ഡോ. കഫീല്‍ ഖാന്റെ മോചനത്തിലൂടെ രാജ്യത്തിന് ലഭിച്ചത് ഫാഷിസത്തിനെതിരെ ഒരു പോരാളിയെ കൂടി
ഇതിനകം നടത്തിയ ഇടപെടലുകളിലൂടെ 'യുനൈറ്റഡ് എഗന്‍സ്റ്റ് ഹെയ്റ്റ്' ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ഇത്തരമൊരു വേദിയുണ്ടാക്കിയതിന്റെ ലക്ഷ്യമെന്താണ്? ഏതു തരത്തിലാണ് ഈ സംഘം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്?
സംഘ് പരിവാര്‍ അധികാരത്തിലെത്തിയതോടെ വ്യാപകമായിത്തീര്‍ന്ന വര്‍ഗീയ കലാപങ്ങളിലേക്കും ആള്‍ക്കൂട്ട ആക്രമണങ്ങളിലേക്കും രാജ്യത്തിന്റെ ശ്രദ്ധ കൊണ്ടുവരുന്നതിന് രൂപം കൊടുത്ത കൂട്ടായ്മയാണ് യുനൈറ്റഡ് എഗന്‍സ്റ്റ് ഹെയ്റ്റ്. ഇത് ഒരു സര്‍ക്കോറേതര സന്നദ്ധ സംഘടന (എന്‍.ജി.ഒ) അല്ല. ആ തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നുമില്ല. അതിനു പകരം സമാനമനസ്‌കരെ കൂട്ടി ഓരോ വിഷയങ്ങളിലും സമര സമ്മര്‍ദങ്ങള്‍ രൂപപ്പെടുത്തുന്ന ഒരു കൂട്ടായ്മ എന്ന നിലയില്‍ തന്നെ മുന്നോട്ടുപോകണമെന്നാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നവരുടെ തീരുമാനം.
ഇതിനകം ഏതെല്ലാം വിഷയങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഈ കൂട്ടായ്മക്ക് കഴിഞ്ഞിട്ടുണ്ട്? ഇടപെടലുകളിലൂടെ എന്തു മാത്രം പ്രതിഫലനമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്?
യു.എ.എച്ച് ഇടപെട്ട നജീബ് അഹ്മദിന്റെയും അഖ്‌ലാഖിന്റെയും പെഹ്‌ലു ഖാന്റെയും മിന്‍ഹാജിന്റെയും സഫറിന്റെയുമൊക്കെ കേസുകളില്‍ ജനകീയ പ്രക്ഷോഭങ്ങളുയര്‍ത്തിക്കൊണ്ടുവന്ന് സമ്മര്‍ദം ഒരുക്കുകയാണ് ചെയ്തത്. ഉത്തര്‍പ്രദേശിലും ഹരിയാനയിലുമുണ്ടായ നിരവധി നീതിനിഷേധങ്ങള്‍ക്കെതിരെയും ശബ്ദിക്കുകയുണ്ടായി. ഏറ്റവുമൊടുവില്‍ കശ്മീരീ പെണ്‍കുട്ടികള്‍ക്ക് നേരെ നടന്ന ആക്രമണത്തിലും ശക്തമായി പ്രതിഷേധിച്ചു. നജീബ് അഹ്മദിനു വേണ്ടി നടത്തിയ നീതിക്കായുള്ള പോരാട്ടത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുമ്പില്‍ സമരം നടത്തുകയും സി.ബി.ഐ ആസ്ഥാനം ഉപരോധിക്കുകയും ചെയ്തു. ജുനൈദിനെ കൊലപ്പെടുത്തിയ സംഘ് പരിവാര്‍ പ്രതികളെ സര്‍ക്കാര്‍ അഭിഭാഷകര്‍ സഹായിച്ച ഘട്ടത്തില്‍ യു.എ.എച്ച് നടത്തിയ പ്രക്ഷോഭം ഫലം കണ്ടു. അഡീഷനല്‍ അറ്റോര്‍ണി ജനറല്‍ നവീന്‍ കൗശികിന് സ്വന്തം പദവിയില്‍നിന്ന് രാജിവെക്കേണ്ടിവന്നു. മേവാത്തിലെ കൊലപാതകം ആരുമറിയാതിരുന്ന ഘട്ടത്തില്‍ ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തി അത് മാധ്യമങ്ങളിലത്തെിച്ചു. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടത്തിക്കൊണ്ടിരിക്കുന്ന വ്യാജ ഏറ്റുമുട്ടലുകളെ കുറിച്ച് നേഹ ദീക്ഷിത്ത് എന്ന പ്രമുഖ പത്രപ്രവര്‍ത്തകയുടെ നേതൃത്വത്തില്‍ നടത്തിയ വസ്തുതാന്വേഷണത്തിന്റെ വിശദമായ റിപ്പോര്‍ട്ടും ഈയിടെ ഞങ്ങള്‍ പുറത്തുവിട്ടു. പ്രമുഖ സുപ്രീംകോടതി അഭിഭാഷക അഡ്വ. ഇന്ദിരാ ജയ്‌സിംഗ് അടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ പുറത്തുവിട്ട ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് യോഗി സര്‍ക്കാറിന് വിശദീകരണവുമായി രംഗത്തു വരേണ്ടിവന്നു. അസമില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഇപ്പോള്‍ പുറംലോകം അറിയുന്നുപോലുമില്ല. അടുത്തതായി ലക്ഷ്യമിടുന്നത് അസം സന്ദര്‍ശനമാണ്.
ദല്‍ഹി കേന്ദ്രീകരിച്ച് യുനൈറ്റഡ് എഗന്‍സ്റ്റ് ഹെയ്റ്റ് നടത്തിയ പല സമരങ്ങളിലും മുന്നേറ്റങ്ങളിലും കേരളത്തിലെ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ഭാഗഭാക്കായത് കണ്ടിട്ടുണ്ടെങ്കിലും ഇതാദ്യമാണെന്ന് തോന്നുന്നു ഇരു കുട്ടരും കേരളത്തിനകത്ത് ഒത്തുചേര്‍ന്ന് ഒരു പരിപാടി സംഘടിപ്പിക്കുന്നത്. ഡോ. കഫീല്‍ ഖാനെ കേരളീയ സമൂഹത്തിന് പരിചയപ്പെടുത്തുകയെന്നതിലുപരി ഈ പരിപാടി ഭാവിയിലുള്ള പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തത്തിന് നിമിത്തമാകുമോ?
സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെ ക്ഷണമനുസരിച്ച്, ഈയിടെ ജയില്‍മോചിതനായ ഡോ. കഫീല്‍ ഖാനോടൊപ്പം വന്ന് കഴിഞ്ഞ മെയ് 11 മുതല്‍ കേരളത്തില്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കാന്‍ അവസരം ലഭിച്ചു. സോളിഡാരിറ്റി വഴി ആളുകളുമായി നടത്തിയ ആശയവിനിമയം നല്ലൊരു അനുഭവമായിരുന്നു. സോളിഡാരിറ്റിയും യുനൈറ്റഡ് എഗന്‍സ്റ്റ് ഹെയ്റ്റും ഒരുമിച്ചായിരുന്നു ഈ പരിപാടികള്‍ സംഘടിപ്പിച്ചത്. ദല്‍ഹിയിലും പലപ്പോഴും സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ഈ കൂട്ടായ്മയുമായി പല സമരവേദികളിലും ഒരുമിച്ചിട്ടുണ്ട്. യുനൈറ്റഡ് എഗന്‍സ്റ്റ് ഹെയ്റ്റിന്റെ പ്രവര്‍ത്തന പരിപാടികള്‍ മിക്കതും സോളിഡാരിറ്റി കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന പരിപാടികളോട് ഏറെ അടുത്തുനില്‍ക്കുന്നതുമാണ്. ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്, ഫാഷിസ്റ്റ് ഭരണകൂടം തുടര്‍ന്നുകൊണ്ടിരിക്കുന്ന അനീതികള്‍ക്കെതിരെ യുനൈറ്റഡ് എഗന്‍സ്റ്റ് ഹെയ്റ്റിനും സോളിഡാരിറ്റിക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാവുന്ന കുടുതല്‍ മേഖലകള്‍ കണ്ടെത്തുക എന്നതു തന്നെയാണ്. ഇത്തരം കൂടുതല്‍ കേസുകളില്‍ സോളിഡാരിറ്റിക്കും ഞങ്ങളുടെ കൂട്ടായ്മക്കും ഒരുമിച്ചു പ്രവര്‍ത്തിക്കാനും അതുവഴി നിരവധി ഇരകള്‍ക്ക് നീതി ലഭ്യമാക്കാനും കഴിയുമെന്ന പ്രതീക്ഷയുണ്ട്.
ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് കലാപത്തില്‍ യുനൈറ്റഡ് എഗന്‍സ്റ്റ് ഹെയ്റ്റ് നടത്തിയ വസ്തുതാന്വേഷണം ശരിക്കുമൊരു വഴിത്തിരിവായിരുന്നു. കലാപത്തിന് കാരണക്കാരായത് മുസ്‌ലിംകളാണെന്ന തരത്തില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ നല്‍കിക്കൊണ്ടിരുന്ന വാര്‍ത്തകളില്‍നിന്ന് ഭിന്നമായി പല വസ്തുതകളും ഈ അന്വേഷണം പുറത്തുകൊണ്ടുവന്നു. കാസ്ഗഞ്ചില്‍ എങ്ങനെയാണ് ഇത്രയും ഫലപ്രദമായ ഇടപെടല്‍ സാധ്യമായത്?
ഉത്തര്‍പ്രദേശില്‍ കാസ്ഗഞ്ചില്‍ വര്‍ഗീയ കലാപം അരങ്ങേറിയപ്പോള്‍ അമിത് സെന്‍ ഗുപ്തയെ പോലുള്ള പ്രമുഖ മാധ്യമ പ്രവര്‍ത്തകരെയും രാഖി സേഹ്ഗളിനെ പോലുള്ള ആക്ടിവിസ്റ്റുകളെയും റിട്ട. ഐ.ജി എസ്.ആര്‍ ദാരാപുരിയെ പോലുള്ള മുന്‍ ബ്യൂറോക്രാറ്റുകളെയും കൂട്ടി വസ്തുതാന്വേഷണ സംഘമുണ്ടാക്കി കലാപബാധിത പ്രദേശങ്ങളില്‍ പോയി. ലഖ്‌നൗവിലും ദല്‍ഹിയിലും ഒരേ ദിവസം രണ്ട് വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിച്ചാണ് ഈ വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സര്‍ക്കാര്‍ വാര്‍ത്താസമ്മേളനം വിളിക്കാനും പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷയമേറ്റെടുക്കാനും നിര്‍ബന്ധിതമാകുന്ന സാഹചര്യമുണ്ടായി.
ചന്ദന്‍ ഗുപ്ത എന്നൊരാള്‍ ആ വര്‍ഗീയ കലാപത്തില്‍ കൊല്ലപ്പെട്ടത് ഏറെ വിവാദമാവുകയും, മുസ്‌ലിംകളാണ് ചന്ദന്‍ ഗുപ്തയെ കൊലപ്പെടുത്തിയതെന്ന് സംഘ് പരിവാര്‍ സംഘടനകള്‍ ആരോപിക്കുകയും ചെയ്തതാണ് കാസ്ഗഞ്ച് കലാപത്തിലേക്ക് നയിച്ചത്. ചന്ദന്‍ ഗുപ്തയെ കൊലപ്പെടുത്തിയത് മുസ്‌ലിംകള്‍ അല്ലെന്നും തോക്കുമായി പ്രകടനത്തിനിറങ്ങിയ സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ വെടിയുതിര്‍ത്ത് ആളുകളെ ഭയപ്പെടുത്തുന്നതിനിടയില്‍ അവരുടെ ഭാഗത്തു നിന്നു തന്നെ സംഭവിച്ച കൊലപാതകമാണെന്നുമുള്ള വസ്തുത പുറത്തുകൊണ്ടുവന്നത് ഈ റിപ്പോര്‍ട്ടായിരുന്നു. ഈ കൊലപാതകത്തിന്റെ പേരിലാണ് നൂറോളം കടകമ്പോളങ്ങള്‍ കവര്‍ച്ച ചെയ്ത് അഗ്നിക്കിരയാക്കി മൂന്ന് ദിവസത്തോളം സംഘ് പരിവാര്‍ കാസ്ഗഞ്ചില്‍ അഴിഞ്ഞാടിയത്.
ഏകപക്ഷീയമായ കലാപമായിരുന്നിട്ടും 120 മുസ്‌ലിംകളെയാണ് കലാപത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശ് പോലീസ് പിടിച്ച് ജയിലിലിട്ടത്. അവരെ സന്ദര്‍ശിക്കാനോ അവര്‍ക്ക് നിയമസഹായം നല്‍കാനോ ആരും തയാറാകാതിരുന്ന ഘട്ടത്തിലാണ് യുനൈറ്റഡ് എഗന്‍സ്റ്റ് ഹെയ്റ്റിന്റെ വസ്തുതാന്വേഷണ സംഘം അവിടെയെത്തുന്നത്. ജയിലില്‍ കഴിയുന്നവരുടെ ജാമ്യാപേക്ഷകള്‍ തയാറാക്കുകയും അഡ്വ. അസദ് ഹയാത്തിനെ പോലുള്ള അലഹാബാദ് ഹൈക്കോടതിയിലെ മികച്ച അഭിഭാഷകരുടെ സേവനം ഇതിനായി ലഭ്യമാക്കുകയും ചെയ്തു.
സംഘ് പരിവാര്‍ നടത്തുന്ന തീവെപ്പുകളും മുസ്‌ലിംകള്‍ക്കെതിരെ കുറ്റം ചുമത്തുന്ന പ്രവണതയും അതോടെ അവസാനിച്ചുവെന്ന് മാത്രമല്ല, അതുവരെ പോലീസ് സ്റ്റേഷനെ സമീപിക്കാന്‍ ഭയപ്പെട്ടിരുന്ന മുസ്‌ലിം വ്യാപാരികളെ കൊണ്ട് തീവെപ്പിനെതിരെ പരാതി കൊടുപ്പിക്കാനും അതിന്മേല്‍ 27 എഫ്.ഐ.ആറുകളെങ്കിലും രജിസ്റ്റര്‍ ചെയ്യിക്കാനും അന്നത്തെ വസ്തുതാന്വേഷണ യാത്രക്കായി.
കടകള്‍ തുറക്കാന്‍ പോലും ഭയന്ന് വീടുകളില്‍ കഴിയുകയായിരുന്ന മുസ്‌ലിംകള്‍ ഈ ആത്മവിശ്വാസത്തിലാണ് പിന്നീട് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്.
അതിനു ശേഷം ബിഹാര്‍ കലാപവുമായി ബന്ധപ്പെട്ട വസ്തുതാന്വേഷണം വലിയ രാഷ്ട്രീയ കോളിളക്കമാണ് സൃഷ്ടിച്ചത്. അത്രയും വലിയ രാഷ്ട്രീയ വിവാദത്തിന് റിപ്പോര്‍ട്ട് കാരണമായത് എന്തുകൊണ്ടായിരുന്നു?
ബിഹാറില്‍ വ്യാപകമായി അരങ്ങേറിയ കലാപത്തെ തുടര്‍ന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പ്രകാശ് ഠണ്ടന്റെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘം പുറത്തുവിട്ട റിപ്പോര്‍ട്ട് വന്‍ കോളിളക്കമാണ് ബിഹാര്‍ രാഷ്ട്രീയത്തിലുണ്ടാക്കിയത്. ബിഹാറില്‍ കലാപത്തിനായി ചുരുങ്ങിയത് ആറ് മാസം മുമ്പേ സംഘ് പരിവാര്‍ നടത്തിയ ആസൂത്രണം പുറത്തുകൊണ്ടുവന്ന റിപ്പോര്‍ട്ട് കലാപത്തിനായി രണ്ട് ലക്ഷം ആയുധങ്ങള്‍ സംസ്ഥാനത്തിനു പുറത്തു നിന്ന് എത്തിച്ച ഞെട്ടിക്കുന്ന വിവരവും പുറത്തുവിട്ടു. ദേശീയ മാധ്യമങ്ങളെല്ലാം വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ബിഹാറിലെ പ്രതിപക്ഷ നേതാക്കള്‍ ഒന്നടങ്കം ഏറ്റെടുത്തത് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യു - ബി.ജെ.പി സഖ്യ സര്‍ക്കാറിനെ കടുത്ത പ്രതിരോധത്തിലാക്കി. ലാലുവിന്റെ മകനും പ്രധാന പ്രതിപക്ഷമായ ആര്‍.ജെ.ഡിയുടെ നേതാവുമായ തേജസ്വി യാദവ് 'ടെലഗ്രാഫ്' പത്രത്തില്‍ വന്ന വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സംബന്ധിച്ച വാര്‍ത്ത ട്വീറ്റ് ചെയ്തതോടെ ഇത് ദേശീയ തലത്തിലും വലിയ ചര്‍ച്ചയായി. അന്യസംസ്ഥാനത്തു നിന്ന് വലിയ തോതില്‍ വാളുകളെത്തി എന്ന ബിഹാര്‍ ആഭ്യന്തര സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ടിനുണ്ടാക്കിയ ആധികാരികതയാണ് നിതീഷ് സര്‍ക്കാറിനെ കുഴക്കിയത്. ഒടുവില്‍ വാളുകളെത്തിയെങ്കിലും രണ്ട് ലക്ഷം വാളുകളെന്ന് പറഞ്ഞിട്ടില്ലെന്ന് ആഭ്യന്തര സെക്രട്ടറിക്ക് വിശദീകരണവുമായി രംഗത്തുവരേണ്ടിവന്നു. ദല്‍ഹിയില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലും സംഘ് പരിവാറിനെ പിന്തുണക്കുന്ന ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകര്‍ ന്യൂദല്‍ഹി പ്രസ് ക്ലബില്‍ ബഹളമുണ്ടാക്കി പരിപാടി അലങ്കോലമാക്കാനുള്ള ശ്രമവും നടത്തി. എന്നാല്‍ കോണ്‍ഗ്രസും ആര്‍.ജെ.ഡിയും വിഷയമേറ്റെടുത്ത് മുന്നോട്ടുപോയി. കത്തിനശിച്ച കടകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നിതീഷ് സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയും ചെയ്തു.
എട്ടു മാസമായി ജയിലില്‍ കിടക്കുകയായിരുന്ന ഡോ. കഫീല്‍ അഹ്മദ് ഖാന്റെ വിഷയം എങ്ങനെയാണ് പൊടുന്നനെ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി വരികയും ഒടുവിലത് കഫീലിന്റെ ജാമ്യത്തില്‍ കലാശിക്കുകയും ചെയ്തത്?
ലഖ്‌നൗവിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ എസ്.ഐ.ഒ നേതാവ് മസീഹുസ്സമാന്‍ ആണ് കഫീല്‍ എല്ലാവരാലും വിസ്മൃതനായി ജയിലില്‍ കഴിയുകയാണെന്ന കാര്യം ശ്രദ്ധയില്‍പെടുത്തുന്നത്. അതുവരെ ഈ വിഷയത്തില്‍ പുറത്തുനിന്നുള്ളവരെ ഇടപെടീക്കാന്‍ കുടുംബം തയാറായിട്ടില്ലെന്ന് അന്വേഷണത്തില്‍നിന്ന് മനസ്സിലായി. കുടുംബത്തിന്റെ പിന്തുണയില്ലാതെ ഒരു നീക്കവും സാധ്യമല്ലാത്തതിനാല്‍ ആദ്യം അത് നേടിയെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. ഇതിനായി മസീഹുസ്സമാനും ഞാനും ഗോരഖ്പൂരില്‍ പോയി ഡോ. കഫീലിനെ ജയിലില്‍ വെച്ച് കണ്ടു. ഈ വിഷയം ഏറ്റെടുക്കുന്നതില്‍ അദ്ദേഹത്തിന് സമ്മതമുണ്ടെങ്കില്‍ മാത്രം ചെയ്യാമെന്ന വിവരം അദ്ദേഹത്തെ അറിയിച്ചു. കുടുംബത്തിന്റെ സഹായം വേണ്ടി വരുമെന്നും അവര്‍ കൂടി രംഗത്തിറങ്ങേണ്ടി വരുമെന്നും കഫീലിനെ ധരിപ്പിച്ചു. കഫീലിന്റെ ഭാര്യ ഡോ. ശബിസ്തയെയും കുഞ്ഞിനെയും ദല്‍ഹിയിലെത്തിച്ച് ദേശീയ മാധ്യമങ്ങള്‍ വഴി സമ്മര്‍ദം രുപപ്പെടുത്താന്‍ വാര്‍ത്താസമ്മേളനം വിളിക്കണമെന്ന നിര്‍ദേശവും കഫീലിന് മുമ്പാകെ വെച്ചു. ഇത്തരത്തില്‍ ഒരു സഹായ വാഗ്ദാനവുമായി ആദ്യമായി വരുന്നത് നിങ്ങളാണെന്നായിരുന്നു കഫീലിന്റെ മറുപടി. സഹായിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പലരും ജയിലിലേക്ക് തിരിഞ്ഞുനോക്കുക പോലും ചെയ്തില്ലെന്ന് കഫീല്‍ പറഞ്ഞു. ആ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് കുടുംബവും യുനൈറ്റഡ് എഗന്‍സ്റ്റ് ഹെയ്റ്റിനൊപ്പം കഫീലിന്റെ ജാമ്യത്തിനായി പോരാട്ടത്തിനിറങ്ങിയത്. കഫീലിന്റെ സഹോദരന്‍ അദീലിനൊപ്പം ഏപ്രില്‍ 21-ന് ദല്‍ഹിയിലേക്ക് ഡോ. ശബിസ്തയെയും കുഞ്ഞിനെയും കൊണ്ടുവന്ന് കുറ്റപത്രം പോലും സമര്‍പ്പിക്കാതെ കഴിഞ്ഞ എട്ടുമാസമായി കഫീലിന്റെ ജാമ്യാപേക്ഷ നീട്ടിക്കൊണ്ടുപോയി ജയില്‍ മോചനം തടയാന്‍ യോഗി ആദിത്യനാഥ് നടത്തുന്ന നീക്കങ്ങള്‍ ഡോ. ശബിസ്ത തന്നെ മാധ്യമങ്ങളോട് പറഞ്ഞതും വലിയ വാര്‍ത്തയായി. ഈ വാര്‍ത്തകള്‍ക്കു പിറകെ ഏപ്രില്‍ 24-ന് അലഹാബാദ് ഹൈക്കോടതി കഫീലിന്റെ ജാമ്യാപേക്ഷയില്‍ അനുകൂല വിധി പുറപ്പെടുവിച്ച് അദ്ദേഹത്തെ ജയില്‍മോചിതനാക്കുകയും ചെയ്തു. കഫീല്‍ ഖാന്റെ മോചനത്തിലൂടെ ഫാഷിസത്തിനെതിരിലുള്ള ഒരു പോരാളിയെ കൂടി രാജ്യത്തിന് ലഭിച്ചിരിക്കുന്നു. ജയിലിലേക്ക് പോകും മുമ്പുള്ള മാനസികാവസ്ഥയിലല്ല ഇന്ന് താനെന്നാണ് കഫീല്‍ പറയുന്നത്. ജീവന്‍ അപകടത്തിലായാല്‍ പോലും തന്നെപ്പോലെ ഇരകളാക്കപ്പെട്ടവര്‍ക്കായുള്ള പോരാട്ടമായിരിക്കും ഭാവി ജീവിതമെന്നും അദ്ദേഹം ഉറപ്പുതരുന്നു.
അസമിലേക്ക് ഒരു വസ്തുതാന്വേഷണ സംഘത്തെ അയക്കുമെന്ന് താങ്കള്‍ നേരത്തേ സൂചിപ്പിച്ചല്ലോ. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എവിടെ വരെയെത്തി?
അസമില്‍ ഏകദേശം 40 ലക്ഷത്തോളം പേരെ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കം ചെയ്ത് അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നിഷേധിച്ചിരിക്കുകയാണ്. ഏകപക്ഷീയമായ രീതിയിലാണ് പൗരത്വരേഖകളുടെ പരിശോധനകള്‍ അവിടെ നടക്കുന്നത്. പൗരത്വ പരിശോധനക്കായുള്ള ക്യാമ്പുകളെല്ലാം നടത്തുന്നത് ആര്‍.എസ്.എസുകാരാണ്. ഇന്ത്യന്‍ മുസ്‌ലിംകളുടെ ഏറ്റവും വലിയ വിഷയമായി അസം മാറുകയാണ്. എന്നിട്ടും ഒരാള്‍ പോലും പൊതുസമൂഹത്തിന് മുമ്പാകെ ഇക്കാര്യം സംസാരിക്കാന്‍ പോലും തയാറാകുന്നില്ല. 40 ലക്ഷം ഇന്ത്യക്കാരെ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കം ചെയ്തതിനെ കുറിച്ച് ഒരാളും ചോദ്യങ്ങളുയര്‍ത്തുന്നില്ല. മനുഷ്യത്വവിരുദ്ധമായ ഈ നടപടിയുടെ ഏറ്റവും വലിയ ഇരകളായി തീര്‍ന്നിരിക്കുന്നത് സ്ത്രീകളാണ്. എല്ലാ സര്‍ക്കാര്‍ രേഖകളും നിഷേധിച്ച്, ഇവരുടെ പൗരത്വം സംശയാസ്പദമെന്ന് പറഞ്ഞ് അസമില്‍ ഇത്തരമാളുകളെ പ്രത്യേക ജയിലുകളില്‍ പാര്‍പ്പിച്ചുകൊണ്ടിരിക്കുക യാണ്. രേഖകള്‍ പിടിച്ചെടുത്ത ശേഷം വീടുകളിലെത്തുന്ന പോലീസ് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വഴങ്ങിയില്ലെങ്കില്‍ പ്രത്യേക ജയിലുകളില്‍ കൊണ്ടുപോയി തടവിലിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമിരയാക്കുന്നത്. അങ്ങേയറ്റം വഷളായ അസമിലെ സാഹചര്യം മ്യാന്മറിലെ രോഹിങ്ക്യന്‍ മേഖലയായ രാഖൈനിലേതിന് സമാനമായെന്നാണ് പുറത്തുവരുന്ന ഇത്തരം വിവരങ്ങള്‍ നല്‍കുന്ന സൂചന. അസമില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരടങ്ങുന്ന ഒരു വസ്തുതാന്വേഷണ സംഘവുമായി പോയി വിവരങ്ങള്‍ പുറത്തെത്തിക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. കുറേകൂടി ഭാരിച്ച ഈ യാത്രക്കും അന്വേഷണത്തിനുമുള്ള സഹായം സുമനസ്സുകളില്‍നിന്ന് ലഭിക്കുമെന്ന വിശ്വാസത്തിലും പ്രതീക്ഷയിലുമാണ് ഞങ്ങള്‍.
Comments