Prabodhanm Weekly

Pages

Search

2018 മെയ് 18

3052

1439 റമദാന്‍ 02

വ്രതം വിശുദ്ധിയിലേക്കുള്ള തീര്‍ഥയാത്ര

പി.കെ ജമാല്‍

റമദാന്‍ മാസത്തിന് ഇസ്‌ലാമില്‍ സവിശേഷ സ്ഥാനമുണ്ട്. അനുപമവും അതുല്യവുമായ പദവി നല്‍കിയാണ് മുസ്‌ലിം സമൂഹം ഈ മാസത്തെ ആദരിക്കുന്നത്. മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനമായും സന്മാര്‍ഗത്തിന്റെ തെളിഞ്ഞ ദൃഷ്ടാന്തമായും വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായത് റമദാനിലാണ്. ഖുര്‍ആനിന്റെ മാത്രമല്ല മറ്റു ദൈവിക ഗ്രന്ഥങ്ങളുടെയും അവതരണത്താല്‍ ധന്യമായ പൈതൃകം ഈ മാസത്തിനുണ്ട്. അബൂദര്‍റ് (റ) നിവേദനം ചെയ്ത ഒരു നബിവചനം തെളിവ്. നബി (സ) പറഞ്ഞു: ''റമദാന്‍ മൂന്നിനാണ് ഇബ്‌റാഹീം നബി(അ)ക്ക് ഏടുകള്‍ നല്‍കപ്പെട്ടത്. റമദാന്‍ ആറിന് മൂസാ നബി(അ)ക്ക് തൗറാത്ത് കിട്ടി. ഈസാ നബി(അ)ക്ക് ഇഞ്ചീല്‍ അവതരിപ്പിക്കപ്പെട്ടത് റമദാന്‍ പതിമൂന്നിനാണ്. ദാവൂദ് നബി(അ)ക്ക് സബൂര്‍ ലഭിച്ചത് റമദാന്‍ പതിനെട്ടിന്. മുഹമ്മദ് നബിക്ക് വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായത് റമദാന്‍ ഇറുപത്തിനാലിനാണ്'' (അഹ്മദ്, ബൈഹഖി, ത്വബറാനി).

റമദാനിലെ വ്രതാനുഷ്ഠാനം അല്ലാഹു നല്‍കിയ ഈ മഹത്തായ അനുഗ്രഹത്തിനുള്ള നന്ദിപ്രകാശനമാണ്. കൃതജ്ഞത പ്രകടിപ്പിക്കുന്നതിനുള്ള ശരിയായ രീതി അനുഗ്രഹദാതാവിന്റെ ഉദ്ദേശ്യം നിറവേറ്റാന്‍ സര്‍വാത്മനാ തയാറാവുക എന്നതാണ്. ദൈവപ്രീതി ആര്‍ജിക്കാനുള്ള മാര്‍ഗം തിരിച്ചറിഞ്ഞ് ജീവിക്കുകയും ലോകത്തെ ആ മാര്‍ഗത്തിലൂടെ നയിക്കുകയുമാണ്. ഖുര്‍ആന്‍ അവതീര്‍ണമായ മാസത്തിലെ വ്രതാനുഷ്ഠാനം ഒരു ആരാധനയോ ആത്മാവിന്റെ സംസ്‌കരണമോ മാത്രമല്ല, ഖുര്‍ആന്‍ എന്ന മഹത്തായ അനുഗ്രഹത്തിന് അനുയോജ്യമായ കൃതജ്ഞതാ പ്രകടനം കൂടിയാകുന്നു. ഒരു മാസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാനം നിരന്തരവും നിസ്തന്ദ്രവുമായ ആത്മസംയമന സാധനയാണ്. പകലന്തിയോളം ആഹാര പാനീയങ്ങള്‍ വര്‍ജിച്ചും ജഡിക മോഹങ്ങള്‍ പരിത്യജിച്ചും കഴിയുന്ന വിശ്വാസി, രാവുകളില്‍ പ്രാര്‍ഥനയിലും നമസ്‌കാരത്തിലും ദൈവസങ്കീര്‍ത്തനത്തിലും മുഴുകുന്നു. പകലുകളും പാതിരാവുകളും നന്മനിറഞ്ഞ കര്‍മങ്ങളില്‍ വ്യാപരിച്ച് ആത്മീയോത്കര്‍ഷത്തിന്റെ സോപാനങ്ങളില്‍ വിരാജിക്കുമ്പോള്‍ ദൈവം തന്റെ ദാസനില്‍ സംപ്രീതനാവുന്നു. റമദാന്‍ ആസന്നമായ സന്ദര്‍ഭത്തില്‍ നബി (സ) അനുചരന്മാരെ അഭിമുഖീകരിച്ച് നടത്തിയ ഒരു പ്രഭാഷണം ഉബാദത്തുബ്‌നു സ്വാമിത്ത് ഓര്‍ക്കുന്നു: ''റമദാന്‍ മാസം ഇതാ ആഗതമായി. സര്‍വ അനുഗ്രഹത്തിന്റെയും ഐശ്വര്യത്തിന്റെയും മാസമാണിത്. ഈ മാസത്തില്‍ അല്ലാഹു നിങ്ങളെ ആശീര്‍വദിക്കും. അവന്റെ കാരുണ്യം പെയ്തിറങ്ങുന്ന നാളുകളാണിത്. നിങ്ങളുടെ പാപങ്ങള്‍ അവന്‍ മായ്ക്കും. പ്രാര്‍ഥനകള്‍ക്കുത്തരമേകും. കര്‍മങ്ങളിലുള്ള നിങ്ങളുടെ മത്സരവും ശുഷ്‌കാന്തിയും അവന്‍ വീക്ഷിക്കും. നിങ്ങളെ ചൂണ്ടി അവന്‍ തന്റെ മലക്കുകളോട് ഊറ്റം കൊള്ളും. അതിനാല്‍ നിങ്ങളിലുള്ള എല്ലാ നന്മകളും നന്മനിറഞ്ഞ കര്‍മങ്ങളും അല്ലാഹുവിന് കാട്ടിക്കൊടുക്കുക. ദൈവകാരുണ്യം നിഷേധിക്കപ്പെട്ടവനാകുന്നു നിര്‍ഭാഗ്യവാന്‍'' (ത്വബറാനി).

വ്രതാനുഷ്ഠാനത്തിന്റെ ആത്മാവില്ലാത്ത ആചരണത്തോട് ഇസ്‌ലാമിന് മതിപ്പില്ല. നന്മയുടെ നിറവില്‍ വിശിഷ്ട സ്വഭാവങ്ങളുടെയും മൂല്യങ്ങളുടെയും പടച്ചട്ടയണിഞ്ഞ വ്യക്തിയുടെ നിര്‍മാണമാണ് നോമ്പ് കൊണ്ട് സാധിതമാവേണ്ടത്. മഹത്തായ ഈ ദൗത്യ നിര്‍വഹണത്തിന് സഹായകമാവാത്ത വ്രതാനുഷ്ഠാനത്തിന്റെ സ്വീകാരസാധ്യതയെ നിരാകരിച്ച് നബി (സ) വ്യക്തമാക്കിയിട്ടു്: ''പൈദാഹം സഹിച്ചുവെന്നതല്ലാത്ത ഒരു പ്രയോജനവും ലഭിക്കാത്ത എത്രയെത്ര നോമ്പുകാര്‍! ഉറക്കമിളച്ചു എന്നതല്ലാത്ത ഒരു നേട്ടവും കരഗതമായിട്ടില്ലാത്ത എത്രയെത്ര നമസ്‌കാരക്കാര്‍!'' (ദാരിമി, നിസാഈ, ഇബ്‌നുമാജ).

വ്രതാനുഷ്ഠാനം സൃഷ്ടിക്കേണ്ട വിശിഷ്ട മൂല്യങ്ങള്‍ ശഹീദ് സയ്യിദ് ഖുത്വ്ബ് വിവരിക്കുന്നു: ''വിശ്വസിച്ചവരേ, നിങ്ങള്‍ക്കു മുമ്പുള്ള പ്രവാചകന്മാരുടെ അനുയായികള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടതു പോലെ നിങ്ങള്‍ക്കും വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. അതുവഴി നിങ്ങളില്‍ ഭക്തിയുടെ ഗുണങ്ങള്‍ വളര്‍ന്നേക്കാം (അല്‍ബഖറ 183). നോമ്പിന്റെ മഹോന്നത ലക്ഷ്യം വ്യക്തമാക്കുകയാണിവിടെ. ദൈവഭക്തിയാണത്. തഖ്‌വയാണ്, ഭയഭക്തിയാണ് ഹൃദയങ്ങളെ ഉണര്‍ത്തുകയും ഉജ്ജീവിപ്പിക്കുകയും ചെയ്യുന്നത്. ദൈവപ്രീതി കാംക്ഷിച്ച് ത്യാഗമായും അനുസരണമായും അനുഷ്ഠിക്കുന്ന വ്രതത്തിന്റെ വിശുദ്ധി, മനസ്സില്‍ നാമ്പിടുന്ന അധമ വികാരങ്ങളാല്‍ പോലും കളങ്കിതമാവരുതെന്ന നിര്‍ബന്ധ ബുദ്ധി-തഖ്‌വ- ഹൃദയത്തിന്റെ കാവലാളാവുകയാണിവിടെ. ദൈവസന്നിധിയില്‍ ഭക്തിയുടെ മഹിമ മനസ്സിലാക്കിയവരാണ് ഈ ഖുര്‍ആനിന്റെ സംബോധിത സമൂഹം. ആ വിശുദ്ധാത്മാക്കള്‍ ആരോഹണം ചെയ്‌തെത്തുന്നത് ഈ മഹത്തായ ലക്ഷ്യസന്ദേശത്തിലാണ്. ഈ വ്രതം അവര്‍ക്ക് ലക്ഷ്യസാക്ഷാത്കാരത്തിനുള്ള മാര്‍ഗവും മാധ്യമവുമാണ്. അവരുടെ കണ്‍മുന്നില്‍ തെളിഞ്ഞു മിന്നുന്ന ആത്മീയോത്കര്‍ഷത്തിന്റെ പ്രകാശഗോപുരത്തില്‍ വ്രതശ്രേണിയിലൂടെ അവര്‍ കയറിച്ചെല്ലും'' (ഫീ ളിലാലില്‍ ഖുര്‍ആന്‍ 2:168).

വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവിതത്തില്‍ റമദാന്‍ വ്രതം സൃഷ്ടിക്കേണ്ട സമഗ്ര മാറ്റം ഊന്നിപ്പറഞ്ഞവരാണ് മുന്‍ഗാമികളായ പണ്ഡിതന്മാര്‍. ഹസനുബ്‌നു അലി (റ): തന്റെ തൃപ്തിയാര്‍ജിക്കാനുള്ള അനുസരണത്തില്‍ മുന്നേറാന്‍ സൃഷ്ടികള്‍ക്ക് അല്ലാഹു ഏര്‍പ്പെടുത്തിയ മത്സരമാണ് റമദാന്‍. ഒരു വിഭാഗം മത്സരിച്ചു മുന്നേറി. അവര്‍ വിജയികളായി. മറ്റൊരു വിഭാഗം പിറകിലായി. അവര്‍ പരാജയപ്പെട്ടു.

ജാബിറുബ്‌നു അബ്ദില്ലാഹ് (റ): നിങ്ങളുടെ വ്രതം പാപകര്‍മങ്ങളില്‍നിന്നുള്ള കണ്ണിന്റെയും കാതിന്റെയും നാവിന്റെയും വ്രതമായിരിക്കട്ടെ. വ്രതദിനത്തില്‍ നോമ്പിന്റെ മഹിമയും ഗാംഭീര്യവും സ്വഭാവത്തിലും സമീപനത്തിലും പ്രകടമാവട്ടെ. നോമ്പുള്ള ദിവസവും അല്ലാത്ത ദിവസവും ഒരുപോലെയാവരുത്.

ഇമാം ശാഫിഈ (റ): റസൂലിന്റെ മാതൃക സ്വീകരിച്ച് നോമ്പുകാരന്‍ റമദാന്‍ മാസത്തില്‍ ഏറെ ഉദാരമതിയാവുന്നതാണ് എനിക്കിഷ്ടം. ആരാധനാ കര്‍മങ്ങളില്‍ വ്യാപൃതരാവുന്നതുമൂലം ജീവിതായോധനത്തിന് പോവാന്‍ സാധിക്കാത്തവര്‍ക്കും ജനങ്ങള്‍ക്ക് പൊതുവിലും ഉപകാരപ്പെടും അയാളുടെ ഔദാര്യം.

ഇമാം ഗസാലി (റ): വ്രതം ആത്മാവിനെ സംസ്‌കരിക്കും, ശരീരത്തെ വിമലീകരിക്കും. നന്മനിറഞ്ഞ കര്‍മങ്ങള്‍ക്ക് പ്രചോദനമേകും. അത് വ്യക്തിക്ക് മുന്‍കരുതലാണ്, സമൂഹത്തിന് പരിരക്ഷയാണ്. ശരീരത്തിന് പൈദാഹം അനുഭവപ്പെട്ടാല്‍ ഹൃദയം സ്ഫുടമാകും; ഉള്‍ക്കാഴ്ചയുണ്ടാവും. അമിതാഹാരം ദുര്‍മേദസ്സിന് നിമിത്തമാവും. ഹൃദയത്തെ അന്ധമാക്കും. മസ്തിഷ്‌കത്തില്‍ സംഘര്‍ഷമുളവാക്കി പ്രജ്ഞയെ നശിപ്പിക്കും. കുഞ്ഞുങ്ങള്‍ അമിതമായി ആഹരിച്ചാല്‍ മനനശേഷിയും ബുദ്ധിയും ശോഷിക്കുന്നത് കണ്ടിട്ടില്ലേ?

ഇബ്‌നു ഖയ്യിമുല്‍ ജൗസി: വികാരങ്ങളുടെ നിയന്ത്രണമാണ് വ്രതാനുഷ്ഠാനം. പതിവുരീതികളില്‍നിന്ന് വ്യതിചലിച്ച് സന്തോഷത്തിന്റെയും സൗഭാഗ്യത്തിന്റെയും കൊടുമുടികള്‍ കീഴടക്കാന്‍ മനസ്സിനെ മെരുക്കുന്ന സാധനയും തപസ്സുമാണ് നോമ്പ്. അനശ്വരവും അമര്‍ത്ത്യവുമായ ലോകത്തിലേക്കുള്ള തീര്‍ഥയാത്രയാണത്. ശരീരത്തിലും മനസ്സിലും പിശാചിന്റെ തേരോട്ടം അനുവദിക്കാത്ത കരുത്തുറ്റ വ്യക്തിയുടെ സൃഷ്ടിയാണ് അന്തിമ വിശകലനത്തില്‍ നോമ്പ്.

അഹ്‌നഫുബ്‌നു ഖൈസിനോട് ഒരാള്‍: 'വയോവൃദ്ധനായിരിക്കുന്നു അങ്ങ്. നോമ്പ് അങ്ങയെ കൂടുതല്‍ പരിക്ഷീണിതനാക്കും.' അഹ്‌നഫിന്റെ മറുപടി: 'ഒരു ദീര്‍ഘയാത്രക്കുള്ള ഒരുക്കത്തിലാണ് ഞാന്‍. അല്ലാഹുവിനെ അനുസരിക്കാനുള്ള ക്ഷമയും സഹനവുമാണ് അവന്റെ ശിക്ഷ സഹിക്കുന്നതിനേക്കാള്‍ നിസ്സാരമായിട്ടുള്ളത്.'

വിശുദ്ധ ഖുര്‍ആനിന് പ്രത്യേക പരിഗണന നല്‍കിയാണ് പൂര്‍വികര്‍ റമദാനിലെ പകലുകളും പാതിരാവുകളും വിനിയോഗിച്ചത്. ഖുര്‍ആന്‍ പാരായണം ചെയ്തും പരിചിന്തനം നടത്തിയും മനനം  ചെയ്തും ആത്മാവിന്റെ തീര്‍ഥയാത്രയാക്കി മാറ്റി അവര്‍ റമദാനിലെ ഓരോ നിമിഷത്തെയും. റമദാനിലെ ഓരോ മൂന്ന് ദിവസത്തിലും അവസാന ദിവസങ്ങളില്‍ ഓരോ ദിനവും ഖുര്‍ആന്‍ പാരായണം ചെയ്ത് പൂര്‍ത്തിയാക്കുന്നതില്‍ ബദ്ധശ്രദ്ധരായിരുന്നു ഇബ്‌റാഹീം നഖഇയും ഖതാദ(റ)യും. റമദാനില്‍ ഹദീസ് പഠനവും വിജ്ഞാനസദസ്സുകളും മാറ്റിവെച്ച് ഖുര്‍ആനിന്റെ ലോകത്ത് മാത്രം വ്യാപരിക്കുന്നതായിരുന്നു ഇമാം സുഹ്‌രിയുടെ രീതി. സുഫ്‌യാനുസ്സൗരിയും മറ്റു തിരക്കുകളോടെല്ലാം വിടചൊല്ലി ആത്മീയോത്കര്‍ഷത്തിന്റെ ഖുര്‍ആന്‍ പാത തെരഞ്ഞെടുക്കും. 'ഹൃദയം നിര്‍മലമായാല്‍ ദൈവിക വചനങ്ങളിലൂടെയുള്ള നിരന്തര സഞ്ചാരം നിങ്ങള്‍ക്ക് നിര്‍ത്തിവെക്കാനാവില്ല. അല്ലാഹു നിങ്ങളെ എങ്ങനെ വിലയിരുത്തുന്നു എന്നറിയാന്‍ ഖുര്‍ആനുമായുള്ള നിങ്ങളുടെ ബന്ധം പരിശോധിച്ചാല്‍ മതി. ഖുര്‍ആനെ അറിഞ്ഞവന്‍ അല്ലാഹുവിനെ അറിഞ്ഞു. ഖുര്‍ആന് വില കല്‍പിച്ചവന്‍ അല്ലാഹുവിനെയാണ് തിരിച്ചറിഞ്ഞത്' എന്ന ഉസ്മാനുബ്‌നു അഫ്ഫാന്റെ വാക്കുകള്‍ ദൈവിക വചനങ്ങളില്‍ സവിശേഷ ശ്രദ്ധയൂന്നാനുള്ള ആഹ്വാനമാണ്.

 

നന്മയുടെ നിറവില്‍ വിശുദ്ധ ജീവിതം

നന്മ നിറഞ്ഞ ജീവിതത്തിന് അനുയോജ്യമായ ആത്മീയാന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു റമദാനില്‍. എവിടെ തിരിഞ്ഞാലും നന്മയുടെ നിദര്‍ശനങ്ങള്‍. പശ്ചാത്താപവിവശമായ ഹൃദയങ്ങള്‍. ദൈവിക വചനങ്ങളുടെ ശ്രവണത്തിലൂടെയും പാരായണത്തിലൂടെയും തരളിതമായ മനസ്സുകള്‍. ആശ്വാസം പകരുന്ന വാക്കിലൂടെയും ആര്‍ദ്രത നിറഞ്ഞ നോക്കിലൂടെയും സാന്ത്വനം നല്‍കുന്ന താങ്ങിലൂടെയും പാവങ്ങളോടൊപ്പം നില്‍ക്കുന്ന കര്‍മവും ധര്‍മവും. കളവില്ല, പൊളിയില്ല, ചതിയില്ല, വഞ്ചനയില്ല, ഏഷണിയും പരദൂഷണവുമില്ല. ഇത് പഞ്ചേന്ദ്രിയങ്ങളുടെ കൂടി  നോമ്പാകുന്നു. അതാണല്ലോ നബി (സ) പഠിപ്പിച്ചത്: ''നിങ്ങള്‍ക്ക് നോമ്പായാല്‍ ബഹളം വെക്കരുത്, മ്ലേഛവൃത്തികളില്‍ ഏര്‍പ്പെടരുത്, തന്നോട് ആരെങ്കിലും ശണ്ഠ കൂടുകയോ തന്നെ ആരെങ്കിലും ശകാരിക്കുകയോ ചെയ്താല്‍ അയാള്‍ പറയണം: ഞാന്‍ നോമ്പുകാരനാണ്.'' നോമ്പുകാരനുള്ള പെരുമാറ്റച്ചട്ടം നിര്‍ദേശിച്ചു നല്‍കുകയാണ് പ്രവാചകന്‍.

വ്രതാനുഷ്ഠാനം ആത്മപീഡനമല്ല. ജീവിതത്തിലെ മഹത്തായ ദൗത്യനിര്‍വഹണത്തിന് വിശ്വാസിയെ മാനസികമായും ശാരീരികമായും പാകപ്പെടുത്തിയെടുക്കുന്ന കര്‍മ പദ്ധതികളാണ് റമദാനില്‍ അനുശാസിക്കപ്പെട്ട ആരാധനകള്‍ ഓരോന്നും. ഇസ്‌ലാമിക ചരിത്രത്തിലെ ഐതിഹാസിക സംഭവങ്ങള്‍ക്ക് സാക്ഷിയായിരുന്നിട്ടുണ്ട് ഈ മാസം. സത്യത്തിന്റെയും അസത്യത്തിന്റെയും ഗതി നിര്‍ണയിച്ച ബദ്ര്‍ യുദ്ധം ഈ മാസത്തിലായിരുന്നു. പ്രവാചക ജീവിത വിജയത്തിന്റെ വിളംബരമായി മക്കാ വിജയം ഉണ്ടായത് ഈ മാസത്തിലാണ്. താര്‍ത്താരികള്‍ക്കെതിരില്‍ ഉണ്ടായ വിജയത്തിന് രംഗമൊരുക്കിയ ഐന്‍ജാലൂത്ത് യുദ്ധമുണ്ടായതും ഈ വിശുദ്ധ മാസത്തില്‍ തന്നെ.

ഉത്കൃഷ്ട സ്വഭാവങ്ങളുടെ വിലാസവേദിയായിത്തീരേണ്ട വിശ്വാസിയുടെ ജീവിതം രൂപകല്‍പന ചെയ്യുന്നതില്‍ റമദാന്‍ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. റമദാനിലെ രാപ്പകലുകള്‍ ചൈതന്യധന്യമായിത്തീരാന്‍ നബി (സ) അനുശാസിച്ച പെരുമാറ്റച്ചട്ടം ഇത് ബോധ്യപ്പെടുത്തും.

കരുതലോടെയുള്ള നാവിന്റെ ഉപയോഗം: ''വ്യാജ വാക്കുകളും കര്‍മവും അവിവേകവും വെടിഞ്ഞില്ലെങ്കില്‍ ഒരാള്‍ ഭക്ഷണവും പാനീയവും ഒഴിവാക്കണമെന്ന് അല്ലാഹുവിന് യാതൊരു നിര്‍ബന്ധവുമില്ല'' (ത്വബറാനി).

വിവേകം, ആത്മസംയമനം: ''നിങ്ങള്‍ക്ക് നോമ്പുണ്ടെങ്കില്‍ മ്ലേഛവൃത്തികളില്‍ ഏര്‍പ്പെടാനോ ബഹളം വെക്കാനോ പാടില്ല. ആരെങ്കിലും ശകാരത്തിനോ ശണ്ഠക്കോ വന്നാല്‍ ഞാനൊരു നോമ്പുള്ള വ്യക്തിയാണെന്നു പറയട്ടെ'' (ബുഖാരി, മുസ്‌ലിം).

വിട്ടുവീഴ്ച, വിശാല മനസ്‌കത: ലൈലത്തുല്‍ ഖദ്‌റിലെ വിശ്രുത പ്രാര്‍ഥന വിട്ടുവീഴ്ചക്കുള്ള ആഹ്വാനമാണ്: 'അല്ലാഹുവേ! നീ വിട്ടുവീഴ്ച ചെയ്യുന്നവനാണ്. വിട്ടുവീഴ്ച ഇഷ്ടപ്പെടുന്നവനാണ്. എന്റെ പാപങ്ങള്‍ വിട്ടുവീഴ്ച ചെയ്തു മാപ്പേകണമേ!' ''അതിനാല്‍ അവര്‍ വിട്ടുവീഴ്ച ചെയ്യുകയും വിശാല മനസ്‌കത പുലര്‍ത്തുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങളോട് പൊറുക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ?'' (അന്നൂര്‍ 22).

സഹാനുഭൂതി, സാഹോദര്യം: 'നോമ്പുകാരനെ നോമ്പ് തുറപ്പിച്ചാല്‍ അതേ പ്രതിഫലം അയാള്‍ക്കും ലഭിക്കും. നോമ്പുകാരനുള്ള പ്രതിഫലം ഒട്ടും കുറയാതെ തന്നെ' (അഹ്മദ്, ബൈഹഖി). ''അന്യോന്യമുള്ള സ്‌നേഹത്തിലും ആര്‍ദ്രതയിലും സഹാനുഭൂതിയിലും വിശ്വാസികള്‍ ഒറ്റ ശരീരം പോലെയാകുന്നു. ഒരവയവം രോഗഗ്രസ്തമായാല്‍ മറ്റവയവങ്ങള്‍ പനിച്ചും ഉറക്കമിളച്ചും അതില്‍ സഹകരിക്കുകയായി'' (മുസ്‌ലിം).

വിനയം, സമത്വഭാവന: പണക്കാരന്നും പാവപ്പെട്ടവന്നുമിടയില്‍ വിവേചനം കല്‍പിക്കാത്ത സമത്വബോധം നോമ്പുമുറിക്കുമ്പോള്‍ നബി (സ) ശീലിപ്പിച്ചു. അനസ് (റ) ഓര്‍ക്കുന്നു: ''നമസ്‌കാരത്തിന് മുമ്പേ ഈത്തപ്പഴം കൊണ്ട് നബി (സ) നോമ്പ് മുറിക്കും. അതില്ലെങ്കില്‍ ഉണക്കക്കാരക്കയാവും. അതും ഇല്ലെങ്കില്‍ കുറച്ച് കുമ്പിള്‍ വെള്ളം.''  ആര്‍ക്കും ഒരുപോലെ കിട്ടുന്ന ഭക്ഷ്യ പദാര്‍ഥങ്ങള്‍ എളിമയോടെ ഉപയോഗിക്കാനുള്ള മഹാ പാഠമാണിവിടെ.

ഉദാരത, ധര്‍മശീലം: ജനങ്ങളില്‍ ഏറ്റവും ഉദാരമതിയായിരുന്നു റസൂല്‍. റമദാനിലായിരുന്നു നബിയെ ഏറെ ഉദാരമതിയായി കണ്ടത്. അടിച്ചുവീശുന്ന കാറ്റിനേക്കാള്‍ ഉദാരശീലമായിരുന്നു ആ നാളുകളില്‍ നബി (സ)ക്ക്. 

സഹനം, ക്ഷമ: 'ക്ഷമയുടെ മാസമാണ് റമദാന്‍. ക്ഷമക്ക് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല.' മൂന്നിനം ക്ഷമയും നോമ്പില്‍ മേളിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ആജ്ഞകളും ഉത്തരവുകളും നടപ്പാക്കാനുള്ള പ്രതിബദ്ധതയുടെ കരുത്ത്, നിരോധങ്ങള്‍ വര്‍ജിക്കാന്‍ മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്തുന്ന ഇഛാശക്തി, ദൈവിക വിധികളെ പതറാതെയും ക്ഷമയോടെയും സഹിക്കാനുള്ള ഉള്ളുറപ്പ്. കരുത്തും ഇഛാശക്തിയും ഉള്ളുറപ്പും ആവശ്യമായ വ്രതാനുഷ്ഠാനമാണ് റമദാന്റെ കാതല്‍.

ഇങ്ങനെ വ്രതാനുഷ്ഠാനത്തിലൂടെ കരഗതമാവേണ്ട വിശിഷ്ട ഗുണങ്ങള്‍ അനുയായികളെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്ത നബി (സ), ഒരു സമൂഹത്തിന്റെ ധര്‍മാധിഷ്ഠിതമായ അതിജീവനം എങ്ങനെ സാധിതമാക്കാമെന്ന് കാണിച്ചുകൊടുക്കുകയായിരുന്നു. ദൈവവും മനുഷ്യനും തമ്മിലെ ബന്ധത്തെയെന്ന പോലെ മനുഷ്യനും മനുഷ്യനും തമ്മിലെ ബന്ധത്തെയും കൃത്യമായി നിര്‍വചിച്ച ഇസ്‌ലാമികാധ്യാപനങ്ങളില്‍ അതിജീവനത്തിന്റെ ഉദാത്ത സന്ദേശമുണ്ട്. 'നല്ല രാജ്യം, ഏറെ പൊറുക്കുന്ന നാഥന്‍' എന്ന ഖുര്‍ആനിന്റെ ഭാവസുന്ദരമായ പരികല്‍പനയുടെ സാക്ഷാത്കാരമാണ് വ്രതാനുഷ്ഠാനത്തിലൂടെ പുലരുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (50-53)
എ.വൈ.ആര്‍