Prabodhanm Weekly

Pages

Search

2018 മെയ് 18

3052

1439 റമദാന്‍ 02

ബനൂ സുലൈം-2

ഡോ. മുഹമ്മദ് ഹമീദുല്ല

മുഹമ്മദുന്‍ റസൂലുല്ലാഹ്-56

ഏതാനും മാസങ്ങള്‍ കഴിഞ്ഞ് പ്രവാചകന്‍ വീണ്ടും മദീന വിട്ട് സുലൈമിന്റെ ആവാസ മേഖലയിലേക്ക് യാത്ര പോവുന്നുണ്ട്. അല്‍ഫുര്‍അ് ഖനികള്‍ നിലകൊള്ളുന്ന ബുഹ്‌റനിലേക്കായിരുന്നു യാത്ര. റബീഉസ്സാനി, ജുമാദല്‍ ഊലാ എന്നീ രണ്ട് മാസങ്ങള്‍ അവിടെ അദ്ദേഹം കഴിച്ചുകൂട്ടുകയും ചെയ്തു.1 ഈ സന്ദര്‍ഭത്തില്‍ എന്തെങ്കിലും ഏറ്റുമുട്ടലുകള്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഒരുപക്ഷേ, പ്രവാചകന്‍ പോയിട്ടുണ്ടാവുക, സുലൈം ഗോത്രക്കാരുമായി ഒരു അനുരഞ്ജനം സാധ്യമാണോ എന്ന് അന്വേഷിക്കാനായിരിക്കാം. പക്ഷേ, അവരുമായി ഒരു ഉടമ്പടി ഉണ്ടാക്കാന്‍ സാധ്യമായില്ല (ഈ യാത്രയില്‍ പ്രവാചകന്‍ സുലൈം മേഖലയില്‍ താമസിച്ചത് പത്തു ദിവസം മാത്രമെന്ന് ഇബ്‌നു സഅ്ദ്).

തൊട്ടുടനെയാണ് (ഹി. 4, സഫര്‍ മാസം) ഖുര്‍ആന്‍ മനഃപാഠമുള്ള എഴുപതു പേര്‍ ചതിയില്‍ വധിക്കപ്പെടാനിടയായ ദുരന്തം സംഭവിക്കുന്നത്. ബിഅ്‌റു മഊനക്കടുത്ത് സുലൈമിന്റെ ആവാസഭൂമിയില്‍ വെച്ചാണ് സംഭവം. അതിന് നേതൃത്വം നല്‍കിയത് ആമിറു ബ്‌നു ത്വുഫൈല്‍ (മുന്‍ മാസങ്ങളില്‍ തങ്ങളുടെ നാടിനെതിരെ മുസ്‌ലിംകള്‍ നടത്തിയ പടയോട്ടങ്ങള്‍ സുലൈം ഗോത്രക്കാരെ രോഷാകുലരാക്കിയിരുന്നു. പ്രതികാരം ചെയ്യാന്‍ ലഭിച്ച ഒന്നാമത്തെ അവസരം തന്നെ അവര്‍ ഉപയോഗിച്ചു എന്ന് മനസ്സിലാക്കിയാല്‍ മതി ഈ സംഭവത്തെ. അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അവര്‍ വല്ലാതെയൊന്നും ആലോചിച്ചിരുന്നില്ല. പക്ഷേ, മുസ്‌ലിംകള്‍ ഇതിന് പ്രതികാരം ചെയ്യാനായി പടനീക്കം നടത്തുകയുണ്ടായില്ല. കാരണം അതിനേക്കാള്‍ ശ്രദ്ധകൊടുക്കേണ്ട ഭീഷണികള്‍ ഉയര്‍ന്നുവന്നുകഴിഞ്ഞിരുന്നു അപ്പോഴേക്കും).

'ഈ ആമിറിന്റെ മാതാവിന്റെ പേര് കബ്ശ എന്നായിരുന്നു. ഉര്‍വതു റഹ്ഹാല്‍ എന്ന പ്രശസ്ത പോരാളിയുടെ മകള്‍. ആമിറിന്റെ പ്രശസ്തി അറേബ്യക്കു പുറത്തും വ്യാപിച്ചിരുന്നു. എത്രത്തോളമെന്നാല്‍, ഏതെങ്കിലും അറബ് മുഖ്യന്‍ കൈസര്‍ ചക്രവര്‍ത്തിയെ കാണാന്‍ ചെന്നാല്‍, കൈസര്‍ ചോദിക്കുമായിരുന്നത്രെ; ആമിറുമായി എന്തെങ്കിലും കുടുംബ ബന്ധങ്ങള്‍ ഉണ്ടോ എന്ന്. ഇതു കാരണം ആമിറിന്റെ ബന്ധുവായ അല്‍ഖമതുബ്‌നു ഉലാസക്ക് അയാളോട് വെറുപ്പും അസൂയയുമായി. ഇരു ഗോത്രമുഖ്യന്മാരും തമ്മിലുള്ള ബന്ധങ്ങള്‍ വഷളാവുകയും ചെയ്തു. പ്രവാചകനെ കാണാനായി മദീനയിലേക്ക് പോയ2 ആമിര്‍ തിരിച്ചുവരവെ പ്ലേഗ് ബാധിച്ച് മരണപ്പെട്ടപ്പോള്‍3 അദ്ദേഹത്തെ മറമാടിയതിന്റെ ചുറ്റുമുള്ള ഒരു ചതുരശ്ര മൈല്‍ പ്രദേശം അദ്ദേഹത്തിന്റെ ഗോത്രക്കാര്‍ വിശുദ്ധ ഭൂമിയായി പ്രഖ്യാപിക്കുകയുണ്ടായി. അവിടെ ആരെയും അലക്ഷ്യമായി അലഞ്ഞുതിരിയാന്‍ അനുവദിക്കില്ല. കാലികളെ അങ്ങോട്ട് കടത്തിവിടുകയില്ല. കാല്‍നടയാത്രക്കാര്‍ക്കോ വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ക്കോ ആ പ്രദേശം മുറിച്ചുകടക്കാന്‍ അനുവാദമില്ല.'4

പിന്നെയും ഒരു വര്‍ഷം കഴിഞ്ഞാണ് ഖന്‍ദഖ് യുദ്ധം. മുസ്‌ലിംകള്‍ക്കെതിരെ ഒരു സഖ്യം രൂപപ്പെടുത്തിക്കൊണ്ടിരുന്ന ഖൈബറിലെ ജൂതന്മാര്‍ അവരുടെ ഒരു പ്രതിനിധിയെ ബനൂസുലൈമിലേക്കും അയച്ചിരുന്നു. അവര്‍ തമ്മില്‍ ഒരു കരാറിലും ഒപ്പിട്ടു. അതു പ്രകാരം എഴുനൂറോളം പേര്‍ വരുന്ന സുലൈം സേന മദീനയിലേക്ക് പുറപ്പെടുന്ന മക്കന്‍ സൈന്യത്തോടൊപ്പം ചേര്‍ന്നു, മര്‍റുസ്സഹ്‌റാന്‍ എന്ന സ്ഥലത്തു വെച്ച്.5 പക്ഷേ, അവര്‍ മുന്‍നിരയിലൊന്നുമുണ്ടായിരുന്നില്ല. മക്കക്കാര്‍ മദീനയെ ഉപരോധിക്കാന്‍ തുനിഞ്ഞപ്പോള്‍ മറ്റുചിലരോടൊപ്പം സുലൈമുകാരും അവിടെനിന്ന് പിന്‍വലിഞ്ഞു. ഹി. ആറാം വര്‍ഷം റബീഉസ്സാനി മാസത്തില്‍ മദീനയില്‍നിന്ന് നാല് ദിവസത്തെ വഴിദൂരമുള്ള അല്‍ജമൂം എന്ന പ്രദേശത്തേക്ക് സുലൈമിനെതിരെ എന്തിനാണ് പ്രവാചകന്‍ സൈദിനെ അയച്ചതെന്ന് ചരിത്രകൃതികള്‍ വ്യക്തമാക്കുന്നില്ല. പക്ഷേ, സൈദ് ചെല്ലുമ്പോള്‍ ഇത്തരം നാടോടി വിഭാഗങ്ങളൊന്നും അവിടെ ഉണ്ടായിരുന്നില്ല.6

എന്നാല്‍, ക്രമത്തില്‍ ഇസ്‌ലാം സുലൈം ഗോത്രത്തിലേക്ക് കടന്നുചെല്ലുക തന്നെ ചെയ്തു. ഹി. ഏഴാം വര്‍ഷം പ്രവാചകന്‍ ഖൈബറിലേക്ക് പടയോട്ടം നടത്തിയപ്പോള്‍ ആ വാര്‍ത്ത മക്കക്കാര്‍ക്ക് എത്തിച്ചുകൊടുത്തതും മുസ്‌ലിംകള്‍ ആ യുദ്ധത്തില്‍ പരാജയപ്പെടുമെന്ന് അവരോട് പറഞ്ഞതും സുലൈമുകാരനായ കവി അബ്ബാസു ബ്‌നു മിര്‍ദാസ് ആണ്. തുടര്‍ന്ന്, ആര് ജയിക്കുമെന്ന കാര്യത്തില്‍ അനുകൂലമായും പ്രതികൂലമായും പലരും പന്തയം വെക്കാന്‍ തയാറായി. അതേസമയം സുലൈമിലെ തന്നെ മറ്റൊരു കവിയും വ്യാപാരിയുമായ അല്‍ ഹജ്ജാജുബ്‌നു ഇല്ലാത്വ് ഖൈബറില്‍ വെച്ച് തന്നെ ഇസ്‌ലാം സ്വീകരിക്കുകയാണുണ്ടായത്. ഈ പടയോട്ടത്തിലും അദ്ദേഹം പങ്കുകൊണ്ടിരുന്നു. ഇസ്‌ലാമിന് കൈവന്ന വിജയത്തെക്കുറിച്ച വാര്‍ത്ത മക്കയിലെത്തുന്നതിനു മുമ്പ് അദ്ദേഹം അവിടെ എത്തിച്ചേരുകയും ചെയ്തു. അദ്ദേഹം ധൃതിപിടിച്ച് മക്കയിലെത്താന്‍ കാരണമുണ്ട്. ഇസ്‌ലാം സ്വീകരിച്ചുവെന്നറിഞ്ഞാല്‍ മക്കയിലുള്ള അല്‍ ഹജ്ജാജിന്റെ സ്വത്ത് കണ്ടുകെട്ടും. അതില്‍നിന്ന് രക്ഷപ്പെടാന്‍ ഒരു സൂത്രം അദ്ദേഹം പ്രയോഗിച്ചു. അദ്ദേഹം മക്കക്കാരോട് പറഞ്ഞത് ഇങ്ങനെയാണ്: 'ഞാന്‍ ഖൈബറില്‍നിന്ന് വരികയാണ്. മുസ്‌ലിംകള്‍ക്ക് കനത്ത പരാജയമാണ് നേരിട്ടിരിക്കുന്നത്. മുഹമ്മദ് ബന്ദിയാക്കപ്പെടുകയും ചെയ്തിരിക്കുന്നു. മുഹമ്മദിനെ ഒരു പാരിതോഷികമായി നിങ്ങള്‍ക്ക് അയച്ചുതരാന്‍ നില്‍ക്കുകയാണ് ഖൈബറിലെ ജൂതന്മാര്‍.' പിന്നെ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: 'ജൂതന്മാര്‍ അവരുടെ യുദ്ധമുതലുകള്‍ വില്‍ക്കാന്‍ വെച്ചിരിക്കുകയാണ്. അവ വാങ്ങാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. അതിനാല്‍ കാശ് വേണം.' ഇങ്ങനെ, കടം വാങ്ങിയ വകയില്‍ തനിക്ക് കിട്ടാനുള്ളതൊക്കെ പിരിച്ചെടുത്ത ശേഷം അല്‍ ഹജ്ജാജ് ഉടന്‍ മക്കവിട്ടു. ജൂതന്മാര്‍ തോറ്റു എന്ന യഥാര്‍ഥ വിവരം ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാണ് മക്കയിലെത്തുന്നത്. അത് മക്കക്കാര്‍ക്ക് ഇരട്ട പ്രഹരമായി. തോറ്റതിന്റെയും ഒപ്പം ചതിക്കപ്പെട്ടതിന്റെയും പ്രഹരം.7

ഹിജ്‌റ ഏഴാം വര്‍ഷം ഒടുവില്‍ സുലൈമുകാരനായ ഇബ്‌നു അബില്‍ ഔജ എന്നൊരാളെ അറുപത് പേരുള്ള ഒരു സംഘവുമായി സുലൈമികളുടെ ഇടയിലേക്കയച്ചു; ഇസ്‌ലാം അവര്‍ക്കിടയില്‍ പ്രബോധനം ചെയ്യുന്നതിനു വേണ്ടി. ആ പ്രബോധകനെ ശ്രവിക്കുന്നതിനു പകരം, ആ പ്രബോധക സംഘത്തെ അമ്പുകളുമായാണ് സുലൈമുകാര്‍ നേരിട്ടത്. അവരെ മുഴുവന്‍ കൊന്നു. ഗുരുതരമായി പരിക്കേറ്റ സംഘ നേതാവ് മാത്രം രക്ഷപ്പെട്ടു. അദ്ദേഹത്തെ പിന്നീട് മദീനയിലേക്ക് കൊണ്ടുവരികയാണുണ്ടായത്.8

പക്ഷേ, പിറ്റേ വര്‍ഷം ഈ ഗോത്രത്തില്‍നിന്നുള്ള വലിയൊരു പടയാളി സംഘം ഖുദൈദില്‍വെച്ച്, മക്ക ജയിച്ചടക്കാനായി പുറപ്പെടുന്ന മുസ്‌ലിം സൈന്യത്തോടൊപ്പം9 ചേരുന്നുണ്ട്. അവരുടെ കൂടെ ധാരാളം കുതിരകളുമുണ്ടായിരുന്നു. എന്നാല്‍ അവയുടെ നിയന്ത്രണ ചുമതല ഖാലിദു ബ്‌നു വലീദിന് നല്‍കുകയാണ് നബി ചെയ്തത്. അവരുടെ മനോഭാവത്തെക്കുറിച്ച് മുസ്‌ലിംകള്‍ വേണ്ടത്ര തൃപ്തരായിരുന്നില്ല എന്നതാണ് വാസ്തവം. മക്കയിലേക്കുള്ള പടപ്പുറപ്പാടിന് ഒരുക്കങ്ങള്‍ നടക്കുമ്പോള്‍ അബൂബക്ര്‍ സ്വന്തം മകള്‍ ആഇശയോട് ചോദിക്കുന്നുണ്ട്; 'പ്രവാചകന്‍ എങ്ങോട്ടാണ് പടനീക്കം നടത്തുന്നത്? നിനക്ക് വല്ല ധാരണയുമുണ്ടോ?' ആഇശയുടെ മറുപടി ഇങ്ങനെ: 'എനിക്കറിയില്ല. ചിലപ്പോള്‍ സുലൈമിനെതിരെയാവാം, അല്ലെങ്കില്‍ അതുപോലുള്ള മറ്റു വിഭാഗങ്ങള്‍ക്കെതിരില്‍.'10 ഇവിടെ പ്രവാചക പത്‌നിയായ ആഇശ പ്രവാചകന്‍ തന്നോട് പറഞ്ഞ ഒരു രഹസ്യം സ്വന്തം പിതാവില്‍നിന്ന് മറച്ചുവെക്കുകയാണ് ചെയ്യുന്നത്. പക്ഷേ, ആഇശയുടെ സംസാരത്തില്‍ സുലൈം കടന്നുവരുന്നതിനാല്‍ ആ ഗോത്രത്തോടുള്ള മുസ്‌ലിം പൊതുവികാരമെന്തായിരുന്നു എന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. മക്ക കീഴടക്കിയ ഉടനെ പ്രവാചകന്‍ ഹവാസിന്‍ ഗോത്രത്തിനെതിരെ ഹുനൈനിലേക്ക് ഒരു സൈന്യത്തെ നിയോഗിക്കുന്നുണ്ട്. കാരണം അത്രക്ക് ശത്രുതാപരവും ഭീഷണവുമായിരുന്നു ആ ഗോത്രത്തിന്റെ നിലപാട്. ഈ യുദ്ധത്തില്‍ മുസ്‌ലിം സൈന്യത്തിലെ സുലൈം ഗോത്രക്കാരുടെ പെരുമാറ്റത്തെക്കുറിച്ച് മഖ്‌രീസി11 ദീര്‍ഘമായി എഴുതുന്നുണ്ട്. യുദ്ധത്തിന്റെ തുടക്കത്തില്‍ മുസ്‌ലിം സൈന്യത്തിന് തിരിച്ചടി നേരിട്ടപ്പോള്‍ ആദ്യം ചിതറിയോടിയത് സുലൈമുകാരുടെ കാലാള്‍പ്പട ദളമാണ്. ഒടുവില്‍ മുസ്‌ലിം സൈന്യം വിജയിച്ചപ്പോള്‍ ശത്രുക്കളെ പിന്തുടരാന്‍ പ്രവാചകന്‍ ആവശ്യപ്പെടുകയുണ്ടായി. സുലൈം സേനാദളം ഇതും അനുസരിക്കാന്‍ കൂട്ടാക്കിയില്ല. എന്നല്ല മറ്റു മുസ്‌ലിം സൈനിക ദളങ്ങളെ അതില്‍നിന്ന് തടയാനും അവര്‍ ശ്രമിക്കുകയുണ്ടായി. സ്വാഭാവികമായും പ്രവാചകന് കടുത്ത നീരസമുണ്ടായി. പ്രവാചകനിലേക്ക് ചേര്‍ക്കപ്പെടുന്ന ഈ വചനം, ആ സന്ദര്‍ഭത്തില്‍ പറഞ്ഞിരിക്കാനാണ് സാധ്യത: 'ഉസ്വയ്യ അസ്വത്തില്ലാഹ വ റസൂലഹു' (ഉസ്വയ്യ- ഒരു സുലൈം ഗോത്രശാഖയാണിത്- അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിച്ചിരിക്കുന്നു).12

ഹുനൈന്‍ യുദ്ധത്തില്‍നിന്ന് ലഭിച്ച സമരാര്‍ജിത സമ്പത്ത് പുതുതായി ഇസ്‌ലാം സ്വീകരിച്ച പല പ്രമുഖ വ്യക്തിത്വങ്ങള്‍ക്കും പ്രവാചകന്‍ വീതിച്ചു നല്‍കിയിരുന്നു. മക്കയിലെ അബൂസുഫ്‌യാന്നും സുലൈം ഗോത്രക്കാരനായ അബ്ബാസു ബ്‌നു മിര്‍ദാസിനും ഇപ്രകാരം യുദ്ധമുതലുകള്‍ ലഭിച്ചിരുന്നു. തനിക്ക് കിട്ടിയത് പോരെന്നായി അബ്ബാസു ബ്‌നു മിര്‍ദാസ്. എന്നു മാത്രമല്ല അതിന്റെ പേരില്‍ പ്രവാചകനെ പരിഹസിച്ച് കവിത രചിക്കുക പോലും ചെയ്തു അബ്ബാസ്.13 അയാള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനു പകരം അയാളുടെ ഓഹരി ഇരട്ടിയാക്കി കൊടുക്കാനാണ് പ്രവാചകന്‍ ആവശ്യപ്പെട്ടത്. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഹുനൈനില്‍ വെച്ച് മുസ്‌ലിംകള്‍ പരാജയപ്പെടുത്തിയ ഹവാസിന്‍ ഗോത്രക്കാരുടെ ഒരു പ്രതിനിധി സംഘം പ്രവാചകനെ കാണാനായി മദീനയില്‍ വരികയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. പിടിച്ചെടുക്കപ്പെട്ട തങ്ങളുടെ സ്വത്തുക്കളും ബന്ദികളാക്കപ്പെട്ട സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ എല്ലാവരെയും തിരിച്ചുനല്‍കണമെന്ന് അവര്‍ പ്രവാചകനോട് അഭ്യര്‍ഥിക്കുകയും ചെയ്തു. അടിമകളാക്കപ്പെട്ട എല്ലാ ബന്ദികളെയും മോചിപ്പിക്കാന്‍ പ്രവാചകന്‍ ഉത്തരവിട്ടു. പക്ഷേ, പ്രവാചകന്റെ ഈ ഉത്തരവ് അനുസരിക്കാന്‍ ചിലര്‍ കൂട്ടാക്കിയില്ല; അവരുടെ കൂട്ടത്തില്‍ ഈ സുലൈം കവി അബ്ബാസും ഉണ്ടായിരുന്നു. അയാള്‍ പറഞ്ഞു: 'ഞാനും എന്റെ ഗോത്രവും ഒരു ബന്ദിയെയും വിട്ടുകൊടുക്കാന്‍ പോകുന്നില്ല.' മഖ്‌രീസി14 പറയുന്നു: പ്രവാചകന്റെ വളര്‍ത്തു മാതാവിന്റെ ഗോത്രക്കാരായ ബന്ദികളെ വിട്ടുകൊടുക്കാതിരിക്കുന്നത് അങ്ങേയറ്റം അധിക്ഷേപാര്‍ഹമാണെന്ന് സുലൈം ഗോത്രത്തിലെ മറ്റുള്ളവര്‍ക്ക് തോന്നി. അവര്‍ ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു: 'അല്ല. സുലൈമുകാരും അവരുടെ ഹവാസിന്‍ ബന്ദികളെ മോചിപ്പിക്കുകയാണ്.' ഇതു കേട്ട് അബ്ബാസ് വളരെ ക്രുദ്ധനായി. തന്നെ ചതിച്ചതിലും അപമാനിച്ചതിലും അയാള്‍ അവരെ ആക്ഷേപിച്ചുകൊണ്ടിരുന്നു.

ഈ പടയോട്ടക്കാലത്തു തന്നെയാണ്, നബി ജുദൈമ ഗോത്രക്കാരിലേക്ക് ഖാലിദുബ്‌നു വലീദിന്റെ നേതൃത്വത്തില്‍ ഒരു സംഘത്തെ അയക്കുന്നത്. ജുൈദമക്കാര്‍ താമസിച്ചിരുന്നത് മക്കയുടെ തെക്ക് യലംലം കുന്നിന് സമീപമായിരുന്നു. ഖാലിദിനെ സുലൈമികളായ ഏതാനും അശ്വഭടന്മാരും അനുഗമിച്ചിരുന്നു. എന്തോ ചില തെറ്റിദ്ധാരണകള്‍ കാരണമാകാം, ഖാലിദ് പിടികൂടിയത് നേരത്തേ ഇസ്‌ലാം വിശ്വാസികളായിത്തീര്‍ന്ന ചിലരെയാണ്. അവരെ വധിക്കാന്‍ അദ്ദേഹം ഒപ്പമുള്ളവര്‍ക്ക് ഉത്തരവ് നല്‍കുകയും ചെയ്തു. അന്നത്തെ രീതിയനുസരിച്ച്, തടവുകാരെ സംഘത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കുമായി വീതിച്ചുനല്‍കിയതായിരുന്നു. ഖാലിദിന്റെ ഉത്തരവ് സുലൈമികള്‍ മാത്രമേ നടപ്പാക്കിയുള്ളൂ. ബാക്കിയുള്ളവര്‍, തടവുകാരുടെ നിരപരാധിത്വം മനസ്സിലാക്കുകയും അവരെ മോചിപ്പിക്കുകയും ചെയ്തു. സംഘത്തലവന് ഇതൊട്ടും ഇഷ്ടമായില്ല. സംഘം മദീനയില്‍ തിരിച്ചെത്തിയപ്പോള്‍ സംഘത്തലവനെ പ്രവാചകന്‍ അതിരൂക്ഷമായി ശകാരിക്കുകയുണ്ടായി. എന്നു മാത്രമല്ല, കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരത്തുകയും അയച്ചുകൊടുത്തു. അലിയെയാണ് പ്രവാചകന്‍ തന്റെ പ്രതിനിധിയായി അങ്ങോട്ട് അയച്ചത്. മനുഷ്യജീവന്‍ നഷ്ടമായതിന് മാത്രമായിരുന്നില്ല നഷ്ടപരിഹാരം. നായകള്‍ വന്ന് വെള്ളം കുടിച്ച് പോയിരുന്ന ഒരു പാത്രവും തകര്‍ക്കപ്പെട്ടിരുന്നു. അതിനു വരെ നഷ്ടപരിഹാരം നല്‍കി. 'ഞങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത ഈ പാതക'ത്തിന്റെ പേരില്‍ കുറച്ചധികം വീണ്ടും നല്‍കി. ഇത് ആ ഗോത്രക്കാരെ ശാന്തരാക്കി.15

അടുത്ത വര്‍ഷം (ഹി. ഒമ്പത്) പ്രവാചകന്‍ മദീനയിലെ കേന്ദ്രഭരണത്തിനു വേണ്ടി നികുതി പിരിക്കാനായി ഉദ്യോഗസ്ഥരെ നിയമിച്ചപ്പോള്‍ സുലൈം, മുസൈന എന്നീ രണ്ട് അയല്‍ ഗോത്രങ്ങളുടെ ചുമതല നല്‍കിയിരുന്നത് മദീനക്കാരനായ അബ്ബാദു ബ്‌നു ബിശ്ര്‍ അല്‍ അശ്ഹലി എന്ന വ്യക്തിക്കായിരുന്നു.16 എന്നാല്‍, ഹി. 5-ാം വര്‍ഷം മുതല്‍ തന്നെ സുലൈമികള്‍ തങ്ങളുടെ ഖനികള്‍ക്ക് നികുതി നല്‍കിത്തുടങ്ങിയിട്ടുണ്ടാവണം. കാരണം, തന്റെ ജൂത യജമാനനില്‍നിന്ന് സ്വാതന്ത്ര്യം ലഭിക്കുന്നതിനു വേണ്ടി അടിമയായിരുന്ന സല്‍മാനുല്‍ ഫാരിസി അയാള്‍ക്ക് നല്‍കേണ്ടിയിരുന്ന മോചനദ്രവ്യത്തില്‍ പ്രവാചകന്‍ സുലൈമികളുടെ ഖനിയില്‍നിന്ന് ലഭിച്ച നികുതി വിഹിതമായ സ്വര്‍ണവും ഉള്‍പ്പെടുത്തിയിരുന്നു.17 ആ സംഭവം നടന്നത് ഹി. അഞ്ചാം വര്‍ഷമാണ്.

സുലൈമികള്‍ എല്ലാവരും അപ്പോഴും ഇസ്‌ലാം സ്വീകരിച്ചിരുന്നില്ല. ഖുസാഅക്കാരുടെ അധിവാസ സ്ഥലത്ത് താമസിച്ചുകൊണ്ടിരിക്കെ തമീം ഗോത്രക്കാര്‍ പ്രവാചകന്റെ നികുതി ഉദ്യോഗസ്ഥനുമായി ഇടഞ്ഞത് നാം സൂചിപ്പിച്ചിട്ടുണ്ട്. ആ സമയത്ത് ഖുസാഅക്കാരുടെ മേഖലയില്‍നിന്ന് കുടിയൊഴിഞ്ഞുപോകേണ്ടിവന്ന തമീം ഗോത്രക്കാര്‍ക്ക് അഭയം നല്‍കിയത് സുലൈം ആയിരുന്നു.18 ഏതാനും മാസങ്ങള്‍ കഴിഞ്ഞ് പ്രവാചകന്‍ തബൂക്ക് യുദ്ധത്തിന് ധൃതിപിടിച്ച് ഒരുക്കങ്ങള്‍ നടത്തവെ, തന്റെ ഗോത്രത്തിലെ സന്നദ്ധസേവകരെ അണിനിരത്താന്‍ സുലൈം ഗോത്രക്കാരനായ കവി അബ്ബാസിനോട് പ്രവാചകന്‍ ആവശ്യപ്പെടുന്നുണ്ട്.19 ഇതു സംബന്ധമായി മറ്റൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സുലൈമുകാരില്‍ പെട്ടവര്‍ക്ക് പ്രവാചകന്‍ ഭൂമി പതിച്ചുനല്‍കുകയോ അവരുടെ കൈവശമുള്ള ഭൂമിയുടെ അവകാശം ഉറപ്പാക്കുകയോ ചെയ്തിട്ടുണ്ട്. അങ്ങനെയാണ്, 'സവാരിഖിയ്യയിലെ ഈത്തപ്പന മരങ്ങളും അതിലെ കൊട്ടാരവും' സഈദു ബ്‌നു സുഫ്‌യാന്‍ അര്‍രിആലിക്ക്20 നല്‍കിയത്. മദ്ഫൂ എന്ന പ്രദേശം പതിച്ചുനല്‍കിയത് സുലൈമിലെ രണ്ട് വ്യത്യസ്ത വ്യക്തികള്‍ക്കാണ്. സലമബ്‌നു മാലികിനും അബ്ബാസു ബ്‌നു മിര്‍ദാസിനും.21 മറ്റൊരു രേഖ പ്രകാരം സലമബ്‌നു മാലികിന് വേറെയും കുറച്ച് സ്ഥലങ്ങള്‍ പതിച്ചുനല്‍കിയതായി പറയുന്നുണ്ട്. അല്‍ജഫ്ര്‍ പ്രദേശം മുഴുവനായി പതിച്ച് നല്‍കിയത്, സുലൈമിന്റെ ഉപഗോത്രമായ ഉസ്വയ്യയില്‍ പെടുന്ന ഹൗദബ്‌നു നുബാഇശക്ക് ആണ്.22 ഇതു സംബന്ധമായി പത്ത് രേഖകളെങ്കിലുമുണ്ട്.23

ഈ വിഷയം അവസാനിപ്പിക്കുന്നതിനു മുമ്പ് ഒരു കാര്യം കൂടി. പ്രവാചകന്‍ സുലൈമിക്കാരിയായ സനാ ബിന്‍ത് അസ്സ്വല്‍ത് എന്ന വനിതയെ വിവാഹം ചെയ്തിരുന്നതായി ഒരു റിപ്പോര്‍ട്ടുണ്ട്. മദീനയിലേക്ക് പോകും വഴി അവര്‍ മരണപ്പെടുകയാണത്രെ ഉണ്ടായത്.24 കല്‍ബ് ഗോത്രത്തില്‍നിന്നും നബി രണ്ടു പേരെ വിവാഹം ചെയ്‌തെന്നും അവരും വഴിമധ്യേ മരിക്കുകയാണുണ്ടായതെന്നും വേറൊരു റിപ്പോര്‍ട്ട്. ഒരുപക്ഷേ, ഒരൊറ്റ സംഭവമേ നടന്നിട്ടുണ്ടാവുകയുള്ളൂ. പക്ഷേ, കുറേയധികം ഭാര്യമാര്‍ മദീനയിലേക്കുള്ള വഴിമധ്യേ മരിച്ചതായാണ് ഇതൊക്കെ വായിച്ചാല്‍ തോന്നുക.

 

(തുടരും)

 

കുറിപ്പുകള്‍

1. ഇബ്‌നു ഹിശാം പേ: 544, ഇബ്‌നു സഅ്ദ് II/I, പേ: 24

2. ബുഖാരി 64/28/6. പായയില്‍ കിടന്ന് മരിക്കരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനാല്‍ മരണാസന്നനായ സമയത്ത് തന്നെ കുതിരപ്പുറത്ത് കയറ്റിവെക്കാന്‍ അദ്ദേഹം നിര്‍ദേശം കൊടുത്തു. അവിടെ വെച്ചാണ് അവസാന ശ്വാസം വലിച്ചത്.

3. സ്‌തോഭജനകമായിരുന്നു ആ കൂടിക്കാഴ്ച എന്നാണ് റിപ്പോര്‍ട്ട്. ആമിര്‍ പ്രവാചകനോട് പറഞ്ഞു: 'ഞാന്‍ താങ്കളുടെ നാടു മുഴുവന്‍ മുടിയില്ലാത്ത കുതിരകളാലും താടിരോമങ്ങളില്ലാത്ത പുരുഷന്മാരാലും നിറക്കാം. നിങ്ങള്‍ക്കുള്ള ഈത്തപ്പനകളുടെ അത്രയെണ്ണം കുതിരകളുമായി ഞാന്‍ വരാം.' ആശ്ചര്യഭരിതനായി പ്രവാചകന്‍ പറഞ്ഞു: 'എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവന്‍ തന്നെ സത്യം, ഇദ്ദേഹവും തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഗോത്രം ബനൂ ആമിറും ഇസ്‌ലാം സ്വീകരിക്കുകയാണെങ്കില്‍ പള്ളിയിലെ മിമ്പറുകളിലായിരുന്നാലും അവര്‍ ഖുറൈശികളെ അതിജയിക്കും.' ഇഹ്‌സാനുല്‍ അബ്ബാസി, 'ശറഹു ദീവാന്‍ ലബീദി'ല്‍ (പേ: 15).

4. ദീവാന്‍ ആമിര്‍ ബ്‌നു ത്വുഫൈല്‍, ആമുഖം പേ: 90-1

5. ഇബ്‌നു സഅ്ദ് II/i, പേ: 47

6. അതേ പുസ്തകം, പേ: 62, ഇബ്‌നു ഹിശാം പേ; 975

7. ഇബ്‌നു ഹിശാം പേ: 770-2, മഖ്‌രീസി I, 125

8. ഇബ്‌നു സഅ്ദ് II/I, പേ: 89

9. അതേ പുസ്തകം പേ: 97

10. മഖ്‌രീസി I/361

11. അതേ പുസ്തകം 405-6, 413

12. ഇബ്‌നു ഹമ്പല്‍. ചീ: 5108, ബുഖാരി 61: 7(2)

13. മഖ്‌രീസി I, 424

14. അതേ പുസ്തകം പേ: 429

15. ഇബ്‌നു സഅ്ദ് II/i, പേ: 106-8, ഇബ്‌നു ഹിശാം പേ: 833-9

16. മഖ്‌രീസി I, 433

17. ബലാദുരി I, No: 985

18. മഖ്‌രീസി I, 434

19. അതേ പുസ്തകം, പേ: 446

20. വസാഇഖ്, No: 231

21. അതേ പുസ്തകം, No: 208, 210

22. അതേ പുസ്തകം No: 207

23. അതേ പുസ്തകം No: 211

24. അതേ പുസ്തകം 207-15

25. മുഹബ്ബര്‍ പേ: 93

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (50-53)
എ.വൈ.ആര്‍