Prabodhanm Weekly

Pages

Search

2018 മെയ് 18

3052

1439 റമദാന്‍ 02

തുല്യപൗരത്വത്തിനായി പോരാടിക്കൊണ്ടിരിക്കുക

ഡോ. കെ.എസ് മാധവന്‍

എല്ലാ ജീവനും വിലപ്പെട്ടതാണ് എന്നത് ധാര്‍മികമായി വിലപ്പെട്ടൊരു സങ്കല്‍പമാണ്. അതുകൊണ്ടുതന്നെ പ്രവാചകത്വമൂല്യമുള്ള അല്ലെങ്കില്‍ മതപരമായൊരു സംവാദ മണ്ഡലം അത് തുറന്നുവെക്കുന്നു എന്നതാണതിന്റെ പ്രത്യേകത. ലോകത്തുണ്ടായ എല്ലാ പ്രവാചക മതങ്ങളും ഒരു പോലെ പങ്കുവെക്കുന്ന ആശയമാണ് എല്ലാ ജീവികളും ദൈവത്തിന്റെ സൃഷ്ടികളാണെന്നും ദൈവത്തിന്റെ എല്ലാ സൃഷ്ടികളും മനോഹരമാണെന്നും തുല്യമാണെന്നുമുള്ളത്. അതുകൊണ്ടുതന്നെ ഈ സമത്വ സങ്കല്‍പത്തിന് ധാര്‍മികവും മാനവികവുമായ വലിയൊരു അടിത്തറയുണ്ടെന്ന് നമുക്ക് മനസ്സിലാക്കാം. 

ലോകചരിത്രത്തില്‍ ഈ സങ്കല്‍പത്തെ അഭിമുഖീകരിച്ച രണ്ട് പ്രധാന ധാരകളുണ്ടായിരുന്നു. ഒന്ന്, മതവ്യവസ്ഥകളാണ്. ദൈവം, അതുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍ എന്നിവയെല്ലാം അതിന്റെ അടിത്തറയായിരുന്നു. അതിലൂടെ എല്ലാ ജീവികളും തുല്യരാണെന്നവര്‍ മനസ്സിലാക്കി. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ഇസ്‌ലാമികവും ഖുര്‍ആനികവുമായ സങ്കല്‍പങ്ങള്‍. അതിന്റെ അടിസ്ഥാനങ്ങള്‍ രൂപപ്പെടുത്തുന്നതും കാര്യങ്ങളെ നിരൂപണം ചെയ്യുന്നതുമെല്ലാം എല്ലാ മനുഷ്യരും തുല്യരാണെന്ന അടിസ്ഥാനത്തിലാണ്. നിറം, ലിംഗം, വംശം എന്നിവയുടെ വ്യത്യാസങ്ങള്‍ പരസ്പരം തിരിച്ചറിയാനുള്ളത് മാത്രമാണെന്നും എല്ലാറ്റിലും എല്ലാവരും തുല്യരാണുമെന്ന മാനുഷിക സങ്കല്‍പം ഇപ്രകാരം പ്രവാചക മതങ്ങളില്‍ ശക്തമാണ്. എന്നാല്‍ ഇത്തരം മതങ്ങളുടെ മുമ്പും ശേഷവും സാമൂഹികമായി ഒരു വ്യവസ്ഥയും ജീവന്റെ ഈ തുല്യതയെ അംഗീകരിച്ചിട്ടില്ല. പ്രായോഗികമായി ഈ തുല്യത നടപ്പിലാകുന്ന ഒരു സാമൂഹിക സാഹചര്യം ഉണ്ടായിട്ടുമില്ലെന്ന് കാണാം. രണ്ടാമതായി മനുഷ്യന്റെ തുല്യത ഉയര്‍ത്തിപ്പിടിച്ചത് ആധുനിക രാഷ്ട്ര സങ്കല്‍പങ്ങളായിരുന്നു. 

ധാര്‍മികമായി എല്ലാ മനുഷ്യരും തുല്യരും സമന്മാരുമാണെന്ന സങ്കല്‍പം അടിസ്ഥാനപരമായി സ്ഥാപിച്ചത് മതങ്ങളായിരുന്നു. പ്രത്യേകിച്ചും ഏഷ്യന്‍ മതങ്ങള്‍. അതില്‍ പ്രധാനപ്പെട്ടതാണ് ഇസ്‌ലാമും, പ്രപഞ്ചത്തെയും മനുഷ്യനെയും യുക്തിയുടെ വെളിച്ചത്തില്‍ കാണാന്‍ പഠിപ്പിച്ച ബുദ്ധമതവും. ക്രിസ്ത്യന്‍-ജൂത മതങ്ങള്‍ തുല്യതാ സങ്കല്‍പം കരുണ, ദയ പോലുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് അതിനെ വ്യവഹരിക്കുന്നത്. പിന്നീട് ലോകചരിത്രം പരിശോധിക്കുമ്പോള്‍ ഒരു സാമൂഹിക വ്യവസ്ഥയും ഭരണകൂടവും സമൂഹവും ഈ ആശയത്തെ പൂര്‍ണമായും അഗീകരിച്ച് ഇവിടെ കഴിഞ്ഞുപോയിട്ടില്ലെന്നു കാണാം. 

പിന്നീട് ആധുനിക യൂറോപ്യന്‍ ജ്ഞാനോദയത്തിന്റെ ഭാഗമായാണ് മനുഷ്യന്റെ തുല്യതയെന്ന ആശയം ഉയര്‍ന്നുവരുന്നത്. തത്ത്വത്തില്‍ ഇങ്ങനെയാകുമ്പോള്‍ തന്നെ വെള്ളക്കാരല്ലാത്ത, അവരുടെ വംശത്തിന് പുറത്തുള്ളവരായ ഒരാളെയും മനുഷ്യനെന്ന വിഭാവനയില്‍ ഉള്‍പ്പെടുത്താന്‍ അവര്‍ സന്നദ്ധരായിരുന്നില്ല. അഥവാ വെള്ളവംശത്തിന് പുറത്തുള്ളവരൊന്നും ഈ തുല്യതക്ക് അര്‍ഹരായിരുന്നില്ല. ഇവിടെ തുല്യതയെ കുറിച്ച് സംസാരിച്ച ദാര്‍ശനികരാരും അടിമകളെയും കറുത്തവരെയും സ്ത്രീകളെപോലും മാനവികതയുടെ ഭാഗമായി കണ്ടിരുന്നില്ല. ഇവിടെ മനസ്സിലാകുന്നത് ആധുനിക മാനവിക സങ്കല്‍പങ്ങള്‍ ദാര്‍ശനികമായിത്തന്നെ വികസിച്ചുവന്നത് മനുഷ്യരുടെ പൂര്‍ണ തുല്യതയെ അടിസ്ഥാനമാക്കിയല്ലെന്നതാണ്. 

പിന്നീട് യൂറോപ്പിലും പുറത്തും ഈ സങ്കല്‍പങ്ങള്‍ക്കെതിരായി തുടര്‍ച്ചയായി ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളും സമരങ്ങളുമാണ് തുല്യതയെന്ന വിഭാവനം പൂര്‍ണാര്‍ഥത്തിലേക്ക് എത്തിക്കാന്‍ ശ്രമിച്ചത്. ഈ വിഭാവനം ചില പ്രധാന കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഉയര്‍ന്നുവന്നത്. ആധുനിക ഭരണകൂടം, അതിലെ പൗരന്‍ തുടങ്ങിയവയാണ് അവയിലൊന്ന്. ഭരണകൂടത്തില്‍, രാഷ്ട്രത്തില്‍ പൗരന്മാരെല്ലാവരും തുല്യരാണ് എന്ന ജനാധിപത്യ സിദ്ധാന്തത്തിലൂടെയാണ് ഇത് സാധ്യമായത്. ഏഷ്യയിലും ആഫ്രിക്കയിലുമടക്കം ഉണ്ടായ വിപുലമായ രീതിയിലുള്ള ജനമുന്നേറ്റങ്ങളും സമരങ്ങളും ഈ ആശയം വികസിക്കുന്നതില്‍ സജീവ പങ്കുവഹിച്ചു. എന്നാല്‍ ഈ ആധുനിക പൗരത്വം ഉണ്ടായിവന്നത് ഇവിടെ നിലനില്‍ക്കുന്ന എല്ലാ അപരത്വങ്ങളെയും ഇല്ലാതാക്കിക്കൊണ്ടല്ല. മറിച്ച്, ഈ അപരത്വങ്ങളെ പരിഹരിക്കാനുള്ള ഒരു സംവിധാനമായി ഭരണകൂടത്തെ കാണാനാണ് ഇത് ശ്രമിച്ചത്. അഥവാ അപരത്വങ്ങളും അനീതികളും പരിഹരിക്കുകയെന്നതാണ് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമായി ഇവിടെ വിഭാവനം ചെയ്യപ്പെട്ടത്. ഇവിടെ അപരത്വങ്ങളെ പരിഹരിക്കുന്നത് രാഷ്ട്രമെന്ന സ്ഥാപനം ഉണ്ടാക്കുന്ന നിയമപരവും ധാര്‍മികവുമായ വ്യവസ്ഥകളാണ്. അപരത്വത്തിന് ഇരയാകുന്നവരും അപരത്വങ്ങള്‍ നിര്‍മിക്കുന്നവരും ഒരുപോലെ ഇടപെട്ട് തുല്യതയിലേക്ക് എത്തുകയെന്നൊരു സ്വപ്നമാണിവിടെയുള്ളത്. അതിന് സ്ഥാപനപരമായ പിന്തുണ ഭരണകൂടം നല്‍കും. ഇവിടെ ഭരണഘടനാപരമായ അവകാശങ്ങളിലൂടെയാണ് ഈ തുല്യത സ്ഥാപിച്ചെടുക്കുന്നത്. 

ആധുനിക ഭരണകൂടങ്ങളുടെയും ഭരണഘടനകളുടെയും അടിസ്ഥാനത്തിലാണ് ഇന്ത്യപോലുള്ള ദേശരാഷ്ട്രങ്ങളെയും അതില്‍ നടക്കുന്ന വിവേചനപരമായ നടപടികളെയും മനസ്സിലാക്കാനാവുക. ഇന്ത്യന്‍ ചരിത്രത്തില്‍ ധാരാളം അപരത്വങ്ങളും വിവേചനങ്ങളും ഉണ്ടായിരുന്നുവെന്നും അതിനെ ധാര്‍മികമായും നിയമപരമായും മറികടക്കാനാണ് ഭരണഘടനയും അതിന്റെ മൂല്യങ്ങളും സ്ഥാപിതമായതെന്നും കാണാം. ഈയൊരു അടിസ്ഥാനത്തിലാണ് ഇന്ന് രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെ കാണാന്‍ ശ്രമിക്കേണ്ടത്. 

ഇന്ത്യയില്‍ തുല്യ പൗരത്വവും അവകാശങ്ങളും വകവെച്ചു നല്‍കുന്ന ഭരണഘടനയാണ് നിലവിലുള്ളത്. എന്നാല്‍ ധാര്‍മികമായും രാഷ്ട്രീയമായും ഈ സമത്വം സാധ്യമാകാത്ത രീതിയിലുള്ള സാമൂഹിക-സാമ്പത്തിക ബന്ധങ്ങളാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. ഈ ബന്ധങ്ങളുടെ സ്വാധീനം കാരണം ഭരണകൂടം മാത്രം പരിശ്രമിച്ചതുകൊണ്ട് ഇവിടെ ഈ മൂല്യങ്ങള്‍ നടപ്പിലാക്കാനാവില്ല. ഇങ്ങനെ വരുമ്പോഴാണ് പൗരസമൂഹം (സിവില്‍ സൊസൈറ്റി) എന്ന സങ്കല്‍പം ഉയര്‍ന്നുവരുന്നത്. അപ്പോള്‍ ഇവിടെ സാമൂഹികമായും സാംസ്‌കാരികമായും സാമ്പത്തികമായും തുല്യതയെന്ന സങ്കല്‍പം സാക്ഷാത്കരിക്കപ്പെടാന്‍ പൗരന്മാര്‍ തങ്ങളുടെ പൗരനെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തീകരിക്കുന്ന ജനാധിപത്യപരമായ പൗരബോധം പുലര്‍ത്തണം. പൗരബോധമാകുന്ന ഈ വിനിമയ മാര്‍ഗത്തെ ശക്തിപ്പെടുത്തുകയും ഏകോപിപ്പിക്കുകയുമാണ് ഭരണകൂടം ചെയ്യേണ്ടത്. 

ഇന്ത്യയെന്ന രാഷ്ട്രത്തില്‍ ഭരണകൂടമോ അതിന്റെ സംവിധാനങ്ങളോ തുല്യമനുഷ്യരെന്ന സങ്കല്‍പത്തെ പ്രോത്സാഹിപ്പിക്കുന്നതോ വളര്‍ത്തുന്നതോ ആയ ഒരു രീതിയും സ്വീകരിക്കുകയോ ഏകോപിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് നമുക്ക് കാണാനാകും. അതുകൊണ്ട് ഇവിടെ ദലിതരുടെയും ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും പ്രശ്‌നങ്ങളായി പൗരത്വ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. ഇന്ത്യയുടെ പല മേഖലകളിലുമുള്ള മനുഷ്യര്‍ അവരുടെ പൗരത്വം റദ്ദാക്കപ്പെടുന്ന അവസ്ഥയിലാണ് ജീവിക്കുന്നത്. കശ്മീരില്‍ അല്ലെങ്കില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആളുകളുടെ പൗരത്വപരമായ അവകാശങ്ങള്‍ ഭരണകൂടം തന്നെ ഹനിക്കുന്നതാണ് നാം കാണുന്നത്. ഇതിനു പുറമെ മതം, വംശം, ജാതി, വര്‍ഗം, പ്രദേശം, ലിംഗം തുടങ്ങിയ കാരണങ്ങള്‍കൊണ്ട് പൗരത്വാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന അവസ്ഥയും കാണാനാകും. 

ഇന്ത്യയില്‍ മുസ്‌ലിംകളുടെ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഭക്ഷണം, വസ്ത്രം തുടങ്ങിയ വിഷയങ്ങളിലും പലപ്പോഴും അവകാശങ്ങള്‍ ഹനിക്കപ്പെടുകയും ഇവയുടെ പേരില്‍ അവര്‍ അക്രമങ്ങള്‍ക്ക് ഇരയാവുകയും ചെയ്യുന്നുണ്ട്. ഇത് ഇന്ത്യയില്‍ പൗരസമൂഹത്തില്‍ മുസ്‌ലിംകള്‍ക്കും മറ്റും അപരത്വമുണ്ടാക്കുന്നുണ്ട്. മാത്രമല്ല ഇത്തരം വിഭാഗങ്ങള്‍ പൗരസമൂഹത്തില്‍നിന്ന് പുറത്താക്കപ്പെടുകയും ഭരണഘടനാ അവകാശങ്ങള്‍ അവര്‍ക്ക് നിഷേധിക്കപ്പെടുകയും ചെയ്യുന്നു. ഇത് വലിയൊരു വൈരുധ്യമാണ് ഉണ്ടാക്കുന്നത്. ഭരണഘടനാപരമായും നിയമപരമായും എല്ലാവര്‍ക്കും എല്ലാ അവകാശങ്ങളും വാഗ്ദാനം ചെയ്യുകയും എന്നാല്‍ പ്രായോഗികമായി ഭരണകൂട സ്ഥാപനങ്ങള്‍ തന്നെ പ്രത്യക്ഷമായും പരോക്ഷമായും അവയെ ഹനിക്കുകയുമാണ് ചെയ്യുന്നത്. 

ഇതുതന്നെയാണ് ആദിവാസികളും രാജ്യത്ത് അനുഭവിക്കുന്ന പ്രശ്‌നം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലായാലും മറ്റ് പ്രദേശങ്ങളിലായാലും മധുവിനെ പോലുള്ളവര്‍ കൊലചെയ്യപ്പെടുന്ന സാഹചര്യമുണ്ടാകുന്നത് ഇത്തരം വൈരുധ്യങ്ങളെയാണ് വ്യക്തമാക്കുന്നത്. ഇവിടെ എല്ലാ അവകാശങ്ങളുമുള്ള പൗരന്മാരായി ആദിവാസികളെ ഒരുവശത്ത് പ്രഖ്യാപിക്കുന്നു. എന്നാല്‍ അവര്‍ക്ക് തുല്യതക്കുള്ള എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെടുന്നു. അതിന് ഭരണകൂട സ്ഥാപനങ്ങള്‍ വരെ പിന്തുണ നല്‍കുന്നു. ഭരണഘടന പ്രത്യേകം പരിരക്ഷ നല്‍കുകയും പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത വിഭാഗമായിട്ടുപോലും അവരുടെ അവകാശങ്ങള്‍ നഷ്ടപ്പെടുകയും ഭരണഘടനാ സ്ഥാപനങ്ങള്‍ തന്നെ ഭരണഘടനാവകാശങ്ങള്‍ ഹനിക്കുന്ന തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നു. ക്ഷേമപദ്ധതികളും മറ്റും അവരിലേക്കെത്തിക്കാതെ അവയെ ആദിവാസികളുടെ സംസ്‌കാരത്തെയും പാരമ്പര്യങ്ങളെയും പാര്‍ശ്വവത്കരിക്കാനുള്ള ഉപാധിയാക്കി മാറ്റി ഭരണകൂടം തന്നെ അവരുടെ പൗരത്വത്തെ റദ്ദ് ചെയ്യുകയാണെന്നതാണ് ഒരു പ്രശ്‌നം. 

ആദിവാസികള്‍ ജീവിക്കുന്ന സമൂഹം അവരെ ഒറ്റപ്പെടുത്തുകയും അപരവത്കരിക്കുകയും ചെയ്ത് പൗരസമൂഹമെന്ന പരിധിയില്‍നിന്ന് അവരെ പുറത്താക്കുന്നു എന്നതും ഇവിടെ സംഭവിക്കുന്നുണ്ട്. അവസാന സംഭവങ്ങളിലെല്ലാം ഇക്കാര്യവും വ്യക്തമാണ്. ആദിവാസികളെ മറ്റെല്ലാവരേക്കാളും അധമരായവര്‍ എന്ന നിലയിലാണ് സമൂഹം പൊതുവെ കൈകാര്യം ചെയ്യുന്നത്. അതില്‍ വലിയ വിവേചനങ്ങള്‍ അവര്‍ കാണിക്കുകയും ചെയ്യുന്നു. മറ്റുള്ളവരെയെല്ലാം പൗരന്മാരായി കാണുമ്പോള്‍ ആദിവാസികളെ കഴിവു കുറഞ്ഞവരായും താഴ്ന്നവരായും പ്രാകൃതരായും കാണുന്നു. അതുകൊണ്ട് തന്നെ അവര്‍ക്കു മേല്‍ എന്ത് ഹിംസയും ആകാമെന്നും വിചാരിക്കുന്നു. ഇതിന്റെ കാരണം സമൂഹം ചരിത്രപരമായി നിലനിര്‍ത്തുന്ന വംശീയ മുന്‍വിധികളാണ്. അപ്പോള്‍ അവര്‍ ഒരേസമയം ഭരണകൂടവും പൗരസമൂഹവും നടത്തുന്ന ഹിംസകള്‍ക്ക് ഇരകളാകുന്നു. 

വംശീയ മുന്‍വിധികളിലൂടെ പൗരസമൂഹങ്ങള്‍ മുന്നോട്ടുപോകുമ്പോള്‍ അവിടെ ഒരിക്കലും തുല്യമനുഷ്യര്‍ എന്ന ഭാവന പൂര്‍ത്തീകരിക്കപ്പെടില്ല. ഇവിടെയാണ് എല്ലാ മനുഷ്യരും തുല്യരാണ് എന്ന ആശയം ഉയര്‍ത്തല്‍ നിര്‍ബന്ധമാകുന്നത്. അഥവാ പൗരത്വത്തില്‍ എല്ലാ മനുഷ്യര്‍ക്കും വിലയുണ്ടെന്നും അവരെല്ലാം തുല്യരാണെന്നുമുള്ള ധാര്‍മിക നിലപാട് കൂട്ടിച്ചേര്‍ക്കേണ്ടിവരുന്നത് ഇവിടെയാണ്. 

ഇന്ത്യയെ പോലുള്ള രാഷ്ട്രങ്ങളില്‍ എല്ലാവരും തുല്യരാണെന്ന ഭരണഘടനാപരമായ പൗരത്വത്തിന്റെ അടിസ്ഥാനം ഭരണകൂടവും ഭരണഘടനാ സ്ഥാപനങ്ങളും തന്നെ ഹനിക്കുകയാണ്. ഇവിടെ യഥാര്‍ഥ പൗരത്വം (യൂനിവേഴ്‌സല്‍ സിറ്റിസണ്‍ഷിപ്പ്) എന്നത് ഇല്ലാതാവുകയും അതിന് പകരം വോട്ട് മാത്രമുള്ള രാഷ്ട്രീയ പൗരത്വം സ്ഥാപിക്കപ്പെടുകയുമാണ് ചെയ്യുന്നത്. ഇവിടെ എല്ലാവര്‍ക്കും തുല്യതയോടെ വോട്ടുചെയ്യാനുള്ള അവകാശം മാത്രമാണുള്ളത്. ബാക്കി മേഖലയിലെല്ലാം ഈ തുല്യതയില്ലാതായിരിക്കുന്നു. 

സമൂഹത്തില്‍ ആധിപത്യം നേടുന്ന പല സങ്കല്‍പങ്ങളും ഇത്തരം ഹിംസകളുടെ രൂക്ഷത വര്‍ധിപ്പിക്കാറുണ്ട്. ഹിന്ദുത്വയെന്ന സങ്കല്‍പം

നോക്കുക. അത് വംശ-ജാതി ശുദ്ധിബോധത്തില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന ഒരു ആശയമാണ്. അഥവാ ശുദ്ധി വരേണ്യതയാണ് അതിന്റെ അടിസ്ഥാനം. ബ്രാഹ്മണിക്കായ ഒരു സങ്കല്‍പമാണ് അതിനെ നിലനിര്‍ത്തുന്നത്. ഇന്ത്യയെന്ന ദേശരാഷ്ട്രത്തിനുള്ളില്‍ ആദിവാസികള്‍, ദലിതര്‍, മുസ്‌ലിംകള്‍ എന്നിവരെയെല്ലാം അന്യരും അപരരുമാക്കുകയാണ് ഈ ആശയം ചെയ്യുന്നത്. ഇവിടെ ഹിന്ദുത്വയുടെ പൗരത്വ സങ്കല്‍പം തന്നെ അപരത്വത്തെ നിരന്തരം നിര്‍മിക്കുന്നുണ്ട്. ശുദ്ധി വരേണ്യത സാമൂഹിക നിര്‍ണായക തത്ത്വമായി വര്‍ത്തിക്കുകയും അവിടെ സ്വാഭാവികമായും ആദിവാസികളും ദലിതരും മുസ്‌ലിംകളുമടക്കമുള്ളവര്‍ പുറത്താക്കപ്പെടുകയും ചെയ്യുന്നു. ഇവരുടെ പൗരത്വം ഏത് സമയവും നഷ്ടപ്പെടാമെന്ന നിലയാകും ഉണ്ടാവുക. പൗരത്വത്തെ കുറിച്ച് പല വാഗ്ദാനങ്ങളും നിലനില്‍ക്കുമ്പോള്‍ തന്നെ അപരത്വം വ്യവസ്ഥാപിതമായി നടപ്പാക്കപ്പെടുന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നതെന്ന് മനസ്സിലാക്കണം. 

പൗരത്വത്തെ ധാര്‍മികമായ ചില മൂല്യങ്ങളോടും വ്യവസ്ഥകളോടും ബന്ധിപ്പിച്ചുകൊണ്ടു മാത്രമേ പൗരസമൂഹങ്ങള്‍ക്ക് ഈ സാഹചര്യത്തില്‍ എന്തെങ്കിലും മാറ്റം വരുത്താനാകൂ. ഇവിടെയാണ് എല്ലാ മനുഷ്യരും തുല്യരാണെന്ന് നാം പറയേണ്ടിവരുന്നത്. ഇവിടെ നമുക്ക് റിസര്‍ജന്റ് സിറ്റിസണ്‍ഷിപ് എന്നൊരു സങ്കല്‍പം മുന്നോട്ടുവെക്കേണ്ടിവരും. കാരണം എപ്പോഴും പൗരത്വം റദ്ദ് ചെയ്യപ്പെടാവുന്ന ചില വിഭാഗങ്ങള്‍ ഇവിടെ കഴിയുന്നുണ്ട്. അതിനാല്‍ അവരുടെ പൗരത്വം സ്ഥാപിച്ചെടുക്കാന്‍ പൗരസമൂഹവും പൊതുപ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും നിരന്തരമായി ഇടപെടേണ്ടിവരും. അതാണ് റിസര്‍ജന്റ് സിറ്റിസണ്‍ഷിപ് അഥവാ മൃതാവസ്ഥയില്‍നിന്ന് നിരന്തരം ഉണര്‍ത്തേണ്ട പൗരത്വം എന്ന ആശയം. 

മധുവിനെ പോലുള്ളവര്‍ കൊല്ലപ്പെടുന്ന സന്ദര്‍ഭത്തില്‍ നമ്മള്‍ പൗരത്വത്തിന്റെ തുല്യതയെകുറിച്ച് സംസാരിക്കുന്നു. അതിന് ഒരു ധാര്‍മിക പിന്തുണയുണ്ടാക്കാന്‍ മനുഷ്യത്വത്തിന്റെ തന്നെ തുല്യതയെ കുറിച്ച് നാം സംസാരിക്കേണ്ടിവരുന്നു. എല്ലാ മനുഷ്യരും തുല്യരാണെന്ന മുദ്രാവാക്യം പ്രസക്തമാകുന്നത് ഈ അര്‍ഥത്തിലാണ്. തുല്യ മനുഷ്യരെന്ന സങ്കല്‍പമില്ലാതിരുന്നാല്‍ പൗരത്വത്തിന്റെ തുല്യതയെ കുറിച്ചും നമുക്ക് സംസാരിക്കാനാവില്ല. അഥവാ തുല്യ പൗരത്വമെന്ന ആധുനികമായ ഒരു സങ്കല്‍പത്തിലേക്ക് തുല്യ മനുഷ്യനെന്ന ഒരു പ്രവാചകത്വത്തിന്റെ അടിസ്ഥാനത്തിലുള്ള മത-ധാര്‍മിക സങ്കല്‍പം കൂടി ഉള്‍ച്ചേര്‍ക്കേണ്ട അവസ്ഥ ഇന്ത്യന്‍ സാഹചര്യത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇവിടെയാണ് ജനാധിപത്യ ബോധവും പൗരത്വവും തമ്മിലുള്ള ഒരു ബന്ധം സ്ഥാപിതമാകുന്നത്. ഇന്ത്യനവസ്ഥയില്‍ ഈ മത-ധാര്‍മിക സങ്കല്‍പം കൂടി ചേരുമ്പോള്‍ മാത്രമേ ജനാധിപത്യത്തെയും പൗരത്വത്തെയും മുന്നോട്ടുകൊണ്ടുപോകാനാവുകയുള്ളൂ എന്നും നാം തിരിച്ചറിയണം. 

രാജ്യത്ത് തുല്യപൗരത്വം എന്ന ആശയം തന്നെ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. തുല്യപൗരത്വം ഉറപ്പാക്കേണ്ട ഭരണകൂടവും അതിന്റെ സംവിധാനങ്ങളും തന്നെയാണ് ഇവിടെ അതില്ലാതാക്കുന്നത്. അപ്പോള്‍ ഇവിടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന മറ്റ് വ്യത്യസ്ത മത-ധാര്‍മിക മൂല്യങ്ങള്‍ ഉള്‍ച്ചേര്‍ത്തുകൊണ്ടു മാത്രമേ നമുക്ക് പൗരത്വത്തെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സാധ്യമാകൂ. ഇസ്‌ലാമിക സങ്കല്‍പമായ തുല്യമനുഷ്യര്‍ എന്നത് അതിലൊരു മൂല്യമാണ്. ബുദ്ധമതം മുന്നോട്ടുവെക്കുന്ന തുല്യമനുഷ്യരെ വിഭാവനം ചെയ്യുന്ന മാനവികതാ സങ്കല്‍പവും മറ്റൊരു മൂല്യമാണ്. തുല്യപൗരത്വം, ജനാധിപത്യം, മത-ധാര്‍മിക സങ്കല്‍പത്തിന്റെ ഭാഗമായുള്ള മാനവികത എന്നിവ ചേരുമ്പോള്‍ നീതി ഇവിടെ സാധ്യമാകുന്നു. 

നീതി പല തരത്തില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. അപ്പോള്‍ ഇവിടെ നിലനില്‍ക്കുന്ന നീതിസങ്കല്‍പത്തെയും വിലയിരുത്തേണ്ടതായി വരും. ഭരണഘടനയില്‍ തന്നെ വിതരണ നീതി എന്നത് വലിയ അടിസ്ഥാനമായി പറയുന്നുണ്ട്. അഥവാ ഇവിടെ എല്ലാ തരത്തിലുള്ള വിഭവങ്ങളുടെയും അധികാരത്തിന്റെയും അവകാശങ്ങളുടെയും വിതരണത്തില്‍ നീതി ഉറപ്പാക്കുകയെന്നത് ഭരണഘടനയുടെ അടിത്തറയാണ്. അതാണ് ഭരണകൂടങ്ങള്‍ ഇവിടെ നിര്‍വഹിക്കേണ്ടത്. എന്നാല്‍ അതില്‍നിന്ന് ഭരണകൂടം പലതരത്തില്‍ പിന്നാക്കം പോയിരിക്കുന്നു. അതുകൊണ്ട് ഈ വിതരണ നീതി ഇവിടെ സാധ്യമാക്കാനും പ്രായോഗികമാക്കാനും പരിശ്രമിക്കേണ്ടത് പൗരസമൂഹത്തിന്റെ നിര്‍ബന്ധ ബാധ്യതമാണ്. അതാണ് റിസര്‍ജന്റ് സിറ്റിസണ്‍ഷിപ്പ്. സമൂഹത്തില്‍ ഇത്തരം പൗരത്വം സാധ്യമാകുന്നതിനനുസരിച്ചാണ് ജനാധിപത്യം അര്‍ഥവത്താകുന്നത്. അതിനാണ് സംഘടനകളും കൂട്ടായ്മകളും ശ്രമിക്കേണ്ടത്. മധുവിനെ പോലുള്ളവരുടെ അനുഭവങ്ങള്‍ അതിലേക്കുള്ള പ്രവര്‍ത്തനങ്ങളെയാണ് ത്വരിതപ്പെടുത്തേണ്ടത്. അപ്പോള്‍ നമ്മള്‍ പാസ്സീവ് സിറ്റിസണുകളല്ല ആകേണ്ടത്, ആക്റ്റീവ്/റിസര്‍ജന്റ് സിറ്റിസണുകളാണ് ആകേണ്ടത്. 

തുല്യമനുഷ്യര്‍, തുല്യപൗരത്വം എന്നീ സങ്കല്‍പങ്ങള്‍ സ്വാഭാവികമായും സാമൂഹിക നീതിയുമായി ബന്ധിപ്പിക്കല്‍ അനിവാര്യമാണ്. അതിന് സമൂഹത്തില്‍ വ്യത്യസ്ത വിഭാവനകള്‍ ഉയര്‍ന്നുവരണം. അത്തരം വിഭാവനകളില്‍ പ്രധാനപ്പെട്ട ഒരു കാര്യമാണ് സാഹോദര്യം. സാഹോദര്യ സങ്കല്‍പത്തെ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യപൗരത്വമായി വികസിപ്പിക്കണം. എല്ലാവരെയും ഒരുപോലെ കാണാനുള്ള നീതിബോധമുള്ള ഒരാള്‍ക്ക് മാത്രമേ സാഹോദര്യത്തെ ജീവിതത്തില്‍ പ്രയോഗവത്കരിക്കാനാവുകയുള്ളൂ. ഈ സാഹോദര്യ സങ്കല്‍പം മതവ്യവസ്ഥകളിലും ധാര്‍മികാധ്യാപനങ്ങളിലുമുണ്ടെന്നതാണ് പ്രധാനപ്പെട്ട കാര്യം. എല്ലാ മനുഷ്യരെയും തുല്യരായി കണ്ട് സാഹോദര്യത്തോടെ പരസ്പരം സഹവര്‍ത്തിക്കാനുള്ള, അതിന് സാഹചര്യമൊരുക്കാനുള്ള സന്ദേശമാണ് മധുവിന്റെ മരണവും അതിന്റെ ഭാഗമായി ഉയര്‍ന്നുവന്ന സംവാദങ്ങളും പ്രേരിപ്പിക്കേണ്ടത്.

 

('എല്ലാ ജീവനും വിലപ്പെട്ടതാണ്' എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി മണ്ണാര്‍ക്കാട്ട് സംഘടിപ്പിച്ച തുറന്ന ചര്‍ച്ചയില്‍ നടത്തിയ പ്രഭാഷണം.)

തയാറാക്കിയത്: ജന്ന കൊടിഞ്ഞി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (50-53)
എ.വൈ.ആര്‍