Prabodhanm Weekly

Pages

Search

2018 മെയ് 04

3050

1439 ശഅ്ബാന്‍ 17

സംയമനത്തിന്റെ പാഠങ്ങള്‍

ശമീര്‍ ബാബു കൊടുവള്ളി

'ശരീരത്തില്‍ ശിരസ്സിന്റെ സ്ഥാനമാണ് ആദര്‍ശത്തില്‍ സംയമനത്തിനുള്ളത്. ശിരസ്സില്ലാത്തവന് ശരീരമില്ലാത്തതുപോലെ സംയമനമില്ലാത്തവന് ആദര്‍ശവുമില്ല' -അലി (റ)

ആധ്യാത്മികവും ഭൗതികവുമായ ജീവിതവിജയത്തിന്റെ പൊരുളാണ് സംയമനം. സ്വത്വത്തിന് അനുഭൂതിയും ആനന്ദവും ലഭിക്കുന്നത് സംയമനത്തില്‍നിന്നാണ്. ജീവിതത്തില്‍ ഉന്നതമായ വല്ല ലക്ഷ്യവും സ്വായത്തമാക്കണമെങ്കില്‍ സംയമനം കൂടിയേ തീരൂ. ദൈവം നല്‍കിയ വിശിഷ്ടമായ അനുഗ്രഹമായിട്ടാണ് സംയമനത്തെ മനസ്സിലാക്കേണ്ടത്. ദീര്‍ഘ സംയമനമുള്ളവന്‍ ശക്തനേക്കാളും ആത്മനിയന്ത്രണമുള്ളവന്‍ നഗരം പിടിച്ചടക്കുന്നവനേക്കാളും ശ്രേഷ്ഠനാണെന്ന് ബൈബിള്‍ സുഭാഷിതത്തില്‍ പറയുന്നുണ്ട്. സ്വബ്‌റെന്നാണ് സംയമനത്തിന്റെ ഇസ്‌ലാമിക പ്രയോഗം. തടയല്‍, ബന്ധനം എന്നൊക്കെയാണ് അതിന്റെ അര്‍ഥം. ദൈവിക പ്രീതി മാത്രം കാംക്ഷിച്ച് ഒരു മടുപ്പുമില്ലാതെ തിന്മകളില്‍നിന്ന് സ്വത്വത്തെ തടഞ്ഞ് നന്മകളില്‍ അതിനെ തളച്ചിടുന്ന ഉത്കൃഷ്ടപ്രക്രിയയാണ് സ്വബ്ര്‍. സ്വബ്‌റിന്റെ വിപരീതശബ്ദമാണ് ജസ്അ്. അസ്വസ്ഥത, വിഭ്രാന്തി, വെപ്രാളം, ഭയം, വിഷമം, ദുഃഖം എന്നൊക്കെയാണ് പ്രസ്തുത പദത്തിന് ഡോ. യൂസുഫുല്‍ ഖറദാവി തന്റെ അസ്സ്വബ്‌റു ഫില്‍ ഖുര്‍ആന്‍ എന്ന കൃതിയില്‍ നല്‍കിയിരിക്കുന്ന അര്‍ഥങ്ങള്‍.

വിശുദ്ധവേദവും തിരുചര്യയും സംയമനം ശീലിക്കാന്‍ അനുശാസിക്കുന്നുണ്ട്. വിശുദ്ധവേദം പറയുന്നു: ''വിശ്വസിച്ചവരേ, നിങ്ങള്‍ സംയമനം കൈക്കൊള്ളുകയും അതില്‍ പരസ്പരം മികവ് പ്രകടിപ്പിക്കുകയും ചെയ്യുക''(ആലുഇംറാന്‍: 200). ഈ സൂക്തത്തില്‍ സ്വബ്‌റിനോടൊപ്പം പരാമര്‍ശിച്ച സമാനമായ മറ്റൊരു പദമാണ് മുസ്വാബറ. സ്വബ്‌റിനേക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്ന അതിന്റെ തന്നെ അനുബന്ധമാണ് മുസ്വാബറ. വിശുദ്ധവേദം മറ്റൊരിടത്ത് സംയമനത്തിന്റെ സൗന്ദര്യത്തെക്കുറിച്ചാണ് പറയുന്നത്: ''അതിനാല്‍ നീ സംയമനം കൈക്കൊള്ളുക, സുന്ദരമായ സംയമനം''(അല്‍മആരിജ്: 5). പരാതിയോ ആവലാതിയോ ഇല്ലാത്ത സംയമനമാണ് സുന്ദരമായ സംയമനമെന്ന് ഇബ്‌നുതൈമിയ്യയെ ഉദ്ധരിച്ച് ഇബ്‌നുല്‍ഖയ്യിം പറയുന്നു. തിരുചര്യ പറയുന്നു: ''ആരെങ്കിലും സംയമനം ആര്‍ജിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ദൈവം അവനെ സംയമനം ഉള്ളവനാക്കും. സംയമനത്തേക്കാള്‍ വിശാലവും ഉത്തമവുമായ ഒരു അനുഗ്രഹവും ആര്‍ക്കും ലഭിച്ചിട്ടില്ല''(ബുഖാരി, മുസ്‌ലിം).

ആദര്‍ശത്തിന്റെ അനിവാര്യമായ താല്‍പര്യമാണ് സംയമനം. സംയമനവും ആദര്‍ശവും പരസ്പരം സഹവര്‍ത്തിക്കുന്നു. 'അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹേയില്ല, മുഹമ്മദ്(സ) അല്ലാഹുവിന്റെ റസൂലാകുന്നു' എന്ന ആദര്‍ശം അംഗീകരിച്ച മുസ്‌ലിമില്‍ അലിഞ്ഞുചേരേണ്ട സ്വഭാവമാണ് സംയമനം. വ്യത്യസ്തമായ നോട്ടപ്പാടുകളിലൂടെ ആദര്‍ശവും സംയമനവും തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കാനാവും. ഒന്ന്, വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് സംയമനം കൈക്കൊള്ളണമെന്ന് ആവശ്യപ്പെടുന്നു: ''വിശ്വസിച്ചവരേ, നിങ്ങള്‍ സംയമനം കൊള്ളുകയും അതില്‍ പരസ്പരം മികവ് പ്രകടിപ്പിക്കുകയും ചെയ്യുക''(ആലുഇംറാന്‍: 200). ആദര്‍ശം അംഗീകരിച്ചു കഴിഞ്ഞാല്‍ സംയമനം പാലിക്കണമെന്നാണ് സൂക്തത്തിന്റെ ആന്തരികാര്‍ഥം. രണ്ട്, ദൈവത്തിന്റെ അനുഗ്രഹത്താലാണ് സംയമനമുണ്ടാവുന്നത്: ''നീ സംയമനം സ്വീകരിക്കുക. ദൈവത്തിന്റെ മഹത്തായ അനുഗ്രഹംകൊണ്ട് മാത്രമാണ് നിനക്ക് സംയമനം പാലിക്കാന്‍ കഴിയുന്നത്''(അന്നഹ്ല്‍: 127). മൂന്ന്, സംയമനം ശീലിച്ചവര്‍ ആത്യന്തികമായി ദൈവത്തിലേക്ക് ഉന്മുഖരായിരിക്കും: ''തങ്ങളെ വല്ല വിപത്തും ബാധിച്ചാല്‍ അവര്‍ (സംയമനശീലര്‍) പറയും: ഞങ്ങള്‍ ദൈവത്തിന്റേതാണ്. അവനിലേക്കുതന്നെ തിരിച്ചുചെല്ലേണ്ടവരും''(അല്‍ബഖറ: 156). നാല്, ദൈവപ്രീതി നേടലാണ് സംയമനത്തിന്റെ ഉദ്ദേശ്യം: ''അവര്‍ തങ്ങളുടെ നാഥന്റെ പ്രീതി കാംക്ഷിച്ച് സംയമനം പാലിക്കുന്നവരുമാണ്''(അര്‍റഅ്ദ്: 22). അഞ്ച്, ദൈവാനുസരണയില്‍ സംയമനം കൈക്കൊള്ളണം: ''അതിനാല്‍ അവനു മാത്രം വഴിപ്പെടുക. അവനെ അനുസരിച്ച് കഴിയുന്നതില്‍ സംയമനത്തോടെ ഉറച്ചുനില്‍ക്കുകയും ചെയ്യുക''(മര്‍യം: 65). ആറ്, ആദര്‍ശത്തിന്റെ പകുതിയാണ് സംയമനം: ''ആദര്‍ശത്തിന്റെ പാതിയാണ് സംയമനം. ദൃഢവിശ്വാസം അതിന്റെ പൂര്‍ണതയും''(ത്വബറാനി). ഇബ്‌നുമസ്ഊദ്(റ) പറയുന്നു: ''രണ്ട് പാതികള്‍ ചേര്‍ന്നതാണ് ആദര്‍ശം. ഒന്നാം പാതി സംയമനവും രണ്ടാം പാതി ദൈവത്തോടുള്ള നന്ദിപ്രകാശനവുമത്രെ.''

മുസ്‌ലിമിന്റെ സ്വത്വത്തോടാണ് സംയമനം ശീലിക്കാനുള്ള ഇസ്‌ലാമിന്റെ ആഹ്വാനം. അതിനാല്‍ സംയമനം പ്രതിപാദിക്കുന്നിടത്തെല്ലാം സ്വത്വത്തെ കുറിക്കുന്ന നഫ്‌സെന്ന പദം സവിശേഷം ഉദ്ധരിക്കേണ്ടതില്ല. എന്നാല്‍, ഒരിടത്ത് നഫ്‌സിനോടൊപ്പം ചേര്‍ത്ത് വിശുദ്ധവേദം സംയമനത്തെ പരാമര്‍ശിക്കുന്നുണ്ട്: ''തങ്ങളുടെ നാഥന്റെ പ്രീതി കാംക്ഷിച്ച് പ്രഭാതത്തിലും പ്രദോഷത്തിലും അവനോട് പ്രാര്‍ഥിക്കുന്നവര്‍ക്കൊപ്പം നീ നിന്റെ സ്വത്വത്തെ സംയമനം ശീലിപ്പിക്കുക''(അല്‍കഹ്ഫ്: 28). സ്വത്വവുമായുള്ള സംയമനത്തിന്റെ ബന്ധത്തെ അടയാളപ്പെടുത്താനാണ് സ്വത്വത്തെ പ്രത്യേകം എടുത്തുദ്ധരിച്ചത്. ആത്മാവും ബുദ്ധിയും ഉള്‍ച്ചേര്‍ന്ന സ്വയം സത്തയാണ് സ്വത്വം. സ്വത്വത്തോട് ചേര്‍ന്നും അതിനെ ഗ്രഹിച്ചുമാണ് സംയമനം അനുശീലിക്കേണ്ടത്. ആത്മസംയമനമെന്ന പ്രയോഗം വിശ്രുതമാണല്ലോ. ആത്മാവിന്റെയും സംയമനത്തിന്റെയും ബന്ധത്തെയാണ് അത് ദ്യോതിപ്പിക്കുന്നത്. ആത്മസംയമനമുള്ളവന്‍ പരാജയപ്പെടാറില്ലെന്ന് ചൈനീസ് തത്ത്വചിന്തകനായ കണ്‍ഫ്യൂഷസ് നിരീക്ഷിക്കുന്നുണ്ട്.

ഏകമാനമായ ഒരേയൊരു രൂപമല്ല, വ്യത്യസ്തമായ രൂപങ്ങളാണ് സംയമനത്തിനുള്ളത്. സ്വത്വത്തില്‍നിന്ന് ഉയരുന്ന ചീത്ത സ്വഭാവങ്ങള്‍ വ്യത്യസ്തമാണല്ലോ. ചീത്ത സ്വഭാവങ്ങള്‍ക്കൊപ്പം നല്ല സ്വഭാവങ്ങളും ഉണ്ട്. സ്വത്വത്തില്‍നിന്ന് ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള ചീത്ത സ്വഭാവത്തെ നിയന്ത്രണവിധേയമാക്കി പകരം സ്വീകരിക്കുന്ന നല്ല സ്വഭാവം ഏതാണോ അതുതന്നെയാണ് ആ സന്ദര്‍ഭത്തിലെ സംയമനം. ഉദാഹരണത്തിന് കോപം ഒരു ചീത്ത സ്വഭാവമാണ്. കോപത്തിന്റെ വിപരീതം വിവേകമാണ്. കോപസന്ദര്‍ഭത്തിലെ സംയമനമെന്നത് വിവേകം കൈക്കൊള്ളലും അതില്‍ സ്വത്വത്തെ തളച്ചിടലുമാണ്. ആസക്തികള്‍ കീഴടക്കുന്ന സന്ദര്‍ഭത്തിലെ സംയമനം സദാചാരബോധത്തെ(ഇഫത്ത്) ഉദ്ദീപിപ്പിക്കലാണ്. പോരാട്ട വീഥിയിലെ സംയമനം ഭീരുത്വം വെടിഞ്ഞ് ധീരത കൈക്കൊള്ളലാണ്. ദുരിതങ്ങളിലെ സംയമനം മനക്കരുത്താണ് (ഇസ്സത്തുന്നഫ്‌സ്). ദൈവം നല്‍കുന്നതില്‍ സംതൃപതി കണ്ടെത്തലാണ് ഭൗതികവിഭവങ്ങളുടെ കാര്യത്തിലുള്ള സംയമനം. സങ്കുചിത ചിന്താഗതിക്കാര്‍ക്ക് മുന്നില്‍ തന്റെ വിശാലഹൃദയം തുറന്നുവെക്കലാണ് സംയമനത്തിന്റെ മറ്റൊരിനം.

സംയമനത്തിന് ഒരേസമയം ദ്വിമുഖ ദൗത്യങ്ങളാണുള്ളത്. ഒന്ന്, നിശ്ചിത തിന്മയെ തടയുക. രണ്ട്, ആ തിന്മയുടെ എതിരില്‍ നില്‍ക്കുന്ന നന്മയേതോ അതില്‍ മുന്നേറുക. കളവ് ഒരു തിന്മയാണ്. കളവിനെ തടഞ്ഞുനിര്‍ത്തുകയെന്നത് സംയമനത്തിന്റെ ഒന്നാമത്തെ കടമയാണ്. എന്നാല്‍, കളവ് തടഞ്ഞതുകൊണ്ടുമാത്രം സംയമനം പൂര്‍ത്തിയാവുന്നില്ല. കളവിന്റെ എതിര്‍ദിശയില്‍ നില്‍ക്കുന്ന സത്യത്തില്‍ സ്വത്വത്തെ തളച്ചിടുക കൂടി ചെയ്യേണ്ടതുണ്ട്. അപ്പോഴാണ് കളവ് വിപരീതം സത്യം എന്ന സംയമനം രൂപപ്പെടുന്നത്. ദൈവം നിഷിദ്ധമാക്കിയ കാര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കലും കല്‍പിച്ച കാര്യങ്ങള്‍ നിര്‍വഹിക്കലും ഒരേസമയം സംയമനമാണ്. തിന്മയെ തടയലും നന്മയില്‍ അഭിരമിക്കലും ഓരോരുത്തരിലും വ്യത്യസ്തമായ തോതിലും അളവിലും ആയിരിക്കും ഉണ്ടാവുക. അതിനാല്‍ സംയമനത്തിന്റെ കാര്യത്തില്‍ ഒരേ പദവിയല്ല എല്ലാവര്‍ക്കുമുള്ളത്. സംയമനത്തില്‍ നിമ്‌നോന്നതികള്‍ കാണാനാവും. ചിലര്‍ക്ക് സംയമനം കൂടുതലായിരിക്കും. മറ്റുചിലര്‍ക്ക് കുറവും. സംയമനം കൂടുതല്‍ സ്വായത്തമാക്കിയ വ്യക്തിയാണ് പരമമായ സംയമനം ശീലിച്ചവന്‍ (സ്വബ്ബാര്‍).

തിന്മകള്‍ തടയുന്നതിലും നന്മകള്‍ പ്രയോഗവല്‍ക്കരിക്കുന്നതിലും ദുരിതങ്ങള്‍ തരണം ചെയ്യുന്നതിലും പൂര്‍വസൂരികള്‍ കാണിച്ച സംയമനം മഹത്തരമായിരുന്നു. ഓമനസന്താനം യൂസുഫും തുടര്‍ന്ന് മറ്റൊരു പുത്രന്‍ ബിന്‍യാമീനും നഷ്ടപ്പെട്ടപ്പോള്‍ യഅ്ഖൂബ് (അ) സുന്ദരമായ സംയമനമാണ് പ്രകടിപ്പിച്ചത്. വിശുദ്ധവേദം പറയുന്നു: ''പിതാവ് പറഞ്ഞു: അല്ല, നിങ്ങളുടെ സ്വത്വം നിങ്ങളെ ഒരു കാര്യത്തിന് പ്രേരിപ്പിച്ചു. അതു നിങ്ങള്‍ക്ക് ചേതോഹരമായി തോന്നി. അതിനാല്‍ സുന്ദരമായ സംയമനം തന്നെ പരിഹാരം. ഒരുവേള ദൈവം അവരെ എല്ലാവരെയും എന്റെ അടുത്ത് എത്തിച്ചേക്കാം. അവന്‍ എല്ലാം അറിയുന്നവനും യുക്തിജ്ഞനുമല്ലോ''(യൂസുഫ്: 83). ത്വാഇഫ് നിവാസികള്‍ ആട്ടിയകറ്റിയപ്പോള്‍ മുഹമ്മദ്(സ) സമാനമായ സംയമനമാണ് കൈക്കൊണ്ടത്. പ്രവാചകന്‍ ആ ജനതക്കുവേണ്ടി പ്രാര്‍ഥിക്കുകപോലും ചെയ്തു. പുത്രന്‍ മരിച്ച സന്ദര്‍ഭത്തില്‍ ഉമറുബ്‌നു അബ്ദില്‍അസീസിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു: 'അവനെ മരിപ്പിക്കലാണ് ദൈവത്തിന് പ്രിയങ്കരം. ഏതെങ്കിലും വിഷയത്തില്‍ ദൈവത്തിന്റെ പ്രീതിയോട് വിപരീതമാകുന്ന പ്രീതി ഉണ്ടാകുന്നതില്‍നിന്ന് ഞാന്‍ ശരണം തേടുന്നു.'

സംയമനത്തിന് വിഘാതമായി നില്‍ക്കുന്ന ചീത്ത സ്വഭാവങ്ങളായ കാമം, ക്രോധം, ലോഭം, മോഹം എന്നിവയെ ജീവിതത്തില്‍നിന്ന് അകറ്റിനിര്‍ത്തണം. ധാരാളം അനര്‍ഥങ്ങള്‍ വരുത്തിവെക്കുന്ന വിനകളാണവ. കോപത്തെ എടുത്തുനോക്കൂ. ഇഹത്തിലും പരത്തിലും വിപരീതഫലങ്ങള്‍ മാത്രം കൊണ്ടുവരുന്ന വികാരമാണത്. കോപം വരുമ്പോള്‍ അതിനെ വിഴുങ്ങിക്കളയണമെന്നാണ് വിശുദ്ധവേദത്തിന്റെ ആഹ്വാനം. കോപാഗ്നി മാരകമാണെന്ന് ഗുരുനാനാക്ക് ഉണര്‍ത്തുന്നു. ക്രോധത്തെ പ്രതി ശ്രീബുദ്ധന്‍ പറയുന്നു: 'ഓടുന്ന രഥത്തെ എന്നപോലെ ഉയര്‍ന്നിരിക്കുന്ന ക്രോധത്തെ പിടിച്ചമര്‍ത്തുന്നത് ഏവനാണോ അവനെയാണ് ഞാന്‍ സാരഥിയെന്ന് വിളിക്കുക'.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (43-48)
എ.വൈ.ആര്‍

ഹദീസ്‌

ദയാവധത്തിന് നിയമസാധുതയോ?
കെ.സി ജലീല്‍ പുളിക്കല്‍