Prabodhanm Weekly

Pages

Search

2018 മെയ് 04

3050

1439 ശഅ്ബാന്‍ 17

കാളത്തേവിലൂടെ വെള്ളമെടുത്ത് പുഴയിലേക്ക് ഒഴുക്കുന്നവര്‍

കെ.കെ ഫാത്വിമ സുഹ്‌റ

കൃത്യമായ ലക്ഷ്യവും ആ ലക്ഷ്യത്തിലെത്താനുള്ള വഴിയും പ്രമാണബദ്ധമായി പഠിപ്പിക്കപ്പെട്ടവരാണ് മുസ്‌ലിംകള്‍. എന്നാല്‍ വഴിമധ്യേ അവര്‍ ലക്ഷ്യബോധം നഷ്ടപ്പെട്ട് നട്ടംതിരിയുന്ന ദുരവസ്ഥയാണ് നാം കാണുന്നത്. നിശ്ചിത കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ വിദ്യാലയത്തിലേക്ക് പുറപ്പെട്ട വിദ്യാര്‍ഥി വഴിമധ്യേ വാഹനം തകരാറിലായപ്പോള്‍ മറ്റു വഴിയിലൂടെ വിദ്യാലയത്തിലെത്താന്‍ ശ്രമിക്കാതെ ലക്ഷ്യം മറന്ന് അവിടെത്തന്നെ നിന്നുപോയ അവസ്ഥയാണിത് നമ്മെ ഓര്‍മിപ്പിക്കുന്നത്. സമുദായത്തിന് സ്വന്തമായ അജണ്ടയും ഐഡന്റിറ്റിയും നഷ്ടമായിരിക്കുന്നു. അപരന്‍ നിശ്ചയിക്കുന്ന അജണ്ടയാണ് അത് ഏറ്റെടുക്കുന്നത്.

മുസ്‌ലിം സമുദായത്തിന് വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു മൂന്നു വിശേഷണങ്ങളാണ് നല്‍കിയിരിക്കുന്നത്- ഉത്തമ സമുദായം, മധ്യമ സമുദായം, ഏക സമുദായം. ഈ മൂന്നു വിശേഷണങ്ങള്‍ക്കും മുസ്‌ലിം സമുദായം ഇന്ന് അര്‍ഹരാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. നന്മയുടെ സംസ്ഥാപനത്തിലും തിന്മയുടെ വിപാടനത്തിലും നിരതരാകേണ്ട ഈ സമുദായം നന്മ വെടിഞ്ഞ് സ്വയം തിന്മയില്‍ ആപതിച്ചിരിക്കുന്നു. മധ്യമ സമുദായം എന്ന വിശേഷണമുണ്ടെങ്കിലും തീവ്രമോ അയഞ്ഞതോ ആയ നിലപാട് സ്വീകരിക്കുന്നു. അല്ലാഹു ശക്തമായി ഊന്നിയ ഐക്യത്തിന്റെ പാത വെടിഞ്ഞ് ഈ 'ഏക സമുദായം' വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് നിസ്സാര പ്രശ്‌നങ്ങളില്‍ പോലും പരസ്പരം ആരോപണപ്രത്യാരോപണങ്ങള്‍ നടത്തുന്നു.

ഇസ്‌ലാമാണല്ലോ സമുദായത്തിന്റെ മൂലാധാരം. അതിന്റെ പേരിലാണ് അവര്‍ക്ക് ഐക്യപ്പെടാനും സഹകരിക്കാനും സാധിക്കുക. ഇസ്‌ലാം കൊണ്ട് മാത്രമാണ് ഈ സമുദായത്തിന് അന്തസ്സ് കൈവരുന്നത്. ഉമര്‍(റ) പറഞ്ഞതാണ് വാസ്തവം: 'നാം നിന്ദ്യരും അധമരുമായിരുന്നു. ഇസ്‌ലാം നമ്മെ അന്തസ്സുള്ളവരാക്കി. ഇസ്‌ലാമിലൂടെയല്ലാതെ പ്രതാപം തേടുന്നവരെ അല്ലാഹു നിന്ദ്യരാക്കും.'

ഭൗതിക മേഖലയിലും ഇതുതന്നെയാണ് അവസ്ഥ. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കാന്‍ ഇന്നും സമുദായത്തിന് കഴിഞ്ഞിട്ടില്ല. ലോകത്തോടൊപ്പമെത്തണമെങ്കിലും ബഹുദൂരം ഇനിയും സഞ്ചരിക്കണം. കാരണം പകുതി അധ്വാനമോ പത്തിലൊന്ന് സമയമോ പോലും ചെലവഴിക്കാന്‍ മുസ്‌ലിം സമുദായം തയാറല്ല. അലസതയിലാണ്ട സമുദായത്തിന് ഇന്ന് ഏറ്റവും ഭാരമേറിയത് കഠിനാധ്വാനവും ഏറ്റവും വിലകുറഞ്ഞ വസ്തു സമയവും മനുഷ്യവിഭവവും ആയിരിക്കുന്നു.

ബൗദ്ധികമേഖലയിലും പിന്നില്‍ തന്നെ. ബുദ്ധിയില്ലാത്തതല്ല പ്രശ്‌നം; ഉള്ള ബുദ്ധി ഉപയോഗിക്കുന്നില്ല. സ്വയം ചിന്തിക്കുന്നില്ല, മറ്റുള്ളവരുടെ ചിന്തകള്‍ കടമെടുക്കുന്നു. 'ഉപ്പുപ്പാക്ക് ഒരാനണ്ടാര്‍ന്ന്' എന്നു പറഞ്ഞപോലെ മുന്‍ഗാമികളുടെ കഴിവിലും നേട്ടങ്ങളിലും ഊറ്റംകൊള്ളുകയാണ്. പാശ്ചാത്യ ചിന്തകളെയും ഗവേഷണങ്ങളെയും അപ്പടി പകര്‍ത്തുന്നു. നമ്മുടെ വിദ്യാഭ്യാസ സംവിധാനങ്ങള്‍ വരെ പാശ്ചാത്യ മാതൃകയിലാണ്. അതുകൊണ്ടുതന്നെ സംസ്‌കാരസമ്പന്നരെ വാര്‍ത്തെടുക്കേണ്ട കലാലയങ്ങള്‍ ഉദ്യോഗാര്‍ഥികളെയാണ് പുറത്തുവിടുന്നത്. അല്‍പം ഗൗരവതരമായ വായന നമുക്കിഷ്ടമുളള കാര്യമല്ല. അലസതയാണ് സുഹൃത്ത്, അതാണ് ശാപവും. താന്‍ ജൂതസമൂഹത്തിന്റെ രഹസ്യങ്ങള്‍ പുറത്തുവിട്ടു എന്ന ആരോപണം നേരിട്ട സന്ദര്‍ഭത്തില്‍ മുന്‍ ഇസ്രയേല്‍ രാജ്യരക്ഷാമന്ത്രി മോശെ ദയാന്‍ പറഞ്ഞുവത്രെ; 'മുസ്‌ലിംകളെ നിങ്ങള്‍ പേടിക്കേണ്ട. അവരൊന്നും വായിക്കില്ല.' ഇത് വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവമാണെങ്കിലും ഇപ്പോഴും ഈ രംഗത്ത് വലിയ മാറ്റം സംഭവിച്ചുവെന്ന് പറയാനാവില്ല. വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിംകള്‍ കൈവരിച്ച നേട്ടം വിസ്മരിച്ചുകൊണ്ടല്ല ഇത് പറയുന്നത്. 'വായിക്കുക' എന്ന പ്രഥമ വചനം കൊണ്ട് വായനയുടെയും പഠനത്തിന്റെയും പ്രാധാന്യം ഊന്നി ഉദ്‌ബോധിപ്പിക്കപ്പെട്ട മുസ്‌ലിംകള്‍ വായനക്കും പഠനത്തിനും അര്‍ഹിക്കുന്ന പ്രാധാന്യം കല്‍പിക്കുന്നില്ല എന്നത് എത്ര വിചിത്രം! ബുദ്ധിയോടാണ് ഖുര്‍ആന്‍ സംവദിക്കുന്നത്. എന്നിട്ടും മുസ്‌ലിംകള്‍ വായനയിലും പഠനത്തിലും പിന്നില്‍.

മുന്‍കാലങ്ങളില്‍ മുസ്‌ലിംകളുടെ ശത്രുക്കള്‍ പരാജയപ്പെടാനുള്ള കാരണങ്ങളിലൊന്നായി ഖുര്‍ആന്‍ പറയുന്നത്, അവര്‍ ചിന്തിക്കുന്നില്ല എന്നായിരുന്നു. മുസ്‌ലിംകളേ ചിന്തിക്കുന്നുള്ളൂ എന്നര്‍ഥം. ഇന്ന് മുസ്‌ലിംകളുടെ അവസ്ഥയോ? ദുന്‍യാവിലൊന്നും പുതുതായി കണ്ടുപിടിക്കാത്ത അവര്‍ അല്ലാഹുവിന്റെ ദീനില്‍ പുതുതായി പലതും കണ്ടുപിടിച്ചുകൊണ്ടിരിക്കുന്നു!

അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് അവന്‍ നിര്‍ദേശിച്ച രീതിയിലും അവന്‍ നിശ്ചയിച്ച പരിധി പാലിച്ചും ചെയ്യുന്ന ഏതൊരു കര്‍മവും ഇസ്‌ലാമില്‍ ഇബാദത്തും ജിഹാദുമാണ്. പക്ഷേ, മുസ്‌ലിം സമുദായമിന്ന് കര്‍മരംഗത്ത് പിന്നിലും സംസാരത്തിലും തര്‍ക്കങ്ങളിലും മുന്നിലുമാണ്. ധാരാളം സംസാരിക്കുക, കുറച്ചു പ്രവര്‍ത്തിക്കുക. ഇതാണ് ശൈലി. പ്രധാനമായത് വിട്ട് അപ്രധാനമായതില്‍ അള്ളിപ്പിടിക്കുന്നതിലാണ് ശുഷ്‌കാന്തി.

കാളത്തേവിലൂടെ വെള്ളമെടുത്ത് അത് പുഴയിലേക്കു തന്നെ ഒഴുക്കുന്നതു കണ്ട  ജുഹയോട് ഒരാള്‍ ചോദിച്ചുവത്രെ: 'താങ്കള്‍ എന്തു പണിയാണ് ഈ ചെയ്യുന്നത്?' ജുഹ പറഞ്ഞു: 'എനിക്ക് കാളത്തേവ് യന്ത്രത്തിന്റെ ശബ്ദം കേട്ടാല്‍ മതി.' അതാണിന്ന് മുസ്‌ലിംകളുടെയും അവസ്ഥ. യാതൊരു നിലക്കും പ്രയോജനപ്പെടാത്ത കാര്യങ്ങളില്‍ അവര്‍ സമയം പാഴാക്കുന്നു.

സംസാരത്തിന് അതിന്റേതായ പ്രാധാന്യവും സ്വാധീനവുമുണ്ട്. എന്നാല്‍ കര്‍മത്തേക്കാള്‍ സംസാരം കൂടിപ്പോകുന്നത് നന്നല്ല. ഖുര്‍ആന്‍ അല്ലാഹുവിന്റെ സംസാരമാണ്, ഹദീസ് നബിതിരുമേനി(സ)യുടെയും. അവ രണ്ടും കര്‍മങ്ങളാക്കി മാറ്റുകയാണ് വേണ്ടത്. വാക്കുകളെ കര്‍മങ്ങളാക്കി മാറ്റാന്‍ സാവകാശം ലഭിക്കുന്നതിനു വേണ്ടിയാണ് അല്ലാഹു ഖുര്‍ആന്‍ 23 വര്‍ഷങ്ങള്‍കൊണ്ട് ഘട്ടം ഘട്ടമായി അവതരിപ്പിച്ചത്. നബി(സ) ഖുര്‍ആനിന്റെ ഓരോ വാക്യവും കര്‍മമാക്കി പരിവര്‍ത്തിപ്പിച്ചതുകൊണ്ടാണ് ആഇശ(റ) വിശേഷിപ്പിച്ചതുപോലെ, പ്രവാചകന്റെ ജീവിതം ഖുര്‍ആനിന്റെ ജീവിക്കുന്ന പതിപ്പായി മാറിയത്. വാക്കുകളും കര്‍മങ്ങളും തമ്മില്‍ അകലമോ വൈരുധ്യമോ പാടില്ല. വാക്കുകളും കര്‍മങ്ങളും തമ്മില്‍ അകലമോ വൈരുധ്യമോ ഉണ്ടായിപ്പോകരുതെന്ന് ഖുര്‍ആന്‍ ശക്തിമായി താക്കീത് ചെയ്യുന്നു: ''സത്യവിശ്വാസികളേ, നിങ്ങള്‍ എന്തിനാണ് പ്രവര്‍ത്തിക്കാത്തത് പറയുന്നത്?''

സാമ്പത്തിക മേഖലയിലും സമുദായം സ്വയംപര്യാപ്തത കൈവരിച്ചിട്ടില്ല. ദൈവാനുഗ്രഹത്താല്‍ വിദേശപ്പണം കൊണ്ടും മറ്റും ഇവിടെ അല്‍പം സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. അറബ് മുസ്‌ലിം നാടുകള്‍ ഖനിജങ്ങളാല്‍ സമൃദ്ധമാണ്. അവിടെ ധാരാളം പ്രദേശങ്ങള്‍ ഫലഭൂയിഷ്ഠമാണ്. പക്ഷേ, സാമ്പത്തിക സ്രോതസ്സുകളെ വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്തുന്നില്ല. സമുദായം ഉപഭോഗിക്കുന്നവരാണ്, ഉല്‍പാദിപ്പിക്കുന്നവരല്ല. അന്താരാഷ്ട്ര വിപണിയിലെ ഏറ്റവും വിലപിടിപ്പുള്ള കാര്‍ സ്വന്തമാക്കിയെന്ന് മേനി നടിക്കുന്നവര്‍, എന്നാല്‍ ഒരു സൈക്കിള്‍ പോലും ഉണ്ടാക്കാന്‍ അറിയുകയുമില്ല. ഈ അലസത മുസ്‌ലിംകള്‍ക്ക് പാടില്ലാത്തതാകുന്നു. നബി(സ) പറഞ്ഞു: 'നീ ശക്തനാവുക, അശക്തനാകരുത്. നീ അല്ലാഹുവില്‍ ശരണം തേടുക. കഴിവുകെട്ടവനാകരുത്.' കഴിവുകേട് അല്ലാഹു ഇഷ്ടപ്പെടാത്ത കാര്യമാണെന്നും നബി(സ) പറഞ്ഞു.

ലോകത്ത് കോടിക്കണക്കിനു മുസ്‌ലിംകളുണ്ട്. പക്ഷേ, എവിടെയും അവര്‍ ദുര്‍ബലര്‍. അവര്‍ ഗ്രൂപ്പുകളായി തിരിഞ്ഞപ്പോള്‍, ദൈേവതര ശക്തികള്‍ അവരെ വീതംവെച്ചെടുത്തു. അല്ലാഹു കാണിച്ചുതന്ന ഏകമാര്‍ഗം അവര്‍ കൈവെടിഞ്ഞപ്പോള്‍ വിവിധ വഴികളില്‍ സഞ്ചരിച്ച് അവര്‍ നട്ടംതിരിഞ്ഞു. ചിലര്‍ തീവ്ര ഗ്രൂപ്പുകളില്‍ അഭയം തേടി. 'എന്റെ ചൊവ്വായ മാര്‍ഗമിതാണ്,  അതിനെ പിന്‍പറ്റുക. നിങ്ങള്‍ വിവിധ മാര്‍ഗങ്ങളെ പിന്‍പറ്റരുത്. ആ മാര്‍ഗങ്ങള്‍ നിങ്ങളെ ശിഥിലമാക്കും' എന്ന അല്ലാഹുവിന്റെ ശക്തമായ താക്കീത് മുസ് ലിംകള്‍ പാടേ അവഗണിച്ചുകളഞ്ഞു. അവര്‍ക്കിടയില്‍ പരസ്പര സഹകരണമില്ല, ഗുണകാംക്ഷാ മനോഭാവമില്ല. ഐക്യപ്പെടല്‍ അനിവാര്യമായ ഘട്ടത്തില്‍ പോലും ഐക്യപ്പെടാന്‍ കഴിയാതെ നിസ്സഹായരായി അവര്‍ നില്‍ക്കുന്നു. മുസ്‌ലിം രാഷ്ട്രങ്ങള്‍ വരെ പരസ്പരം പോരടിക്കുന്നതു കാണുമ്പോള്‍ ശത്രുക്കളുടെ അജണ്ട പ്രകാരം സ്വയം നശിക്കുന്ന സമുദായത്തെ കണ്ട് നാം നെടുവീര്‍പ്പിടുന്നു. ജമാലുദ്ദീന്‍ അഫ്ഗാനി ഒരിക്കല്‍ ഇന്ത്യക്കാരോടു ഇങ്ങനെ പറഞ്ഞു: 'നിങ്ങള്‍ മില്യന്‍ കണക്കില്‍ ഈച്ചകളാണെങ്കില്‍ നിങ്ങള്‍ ഒന്നിച്ച് ഇംഗ്ലീഷുകാരുടെ ചെവിയില്‍ മൂളിയാല്‍ അവരുടെ കാതുകളെ നിങ്ങള്‍ക്ക് തുളക്കാനാകും.'

ആത്മീയ മേഖലയിലും അവര്‍ ശക്തി ക്ഷയിച്ചവരായി കാണപ്പെടുന്നു. മുമ്പ് വേദക്കാരോട് അവരുടെ ഹൃദയങ്ങള്‍ കടുത്തുപോയി എന്ന് ഖുര്‍ആന്‍ പറഞ്ഞതുപോലെ, നമ്മുടെ ഹൃദയത്തില്‍ ഭക്തിയുടെ ഉറവകള്‍ വറ്റിപ്പോയിരിക്കുന്നു. നമ്മുടെ വിദ്യാഭ്യാസ രീതി മനസ്സുകളില്‍ ആത്മീയത വളര്‍ത്തുന്നതല്ല. മറിച്ച്, മതത്തില്‍നിന്നും ദൈവത്തില്‍നിന്നും മനുഷ്യരെ അകറ്റുന്നതാണ്. മഹാ കവി ഇഖ്ബാല്‍ പറഞ്ഞതാണ് ശരി: 'പുതു തലമുറ ചില യാഥാര്‍ഥ്യങ്ങളുടെയും വിജ്ഞാനങ്ങളുടെയും നേരെ കണ്ണ് തുറന്നിരിക്കുന്നു. എന്നാല്‍ അവരുടെ ഹൃദയങ്ങളില്‍ ഭയഭക്തിയോ കണ്ണുകളില്‍ ഭക്തിയുടെ കണ്ണീര്‍ കണങ്ങളോ ഇല്ല.' ദീന്‍ പഠിക്കുന്നതില്‍ വീഴ്ച വരുത്തുമ്പോള്‍ ആത്മാവ് നഷ്ടപ്പെട്ട കേവലം രൂപങ്ങള്‍ മാത്രമേ ബാക്കിയാവൂ. ദീനില്‍ അതിപ്രധാനമായ ആത്മസംസ്‌കരണത്തെ പാടേ അവഗണിച്ചു. 'ആത്മാവിനെ സംസ്‌കരിച്ചവന്‍ വിജയിച്ചു. ആത്മാവിനെ മലിനമാക്കിയവന്‍ പരാജയപ്പെട്ടു.' നമ്മുടെ മനസ്സുകള്‍ സംസ്‌കരിക്കപ്പെട്ടാല്‍ സമൂഹം സംസ്‌കരിക്കപ്പെടും. അതുവഴി നമ്മുടെ ചരിത്രത്തിന്റെ ഗതി തന്നെ മാറും. 'സ്വയം മാറാന്‍ സന്നദ്ധമല്ലാത്ത കാലത്തോളം അല്ലാഹു ഒരു സമൂഹത്തെയും മാറ്റുകയില്ല.'

മതപരമായ ചടങ്ങുകളും ആഘോഷങ്ങളും കൊണ്ടാടുന്നതില്‍ സമുദായം മുന്‍പന്തിയിലാണ്. ഖുര്‍ആനിന്റെ മനോഹരമായ പതിപ്പുകള്‍ പുറത്തിറക്കി ഖുര്‍ആനോടുള്ള ബാധ്യത പൂര്‍ത്തിയാക്കി എന്നവര്‍ ധരിച്ചുവശായിരിക്കുന്നു. ഖുര്‍ആനിനെ ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു എന്ന പ്രതീതി ജനിപ്പിച്ച് അതിനെ ധിക്കരിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഖുര്‍ആന്‍ സൂക്തങ്ങള്‍കൊണ്ട് വീടിന്റെ ചുമരുകളും വാഹനങ്ങളും അലങ്കരിക്കുന്നതില്‍ അവര്‍ മുമ്പിലുണ്ട്. ജീവിതത്തെ ഖുര്‍ആനികാധ്യാപനങ്ങള്‍ കൊണ്ട് അലങ്കരിക്കാന്‍ തയാറുമല്ല. ജീവിച്ചിരിക്കുന്നവര്‍ക്ക് നാം ഖുര്‍ആന്‍ ഓതിക്കൊടുക്കുന്നതിനുപകരം മരിച്ചവര്‍ക്കാണ് നാം ഖുര്‍ആന്‍ ഓതിക്കൊടുക്കുന്നത്.

ഈമാന്‍- അതാണ് ഈ സമുദായത്തിന്റെ ശക്തിസ്രോതസ്സ്. എണ്ണത്തില്‍ കുറവായിട്ടും ചരിത്രത്തില്‍ മുസ്‌ലിംകള്‍ വലിയ വലിയ സൈന്യങ്ങളെ പരാജയപ്പെടുത്തിയത് ഈമാനിന്റെ ബലംകൊണ്ടായിരുന്നു. അവരുടെ കൈയില്‍ ഇപ്പോഴും സമ്പൂര്‍ണമായ ദീനും കൈകടത്തലുകള്‍ക്ക് വിധേയമാകാത്ത വിശുദ്ധ ഗ്രന്ഥവുമുണ്ട്. പക്ഷേ, അവരിന്ന് നബി (സ) വിശേഷിപ്പിച്ചിട്ടുള്ളതുപോലെ, മലവെള്ളപ്പാച്ചിലിലെ ചപ്പുചവറുകളാണ്. ഈമാന്‍ ശോഷിച്ചതുകൊണ്ടണിത്. പ്രവാചകന്റെ തന്നെ വാക്കുകളില്‍, ഭൗതികപ്രേമവും മരണഭയവുമാണ് അവരെ കീഴടക്കിയിരിക്കുന്നത്.

ആരാണ് സമുദായത്തിന്റെ ഇത്തരം പതനത്തിന് ഉത്തരവാദികള്‍? ഒരു വിഭാഗത്തില്‍ ഇതിന്റെ ബാധ്യത കെട്ടിവെച്ച് തോളൊഴിയാന്‍ കഴിയില്ല. പല ഘടകങ്ങളും ഇത്തരമൊരു പതനത്തിന് കാരണമായിട്ടുണ്ട്. മുസ്‌ലിംകള്‍ പ്രബോധകരാണ്, വിധികര്‍ത്താക്കളല്ല. ആരെയും കുറ്റപ്പെടുത്തുക അവരുടെ രീതിയാവാന്‍ പാടില്ല. പ്രശ്‌നങ്ങള്‍ പഠിച്ചറിഞ്ഞ് പരിഹാര മാര്‍ഗങ്ങളും ചികിത്സാ രീതികളും കണ്ടെത്തുകയാണ് വേണ്ടത്. അങ്ങനെ പരിശോധിക്കുമ്പോള്‍ ഭരണാധികാരികള്‍, നേതാക്കള്‍, പണ്ഡിതന്മാര്‍, സമുദായാംഗങ്ങള്‍ തുടങ്ങി പലര്‍ക്കും ഇതില്‍ പങ്കുണ്ട്. മുസ്‌ലിം സമൂഹത്തിന് എല്ലാവരും അംഗീകരിക്കുന്ന ഒരു 'അല്‍ ജമാഅത്ത്' ഇന്നില്ല. അതുകൊണ്ടുതന്നെ ഒരു പ്രത്യേക സംഘടനയെയോ പ്രസ്ഥാനത്തെയോ പ്രതിസ്ഥാനത്ത് നിര്‍ത്താനാവില്ല. എല്ലാ സംഘടനകളും കൂട്ടുപ്രതികളാണ്. ഓരോ സംഘടനയും തങ്ങളുടെ അണികളില്‍ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചിരുന്നെങ്കില്‍ ഈ ദുരവസ്ഥ ഒരളവോളം കുറയുമായിരുന്നു.

പണ്ഡിതന്മാര്‍ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്ക് വശംവദരായിക്കൂടാത്തതാണ്. ഇമാം ഹസന്‍ ബസ്വരി(റ) എങ്ങനെ മഹാനായെന്ന് അദ്ദേഹത്തിന്റെ സമകാലീനനായ ഭരണാധികാരി രേഖപ്പെടുത്തുന്നത് കാണുക: 'ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ദീന്‍ ആവശ്യമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ഞങ്ങളുടെ ദുന്‍യാവ് ആവശ്യമില്ലായിരുന്നു.' അദ്ദേഹത്തെപ്പോലെ പണ്ഡിത ധര്‍മം നിര്‍വഹിച്ച ധാരാളം മഹാന്മാര്‍ ചരിത്രത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍ പണ്ഡിതസമൂഹം തങ്ങളുടെ ദൗത്യം വിസ്മരിച്ചതാണ് നാം കാണുന്ന സമുദായത്തകര്‍ച്ചക്ക് കാരണം. പ്രസംഗിക്കുന്നവരും കേള്‍ക്കുന്നവരും ആരും ഈ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിവല്ല. ഒരു പ്രസംഗകനോട് ശ്രോതാക്കളില്‍ ഒരാള്‍ ചോദിച്ചു: 'താങ്കള്‍ എത്രകാലമായി ഇങ്ങനെ പ്രസംഗിക്കാന്‍ തുടങ്ങിയിട്ട്, എന്നിട്ട് എന്തു മാറ്റമാണ് താങ്കള്‍ ഉണ്ടാക്കിയത്?' അദ്ദേഹം തിരിച്ചു ചോദിച്ചു: 'താങ്കള്‍ എത്രകാലമായി ഇത് കേള്‍ക്കുന്നു. എന്നിട്ട് എന്തു മാറ്റമാണ് താങ്കള്‍ക്കുണ്ടായത്?'

സംഘടനകള്‍ ഇസ്‌ലാമിക മൂല്യങ്ങളും നിയമങ്ങളും പാലിക്കുന്നതില്‍ എത്രത്തോളം കണിശത പാലിക്കുന്നുണ്ടെന്നും പരിശോധിക്കേണ്ടതാണ്. സംഘടനകള്‍ക്കകത്ത് ഇത്തരം നിരൂപണങ്ങളും വിമര്‍ശനങ്ങളും വളരെ കുറച്ചേ നടക്കുന്നുള്ളൂ. ആത്മപരിശോധന വ്യക്തികള്‍ക്കെന്ന പോലെ സംഘടനകള്‍ക്കും ബാധകമാണ്. നബി (സ) പറഞ്ഞു: 'ആര്‍ സ്വയം വിചാരണ നടത്തിയോ അവനാണ് ബുദ്ധിമാന്‍.' ഉമര്‍(റ) പറഞ്ഞു: 'നിങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നതിനു മുമ്പ് സ്വയം വിചാരണ ചെയ്യുക. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അന്ത്യനാളില്‍ അളന്നുതൂക്കപ്പെടും മുമ്പ് നിങ്ങള്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ സ്വയം അളന്നുതൂക്കുക.' ഓരോ ദിവസവും അളന്നുതൂക്കി ആത്മപരിശോധന നടത്തി ഇന്നലെയേക്കാള്‍ നല്ല ഇന്നിനെയും ഇന്നിനേക്കാള്‍ നല്ല നാളെയെയും ഉണ്ടാക്കിയെടുക്കുക എന്നത് വ്യക്തികള്‍ക്കെന്ന പോലെ സംഘടനകള്‍ക്കും ബാധകമാണ്. വിശുദ്ധ ഖുര്‍ആന്‍ സ്വഹാബത്തിന്റെ/പ്രവാചകാനുചരന്മാരുടെ ജീവിതത്തെ വിമര്‍ശനാത്മകമായി വിശകലനം ചെയ്യുന്നത് കാണാം: 'നിങ്ങളില്‍ ദുന്‍യാവ് ഉദ്ദേശിക്കുന്നവരും ആഖിറത്ത് ലക്ഷ്യം വെക്കുന്നവരുമുണ്ട്' (ആലുഇംറാന്‍ 52).

'ഈ സൂക്തമവതരിച്ചപ്പോഴാണ് ഞങ്ങളില്‍ ഇഹലോകം ഉദ്ദേശിക്കുന്നവരുണ്ടെന്ന വിവരം ഞങ്ങളറിയുന്നതെ'ന്ന് ചില സ്വഹാബികള്‍ പറഞ്ഞുവത്രെ.

സംഘടനകള്‍ക്കകത്ത് ക്രിയാത്മകമായ വിമര്‍ശനം നടക്കണം. ഉമര്‍(റ) ഇത്തരം വിമര്‍ശനങ്ങളെ സസന്തോഷം ഉള്‍ക്കൊണ്ടിരുന്നു. അലി(റ) ഇല്ലായിരുന്നെങ്കില്‍ ഉമര്‍ ഉണ്ടാകുമായിരുന്നില്ല എന്ന് ഉമര്‍(റ) പറഞ്ഞത് അലി(റ)യുടെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടായിരുന്നു. 'എനിക്ക് എന്റെ ന്യൂനതകളെ തുറന്നുകാണിച്ചുതരുന്നവനെ അല്ലാഹു അനുഗ്രഹിക്കട്ടെ' എന്നും അദ്ദേഹം പറഞ്ഞതായി കാണാം. ഇത്തരം വിമര്‍ശനങ്ങള്‍ സംഘടനക്കകത്തും വേണം.

സമുദായത്തിനകത്ത് പൂര്‍ണ ഐക്യം സാധ്യമല്ല എന്ന് അംഗീകരിക്കുന്നതായിരിക്കും ബുദ്ധി. അതിനാല്‍ ഐക്യത്തെക്കുറിച്ച് സംസാരിക്കുന്നതിനു പകരം സമവായത്തിലെത്തുന്നതിനെക്കുറിച്ചാണ് സംസാരിക്കേണ്ടത്. ഒരൊറ്റ നേതൃത്വത്തിനു കീഴില്‍ സംഘടനകള്‍ ഐക്യപ്പെടുകയെന്നത് പ്രയോഗവല്‍ക്കരിക്കാനാകാത്ത സ്വപ്‌നം മാത്രമായിരിക്കും. അഭിപ്രായ ഭിന്നതകളില്‍ വിട്ടുവീഴ്ച ചെയ്തും നന്മയില്‍ സഹകരിച്ചും സമുദായത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളിലും ശത്രുക്കള്‍ക്കെതിരെയുള്ള നിലപാടിലും ഒറ്റക്കെട്ടായി മുന്നോട്ടു പോവുക എന്നതായിരിക്കും കൂടുതല്‍ യുക്തിസഹം.

വൈകാരികതയെ എല്ലാറ്റിന്റെയും മാനദണ്ഡമാക്കുന്നത് കൂടുതല്‍ സങ്കീര്‍ണതകളിലേക്കാണ് സംഘടനകളെ നയിക്കുക. പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തമായ പ്ലാനും പദ്ധതിയും ഉണ്ടാകണം. പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ആസൂത്രണമോ എന്നായിരിക്കും ചിന്തിക്കുക. ആസൂത്രണം കൂടുതല്‍ വേണ്ട മേഖലയാണ് പ്രബോധന പ്രവര്‍ത്തനങ്ങള്‍. നബി (സ) മദീനയിലേക്ക് ഹിജ്‌റ പോയ ശേഷം കൃത്യമായി മുസ്‌ലിംകളുടെ കണക്കെടുക്കാന്‍ ആവശ്യപ്പെട്ടു. അന്ന് അവര്‍ 1500 പേരായിരുന്നു. നേതൃത്വത്തിനും പ്രബോധകന്നും തങ്ങളുടെ കൈവശമുള്ള മനുഷ്യവിഭവം എത്രയെന്ന് കൃത്യമായ അറിവുണ്ടെങ്കിലേ ഫലപ്രദമായ പ്രവര്‍ത്തനം സാധ്യമാകൂ.

അതിശയോക്തിയാണ് സംഘടനകള്‍ക്കുള്ള മറ്റൊരു പ്രശ്‌നം. സ്വയം പുകഴ്ത്തുന്നതിലും മറ്റുള്ളവരെ വിമര്‍ശിക്കുന്നതിലും ഈ അതിശയോക്തി കാണാം. സ്വന്തം പൈതൃകത്തെയും നാഗരികതയെയും പ്രശംസിക്കുകയും അതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നതിന് ആരും എതിരല്ല. പ്രത്യേകിച്ച് ശത്രുക്കള്‍ ഇസ്‌ലാമിക സംസ്‌കാരത്തെയും നാഗരികതയെയും നിന്ദിക്കാനും അപഹസിക്കാനും ഉന്മൂലനം ചെയ്യാനും ആസൂത്രിത നീക്കങ്ങള്‍ നടത്തുന്ന കാലഘട്ടത്തില്‍. പക്ഷേ, അത് അഹന്തയോളമെത്തിയാല്‍ അപകടമാണ്. ഇബ്‌നു മസ്ഊദ്(റ) പറഞ്ഞു: 'നിരാശയും അഹന്തയും നാശമാണ്.' ഇതിനു വിശദീകരണമായി ഇമാം ഗസാലി(റ) പറഞ്ഞു: 'അവ രണ്ടും ചേര്‍ത്തു പറഞ്ഞതില്‍ ഒരു യുക്തിയുണ്ട്. സൗഭാഗ്യം കൈവരിക്കുന്നത് കഠിനാധ്വാനത്തിലൂടെയാണ്. നിരാശ ബാധിച്ചവന്‍ കഠിനാധ്വാനം ചെയ്യുകയില്ല. അഹംഭാവി കഠിനാധ്വാനം ചെയ്തുവെന്ന് സ്വയം തെറ്റിദ്ധരിക്കാനിടയുണ്ട്. അപ്പോള്‍ അവനും പരിശ്രമിക്കുകയില്ല. രണ്ടായാലും പരിശ്രമം നിര്‍ത്തിവെക്കും. അതിനാലാണ് അവ രണ്ടും നാശമാണെന്ന് ഇബ്‌നു മസ്ഊദ് (റ) പറഞ്ഞത്.'

പാശ്ചാത്യ സംസ്‌കാരത്തെ വിമര്‍ശിക്കുന്നതിലും രൂക്ഷമായ നിലപാടാണ് പലപ്പോഴും നാം സ്വീകരിക്കുന്നത്. പാശ്ചാത്യ സംസ്‌കാരത്തിന് അതിന്റേതായ ദൂഷ്യങ്ങളുണ്ട്. പക്ഷേ, നമ്മുടെ നിരൂപണം നീതിയുടെ അടിസ്ഥാനത്തിലും ശരിയാംവിധം വിലയിരുത്തിയുമാകണം അവരിലേക്കു നോക്കിയാല്‍ നല്ല മാനേജ്‌മെന്റ്, നല്ല വ്യവസ്ഥാപിതത്വം, സഹകരണം, കഠിനാധ്വാനം, മനുഷ്യരെ ആദരിക്കല്‍, അവരുടെ അവകാശങ്ങളെ പരിഗണിക്കല്‍, കൃത്യനിഷ്ഠ, കൂടിയാലോചന തുടങ്ങി ധാരാളം ഗുണങ്ങള്‍ കാണാന്‍ കഴിയും. റോമക്കാരെ വിലയിരുത്തിക്കൊണ്ട് അംറുബ്‌നുല്‍ ആസ്വ് (റ) പറഞ്ഞു; 'റോമക്കാരില്‍ നാലു ഗുണങ്ങളുണ്ട്. പരീക്ഷണ ഘട്ടങ്ങളില്‍ ഏറെ സഹനമവലംബിക്കും, ആപത്ഘട്ടങ്ങള്‍ വളരെ വേഗം തരണം ചെയ്യും, നിരന്തരമായി അധ്വാനിക്കും, അഗതികള്‍, അനാഥര്‍, ദുര്‍ബലര്‍ എന്നിവര്‍ക്ക് കൂടുതല്‍ സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യും.' റോമക്കാരോട് യുദ്ധങ്ങള്‍ നയിച്ച അംറുബ്‌നുല്‍ ആസ്വി(റ)നെപ്പോലെയുള്ള ഒരു സൈനികത്തലവന്‍ റോമക്കാരെക്കുറിച്ച് ഇത്രയും നല്ല ഒരവലോകനം നടത്തുന്നത് വിസ്മയകരമാണ്. സത്യസന്ധമായ ഈ അവലോകനത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത് നീതിയുടെ പക്ഷത്ത് നിലകൊള്ളുക എന്ന ഇസ്‌ലാമികാധ്യാപനമാണ്.

ഇത്രയും പറഞ്ഞത് സമുദായത്തെക്കുറിച്ചോ സംഘടനകളെക്കുറിച്ചോ നിരാശപ്പെടാന്‍ വേണ്ടിയല്ല. പരിഹരിക്കപ്പെടേണ്ട ചില പ്രശ്‌നങ്ങള്‍ സമുദായത്തിനും സംഘടനകള്‍ക്കകത്തുമുണ്ട്. അവ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നേറണം. സമുദായത്തില്‍ ധാരാളം നന്മകളുണ്ട്. അവ കാണണം. സംഘടനകള്‍ ചെയ്ത സേവനങ്ങള്‍ നാമൊരിക്കലും മറക്കാവതല്ല. അവയിലുള്ള പോരായ്മകള്‍ പരിഹരിച്ചു മുന്നോട്ടു പോയാല്‍ സമുദായത്തിന് ശോഭനമായ ഭാവിയുണ്ട്. പക്ഷേ, സംഘടനകള്‍ തങ്ങൡലുള്ള പോരായ്മകള്‍ തിരിച്ചറിഞ്ഞ് അംഗീകരിച്ച് തിരുത്താന്‍ സന്നദ്ധമായി പ്രതീക്ഷയോടെയും അവധാനതയോടെയും കഠിനാധ്വാനം ചെയ്യണമെന്നു മാത്രം.

(ഡോ. യൂസുഫുല്‍ ഖറദാവിയുടെ 'ഐനല്‍ ഖലല്‍?' എന്ന കൃതിയോട് കടപ്പാട്)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (43-48)
എ.വൈ.ആര്‍

ഹദീസ്‌

ദയാവധത്തിന് നിയമസാധുതയോ?
കെ.സി ജലീല്‍ പുളിക്കല്‍