Prabodhanm Weekly

Pages

Search

2018 മെയ് 04

3050

1439 ശഅ്ബാന്‍ 17

മാതാപിതാക്കളോടുള്ള ബാധ്യത

ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി

വിശുദ്ധ ഖുര്‍ആന്‍ സന്താനങ്ങളുടെ കാര്യത്തില്‍ മാതാപിതാക്കളെ ഉദ്‌ബോധിപ്പിച്ചപ്പോള്‍ തന്നെ മക്കള്‍ക്ക് ഉമ്മ ബാപ്പമാരോടുള്ള ഉത്തരവാദിത്തവും വ്യക്തിമാക്കിയിരിക്കുന്നു. മാതാപിതാക്കളോട് മാന്യമായി പെരുമാറേണ്ട ബാധ്യത മക്കള്‍ക്കുണ്ട്. അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു കൊടുക്കേണ്ടതുമുണ്ട്.

'അവര്‍ ഇരുവരോടും ഇഹലോകത്ത് മാന്യമായി വര്‍ത്തിക്കുക' (ലുഖ്മാന്‍ 15).

മാതാപിതാക്കളോട് മാന്യമായി പെരുമാറുകയെന്നാല്‍, അവര്‍ക്കു വേണ്ടി ചെലവഴിക്കലും അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചുകൊടുക്കലുമൊക്കെ ഉള്‍പ്പെടും. നിയമാനുസൃതം ചെയ്യേണ്ട ഒരു കാര്യം എന്ന നിലക്കല്ല ഖുര്‍ആന്‍ ഇക്കാര്യം പറയുന്നത്. വളരെ മര്യാദയോടെയും മാന്യതയോടെയും മയത്തോടെയും വര്‍ത്തിക്കുക എന്നതാണ് പ്രധാനം. മാതാപിതാക്കള്‍ക്കു വേണ്ടി ഉള്ളുരുകി പ്രാര്‍ഥിക്കണമെന്നും ഉപദേശിച്ചു. ആവുന്നത്ര സേവനങ്ങള്‍ ചെയ്യണം. അവര്‍ക്ക് പ്രായം ചെല്ലുമ്പള്‍, 'പിച്ചുംപേയും' പറയാന്‍ തുടങ്ങുമ്പോള്‍ വളരെ താഴ്മയോടെ പിഞ്ചു പൈതങ്ങളോടെന്ന പോലെ പെരുമാറണം.

''തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവരില്‍ രണ്ടു പേരും തന്നെയോ നിന്റെയടുക്കല്‍ വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ 'ഛെ' എന്നു പറയുകയോ കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയണം. കാരുണ്യത്തോടു കൂടി എളിമയുടെ ചിറക് നീ അവര്‍ക്ക് താഴ്ത്തിക്കൊടുക്കുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റി വളര്‍ത്തിയതുപോലെ ഇവരോട് നീ കരുണ കാണിക്കേണമേ എന്ന് നീ പ്രാര്‍ഥിക്കുകയും ചെയ്യുക'' (ഇസ്‌റാഅ് 23,24).

വൃദ്ധ സദനങ്ങള്‍ (Old Age Homes)

പുതിയ ലോകത്ത് ഓള്‍ഡ് എയ്ജ് ഹോം (വൃദ്ധസദനം) സംബന്ധിച്ച് പല സംശയങ്ങളും ഉയരുന്നുണ്ട്. ഇതില്‍ ഇസ്‌ലാമിന്റെ വിധിയെന്ത് എന്നാണ് ഒരു സംശയം. എന്റെ അഭിപ്രായത്തില്‍ വൃദ്ധസദനം എന്നത് ഖുര്‍ആന്റെ ആത്മാവിനോട് യോജിക്കുന്നതല്ല. 'അവര്‍ നിന്റെ അടുക്കല്‍ വെച്ച് വാര്‍ധക്യം പ്രാപിച്ചാല്‍' എന്ന വാക്യം മാതാപിതാക്കളെ ഓരോരുത്തരും തന്റെ കൂടെ നിര്‍ത്തണമെന്ന് വ്യക്തമാക്കിത്തന്നെ പറയുന്നില്ലേ?

എന്നാല്‍ മക്കള്‍ മാതാപിതാക്കളെ ഒപ്പം നിര്‍ത്താന്‍ പറ്റാത്ത വിധം 'ആധുനികരാ'യിരിക്കുന്നു. ഭര്‍ത്താവിന്റെ മാതാപിതാക്കളെ പരിപാലിക്കാന്‍ ചിലപ്പോള്‍ ഭാര്യ സന്നദ്ധമാവില്ല. ഭര്‍ത്താവിന് അവളെ നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നും വരില്ല. അല്ലെങ്കില്‍ മാതാപിതാക്കള്‍ ഇന്ത്യയിലും മകന്‍ അമേരിക്കയിലോ ബ്രിട്ടനിലോ മറ്റേതെങ്കിലും രാജ്യത്തോ ജോലിയിലായിരിക്കും. അത്തരം പ്രശ്‌നങ്ങള്‍ നിരവധി. മേല്‍ സൂക്തത്തില്‍നിന്ന് മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, മാതാപിതാക്കളുടെ ചെലവിനങ്ങള്‍ വഹിക്കുന്നതോടൊപ്പം അവരുടെ ശാന്തിയും സംതൃപ്തിയും പരിഗണിക്കേണ്ട ബാധ്യതയും മക്കള്‍ക്കുണ്ട് എന്നാണ്. അപ്പോള്‍ ഇതിനായി ഒരാള്‍ ഏതുവഴി തെരഞ്ഞെടുക്കും? ഇതില്‍ അന്തിമതീര്‍പ്പു പറയാനാവില്ല. എന്നാല്‍ ഓരോരുത്തരും ആലോചിക്കണം എന്താണ് പരിഹാരമെന്ന്.

രക്തബന്ധം കാത്തുസൂക്ഷിക്കുക

മാതാപിതാക്കളും ഭാര്യയും മക്കളുമായുള്ള സുദൃഢ കുടുംബബന്ധം ഊന്നിപ്പറഞ്ഞ ശേഷം ഖുര്‍ആന്‍ മറ്റു രക്തബന്ധുക്കളെയും ആദരിക്കാനും അവരുടെ അവകാശം വകവെച്ചുകൊടുക്കാനും ആവശ്യപ്പെടുന്നു.

''ഏതൊരുവനെ മുന്‍നിര്‍ത്തിയാണോ നിങ്ങള്‍ പരസ്പരം അവകാശങ്ങള്‍ ചോദിക്കുന്നത്, ആ അല്ലാഹുവിനെ ഭയപ്പെടുവിന്‍. കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നത് സൂക്ഷിക്കുകയും ചെയ്യുവിന്‍'' (അന്നിസാഅ് 1). വിശ്വാസികളുടെ ഗുണങ്ങളില്‍ മുഖ്യമായ ഒന്ന് കുടുംബ ബന്ധം പുലര്‍ത്തല്‍ തന്നെ. ''കൂട്ടിയിണക്കപ്പെടാന്‍ അല്ലാഹു കല്‍പിച്ച ബന്ധങ്ങള്‍ കൂട്ടിയിണക്കുകയും ചെയ്യുന്നവര്‍'' (അര്‍റഅ്ദ് 21).

ഇതൊരിക്കലും കേവല ഉപദേശമോ ഉദ്‌ബോധനമോ അല്ല, പ്രത്യുത ശക്തമായ വിധി തന്നെയാണ്.

''ബന്ധുവിന് അവന്റെ അവകാശം നല്‍കണം. ദരിദ്രന്നും സഞ്ചാരിക്കും അവരുടെ അവകാശവും നല്‍കണം. നീ (ധനം) ദുര്‍വ്യയം ചെയ്യരുത്'' (അല്‍ഇസ്‌റാഅ് 26). ഈ സൂക്തം വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉണര്‍ത്തുന്നു. അമിതവ്യയവും പണം അങ്ങുമിങ്ങും അനാവശ്യമായി ധൂര്‍ത്തടിക്കലും അവകാശികളുടെയും ബന്ധുക്കളുടെയും അവകാശ നിഷേധത്തിനിടയാക്കും. സ്വത്ത് യഥാവിധി കൈകാര്യം ചെയ്യുമ്പോള്‍ മാത്രമേ അവകാശികള്‍ക്ക് അവരുടെ അവകാശം ലഭിക്കുകയുള്ളൂ.

ഇസ്‌ലാം മുന്നോട്ടുവെക്കുന്ന കുടുംബ വ്യവസ്ഥ ഭദ്രമാണ്. സ്‌നേഹത്തിന്റെയും സ്വഭാവമഹിമയുടെയും അടിത്തറകളില്‍ പടുത്തുയര്‍ത്തിയതാണ് ഇസ്‌ലാമിലെ കുടുംബ വ്യവസ്ഥ. സാമൂഹിക ഘടന കുടുംബ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് രൂപപ്പെടുക. കുടുംബത്തില്‍ ഇസ്‌ലാമിക നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെങ്കില്‍ മുഴുവന്‍ സമൂഹത്തിലും അതിന്റെ സ്വാധീനം കാണാനാവും. ചുറ്റുപാടിന്റെ അഴുക്കുകളിലേക്ക് മുസ്‌ലിം കുടുംബങ്ങള്‍ കൂപ്പുകുത്തുകയും ഇസ്‌ലാമിക അധ്യാപനങ്ങളെ കുറിച്ച് അവര്‍ അശ്രദ്ധരാവുകയും ചെയ്തിരിക്കുന്നു. സമൂഹത്തിന്റെ മേലുള്ള നമ്മുടെ പിടിത്തം ഇല്ലായാതിക്കൊണ്ടിരിക്കുന്നു. കുടുംബം എന്ന ചെറു യൂനിറ്റില്‍ നമുക്ക് ദൈവം തമ്പുരാന്‍ നല്‍കിയിട്ടുള്ള അധികാരവും മേല്‍കൈയും നാം യഥാവിധി ഉപയോഗപ്പെടുത്തണം. കുടുംബത്തെ ഇസ്‌ലാമികമായി ബോധവല്‍ക്കരിച്ചാല്‍ ദൈവാനുഗ്രഹത്താല്‍ ജനശ്രദ്ധ അങ്ങോട്ട് തിരിയും. നല്ല സമൂഹ സൃഷ്ടിയില്‍ നമ്മുടേതായ പങ്ക് വഹിക്കാന്‍ സാധിക്കുകയും ചെയ്യും, തീര്‍ച്ച. 

വിവ: സഈദ് മുത്തനൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (43-48)
എ.വൈ.ആര്‍

ഹദീസ്‌

ദയാവധത്തിന് നിയമസാധുതയോ?
കെ.സി ജലീല്‍ പുളിക്കല്‍