Prabodhanm Weekly

Pages

Search

2018 മെയ് 04

3050

1439 ശഅ്ബാന്‍ 17

ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയ കൊട്ടാരവുമായുള്ള ബന്ധം

കെ.ടി ഹുസൈന്‍

ഇന്ത്യയുടെ സാമൂഹിക രൂപീകരണത്തെ സൂഫിസം സ്വാധീനിച്ചതെങ്ങനെ?-6

ഇന്ത്യയിലെ മുസ്‌ലിം ഭരണത്തെ സാധ്യമാകുന്നത്ര ഇസ്‌ലാമികാടിത്തറയില്‍ ഉറപ്പിച്ചുനിര്‍ത്തുന്നതിലും ഭരണവര്‍ഗത്തെ പിടികൂടിയ  മൂല്യരാഹിത്യം ബഹുജനങ്ങളെ സ്വാധീനിക്കാതിരിക്കുന്നതിലും  ഖാജാ  മുഈനുദ്ദീന്‍ ചിശ്തി മുതല്‍ക്കിങ്ങോട്ടുള്ള എല്ലാ ചിശ്തി സൂഫികളും ജാഗ്രത പുലര്‍ത്തിയിരുന്നെങ്കിലും കൊട്ടാരവുമായി നേര്‍ക്കുനേരെ യാതൊരു ഇടപാടുകളും അവര്‍ നടത്തിയിരുന്നില്ല എന്നു  നേരത്തേ സൂചിപ്പിച്ചിരുന്നല്ലോ. അതേസമയം സുല്‍ത്താന്മാരുടെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്നതിലും ബാഹ്യശത്രുവിന്റെ ഭീഷണി രാജ്യത്തിനെതിരെ ഉയര്‍ന്നുവരുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ അവരോടൊപ്പം  നില്‍ക്കുന്നതിലും അവര്‍ യാതൊരു അമാന്തവും കാണിച്ചിരുന്നുമില്ല. രാജ്യത്തുണ്ടാകുന്ന രാഷ്ട്രീയ മാറ്റങ്ങളും അത് മുസ്‌ലിം ഭരണത്തിന് നേരെ ഉയര്‍ത്തുന്ന ഭീഷണികളുമൊന്നും ശ്രദ്ധിക്കാതെ ഖാന്‍ഗാഹില്‍ ചടഞ്ഞു കൂടുന്നവരായിരുന്നില്ല ഇവരാരും. സുല്‍ത്താന്നോ മന്ത്രിമാര്‍ക്കോ ആര്‍ക്കും തങ്ങളെ വിലക്കെടുക്കാന്‍ കഴിയാതിരിക്കാന്‍ വേണ്ടി മാത്രമാണ് കൊട്ടാരവുമായി അവര്‍ കൃത്യമായ അകലം പാലിച്ചത്.

ശൈഖ് നിസാമുദ്ദീനും ചിശ്തി സൂഫിമാരുടെ ഈ പാരമ്പര്യം ശക്തമായി മുറുകെ പിടിച്ചിരുന്നുവെന്നും മുകളില്‍ സൂചിപ്പിച്ചിട്ടുണ്ട്. അദ്ദേഹം ദല്‍ഹിയിലായിരിക്കെ അഞ്ച് സുല്‍ത്താന്മാര്‍ ഒന്നിനു പിറകെ ഒന്നായി അധികാരത്തില്‍ വാഴിക്കപ്പെട്ടിരുന്നു. അവരില്‍ ആരെയും അദ്ദേഹം കൊട്ടാരത്തില്‍ പോയി മുഖം കാണിക്കുകയോ അവരെ ഖാന്‍ഗാഹില്‍ വരാന്‍ അനുവദിക്കുകയോ ചെയ്തില്ല. ഗിയാസുദ്ദീന്‍ ബാല്‍ബന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ പ്രശസ്തി വേണ്ടത്ര പ്രചരിച്ചിരുന്നില്ല. അതിനാല്‍ തന്നെ ബാല്‍ബന്‍ അദ്ദേഹത്തെ ശ്രദ്ധിച്ചിരിക്കാന്‍ വഴിയില്ല. മുഇസ്സുദ്ദീന്‍ കൈകുബാദിന്റെ ശ്രദ്ധ കളി വിനോദങ്ങളിലും വേട്ടയിലുമായിരുന്നു. അതിനാല്‍ അദ്ദേഹവും നിസാമുദ്ദീനെ ശ്രദ്ധിച്ചിരിക്കാന്‍ വഴിയില്ല. അദ്ദേഹത്തിനു ശേഷം അധികാരത്തില്‍ വന്ന ജലാലുദ്ദീന്‍ ഖില്‍ജി  പണ്ഡിതനും ആത്മീയ കാര്യങ്ങളില്‍ തല്‍പരനുമായിരുന്നു. അദ്ദേഹത്തിന്റെ കാലത്താണ് ഖാജാ നിസാമുദ്ദീന്‍ പ്രശസ്തിയുടെ കൊടുമുടിയിലേക്കുയര്‍ന്നത്. അദ്ദേഹം പല തവണ ഖാജയുടെ അടുക്കല്‍ വരാന്‍ അനുവാദം ചോദിച്ചെങ്കിലും അനുമതി കൊടുക്കുകയുണ്ടായില്ല. ഒടുവില്‍ മുന്‍കൂട്ടി വിവരം അറിയിക്കാതെ നിസാമുദ്ദീന്‍ ഔലിയയുടെ ശിഷ്യനായ അമീര്‍ ഖുസ്‌റോവിനോടൊപ്പം ഖാന്‍ഗാഹിലെത്താന്‍ പദ്ധതി തയാറാക്കിയെങ്കിലും വിവരം എങ്ങനെയോ മണത്തറിഞ്ഞ ഖാജാ തല്‍ക്ഷണം സ്ഥലം വിടുകയായിരുന്നു. ഇവിടെ സുല്‍ത്താന്റെ ഔന്നത്യം കൂടി പരാമര്‍ശിക്കപ്പെടേണ്ടതുണ്ട്. തനിക്ക് കാണാന്‍ അനുമതി നിഷേധിക്കുക മാത്രമല്ല താന്‍ വരുമെന്നറിഞ്ഞ് സ്ഥലം വിടുക കൂടി ചെയ്ത ആ സൂഫിയെ ഒരു ഉത്തരവിലൂടെ കൊട്ടാരത്തില്‍ ഹാജരാക്കാന്‍ സുല്‍ത്താന് നിഷ്പ്രയാസം കഴിയുമായിരുന്നു. പക്ഷേ സുല്‍ത്താന്‍ അതിന് തുനിയുകയുണ്ടായില്ല. ഇത് സുല്‍ത്താന്റെ ഔന്നത്യത്തോടൊപ്പം കൊട്ടാരത്തിന്റെ ആനുകൂല്യം പറ്റാത്തതിലൂടെ ആ സൂഫിവര്യന്‍ കൈവരിച്ച ഭയമില്ലായ്മയുടെ കൂടി തെളിവാണ്.

അദ്ദേഹത്തിനു ശേഷം അധികാരത്തില്‍ വന്ന പ്രതാപശാലിയും വീരശൂര പരാക്രമിയുമായ മകന്‍ അലാവുദ്ദീന്‍ ഖില്‍ജിക്ക് തുടക്കത്തില്‍ നിസാമുദ്ദീന്‍ ഔലിയയോട് പ്രത്യേകിച്ച് താല്‍പര്യമോ വെറുപ്പോ ഉണ്ടായിരുന്നില്ല. എങ്കിലും അദ്ദേഹത്തിന്റെ  പ്രശസ്തിയും  ജനകീയതയും ഭരണത്തിന് ഭീഷണിയാകുമെന്ന്  അസൂയാലാക്കുകളായ ചില കൊട്ടാര പണ്ഡിതന്മാര്‍ സുല്‍ത്താന്റെ ചെവിയില്‍ ഓതിക്കൊടുത്തതിനാല്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഖാജയെ കുറിച്ച് നേരിയ സംശയം ഉണ്ടായിരുന്നു. ഇത് പരീക്ഷിച്ചറിയാന്‍ അലാവുദ്ദീന്‍ ഒരു കത്തുമായി തന്റെ മകനും പിന്‍ഗാമിയുമായ ഖിള്ര്‍ ഖാനെ ഖാന്‍ഗാഹിലേക്ക് അയച്ചു. ഭരണകാര്യങ്ങളില്‍ തന്നെ ഉപദേശിക്കണം എന്നായിരുന്നു കത്തിലെ ഉള്ളടക്കം. കത്തിന്റെ യഥാര്‍ഥ ഉദ്ദേശ്യം പിടികിട്ടിയ ഖാജാ കത്ത് വായിക്കാന്‍ മെനക്കെടാതെ അവിടെ കൂടിയവരോട് സുല്‍ത്താനു വേണ്ടി പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുക മാത്രം  ചെയ്തു. അനന്തരം ഇത്ര കൂടി പറഞ്ഞു: 'ദര്‍വീശുകള്‍ക്ക് രാജാക്കന്മാരുമായി എന്തു ബന്ധം.! ഞാന്‍ നഗരത്തിലെ ഒരു കോണില്‍ താമസിക്കുന്ന ദരിദ്രനായ ഒരുമനുഷ്യന്‍ മാത്രം. രാജാവിനും ജനങ്ങള്‍ക്കും വേണ്ടി പ്രാര്‍ഥനയിലാണ് നമ്മളെപ്പോഴും. സുല്‍ത്താന് അത് പിടിക്കുന്നില്ലെങ്കില്‍ നമ്മള്‍ ഇവിടം വിട്ട് എങ്ങോട്ടോ പോയിക്കൊള്ളാം. അല്ലാഹുവിന്റെ ഭൂമി വിശാലമാണല്ലോ.' ഈ മറുപടി കേട്ട് സുല്‍ത്താന് വലിയ സന്തോഷം തോന്നിയെങ്കിലും അദ്ദേഹത്തെ അകാരണമായി സംശയിച്ചതില്‍ വലിയ കുറ്റബോധം തോന്നുകയും ചെയ്തു7 (സിയറുല്‍ ഔലിയാഅ്).

നിസാമുദ്ദീന്റെ  അടുക്കല്‍ പോയി തന്നോട്  പൊറുക്കണമെന്ന് ആവശ്യപ്പെടാന്‍ വേണ്ടി ഖാന്‍ഗാഹില്‍ വരാന്‍ സുല്‍ത്താന്‍ അനുവാദം ചോദിച്ചെങ്കിലും പതിവുപോലെ അദ്ദേഹം ആ ആവശ്യം നിരസിച്ചു. സുല്‍ത്താന്‍ അക്കാര്യത്തില്‍ വീണ്ടും നിര്‍ബന്ധം പിടിച്ചപ്പോള്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞയച്ചു: 'ഈ സാധുവിന്റെ വീട്ടിന് രണ്ട് വാതിലുകളുണ്ട്. ഒന്നിലൂടെ സുല്‍ത്താന്‍ അകത്ത് പ്രവേശിക്കുകയാണെങ്കില്‍ മറ്റേതിലൂടെ ഞാന്‍ പുറത്തു പോയിട്ടുണ്ടാകും.'8 അങ്ങനെ  അലാവുദ്ദീന് ഒരിക്കല്‍ പോലും നിസാമുദ്ദീനെ നേരില്‍ കാണാന്‍ അവസരം കിട്ടിയില്ലെങ്കിലും  അദ്ദേഹത്തോടുള്ള ഭക്തിയും ബഹുമാനവും അവസാനം വരെ നിലനിന്നു. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ഉപദേശം തേടുകയും പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തെലങ്കാനയില്‍ അദ്ദേഹത്തിന്റെ സൈന്യം നടത്തിയ പടയോട്ടം പരാജയമുഖം കണ്ടതിനു ശേഷം വിജയം നേടിയത് ഖാജയുടെ പ്രാര്‍ഥന കൊണ്ട് മാത്രമാണെന്ന് അലാവുദ്ദീന്‍ വിശ്വസിച്ചിരുന്നു. തെലങ്കാന വിജയം ഖാജയോട് സുല്‍ത്താനുള്ള ഭക്തിയും ബഹുമാനവും പതിന്മടങ്ങ് വര്‍ധിപ്പിച്ചുവെന്ന് താരീഖു ഫൈറൂസ് ഷായില്‍ ളിയാഉദ്ദീന്‍ ബര്‍ണി പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്.9 

അലാവുദ്ദീന്റെ മരണശേഷം അധികാരത്തില്‍ വന്നത് അദ്ദേഹത്തിന്റെ രണ്ടാമത്തെ പുത്രന്‍ ഖുത്വ്ബുദ്ദീനാണ്. അലാവുദ്ദീന്റെ പിന്‍ഗാമിയായിരുന്ന മൂത്ത പുത്രന്‍ ഖിള്ര്‍ ഖാനില്‍നിന്ന് അധികാരം ബലാല്‍ക്കാരം തട്ടിയെടുത്തുകൊണ്ടാണ് അദ്ദേഹം അധികാരത്തില്‍ വന്നത്. ഖിള്ര്‍ ഖാന്‍ ഖാജയുടെ മുരീദായിരുന്നതിനാല്‍ ഖുത്വ്ബുദ്ദീന് ഖാജയോടും കടുത്ത വെറുപ്പും അനിഷ്ടവുമായിരുന്നു. അദ്ദേഹം ജാമിഅ് മീരി എന്ന പേരില്‍ ഒരു പുതിയ പള്ളി പണിത് എല്ലാ പണ്ഡിതന്മാരും സൂഫികളും നിര്‍ബന്ധമായും അവിടെ ജുമുഅയില്‍ പങ്കെടുക്കണമെന്ന് ഉത്തരവിറക്കിയെങ്കിലും നിസാമുദ്ദീന്‍  താന്‍ തന്റെ അടുത്ത പള്ളിയിലേ നമസ്‌കരിക്കൂവെന്നും  പുതിയ  പള്ളിയിലേക്ക് വരാന്‍ ആവില്ലെന്നും  സുല്‍ത്താനെ അറിയിച്ചുകൊണ്ടുതന്നെ അതില്‍നിന്ന് വിട്ടുനിന്നു. ഇത് സുല്‍ത്താനെ കൂടുതല്‍ പ്രകോപിപ്പിച്ചു. കൊട്ടാരത്തില്‍ നടന്ന വിരുന്നിലും അദ്ദേഹം പങ്കെടുത്തില്ല. പ്രകോപിതനായ സുല്‍ത്താന്‍ ഇനി മുതല്‍ ആരും ശൈഖിനെ കാണാനായി ഗിയാസ്പൂരില്‍ പോകരുതെന്നും അവിടേക്ക് ഹദ്‌യ കൊടുത്തയക്കരുതെന്നും  ഉത്തരവിറക്കി. പക്ഷേ അതുകൊണ്ട് വലിയ ഫലമുണ്ടായില്ല. ഖാജക്കെതിരെ എന്തെങ്കിലും പ്രത്യക്ഷ നടപടിയെടുക്കാനുള്ള ധൈര്യവും  സുല്‍ത്താനുണ്ടായിരുന്നില്ല. യാദൃഛികമായി ഒരു ദിവസം സിയാഉദ്ദീന്‍ റൂമിയുടെ ദര്‍ഗയില്‍ വെച്ച് സുല്‍ത്താനും ഖാജയും കണ്ടുമുട്ടിയപ്പോള്‍ ഒരു മുസ്‌ലിമെന്ന നിലയില്‍ ഖാജാ നിസാമുദ്ദീന്‍ സലാം പറഞ്ഞെങ്കിലും സുല്‍ത്താന്‍ മടക്കിയില്ലെന്ന് അമീര്‍ ഖുസ്‌റോ എഴുതിയിട്ടുണ്ട്.10

നിസാമുദ്ദീനോട് തന്റെ ഭരണത്തിലുടനീളം തീരാപ്പക സൂക്ഷിച്ചിരുന്ന ഖുത്വ്ബുദ്ദീന്‍ അവസാനം ഖാജയെ ഒരു മാസത്തിനുള്ളില്‍ കൊട്ടാരത്തില്‍ നിര്‍ബന്ധമായും ഹാജരാകാന്‍ ഉത്തരവിട്ടു. അദ്ദേഹത്തെ കൊന്നുകളയുകയായിരുന്നു ഉദ്ദേശ്യമെന്ന് പറയപ്പെടുന്നുണ്ട്. പക്ഷേ എന്തു വന്നാലും പോകില്ല എന്ന നിലപാടില്‍ ഖാജയും ഉറച്ചുനിന്നു. പക്ഷേ ആ മാസം പൂര്‍ത്തിയാകുന്നതിനു മുമ്പ് തന്നെ ഖുസ്‌റു ഖാന്റെ കൈയാല്‍ സുല്‍ത്താന്‍ കൊല്ലപ്പെടുകയാണുണ്ടായത്. ഇത് സ്വാഭാവികമായും ഖാജാ നിസാമുദ്ദീന്റെ കറാമത്തായി പ്രചരിപ്പിക്കപ്പെട്ടു.

ഖാജാ നിസാമുദ്ദീന്‍  സംഗീതവുമായി ബന്ധപ്പെട്ട ഒരു സംവാദത്തില്‍ പങ്കെടുക്കാനായി ഒരിക്കല്‍ മാത്രമേ കൊട്ടാരത്തില്‍ പോയിട്ടുള്ളൂവെന്ന്  നേരത്തേ സൂചിപ്പിച്ചിരുന്നുവല്ലോ. അത് തുഗ്ലക്ക്  ഭരണകൂട സ്ഥാപകന്‍ ഗിയാസുദ്ദീന്‍ തുഗ്ലക്കിന്റെ കൊട്ടാരത്തിലായിരുന്നു. സുല്‍ത്താന്‍ വലിയ വിജ്ഞന്‍ ആയിരുന്നില്ലെങ്കിലും അദ്ദേഹം പണ്ഡിതന്മാരെ ബഹുമാനിക്കുകയും ശരീഅത്തിനോട് പ്രതിബദ്ധത പുലര്‍ത്തുകയും ചെയ്തിരുന്നു. കൊട്ടാരവുമായി വളരെ അടുപ്പമുണ്ടായിരുന്ന ചില പ്രധാന ഹനഫി പണ്ഡിതന്മാര്‍, ശൈഖിന്റെ ഖാന്‍ഗാഹില്‍ സംഗീതം ആലപിക്കപ്പെടുകയും ഖാജ അത് കേള്‍ക്കുകയും ചെയ്യുന്നതായി സുല്‍ത്താനോട് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ധാരാളം പണ്ഡിതന്മാരും ഖാജയും പങ്കെടുത്ത സംഗീതത്തെ  ചൊല്ലിയുള്ള ആ സംവാദം നടന്നത്. ഹനഫി മദ്ഹബില്‍ സംഗീതം ആലപിക്കുന്നതും കേള്‍ക്കുന്നതും ഹറാമായതിനാല്‍ ഖാജാ തന്റെ ഖാന്‍ഗാഹില്‍ അത് അനുവദിക്കുക വഴി ഗുരുതരമായ തെറ്റാണ് ചെയ്തിരിക്കുന്നതെന്നായിരുന്നു മത പണ്ഡിതന്മാരുടെ വാദം. എല്ലാ സംഗീതവും ഹദീസില്‍ വിലക്കപ്പെട്ടിട്ടില്ലെന്നും അതിനാല്‍ നിരുപാധികം അത് ഹറാമാക്കുന്നതില്‍ അര്‍ഥമില്ലെന്നുമായിരുന്നു ഖാജയുടെ വാദം. കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ഹദീസിനേക്കാള്‍ ഫിഖ്ഹിന് മുന്‍ഗണന നല്‍കുന്നുവെന്ന വിമര്‍ശനവും അദ്ദേഹം ഉയര്‍ത്തി. സംഗീതം നിരുപാധികം ഹറാമാണെന്നു സ്ഥാപിക്കാന്‍ മതപണ്ഡിതന്മാര്‍ക്ക് സാധിക്കാത്തതിനാല്‍ ഖാജയുടെ ഖാന്‍ഗാഹിലെ സംഗീതം തുടര്‍ന്നു കൊള്ളട്ടെ എന്ന തീരുമാനത്തിലാണ് സംവാദം ഒടുവില്‍ അവസാനിച്ചത്. സംഗീതം വിലക്കിക്കൊണ്ടുള്ള ഒരു രാജകീയ ശാസനമാണ് മതപണ്ഡിതന്മാര്‍ പ്രതീക്ഷിച്ചിരുന്നത്. അത് നടന്നില്ല. സംവാദത്തിനു ശേഷം അങ്ങേയറ്റം ബഹുമാനാദരവുകളോടെ സുല്‍ത്താന്‍ ഖാജയെ യാത്രയാക്കി.

ഈ സംവാദത്തിനു ശേഷം ദല്‍ഹിയിലെ മതപണ്ഡിതന്മാരെ കുറിച്ച്  തീരെ മതിപ്പില്ലാതെയാണ് അദ്ദേഹം കൂട്ടുകാരോട് സംസാരിച്ചത്. വെറുപ്പും അസൂയയും മാത്രം കൈമുതലായ അവര്‍ ഹദീസിനെ തീരെ പരിഗണിക്കുന്നില്ല എന്ന വിമര്‍ശനവും  അദ്ദേഹം  നടത്തി. പ്രവാചകന്റെ ഒരു ഹദീസ് അവരോട് പറഞ്ഞാല്‍ അതില്‍നിന്ന്  ഇമാം ശാഫിഈ തെളിവ് പിടിച്ചതിനാല്‍ ഹനഫികളായ തങ്ങള്‍ക്കത് കേള്‍ക്കുകയോ മനസ്സിലാക്കുകയോ വേണ്ടതില്ല എന്നാണ് അവരുടെ നിലപാട്. ഇമാം ശാഫിഈയും അനുയായികളും തങ്ങളുടെ ശത്രുക്കളാണെന്ന പക്ഷപാതപരമായ നിലപാടാണ് ഹദീസിനു നേരെ പുറംതിരിഞ്ഞുനില്‍ക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.11  മദ്ഹബ് പക്ഷപാതിത്വം കാരണം പ്രവാചകന്റെ ഹദീസിനോട് ശത്രുത പുലര്‍ത്തുന്ന ധാരാളം പണ്ഡിതന്മാര്‍ അടിഞ്ഞുകൂടിയ ഈ നഗരത്തില്‍  അതിന്റെ പേരില്‍ തന്നെ അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങുമോ എന്നു താന്‍ ഭയപ്പെടുന്നതായും അദ്ദേഹം തന്റെ സുഹൃത്തുക്കളോട് പങ്കുവെക്കുകയുണ്ടായി. എന്തായാലും മദ്ഹബ് പക്ഷപാതിത്വം കൊടികുത്തിവാണ ആ സമയത്ത് അതിനെതിരായ ഈ നിലപാടും ഹദീസിന് ഫിഖ്ഹിനേക്കാള്‍ മുന്‍ഗണന നല്‍കുന്ന സമീപനവും തീര്‍ച്ചയായും അദ്ദേഹത്തിലെ പരിഷ്‌കര്‍ത്താവിനെ അടയാളപ്പെടുത്തുന്നതാണ്. അദ്ദേഹത്തിന്റെയും മുന്‍ഗാമികളായ ബാബാ ഫരീദുദ്ദീന്‍ ഗന്‍ജേ ശക്‌റിന്റെയും ബഖ്തിയാര്‍ കാകിയുടെയും പ്രവര്‍ത്തനങ്ങളെ ചുരുങ്ങിയ വാക്കുകളില്‍ സയ്യിദ് മൗദൂദി ഇങ്ങനെ അടയാളപ്പെടുത്തുന്നു:

'ഹസ്രത്ത് ഖാജാ ബഖ്തിയാര്‍ കാകി ദല്‍ഹിയുടെ പ്രാന്തങ്ങളിലും ഹസ്രത്ത് ഫരീദുദ്ദീന്‍ ഗന്‍ജേ ശക്ര്‍ പഞ്ചാബിലും ഹസ്രത്ത് നിസാമുദ്ദീന്‍ മഹ്ബൂബെ ഇലാഹി ദല്‍ഹിയിലും പരിസരങ്ങളിലും ഇസ്‌ലാമിക പ്രബോധനമെന്ന പാവനദൗത്യം നിര്‍വഹിച്ചവരാണ്.'12

725/1335 മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ ഭരണകാലത്ത് അദ്ദേഹം മരണപ്പെട്ടു. മരിക്കുന്നതിനു മുമ്പ് ഒന്നും അവശേഷിക്കാതെ എല്ലാം ദാനം ചെയ്തുവെന്ന്  ഉറപ്പുവരുത്തിയിരുന്നു. സ്വന്തമായി ഒന്നുമില്ലാത്തവനായി ദൈവത്തെ കണ്ടുമുട്ടുകയാണ് തന്റെ മോഹമെന്ന് അദ്ദേഹം മുരീദുമാരോട് പറഞ്ഞിരുന്നു. ജീവിതകാലം മുഴുവന്‍ അദ്ദേഹം അവിവാഹിതനായിരുന്നു. ശൈഖുല്‍ ഇസ്‌ലാം റുക്‌നുദ്ദീന്‍ നബീറയാണ് അദ്ദേഹത്തിന്റെ ജനാസക്ക് നേതൃത്വം നല്‍കിയത്. മുഹമ്മദ് ബിന്‍ തുഗ്ലക്ക് അദ്ദേഹത്തിന്റെ മഖ്ബറക്ക് മുകളില്‍ ഖുബ്ബ നിര്‍മിച്ചു. ഇന്ന്  ഇന്ത്യയിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ഹസ്രത്ത് നിസാമുദ്ദീന്‍ ദര്‍ഗ.

(അവസാനിച്ചു)

 

കുറിപ്പുകള്‍

(7) സിയറുല്‍ ഔലിയാഅ്   (8)  Khaliq Ahmed Nizami Sheikh Nizamuddin Auliya 51  (9) താരീഖു ദഅ്‌വത്ത വഅസീമത്ത്  (10) നിളാമെ തഅ്‌ലീം - മനാളിര്‍ ഹസന്‍ ഗീലാനി  (11) സിയറുല്‍ ഔലിയാഅ് 52,532

(12) ഇസ്‌ലാം കെ സര്‍ഛിശ്‌മെ ഖുവ്വത്ത് 27

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (43-48)
എ.വൈ.ആര്‍

ഹദീസ്‌

ദയാവധത്തിന് നിയമസാധുതയോ?
കെ.സി ജലീല്‍ പുളിക്കല്‍