അല്ലാഹുവിനോടുള്ള ഇഷ്ടത്തിലൂടെ അകം പുറം വൃത്തിയിലേക്ക് മുന്നേറുക
ലോകമെമ്പാടും വിശ്വാസികള്‍ പ്രതീക്ഷകളോടെ കാത്തിരുന്ന റമദാന്‍ സമാഗതമാവുന്നു. എല്ലാ റമദാനും വന്നു ചേരുമ്പോള്‍ നാമെല്ലാം നടത്തുന്ന ആത്മഗതമുണ്ട്. കാലമിതെത്ര എളുപ്പത്തിലാണ് കടന്നുപോകുന്നത്! വേഗത്തിലോടിയൊതുങ്ങുന്ന ജീവിതത്തെ ആത്മവിമര്‍ശം നടത്തി തിരുത്തി മുന്നേറാനുള്ള ഓര്‍മപ്പെടുത്തലാണ് ഓരോ റമദാനും; വ്യക്തിക്ക്, സംഘങ്ങള്‍ക്ക്, സമുദായത്തിന്. ജീവിതത്തെ സമ്പൂര്‍ണമായും ദൈവത്തിന് വിധേയപ്പെടുത്തുക എന്നതാണ് മനുഷ്യനെ സൃഷ്ടിച്ചതിന്റെ ലക്ഷ്യമെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''ഞാന്‍ മനുഷ്യവര്‍ഗത്തെയും ജിന്നുവംശത്തെയും സൃഷ്ടിച്ചിട്ടില്ല, എനിക്ക് ഇബാദത്ത് ചെയ്യാനല്ലാതെ'' (അദ്ദാരിയാത്ത് 56). ഈ വിധേയത്വത്തിന് ജീവിതത്തെ സമഗ്രമായി സജ്ജമാക്കുക എന്ന ദൗത്യമാണ് വ്രതാനുഷ്ഠാനമടക്കമുള്ള ഇസ്‌ലാമിലെ ആരാധനാകര്‍മങ്ങള്‍ക്ക് നിര്‍വഹിക്കാനുള്ളത്. വിവിധങ്ങളായ ആരാധനാകര്‍മങ്ങള്‍ മുന്‍പ്രവാചകന്മാര്‍ പ്രബോധനം ചെയ്ത ഇസ്‌ലാമിലും നിര്‍ബന്ധമാക്കപ്പെട്ടിരുന്നു. ജീവിതത്തെ സ്പര്‍ശിക്കുന്ന, സാമ്പത്തിക ജീവിതത്തെ തിരുത്തുന്ന നമസ്‌കാരമായിരുന്നു ശുഐബ് നബി പരിചയപ്പെടുത്തിയത് എന്ന് സമൂഹത്തിന്റെ പ്രതികരണത്തില്‍നിന്നും മനസ്സിലാവുന്നു. ''ഹേ ശുഐബ്, നമ്മുടെ പൂര്‍വികര്‍ ആരാധിച്ചുകൊണ്ടിരുന്ന ദൈവങ്ങളെയൊക്കെ നമ്മള്‍ ഉപേക്ഷിക്കണമെന്ന് നിന്നെ പഠിപ്പിക്കുന്നത് നിന്റെ നമസ്‌കാരമാണോ? അഥവാ, നമ്മുടെ ധനം നമ്മുടെ ഇഷ്ടാനുസാരം കൈകാര്യം ചെയ്യാന്‍ സ്വാതന്ത്ര്യമില്ലെന്ന് പഠിപ്പിക്കുന്നത്? ഓ, നീ വലിയ വിവേകശാലിയും സന്മാര്‍ഗകുതുകിയും തന്നെ!'' (ഹൂദ് 87).
കഴിഞ്ഞകാല സമൂഹങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായിരുന്നുവെന്ന് ഖുര്‍ആന്‍: ''വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ക്ക് നിര്‍ബന്ധമാക്കിയതു പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു'' (അല്‍ബഖറ 183). തഖ്‌വയാണ് നോമ്പിലൂടെ ആര്‍ജിച്ചെടുക്കേണ്ടത്. അല്ലാഹുവിന് സമ്പൂര്‍ണമായി വിധേയപ്പെടാന്‍ തീരുമാനിച്ചവന്‍, അത് പാലിക്കാന്‍ കാണിക്കുന്ന നിഷ്‌കര്‍ഷക്കും അതില്‍നിന്നും തെന്നിപ്പോകുമോ എന്നതിനെ സംബന്ധിച്ച ജാഗ്രതക്കുമാണ് തഖ്‌വ എന്നു പറയുന്നത്. അതായത്, നോമ്പ് നമ്മോട് പ്രാഥമികമായി ചോദിക്കുന്നത് ആ തീരുമാനം നിങ്ങള്‍ക്കുണ്ടോ എന്നാണ്, അതനുസരിച്ച് ജീവിതത്തെ ഉടച്ചുവാര്‍ക്കാന്‍ സന്നദ്ധമാണോ എന്നാണ്. മുഖ്യമായ ഈ ചോദ്യത്തെ അഭിമുഖീകരിക്കാതെ വ്രതത്തെയങ്ങു സ്വീകരിച്ചാനയിച്ചു യാത്രയയക്കാമെന്ന നിലപാട് കാപട്യമാണ്. ''ഈ ജനം അല്ലാഹുവിനുള്ള അനുസരണത്തിന്റെ മാര്‍ഗം വെടിഞ്ഞ് മറ്റേതെങ്കിലും മാര്‍ഗം കാംക്ഷിക്കുകയാണോ? വാനഭുവനങ്ങളിലുള്ളതൊക്കെയും ബോധപൂര്‍വമായും അല്ലാതെയും അവന്റെ മാത്രം ആജ്ഞാനുവര്‍ത്തികളായിരിക്കെ'' (ആലു ഇംറാന്‍ 83). ഈ തീരുമാനത്തിലേക്ക് വരിക, അതില്‍നിന്ന് തടയുന്ന മറ്റെല്ലാ ദീനുകളെയും താല്‍പര്യങ്ങളെയും വിട്ടൊഴിഞ്ഞ് നില്‍ക്കാന്‍ സന്നദ്ധമാവുക എന്ന് റമദാന്‍ നമ്മെ ആഹ്വാനം ചെയ്യുകയാണ്.
വിശുദ്ധ റമദാന്‍ ഖുര്‍ആന്‍ അവതീര്‍ണമായ മാസമാണ്. മനുഷ്യ സമൂഹത്തോടുള്ള സ്രഷ്ടാവിന്റെ ഭാഷണങ്ങളാണ് ഖുര്‍ആന്‍. അതിന്റെ യഥാര്‍ഥ ശ്രോതാക്കള്‍ എല്ലാ മനുഷ്യരുമാണ്. അതിന്റെ വക്താക്കള്‍ എന്ന നിലക്ക് മുസ്‌ലിം സമുദായത്തിന് ഖുര്‍ആനിനോട് മൂന്ന് ബാധ്യതകള്‍ നിര്‍വഹിക്കാനുണ്ട്. ഒന്ന്, അതെന്താണെന്ന് മനസ്സിലാക്കണം, പഠിക്കണം. അതിനുള്ള സന്ദര്‍ഭമായി ഓരോ വിശ്വാസിയും റമദാനിനെ കാണണം. ഈ പ്രാഥമിക ബാധ്യത അവിടംകൊണ്ട് പൂര്‍ത്തിയാവുന്നില്ല. രണ്ട്, ഖുര്‍ആന്‍ അനുസരിച്ച് ജീവിക്കണം. ഖുര്‍ആന്‍ കേവല പാരായണ സാഹിത്യമല്ല, വെറും വൈജ്ഞാനിക ഗ്രന്ഥവുമല്ല. ജീവിതത്തില്‍ പകര്‍ത്താനുള്ള അധ്യാപനങ്ങളാണവ. മുഹമ്മദ് നബി(സ)യെ മാതൃകയാക്കാനാണ് ഖുര്‍ആനിന്റെ കല്‍പന: ''തീര്‍ച്ചയായും അല്ലാഹുവിന്റെ ദൂതനില്‍ നിങ്ങള്‍ക്ക് ഉത്തമ മാതൃകയുണ്ട്'' (അല്‍അഹ്‌സാബ് 21). ആ പ്രവാചകന്റെ സ്വഭാവമാകട്ടെ ഖുര്‍ആനുമായിരുന്നു. ഖുര്‍ആന്‍ ജീവിതത്തിലേക്ക് എടുത്തുവെക്കുന്നതിലൂടെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമര്‍പ്പിതനായ ഒരു പോരാളിയായി ഓരോ വ്യക്തിയും മാറുന്നു. കേവലം ഒരു സമുദായം എന്നതില്‍നിന്ന് ആദര്‍ശസമൂഹമായി മുസ്‌ലിം സമുദായവും മാറുന്നു. മൂന്ന്, ഖുര്‍ആനിനെ അതിന്റെ അവകാശികളായ മുഴുവന്‍ മനുഷ്യര്‍ക്കുമെത്തിക്കണം. ജീവിതത്തില്‍ അതിനെ സാക്ഷാല്‍ക്കരിക്കുക എന്നതു തന്നെയാണ് അതിന്റെ പ്രഥമോപാധി. അതിനപ്പുറം ഖുര്‍ആനിനെ കുറിച്ച് ലോകത്തോട് സംസാരിക്കാന്‍ നമുക്ക് സാധിക്കണം.
ആരാധനാകര്‍മങ്ങളും അനുഷ്ഠാനങ്ങളും ആചാരങ്ങളും ഇസ്‌ലാമില്‍ പ്രധാനമാണ്. അവ മാത്രമാണ് മതമെന്നും അവയിലൂടെ മാത്രം സായൂജ്യമടയാമെന്നും വലിയൊരു വിഭാഗത്തെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. ഇതിനെതിരെയുള്ള ചരിത്രബോധമാണ് റമദാന്‍. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അധ്വാനിക്കാനും ജീവിതം സമര്‍പ്പിക്കാനും തിന്മയുടെ ശക്തികള്‍ക്കെതിരെ പൊരുതാനും റമദാന്‍ ആവശ്യപ്പെടുന്നുണ്ട് എന്നാണ് ബദ്‌റിന്റെ പാഠം. ആദര്‍ശത്തിലൂന്നി സ്രഷ്ടാവിന്റെ മാത്രം തൃപ്തി മോഹിച്ച്, നിസ്വാര്‍ഥമായി, താല്‍പര്യങ്ങള്‍ക്ക് വിധേയമാവാതെ, നീതിയുടെ പക്ഷത്ത് നിലകൊണ്ടാല്‍ ഭൗതിക ശക്തികളുടെ വലുപ്പ ചെറുപ്പങ്ങള്‍ വിജയത്തിന്റെ മാനദണ്ഡമാകുന്നേയില്ല എന്നതാണ് ബദ്‌റിന്റെ സന്ദേശം. ധര്‍മമാര്‍ഗത്തിലെ പോരാളികള്‍ക്ക് ഏറെ ആഹ്ലാദം നല്‍കുന്നതാണ് ബദ്ര്‍.
കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും മാസമാണ് റമദാന്‍. പുണ്യങ്ങളുടെ പൂക്കാലമെന്ന് റമദാനിനെ വിശേഷിപ്പിക്കുന്നത് അക്ഷരാര്‍ഥത്തില്‍ ശരിയാണ്. അടിച്ചു വീശുന്ന കാറ്റിനെ പോലെ അത്യുദാരനായിരുന്നു പ്രവാചകന്‍ റമദാനില്‍. ചുറ്റുമുള്ള അശരണരുടെയും ആലംബഹീനരുടെയും ആട്ടിയകറ്റപ്പെട്ടവരുടെയും അത്താണിയാവാന്‍ നമുക്കാവണം. മതത്തിന്റെ, ദേശത്തിന്റെ, ജാതിയുടെ പരിഗണനകളൊന്നും അതിന് അതിരു നിശ്ചയിക്കാന്‍ പാടില്ല. റമദാന്‍ ജീവിതത്തിലെ കുളിരായി അവര്‍ക്കനുഭവപ്പെടണം. ഇസ്‌ലാം ഏകദൈവത്തെ കുറിച്ച് മാത്രമല്ല, മനുഷ്യന്റെ ഏകതയെ സംബന്ധിച്ചും സംസാരിച്ചിട്ടുണ്ട്. അപരന്റെ വിശപ്പ് തന്റെ വിശപ്പായി അനുഭവപ്പെടുന്നതാണ് ആത്മീയത. വിശപ്പും ദാഹവും റമദാനിന്റെ പ്രകടമായ മുദ്രയാവാനും കാരണം അതുതന്നെ. റമദാനില്‍ സംഘടിതമായി ധാരാളം റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ് കേരളത്തിലെ മുസ്‌ലിം സമുദായം. അവ കൂടുതല്‍ സജീവമാകണം. ഭൗതികമായി ഏറെ പിറകില്‍ നില്‍ക്കുന്ന കോടിക്കണക്കായ സഹോദരങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിതം തള്ളിനീക്കുന്നുണ്ട്. നമ്മുടെ സഹായ ഹസ്തങ്ങള്‍ അവരിലേക്കുമെത്തണം.
ഇഫ്ത്വാറുകള്‍ ഇന്നൊരു അനുഷ്ഠാനം മാത്രമല്ല. റമദാനിലെ മുസ്‌ലിം സാംസ്‌കാരിക ജീവിതത്തിന്റെ ഭാഗം കൂടിയാണ് ഇഫ്ത്വാറുകള്‍. ധൂര്‍ത്തിന്റെയും ആഡംബരത്തിന്റെയും പ്രതീകങ്ങള്‍ എന്ന നിലക്കല്ല, പരസ്പര ബന്ധത്തെയും സൗഹാര്‍ദത്തെയും ഉറപ്പിക്കുന്നതില്‍ ഇസ്‌ലാമിന്റെ ഭാഗത്തു നിന്നുള്ള മികച്ച ഈടുവെപ്പായി ഇഫ്ത്വാറുകള്‍ വികസിക്കേണ്ടതുണ്ട്. സഹോദര സമുദായാംഗങ്ങളും അതില്‍ പങ്കാളികളാവട്ടെ.
അല്ലാഹുവിനോടുള്ള ബന്ധം കൂടുതല്‍ ശക്തമാക്കേണ്ട കാലമാണ് റമദാന്‍. അല്ലാഹുവുമൊത്തുള്ള സഹവാസ(മഇയ്യത്ത്)മാണ് വിശ്വാസിയുടെ ജീവിതത്തിന്റെ സവിശേഷത. ജീവിതത്തിന്റെ നിലക്കാത്ത ഓട്ടപ്പാച്ചിലുകള്‍ക്കിടയില്‍ അവനൊന്നിച്ചുള്ള സഹവാസത്തിന് വലിയ ഇടിവ് സംഭവിച്ചിട്ടുണ്ടാവും. അവ പരിഹരിച്ച് ആ ബന്ധത്തെ സുദൃഢമാക്കാനുള്ള സാഹചര്യമാണ് റമദാന്‍ ഒരുക്കിത്തരുന്നത്. ചിട്ടയുള്ള ആരാധനാ കര്‍മങ്ങളിലൂടെ, ദീര്‍ഘമായ രാത്രി നമസ്‌കാരങ്ങളിലൂടെ, ഇടവേളക്കു ശേഷം വീണ്ടും എഴുന്നേറ്റ് നാഥനോട് സംവദിക്കുന്ന(മുനാജാത്ത്)തിലൂടെ അവനോട് കൂടുതല്‍ അടുക്കാന്‍ നമുക്കാവണം. ദീര്‍ഘ ദീര്‍ഘമായ ഖുര്‍ആന്‍ പാരായണത്തിലൂടെ, പഠനത്തിലൂടെ അവന്‍ നമ്മോടും സംസാരിക്കട്ടെ. ഹൃദയമുരുകി അവനോട് പ്രാര്‍ഥിക്കുക. നമ്മുടെയും കുടുംബത്തിന്റെയും നാടിന്റെയും സമുദായത്തിന്റെയും രാജ്യത്തിന്റെയും നന്മക്കു വേണ്ടി. നാനാതരം കാരണങ്ങളാല്‍ പ്രയാസമനുഭവിക്കുന്ന നമ്മുടെ ഉറ്റവരുടെ ആശ്വാസത്തിന് വേണ്ടി. അനീതി വാഴുന്ന ലോകത്ത് ആട്ടിയകറ്റപ്പെട്ടവരും അഭയാര്‍ഥികളും അക്രമങ്ങള്‍ക്കിരയാകുന്നവരും ആ പ്രാര്‍ഥനകളില്‍ കടന്നുവരണം. തമ്മില്‍ പോരടിച്ചു നില്‍ക്കുന്ന മുസ്‌ലിം സമുദായത്തിന്റെ ഐക്യത്തിനു വേണ്ടിയും നമ്മുടെ കൈകളുയരണം.
പ്രിയമുള്ള സഹോദരന്മാരേ സഹോദരികളേ, ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കുന്നവരാണ് നാമോരോരുത്തരും. ഇനിയും എത്രയോ ഭാരിച്ച ചുമതലകളും സംരംഭങ്ങളും നമുക്ക് ഏറ്റെടുക്കാനുണ്ട്. ചിലതെല്ലാം വെല്ലുവിളി എന്ന നിലക്ക് തന്നെയാണ് നാം ഏറ്റെടുത്തിട്ടുള്ളത്. ഒന്നും ഈ പ്രസ്ഥാനത്തിന്റെ മാത്രം താല്‍പര്യങ്ങള്‍ക്ക് വേണ്ടിയല്ല, സമുദായത്തിന്റെ, രാജ്യത്തിന്റെ, രാജ്യനിവാസികളുടെ നന്മക്കു വേണ്ടി; അല്ലാഹുവിന്റെ പ്രീതി മോഹിച്ചും. അവ വിജയിപ്പിക്കും എന്നത് നമ്മുടെ ദൃഢനിശ്ചയമാണ്. പക്ഷേ, നമ്മുടെ നിരീക്ഷണങ്ങളും പരിശ്രമങ്ങളുമല്ല, അല്ലാഹുവിന്റെ ഖദ്‌റാണ് ആത്യന്തികമായി അവയെ നിര്‍ണയിക്കുക. കരുത്തോടെ മുന്നോട്ടു പോകാന്‍ അവന്റെ സഹായം കൂടിയേ തീരൂ. അകമഴിഞ്ഞ്, ഉള്ളുരുകി അവനോട് കേഴുക മാത്രമേ വഴിയുള്ളൂ. ഒപ്പം ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നേതൃത്വത്തെ, പണ്ഡിതരെ, പ്രവര്‍ത്തകരെ എല്ലാം പ്രാര്‍ഥനകളില്‍ ഉള്‍പ്പെടുത്തുക.
ഇസ്‌ലാമിക പ്രവര്‍ത്തകരുടെ ഊര്‍ജസ്രോതസ്സാണ് റമദാന്‍. തന്നെയും തന്റെ കുടുംബത്തെയും, അല്ലാഹുവിന്റെ ഇഷ്ടദാസന്മാരും റയ്യാനിലൂടെ സ്വര്‍ഗീയ ലോകത്തേക്ക് പ്രവേശിക്കുന്നവരുമാക്കാനുള്ള അസുലഭ സന്ദര്‍ഭം.അതിനെ ആവോളം ഉപയോഗപ്പെടുത്തുക. ഒറ്റക്കും കൂട്ടായും പരസ്പരം പ്രേരിപ്പിച്ചും റമദാനിന്റെ ചൈതന്യത്തെ പൂര്‍ണമായും ഏറ്റുവാങ്ങുക. ഇസ്‌ലാമിക പ്രവര്‍ത്തനത്തിന്റെ ആവേശകരമായ കുതിപ്പിന് കുടുംബത്തിന്റെ പങ്കാളിത്തം അനിവാര്യമാണ്.
പൈശാചിക വിചാരങ്ങളെയും വികാരങ്ങളെയും ജീവിതത്തില്‍നിന്ന് അകറ്റാനുള്ള പരിശീലന സന്ദര്‍ഭം കൂടിയാണ് വ്രതാനുഷ്ഠാനം. സാധാരണ ജീവിതത്തില്‍ അനുവദനീയമായ ആഹാരപാനീയങ്ങളും ലൈംഗികാഭിനിവേശവും വര്‍ജിക്കുക വഴി എന്തും അല്ലാഹുവിനു വേണ്ടി ത്യജിക്കാനും മാറ്റിവെക്കാനുമുള്ള കഴിവ് ആര്‍ജിക്കുകയാണ് ചെയ്യേണ്ടത്. റമദാനില്‍ മാത്രമല്ല, തുടര്‍ന്നുള്ള കാലത്തും അത്തരം മൂല്യങ്ങള്‍ ഹൃദയത്തില്‍ കൊത്തിവെക്കണം. ആദര്‍ശത്തിനു ചേരാത്ത വര്‍ഗീയമോ സാമുദായികമോ സങ്കുചിതമോ പക്ഷപാതപരമോ ആയ ചിന്താവികാരങ്ങളും നിലപാടുകളും നമ്മുടെ കൂടെയില്ലെന്നും മനുഷ്യസമൂഹത്തോടുള്ള കളങ്കമില്ലാത്ത ഗുണകാംക്ഷയുടെ വികാരം മാത്രമാണ് മനസ്സിലുള്ളതെന്നും ഉറപ്പു വരുത്തണം.
നോമ്പ് ആത്മപരിശോധനയുടെ സമയമാണ്. ജീവിതത്തെ നിശിതമായി വിചാരണ ചെയ്യാന്‍ നമുക്കാവണം. അല്ലാഹുവുമായുള്ള ബന്ധവും സമസൃഷ്ടികളുമായുള്ള ബന്ധവും വിലയിരുത്തണം. അല്ലാഹുവുമായുള്ള ബന്ധത്തെ ദൃഢീകരിക്കുമ്പോഴും മറ്റുള്ളവരുമായുള്ള പാരസ്പര്യത്തില്‍ പരാജയപ്പെടുന്നത് ചിലരുടെ ദൗര്‍ബല്യമാണ്. ഇസ്‌ലാമിക പ്രവര്‍ത്തന പാതയിലെ വലിയ വിഘാതവുമാണത്. തിരുത്താതെ, മെച്ചപ്പെടുത്താതെ മുന്നോട്ടു പോകാനാവില്ല. എത്ര റമദാനുകള്‍ കഴിഞ്ഞുപോയി! അത്തരം പുഴുക്കുത്തുകളെ കരിച്ചുകളയാനായില്ലെങ്കില്‍ റമദാനിന് എന്തര്‍ഥം?
അകവും പുറവും മാലിന്യമുക്തമാക്കുക, ഉത്തമ മൂല്യങ്ങളെ നട്ടു വളര്‍ത്തുക, വൃത്തിയോടും വെടിപ്പോടും കൂടി ദീനിനെ ജീവിതത്തില്‍ സ്ഥാപിക്കുക, അതിന്റെ സുഗന്ധം പരിസരങ്ങളില്‍ പ്രസരിപ്പിക്കുക, അല്ലാഹുവിന്റെ ഇഷ്ടദാസന്മാരില്‍ ഉള്‍പ്പെടുക- ഇതാണ് റമദാനില്‍ നമ്മുടെ ലക്ഷ്യം.
Comments