Prabodhanm Weekly

Pages

Search

2018 മെയ് 18

3052

1439 റമദാന്‍ 02

സാജിദ് ജാവീദിന്റെ രാഷ്ട്രീയ യാത്രകള്‍

പീറ്റര്‍ ഒബോണ്‍

1868-ല്‍ ബ്രിട്ടനില്‍ ആദ്യമായി ഒരു ജൂത പ്രധാനമന്ത്രിയുണ്ടായി- ബെഞ്ചമിന്‍ ഡിസറേലി. ആദ്യ വനിതാ പ്രധാനമന്ത്രിയുണ്ടാകുന്നത് 1979-ല്‍ ആണ്- മാര്‍ഗരറ്റ് താച്ചര്‍. ഇപ്പോള്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി/മന്ത്രിയായി ചുമതലയേറ്റ സാജിദ് ജാവീദ് ആകുമോ ബ്രിട്ടനിലെ ആദ്യത്തെ മുസ്‌ലിം പ്രധാനമന്ത്രി?

രാഷ്ട്രീയ പടവുകള്‍ ചവിട്ടിക്കയറി ആഭ്യന്തര സെക്രട്ടറി പദം വരെ എത്തിച്ചേര്‍ന്ന സാജിദിന് അങ്ങനെയൊരു അവസരത്തിന് സാധ്യതയുണ്ടെന്ന് തന്നെയാണ് കരുതുന്നത്. സാജിദിനെ സംബന്ധിച്ച് ഒന്നുമില്ലായ്മയില്‍നിന്ന് എല്ലാമായിത്തീര്‍ന്ന കഥകളാണ് കുറച്ചു ദിവസങ്ങളായി ബ്രിട്ടീഷ് പത്രങ്ങള്‍ക്ക് പറയാനുണ്ടായിരുന്നത്. ഒരു പാകിസ്താനി കുടിയേറ്റക്കാരന്റെ മകനാണ് സാജിദ് ജാവീദ്. അദ്ദേഹത്തിന്റെ പിതാവ് ഹീത്രൂ വിമാനത്താവളത്തിലെത്തിയത് 1961-ല്‍. പിതാവിന്റെ കീശയില്‍ അപ്പോള്‍ ബാക്കിയായത് ഒരു പൗണ്ട് മാത്രം. ലണ്ടന്‍ നഗരത്തില്‍ ചില നേട്ടങ്ങളൊക്കെ ഉണ്ടാക്കാന്‍ സാജിദിന് കഴിഞ്ഞു. പിന്നെയാണ് രാഷ്ട്രീയത്തിലേക്ക് തിരിയുന്നത്. ഇപ്പോഴതിന്റെ തലപ്പത്തു വരെ എത്തിയിരിക്കുന്നു. ബ്രിട്ടീഷ് മുസ്‌ലിംകള്‍ക്ക് ഇത് എന്തെങ്കിലും സന്ദേശം നല്‍കുന്നുണ്ടോ? കാര്യമായി ഒന്നുമില്ല എന്നാണ് ഉത്തരം.

 

താച്ചര്‍ ആരാധകന്‍

മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറുടെ വലിയൊരു ആരാധകനാണ് സാജിദ് ജാവീദ്. താന്‍ പ്രധാനമന്ത്രിയായിരുന്ന കാലത്ത് സ്ത്രീകളെ ഒരു നിലക്കും സഹായിക്കുന്നില്ല എന്ന ആരോപണം നിരന്തരം നേരിട്ടുകൊണ്ടിരുന്ന ആളാണ് താച്ചര്‍. ഉദാഹരണത്തിന്, താച്ചര്‍ പതിനൊന്നു വര്‍ഷം പ്രധാനമന്ത്രിയായിട്ടും, ഒരൊറ്റ വനിതയെ മാത്രമേ തന്റെ കാബിനറ്റില്‍ എടുക്കുകയുണ്ടായിട്ടുള്ളൂ.

ഇപ്പറഞ്ഞത് ഡിസറേലിക്കും ബാധകമാണ്. പക്ഷേ, മറ്റൊരു വിധത്തിലാണെന്നു മാത്രം. ജൂതനായി ജനിച്ച ഡിസറേലി തന്റെ കൗമാരത്തില്‍ ഒരു ക്രിസ്ത്യാനിയായി ജ്ഞാനസ്‌നാനം ചെയ്യുന്നുണ്ട്. ജീവിതത്തില്‍ കയറിപ്പോകണമെങ്കില്‍ ഇതാണ് നല്ലത് എന്നായിരുന്നു അദ്ദേഹത്തിന്റെ പിതാവിന്റെ കണക്കു കൂട്ടല്‍. അതേസമയം, തന്റെ ജൂതപാരമ്പര്യത്തില്‍ ഊറ്റം കൊള്ളുകയും ചെയ്തിരുന്നു. 'ഞാനൊരു ജൂതനാണ്' എന്ന് ഡിസറേലി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, തന്റെ ജൂതവിശ്വാസത്തില്‍നിന്ന് മുഖം തിരിച്ചപ്പോഴാണ് അദ്ദേഹത്തിന് കയറിപ്പോകാന്‍ പറ്റിയത്.

സാജിദ് ജാവീദിനെക്കുറിച്ചും പറയാവുന്ന കാര്യങ്ങളാണിതൊക്കെ. തന്റെ 'മുസ്‌ലിം പാരമ്പര്യ'ത്തെ സാജിദ് അംഗീകരിക്കുന്നുണ്ട്. താനൊരു മുസ്‌ലിമാണെന്ന് പറയുന്നുമുണ്ട്. പക്ഷേ, ഇസ്‌ലാമിക അനുഷ്ഠാനങ്ങളൊന്നും ജീവിതത്തിലില്ല. അദ്ദേഹത്തിന്റെ ഭാര്യ ക്രിസ്ത്യാനിയാണ്. സാജിദ് ഇങ്ങനെ പറയുകയും ചെയ്തിട്ടുണ്ട്: 'നമ്മുടെ നാടിന്റെ മതമായി നാം ക്രിസ്തുമതത്തെ അംഗീകരിക്കേണ്ടതുണ്ട്.'

എന്നിട്ടും മതഭ്രാന്തില്‍നിന്ന് രക്ഷകിട്ടിയില്ല. ചില തീവ്രഗ്രൂപ്പുകള്‍ അയച്ച "Punish a Muslim' (ഒരു മുസ്‌ലിമിനെ ശിക്ഷിക്കുക) കത്തുകളിലൊന്ന് സാജിദിനും കിട്ടിയിരുന്നു.

സാജിദിന്റെ രാഷ്ട്രീയ ബന്ധങ്ങളെല്ലാം ബ്രിട്ടീഷ് മുസ്‌ലിം മുഖ്യധാരയുടെ നേര്‍ എതിര്‍വശത്താണ് നിലകൊള്ളുന്നത്. പൂര്‍ണ മനസ്സോടെ ഇസ്രയേലിന് ഒപ്പമാണ് സാജിദ്. 2012-ല്‍ 'ഇസ്രയേലിന്റെ യാഥാസ്ഥിതിക സുഹൃത്തുക്കള്‍' എന്ന വേദി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞത്, താന്‍ മധ്യപൗരസ്ത്യ ദേശത്തേക്ക് പോകുന്നുണ്ടെങ്കില്‍ അത് ഇസ്രയേലിലേക്കായിരിക്കും എന്നാണ്. അവിടെ തന്റെ കുടുംബത്തിന് 'സ്വാതന്ത്ര്യത്തിന്റെയും വിമോചനത്തിന്റെയും ഊഷ്മള പരിരംഭണം' കിട്ടുമത്രെ. ഇസ്രയേലീ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന ബി.ഡി.എസ് (Boycott, Divestment and Sanctions)  കാമ്പയിനെതിരെ കഴിഞ്ഞ വര്‍ഷം കടുത്ത നിലപാട് സ്വീകരിച്ചിരുന്നു, സാജിദ്. അപ്പോള്‍ അദ്ദേഹം കമ്യൂണിറ്റീസ് സെക്രട്ടറിയായിരുന്നു. ഹമാസുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞതിനാല്‍ ലണ്ടനില്‍ നടക്കാനിരുന്ന 'പലസ്റ്റൈന്‍ എക്‌സ്‌പോ' നിരോധിക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി. ഞാന്‍ പലേടത്തും പരതിയെങ്കിലും, ഫലസ്ത്വീനികളുടെ ദുരിതങ്ങളെക്കുറിച്ച് അദ്ദേഹം എന്തെങ്കിലും പറഞ്ഞതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

 

നിയോകോണുകളുടെ അടുപ്പക്കാരന്‍

ഇനി ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ വിവാദപരമായ പ്രിവന്റ് സ്‌ട്രോറ്റജിയെക്കുറിച്ച്. ഇത്തരം ഭീകര വിരുദ്ധ നയങ്ങളെ എപ്പോഴും പിന്തുണക്കുകയാണ് സാജിദ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ജനുവരിയില്‍ സാറാഖാനെ എക്‌സ്ട്രീമിസം കമീഷണറായി നിയോഗിച്ചപ്പോള്‍ അതിനെയും 'ഊഷ്മളമായി സ്വാഗതം ചെയ്തു.' തീവ്രവാദം തടയുന്നതിന് മുസ്‌ലിംകള്‍ക്ക് പ്രത്യേക ബാധ്യതയുണ്ടെന്ന് ഊന്നിപ്പറയുകയും ചെയ്തു. കുടിയേറുന്നവരും പൊതുസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും 'ബ്രിട്ടീഷ് മൂല്യങ്ങള്‍' തൊട്ട് പ്രതിജ്ഞ ചെയ്യണമെന്ന നിര്‍ദേശവും മുന്നോട്ടുവെച്ചു.

ആഭ്യന്തര സെക്രട്ടറി എന്ന നിലക്ക് ബ്രിട്ടനിലെ തീവ്രവാദവിരുദ്ധ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും ഇനി സാജിദ് ജാവീദായിരിക്കും. ഇപ്പോള്‍ രാജിവെച്ചൊഴിഞ്ഞ അംബര്‍ റുഡിന്റെയോ അതിനു മുമ്പത്തെ സെക്രട്ടറി (ഇപ്പോഴത്തെ പ്രധാനമന്ത്രി) തെരേസ മേയുടെയോ നയങ്ങളില്‍നിന്ന് ഒരു മാറ്റവും അദ്ദേഹത്തില്‍നിന്ന് പ്രതീക്ഷിക്കാനില്ല. 2012-ല്‍ ബ്രോംസ്‌ഗ്രോവില്‍നിന്ന് ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതുമുതല്‍ ബ്രിട്ടന്റെ വിദേശ സൈനിക ഇടപെടലുകളെ ശക്തമായി പിന്തുണച്ചു വരികയാണ് അദ്ദേഹം. ഗദ്ദാഫിയുടെ ലിബിയയില്‍ ഇടപെടുന്നതിനു വേണ്ടി അദ്ദേഹം വോട്ട് ചെയ്തു. സിറിയയിലും ഇറാഖിലും വ്യോമാക്രമണം നടത്തുന്നതിനു വേണ്ടിയും വോട്ട് ചെയ്തു. പാര്‍ലമെന്റിലെത്തുന്നതിനു മുമ്പ് ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്ത സമയത്ത് ഇറാഖ്, അഫ്ഗാന്‍ അധിനിവേശങ്ങളെ അദ്ദേഹം എതിര്‍ത്തതിന് ഒരു തെളിവും നമ്മുടെ പക്കലില്ല.

ഇനി സാജിദിന്റെ ധൈഷണിക പശ്ചാത്തലത്തെക്കുറിച്ച് അറിയണമെന്നുണ്ടോ? നവയാഥാസ്ഥിതിക ബുദ്ധികേന്ദ്രം എന്ന് വിശേഷിപ്പിക്കാവുന്ന അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ടു(അഋക)മായി അടുത്ത ബന്ധമായിരുന്നു അദ്ദേഹത്തിന്. കടുത്ത നവയാഥാസ്ഥിതികരായ മുന്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ഡിക്‌ചെനി, നയരൂപവത്കരണ വിദഗ്ധന്‍ പോള്‍ വോള്‍ഷോവിറ്റ്‌സ്, ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ തുടങ്ങിയവരൊക്കെ ഇതില്‍ അംഗങ്ങളാണ്. ഇസ്‌ലാമിനെ 'നവ ഫാഷിസം' എന്ന് വിശേഷിപ്പിച്ച സോമാലിയക്കാരി അയാന്‍ ഹിര്‍സി അലിയും ഈ ക്ലബിലുണ്ട്. എ.ഇ.ഐയുടെ രഹസ്യ വാര്‍ഷിക സമ്മേളനങ്ങളില്‍ പല തവണ സംബന്ധിച്ചിട്ടുണ്ട് സാജിദ് ജാവീദ്. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന സമ്മേളനത്തില്‍ അദ്ദേഹം സംബന്ധിച്ചത് ബ്രിട്ടീഷ് മന്ത്രിസഭയിലെ മറ്റൊരു നവയാഥാസ്ഥിതിക അനുഭാവി മൈക്കല്‍ ഗോവിനോടൊപ്പം. സാജിദിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ്, കണ്‍സര്‍വേറ്റീവ് ഫ്രന്റ്‌സ് ഓഫ് ഇസ്രയേല്‍ എന്ന ഗ്രൂപ്പിന്റെ മുന്‍ രാഷ്ട്രീയ ഡയറക്ടറായ ടോറി പാര്‍ലമെന്റ് അംഗം ഹാര്‍ലോ റോബര്‍ട്ട് ഹാഫണ്‍. ഇദ്ദേഹം ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ നയങ്ങളെ അതിശക്തമായി പിന്തുണക്കുന്നയാളാണ്.

മാര്‍ഗരറ്റ് താച്ചറോട് അവരുടെ സ്ത്രീവാദി വിമര്‍ശകര്‍, സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണം എന്ന് ആവശ്യപ്പെടുന്നത് ശരിയല്ലെന്നാണ് ഞാന്‍ കരുതുന്നത്. അതുപോലെ, ബ്രിട്ടീഷ് മുസ്‌ലിംകളുടെ മനോഗതികളുമായി ചേര്‍ന്നുനില്‍ക്കുന്ന ഒരു നിലപാടിലേക്ക് സാജിദ് ജാവീദ് വരണം എന്ന് പറയുന്നതും ശരിയല്ലെന്നാണ് എന്റെ വിശ്വാസം. 'ശരിയായ' ബ്രിട്ടീഷ് മുസ്‌ലിം എങ്ങനെയാവണം എന്നതിന് കൃത്യമായ മാദനണ്ഡങ്ങളൊന്നുമില്ലല്ലോ. ഏതായാലും സാജിദ് ജാവീദ് നല്ല ബുദ്ധിയും കഴിവുമുള്ള രാഷ്ട്രീയ നേതാവാണ്. ആഭ്യന്തര സെക്രട്ടറി എന്ന നിലക്ക് അദ്ദേഹം വിജയിക്കുമെന്ന് നമ്മള്‍ കരുതുന്നു. തെരേസ മേയ് കഴിഞ്ഞാല്‍ അടുത്ത ടോറി നേതാവാകാനും പ്രധാനമന്ത്രിയാകാനും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നവരില്‍ ഒരാള്‍ സാജിദ് തന്നെയാണ്.

തീവ്രമായ ഉല്‍ക്കര്‍ഷേഛയുള്ള നേതാവാണ് സാജിദ്. ബ്രിട്ടനിലെ യാഥാസ്ഥിതിക കക്ഷിക്കകത്തുള്ള മുസ്‌ലിംകള്‍ക്ക് പാര്‍ട്ടി നേതൃത്വത്തില്‍ അവിശ്വാസം രൂപപ്പെടുന്നത് അദ്ദേഹം കാണുന്നുണ്ട്. ഭരണകക്ഷിയായ ടോറികളുടെ ഇസ്‌ലാമോഫോബിയയെക്കുറിച്ച് അന്വേഷണം വേണമെന്ന് മുസ്‌ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്‍ ആവശ്യപ്പെട്ടത് ഈയിടെയാണ്. 2016-ലെ ലണ്ടന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ ടോറികളുടെ സ്ഥാനാര്‍ഥി സാക് ഗോള്‍ഡ് സ്മിത്തിന്റെ പ്രചാരണങ്ങള്‍ നമ്മള്‍ കണ്ടതില്‍ വെച്ചേറ്റവും വിഷമയമായിരുന്നു. ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി സാദിഖ് ഖാന്‍ മുസ്‌ലിമായിപ്പോയി എന്നത് മാത്രമായിരുന്നു അതിന് കാരണം.

സയീദ വര്‍സിയുടെ അനുഭവവും സാജിദ് ജാവീദിന്റെ മനസ്സിലുണ്ടാവും. ടോറി നേതാവ് തന്നെയായ ഈ മുസ്‌ലിം വനിത 2014-ല്‍ ഇസ്രയേല്‍ നടത്തിയ ഗസ്സ ആക്രമണത്തെ എതിര്‍ത്തതോടെ പലതരത്തില്‍ ആക്രമിക്കപ്പെടുകയും ഭര്‍ത്സിക്കപ്പെടുകയും ചെയ്തു. അവര്‍ക്കൊടുവില്‍ മന്ത്രിസ്ഥാനം ഉപേക്ഷിക്കേണ്ടിവന്നു. ഈ മാതൃക സാജിദ് ജാവീദ് പിന്തുടരുമെന്ന് കരുതാന്‍ യാതൊരു ന്യായവും കാണുന്നില്ല. ഉയരത്തിലെത്തുകയാണ് അദ്ദേഹത്തിന്റെ ആവശ്യം. വ്യക്തിപരമായ വീക്ഷണങ്ങള്‍ മാര്‍ഗതടസ്സങ്ങളാകാതിരിക്കാനാണ് അദ്ദേഹം ശ്രദ്ധിക്കുന്നത്. ഏതായാലും ഒരു പാകിസ്താനി ഡ്രൈവറുടെ മകന്‍ ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയത്തിന്റെ കടിഞ്ഞാണേറ്റെടുത്തിരിക്കുന്നു. ബ്രിട്ടീഷുകാര്‍ എത്രയേറെ സഞ്ചരിച്ചു കഴിഞ്ഞെന്ന് അത് സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ.

 ('മിഡില്‍ ഈസ്റ്റ് ഐ' കോളമിസ്റ്റാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (50-53)
എ.വൈ.ആര്‍