Prabodhanm Weekly

Pages

Search

2018 മെയ് 18

3052

1439 റമദാന്‍ 02

നാവിന്റെ നോമ്പ്

ടി. മുഹമ്മദ് വേളം

രുചിയും രതിയും കഴിഞ്ഞാല്‍ ഏറ്റവും നോമ്പുള്ളത് സംസാരത്തിനാണ്. പിന്നെ സകല പ്രവര്‍ത്തനങ്ങള്‍ക്കും. സംസാരം നിയന്ത്രിക്കുക എന്നത് ആത്മസംസ്‌കരണത്തിലെ പ്രധാന മേഖലയാണ്. ആത്മസംസ്‌കരണത്തിന്റെ തീവ്ര രൂപമായ സന്യാസത്തില്‍ ഇത് മുഴുവന്‍ അതിരുകവിച്ചലോടെയും പ്രകടമാവുന്നത് കാണാനാവും. കന്യാസ്ത്രീ മഠം ഉപേക്ഷിച്ച പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരി കാരണ്‍ ആംസ്‌ട്രോംഗ് തന്റെ പിരിയന്‍ ഗോവണി (The Spiral Staircase) എന്ന ആത്മകഥയില്‍ മഠം എങ്ങനെയാണ് സന്യാസിനികളില്‍ നിശ്ശബ്ദത പരിശീലിപ്പിക്കുന്നത് എന്ന് വിവരിക്കുന്നുണ്ട്. ഇസ്‌ലാം ആത്മസംസ്‌കരണത്തിന് നിര്‍ദേശിക്കുന്ന വഴി സംസാരിക്കാതിരിക്കലല്ല, നല്ലത് സംസാരിക്കലാണ്. നല്ലത് പറയാനില്ലെങ്കില്‍ മിണ്ടാതിരിക്കലാണ്. നാവിന്റെ കടിഞ്ഞാണാണ് നോമ്പ്. ചീത്ത വാക്കുകളും പ്രവൃത്തികളും ഉപേക്ഷിക്കാത്തവന്‍ ഭക്ഷണവും വെള്ളവും ഉപേക്ഷിക്കണമെന്ന് അല്ലാഹുവിന് ഒരു നിര്‍ബന്ധവുമില്ലെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. ഇവിടെ ആദ്യം സംസാരത്തെയും പിന്നെ പ്രവൃത്തിയെയുമാണ് പ്രവാചകന്‍ പരാമര്‍ശിക്കുന്നത്. സംസാരം നോമ്പിന്റെ പ്രധാന പ്രവര്‍ത്തനതലമാണ്.

ഉള്ളിന്റെ പ്രതിഫലനമാണ് സംസാരം. ഉള്ളിലില്ലാത്തതും ഒരാള്‍ക്ക് പറയാനാവും. അത് ഉള്ളിലുള്ള കാപട്യത്തിന്റെ പ്രതിഫലനമായിരിക്കും. സംസാരത്തെ സംസ്‌കരിക്കുക എന്നതിന്റെ ശരിയായ അര്‍ഥം മനസ്സിനെ സംസ്‌കരിക്കുക എന്നാണ്. നോമ്പ് പ്രവര്‍ത്തനത്തിലൂടെ അവബോധത്തെ നന്നാക്കുന്ന പരിശീലനമായതുകൊണ്ടാണ് സംസാരത്തിന്റെ സദാചാരത്തെ പ്രവാചകന്‍ എടുത്തുപറഞ്ഞത്. വാക്കിനെ സംസ്‌കരിച്ചുകൊണ്ട് ഉള്ളിനെ സംസ്‌കരിക്കുന്ന രീതിയാണത്.

മനസ്സില്‍ ഉള്ളതല്ലേ, പിന്നെ പറഞ്ഞാല്‍ എന്താണ് കുഴപ്പം എന്ന് ചിലപ്പോള്‍ നാം ചിന്തിക്കാറു്. ഇതേക്കുറിച്ച് ഇമാം ഗസാലി പറയുന്നുണ്ട്. നാം പറയുന്ന വാക്ക് നമ്മുടെ മനസ്സിനെ സ്വാധീനിക്കും. അപ്പോള്‍ സംസാരം മനസ്സിന്റെ പ്രതിഫലനം മാത്രമല്ല മനസ്സിനെ സ്വാധീനിക്കുന്ന പ്രവര്‍ത്തനം കൂടിയാണ്. അപ്പോള്‍ മനസ്സംസ്‌കരണത്തിലൂടെ സംസാരത്തിന്റെ സംസ്‌കരണം സാധ്യമാവുക എന്നത് മാത്രമല്ല സംസാരത്തിന്റെ സംസ്‌കരണത്തിലൂടെ മനസ്സംസ്‌കരണം ഉണ്ടാവുക എന്നതും സാധ്യമാണ്. ഇതാണ് നോമ്പ് സംസാരത്തെ സ്പര്‍ശിക്കുന്നതിന്റെ കാരണം. മനസ്സ് നന്നായാല്‍ നാവ് നന്നാവുക മാത്രമല്ല, നാവ് നന്നാക്കിയാല്‍ മനസ്സ് നന്നാവുകയും ചെയ്യും. പുറപ്പെട്ട വാക്ക് അസ്ത്രം പോലെ അന്യരെ ബാധിക്കും എന്നത് മാത്രമല്ല പ്രശ്‌നം. അത് പറയുന്നവരെത്തന്നെ ബാധിക്കും എന്നതു കൂടിയാണ്. ഇതാണ് അല്ലാഹു പറഞ്ഞത്: ''വിശ്വാസികളേ, അല്ലാഹുവിനെ സൂക്ഷിക്കുക. നേരായത് സംസാരിക്കുകയും ചെയ്യുക. അല്ലാഹു നിങ്ങളുടെ കര്‍മങ്ങള്‍ സംസ്‌കരിക്കും. പാപങ്ങള്‍ പൊറുത്തുതരും'' (അല്‍ അഹ്‌സാബ് 80-81). ഹൃദയം നാവിനെ മാത്രമല്ല, നാവ് ഹൃദയത്തെയും സ്വാധീനിക്കും എന്നതുകൊണ്ടാണ് പറച്ചില്‍ ഇബാദത്തുകളിലെ ഒരു ഘടകമായി അല്ലാഹു നിശ്ചയിച്ചത്. നമസ്‌കാരത്തിലും ദിക്‌റിലുമെല്ലാം ഈ ഘടകം കാണാനാവും. ഇത് ആധുനിക മനശ്ശാസ്ത്രം പ്രാധാന്യപൂര്‍വം അംഗീകരിച്ച കാര്യമാണ്. ഓരോ പറച്ചിലും തലച്ചോറിനും ഹൃദയത്തിനും സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്; ഓരോ പറയാതിരിക്കലുകളും.

മനുഷ്യന്‍ സംസാരിച്ചുണ്ടാക്കുന്നതാണ് സമൂഹം എന്നു പറയാറുണ്ട്. വാക്കുകളുടെ ഇഷ്ടികകള്‍ കൊണ്ട് നിര്‍മിക്കപ്പെടുന്നതാണ് സമൂഹം. ചീത്ത വാക്കുകള്‍ കൊണ്ട് ചീത്ത സമൂഹവും നല്ല വാക്കുകള്‍ കൊണ്ട് നല്ല സമൂഹവും നിര്‍മിക്കപ്പെടും. നല്ല വാക്ക് നല്ല മരമാണെന്ന് അല്ലാഹു പറയുന്നുണ്ട്. നല്ല വാക്കുകള്‍ നന്മയുടെ ഊര്‍ജവും ചീത്ത വാക്കുകള്‍ തിന്മകളുടെ ഊര്‍ജവും പ്രവഹിപ്പിക്കും. ഏഷണി, പരദൂഷണം, അപവാദ പ്രചാരണം, പരിഹാസം, കുത്തിപ്പറയല്‍, ഉപകാരം എടുത്തു പറയല്‍ ഇങ്ങനെ സംസാരവുമായി ബന്ധപ്പെട്ട എല്ലാ നീചതകളെയും അല്ലാഹു നിഷിദ്ധമാക്കിയത്, അതെല്ലാം ഉല്‍പാദിപ്പിക്കുന്ന ഊര്‍ജം നിഷേധാത്മകതയുടേതാണ് എന്നതുകൊത്രെ, ഒരു പോസിറ്റീവ് എനര്‍ജിയും ഉല്‍പാദിപ്പിക്കാത്തവ. 

ഒരു മനുഷ്യനെക്കുറിച്ച് വ്യഭിചാരാരോപണമുന്നയിച്ചാല്‍ ഉന്നയിക്കുന്ന ആള്‍ നാല് സാക്ഷികളെ കൊണ്ടുവരണം. എങ്കില്‍ വ്യഭിചാരി വിവാഹിതരെങ്കില്‍ എറിഞ്ഞുകൊല്ലലും അവിവാഹിതരെങ്കില്‍ നൂറ് അടിയും ശിക്ഷയായി നടപ്പിലാക്കപ്പെടും. ആരോപകന് നാല് സാക്ഷികളെ കൊണ്ടുവരാനായില്ലെങ്കില്‍ അവന്‍ 80 അടിക്ക് വിധേയനാവും. നീതിപീഠത്തിനു മുന്നില്‍ അവന്റെ വാക്ക് എടുക്കാത്ത നാണയവുമായിരിക്കും.

വിവരം (Information)  സമൂഹത്തെ നിര്‍ണയിക്കുന്ന പ്രധാന ശക്തിയാണ്. ആരാണോ വിവരത്തെ നിയന്ത്രിക്കുന്നത് അവരാണ് സമൂഹത്തെ നിയന്ത്രിക്കുന്നത് എന്നു പറയാറുണ്ട്. അതുകൊണ്ടാണ് വിവരങ്ങള്‍ നിരുത്തരവാദപരമായി പ്രചരിപ്പിക്കരുത് എന്ന് അല്ലാഹു പറയുന്നത്: ''ആശാവഹമോ ആശങ്കാജനകമോ ആയ വല്ല വാര്‍ത്തയും ലഭിച്ചാല്‍ ഇക്കൂട്ടര്‍ അത് കൊട്ടിപ്പാടി നടക്കുകയാണ്. അവരത് ദൈവദൂതന്നും സമൂഹത്തിലെ ഉത്തരവാദപ്പെട്ടവര്‍ക്കും എത്തിച്ചുകൊടുത്തിരുന്നെങ്കില്‍ കാര്യങ്ങള്‍ നിര്‍ധാരണം ചെയ്യാന്‍ കഴിവുള്ളവര്‍ സത്യാവസ്ഥ മനസ്സിലാക്കുമായിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളില്‍ തുഛമാളുകളൊഴിച്ച് എല്ലാവരും ചെകുത്താനെ പിന്തുടരുമായിരുന്നു'' (അന്നിസാഅ് 83). വിവരത്തെ സ്വയം നിയന്ത്രിക്കുന്ന സമൂഹമാണ് വിജയിക്കുന്ന സമൂഹം. വിവര അരാജകത്വം സമൂഹശൈഥില്യത്തിന്റെ ലക്ഷണമാണ്. വിവര ഊര്‍ജം (Information Energy)  സംസ്‌കൃതമായ രീതിയിലാണ് സമൂഹത്തില്‍ പ്രവഹിക്കേണ്ടത്.

മര്‍ദിതന് ഇക്കാര്യത്തില്‍ ഇളവുണ്ടെന്ന് ഇതേ സൂക്തത്തില്‍ അല്ലാഹു അരുള്‍ ചെയ്യുന്നു: ''തിന്മകള്‍ പറഞ്ഞു പരസ്യമാക്കുന്നത് അല്ലാഹുവിന് ഇഷ്ടമില്ലാത്തതാകുന്നു, മര്‍ദിതനൊഴിച്ച്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമെത്രെ'' (അന്നിസാഅ് 148). സദാചാരാധ്യാപനം അരാഷ്ട്രീയതയുടെ പശ്ചാത്തല സൗകര്യമായി പ്രവര്‍ത്തിക്കാതിരിക്കാനുള്ള ദൈവിക ജാഗ്രതയാണത്. തെറിവിളിച്ചു പറയരുത് എന്നത് ശരിയാണ്. എന്നാല്‍ മര്‍ദനത്തിനു കീഴൊതുങ്ങി ജീവിക്കണമെന്ന അര്‍ഥത്തിലല്ല അത് മനസ്സിലാക്കേണ്ടത്. പൊതു സംവിധാനങ്ങള്‍ സുതാര്യമാവുന്നേടത്തോളം സുതാര്യമാവുക എന്നത് ജനക്ഷേമ ഭരണത്തിന്റെ അനിവാര്യ താല്‍പര്യമാണ്. എന്നാല്‍ ഭരണകൂടത്തിന് വ്യക്തികളുടെ സ്വകാര്യതയിലേക്ക് എത്തിനോക്കാന്‍ ഇസ്‌ലാം അനുവാദം നല്‍കുന്നില്ല.

വ്യക്തി വിവരപരമായി നഗ്നമായ സമൂഹം ആരോഗ്യകരമായ സമൂഹമല്ല. വെളിപ്പെടുത്തുന്നതുകൊണ്ട് ഒരു ഗുണവുമില്ലാത്ത കാര്യങ്ങള്‍ മറച്ചുവെക്കുകയാണ് വേണ്ടത്. സത്യവിശ്വാസിയുടെ ന്യൂനത മറച്ചുവെക്കുന്നവരുടെ ന്യൂനത അല്ലാഹു പരലോകത്ത് മറച്ചുവെക്കും എന്ന് പ്രവാചകന്‍ പറഞ്ഞതിന്റെ പൊരുളതാണ്.

സോക്രട്ടീസിനെക്കുറിച്ച് ഒരു കഥ പറയാറുണ്ട്. ഒരാള്‍ സോക്രട്ടീസിനോട് മറ്റൊരാളെക്കുറിച്ച് ഒരു കാര്യം പറയാനുണ്ട് എന്നു പറഞ്ഞു. സോക്രട്ടീസ് ചോദിച്ചു; 'അതു പറയുന്നതുകൊണ്ട് എനിക്ക് എന്തെങ്കിലും പ്രയോജനമുണ്ടോ?' ആഗതന്‍ പറഞ്ഞു: 'ഇല്ല.' 'പറയുന്ന നിങ്ങള്‍ക്കെന്തെങ്കിലും പ്രയോജനമുണ്ടോ?' അദ്ദേഹം പറഞ്ഞു: 'ഇല്ല.' 'പറയപ്പെടുന്നയാള്‍ക്ക് എന്തെങ്കിലും പ്രയോജനമുാേ?' 'ഇല്ല.' 'പിന്നെ അതെന്തിനു പറയണം?' സോക്രട്ടീസ് തിരിച്ചു ചോദിച്ചു. സമൂഹത്തിന് പ്രയോജനപ്പെടുന്നതാണ് നല്ല സംസാരം. ഭരണകൂട - സാമൂഹിക വിമര്‍ശനങ്ങള്‍ സംഗതമാവുന്നത് അത് സമൂഹത്തിന് പ്രയോജനകരമാണ് എന്ന കാരണത്താലാണ്. അത്തരം വിമര്‍ശന മാതൃകകള്‍ ഖുര്‍ആനിക ഉള്ളടക്കത്തിന്റെ തന്നെ ഭാഗവുമാണ്. ഇസ്‌ലാമിന്റെ സദാചാരം അരാഷ്ട്രീയതയും സന്യാസവുമല്ല.

തെറി മര്‍ദിതന്റെ സേഫ്റ്റി വാള്‍വാണ് എന്നു പറയാറുണ്ട്. ആദ്യത്തെ തെറിവാക്ക് കണ്ടുപിടിച്ചവനോട് മനുഷ്യരാശി കടപ്പെട്ടിരിക്കുന്നു എന്ന് ആധുനിക മനശ്ശാസ്ത്രത്തിന്റെ പിതാവ് സിഗ്മണ്ട് ഫ്രോയിഡ് പറയുന്നുണ്ട്. അക്രമത്തിലേക്ക് വികസിക്കുമായിരുന്ന നിരവധി വികാരങ്ങള്‍ തെറി കൊണ്ട് പരിഹരിക്കപ്പെടുന്നു എന്നാണതിന്റെ വിശദീകരണം. പക്ഷേ, മര്‍ദിതന്‍ അത്തരമൊരു വിരേചനം നടത്തിക്കൊള്ളട്ടെ എന്ന് മര്‍ദകന്‍, അല്ലെങ്കില്‍ മറുകക്ഷി തീരുമാനിക്കുമ്പോള്‍ മാത്രം സാധ്യമാവുന്ന പരിഹാരമാണ്. തെറി മര്‍ദിതന്റെ ആശ്വാസം മാത്രമല്ല ശക്തന്റെ അധികാര സ്ഥാപനത്തിന്റെ ഭാഷ കൂടിയാണ്. മര്‍ദിതന്റെ മാതൃഭാഷയും മാന്യതയാവുക എന്നതാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഉള്ളടക്കം എത്രയും കരുത്തുള്ളതാവുക, ഭാഷ മാന്യമാവുക. അങ്ങനെയാണ് ഇസ്‌ലാം മര്‍ദിതനെ സംസ്‌കാരം കൊണ്ട് ജയിപ്പിക്കുന്നത്. ന്യായം കൊണ്ടും സംസ്‌കാരം കൊണ്ടും ജയിക്കാനാണ് ഇസ്‌ലാം മര്‍ദിതനെ പ്രാപ്തരാക്കുന്നത്.

പഴയ ശരീഅത്തുകളില്‍ മൗനം തന്നെ വ്രതമായി നല്‍കപ്പെട്ടിരുന്നു. മുഹമ്മദ് നബിയുടെ നിയമസരണി അത് നിഷിദ്ധമാക്കി. താന്‍ കണ്ടുമുട്ടിയ ഒരു സ്ത്രീ മൗനവ്രതമനുഷ്ഠിക്കുകയാണെന്ന് മനസ്സിലാക്കിയ അബൂബക്ര്‍ (റ) അവരോട് പറഞ്ഞു: ''ഇസ്‌ലാം ഈ ആചാരത്തെ തകര്‍ത്തുകളഞ്ഞിരിക്കുന്നു. അതിനാല്‍ നീ സംസാരിച്ചുകൊള്ളണം.'' ഇസ്‌ലാമിന്റെ സദാചാര സംഹിതയില്‍ മൗനത്തിന്റെ ഘടകങ്ങളുണ്ട്. നോമ്പില്‍ അത് കുറേക്കൂടി ശക്തമായുണ്ട്. പക്ഷേ, അത് സമ്പൂര്‍ണ പരിത്യാഗത്തിലേക്ക് വഴുക്കാതിരിക്കാന്‍ ഇസ്‌ലാം കരുതലുകള്‍ പുലര്‍ത്തുന്നു. വ്രതത്തില്‍ മൗനമുണ്ട്. മൗനം തന്നെ വ്രതമാകരുത്. മനുഷ്യന്‍ സംസാരിച്ചുണ്ടാക്കുന്നതാണ് മനുഷ്യന്റെ ജീവിതം. അതിനെ നിശ്ശബ്ദമാക്കാനല്ല ഇസ്‌ലാം ശ്രമിക്കുന്നത്, സംസ്‌കരിക്കാനാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (50-53)
എ.വൈ.ആര്‍