Prabodhanm Weekly

Pages

Search

2018 മെയ് 18

3052

1439 റമദാന്‍ 02

ആഹാര സാക്ഷരത

മജീദ് കുട്ടമ്പൂര്‍

ലോകത്ത് ജനസംഖ്യാനുപാതികമായി നൂറ് വയസ്സ് പിന്നിട്ടവര്‍ ഏറ്റവുമധികമുള്ളത് ജപ്പാനിലെ ഒക്കിനാവ ദ്വീപസമൂഹത്തിലാണ്. അവരുടെ ആയുര്‍ദൈര്‍ഘ്യത്തിന്റെയും വാര്‍ധക്യസഹജമായ അസുഖങ്ങളില്ലാത്തതിന്റെയും പ്രധാന കാരണം, എത്ര പ്രിയപ്പെട്ട ആഹാരമായിരുന്നാലും ഇവര്‍ വയറിന്റെ പാതി നിറഞ്ഞാല്‍ പിന്നെ ഭക്ഷണം മതിയാക്കുന്നു എന്നതാണ്.

ജീവിത ശൈലീ രോഗങ്ങളാണല്ലോ കേരളത്തിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രശ്‌നം. ഇതിനുള്ള പ്രധാന കാരണം അമിതവും അനാരോഗ്യകരവുമായ ഭക്ഷണ ശീലങ്ങളാണ്. പുതിയ കണക്കുകളനുസരിച്ച്, സംസ്ഥാനത്ത് പ്രായപൂര്‍ത്തിയായവരില്‍ മൂന്നിലൊരാള്‍ക്ക് രക്താതിസമ്മര്‍ദവും അഞ്ചിലൊരാള്‍ക്ക് പ്രമേഹവുമുണ്ട്. ആഹാര ശീലങ്ങളില്‍ സൂക്ഷ്മതയും നിയന്ത്രണവുമില്ലാത്തതാണ് മിക്ക രോഗങ്ങളുടെയും അടിസ്ഥാന കാരണം. എല്ലാ രോഗങ്ങളുടെയും ഉത്ഭവം വയറില്‍നിന്നാണെന്ന് മഹാന്മാരായ ഭിഷഗ്വരന്മാര്‍ പറഞ്ഞിട്ടുണ്ട്. പ്രമേഹം, രക്താതിസമ്മര്‍ദം, ഹൃദ്രോഗം, കരള്‍ രോഗം, കിഡ്‌നി രോഗം തുടങ്ങിയവക്ക് പ്രധാന കാരണം ഭക്ഷണവുമായി ബന്ധപ്പെട്ടതാണ്. ലോകത്ത് പട്ടിണിയും പോഷകാഹാരക്കുറവും മൂലം രോഗികളാവുകയും മരണപ്പെടുകയും ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ അമിത ഭക്ഷണവും അനുബന്ധ രോഗങ്ങളും മൂലം മരണപ്പെടുന്നുണ്ട്. ഹിതവും മിതവുമായ ഭക്ഷണ ശീലങ്ങളാണ് പ്രശ്‌നത്തിന് പരിഹാരം. ശരീരത്തെ വിഷമയമാക്കുന്ന ഭക്ഷണ ശീലങ്ങളില്‍ മുസ്‌ലിം സമൂഹം ഒട്ടും പിന്നിലല്ല.

ഭക്ഷണ ശീലങ്ങള്‍ ക്രമീകരിക്കണമെങ്കില്‍ ആദ്യം മാനസിക നിയന്ത്രണം സാധ്യമാകണം. അത് കൈവരിക്കാനുള്ള ചിട്ടയായ പരിശീലനമാണ് റമദാന്‍ വ്രതത്തിലൂടെ നമുക്ക് ലഭിക്കുന്നത്. ആന്തരികമായ അച്ചടക്കം ശീലിക്കുകയാണ് നോമ്പിലൂടെ. ശരീരത്തിലും മനസ്സിലും അടിഞ്ഞുകൂടിയ ദുര്‍മേദസ്സുകള്‍ ഒഴിവാക്കി പുതിയൊരു മനുഷ്യനായിത്തീരുകയാണ്.

എന്നാല്‍ ഈ പുണ്യമാസത്തിലാണ് മുസ്‌ലിംകളില്‍ ധാരാളം പേര്‍ ഏറ്റവും കൂടുതല്‍ ഭക്ഷണമുണ്ടാക്കുന്നതും കഴിക്കുന്നതും ബാക്കി പാഴാക്കിക്കളയുന്നതും. പലര്‍ക്കും റമദാന്‍ ഒരാഘോഷം പോലെയാണ്. പതിവ് സമയങ്ങളില്‍ മാറ്റം വരുത്തി കൂടുതല്‍ ആഹരിക്കുന്നു. സാധാരണ ദിവസങ്ങളില്‍ കഴിക്കുന്ന ഭക്ഷണത്തേക്കാള്‍ കൂടുതലായി രാത്രികളില്‍ കഴിക്കുന്നു. 

രാത്രിയിലെ അമിത ഭക്ഷണവും വൈകിയുള്ള ഭക്ഷണവും അശാസ്ത്രീയമാണ്. അത് പലതരം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തും. അത് പ്രവാചകാധ്യാപനങ്ങള്‍ക്ക് എതിരുമാണ്. വിശക്കുമ്പോഴേ എന്റെ അനുചരന്മാര്‍ ഭക്ഷിക്കുകയുള്ളൂ എന്നു പറഞ്ഞ പ്രവാചകന്റെ അനുയായികള്‍ ഇന്ന്, ഭക്ഷണം നിയന്ത്രിക്കണമെന്ന് നിഷ്‌കര്‍ഷിച്ച റമദാനില്‍ പോലും അതിന്റെ ചൈതന്യം മറക്കുകയാണ്. വയറിന്റെ മൂന്നിലൊന്നില്‍ ഭക്ഷണം എന്നതാണ് പ്രവാചക നിര്‍ദേശം. മനുഷ്യന്‍ നിറയ്ക്കുന്ന പാത്രങ്ങളില്‍ ഏറ്റവും മോശമായതാണ് ആമാശയമെന്നും പ്രവാചകന്‍ ഉണര്‍ത്തിയിട്ടുണ്ട്.

ലക്കും ലഗാനുമില്ലാത്ത ഭക്ഷണ രീതികള്‍ ഉണ്ടാക്കുന്ന ആലസ്യവും ശ്രദ്ധകുറവും രാത്രി നമസ്‌കാരങ്ങളെയും മറ്റു ഇബാദത്തുകളെയും വെറും ചടങ്ങുകളാക്കി മാറ്റിക്കളയും. അസമയത്തെ അമിത ഭക്ഷണമാകട്ടെ, ദഹനത്തിന്റെയും ഉപാപചയ പ്രക്രിയയുടെയും താളം തെറ്റിക്കുകയും ചെയ്യും. രാത്രി ഭക്ഷണത്തിനു ശേഷം നാം ഉറങ്ങാനാണ് പോകുന്നത്. രാത്രിയില്‍ ശരീരം വിശ്രമിക്കാനൊരുങ്ങുമ്പോള്‍ ശാരീരികാവയവങ്ങള്‍ക്ക് പ്രത്യേകിച്ച് ഹൃദയത്തിന് അമിത ഭാരമുണ്ടാക്കി കൊടുക്കുകയാണ് ഈ ഭക്ഷണ രീതിയിലൂടെ. ഹൃദയത്തിനും മറ്റ് ആന്തരികാവയവങ്ങള്‍ക്കും അമിത ഭാരം ഇല്ലാതെ വിശ്രമിക്കാന്‍ അവസരം ലഭിക്കണമെങ്കില്‍ രാത്രി ഭക്ഷണം കുറക്കുകയും ഇടവേളകള്‍ വര്‍ധിപ്പിക്കുകയും വേണം.

ഭക്ഷണത്തിന്റെ ദഹനം, ഊര്‍ജ സംരക്ഷണം, ഊര്‍ജത്തിന്റെ പുനരുപയോഗം എന്നിവയെല്ലാം ശരീരത്തിലെ സൂക്ഷ്മവും സങ്കീര്‍ണവുമായ പ്രക്രിയകളാണ്. ഈ പ്രക്രിയകള്‍ നിയന്ത്രിക്കുന്ന ശരീര സംവിധാനങ്ങള്‍ കുറ്റമറ്റതായി നിലനില്‍ക്കണമെങ്കില്‍ അവക്കെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ആവശ്യവും ഉണ്ടാവണം. ഭക്ഷണം കഴിക്കാതിരിക്കുന്ന ഇടവേളകള്‍ ഉണ്ടായാലേ ശരീരം സംഭരിച്ച ഊര്‍ജം അതിന് ഉപയോഗിക്കാനാവൂ. പല ഗ്രന്ഥികള്‍ക്കും അതോടെ അവയുടെ ധര്‍മം നിര്‍വഹിക്കാനാവും. സംഭരിച്ച ഊര്‍ജം ഉപയോഗിക്കേണ്ടി വരുന്നില്ലെങ്കില്‍ പല ഗ്രന്ഥികളുടെയും പ്രവര്‍ത്തന ക്ഷമത തന്നെ ഇല്ലാതാവും.

ആത്മീയ ഉണര്‍വിന്റെ പാഠങ്ങള്‍ മറന്ന് റമദാനിനെ ഭക്ഷ്യപ്രധാനമാക്കുന്നത് വ്രത മാസത്തെ അനാദരിക്കലാണ്. വിശപ്പിന്റെ ആത്മീയത കൂടി നോമ്പ് നമ്മെ പഠിപ്പിക്കേണ്ടതുണ്ട്. അന്നപാനീയങ്ങള്‍ നിയന്ത്രിച്ച് സഹനം ശീലിക്കാനും വിശപ്പിനെപ്പറ്റി ചിന്തിക്കാനുമുള്ള അവസരം കൂടിയാണത്. റമദാനാനന്തര കാലത്തേക്കുള്ള ആഹാര സാക്ഷരത കൂടിയാണ് നാം നേടിയെടുക്കേണ്ടത്. ശാരീരികാവയവങ്ങള്‍ക്ക് ഹാനികരമല്ലാത്ത, ശരീരത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കാത്ത, ഹിതവും മിതവുമായ ഭക്ഷണ ശീലം ആര്‍ജിക്കാനാവട്ടെ ഈ റമദാന്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (50-53)
എ.വൈ.ആര്‍