നോമ്പിലെ ഇളവുകളും പ്രായശ്ചിത്തങ്ങളും
രോഗികള്‍ക്ക് നോമ്പൊഴിവാക്കാന്‍ ഇളവുണ്ടല്ലോ. ഏതു തരം രോഗമുള്ളവര്‍ക്കാണ് ഈ ആനുകൂല്യം?നോമ്പൊഴിവാക്കാന്‍ ഇളവുള്ളത് കഠിനമായ രോഗമുള്ളവര്‍ക്കാണ്. കഠിനമായ രോഗമെന്നതുകൊണ്ട് ഇവിടെ ഉദ്ദേശ്യം:
1. നോമ്പനുഷ്ഠിക്കുക വഴി രോഗം മൂര്‍ഛിക്കുക.
2. നോമ്പനുഷ്ഠിച്ചാല്‍ ശമനം വൈകുക.
3. ഇതു രണ്ടും ഇല്ലെങ്കിലും നോമ്പനുഷ്ഠിക്കുക വഴി കഠിനമായ പ്രയാസമുണ്ടാവുക.
4. നോമ്പെടുക്കുക വഴി രോഗം വന്നു പിടിപെടുക (ഉദാഹരണത്തിന് ആരോഗ്യപരമായ കാരണങ്ങളാല്‍ വയറ് കാഞ്ഞിരിക്കരുത് എന്ന് ഡോക്ടര്‍ നിര്‍ദേശിക്കുക).
ഇതേകുറിച്ച് ഇമാം ഇബ്‌നു ഖുദാമ പറയുന്നു: ''നോമ്പ് ഒഴിവാക്കല്‍ അനുവദനീയമാകുന്ന വിഷയത്തില്‍ നോമ്പനുഷ്ഠിക്കുക വഴി രോഗിയായി പോകുമോ എന്ന് ആശങ്കയുള്ളവന്‍, തന്റെ രോഗം മൂര്‍ഛി ച്ചേക്കുമോ എന്ന് ഭയപ്പെടുന്ന ഒരു രോഗിയെപ്പോലെ തന്നെയാണ്'' (അല്‍മുഗ്‌നി 4:403).
ഇമാം നവവി പറയുന്നു: ''കാര്യമായ പ്രയാസമൊന്നുമില്ലാത്ത രോഗങ്ങള്‍ കാരണം നോമ്പ് ഒഴിവാക്കാവതല്ല എന്ന കാര്യത്തില്‍ നമുക്കിടയില്‍ തര്‍ക്കമില്ല'' (ശറഹുല്‍ മുഹദ്ദബ് 6:261).
റമദാനില്‍ നോമ്പെടുക്കാനോ, പിന്നീടത് നോറ്റുവീട്ടാനോ കഴിയാത്തവര്‍ ഫിദ്‌യ നല്‍കണമെന്നാണല്ലോ വിധി. എന്താണ് ഫിദ്‌യ കൊണ്ടുദ്ദേശ്യം? എത്രയാണ് നല്‍കേണ്ടത്?
നോമ്പെടുക്കാന്‍ കഴിയാതിരിക്കുകയും പിന്നീട് നോറ്റുവീട്ടാന്‍ നിര്‍വാഹമില്ലാതിരിക്കുകയും ചെയ്യുന്നവര്‍ ഒഴിവാക്കുന്ന ഓരോ നോമ്പിനും പകരമായി ഫിദ്‌യ നല്‍കണമെന്നാണ് ഖുര്‍ആനും സുന്നത്തും പഠിപ്പിക്കുന്നത്. ഒരു അഗതിയുടെ ആഹാരം എന്ന് പറയുകയല്ലാതെ അതിന്റെ തോതോ അളവോ ഇനമോ വ്യക്തമായി പരാമര്‍ശിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അക്കാര്യത്തില്‍ സ്വഹാബിമാര്‍ മുതലിങ്ങോട്ട് ഭിന്നവീക്ഷണങ്ങള്‍ പുലര്‍ത്തുന്നവരെ കാണാം.
ഇങ്ങനെ നല്‍കുന്ന ഭക്ഷണം എന്തായിരിക്കണമെന്നോ, എത്രയായിരിക്കണമെന്നോ വ്യക്തമായ പ്രമാണങ്ങളൊന്നുമില്ല. അതുകൊണ്ടുതന്നെ ഈ കാര്യത്തില്‍ പല അഭിപ്രായങ്ങളും കാണാം. ഒരു സ്വാഅ് (2,200 ഗ്രാം), അര സ്വാഅ് (1,100 ഗ്രാം), ഒരു മുദ്ദ് (രണ്ടു കൈകളും ചേര്‍ത്തുപിടിച്ചാല്‍ കൊള്ളുന്ന അളവ് അഥവാ 543 ഗ്രാം) എന്നിങ്ങനെ.
പക്ഷേ ഇതെല്ലാം പണ്ഡിതന്മാരുടെ അഭിപ്രായങ്ങളാണെന്നല്ലാതെ ഖുര്‍ആനിലോ സുന്നത്തിലോ വ്യക്തമായി വന്നിട്ടുള്ളതല്ല. അങ്ങനെ വരാത്തതിനാലാണീ അഭിപ്രായാന്തരവും. എന്തായാലും ഒരാള്‍ക്ക് മാന്യമായി ഭക്ഷണം കഴിക്കാനുള്ള വക നല്‍കണം. അത് ഭക്ഷണമായോ, ലഭിക്കുന്നവര്‍ക്ക് സൗകര്യം അതിന്റെ വിലയാണെങ്കില്‍ വിലയായോ നല്‍കിയാല്‍ മതിയാകും. കാലദേശങ്ങള്‍ക്കനുസരിച്ച് തോത് വ്യത്യസ്തമായിരിക്കും. കേരളത്തിലിന്ന് നൂറു രൂപ കണക്കാക്കിയാല്‍ രണ്ടര കിലോ ധാന്യം വാങ്ങാനുള്ള കാശായി. ഹോട്ടലില്‍ കയറി ഇടത്തരം ഭക്ഷണം കഴിക്കാനും ഏതാണ്ടിത് മതിയാകും. അങ്ങനെ വരുമ്പോള്‍ ഒരു മാസത്തെ റമദാന് 3000 രൂപ കൊടുക്കാം. ഉത്തരേന്ത്യയില്‍ പട്ടിണി കിടക്കുന്ന ധാരാളമാളുകളുണ്ട്. ഒരു നേരത്തെ ആഹാരത്തിന് കൊതിക്കുന്നവര്‍. അവര്‍ക്ക് ശരിയാംവണ്ണം അത് എത്തിച്ചുകൊടുക്കാനുള്ള സംവിധാനങ്ങള്‍ ഇന്ന് നമ്മുടെ നാട്ടിലുള്ള സ്ഥിതിക്ക് അത് ഉപയോഗപ്പെടുത്തുന്നതാവും ഏറെ ഉചിതം. സ്വന്തം പ്രദേശത്തും അറിവിലും അങ്ങനെ വല്ലവരും ഉണ്ടെങ്കില്‍ അവര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. ഫിദ്‌യയുടെ വിവക്ഷ പറഞ്ഞ കൂട്ടത്തില്‍, നോമ്പുതുറക്കാനും അത്താഴത്തിനുമുള്ള ഭക്ഷണം എന്നു കൂടി പറഞ്ഞിരിക്കെ വിശേഷിച്ചും. ഒരു ദിവസം അഗതിയായ ഒരാള്‍ക്ക് അത്താഴത്തിനും നോമ്പുതുറക്കും ഉതകുന്ന തരത്തില്‍ ഭക്ഷണമോ ഭക്ഷണം വാങ്ങിച്ചു കഴിക്കാനുള്ള തുകയോ ഏതാണോ അവര്‍ക്ക് ഗുണകരം അതു ചെയ്തുകൊടുക്കുന്നതാണ് ഉത്തമം. ഉത്തരേന്ത്യയിലെ പട്ടിണിപ്പാവങ്ങള്‍ക്ക് ഒരു നോമ്പുകാലം കഴിച്ചുകൂട്ടാന്‍ സൗകര്യം ചെയ്യുന്നവരുമായി ബന്ധപ്പെട്ട് അവരുടെ കൈയില്‍ നിശ്ചിത തുക നല്‍കിയാല്‍ അവര്‍ അര്‍ഹരായവര്‍ക്ക് എത്തിച്ചുകൊടുക്കുന്നതാണ്.
കൊടുക്കേത് നോമ്പു തുറക്കും അത്താഴത്തിനുമുള്ള ഭക്ഷണം എന്ന് തുടങ്ങി പല വീക്ഷണങ്ങളും കാണാം. അഗതിയായ ഒരാള്‍ക്ക് ഒരു ദിവസത്തെ അത്താഴത്തിനും നോമ്പുതുറക്കും ഉതകുന്ന തരത്തില്‍ ഭക്ഷണമോ ഭക്ഷണം വാങ്ങിച്ചുകഴിക്കാനുള്ള തുകയോ ഏതാണോ അയാള്‍ക്ക് ഗുണകരം അതു ചെയ്തുകൊടുക്കുക എന്ന വീക്ഷണമാണ് പ്രബലം.
ഗര്‍ഭിണിയായതിനാല്‍ ശാരീരിക പ്രയാസങ്ങള്‍ കാരണം നോമ്പനുഷ്ഠിക്കാന്‍ എനിക്ക് സാധിച്ചിരുന്നില്ല. റമദാനു ശേഷം കുഞ്ഞിന് മുലയൂട്ടുന്നതിനാല്‍ നോമ്പ് നോറ്റുവീട്ടാനും സാധിച്ചില്ല. ചിലര്‍ പറയുന്നു, ഗര്‍ഭിണികള്‍ നോമ്പൊഴിവാക്കിയാല്‍ പകരം നോറ്റുവീട്ടേണ്ടതില്ലെന്ന്. ഗര്‍ഭിണികളുടെ നോമ്പുമായി ബന്ധപ്പെട്ട ഇസ്ലാമിക കാഴ്ചപ്പാട് എന്താണ്?
ഗര്‍ഭിണികളും മുലയൂട്ടുന്നവരും നോമ്പൊഴിവാക്കിയാലുള്ള വിധിയെ സംബന്ധിച്ച് പണ്ഡിതന്മാര്‍ ഭിന്നവീക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. അവര്‍ നോമ്പൊഴിവാക്കിയാല്‍ എന്താണ് ചെയ്യേണ്ടതെന്ന് അല്ലാഹുവോ റസൂലോ വ്യക്തമായി ഒന്നും നിര്‍ദേശിച്ചിട്ടില്ലാത്തതിനാലാണ് ഈ ഭിന്നത.
അവരെ രണ്ട് രൂപത്തില്‍ വേര്‍തിരിക്കാം:
ഒന്ന്, ന്യായമായ ഒരു തടസ്സവും ഇല്ലാതിരിക്കെ നോമ്പ് ഒഴിവാക്കിയവര്‍. ഉദാഹരണമായി ഗര്‍ഭിണിയോ മുലയൂട്ടുന്നവളോ ആണെങ്കിലും നോമ്പെടുക്കുന്നതിന് ശാരീരികമോ അല്ലാത്തതോ ആയ യാതൊരു തടസ്സവുമില്ല. പകല്‍ ഭക്ഷണം ഒഴിവാക്കിയാല്‍ തനിക്കോ, അതുപോലെ മുലപ്പാല്‍ കുറഞ്ഞ്, തളര്‍ച്ച ബാധിച്ച് കുഞ്ഞിനോ പ്രത്യേകിച്ച് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടാനിടയില്ല. അങ്ങനെയിരിക്കെ നോമ്പൊഴിവാക്കുന്നത് അക്ഷന്തവ്യമായ വീഴ്ചയാണ്. ഗുരുതരമായ കുറ്റവുമാണ്. അത് നോറ്റുവീട്ടേണ്ടതും പ്രായശ്ചിത്തം നല്‍കേണ്ടതും തൗബ ചെയ്യേണ്ടതുമാണ്.
രണ്ട്, ന്യായമായ പ്രതിബന്ധങ്ങള്‍ കാരണം നോമ്പൊഴിവാക്കിയവര്‍. ഇത് രണ്ടു വിധത്തിലാവാം:
1. സ്വന്തം പ്രശ്നം കാരണം നോമ്പൊഴിവാക്കേണ്ടിവരിക. ഉദാഹരണമായി, ഗര്‍ഭിണിയായതിനാലോ മുലയൂട്ടുന്നതിനാലോ ശാരീരികവും മറ്റുമായ പ്രയാസങ്ങളുണ്ടാകുന്നതിനാല്‍ നോമ്പ് ഒഴിവാക്കേണ്ടിവന്നവര്‍. ഇവരെ രോഗികളുടെ ഗണത്തില്‍ പെടുത്തി അവരുടെ വിധി ബാധകമാക്കുകയാണ് പണ്ഡിതന്മാര്‍ ചെയ്തിട്ടുള്ളത്. അതായത് തല്‍ക്കാലം നോമ്പ് ഒഴിവാക്കുകയും അവ പിന്നീട് നോറ്റുവീട്ടുകയും ചെയ്യണമെന്നര്‍ഥം. ഇങ്ങനെയുള്ള സ്ത്രീകള്‍ക്ക് നോമ്പ് ഒഴിവാക്കാമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. റമദാനില്‍ രോഗം കാരണം നോമ്പ് ഒഴിവാക്കിയവരെ പോലെ സൗകര്യാനുസൃതം അടുത്ത റമദാനിനുമുമ്പ് അവരത് നോറ്റുവീട്ടിയാല്‍ മതി. അതൊരു കുറ്റമല്ലാത്തതിനാല്‍ തൗബ ചെയ്യേണ്ട പ്രശ്നവും ഇവിടെ ഉദിക്കുന്നില്ല. എന്നാല്‍ അലസതയോ അശ്രദ്ധയോ മൂലം തൊട്ടടുത്ത റമദാനിനു മുമ്പ് നോറ്റു വീട്ടിയില്ലെങ്കില്‍ ഖദാഅ് വീട്ടുന്നതോടൊപ്പം പ്രായശ്ചിത്തം കൂടി നല്‍കണം.
2. നോമ്പനുഷ്ഠിക്കുന്നതിന് ആരോഗ്യ പ്രശ്നങ്ങളോ ശാരീരിക പ്രയാസങ്ങളോ ഇല്ല. എന്നാല്‍ ഗര്‍ഭിണിയോട് തന്റെ കുഞ്ഞിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും, ദീര്‍ഘനേരം അന്നപാനീയങ്ങള്‍ ഒഴിവാക്കുന്നതും വയറു കായുന്നതും ഗര്‍ഭസ്ഥ ശിശുവിനു ദോഷം ചെയ്യുമെന്നതിനാല്‍ സൂക്ഷിക്കണമെന്നും വിദഗ്ധരായ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നു. കുഞ്ഞിന് പാലു കൊടുക്കുന്ന പ്രായത്തില്‍ അത് മുടങ്ങാതെ കൊടുക്കണമെന്നും ദീര്‍ഘനേരം അമ്മിഞ്ഞപ്പാല്‍ കൊടുക്കാതിരുന്നാല്‍ കുഞ്ഞിന്റെ ആരോഗ്യത്തെ അത് പ്രതികൂലമായി ബാധിക്കുമെന്നും ബോധ്യപ്പെടുകയും ചെയ്തിരിക്കുന്നു.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ഗര്‍ഭിണികളായവരും മുലയൂട്ടുന്ന സ്ത്രീകളും നോമ്പ് ഒഴിവാക്കുന്നതിന് വിരോധമില്ല. അതുപക്ഷേ തങ്ങളുടെ സ്വന്തം പ്രശ്നം കാരണമല്ല. പ്രത്യുത തങ്ങളുടെ ശിശുക്കളുടെ നന്മക്കു വേണ്ടി മാത്രമാണ്. ഇവിടെ ഇത്തരം സ്ത്രീകളെ രോഗികളായി പരിഗണിക്കുക പ്രയാസമാണ്. എന്നാല്‍ നോമ്പൊഴിവാക്കാനവര്‍ നിര്‍ബന്ധിതരുമാണ്. ഇവിടെയാണ് അഭിപ്രായ വ്യത്യാസം.
ഇത്തരം സ്ത്രീകള്‍ തങ്ങളുടെ കുഞ്ഞുങ്ങളുടെ ജീവനും ആരോഗ്യവും അപായപ്പെടാതിരിക്കാന്‍ വേണ്ടിയാണ് നോമ്പൊഴിവാക്കുന്നത്. മുങ്ങിത്താഴുന്നവരെ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് എടുത്തു ചാടിയപ്പോള്‍ നോമ്പ് മുറിഞ്ഞുപോയവന്റെ, അല്ലെങ്കില്‍ ഒരാളെ അപകടത്തില്‍നിന്ന് രക്ഷിക്കാന്‍ നോമ്പ് മുറിക്കേണ്ടിവന്നവന്റെ ഗണത്തിലാണ് ഇവര്‍ പെടുകയെന്നും ഇങ്ങനെയുള്ളവര്‍ നഷ്ടപ്പെട്ട നോമ്പ് നോറ്റുവീട്ടുന്നതോടൊപ്പം ഓരോ നോമ്പിനും ഫിദ്യ (ഒരഗതിക്ക് ആഹാരം) കൂടി നല്‍കേണ്ടതാണെന്നുമാണ് ഒരു അഭിപ്രായം. ഞെരുക്കത്തോടു കൂടിയേ നോമ്പിന് സാധിക്കുകയുള്ളൂ എന്ന ഗണത്തില്‍പെട്ടവര്‍ ഒരഗതിക്ക് ആഹാരമായി ഫിദ്യ നല്‍കേണ്ടതാണ് എന്ന അല്‍ബഖറയിലെ 184-ാം ആയത്താണ് അവര്‍ ഉദ്ധരിക്കുന്ന തെളിവ്. ഈ ആയത്തിന്റെ വിശദീകരണത്തില്‍ ഗര്‍ഭിണികളും മുലയൂട്ടുന്നവരും ആശങ്കാകുലരാണെങ്കില്‍ നോമ്പ് ഒഴിവാക്കുകയും ആഹാരം നല്‍കുകയുമാണ് ചെയ്യേണ്ടത് എന്ന ഇബ്നു അബ്ബാസിന്റെ അഭിപ്രായം ഇമാം അബൂദാവൂദ് ഉദ്ധരിച്ചതും അവര്‍ തെളിവാക്കുന്നു. ഇവിടെ 'അവര്‍ ആശങ്കാകുലരാണെങ്കില്‍' എന്ന് ഖുര്‍ആന്‍ പ്രസ്താവിച്ചിടത്ത് 'തങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍' എന്നുകൂടി ആ റിപ്പോര്‍ട്ടില്‍ ഇമാം അബൂദാവൂദ് രേഖപ്പെടുത്തിയിട്ടുണ്ട് (അബൂദാവൂദ് 2320).
ഇവിടെ കുഞ്ഞുങ്ങള്‍ക്കും ഗര്‍ഭസ്ഥശിശുക്കള്‍ക്കും വേണ്ടി അവരുടെ ജീവന്റെയും ആരോഗ്യത്തിന്റെയും കാര്യത്തിലുള്ള ആശങ്ക കാരണം നോമ്പുപേക്ഷിക്കുന്നതും, തന്റെ വ്യക്തിപരമോ ശാരീരികമോ മറ്റോ ആയ പ്രയാസവും ബുദ്ധിമുട്ടും കണക്കിലെടുത്ത് നോമ്പ് ഉപേക്ഷിക്കുന്നതും തമ്മില്‍ വ്യത്യാസമേതുമില്ല എന്നാണ് മറ്റു ചില ഫുഖഹാഇന്റെ വാദം. അവരുടെ വീക്ഷണപ്രകാരം സ്വന്തം ശരീരത്തിലെ ഒരവയവം പോലെ തന്നെയാണ് ശിശുക്കളും (അശ്ശറഹുല്‍ കബീര്‍ 1/539, അല്‍ മൗസൂആത്തുല്‍ ഫിഖ്ഹിയ്യ 28/54). തന്റെ ഏതെങ്കിലും ഒരവയവത്തിനു ദീനം ബാധിച്ചാല്‍ അതിനു വേണ്ടി നോമ്പ് ഒഴിവാക്കേണ്ടിവരുന്ന രോഗി ചെയ്യേണ്ടത് മറ്റൊരു ദിവസം ആ നോമ്പ് നോറ്റുവീട്ടുക എന്നതാണ്. അതിനു പുറമെ ഫിദ്യ കൊടുക്കേണ്ടതില്ല. അതിനാല്‍ ശിശുക്കളുടെ കാര്യത്തില്‍ ആശങ്കയുള്ളതു കാരണം നോമ്പ് പാഴായിപ്പോയ ഗര്‍ഭിണികളും മുലയൂട്ടുന്നവരും അവര്‍ക്ക് നഷ്ടപ്പെട്ട നോമ്പ് പിന്നീട് നോറ്റുവീട്ടിയാല്‍ മതി. അല്ലാതെ ഒരു ഫിദ്യ കൂടി കൊടുക്കേണ്ടതില്ല (കശ്ശാഫുല്‍ ഖിനാഅ് 2/313).
തിരുമേനി (സ) പറയുകയുണ്ടായി: ''അല്ലാഹു യാത്രക്കാരന് നമസ്‌കാരത്തില്‍ പകുതി ഭാഗവും, യാത്രക്കാരന്നും ഗര്‍ഭിണിക്കും മുലയൂട്ടുന്നവര്‍ക്കും നോമ്പും ഇളവ് ചെയ്തിരിക്കുന്നു'' (അഹ്മദ്: 19047, നസാഈ: 2286, തിര്‍മിദി: 719).
ഇവിടെ യാത്രക്കാരോടൊപ്പം ഗര്‍ഭിണികളെയും മുലയൂട്ടുന്നവരെയും ചേര്‍ത്തുപറഞ്ഞിരിക്കുകയാണ്. മാത്രമല്ല, അവര്‍ തങ്ങള്‍ക്കു വേണ്ടിയാണോ ശിശുക്കള്‍ക്ക് വേണ്ടിയാണോ നോമ്പ് ഒഴിവാക്കുന്നത് എന്നൊന്നും തിരുമേനി വേര്‍തിരിച്ച് പറഞ്ഞിട്ടുമില്ല. യാത്രക്കാര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്നവര്‍ എന്നിങ്ങനെ സാമാന്യവല്‍ക്കരിക്കുകയാണ് ചെയ്തത് (അഹ്കാമുല്‍ ഖുര്‍ആന്‍, ജസ്സാസ് 1/224).
സ്വഹാബിമാരിലെ ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇബ്നു അബ്ബാസ് ഇവര്‍ നോമ്പ് നോറ്റുവീട്ടിയാല്‍ മാത്രം മതിയെന്ന വീക്ഷണക്കാരനാണ് (മുസ്വന്നഫ് അബ്ദിര്‍റസ്സാഖ് 2/218). പൊതുവെ എളുപ്പമുള്ള മദ്ഹബാണ് അദ്ദേഹത്തിന്റേത്. സ്വഹാബി പ്രമുഖരില്‍ പൊതുവെ കടുത്ത വീക്ഷണക്കാരന്‍ എന്ന് അറിയപ്പെടുന്ന ഇബ്നു ഉമര്‍ പല വിഷയങ്ങളിലും ഇബ്നു അബ്ബാസിന്റെ എതിര്‍പക്ഷത്തായിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ രണ്ടു പേരും ഒരേ അഭിപ്രായക്കാരാണ് എന്നുള്ളതാണ് കൗതുകം. അവരുടെ വീക്ഷണമനുസരിച്ച് ഇത്തരം സ്ത്രീകള്‍ നോമ്പ് എടുത്തുവീട്ടുക മാത്രമേ ചെയ്യേണ്ടതുള്ളൂ. ഫിദ്യ നല്‍കേണ്ടതില്ല. അത് ശിശുക്കള്‍ക്കു വേണ്ടി നോമ്പുപേക്ഷിച്ചതാണെങ്കിലും ശരി (തിര്‍മിദി 3/94, അസ്സുനനുല്‍ കുബ്‌റാ 4/250, മുസ്വന്നഫ് അബ്ദിര്‍റസ്സാഖ് 75/61).
ഭൂരിഭാഗം ഫുഖഹാഉം ഇതേ വീക്ഷണം തന്നെയാണ് പ്രകടിപ്പിച്ചിട്ടുള്ളത്. ഇത്തരക്കാര്‍ തെണ്ടം നല്‍കിയാല്‍ പോരെന്നും നോറ്റുവീട്ടേണ്ടത് നിര്‍ബന്ധമാണെന്നുമാണ് അവരുടെയും വീക്ഷണം. ഇതേ വീക്ഷണം തന്നെയാണ് ഇബ്‌നു അബ്ബാസിനും. ഇബ്‌നു ഉമറിനും ഇതേ അഭിപ്രായം തന്നെയാണുള്ളതെന്ന് ഇമാം ബൈഹഖിയും ഉദ്ധരിച്ചിട്ടുണ്ട് (അസ്സുനനുല്‍ കുബ്‌റാ 2/230).
ഈ അഭിപ്രായങ്ങളെല്ലാം ഉദ്ധരിച്ച ശേഷം ശൈഖ് യൂസുഫുല്‍ ഖറദാവി നിരീക്ഷിച്ചത് വളരെ പ്രസക്തമാണ്.
അദ്ദേഹം പറയുന്നു: ''തുടരെ ഗര്‍ഭവും മുലയൂട്ടലുമുണ്ടാകുന്നവളുടെ കാര്യത്തില്‍ ഇബ്നു ഉമറിന്റെയും ഇബ്നു അബ്ബാസിന്റെയും അഭിപ്രായത്തിനാണ് ഞാന്‍ മുന്‍തൂക്കം കല്‍പിക്കുന്നത്. അവള്‍ റമദാനില്‍ ഒന്നുകില്‍ ഗര്‍ഭിണി അല്ലെങ്കില്‍ മുലയൂട്ടുന്നവള്‍ ആയിരിക്കും. നഷ്ടപ്പെട്ടവ നോറ്റുവീട്ടാന്‍ കല്‍പിക്കാതിരിക്കുകയും പ്രായശ്ചിത്തം ചെയ്താല്‍ മതിയെന്ന് അനുശാസിക്കുകയും ചെയ്തത് ഇവരോടുള്ള കാരുണ്യമാണ്. പ്രായശ്ചിത്തമായി ആഹാരം നിശ്ചയിച്ച നടപടിയിലാവട്ടെ, ആവശ്യക്കാര്‍ക്കും അഗതികള്‍ക്കും ആശ്വാസവുമുണ്ട്. ഇന്നത്തെ മിക്ക മുസ്ലിം സമൂഹങ്ങളിലെയും, വിശിഷ്യാ നഗരങ്ങളിലെ സ്ത്രീകള്‍ ഗര്‍ഭധാരണത്തിന്റെയും മുലയൂട്ടലിന്റെയും ക്ലേശം അനുഭവിക്കുന്നത് ആയുസ്സില്‍ രണ്ടോ മൂന്നോ തവണ മാത്രമാണ്. ഗര്‍ഭധാരണങ്ങള്‍ക്കിടയിലെ ഇടവേളക്ക് ദൈര്‍ഘ്യം കൂടുതലുള്ള ഇത്തരക്കാര്‍ വ്രതം നോറ്റുവീട്ടുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടത്. ഭൂരിപക്ഷം പണ്ഡിതന്മാരും ഈ അഭിപ്രായക്കാരാണ്'' (ഫിഖ്ഹുസ്സ്വിയാം, പേജ്: 72). ഇതേ വീക്ഷണം തന്നെയാണ് ശാഹ്‌വലിയ്യുല്ലാഹിദ്ദഹ്ലവിക്കും (തുഹ്ഫത്തുല്‍ അഹ്വദി 3/331) സുഊദി ഫത്വാ കമ്മിറ്റിക്കും ഉള്ളത് (ഫതാവാ ഇസ്ലാമിയ്യ 1/396).
(അവസാനിച്ചിട്ടില്ല)
Comments