Prabodhanm Weekly

Pages

Search

2018 മെയ് 18

3052

1439 റമദാന്‍ 02

ആത്മവിമര്‍ശനത്തിന്റെ കുറവ്

അബൂ ആമില്‍ ഖത്തര്‍

ഏപ്രില്‍ 27-ലെ മുഖപ്രസംഗം കാലിക പ്രസക്തമായ ചിന്തയാണ്. നാളിതുവരെ ജനങ്ങള്‍ക്ക് വേണ്ടി ഗുണകാംക്ഷയോടെ നിലകൊണ്ടിട്ടും ജനകീയമാവാന്‍ കഴിയുന്നില്ലെങ്കില്‍ സംഘടനയുടെ ഘടനകളിലോ സംവിധാനങ്ങളിലോ ഉള്ള പരിമിതികള്‍ തിരിച്ചറിയാനാണ് നാം ശ്രമിക്കേണ്ടത്. ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തെയോ കേരളത്തിലെ അതിന്റെ സംവിധാനങ്ങളെയോ മുന്നില്‍ വെച്ചു കൊണ്ട് ഇത്തരം ചിന്തകള്‍ ഗുണപരമായ മാറ്റങ്ങളിലേക്ക് നമ്മെ നയിക്കേണ്ടതണ്.

പ്രബോധനരംഗത്തും സമ്മേളന സംഘാടന മേഖലകളിലും പത്ര-മാധ്യമ രംഗങ്ങളിലും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മികവ് അംഗീകരിക്കുമ്പോള്‍ തന്നെ ഈ പ്രസ്ഥാനത്തെ സമൂഹത്തിനു മുമ്പില്‍ പരസ്യമായി ഇകഴ്ത്തുകയെന്നത് ഇതര സംഘടനാ നേതൃത്വങ്ങള്‍ക്ക് പലപ്പോഴും മുഖ്യ അജണ്ടകളിലൊന്നാണ്. അനുയായികള്‍ക്ക് ആവേശം പകരാനുള്ള ഒന്നാന്തരം വഴിയായി ഇപ്പോഴും ഇത് നിലനില്‍ക്കുന്നു.  

പ്രസ്ഥാന പഠന വേദികളില്‍ പ്രവാചകന്മാരുടെ 'ലിസാനു ഖൗമി'നെക്കുറിച്ച ചര്‍ച്ചകളെല്ലാം അതിന്റെ വിശാലമായ അര്‍ഥത്തെക്കുറിച്ച വിശദീകരണത്തില്‍ തട്ടിയവസാനിക്കുന്നു. ആ വാക്യാര്‍ഥത്തിന്റെ അടുത്തൊന്നും നമുക്കെത്താന്‍ കഴിയുന്നില്ല എന്നല്ലേ സത്യം. പ്രസ്ഥാനം അതിന്റെ ചില സംരംഭങ്ങളെ മുന്നോട്ട് നയിക്കുമ്പോള്‍ സൂക്ഷിക്കുന്ന പ്രഫഷനലിസം സംഘടനാ സംവിധാനങ്ങളുടെ വിമര്‍ശനാത്മകമായ പഠനത്തിന് കൂടി ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ കാലാതീതമായ ഈ ആശയത്തിന്റെ സംഘടനാ സംവിധാനങ്ങള്‍ സാധാരണ ജനങ്ങള്‍ക്കന്യമായി തുടരുന്ന അവസ്ഥക്ക് പരിഹാരമായേനെ. 

 

 

 

ഖുര്‍ആന്‍ പഠനം വാതിലുകള്‍ കൊട്ടിയടക്കരുത്

പരിശുദ്ധ റമദാന്‍ സമാഗതമാകുന്നു. പവിത്ര ഗ്രന്ഥം ലോകജനതക്ക് അവതീര്‍ണമായ മാസം. മുസ്‌ലിം സമുദായം ഖുര്‍ആനിലേക്ക് ശ്രദ്ധയൂന്നുന്ന സവിശേഷ സന്ദര്‍ഭം. യഥാര്‍ഥത്തില്‍ ഖുര്‍ആന്‍ എല്ലാവര്‍ക്കുമാണെന്ന് അംഗീകരിക്കുന്നതോടൊപ്പം ചിലര്‍ക്കെങ്കിലും അത് തടഞ്ഞുവെക്കുന്ന പ്രവണത നമ്മിലുണ്ട്. നമസ്‌കാരം നിലനിര്‍ത്തുക എന്ന ആഹ്വാനം മഹല്ല് സംവിധാനത്തിലൂടെ പേരിനെങ്കിലും നാം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ആ ഉദ്‌ബോധനം നല്‍കിയ ഖുര്‍ആന്‍ ആശയസഹിതം ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്നതില്‍ പൊതു മുസ്‌ലിം സമൂഹത്തിന് എത്രത്തോളം ശ്രദ്ധയുണ്ട്?

ഖുര്‍ആന്‍ പഠന സംവിധാനങ്ങള്‍ ഇന്ന് പല പേരിലും നാട്ടില്‍ സജീവമാണ്. ഖുര്‍ആന്റെ സന്ദേശം എല്ലാവര്‍ക്കുമുള്ളതാണെങ്കില്‍ നാട്ടിലെ മുഴുവന്‍ സ്ത്രീ പുരുഷന്മാര്‍ക്കും ഇത് എത്തിച്ചുകൊടുക്കേണ്ട ബാധ്യത മഹല്ലുകള്‍ക്കില്ലേ. പണ്ഡിതന്മാര്‍ക്ക് ഇവിടെ മൗനികളാവാന്‍ സാധിക്കുമോ? ഇതര മതവിശ്വാസികളുടെ വേദഗ്രന്ഥങ്ങള്‍ പോലെ മുസ്‌ലിംകള്‍ക്ക് ഓതാനുള്ള കേവല ഗ്രന്ഥമായി പരിശുദ്ധ ഖുര്‍ആനിനെ നാം ചുരുട്ടിക്കെട്ടിയതാണ് സമൂഹത്തിന് അല്ലാഹുവിന്റെ പ്രകാശം ലഭിക്കാതെ പോകാന്‍ കാരണം. ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ഖുര്‍ആന്‍ പഠന ക്ലാസ്സുകളില്‍ കുടുംബസമേതം ജനങ്ങളെ പങ്കെടുപ്പിക്കാനുള്ള ഹൃദയവിശാലത മുസ്‌ലിം സമുദായം കാണിക്കേണ്ടിയിരിക്കുന്നു. ലോകവും രാജ്യവും വ്യക്തിയും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഖുര്‍ആനില്‍ കണ്ടെത്തി അവര്‍ക്ക് കൂടി സമാധാനം ലഭ്യമാവട്ടെ.

കെ. സലാഹുദ്ദീന്‍ കോഴിക്കോട്

 

 

വ്യതിരിക്തമായ ലേഖനങ്ങളാല്‍ ധന്യം

വളരെ വ്യതിരിക്തമായ രചനകളായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗിനെയും ലിംഗായത്തുകളെയും കുറിച്ചുള്ള ലേഖനങ്ങള്‍ (ലക്കം 46). ദൈവാന്വേഷണത്തിന്റെ മൗലിക  ചിന്തകളാണ് ഹോക്കിംഗ് പഠനം.  എന്നാല്‍ ശാസ്ത്ര പരീക്ഷണങ്ങള്‍, ദൈവനിരാസമില്ലാതെ തന്നെ സാധ്യമാണല്ലോ.  അതിനാല്‍ ദൈവത്തെ കുറിച്ച് പറയാത്ത പല ശാസ്ത്രജ്ഞരും ദൈവവിശ്വാസികള്‍ ആയിരുന്നു.

ലിംഗായത്ത് മതത്തെ കുറിച്ചുള്ള ലേഖനം ഇതുവരെ ചര്‍ച്ചയാക്കാത്ത പല കാര്യങ്ങളും പ്രതിപാദിക്കുന്നതിനാല്‍ വളരെ ശ്രദ്ധേയമാണ്.  ആ മതത്തിന്റെ തുടക്കവും നാള്‍വഴികളും ലേഖനം വിവരിക്കുന്നു. അവരുടെ രാഷ്ട്രീയ ശക്തിയെയും വരച്ചുകാണിക്കുന്നു. അവരെ കുറിച്ച് കേട്ട പലതും ലേഖനം തിരുത്തുന്നു. ഇതേ ലക്കത്തിലെ പ്രസന്നന്റെ 'ജീവിത'വും ശ്രദ്ധേയമായി. ഡയറിക്കുറിപ്പ് പോലുള്ള വായനാനുഭവം.

മുഹമ്മദ് ജസീം ശാന്തപുരം

 

 

 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലളിത ഗംഭീരം

'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഡാറ്റ മോഷണവും' എന്ന ലേഖനം ഉയര്‍ന്ന നിലവാരം പുലര്‍ത്തി. ഏതു സാധാരണക്കാരനും മനസ്സിലാകും വിധം വിഷയം അവതരിപ്പിച്ചിട്ടുണ്ട്. വിഷയത്തെ കുറിച്ച് പലതും വായിച്ചിട്ടുണ്ടെങ്കിലും ഇത്രയും ലളിതവും മനോഹരവുമായി ഇതുവരെ വായിച്ചിട്ടില്ല. സാധാരണ ജീവിതത്തില്‍ അതിന്റെ സ്വാധീനം, എന്താണ് സോഫിയ എന്ന യന്ത്ര സ്ത്രീ എന്നെല്ലാം തന്നെ സാധാരണക്കാരന് വ്യക്തമായി മനസ്സിലാക്കാനാവുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ  അടിസ്ഥാന തത്ത്വങ്ങള്‍ മുതല്‍ വളരെ സങ്കീര്‍ണമായ 'ഡീപ് ലേണിംഗ്' വരെ അതില്‍ പ്രതിപാദിക്കുന്നു.  എന്തുകൊണ്ടാണ് ഈ ടെക്നോളജി ഇപ്പോള്‍ കൂടുതല്‍ ചര്‍ച്ചക്കും പ്രായോഗത്തിനും കാരണമായത് എന്നും മനസ്സിലാക്കാനായി.  ലേഖനത്തില്‍ പറഞ്ഞ പോലെ 'ഡാറ്റാ സയിന്റിസ്റ്റുക'ളെ അടുത്ത ഭാവിയില്‍ ഒരുപാട് ആവശ്യമുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. പ്രബോധനം ഇത്തരം ശാസ്ത്രീയ ലേഖനങ്ങള്‍ കവര്‍ സ്റ്റോറി ആക്കുന്നത് വളരെ സന്തോഷം നല്‍കുന്നു. 

മാത്രമല്ല ഫോണുകളില്‍നിന്ന് എങ്ങനെ ഡാറ്റ ചോരുന്നുവെന്നും ലോകത്ത് അതെങ്ങനെ കോളിളക്കങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും ലേഖകന്‍ വിശദീകരിക്കുന്നു. എന്നാല്‍ ഭൂരിപക്ഷമാളുകളും ഡാറ്റാ ദുരുപയോഗത്തിന്റെ വ്യാപ്തി മനസ്സിലാക്കുന്നില്ല എന്നാണ് പലരുടെയും സോഷ്യല്‍ മീഡിയാ എഴുത്തുകളും കമന്റുകളും കാണുമ്പോള്‍ മനസ്സിലാകുന്നത്.

പി.കെ മുഹമ്മദ് ഇര്‍ഫാന്‍, (കെ.എം.സി.ടി എഞ്ചിനീയറിംഗ് കോളേജ്, കോഴിക്കോട്)

 

 

ആ കറുത്ത തുണി ഭയപ്പെടുത്തുന്നതാരെ?

വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ ഒരു സംഭവം ഓര്‍ക്കുന്നു; പര്‍ദയിട്ട ഒരു സ്ത്രീ ബാങ്കില്‍ ചെന്നു. കൗണ്ടറില്‍നിന്ന് അവളെക്കുറിച്ച് ബാങ്കിലെ ഉദ്യോഗസ്ഥര്‍ ഇംഗ്ലീഷില്‍ കളിയാക്കിപ്പറഞ്ഞു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇംഗ്ലീഷറിയുന്ന സ്ത്രീയായിരുന്നു അവര്‍. തന്നെ അപമാനിച്ച ഉദ്യോഗസ്ഥര്‍ക്ക് അവര്‍ ഇംഗ്ലീഷില്‍ മറുപടി നല്‍കി. തരിച്ചുനില്‍ക്കാനേ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചുള്ളൂ.

പര്‍ദ അധഃസ്ഥിതിയുടെ അടയാളമാണെന്ന ധാരണ മാറാത്തതല്ല കാര്യം. മുസ്‌ലിം സ്ത്രീയെ കല്ലെറിയാനുള്ള മറയായി പര്‍ദയെ സജീവമാക്കി നിര്‍ത്തുകയാണ് ഇസ്‌ലാം വിരോധികള്‍. മുസ്‌ലിം സ്ത്രീയെ എറിയുന്ന കല്ല് ഇസ്‌ലാമിനാണ് കൊള്ളുന്നത് എന്നാണ് അവരുടെ ആഹ്ലാദം.

ഇസ്‌ലാമിന്റെ വസ്ത്രമാണ് കറുത്ത പര്‍ദ എന്ന് ആരും വാദിക്കുന്നില്ല. മുസ്‌ലിം സ്ത്രീകള്‍ പരക്കെ ഉപയോഗിക്കുന്ന വസ്ത്രവുമല്ല പര്‍ദ. യോഗസ്ഥലങ്ങളിലും വിവാഹ കൂട്ടായ്മയിലും മുസ്‌ലിം സ്ത്രീകള്‍ പല വേഷങ്ങള്‍ ധരിച്ചെത്തുന്നു. പര്‍ദ ധരിച്ചവര്‍ അവരുടെ വേഷത്തെക്കുറിച്ച് മഹത്വം പാടാറില്ല. സാരി ധരിച്ചവരും ചുരിദാര്‍ ധരിച്ചവരും മറ്റേതു വേഷം ധരിച്ചവരും ഒരുമയോടെ ഒത്തുകൂടുന്നു. എന്നാല്‍ ഏതു രീതിയിലുള്ള വസ്ത്രം ധരിക്കാനും വ്യക്തിക്കുള്ള സ്വാതന്ത്ര്യം മുസ്‌ലിംകളുടെ കാര്യത്തിലാകുമ്പോള്‍ മാത്രം മതേതരക്കാര്‍ അനുവദിച്ചുകൊടുക്കില്ല.

സ്ത്രീയെ ഇസ്‌ലാം രണ്ടാം കിടയായി കണ്ടിട്ടില്ല. ഖുര്‍ആനും പ്രവാചക ജീവിതവും സ്ത്രീയെ ആദരിച്ചു. പുരുഷന്മാരോടൊപ്പം മാന്യമായി ഇടപഴകി, ഇസ്‌ലാമിക വിജ്ഞാനങ്ങള്‍ സമൂഹത്തിന് പകര്‍ന്നു നല്‍കിയത് നബിയുടെ പത്‌നിയായിരുന്നു.

സത്രീയുടെ പദവിയെക്കുറിച്ചുള്ള എല്ലാ ആരോപണങ്ങള്‍ക്കും പണ്ഡിതന്മാര്‍ മറുപടി നല്‍കിയിട്ടുണ്ട്. റാശിദുല്‍ ഗന്നൂശിയുടെ 'സ്ത്രീ ഖുര്‍ആനിലും മുസ്‌ലിം ജീവിതത്തിലും' എന്ന പുസ്തകത്തില്‍ സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് വിശദമാക്കുന്നുണ്ട്. ഒരു പ്രത്യേക വേഷവിധാനം ഇസ്‌ലാം നിഷ്‌കര്‍ഷിച്ചിട്ടില്ല. ശരീരം മറയ്ക്കുന്നതും അന്യരെ പ്രലോഭിപ്പിക്കുന്ന തരത്തിലല്ലാത്തതും ആയിരിക്കണം. മുതലാളിത്തമാകട്ടെ സ്ത്രീയുടെ ശരീരം ഒരു ചരക്കുപോലെ അങ്ങാടിയില്‍ വില്‍പനക്ക് വെക്കുകയാണ്.

ഗന്നൂശി എഴുതി: 'പര്‍ദയുടെ കട്ടി കൂട്ടിയോ ചുമരുകള്‍ ജയിലാക്കി മാറ്റിക്കൊണ്ടോ, സ്ത്രീകളോട് മുഴുവന്‍ അവിഹിത ബന്ധമുള്ളവരോടെന്നപോലെ പരുഷമായി പെരുമാറി കടുത്ത ശിക്ഷാവിധികള്‍ പ്രഖ്യാപിച്ചുകൊണ്ടോ അല്ല ഇസ്‌ലാം സ്ത്രീ-പുരുഷ ബന്ധത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നത്. ഇസ്‌ലാം ആ ലക്ഷ്യം നേടുന്നത് ബോധവത്കരണത്തിലൂടെയും ശിക്ഷണത്തിലൂടെയുമാണ്. ജീവിതവിശുദ്ധി കാത്തുകൊണ്ട് സാമൂഹിക സേവനത്തിന്റെയും പോരാട്ടത്തിന്റെയും കര്‍മഭൂമിയില്‍ ഒന്നിച്ചു മുന്നേറുന്ന ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളര്‍ത്തിയെടുത്തത്.'

വീടിനു പുറത്തിറങ്ങുമ്പോള്‍ മാത്രം ചിലര്‍ ധരിക്കുന്ന പര്‍ദയുടെ പേരില്‍ ആകാശം ഇടിഞ്ഞുവീഴുകയാണെന്ന മട്ടില്‍ ബഹളം വെക്കുകയാണ്. എന്നാല്‍ ദരിദ്രരായ അനേകം ഗ്രാമീണ സ്ത്രീകളെയും കുടുംബങ്ങളെയും വര്‍ഗീയ ശക്തികള്‍ അടിച്ചുകൊല്ലുകയും തീയിലിട്ടു ചുടുകയും ചെയ്യുമ്പോള്‍ അവരുടെ കണ്ണീരൊപ്പാനും സംരക്ഷിക്കാനും എന്തുചെയ്യാന്‍ കഴിയും എന്നതാണ് സുപ്രധാനമായ കാര്യം.

കെ.പി ഇസ്മാഈല്‍, കണ്ണൂര്‍

 

 

 

ഭരണാധികാരികള്‍ തന്നെ കൂട്ടുനില്‍ക്കുമ്പോള്‍

എ. റശീദുദ്ദീന്‍ എഴുതിയ, 'കഠ്‌വയില്‍ രംഗത്തിറങ്ങിയ ബി.ജെ.പി ഇന്ത്യയോട് പറയുന്നത്' (ലക്കം 47) എന്ന വിശകലനം സംഭവത്തിന്റെ യഥാര്‍ഥ ചിത്രം വരച്ചുകാട്ടുന്നതായിരുന്നു. നീതി ലഭിക്കേണ്ടവര്‍ക്ക് നീതി നിഷേധിക്കപ്പെടുകയും കുറ്റകൃത്യങ്ങള്‍ നിസ്സാരവത്കരിക്കപ്പെടുകയും കുറ്റവാളികള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നതാണ് കുറച്ച് കാലങ്ങളായി ഇന്ത്യയില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യ ഒരു വലിയ രാജ്യമാണ്, അവിടെ നടക്കുന്ന ഒന്നോ രണ്ടോ ബലാത്സംഗക്കേസുകള്‍ ചര്‍ച്ചയാക്കേണ്ടതില്ല എന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. നാം അറിഞ്ഞതും അറിയാത്തതുമായി ഒരു പാട് ബലാത്സംഗങ്ങള്‍ നടക്കുന്ന ഒരു രാജ്യത്തെ മന്ത്രിയാണ് നിരുത്തരവാദപരമായ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരാനുള്ള കാരണങ്ങളില്‍ ഒന്നാണ് ഇത്തരം പ്രസ്താവനകള്‍. കുറ്റവാളികളെ ന്യായീകരിക്കാനും അവര്‍ക്കു വേണ്ടി പ്രകടനം നടത്താനും എം.എല്‍.എമാരും മന്ത്രിമാരും തെരുവിലിറങ്ങമ്പോള്‍ ലജ്ജിക്കുന്നത് ഇന്ത്യ എന്ന മഹാരാജ്യമാണ്. കൊടും കുറ്റവാളികള്‍ക്കുപോലും രക്ഷപ്പെടാന്‍ പഴുതുകളുള്ള നീതിന്യായ വ്യവസ്ഥയില്‍ കുറ്റകൃത്യങ്ങള്‍ കുറയുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.

കെ.ടി ഇബ്‌റാഹീം എടക്കഴിയൂര്‍, ദുബൈ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (50-53)
എ.വൈ.ആര്‍