Prabodhanm Weekly

Pages

Search

2018 മെയ് 04

3050

1439 ശഅ്ബാന്‍ 17

വീറും വാശിയും ധിഷണയും മാറ്റുരച്ച് കൗമാര സംഗമം

ജലീല്‍ മോങ്ങം

'നന്മയുടെ ലോകം ഞങ്ങളുടേത്' എന്ന മുദ്രാവാക്യമുയര്‍ത്തി മലപ്പുറത്ത് ചേര്‍ന്ന പ്രഥമ ടീന്‍ ഇന്ത്യാ സംസ്ഥാന സംഗമം ഉള്ളടക്കം കൊണ്ടും പതിനായിരത്തില്‍പരം കൗമാരക്കാരുടെ സാന്നിധ്യം കൊണ്ടും ചരിത്രത്തില്‍ ഇടം നേടി. അക്ഷരാര്‍ഥത്തില്‍ കുട്ടികളുടെ സമ്മേളനം തന്നെയായിരുന്നു. സാമ്പ്രദായിക സമ്മേളന ശൈലികളെ പൊളിച്ചെഴുതുന്ന തരത്തില്‍ ആസൂത്രണം ചെയ്ത കാര്യപരിപാടികള്‍ അതിന്റെ അവതരണ മികവ് കൊണ്ടും ഗാംഭീര്യം കൊണ്ടും ശ്രദ്ധേയമായി. 'റബ്‌വ' പരിശീലന കളരിയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആങ്കര്‍ പടയാണ് സമ്മേളനം നിയന്ത്രിച്ചത്. സമ്മേളനത്തെ ജീവസ്സുറ്റതാക്കിയത് ഈ മിടുക്കന്മാരും മിടുക്കികളുമായിരുന്നു. വളരെ ഹ്രസ്വമായ പരിശീലനം കൊണ്ട് തന്നെ മികവുറ്റ രീതിയില്‍ സമ്മേളനത്തെ ഒരിക്കലും മറക്കാനാവാത്ത അനുഭവമാക്കി മാറ്റാന്‍ ഇവര്‍ക്ക് സാധിച്ചു. അന്‍സിഫ് അബ്ദുല്ല (ഏറിയാട്), ലീന്‍ മര്‍യം (താമരശ്ശേരി), നഹ്ന നൗഷി (വണ്ടൂര്‍), നദ ഫാത്വിമ (മോങ്ങം), ഫാത്വിമ ഹന്ന (മങ്കട), ഹെല്‍മിന്‍ വഹാബ് (മഞ്ചേരി), ഇബ്തിസാം ഇംതിയാസ്, ഇന്‍സാഫ് (കവിയൂര്‍), മിന്‍ഹ, ഫിദ, വി.പി ഹന്ന, നൂഹ നാസര്‍ (തിരൂര്‍), യൂസുഫ് സബാഹ് (ആലുവ), നിദ അബ്ദുസ്സലീം (പൊന്നാനി) എന്നിവര്‍ പ്രതിനിധി സമ്മേളനവും പൊതുസമ്മേളനവും അവിസ്മരണീയമാക്കി. സംസ്ഥാന ഗേള്‍സ് ക്യാപ്റ്റന്‍ നൂറാ മൈസൂന്‍ (കണ്ണൂര്‍), ബോയ്‌സ് ക്യാപ്റ്റന്‍ ജവാദ് (എറണാകുളം), ഗേള്‍സ് വൈസ് ക്യാപ്റ്റന്‍ റിദ ഇസ്‌ലാം (കണ്ണൂര്‍), ബോയ്‌സ് വൈസ് ക്യാപ്റ്റന്‍ അഫ്നാന്‍ (പാലക്കാട്) എന്നിവര്‍ക്കു പുറമെ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളും നേതൃത്വം നല്‍കി.

കുട്ടിത്താരങ്ങളുടെ സാന്നിധ്യമായിരുന്നു സമ്മേളനത്തിന്റെ മറ്റൊരു വ്യതിരിക്തത. പ്രണവ് ആലത്തൂരിന്റെ ഓരോ വാക്കുകളും സദസ്സിനെ പിടിച്ചുകുലുക്കി. 'എന്റെ രണ്ടു കൈകളും എന്റെ പിറകില്‍ നില്‍ക്കുന്ന അഛനും അമ്മയുമാണ്' എന്ന പ്രഖ്യാപനം സദസ്സിനെ ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു. പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി കാലു കൊണ്ടെടുത്ത പ്രണവിന്റെ സെല്‍ഫി ചരിത്രത്താളുകളിലേക്ക് കൗമാരസമ്മേളനത്തെ എഴുതിച്ചേര്‍ക്കുകയായിരുന്നു. വയലിന്‍ വായിച്ച് അതിമനോഹരമായി തന്റെ വൈകല്യത്തെ സംഗീതസാന്ദ്രമാക്കിയ നൂര്‍ജലീലയും കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും പ്രതീകമായി മാറിയ ഫാത്വിമ ബിസ്മിയും സമ്മേളനത്തിന് വലിയ അര്‍ഥങ്ങളാണ് പകര്‍ന്നു നല്‍കിയത്. കൊച്ചു കലാകാരി മര്‍യം കൊറോത്ത് ആസിഫക്കു വേണ്ടി ആലപിച്ച പാട്ടും നന്മയുടെ ലോകത്തിന് വേണ്ടിയുള്ള വലിയ മുറവിളിയായി. പുരസ്‌കാരങ്ങളുടെ അധിപനായ കൊച്ചു ചിത്രകാരന്‍ അനുജാതും ഇടങ്കൈയന്‍ ബാറ്റ്‌സ്മാന്‍ അയാസും സമ്മേളനത്തിന്റെ തിളങ്ങുന്ന നക്ഷത്രങ്ങളായിരുന്നു. കുട്ടിത്താരങ്ങളുടെ സംഘാടനം നിര്‍വഹിച്ചത് ജലീല്‍ അരീപ്പുറത്ത്. വിവിധ വിഷയങ്ങളില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളും മജീഷ്യന്‍ മുതുകാടിന്റെ സംസാരവും സമ്മേളനത്തെ അതിന്റെ പാരമ്യത്തിലെത്തിച്ചു.

കൗമാരക്കൂട്ടത്തെ ഇനിയേറ്റെടുക്കേണ്ട എസ്.ഐ.ഒ വിന്റെ ദേശീയ പ്രസിഡന്റ് നഹാസ് മാളയുടെ പ്രസംഗവും അഖിലേന്ത്യാ ചില്‍ഡ്രന്‍സ് സര്‍ക്കിള്‍ അധ്യക്ഷന്‍ എസ്.എസ് ഹുസൈനിയുടെ ഉദ്ഘാടന ഭാഷണവും സദസ്സ് ഹര്‍ഷാരവത്തോടെ ഏറ്റുവാങ്ങുകയായിരുന്നു. ടീന്‍ ഇന്ത്യ മുഖ്യ രക്ഷാധികാരി എം.ഐ അബ്ദുല്‍ അസീസ് സാഹിബിന്റെ പ്രതിജ്ഞയോടെ വിരാമമിട്ട സമാപന സംസാരവും സമ്മേളനത്തെ പ്രൗഢഗംഭീരമാക്കി. മൈന്റ് ട്യൂണിംഗ് ട്രെയിനറും ചാനല്‍ ഫെയിമുമായ റാസിം നിസാമിയുടെ ബ്രോക്കണ്‍ ഗ്ലാസ് ഡാന്‍സും ഫുട്ബോള്‍ മാന്ത്രികന്‍ ശാഹിദ് സഫറിന്റെ പ്രകടനവും ജമീല്‍ അഹ്മദ് രചന നിര്‍വഹിച്ച് ടീന്‍ ഇന്ത്യ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സംഗീത നാടകവും കലാസന്ധ്യയെ വര്‍ണാഭമാക്കി.

പ്രതിനിധികളുടെ ഘോഷയാത്രയും ശ്രദ്ധേയമായി. കഠ്വയിലെ പെണ്‍കുട്ടിയുടെ ദാരുണാന്ത്യത്തില്‍ പ്രതിഷേധിച്ച് ഘോഷയാത്രയില്‍ പ്രത്യേകം ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി. കൊച്ചനുജത്തിയോടുള്ള ക്രൂരതയില്‍ മനസ്സു പിടഞ്ഞവര്‍ വയലറ്റ് ഷാളണിഞ്ഞ് അവളോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഉമര്‍ പൂപ്പലം, നാസര്‍ വള്ളുവമ്പ്രം എന്നിവര്‍ ഘോഷയാത്രക്ക് നേതൃത്വം നല്‍കി.

ഓരോ ഏരിയയില്‍നിന്നും ആറ് പ്രതിനിധികളെ(3 ആണ്‍കുട്ടികളും 3 പെണ്‍കുട്ടികളും)യാണ് സമ്മേളനത്തിലേക്ക് തെരഞ്ഞെടുത്തിരുന്നത്. അവരെ ആറു ക്ലസ്റ്ററുകളാക്കി തിരിച്ചു. പ്രതിനിധി രജിസ്‌ട്രേഷനുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. 130 പേരുള്ള ആറ് ക്ലസ്റ്ററുകള്‍ക്ക് ഓറഞ്ച്, മഞ്ഞ, മെറൂണ്‍, നീല, ചാരനിറം, ചുവപ്പ് എന്നീ നിറങ്ങളില്‍ യൂനിഫോമുകള്‍ നല്‍കി. വളരെ അടുത്ത ഉപദേശി എന്ന നിലയില്‍ മുറബ്ബിമാരെ (ങലിീേൃ)െ സംസ്ഥാനതലത്തില്‍ തെരഞ്ഞെടുത്തിരുന്നു. രണ്ടു ദിവസത്തെ സമ്മേളനത്തിന് ഒരു മെന്റര്‍ക്ക് കീഴില്‍ 15 പ്രതിനിധികളെ നിശ്ചയിച്ചു. മെന്റേഴ്‌സ് പരിശീലനങ്ങള്‍ വളരെ വ്യവസ്ഥാപിതമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. ഡോ. മഹ്മൂദ് ശിഹാബ്, പി.പി മുഹമ്മദ് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. ഏരിയയില്‍ നേതൃഗുണമുള്ള 6 പേരെ ക്യാപ്റ്റന്‍, വൈസ് ക്യാപ്റ്റന്‍, സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് (ആണ്‍, പെണ്‍ വെവ്വേറെ) തെരഞ്ഞെടുക്കുകയും ജില്ലാതല സംഗമം നടത്തുകയും ചെയ്തിരുന്നു. 

 

ദിശാബോധം നല്‍കുന്ന പ്ലാനറ്റുകള്‍

വിവിധ പ്ലാനറ്റുകളായി സംവിധാനിച്ച വേദിയില്‍ നടന്ന ചര്‍ച്ചകളും സംവാദങ്ങളും മത്സരങ്ങളുമായിരുന്നു സംഗമത്തിന്റെ മുഖ്യ ശ്രദ്ധാകേന്ദ്രം.

 

ഹൊറൈസണ്‍ പ്ലാനറ്റ് 

(കഴിവുകളുടെ ലോകം ഞങ്ങളുടേത്)

'നിങ്ങളുടേതെന്ന് കരുതുന്ന കുട്ടികള്‍ നിങ്ങളുടേതല്ല' എന്ന ഖലീല്‍ ജിബ്രാന്റെ വാക്കുകളെ അന്വര്‍ഥമാക്കുന്ന ഉള്ളടക്കത്തോടെ സംവിധാനിച്ച കരിയര്‍ പ്ലാനറ്റ് കഴിവ്, പഠനം, യോഗ്യത, പ്രകടനം എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു. ഇസ്‌ലാമിക വ്യക്തിത്വവും അഭിരുചിയും നിര്‍ണയിക്കുന്ന വിവിധ പേഴ്സണാലിറ്റി ടെസ്റ്റുകളും കരിയര്‍ മോട്ടിവേറ്റര്‍മാരും കൗണ്‍സലര്‍മാരും സംവാദങ്ങളും അഭിമുഖങ്ങളും ഈ പ്ലാനറ്റിനെ വ്യതിരിക്തമാക്കി. ഇഖ്ബാല്‍ വടകര, ജമാലുദ്ദീന്‍ വടക്കാങ്ങര, ഇംതിയാസ് മാഹി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന വിവിധ സെഷനുകളില്‍ മജീസിയ ബാനു, ശരീഫ് പവല്‍, നൗഷാബ നാസ്, ജറീഷ്, ഡോ. മിസ്അബ്, ഇംതിയാസ് കവിയൂര്‍, സിദ്ദീഖ് അസ്ലം, അനീസ മുഹ്യിദ്ദീന്‍, സുബൈര്‍ കോയമ്പത്തൂര്‍, ആര്‍ട്ടിസ്റ്റ് ദിലീഫ് എന്നിവര്‍ പ്രതിനിധികളുമായി സംവദിച്ചു.

 

ദ ലൈറ്റ് പ്ലാനറ്റ് 

(ഞങ്ങളുടെ ലോകം ഇസ്‌ലാമിന്റേത്)

ലഘു പ്രഭാഷണങ്ങളും സംവാദങ്ങളും മനോഹരമായി മേളിച്ച ലൈറ്റ് പ്ലാനറ്റ് ലളിതസുന്ദരമായ എക്‌സിബിഷന്‍ കൂടിയായിരുന്നു. ഇസ്‌ലാമിന്റെ ആഗമനം, അല്ലാഹു, പ്രപഞ്ചം, പ്രവാചകന്മാര്‍, ആരാധനകളുടെ ചൈതന്യം, സൗന്ദര്യം എന്നീ വിഷയങ്ങളിലൂടെ കടന്ന് ഇസ്‌ലാം പ്രതീക്ഷയാണ്, പരിഹാരമാണ് എന്ന ആത്മവിശ്വാസം പകര്‍ന്നു നല്‍കുന്ന ഒന്നായിരുന്നു  ദ ലൈറ്റ് പ്ലാനറ്റ്. ഇസ്‌ലാമിനു മുമ്പുള്ള കേരളം, സാമൂഹിക ജീവിതം, ജാതീയത, വിശ്വാസ വൈകല്യങ്ങള്‍, സാമൂഹിക ജീവിതത്തിലെ അധാര്‍മിക നിയമങ്ങള്‍, മാലിക് ദീനാറും സംഘവും തുടങ്ങി കേരളത്തിലേക്കുള്ള ഇസ്‌ലാമിന്റെ ആഗമന ചരിത്രത്തിന്റെ ദൃശ്യാവിഷ്‌കാരവും ഒരുക്കി.  എ.ടി ശറഫുദ്ദീന്‍, വി.പി ശൗക്കത്തലി, വി.എന്‍ ഹാരിസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന പ്രസ്തുത പ്ലാനറ്റില്‍ ശിഹാബ് പൂക്കോട്ടൂര്‍, സമദ് കുന്നക്കാവ്, ഇംതിയാസ് വാഴക്കാട്, സ്വഫിയ്യ ശറഫിയ്യ, ടി.പി സ്വാലിഹ്, ഇ.എം അമീന്‍, റഹ്മാബി ടീച്ചര്‍, ഡോ. സാഫിര്‍ എന്നിവര്‍ ടീന്‍ അംഗങ്ങളുമായി സംസാരിച്ചു. 

 

ടീന്‍ സ്‌കാന്‍ പ്ലാനറ്റ് 

(കളികളുടെ ലോകം നന്മയുടേത്)

ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസ്സിരിക്കുന്നതെന്ന ആപ്ത വാക്യത്തോടെയാണ് പ്രതിനിധികള്‍ ഇവിടെ വരവേല്‍ക്കപ്പെട്ടത്. ശരീരത്തിന്റെ അനക്കവും വഴക്കവും  വേഗതയും പുഷ്ടിയും കൗമാരത്തിന്റെ ശക്തിയും ചൈതന്യവും അല്ലാഹു തന്ന അനുഗ്രഹമാണെന്ന തിരിച്ചറിവാണ് ടീന്‍ സ്‌കാന്‍ നല്‍കിയത്. പ്രഥമശുശ്രൂഷ പഠിപ്പിച്ച എയ്ഞ്ചല്‍ ഗ്രൂപ്പ് ഓഫ് കോഴിക്കോട്, ഒറ്റയാള്‍ പ്രതിഷേധത്തിന്റെ പുതിയ പാഠങ്ങള്‍ പകര്‍ന്നുനല്‍കിയ ജബ്ബാര്‍ പെരിന്തല്‍മണ്ണ, മാജിക് ടിപ്‌സ് അവതരിപ്പിച്ച റഫീഖ് പോത്തുകല്ല്, കാല്‍പന്തുകളിയുടെ മാന്ത്രികസ്പര്‍ശം കൊണ്ട് സദസ്സിനെ കൈയിലെടുത്ത ശാഹിദ് സഫര്‍, ഫഹ്ദ് & ടീമിന്റെ തൈ്വക്കോണ്ടോ എന്നിവ ടീന്‍ സ്‌കാനിനെ കുട്ടികളുടെ ഹരമാക്കി മാറ്റി.

 

അറീന പ്ലാനറ്റ് 

(നന്മയുടെ സംസ്‌കാരം ഞങ്ങളുടേത്)

ഒരു മരച്ചുവട്ടില്‍ അതിമനോഹരമായി രൂപകല്‍പന ചെയ്ത കള്‍ച്ചറല്‍ പ്ലാനറ്റ് വേറിട്ട സാഹിത്യാനുഭവമായിരുന്നു. ബഷീറും ചാരു കസേരയും ഗ്രാമഫോണും കമലാ സുറയ്യയും പ്ലാനറ്റിന്റെ അലങ്കാരങ്ങളായി. വിവിധ സാഹിത്യകാരന്മാരുടെ ഛായാചിത്രങ്ങളും ലഘുചരിത്രങ്ങളും കൊണ്ട് അണിയിച്ചൊരുക്കിയ അറീനയില്‍ അംഗങ്ങള്‍ ശ്രോതാക്കളായും രചനയില്‍ പങ്കാളികളായും അവതാരകരായും രംഗപ്രവേശം ചെയ്തു.  വേറിട്ട വഴിയില്‍ ഒന്നെഴുതാന്‍, ചിന്തിക്കാന്‍, അക്ഷരങ്ങളെ വിപ്ലവത്തിന്റെ ഇന്ധനമാക്കാന്‍ പ്രചോദനമേകിയ ഈ പ്ലാനറ്റിന് ഡോ. ജമീല്‍ അഹ്മദ്, നൂറുദ്ദീന്‍ ചേന്നര എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ സെഷനുകളിലായി ശൈഖ് മുഹമ്മദ് കാരകുന്ന്, മണമ്പൂര്‍ രാജന്‍ ബാബു, എം. ഷാജഹാന്‍, ടി. മുഹമ്മദ് വേളം, ടി.പി മുഹമ്മദ് ശമീം, കെ.ടി ഹുസൈന്‍, ഡോ. വി. ഹിക്മത്തുല്ല, ഐ. സമീല്‍ എന്നിവര്‍ എഴുത്തിന്റെയും ചിന്തയുടെയും പുതിയ ലോകങ്ങള്‍ വരച്ചുവെച്ചു.

 

ബ്ലാക്ക് & വൈറ്റ് പ്ലാനറ്റ് 

(നന്മയുടെ അഭ്രപാളികള്‍ ഞങ്ങളുടേത്) 

വാണിജ്യ സിനിമകള്‍ക്കപ്പുറം സിനിമ എന്ന ജനകീയ മാധ്യമത്തിന്റെ സാധ്യതകളെ പരിചയപ്പെടുത്തുന്ന ബ്ലാക്ക് & വൈറ്റ് തീയേറ്റര്‍ പ്രതിനിധികള്‍ ഏറ്റവും ഇഷ്ടപ്പെട്ട ഒന്നായിരുന്നു. നന്മയുടെ വ്യാപനത്തിന്, പ്രതിരോധത്തിന് എങ്ങനെ ചലച്ചിത്രം ലോകാടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്തുന്നു എന്ന് ബോധ്യപ്പെടുത്തുന്ന തീയേറ്ററില്‍ നിരൂപണം, സാങ്കേതികവിദ്യ, ചര്‍ച്ചകള്‍, പഠന ക്ലാസുകള്‍, സംവാദങ്ങള്‍ എല്ലാമുായിരുന്നു. അന്‍സാര്‍ നെടുമ്പാശ്ശേരി നേതൃത്വം നല്‍കിയ ബ്ലാക്ക് & വൈറ്റ് പ്ലാനറ്റില്‍ ആദം അയ്യൂബ്, പ്രജേഷ് സെന്‍, സുരേഷ് ഇരിങ്ങല്ലൂര്‍, ഷഫീഖ് കൊടിഞ്ഞി, അന്‍സാരി കരൂപ്പടന്ന, അന്‍സാര്‍ പള്ളിപ്പുറം, എം. കുഞ്ഞാപ്പ, ഫൈസല്‍ സി സെഡ്, ആഖി, എബി എബ്രഹാം, നജ്മ നസീര്‍ തുടങ്ങിയ സംവിധായകരും എഡിറ്റര്‍മാരും തിരക്കഥാകൃത്തുക്കളും നടന്മാരും പങ്കെടുത്തു.

 

ഫെയ്‌സ് റ്റു ഫെയ്‌സ് പ്ലാനറ്റ് 

(നന്മയുടെ പ്രസ്ഥാനം ഞങ്ങളുടേത്)

നേതാക്കളുമായുള്ള കൂടിക്കാഴ്ചയായിരുന്നു ഫെയ്‌സ് റ്റു ഫെയ്‌സിന്റെ ഉള്ളടക്കം. മൂന്ന് സ്റ്റുഡിയോകളിലായി സംവിധാനിച്ച ചരിത്രം, വര്‍ത്തമാനം, ഭാവി എന്നീ ഘട്ടങ്ങളെ അനാവൃതമാക്കി നടന്ന സംവാദങ്ങളിലും ചര്‍ച്ചകളിലും കൗമാരക്കാര്‍ പങ്കാളികളായി. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഇന്നലെകളെ ഓര്‍ത്തും ഇന്നിന്റെ പച്ചപ്പിനെ നനച്ചും നാളെയുടെ സ്വപ്‌നങ്ങളെ നെയ്തും കുട്ടികളുമായി സ്‌നേഹപൂര്‍വം സംവദിക്കുകയായിരുന്നു നേതാക്കള്‍. ഹാരിസ് പടപ്പറമ്പ്, ജവാദ് താനൂര്‍, റഖീബ് മേലാറ്റൂര്‍, ഇബ്ശാറുദ്ദീന്‍ ശര്‍ഖി, സി.എച്ച് ശകീല്‍, ഇസാം അബ്ദുല്‍ അസീസ്, ശഫാഖ് കക്കോടി, കെ.പി ബാസില്‍ മമ്പാട് തുടങ്ങിയവരുടെ നേതൃത്വത്തില്‍ മൂന്ന് സ്റ്റുഡിയോകളിലായി പി. മുജീബുര്‍റഹ്മാന്‍, എം.കെ മുഹമ്മദലി, ടി.കെ ഹുസൈന്‍, പി.പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി, ടി. മുഹമ്മദ് വേളം, ഇല്‍യാസ് മൗലവി, റഹ്മത്തുന്നിസ, റഹ്മാബി ടീച്ചര്‍, അഫീദ, ഫസ്‌ന മിയാന്‍, ഒ. അബ്ദുര്‍റഹ്മാന്‍, സി. ദാവൂദ്, പി.എം സ്വാലിഹ്, സി.ടി സുഹൈബ്, തൗഫീഖ് മമ്പാട്, റസാഖ് പാലേരി, സഫീര്‍ഷ, സാദിഖ് ഉളിയില്‍ എന്നിവര്‍ കുട്ടികളുമായി സംവദിച്ചു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (43-48)
എ.വൈ.ആര്‍

ഹദീസ്‌

ദയാവധത്തിന് നിയമസാധുതയോ?
കെ.സി ജലീല്‍ പുളിക്കല്‍