്ഡിതന്മാര്‍ ഈ പ്രഥമ മാനദണ്ഡത്തിന് അര്‍ഹിക്കുന്ന ഊന്നല്‍ നല്‍കിയതായി കാണുന്നില്ല. ഒരാളുടെ ആരോഗ്യം വിധിക്കേണ്ടത് അയാള്‍ക്ക് ജീവനുണ്ടെങ്കിലാണല്ലോ. ജീവനില്ലാത്ത ശരീരത്തിന്റെ ആകാരസൗഷ്ഠവവും അവയവപ്പൊരുത്തവും കണ്ട് അയാള്‍ അരോഗഗാത്രനെന്ന് വിധിക്കുന്നതിലര്‍ഥമില്ല. ഹദീസിന്റെ ജീവന്‍ ഖുര്‍ആനുമായുള്ള അതിന്റെ യോജിപ്പാണ്. അതില്ലാത്ത ഹദീസിനെ നിവേദകന്റെ വിശ്വസ്തതയും വിജ്ഞാനവും പരിഗണിച്ച് പ്രബലമെന്ന് വിധിക്കുന്നത് നിരര്‍ഥകമാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (54-56)
എ.വൈ.ആര്‍