Prabodhanm Weekly

Pages

Search

2018 മെയ് 04

3050

1439 ശഅ്ബാന്‍ 17

കാള പെറ്റെന്ന് കേട്ട് കയറെടുക്കുന്നവര്‍

മജീദ് കുട്ടമ്പൂര്‍

ഹര്‍ത്താലും പണിമുടക്കും നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതു താല്‍പര്യ ഹരജി തള്ളിക്കളഞ്ഞുകൊണ്ട് സുപ്രീം കോടതി വ്യക്തമാക്കിയത്, വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം മൗലികാവകാശങ്ങളില്‍പെട്ടതാണ് എന്നാണ്. ബ്രിട്ടീഷുകാരുടെ ഏകാധിപത്യ ഭരണത്തിനെതിരെ പ്രതിഷേധിക്കാന്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ ദേശീയ നേതാക്കള്‍ കണ്ടെത്തിയ അഹിംസാ സമരമുറയാണ് ഹര്‍ത്താല്‍. ഇങ്ങനെ പ്രതിഷേധത്തിന്റെയും ഒപ്പം സമാധാനത്തിന്റെയും പ്രതീകമായി മാറിയ ഹര്‍ത്താല്‍ പക്ഷേ, ഇന്ന് സമുദായമൈത്രി തകര്‍ക്കാനും കലാപമുണ്ടാക്കി മുതലെടുക്കാനും കേരളത്തില്‍ വരെ ചില കറുത്ത ശക്തികള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് ഏറ്റവുമൊടുവിലത്തെ ചില സംഭവങ്ങള്‍ തെളിയിക്കുന്നത്. അക്രമത്തോടും അനീതിയോടുമുള്ള പ്രതിഷേധമറിയിക്കുന്ന ഈ സമരരൂപം ഇപ്പോള്‍ സ്വയം തന്നെ വലിയ അക്രമവും അനീതിയുമായി പരിണമിച്ചിരിക്കുന്നു എന്നതാണ് വിരോധാഭാസം.

എന്തൊക്കെയായാലും കേരളത്തില്‍ ഇക്കാലമത്രയും പ്രഖ്യാപിക്കപ്പെട്ട ഹര്‍ത്താലുകള്‍ക്കൊക്കെ പിതൃത്വം ഉണ്ടായിരുന്നു. ഏതെങ്കിലും രാഷ്ട്രീയ മുന്നണികളോ സംഘടനകളോ ആയിരിക്കും ഹര്‍ത്താല്‍ പ്രഖ്യാപിക്കുക. എന്നാല്‍, കഠ്‌വയിലെ പിഞ്ചു കുഞ്ഞിനുണ്ടായ ദാരുണ സംഭവത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ മാത്രം ഏപ്രില്‍ 16-ന് ഒരു ഹര്‍ത്താലുണ്ടായതെങ്ങനെയെന്ന് അന്നേ പലരും സംശയിച്ചതാണ്.  ഈ വിഷയത്തില്‍ രൂപപ്പെട്ട ജനകീയ ഐക്യവും ഹിന്ദു-മുസ്‌ലിം മൈത്രിയും തകര്‍ത്ത് കലാപമുണ്ടാക്കാനും സംസ്ഥാനത്തെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനും ലക്ഷ്യമിട്ടാണ് ഈ ഹര്‍ത്താലെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവത്രെ. വാട്‌സ്ആപ്പ് സന്ദേശത്തിന്റെ സ്വഭാവം പരിശോധിച്ചപ്പോള്‍ തന്നെ ഒരു വിഭാഗത്തെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള വാചകങ്ങള്‍ കണ്ടെത്തിയിരുന്നുവെന്നാണ് വാര്‍ത്ത. കഠ്‌വയിലെ ബാലിക ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തതിലുള്ള സ്വാഭാവിക പ്രതിഷേധമല്ല സോഷ്യല്‍ മീഡിയ സന്ദേശം തയാറാക്കിയവരുടെ ലക്ഷ്യമെന്നും പോലീസ് വിശദീകരിക്കുന്നുണ്ട്.

കഠ്‌വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന പ്രതിഷേധത്തിന്റെ നിറം കെടുത്താനും സാമുദായിക സംഘര്‍ഷമുണ്ടാക്കി നിക്ഷിപ്ത താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും ലക്ഷ്യം വെച്ച് സംഘ് പരിവാര്‍ സഹയാത്രികര്‍ വോയ്‌സ് ഓഫ് യൂത്ത്, ജസ്റ്റിസ് ഫോര്‍ സിസ്റ്റേഴ്‌സ് എന്നീ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി ഹര്‍ത്താല്‍ പ്രചാരണത്തിന് തുടക്കം കുറിച്ചുവെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ നല്‍കിയ ഹര്‍ത്താലാഹ്വാനത്തിന്റെ മറവില്‍ നിരവധി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. ഇതൊക്കെ ഏതൊരു ഹര്‍ത്താലിലും സാധാരണമല്ലേ എന്നൊരു ചോദ്യമുയരാം. എന്നാല്‍ 16-ാം തീയതിയിലെ സൈബര്‍ ആഹ്വാനപ്രകാരം നടന്ന ഹര്‍ത്താലിന് അപകടകരമായ ചില ഉള്ളടക്കങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അത് വിജയിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയവര്‍ മനസ്സിലാക്കാതെ പോയി. ആ ഹര്‍ത്താലിന് ആരാണ് ആഹ്വാനം നല്‍കിയത് എന്ന ദുരൂഹത നിലനില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും. ഉദ്ബുദ്ധരായ കേരളീയര്‍ക്കിടയില്‍ നവ മാധ്യമങ്ങളെ ഉപയോഗിച്ച് ഛിദ്രതയും ചേരിതിരിവും കലാപവും സൃഷ്ടിക്കാന്‍ ദുശ്ശക്തികള്‍ ശ്രമിക്കുന്നുവെന്നത് സമൂഹം ഒന്നടങ്കം ജാഗരൂകരാവേണ്ട കാര്യമാണ്. മുസഫര്‍ നഗറിലും ഗുജറാത്തിലുമൊക്കെ സംഘര്‍ഷങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയെ ഉപയോഗിച്ച ഛിദ്രശക്തികള്‍ നമ്മുടെ നാട്ടിലും ഊഴം പാര്‍ത്തിരിക്കുകയാണെന്ന് വ്യക്തമാകുന്നു.

കശ്മീര്‍ ബാലികയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഒതുങ്ങാന്‍ പാടില്ലെന്നും തെരുവിലിറങ്ങണമെന്നും സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ സൈബര്‍ ഗ്രൂപ്പുകളില്‍ ആഹ്വാനം ചെയ്യുകയായിരുന്നു. ഗ്രൂപ്പുകളില്‍ പല മുഖ്യധാരാ പാര്‍ട്ടികളില്‍പെട്ടവരും ഉള്‍പ്പെട്ടതോടെ സന്ദേശം അതിവേഗം മറ്റു ഗ്രൂപ്പുകളിലേക്ക് പ്രവഹിച്ചു. ഹര്‍ത്താലിന് ആരാണ് ആഹ്വാനം ചെയ്തതെന്നോ അതിന്റെ പിന്നിലെ താല്‍പര്യങ്ങളെന്തെന്നോ അന്വേഷിക്കാതെ കുറേ ചെറുപ്പക്കാര്‍ തെരുവിലിറങ്ങി. ചിലയിടങ്ങളില്‍ അക്രമങ്ങളും അരങ്ങേറി. ഹര്‍ത്താല്‍ കഴിഞ്ഞിട്ടും ഗ്രൂപ്പുകളില്‍ നിരന്തരം വര്‍ഗീയത സൃഷ്ടിക്കുന്ന പോസ്റ്റുകള്‍ സംഘ് പരിവാര്‍ പ്രതികള്‍ പ്രചരിപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തവരില്‍ സി.പി.എം, കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, എസ്.ഡി.പി.ഐ തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും പാര്‍ട്ടിയൊന്നുമില്ലാത്തവരുമുണ്ട്. പെട്ടുപോയ നിരപരാധികളുമുണ്ടാവാം. ആക്രമണങ്ങളും പ്രശ്‌നങ്ങളും ഉണ്ടായ പശ്ചാത്തലത്തിലാണ് പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കുമൊക്കെ ഹര്‍ത്താലിനെ പിന്തുണച്ചിട്ടില്ലെന്ന് പ്രഖ്യാപിക്കേണ്ടിവന്നത്.

സമൂഹത്തില്‍ അസ്വസ്ഥതയും ചേരിതിരിവും സൃഷ്ടിച്ച് മുതലെടുപ്പ് നടത്തുന്നവര്‍ ആരാണോ അവരുടെ ചട്ടുകങ്ങളായി ജാര ഹര്‍ത്താലുകള്‍ക്ക് പിതൃത്വം ചാര്‍ത്തിക്കൊടുക്കാന്‍ ആവേശം കാണിച്ചവരൊക്കെ ഇപ്പോള്‍ മൗനികളാണ്. സമുദായത്തിലെ തീവ്ര വിഭാഗം സൈബര്‍ ഹര്‍ത്താലിന്റെ മഹത്വം പറഞ്ഞ് വാര്‍ത്തകള്‍ ചമച്ചിരുന്നുവെങ്കിലും, ഹര്‍ത്താലിന്റെ യഥാര്‍ഥ ഉറവിടം വ്യക്തമായപ്പോള്‍ ജാള്യത്തിലാണ്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഹര്‍ത്താലാഹ്വാനം സമുദായ യുവത്വത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പുവരെയായി ചിത്രീകരിച്ചുകളഞ്ഞു ചിലര്‍. 'കേരള ചരിത്രത്തില്‍ ഇന്നേവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അവകാശപ്പെടാനാവാത്ത കൂട്ടായ്മയിലൂടെ മലബാറിലെ യുവാക്കള്‍ നാട് നിശ്ചലമാക്കിയത് എല്ലാ സംഘടനകളെയും ഞെട്ടിച്ചിരിക്കുന്നു'  എന്നും 'ക്ഷുഭിത യൗവനം തെരുവുകള്‍ കീഴടക്കി വിജയം കൊയ്തു' എന്നുമൊക്കെയാണ് ഒരു പത്രം തട്ടിവിട്ടത്. കുളം കലക്കി മീന്‍ പിടിക്കാന്‍ ശ്രമിക്കുന്ന സംഘ് പരിവാര്‍ ശക്തികളെയല്ലേ ഇവര്‍ പരോക്ഷമായി സഹായിക്കുന്നത്?

സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പ്രതികരണങ്ങളെയും ആഹ്വാനങ്ങളെയും എങ്ങനെ ന്യായീകരിക്കണം എന്നതിനെ സംബന്ധിച്ച് ലോകവ്യാപകമായി ആശങ്ക നിലനില്‍ക്കുകയാണ്. സത്യം ചെരുപ്പിടുമ്പോഴേക്കും കള്ളം ബഹുദൂരം സഞ്ചരിച്ചു കഴിഞ്ഞിരിക്കും എന്ന നിലയിലാണ് കാര്യങ്ങള്‍. കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേക്കും തെല്ലിട ആലോചിക്കുക പോലും ചെയ്യാതെ കയറെടുക്കുന്നവര്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന കുറിപ്പുകളെ പിന്തുണച്ച് തെരുവിലിറങ്ങുന്ന സാഹചര്യം തീര്‍ത്തും അപകടകരമാണ്. സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും മുതലെടുത്ത് വികാരങ്ങളെ ഉണര്‍ത്തി വഴിതെറ്റിക്കാന്‍ പര്യാപ്തമായതെന്തും നിര്‍മിച്ചെടുക്കാന്‍ കറുത്ത ശക്തികള്‍ ജാഗ്രതയോടെ ഇരിപ്പുണ്ടെന്ന് ഓര്‍മ വേണം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (43-48)
എ.വൈ.ആര്‍

ഹദീസ്‌

ദയാവധത്തിന് നിയമസാധുതയോ?
കെ.സി ജലീല്‍ പുളിക്കല്‍