Prabodhanm Weekly

Pages

Search

2018 മെയ് 18

3052

1439 റമദാന്‍ 02

റമദാന്‍: മാലാഖമാരുടെ ചിറകിലേറി വരുന്ന സുവര്‍ണ നിമിഷങ്ങള്‍

ഖുര്‍റം മുറാദ്

അനുഗൃഹീത റമദാന്‍ വീണ്ടും. മലക്കുകളുടെ ആശീര്‍വാദമുള്ള സുവര്‍ണ നിമിഷങ്ങള്‍. ശാരീരികമായും വൈയക്തികമായും മുസ്‌ലിം സഹോദരങ്ങള്‍, നോമ്പും ആരാധനകളും നിയന്ത്രണമുള്ള ജീവിതവും പതിവാക്കാന്‍ ആഹ്വാനം ചെയ്യപ്പെട്ട കാലം. അച്ചടക്കത്തോടെ, ഭയഭക്തിയോടെ അവര്‍ അല്ലാഹുവിന് കീഴ്‌വണങ്ങുന്നു. വിശുദ്ധ ഖുര്‍ആന്‍ കേന്ദ്രീകരിച്ചാണ് ഇക്കാലത്തെ പ്രവര്‍ത്തനങ്ങളെല്ലാം. ഇതേ മാസത്തില്‍ മാന്യരും വിശ്വസ്തരുമായ മാലാഖമാര്‍ വഴിയാണ് ആ ഗ്രന്ഥം നമ്മിലേക്കെത്തിയത്. അല്ലാഹുവിന്റെ ഗ്രന്ഥത്തോട് കൂട്ടുകൂടി മുന്നേറാനാണ് വിശ്വാസികള്‍ പ്രേരിപ്പിക്കപ്പെടുന്നത്. യഥാര്‍ഥ മുസ്‌ലിം എന്താകണമെന്നാണോ അവന്റെ സ്രഷ്ടാവ് ആഗ്രഹിക്കുന്നത്, അതാകാന്‍ ജീവിതത്തെ ശരിപ്പെടുത്തുന്നു. ഹൃദയവും മനസ്സും സംസ്‌കരിച്ച് സാമൂഹികവും രാഷ്ട്രീയവുമായ മുന്നേറ്റത്തിലേക്ക് റമദാന്‍ നമ്മെ വിളിക്കുന്നു. 

സന്തോഷത്തോടെയും ഉത്തരവാദിത്വബോധത്തോടെയും വിശ്വാസികള്‍ റമദാന്റെ വിൡയോട് പ്രതികരിക്കുന്നു. എല്ലാ ദിവസവും അവര്‍ ഉപവാസത്തില്‍ കഴിച്ചുകൂട്ടുന്നു. രാവിലെ മുതല്‍ രാത്രിവരെ ഒരു തരി അന്നമോ ഒരു തുള്ളി വെള്ളമോ കഴിക്കാതെ അവര്‍ സഹിക്കുന്നു. ലൈംഗികവും മറ്റുമായ വികാരങ്ങളെയും അവര്‍ നിയന്ത്രിക്കുന്നു. അല്ലാഹുവിനെ സ്മരിച്ചും അവന്റെ വചനങ്ങള്‍ ദീര്‍ഘമായി ഓതിയും അവര്‍ രാത്രിയെ ജീവിപ്പിക്കുന്നു. പകല്‍ വേളകളിലും ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ അവര്‍ സമയം നീക്കിവെക്കുന്നു.

എല്ലാ മതങ്ങളിലും വിശ്വാസങ്ങളിലും ഉപവാസങ്ങളുണ്ടെന്ന് നമുക്ക് കാണാനാകും. സ്രഷ്ടാവിനോട് കൂടുതല്‍ അടുക്കാനും സ്വന്തത്തെ നിയന്ത്രിക്കാനും ജഡികേഛകളെ വരുതിയിലാക്കാനും ഈ അനുഷ്ഠാനം കൊ് സാധ്യമാവുന്നു. ഇസ്‌ലാം ഉപവാസത്തെ ആത്മീയവും ആരാധനാപരവുമായ കര്‍മമാക്കുകയും അതൊരു ജീവിതശൈലിയാക്കി മാറ്റാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. 

 

വ്രതത്തിന് ഇസ്‌ലാം നല്‍കിയ അര്‍ഥങ്ങള്‍

റമദാനില്‍ നോമ്പ് നിര്‍ബന്ധമാക്കിയെന്നതാണ് ഇസ്‌ലാം വ്രതത്തിന്റെ ഉദ്ദേശ്യത്തില്‍ വരുത്തിയ പ്രധാന മാറ്റം. ഇതൊരു നിസ്സാര കാര്യമായി നാം തെറ്റിദ്ധരിക്കാനിടയുണ്ട്. പക്ഷേ അതങ്ങനെയല്ല. ഖുര്‍ആന്‍ ഇറങ്ങിയ മാസമാണത്. മനുഷ്യര്‍ക്ക് നേര്‍വഴി കാണിക്കാനും സത്യം വിശദമാക്കിക്കൊടുക്കാനും സത്യാസത്യങ്ങളെ വേര്‍തിരിച്ചറിയാനുമുള്ള മാര്‍ഗമാണ് ഖുര്‍ആന്‍ (അല്‍ബഖറ 185). മാത്രമല്ല, അവസാന വേദഗ്രന്ഥത്തിന്റെ അവതരണം അല്ലാഹുവിന്റെ നാമത്തില്‍ ആരംഭം കുറിക്കപ്പെട്ടതും ഈ മാസത്തിലാണ്. അതുകൊണ്ടാണ് ഈ മാസം നോമ്പനുഷ്ഠിക്കാന്‍ പറഞ്ഞത്. റമദാനിലെ എല്ലാ കര്‍മങ്ങളും ഇതുകൊണ്ടൊക്കെത്തന്നെ ഖുര്‍ആനിനെ കേന്ദ്രീകരിച്ചാണിരിക്കുന്നത്. അപ്പോള്‍ വ്രതത്തിന്റെ പ്രധാന ലക്ഷ്യം നമ്മെ ദൈവിക മാര്‍ഗദര്‍ശനം സ്വീകരിക്കാന്‍ പ്രേരിപ്പിക്കലാണ്. ഖുര്‍ആന്‍ ജീവിതമാക്കാനും സത്യത്തിനും നീതിക്കും സാക്ഷികളാകാനും അല്ലാഹുവിന്റെ നാമം ഉയര്‍ത്തിപ്പിടിക്കുന്നതിന് പോരാടാനും അതിലൂടെ സാധിക്കണം. 

 

ഈ ലക്ഷ്യം എങ്ങനെ പൂര്‍ത്തീകരിക്കും?

നോമ്പിന്റെ ഏറ്റവും പ്രധാന ഫലമാകേണ്ടത് ആന്തരികവും ധാര്‍മികവുമായ ശക്തി വര്‍ധിപ്പിക്കലാണ്. അതിനെ ഖുര്‍ആന്‍ തഖ്‌വ എന്നാണ് വിളിച്ചത് (അല്‍ബഖറ 183). അല്ലാഹുവിന്റെ നേര്‍മാര്‍ഗം ലഭിക്കാനുള്ള അടിസ്ഥാന നിബന്ധനയാണ് തഖ്‌വ. റമദാന്‍ വ്രതം അല്ലാഹു ഖുര്‍ആന്‍ ഇറക്കിയതുമായി ബന്ധപ്പെടുത്തുന്നതോടെ, ഖുര്‍ആനുമായുള്ള ബന്ധവും അത് ജീവിതരീതിയാക്കുന്നതും തഖ്‌വയുമായി കണ്ണിചേര്‍ക്കുകയാണ് ചെയ്യുന്നത്. ആത്മീയാനുഭവം മാത്രമായി അത് ഒതുങ്ങരുതെന്നാണ് ഇസ്‌ലാം വിഭാവന ചെയ്യുന്നത്. ഖുര്‍ആന്‍ വാഗ്ദാനം ചെയ്യുന്ന എല്ലാ അനുഗ്രഹങ്ങളിലേക്കും ദൈവപ്രീതിയിലേക്കും ഇരുലോക വിജയത്തിലേക്കുമുള്ള താക്കോലായി നോമ്പിനെ ഉപയോഗപ്പെടുത്താം. റമദാനിലല്ലാത്ത നോമ്പിന് തഖ്‌വയുടെ കാര്യത്തില്‍ ഇത്ര സ്വാധീനമുണ്ടാക്കാനാവില്ലെന്ന് മനസ്സിലാക്കാം. 

ഖുര്‍ആന്‍ നമ്മോട് പൂര്‍ത്തീകരിക്കാന്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ സാധ്യമാക്കുന്നതിന് പോരാടുമ്പോള്‍ മാത്രമാണ് നമുക്ക് ഖുര്‍ആന്റെ മാര്‍ഗദര്‍ശനം പൂര്‍ണമായും ഉള്‍ക്കൊള്ളാനാവുക. ഈ ഗ്രന്ഥം നല്‍കപ്പെട്ടതിലൂടെ വലിയൊരു ഭാരവും ഉത്തരവാദിത്തവുമാണ് നമ്മുടെ മേല്‍ വരുന്നത്. അത് കേള്‍ക്കുക, കേള്‍പ്പിക്കുക, മനസ്സിലാക്കിയത് ജീവിതത്തില്‍ പകര്‍ത്തുക, ജീവിത ശൈലിയാക്കിയത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുക, വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും സത്യത്തിന് സാക്ഷികളാവുക ഇതെല്ലാം കടമയായിത്തീരുന്നു. ഇത് നമുക്കുള്ളിലും പുറത്തും ഖുര്‍ആനികാധ്യാപനങ്ങള്‍ക്ക് യോജിക്കുന്ന രീതിയിലുള്ള ഒരു ലോകം പണിയാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഇതാണ് ഉത്തമ സമുദായത്തെ പ്രത്യേകമായി തെരഞ്ഞെടുക്കാനുണ്ടായ പ്രധാന കാരണം (അല്‍ബഖറ 143). ഈ പ്രവര്‍ത്തനങ്ങള്‍ നിലച്ചാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ത്യാഗങ്ങളനുഷ്ഠിക്കാനും അവനോട് പ്രാര്‍ഥിക്കാനും ആളുണ്ടാവില്ല. 

ദൈവമാര്‍ഗത്തിലെ ഈ ഉത്തരവാദിത്തം പൂര്‍ത്തീകരിക്കാന്‍ ആന്തരികശക്തിയും ധാര്‍മികമൂല്യങ്ങളും ഖുര്‍ആനികാധ്യാപനങ്ങളെ കുറിച്ചുള്ള അറിവും ഈമാനും ക്ഷമയും ഉണ്ടാവണം. ഇതൊരിക്കലും ക്ഷിപ്രസാധ്യമല്ല. ചിലര്‍ക്ക് ഇതുകൊണ്ടുള്ള ഉദ്ദേശ്യങ്ങള്‍ പൂര്‍ണമായും മനസ്സിലാക്കാനാകും. അവ മനസ്സിലാക്കി റമദാന്‍ വ്രതത്തെ സമീപിക്കുമ്പോഴാണ് യഥാര്‍ഥത്തില്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നും അതുകൊണ്ട് എന്ത് നേടിയെടുക്കണമെന്നാണ് സ്രഷ്ടാവ് ആഗ്രഹിക്കുന്നതെന്നും മനസ്സിലാക്കാനാവുക. 

വായിക്കാനുള്ള ഖുര്‍ആനിന്റെ പ്രഥമാധ്യാപനങ്ങള്‍ റമദാനില്‍ നബിയിലേക്ക് വരുമ്പോള്‍ തന്നെ അധികാര ശക്തികളെയും ആധിപത്യങ്ങളെയും ഇളക്കാനുള്ള ഒരു ശക്തി അതിലുണ്ടായിരുന്നു. തുടര്‍ന്നു വന്ന ദിവ്യവെളിപാടില്‍ അത് വ്യക്തമാക്കപ്പെടുകയും ചെയ്തു. ''പുതച്ചുമൂടിയവനേ, എഴുന്നേല്‍ക്കുക, ജനത്തിന് മുന്നറിയിപ്പ് നല്‍കുക. നിന്റെ നാഥന്റെ മഹത്വം വാഴ്ത്തുക'' (അല്‍മുദ്ദസ്സിര്‍ 1-3). ഇതിലൂടെ ഒരേ മനസ്സോടെ ആ ലക്ഷ്യത്തിലേക്ക് നബി യാത്ര തുടങ്ങി. സ്രഷ്ടാവിന്റെ മഹത്വം പ്രഖ്യാപിച്ചതോടെ (ഫകബ്ബിര്‍), എല്ലാ വ്യാജ അധികാരികളെയും ഉടമസ്ഥരെയും ഇല്ലാതാക്കാനും അവരുടെയെല്ലാം അധികാരം തൂത്തെറിയാനും സാധിക്കുമെന്നാണ് പ്രഖ്യാപിക്കുന്നത്. 

ഇക്കാര്യം മനസ്സിലാക്കിയാല്‍, എല്ലാ കാര്യങ്ങളും ആ ശക്തിയുടെ മാര്‍ഗത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഉപേക്ഷിക്കാനും (ഹിജ്‌റ) മറ്റെല്ലാറ്റിനേക്കാളും വലിയവനായവനു വേണ്ടി പടപൊരുതാനും ഒരു പ്രയാസവുമുണ്ടാവില്ല. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പടപൊരുതി ജീവിക്കാന്‍ ചില ഗുണങ്ങള്‍ അനിവാര്യമാണ്. ഖുര്‍ആനില്‍ അറിവും അതിനോട് ആദരവും ഉണ്ടാവുക, അടിയുറച്ച ഈമാന്‍, ക്ഷമയും സഹനവും, തവക്കുല്‍, തഖ്‌വ എന്നിവയെല്ലാമാണവ. ഈ യോഗ്യതകളുള്ളവര്‍ക്കാണ് ഈ ലോകത്തും പരലോകത്തും ഖുര്‍ആന്‍ വിജയം വാഗ്ദാനം ചെയ്യുന്നത്.

റമദാനിലെ രാത്രി നമസ്‌കാരവും അങ്ങനെ ഖുര്‍ആനുമായുണ്ടാക്കിയെടുക്കുന്ന അടുപ്പവും ഖുര്‍ആന്‍ നമ്മിലേല്‍പിച്ച ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ഗുണങ്ങള്‍ നേടിയെടുക്കാന്‍ സഹായിക്കുന്നു. 

 

എന്താണ് തഖ്‌വ?

തഖ്‌വയെ കുറിച്ച് ആലോചിക്കുക; അതെന്താണ്? എല്ലാ ദോഷങ്ങളില്‍നിന്നും സ്വന്തത്തെ സംരക്ഷിക്കുകയെന്നതാണ് അതിന്റെ ഭാഷാര്‍ഥം. അപ്പോള്‍ ധാര്‍മിക ജീവിതത്തില്‍ തഖ്‌വയെന്നത് പ്രാഥമികമായി മൂന്ന് കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്: ഒന്ന്, ചില പ്രവൃത്തികളും വിശ്വാസങ്ങളും ദോഷകരമാണ്, അഥവാ നന്മയും തിന്മയും ലോകത്തുണ്ട് എന്ന് അംഗീകരിക്കുക. രണ്ട്, തെറ്റായ കാര്യങ്ങള്‍ ഉപേക്ഷിക്കാനും ശരിയായവ ചെയ്യാനുമുള്ള ഇഛാശക്തിയുണ്ടാവുക. ഒന്നാമത്തെ കാര്യം അംഗീകരിക്കുന്നതിന്റെ അനിവാര്യഫലമാണിത്. മൂന്ന്, ഈ ബോധ്യവും തീരുമാനവും അവന്റെ ജീവിതത്തില്‍, സ്വഭാവത്തില്‍ പ്രതിഫലിക്കുക. 

ഖുര്‍ആന്‍ വിഭാവന ചെയ്യുന്ന യഥാര്‍ഥ തഖ്‌വയിലേക്ക് നമുക്കെത്താന്‍ നിര്‍ബന്ധമായും അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കണം (യുഅ്മിനൂന ബില്‍ ഗൈബ്). ഈ ലോകത്ത് നാം കാണുന്നതിനപ്പുറത്തും യാഥാര്‍ഥ്യങ്ങളുണ്ടെന്നും നന്മയും തിന്മയും ഈ ലോകത്തെ അനുഭവംകൊണ്ട് മാത്രം തിരിച്ചറിയാനാകില്ലെന്നതുമാണീ വിശ്വാസത്തിന്റെ പൊരുള്‍. അതുപോലെ നാം മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന സത്യത്തിനായി എല്ലാറ്റിനെയും -മനസ്സ്, ശരീരം, സമ്പത്ത്- സമര്‍പ്പിക്കാന്‍ നാം സന്നദ്ധരാകണം (യുഖീമൂനസ്സ്വലാത്ത വ മിമ്മാ റസഖ്‌നാഹും യുന്‍ഫിഖൂന്‍). 

റമദാനിലെ ഓരോ നിമിഷവും നമ്മെ ഈ പാഠമാണ് ഓര്‍മിപ്പിക്കുന്നത്. അവ നമ്മുടെ ജീവിതത്തില്‍ പകര്‍ത്താന്‍ പ്രേരിപ്പിക്കുന്നു. ഇഹലോകത്ത് പ്രസക്തമെന്ന് മനസ്സിലാക്കുന്ന എല്ലാ ജീവിതാവശ്യങ്ങളെയും -ഭക്ഷണം, വെള്ളം, ഉറക്കം- സന്തോഷത്തോടെ ഉപേക്ഷിക്കുന്നു. അല്ലാഹുവിന്റെ അതൃപ്തിയോര്‍ത്ത് വിശപ്പും ദാഹവും സഹിക്കുന്നു. ദൈവപ്രീതി തേടി ശാരീരിക വികാരങ്ങളെ മറികടക്കുന്നു. ഇപ്രകാരം സുഖത്തിന്റെയും സൗകര്യത്തിന്റെയും പ്രയാസത്തിന്റെയും മൂല്യങ്ങളുടെയുമെല്ലാം മാനദണ്ഡങ്ങള്‍ മാറ്റപ്പെടുന്നു. എല്ലാം അല്ലാഹുവിന്റെ ആവശ്യത്തിനായി പുനര്‍നിര്‍ണയിക്കപ്പെടുന്നു. 

പുറത്തുനിന്ന് നോക്കുന്ന ഒരാള്‍ക്ക് റമദാനില്‍ വിശ്വാസികള്‍ ചെയ്യുന്ന കാര്യങ്ങള്‍ വളരെ കഠിനവും പ്രയാസകരവുമായി തോന്നാം. പക്ഷേ, വിശ്വാസികള്‍ താല്‍പര്യത്തോടെ കാത്തുനിന്ന് അത് ജീവിതത്തില്‍ പകര്‍ത്താന്‍ വെമ്പുന്നു. റമദാനമ്പിളി മാനത്ത് തെളിയുന്നതുതെട്ട് വിശ്വാസികള്‍ ആഘോഷത്തിലും ആഹ്ലാദത്തിലുമാണ്. കുട്ടികള്‍വരെ, അവര്‍ക്ക് നിര്‍ബന്ധമല്ലെങ്കിലും ആദ്യ നോമ്പിന്റെ മാധുര്യം ആസ്വദിക്കാന്‍ കാത്തിരിക്കുന്നു. രോഗികള്‍ പോലും ഈ മാസത്തിന്റെ പുണ്യം നഷ്ടപ്പെടാതിരിക്കാന്‍ അതിയായി ആഗ്രഹിക്കുന്നു. അല്ലാഹു നിര്‍ദേശിച്ച കാര്യങ്ങള്‍ക്കായി സമയവും ധനവും ജീവിതം തന്നെയും ത്യജിക്കാനും ജിജ്ഞാസയോടെ റമദാനിനോട് അടുക്കാനും സാധിക്കുന്നതെങ്ങനെ, ആ പുണ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടാകുമ്പോള്‍ വിഷമിക്കുന്നതെങ്ങനെ, ഇതൊക്കെ പുറത്തുനിന്ന് നോക്കുന്ന ഒരാള്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമാണ്. 

ഇത്തരം കാര്യങ്ങളെല്ലാം ഒഴുകിപ്പരക്കുന്നത് ഹൃദയത്തിലെ യഥാര്‍ഥ വിശ്വാസത്തില്‍നിന്നാണ്. വിശ്വാസിക്ക് പ്രാഥമികമായി നോമ്പ് അവനോടുള്ള വ്യക്തിപരമായ ദൈവിക കല്‍പനയാണ്. എന്നാല്‍ അതിന്റെ സാമൂഹിക മാനങ്ങളും പ്രാധാന്യമര്‍ഹിക്കുന്നതു തന്നെ. റമദാനില്‍ വ്യക്തിപരമായി താന്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ തന്റെ വിശ്വാസത്തിന്റെ പ്രകടനമായാണ് അവന്‍ മനസ്സിലാക്കുന്നത്. അതുകൊണ്ടുതന്നെ നോമ്പ് വിശ്വാസിക്കും അല്ലാഹുവിനുമിടയില്‍ നേര്‍ക്കുനേരെയുള്ള കാര്യമാണ്. അതിനുള്ള പ്രതിഫലവും അവനില്‍നിന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. 

ശാരീരിക ക്ലേശങ്ങളും പീഡകളും സ്വയമുണ്ടാക്കുന്നത് ഇസ്‌ലാമില്‍ പ്രോത്സാഹിപ്പിക്കപ്പെട്ട കാര്യമല്ല. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ പരമാവധി ആസ്വദിക്കാനാണ് അവന്‍ കല്‍പിച്ചിരിക്കുന്നത്. എന്നാല്‍ അവന്‍ നിര്‍ണയിച്ച പരിധികള്‍ കണിശമായി പാലിക്കണം. അതാണ് റമദാനിലെ തഖ്‌വയുടെ മറ്റൊരു പാഠം. സൂര്യന്‍ അസ്തമിക്കുന്നതോടെ അതുവരെ തൊടാതിരുന്നതൊക്കെ അനുവദനീയമാകുന്നു. അനുഭവിക്കുന്നതും ഉപേക്ഷിക്കുന്നതും എല്ലാം സ്രഷ്ടാവിന്റെ കല്‍പനയാല്‍ മാത്രം. അതുപോലെ തന്നെയാണ് ഉദയത്തിനു മുമ്പുള്ള ഭക്ഷണവും. കാരണം പ്രകൃതിപരമായി തന്നെ അത് യോജിച്ചതല്ല. എങ്കിലും തന്റെ നോമ്പെന്ന കര്‍മത്തിന്റെ പൂര്‍ത്തീകരണത്തിനായി അവന്‍ അത് ചെയ്യുന്നു. നോമ്പും പ്രാര്‍ഥനയും ആരാധനകളാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇവിടെ തിന്നുന്നതും കുടിക്കുന്നതും ഉറങ്ങുന്നതുമെല്ലാം ആരാധനയുടെ ഭാഗമായി മാറുകയാണ്. അല്ലാഹുവിന്റെ മാര്‍ഗത്തിലാണെങ്കില്‍, അവന്റെ കല്‍പനയനുസരിച്ചാണെങ്കില്‍, എല്ലാം അവനു വേണ്ടിയുള്ള സാക്ഷ്യമാണ്. 

ഒരു മാസക്കാലം തീറ്റയും കുടിയും വികാരങ്ങളും നിയന്ത്രിക്കുന്നത് അല്ലാഹുവിനു വേണ്ടി മാത്രമാണ്. അല്ലാഹുവിന്റെ നിയമമനനുസരിച്ചല്ലാത്ത ഒരു കാര്യവും ചെയ്യരുതെന്ന വലിയ പാഠവും ഇത് ഉള്‍കൊള്ളുന്നു. തന്റെ സ്രഷ്ടാവിന്റെ മാര്‍ഗത്തിലുള്ള പ്രയാസമേറിയ യാത്ര ആരംഭിച്ച ഒരാള്‍ ഒരിക്കലും സ്വന്തം ദേഹേഛക്കോ മറ്റോ കീഴ്‌പ്പെടരുതെന്നും ഇത് പഠിപ്പിക്കുന്നു. 

പലര്‍ക്കും കുറേ നേരം വിശന്നും ദാഹിച്ചും ഉറക്കമൊഴിച്ചും കഴിയുന്നതിന്റെ പൊരുള്‍ മനസ്സിലാക്കാന്‍ സാധിക്കില്ല. സാമ്പത്തിക വളര്‍ച്ചയുടെയും ഉല്‍പാദനത്തിന്റെയും കാലത്ത് ഉല്‍പാദനക്ഷമത കുറക്കുന്ന കാര്യങ്ങള്‍ എന്തിനെന്ന് ചിലര്‍ ചോദിക്കും. എന്നാല്‍ ഇസ്‌ലാമില്‍ മനുഷ്യന്‍ ഒരേയൊരു സ്രഷ്ടാവിന് കീഴൊതുങ്ങണമെന്നാണ് കല്‍പിക്കപ്പെട്ടിരിക്കുന്നത്. ദീനില്‍ ഈയൊരു യാഥാര്‍ഥ്യം എല്ലാ മാനദണ്ഡങ്ങളെയും മറികടക്കുന്നതാണ്. റമദാനിലെ നോമ്പ് ഈ യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ നല്ലൊരുദാഹരണമാണ്. ഖുര്‍ആനിലൂടെയും പ്രവാചകനിലൂടെയും അല്ലാഹു നല്‍കിയ അധ്യാപനങ്ങളുടെ അടിസ്ഥാനത്തില്‍ ജീവിതത്തെ മൊത്തം ചിട്ടപ്പെടുത്തേണ്ടതും അവന് കീഴ്‌പ്പെടേണ്ടതും എങ്ങനെയെന്ന് അത് കാണിച്ചുതരുന്നു. 

കീഴ്‌വണക്കമെന്നത് നിയമത്തിന്റെ വാക്കുകളില്‍ പരിമിതമാണെന്ന്  തെറ്റിദ്ധാരണയുണ്ടാവരുത്. നിയമത്തിന്റെ കണ്ണുകളുണ്ടെങ്കിലും ഇല്ലെങ്കിലും തിന്മകള്‍, അതിന്റെ എല്ലാ ഇനങ്ങളും തടയപ്പെടണം. ഉപദ്രവങ്ങള്‍ ഇല്ലാതാക്കപ്പെടണം. ഇബ്‌നുമാജ റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസ് ഇങ്ങനെ: ''റമദാന്‍ മാസം വന്നാല്‍ സ്വര്‍ഗ വാതിലുകള്‍ തുറക്കപ്പെടും. നരകകവാടങ്ങള്‍ അടക്കപ്പെടും. ശൈത്വാന്മാര്‍ ചങ്ങലകളില്‍ ബന്ധിക്കപ്പെടും. എന്നിട്ട് ഒരു മലക്ക് വിളിച്ചുപറയും: നന്മ ആഗ്രഹിക്കുന്നവരേ മുന്നോട്ടുവരിക, തിന്മ തേടുന്നവരേ പിന്തിരിയുക.'' 

ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നു: നബി(സ) പറഞ്ഞു: ''കണ്ണുകള്‍ പൈശാചികതകള്‍ കാണുന്നതില്‍നിന്ന് പിന്തിരിയണം. പൈശാചികതകള്‍ കേള്‍ക്കുന്നതില്‍ നിന്ന് ചെവിയും വിചാരിക്കുന്നതില്‍നിന്ന് മനസ്സും സംസാരിക്കുന്നതില്‍നിന്ന് നാവും മുക്തമാകണം.'' നബി പറഞ്ഞു: ''ചീത്ത വാക്കും പ്രവൃത്തിയും ഉപേക്ഷിക്കാത്തവന്‍ തീറ്റയും കുടിയും ഉപേക്ഷിക്കണമെന്ന് അല്ലാഹുവിന് നിര്‍ബന്ധമില്ല.'' മറ്റൊരു സന്ദര്‍ഭത്തില്‍ നബി പഠിപ്പിച്ചു: ''എത്രയെത്ര നോമ്പുകാര്‍; തങ്ങളുടെ നോമ്പുകൊണ്ട് അവര്‍ക്ക് വിശപ്പും ദാഹവുമല്ലാതെ ഒരു നേട്ടവുമില്ല'' (ദാരിമി).

റമദാനിന്റെ സാമൂഹികത സമുദായത്തില്‍ മൊത്തം തഖ്‌വയുടെ അനുഭവങ്ങളുണ്ടാക്കുന്നു. അന്തരീക്ഷവും പരിതസ്ഥിതിയുമെല്ലാം അതിനനുസരിച്ച് മാറുന്നു. ഒരു ആവേശം എല്ലായിടത്തും വ്യാപിക്കുന്നു. അങ്ങനെ റമദാനിലൂടെയും അതിലെ അനുഷ്ഠാനങ്ങളിലൂടെയും ഇസ്‌ലാം എല്ലാ മനുഷ്യരെയും എങ്ങനെയാണ് ഏക രക്ഷിതാവിന്റെ ആധിപത്യത്തിനു കീഴില്‍ ഏകീകരിക്കുന്നത് എന്ന് വ്യക്തമാക്കുന്നു. 

റമദാനില്‍ എല്ലാ കാര്യങ്ങള്‍ക്കും എല്ലാ താല്‍പര്യങ്ങള്‍ക്കും അപ്പുറം അല്ലാഹുവിന്റെ ആവശ്യങ്ങള്‍ക്ക് മുഖ്യപരിഗണന ലഭിക്കുന്നു. വ്യക്തിപരമോ ഭൗതികമോ ശാരീരികമോ ആയ ആവശ്യങ്ങളെല്ലാം ദൈവിക കല്‍പനക്ക് മുന്നില്‍ മാറ്റിനിര്‍ത്തപ്പെടുന്നു. അങ്ങനെ ആന്തരികശക്തി വര്‍ധിക്കുന്നു, നിശ്ചയദാര്‍ഢ്യം ശക്തിപ്പെടുന്നു, ത്യാഗമനഃസ്ഥിതി ഇരട്ടിക്കുന്നു. ആത്മനിയന്ത്രണം ഉയര്‍ന്ന വിതാനത്തിലെത്തുന്നു. 

ഇതിനെല്ലാമുപരി, റമദാനിലെ എല്ലാ കാര്യങ്ങളും ഖുര്‍ആനുമായി ബന്ധപ്പെട്ടതു കൂടിയാണ്. എല്ലാ ആത്മീയ പ്രവൃത്തികളുടെയും ചൈതന്യം ദൈവിക വചനങ്ങളാണ്. രാത്രി നമസ്‌കാരങ്ങളില്‍ ഖുര്‍ആന്‍ പാരായണം പ്രധാനപ്പെട്ടതാണ്. അഞ്ച് നേരത്തെ നമസ്‌കാരങ്ങളിലും അവക്കിടയിലുമെല്ലാം ഖുര്‍ആന്‍ ഓതുന്നു. റമദാന്‍ ഖുര്‍ആന്റെ അവതരണം ആഘോഷിക്കാനുള്ള സന്ദര്‍ഭം മാത്രമല്ല, ഖുര്‍ആന്റെ അധ്യാപനങ്ങള്‍ ഹൃദയങ്ങളിലും മനസ്സുകളിലും ജീവിതത്തിലും സ്വാംശീകരിക്കാന്‍ കൂടിയുള്ളതാണ്. 

റമദാനില്‍ ഏറ്റവും നിര്‍ണായകമായ മറ്റൊരു സമയവുമുണ്ട്; ലൈലത്തുല്‍ ഖദ്ര്‍. അന്ന് മലക്കുകള്‍ പ്രത്യേകമായി ഇറങ്ങിവരും (അല്‍ഖദ്ര്‍ 1-4). ''അനുഗൃഹീതമായ ഒരു രാവിലാണ് നാം ഇതിറക്കിയത്. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാണ്. ആ രാവില്‍ യുക്തിപൂര്‍ണമായ സകല സംഗതികളും വേര്‍തിരിച്ച് വിശദീകരിക്കുന്നതാണ്..... നിന്റെ നാഥനില്‍നിന്നുള്ള അനുഗ്രഹമാണിത്'' (അദ്ദുഖാന്‍ 3-6).

ഈ മാസത്തെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേക പ്രതിഫലമുണ്ട്. നിര്‍ബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എഴുപത് ഇരട്ടി പ്രതിഫലം, ഐഛിക പ്രവര്‍ത്തനത്തിന് നിര്‍ബന്ധപ്രവര്‍ത്തനത്തിന്റെ പ്രതിഫലം. എല്ലാ നിമിഷങ്ങളും വലിയ ആത്മീയ യാത്രകള്‍ക്ക് സാധ്യതയേകുന്നു. അല്ലാമാ ഇഖ്ബാല്‍ പറയുന്നു: 

സ്‌നേഹത്തിന്റെ താഴ്‌വരയിലൂടെയുള്ള ദൂരങ്ങള്‍

അത് പേടിപ്പെടുത്തുന്ന വഴിയാണെങ്കിലും,

നൂറുവര്‍ഷങ്ങളുടെ വഴിദൂരമാണെങ്കിലും

ഒരു നെടുവീര്‍പ്പിന്റെ സമയംകൊണ്ട് മറികടക്കാനാകുന്നു.

ഖുര്‍ആന്‍ റമദാനിലാണ് ഇറങ്ങിയതെന്നതിനാലാണ് ആ മാസം അനുഗൃഹീതമായത്. അതുപോലെ ഖുര്‍ആന്‍ ഈ മാസത്തിലാണ് വിജയകരമായി ഭൂമിയില്‍ പ്രയോഗവത്കരിക്കപ്പെടുന്നത് എന്നതിനാല്‍ കൂടിയാണ് ഈ അനുഗൃഹീയത നിലനില്‍ക്കുന്നത്. 

റമദാന്‍ സത്യാസത്യ വിവേചനമാണ് (ഫുര്‍ഖാന്‍). അതുപോലെ റമദാനിലാണ് യൗമുല്‍ ഫുര്‍ഖാന്‍ എന്ന് ഖുര്‍ആന്‍ വിളിച്ച ദിവസവും. അതാണ് സത്യം വിജയിച്ച ദിവസം; ബദ്ര്‍. 'റബ്ബേ! ഈ ചെറിയ സംഘത്തെ നീ തകര്‍ക്കുകയാണെങ്കില്‍ ഭൂമുഖത്ത് ഇനി നിന്നെ ആരാധിക്കാനാരുമുണ്ടാകില്ല' എന്ന് പ്രവാചകന്‍ പ്രാര്‍ഥിച്ച (ഇബ്‌നു ഇസ്ഹാഖ്) ദിവസമായിരുന്നു അത്. ഇത് ഒരേസമയം നബിയുടെ പ്രാര്‍ഥനയും പ്രതിജ്ഞയുമാണ്. തന്റെ ജീവിതം സമര്‍പ്പിച്ചും നേടിയെടുക്കാന്‍ ആഗ്രഹിക്കുന്ന ലക്ഷ്യത്തെയാണ് അദ്ദേഹം പറയുന്നത്. റമദാനെ ഫുര്‍ഖാന്‍ എന്ന് വിളിക്കുകയും യൗമുല്‍ ഫുര്‍ഖാന്‍ റമദാനിലാവുകയും ചെയ്തതിന്റെ പിന്നില്‍ വലിയ അര്‍ഥങ്ങളുണ്ട്. 

നമ്മുടെ ദൗത്യത്തെ കുറിച്ചാണ് റമദാന്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്. മുസ്‌ലിംകളായി നിലനില്‍ക്കേണ്ടത് എന്തിനാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. ആ ദൗത്യം പൂര്‍ത്തീകരിക്കാന്‍ അത് നമ്മെ സജ്ജമാക്കുന്നു. നമ്മുടെ ബോധങ്ങളെ അത് ആഴമുള്ളതാക്കുന്നു. ഖുര്‍ആനോടും പ്രവാചകനോടും അത് നമ്മെ കൂടുതല്‍ അടുപ്പിക്കുന്നു. നമ്മുടെ നിശ്ചയദാര്‍ഢ്യത്തെ അത് ശക്തിപ്പെടുത്തുന്നു. തഖ്‌വയും ക്ഷമയും അത് നമ്മെ പഠിപ്പിക്കുന്നു. 

റമദാന്‍ കഴിയുന്നതോടെ ഈദുല്‍ ഫിത്വ്ര്‍. ഖുര്‍ആന്‍ ഇറങ്ങിയതിന്റെ ആഘോഷമായ ഉപവാസം അവസാനിപ്പിക്കുന്ന വിരുന്നാണത്. ''നിങ്ങള്‍ നോമ്പിന്റെ എണ്ണം പൂര്‍ത്തീകരിക്കാനുമാണിത്. നിങ്ങളെ നേര്‍വഴിയിലാക്കിയതിന്റെ പേരില്‍ നിങ്ങള്‍ അല്ലാഹുവിന്റെ മഹത്വം കീര്‍ത്തിക്കാനും അവനോട് നന്ദിയുള്ളവരാകാനുമാണ്'' (അല്‍ബഖറ 185). തങ്ങളുടെ മാര്‍ഗദര്‍ശനത്തിന് ഗ്രന്ഥം നല്‍കിയതിന്റെ പേരില്‍ കൂടിയാണ് അല്ലാഹുവിനെ മഹത്വപ്പെടുത്തുന്നതെന്ന് ഇവിടെ ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. 

അതുകൊണ്ടെല്ലാം റമദാനില്‍ ഹൃദയം പ്രതീക്ഷയോടെ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പകലും രാത്രിയും ആത്മാവ് ഒരു പ്രഭാതത്തെ സ്വപ്‌നം കണ്ട് പിറുപിറുക്കുന്നു: 

നീ നില്‍പില്‍ തുടരുക, ചലിക്കാതിരിക്കുക

സ്വര്‍ഗത്തിന്റെ നിമിഷങ്ങള്‍

ആ സമയം കടന്നുപോയേക്കാം, 

പിന്നീടൊരിക്കലും വന്നില്ലെന്നും വരാം.  

വിവ: ജുമൈല്‍ കൊടിഞ്ഞി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (50-53)
എ.വൈ.ആര്‍