അടഞ്ഞുപോകരുത് അനാഥാലയങ്ങളുടെ വാതിലുകള്‍
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മലയാള പത്രങ്ങളിലെയും ചാനലുകളിലെയും ആദ്യവാര്‍ത്തകളിലൊന്ന് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളില്‍ മെറിറ്റ് അട്ടിമറിച്ചുകൊണ്ടുള്ള പ്രവേശനമായിരുന്നു. പക്ഷേ, ഭരണ-പ്രതിപക്ഷങ്ങള്‍ മാത്രമല്ല സാംസ്‌കാരിക കേരളമഖിലവും നിസ്സംഗതയോടെ വിട്ടുകളഞ്ഞ മറ്റൊരു വാര്‍ത്തയുണ്ടായിരുന്നു, 2018 ഏപ്രില്‍ 5-ലെ മാധ്യമത്തില്‍. ബാലനീതി നിയമത്തിന്റെ കുരുക്കില്‍ അരക്ഷിതരായി തീരുന്ന പന്ത്രണ്ടായിരം കുരുന്നുകളുടെ കണ്ണീരിന്റെ ഉപ്പുരസമുള്ള വാര്‍ത്ത.
ബാലനീതി നിയമത്തിന്റെ കടുത്ത വ്യവസ്ഥകള്‍ക്കു മുന്നില്‍ മുന്നോട്ടു പോകാന്‍ കഴിയാതെ ഒട്ടനവധി അനാഥാലയങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുന്നു. ജെ.ജെ ആക്ട് പ്രകാരം അനാഥാലയങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സുപ്രീംകോടതി നിശ്ചയിച്ച അവസാന തീയതി മാര്‍ച്ച് 31-ന് അവസാനിച്ചതിനെ തുടര്‍ന്നാണിത്. കരുണ വറ്റാത്ത ഉദാരമതികളുടെ നിര്‍ലോഭമായ സഹായവും സഹകരണവും കൊണ്ടുമാത്രം നിലനിന്നുപോരുന്ന അനാഥാലയങ്ങള്‍ക്ക് പുതുക്കി നിശ്ചയിച്ച വ്യവസ്ഥകള്‍ പാലിക്കാന്‍ മാത്രമുള്ള സാമ്പത്തിക സുസ്ഥിതിയോ പിന്‍ബലമോ ഇല്ല. നിത്യവൃത്തിക്കുള്ള പണം പോലും സ്വരൂപിക്കാന്‍ കഴിയാതെ വിഷമിച്ചു നീങ്ങുന്ന നൂറുകണക്കിനു അനാഥാലയങ്ങളാണ് ഒരിക്കലും തുറക്കാന്‍ പറ്റാത്തവിധം കൊട്ടിയടക്കപ്പെടുന്നത്.
കുട്ടികള്‍ക്ക് ആനുപാതികമായി നിശ്ചിത എണ്ണം ജോലിക്കാര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, സൈക്കോളജിസ്റ്റുകള്‍, കെയര്‍ടേക്കര്‍മാര്‍ തുടങ്ങിയവരുടെ സേവനം ഉറപ്പാക്കണമെന്നതടക്കമുള്ള കര്‍ശന വ്യവസ്ഥകളാണ് നിയമത്തിലുള്ളത്. കൂടാതെ പുതിയ കെട്ടിടങ്ങളും സൗകര്യങ്ങളും സംവിധാനിക്കുകയും വേണം. ഭാരിച്ച ചെലവിലേക്കാവശ്യമായ സാമ്പത്തിക സ്രോതസ്സിനെ സംബന്ധിച്ച് ഉത്തരവാദപ്പെട്ടവര്‍ തികഞ്ഞ മൗനത്തിലുമാണ്. പ്രസ്തുത നിയമം കടുത്ത സാമ്പത്തിക ബാധ്യത വരുത്തിവെക്കും എന്ന് മാത്രമല്ല, നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പിഴയും ഒരു വര്‍ഷം വരെ തടവും അത് നിഷ്‌കര്‍ഷിക്കുന്നുമുണ്ട്. അനാഥമക്കളുടെ നിസ്സഹായതയുടെ കണ്ണീര്‍കണങ്ങള്‍ കണ്ട് ഉദാരമനസ്സുമായി വന്ന ഒരുപിടി സുമനസ്സുകളുടെ ഹൃദയങ്ങളില്‍ തീക്കനല്‍ ചൊരിയുന്ന സാഹചര്യമാണ് വന്നുഭവിച്ചിരിക്കുന്നത്.
അനാഥത്വം ആരും സ്വയം തെരഞ്ഞെടുക്കുന്നതല്ലല്ലോ. ഒന്നിനുമാവാത്ത ശൈശവ-കൗമാര ദശയില്‍ തീമഴപോലെ പെയ്തിറങ്ങുന്ന ദുരവസ്ഥയാണത്. സ്‌നേഹാമൃതം പകരുന്ന മാതാവും വാത്സല്യത്തിന്റെ കരവലയം ചേര്‍ത്ത് നെഞ്ചോട് ചേര്‍ത്തുവെക്കേണ്ട പിതാവും നഷ്ടപ്പെട്ടുപോകുന്ന ഒരു കുഞ്ഞിളം മനസ്സിന്റെ മൗനനൊമ്പരം ഒരു ശാസ്ത്രമാപിനിക്കും കണ്ടെത്താന്‍ കഴിയില്ല. അനാഥത്വത്തിന്റെ കൊടും ഭാരത്താല്‍ നെഞ്ചിലേക്ക് പെയ്തിറങ്ങിയ കണ്ണീര്‍ തുള്ളികള്‍ ഏത് മനുഷ്യനെയാണ് പിടിച്ചുലക്കാത്തത്! സ്വന്തം മാതാപിതാക്കളുടെ മൃതദേഹത്തിനരികെ, അവര്‍ എന്നന്നേക്കുമായി നഷ്ടപ്പെട്ടു എന്ന ബോധ്യം പോലുമില്ലാതെ കളിപ്പാട്ടവുമായിരിക്കുന്ന കുഞ്ഞിളം ബാല്യത്തെ ആര്‍ക്കാണ് കണ്ണീരണിയാതെ കാണാന്‍ കഴിയുക! യുവത്വത്തിലേ ഭര്‍ത്താവ് നഷ്ടപ്പെട്ട് വിധവയായതിന്റെ മനോവ്യഥകള്‍ക്കു നടുവില്‍ എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുകിടാങ്ങളുടെ ഭാവിയോര്‍ത്ത് തേങ്ങിക്കരയാനേ പല കുടുംബിനികള്‍ക്കും കഴിയുമായിരുന്നുള്ളൂ. തോരാതെ പെയ്യുന്ന പെരുമഴയത്ത് ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ തലയിലിട്ട തട്ടം മാത്രം മക്കള്‍ക്ക് മറയായി പിടിച്ച മാതാക്കളുണ്ടായിരുന്നു.
വാടകവീട്ടില്‍നിന്ന് ഇനിയും കൊടുത്തു തീര്‍ത്തിട്ടില്ലാത്ത കുടിശ്ശികയുടെ പേരില്‍ ഇറക്കിവിട്ടപ്പോള്‍ ഇടംതേടിവന്ന അനാഥ കുടുംബങ്ങള്‍. അമ്മിഞ്ഞപ്പാല് പകര്‍ന്ന് താരാട്ട് പാടി ഉറക്കാനും, ഭാസുരമായ ഭാവിയിലേക്ക് അവരെ ഉയര്‍ത്താനും പല അനാഥമക്കളുടെയും മാതാക്കള്‍ക്ക് മോഹമുണ്ടായിരുന്നു. പ്ലാസ്റ്റിക് ഷീറ്റ് മറച്ചുവെച്ച കിളിക്കൂടിനുള്ളില്‍ തൊട്ടിലിന്റെ കയറുകെട്ടാനും വേണമെല്ലോ മേല്‍ക്കൂരയുടെ ചെറിയ മരക്കഷ്ണമെങ്കിലും! ജീവിതത്തിന്റെ അവസാന പിടിവള്ളിയും നഷ്ടപ്പെട്ട അനാഥകള്‍ക്ക്, അവരുടെ ഭാവിയോര്‍ത്ത് വ്യസനിച്ച കുടുംബങ്ങള്‍ക്ക്, ദുര്‍വിധിയുടെ നീര്‍ക്കയത്തില്‍ മുങ്ങിത്താണു പോകുന്ന അനാഥ ബാല്യങ്ങളെ ഓര്‍ത്ത് വ്യസനിച്ച സുമനസ്സുകള്‍ക്ക് താങ്ങും തണലുമായിരുന്നു നമ്മുടെ അനാഥാലയങ്ങള്‍.
ബ്രിട്ടീഷുകാര്‍ക്കെതിരെ പടനയിച്ച മലബാറിലെ സ്വാതന്ത്ര്യദാഹികളായ മാപ്പിള മക്കളെ നാടുകടത്തിയും കൊന്നൊടുക്കിയും അധിനിവേശ ശക്തി തേര്‍വാഴ്ച നടത്തിയപ്പോള്‍ പിതാവിനെ നഷ്ടപ്പെട്ട മക്കള്‍ക്കും നായകനെ നഷ്ടപ്പെട്ട് ആടിയുലഞ്ഞ കുടുംബത്തിനും പ്രതീക്ഷയുടെ പുതിയ പൗര്‍ണമി ആയിരുന്നു കേരളത്തിലെ യതീംഖാനാ പ്രസ്ഥാനം. പിന്നീട് ജീവിതം വഴിമുട്ടിയ ദരിദ്രര്‍ക്കും അഗതികള്‍ക്കും മുന്നില്‍ അനാഥാലയത്തിന്റെ പ്രവേശന കവാടങ്ങള്‍ തുറന്നുകിടന്നു. അക്ഷരത്തിന്റെ വെളിച്ചവും ഭക്ഷണത്തിന്റെ പരിപോഷണവും സംരക്ഷണത്തിന്റെ സ്‌നേഹത്തണലും ആ അനാഥമക്കള്‍ അവിടുന്ന് അനുഭവിച്ചു. സഹൃദയരായ സമുദായ സ്‌നേഹികള്‍ അവരുടെ മണ്ണും മനസ്സും കരുത്തും സമ്പത്തും ആ സ്ഥാപനങ്ങള്‍ക്ക് വഖ്ഫ് ചെയ്തു. അങ്ങനെ കേരളത്തിലെ എല്ലാ മുസ്‌ലിം കൂട്ടായ്മകളും വിവിധ ഭാഗങ്ങളില്‍ അനാഥമന്ദിരങ്ങള്‍ പടുത്തുയര്‍ത്തി. സമുദായത്തിനു മുന്നില്‍ ഗതിയറിയാതെ സഞ്ചരിച്ചിരുന്ന ഒരു തലമുറ വിദ്യാസമ്പന്നരായി. സമൂഹത്തെ മുന്നില്‍ നിന്നു നയിക്കുന്ന നായകന്മാരും സ്വദേശത്തും വിദേശത്തും വ്യാപാര ശൃംഖലകളുള്ള വ്യവസായികളുമായി അവര്‍ മാറി. പണ്ഡിതന്മാരും ഭിഷഗ്വരന്മാരും സമുദായത്തിന്റെ വിവിധ തലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ചരിത്രമുണ്ടായി. എല്ലാം യതീംഖാനയെന്ന സ്‌നേഹതടാകത്തില്‍ വിരിഞ്ഞ പുഷ്പങ്ങള്‍.
കേരളത്തിലെ അനാഥാലയങ്ങള്‍ പലതും ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഉള്‍പ്പെടെയുള്ള സാങ്കേതിക സ്ഥാപനങ്ങളായി പടര്‍ന്നുപന്തലിച്ചു. വര്‍ണശബളമായ യൂനിഫോമുകള്‍ ധരിച്ച്, ആഢ്യത്വത്തിന്റെ ടൈ കെട്ടി കുബേര മക്കള്‍ ആ സ്ഥാനം കൈയടക്കിയപ്പോള്‍ സ്ഥാപന സമുച്ചയങ്ങള്‍ക്ക് നടുവിലൂടെ വെള്ളത്തുണിയും വെള്ള ഷര്‍ട്ടും ധരിച്ച് യതീമിന്റെ സഹതാപത്തൊപ്പിയുമിട്ട് ഓരം പറ്റി പോകുന്ന പാര്‍ശ്വവത്കൃതരായി മാറുന്നുണ്ടോ നമ്മുടെ അനാഥ മക്കള്‍? അതുകൊണ്ടായിരിക്കാം പൂട്ടിപ്പോകുന്ന ഇംഗ്ലീഷ് മീഡിയം സ്ഥാപനത്തെക്കുറിച്ചുണ്ടാകുന്ന ആകുലതയും വ്യാകുലതയും വഴിമുട്ടി നില്‍ക്കുന്ന യതീംഖാനയെ സംബന്ധിച്ച് സമുദായത്തിന്റെ ഗൗരവ ചിന്തയില്‍ ഇനിയും കടന്നുവരാത്തത്. മരിച്ചുപോയ നമ്മുടെ മാതാപിതാക്കളുടെ പരലോക ജീവിതത്തില്‍ മഗ്ഫിറത്തും മര്‍ഹമത്തും ചൊരിയാന്‍ മനമുരുകി പ്രാര്‍ഥിക്കുന്ന ദുആഇരക്കല്‍ സംഘമായി മാറിയോ നമ്മുടെ അനാഥക്കുഞ്ഞുങ്ങള്‍? ഇനിയും പണിതീരാത്ത, ഇംഗ്ലീഷ് വാഴുന്ന സ്ഥാപന സമുച്ചയങ്ങളുടെ സ്‌കെച്ചിനും പ്ലാനിനുമൊപ്പം ഉദാരമതികളായ സമ്പന്നര്‍ക്കും കനിവു വറ്റാത്ത ഉദാരതയുടെ സ്‌നേഹപ്രതീകങ്ങളായ അറബികള്‍ക്കും മുന്നില്‍ ധനസമാഹരണത്തിന് സമര്‍പ്പിക്കുന്ന കണ്ണീര്‍ചിത്രങ്ങളായോ നമ്മുടെ യതീം കുട്ടികള്‍? സമുദായ ഗാത്രത്തില്‍ അസ്ത്രം കണക്കെ തറക്കുന്ന ഈ ചോദ്യങ്ങള്‍ ഒരു പുനര്‍വിചിന്തനത്തിന് വിധേയമാകുന്നത് അനാഥശാലകളുടെയും അവിടത്തെ അന്തേവാസികളുടെയും ഭാസുര ഭാവിക്ക് നല്ലതാണ്.
വരുംനാളുകളില്‍ അനാഥശാലകള്‍ അനുഭവിക്കാന്‍ പോകുന്ന അസ്തിത്വ പ്രതിസന്ധി, ഏതാനും മാനേജ്‌മെന്റുകളും സ്ഥാപനഭാരവാഹികളും മാത്രമല്ല, ഒരു സമുദായം മൊത്തം അനുഭവിക്കാന്‍ പോകുന്ന വിഷമസന്ധിയായിരിക്കും. കലാലയങ്ങള്‍ തുറക്കുന്ന ജൂണ്‍ മാസത്തിലെ പുതുമഴയില്‍ വര്‍ണപ്പുടവയണിഞ്ഞ് പുതിയ പാഠപുസ്തകത്തിന്റെ നറുമണവും ശ്വസിച്ച് വര്‍ണക്കുടയും ചൂടി സനാഥരായ മക്കള്‍ കലാലയങ്ങളുടെ പടികയറുമ്പോള്‍ സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത കലങ്ങിയ കണ്ണുമായി കണ്ണീരണിഞ്ഞ കുറേ അനാഥ മക്കളുണ്ടായിരുന്നു ഇവിടെ. അവരുടെ പ്രതീക്ഷകളുടെ സാക്ഷാല്‍ക്കാരമായിരുന്നു ഈ അനാഥശാലകള്‍. അനാഥയുടെ നിസ്സഹായത തൊട്ടറിഞ്ഞ്, സഹാനുഭൂതിയോടെ കൈപിടിച്ച് കൊണ്ടുവരാന്‍ സാമൂഹിക സേവകര്‍ ആശ്രയിച്ചിരുന്ന സ്‌നേഹ സദനങ്ങളായിരുന്നു അവ. താമസസ്ഥലവും കാലിത്തൊഴുത്തും തിരിച്ചറിയാനാകാത്ത വിധം ജീവിതത്തിന്റെ ദുഃസ്ഥിതിയിലേക്ക് വലിച്ചെറിയപ്പെട്ട ഉത്തരേന്ത്യന്‍ കുരുന്നുകളുടെ കണ്‍മുന്നിലെ പറുദീസക്കുമേലാണ് ഇപ്പോള്‍ കരിനിഴല്‍ വീഴുന്നത്.
നിസ്സഹായരായ മനുഷ്യസമൂഹത്തിന് മുന്നില്‍ മലര്‍ക്കെ തുറന്നിട്ട അനാഥശാലകളുടെ പൂമുഖ വാതിലുകള്‍ ഒരിക്കലും നാം കൊട്ടിയടക്കരുത്. നിലവിലുള്ള പ്രതിസന്ധികളെ സമുദായ സ്‌നേഹികളും സംഘടനാ സാരഥികളും രാഷ്ട്രീയ നേതാക്കളും എല്ലാ സമൂഹങ്ങളിലെയും സുമനസ്സുകളും ഒന്നിച്ചിരുന്ന് മറികടക്കണം. പ്രതീക്ഷയറ്റുപോകുന്ന പന്ത്രണ്ടായിരം കുരുന്നുകള്‍ക്ക് ആശ്വാസവും പ്രതീക്ഷയുമാവും നമ്മുടെ വിചിന്തനങ്ങള്‍.
ജനിക്കുന്നതിനു മുമ്പേ തന്നെ പിതാവ് നഷ്ടപ്പെട്ട, ശൈശവദശയില്‍ തന്നെ മാതാവിന്റെ ഖബ്‌റിടത്തില്‍ ഇളംകൈകൊണ്ട് പിടിമണ്ണിടേണ്ടിവന്ന അനാഥനായി വളര്‍ന്ന മുഹമ്മദ് നബി(സ)യെ തന്നെയാണ് അല്ലാഹു അന്ത്യപ്രവാചകനായി നിയോഗിച്ചത്. അല്ലാഹുവിനെ സംബന്ധിച്ച് ഓര്‍മിപ്പിക്കാന്‍ മാത്രമല്ല അനാഥയെ സംബന്ധിച്ച് പറയാന്‍ കൂടിയാണ് അദ്ദേഹത്തിന്റെ നിയോഗം. അനാഥയുടെ മുന്നില്‍വെച്ച് സ്വന്തം മക്കളെ ലാളിക്കരുതെന്ന് ശാസിച്ചിരുന്നു മുത്ത്‌നബി(സ). സംഘമായി നില്‍ക്കുന്ന കുട്ടിക്കൂട്ടങ്ങള്‍ക്കു നടുവില്‍ പോയി ഒരു പിതാവും സ്വന്തം പുത്രനെ നോക്കി 'മോനേ' എന്ന് വിളിക്കരുതെന്നും അതുവഴി ഒരു അനാഥക്കുട്ടിയുടെ ഹൃദയമെങ്കിലും പിടഞ്ഞുപോകുമെന്നും പഠിപ്പിച്ചത് അതേ തിരുനബി. അനാഥയെ ആട്ടിപ്പായിക്കരുതെന്ന് ലോകത്തോട് വിളിച്ചോതിയത് വേദപ്പൊരുളായ ഖുര്‍ആന്‍.
''കാര്യം അതല്ല; നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല. അഗതിക്ക് അന്നം നല്‍കാന്‍ പ്രേരിപ്പിക്കുന്നുമില്ല. പാരമ്പര്യമായി കിട്ടിയ സ്വത്തുക്കള്‍ വാരിക്കൂട്ടി വെട്ടിവിഴുങ്ങുകയാണല്ലോ നിങ്ങള്‍. ധനത്തെ നിങ്ങള്‍ അതിരറ്റ് സ്‌നേഹിക്കുന്നു. ഓര്‍ക്കുക, ഭൂമിയാകെയും ഇടിച്ചു നിരപ്പാക്കപ്പെടുന്ന ഒരു നാളുണ്ടാകും'' (അല്‍ ഫജ്ര്‍ 17-21).
Comments