Prabodhanm Weekly

Pages

Search

2018 മെയ് 04

3050

1439 ശഅ്ബാന്‍ 17

ദേശരാഷ്ട്രം അസ്തമയത്തിലേക്ക് നീങ്ങുകയാണോ?

സമീര്‍ സഈഫാന്‍

ദേശരാഷ്ട്രങ്ങളുടെ ശക്തി ദിനംപ്രതി ക്ഷയിച്ചുവരികയാണ്. അതിന് പല കാരണങ്ങളുണ്ട്. അന്താരാഷ്ട്ര ഉടമ്പടികളുടെയും ആഗോള സംഘടനകളുടെയും സജീവതയാണ് അതിലൊന്ന്. അന്താരാഷ്ട്ര മൂല്യങ്ങളും നിയമങ്ങളും നിയന്ത്രണങ്ങളും വര്‍ധിച്ചുവരുന്നു. ദേശരാഷ്ട്രത്തിന്റെ അതിര്‍ത്തികള്‍ ഭേദിച്ചുകൊണ്ട് ആഗോള കമ്പനികള്‍ കുതിച്ചുപായുന്നു. അതുവഴി ദേശരാഷ്ട്രങ്ങളുടെ അപ്രമാദിത്വവും അധികാരവും ദുര്‍ബലപ്പെട്ടുകൊണ്ടിരിക്കുന്നു. അന്താരാഷ്ട്ര ഉടമ്പടികളും ആഗോള സംഘടനകളും ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഏതാണ്ടെല്ലാ മേഖലകളെയും വലയം ചെയ്തിട്ടുണ്ട്. ശാസ്ത്രം, സാമ്പത്തികം, കച്ചവടം, വ്യവസായം, ഗതാഗതം, പരിസ്ഥിതി, യുദ്ധം, ബൗദ്ധിക സമ്പത്ത്, സംസ്‌കാരം, മനുഷ്യാവകാശങ്ങള്‍, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍, വ്യക്തിഗത മൂല്യങ്ങള്‍, ജനാധിപത്യ മൂല്യങ്ങള്‍ തുടങ്ങിയവയെല്ലാം ആഗോള സംവിധാനങ്ങളുടെ നിയന്ത്രണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.

ലോകത്ത് വികേന്ദ്രീകരണ പ്രവണത വര്‍ധിക്കുന്നു. പൗരസമൂഹ സംഘടനകള്‍ വളരുന്നു. കേന്ദ്ര ഗവണ്‍മെന്റിന്റെ ചെലവില്‍ സ്വകാര്യ മേഖലകള്‍ ശക്തി പ്രാപിക്കുന്നു. അതുമുഖേന ദേശരാഷ്ട്രങ്ങളുടെ ശക്തിയും റോളും മങ്ങിക്കൊണ്ടിരിക്കുന്നു. പ്രാദേശിക തലങ്ങളിലേക്ക് അതിന്റെ അധികാരം ചുരുങ്ങുന്നു. ഭരണകൂടവും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥവൃന്ദവും മുമ്പത്തേക്കാള്‍ ഇന്ന് വെറുക്കപ്പെട്ടവരാണല്ലോ. ഒരുവശത്ത് ആഗോള സംവിധാനങ്ങളുടെ അധികാരം വികസിച്ചുവരുന്നു. മറുവശത്ത് ദേശരാഷ്ട്രങ്ങളുടെ അധികാരം പ്രാദേശിക തലങ്ങളിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്നു.

ദേശരാഷ്ട്രത്തിന്റെ പുരോഗതി പോലും ആഗോള സംവിധാനങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുകയാണ്. വസ്തുനിഷ്ഠമായി പരിശോധിച്ചാല്‍, ഈ അവസ്ഥ ദേശരാഷ്ട്രങ്ങളുടെ അതിര്‍ത്തികളെ ദുര്‍ബലമാക്കുന്നുണ്ടെന്ന് വ്യക്തമാകും. ചരക്ക്, സേവനം, മൂലധനം, മനുഷ്യ വിഭവം തുടങ്ങിയവയുടെ കയറ്റുമതിയെയും ഇറക്കുമതിയെയും ആശ്രയിക്കാന്‍ ഇന്ന് എല്ലാ രാഷ്ട്രങ്ങളും നിര്‍ബന്ധിതരാണ്. ഏതെങ്കിലും ഒരു വലിയ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടായാല്‍ അത് ലോകത്ത് മുഴുവന്‍ പ്രതിഫലിക്കും. അതിന്റെ സമീപകാല ഉദാഹരണമാണ് അമേരിക്കയെ വരിഞ്ഞുമുറുക്കിയ സാമ്പത്തിക മാന്ദ്യം. എണ്ണപോലുള്ള ചരക്കുകളില്‍ ഉണ്ടാകുന്ന വിലവ്യത്യാസമാണ് മറ്റൊരു ഉദാഹരണം. എണ്ണയുടെ ഉല്‍പാദനത്തില്‍ ഉണ്ടാകുന്ന കുറവും ഉപയോഗത്തില്‍ വരുന്ന വര്‍ധനവുമെല്ലാം എല്ലാ രാജ്യങ്ങളിലെയും അതിന്റെ വിലയില്‍ പ്രതിഫലിക്കും. ഗോതമ്പ്, പഞ്ചസാര പോലുള്ള ചരക്കുകളുടെയും മറ്റു അസംസ്‌കൃത വസ്തുക്കളുടെയും അവസ്ഥ ഇതുതന്നെ.

ഒന്ന് സങ്കല്‍പിച്ചുനോക്കൂ; മൈക്രോസോഫ്റ്റ് കമ്പനി തകര്‍ന്നാല്‍ എന്താണ് സംഭവിക്കുക? ലോകത്തിലെ ഭൂരിഭാഗം കമ്പ്യൂട്ടറുകളും ഉപയോഗിക്കുന്നത് മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്‌വെയറാണല്ലോ. അതല്ലെങ്കില്‍ ഇന്റര്‍നെറ്റ് മിടിപ്പുകള്‍ വഹിച്ചുകൊണ്ട് സഞ്ചരിക്കുന്ന കൃത്രിമ ഉപഗ്രഹങ്ങള്‍ വല്ല കാരണത്താലും പ്രവര്‍ത്തനരഹിതമായാലോ? ലോകം സ്തംഭനാവസ്ഥയിലേക്ക് എടുത്തെറിയപ്പെടും. ഈ പ്രശ്‌നങ്ങളെല്ലാം ഒരു രാഷ്ട്രത്തിന്റെ അല്ലെങ്കില്‍ ഒന്നിലധികം രാഷ്ട്രങ്ങളുടെ കഴിവിനും അധികാരത്തിനും അപ്പുറത്ത് നില്‍ക്കുന്നവയാണ്.

മറ്റൊരു വശംകൂടി ചിന്തിക്കേണ്ടതുണ്ട്. ഇന്ന് ലോകത്ത് ജനങ്ങളുടെ ജീവിത ശൈലി, വസ്ത്രധാരണ രീതി, വീടുകളുടെ ഘടന, അതിലെ ഫര്‍ണിച്ചറുകളുടെ ക്രമീകരണം തുടങ്ങിയവയിലെല്ലാം സാമ്യതകള്‍ ഏറെയാണ്. നിങ്ങള്‍ സഞ്ചരിക്കുന്ന നഗരങ്ങളിലെ റോഡുകള്‍, പഠിക്കുന്ന വിദ്യാലയങ്ങള്‍, സര്‍വകലാശാലകള്‍, നിങ്ങള്‍ കരസ്ഥമാക്കുന്ന വിജ്ഞാനങ്ങള്‍, ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടറുകള്‍ അടക്കമുള്ള ഉപകരണങ്ങള്‍ എന്നിവയെല്ലാം പരസ്പരം സാദൃശ്യപ്പെട്ടു കിടക്കുന്നു. നിങ്ങള്‍ വികാരങ്ങള്‍ വര്‍ണിക്കുന്ന രീതിപോലും ഒരുപോലെയാകുന്നു. അഥവാ സാമൂഹികമായ ആശയവിനിമയ മാധ്യമങ്ങള്‍ ഒരു ആഗോള ഇടം സൃഷ്ടിച്ചിരിക്കുന്നു. അതാകട്ടെ നിയന്ത്രണങ്ങളെയും അതിര്‍ത്തികളെയും അംഗീകരിക്കുന്നില്ല. മുമ്പുണ്ടായിരുന്ന മാനസികമായ മതിലുകളെയും അതിരുകളെയും അത് തകര്‍ക്കുന്നു. 'ഞങ്ങള്‍ വ്യത്യസ്തരാണ്' എന്ന ബോധത്തെ ദുര്‍ബലപ്പെടുത്തുന്നു. വ്യക്തികള്‍ക്കിടയില്‍ സാര്‍വലൗകികമായ അടുപ്പവും ഐക്യവും സൃഷ്ടിക്കുന്നു. അവരുടെ മനസ്സിലെ ദേശീയതാ ബോധം കുറച്ചുകൊണ്ടുവരുന്നു.

ഇന്ന് പൗരസമൂഹവും അതിന്റെ സ്ഥാപനങ്ങളും ഉയര്‍ന്നുവരികയാണ്. ചില സന്ദര്‍ഭങ്ങളില്‍ അത് ഗവണ്‍മെന്റിന്റെ റോള്‍ പോലും നിര്‍വഹിക്കുന്നു. ആഗോളവത്കരണത്തോടും അതിന്റെ ലിബറല്‍ ശൈലിയോടുമുള്ള സാമൂഹിക പ്രതികരണമെന്ന നിലക്ക് കഴിഞ്ഞ നാല് പതിറ്റാണ്ടുകളിലാണ് പൗരസമൂഹം വളര്‍ന്നു വികസിക്കാന്‍ തുടങ്ങിയത്. പൗരസമൂഹം വ്യത്യസ്ത ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നു. ചിലത് സാമൂഹികമാണ്. മറ്റു ചിലത് മുമ്പ് സ്വകാര്യ മേഖലകള്‍ നിര്‍വഹിച്ചിരുന്നതാണ്. വേറെ ചിലത് ഗവണ്‍മെന്റ് നിര്‍വഹിച്ചിരുന്നതാണ്. വമ്പന്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ പൗരസമൂഹത്തിന് ഇന്ന് ശേഷിയുണ്ട്. ഒരുപക്ഷേ, വലിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാധ്യമാകുന്നതിനും അപ്പുറം.

പൗരസമൂഹത്തിന്റെ ഇത്തരം ഇടപെടലുകള്‍ കാരണമായി രാഷ്ട്രങ്ങളുടെയും മൂലധന ശക്തികളുടെയും റോള്‍ ഘട്ടംഘട്ടമായി കുറഞ്ഞുവരുന്നു. പൗരസമൂഹ സ്ഥാപനങ്ങള്‍ ദേശരാഷ്ട്രാതിര്‍ത്തികള്‍ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കെ പ്രത്യേകിച്ചും. അവയുടെ പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക തലത്തിലാണെങ്കിലും ആഗോളാടിസ്ഥാനത്തില്‍ പരോക്ഷമായ അധികാരം അവക്ക് കൈവന്നിരിക്കുന്നു. അഥവാ 'ആഗോളാടിസ്ഥാനത്തില്‍ ചിന്തിക്കുക. പ്രാദേശികമായി പ്രവര്‍ത്തിക്കുക' എന്ന തത്ത്വം ഇവിടെ പ്രയോഗവത്കരിക്കപ്പെടുകയാണ്.

ആഗോളതലത്തില്‍ നിരവധി ശൃംഖലകളുള്ള കമ്പനികളില്‍നിന്ന് ഷോപ്പിംഗ് നടത്തുന്നവരാണ് നമ്മില്‍ പലരും. ഒരു കമ്പനിയെ ഉദാഹരണമായി എടുക്കുക. ലോകത്ത് വ്യാപിച്ചു കിടക്കുന്ന അതിന്റെ ഷോപ്പുകളുടെ എണ്ണത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? അതില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ കണക്ക്, വിതരണ ശൃംഖലകളുടെ എണ്ണം തുടങ്ങിയവയെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ?

ദേശാതിര്‍ത്തികളെ അപ്രസക്തമാക്കി മുന്നേറിക്കൊണ്ടിരിക്കുന്ന ഭീമന്‍ ആഗോള കമ്പനികളുടെ റോള്‍ ഇന്ന് അവഗണിക്കാന്‍ കഴിയുമോ? അവ ഇന്ന് ചില രാഷ്ട്രങ്ങളേക്കാള്‍ ശക്തിയും സ്വാധീനവും ഉള്ളവയാണ്. ആഗോള തലത്തില്‍ യൂനിയനുകള്‍ രൂപപ്പെടാനുള്ള വാതിലുകള്‍ അതുവഴി തുറക്കപ്പെടുകയാണ്. ഉദാഹരണമായി, സ്റ്റീല്‍ വ്യവസായം അന്താരാഷ്ട്ര സ്റ്റീല്‍ നിര്‍മാണ യൂനിയന്റെ നേതൃത്വത്തിലായി മാറുന്നു. വലിയ കമ്പനികള്‍ പ്രസ്തുത യൂനിയനെ നയിക്കുന്നു. നിയമങ്ങളും ഉപാധികളും അവര്‍ നിശ്ചയിക്കുന്നു. അത് എല്ലാവര്‍ക്കും ബാധകമായി മാറുന്നു. എണ്ണ കമ്പനികള്‍ക്കും സമാനമായ ഫെഡറേഷന്‍ സാധ്യമാണ്. അതുപോലെ വിദ്യാഭ്യാസ മേഖല കൈകാര്യം ചെയ്യാന്‍ അന്താരാഷ്ട്ര യൂനിവേഴ്‌സിറ്റി യൂനിയന്‍, ആരോഗ്യ മേഖലയില്‍ വേള്‍ഡ് ഹെല്‍ത്ത് യൂനിയന്‍.... ഇപ്രകാരം എല്ലാ മേഖലയിലും ആഗോള സംവിധാനം രൂപപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നു. അപ്പോള്‍ ഇത്തരം അടിസ്ഥാന കാര്യങ്ങളില്‍ ദേശരാഷ്ട്രങ്ങള്‍ നോക്കുകുത്തിയായി മാറുന്നു.

ദേശരാഷ്ട്രത്തിന് ബദലുണ്ടോ?

ദേശരാഷ്ട്രത്തിന്റെ അന്ത്യത്തെ സംബന്ധിച്ച് നിരവധി സൈദ്ധാന്തികര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. സെയിന്റ് സൈമണ്‍, മാര്‍ക്‌സ്, ഏംഗല്‍സ്, ലെനിന്‍, മിഖായേല്‍ ബാകുനിന്‍ തുടങ്ങിയവര്‍ ഉദാഹരണം. പക്ഷേ, അവരെല്ലാം ഉപരിപ്ലവമായി മാത്രമാണ് ഈ വിഷയത്തെ സമീപിച്ചത്. രാഷ്ട്രത്തിന്റെ അന്ത്യം, അതിനു ശേഷം സമൂഹത്തിന്റെ പൊതുവായ ഉത്തരവാദിത്തങ്ങള്‍ എങ്ങനെ നിര്‍വഹിക്കപ്പെടും, രാഷ്ട്രാനന്തര നവലോകഘടന എങ്ങനെയാകും തുടങ്ങിയവയെ സംബന്ധിച്ച് കൃത്യവും വ്യക്തവുമായ കാഴ്ചപ്പാട് സമര്‍പ്പിക്കാന്‍ അവര്‍ക്കാര്‍ക്കും കഴിഞ്ഞിട്ടില്ല. എന്നാല്‍ ചരിത്രവും വര്‍ത്തമാനവും പരിശോധിച്ചാല്‍ ഈ ചോദ്യങ്ങള്‍ക്ക് നമുക്ക് ഉത്തരം കണ്ടെത്താന്‍ കഴിയും.

ഒന്നാംലോക യുദ്ധത്തിനു ശേഷം ലീഗ് ഓഫ് നാഷന്‍സ് രൂപീകരിക്കപ്പെട്ടു. ആഗോള ഗവണ്‍മെന്റിനെ കുറിച്ച കാഴ്ചപ്പാട് രൂപപ്പെട്ടുവരാന്‍ ലീഗ് ഓഫ് നാഷന്‍ നിമിത്തമായി. രണ്ടാം ലോക യുദ്ധത്തിനു ശേഷം ഐക്യരാഷ്ട്ര സഭയും അതിന്റെ വ്യത്യസ്ത സ്ഥാപനങ്ങളും നിലവില്‍വന്നു. അത് വന്‍ശക്തികള്‍ക്ക് വ്യക്തമായ നിയന്ത്രണമുള്ള വേദിയാണ് എന്ന കാര്യം നിഷേധിക്കുന്നില്ല. അതിന്റെ സ്വാധീന പരിമിതിയെ സംബന്ധിച്ച് ബോധ്യവുമുണ്ട്. എങ്കിലും ഒരു ആഗോള അധികാര കേന്ദ്രം രൂപപ്പെടുത്തുന്നതിനുള്ള പ്രഥമ ചുവടുവെപ്പുകളായിരുന്നു അവ. യൂറോപ്യന്‍ യൂനിയന്‍ മറ്റൊരു ഉദാഹരണമാണ്. 1951-ല്‍ ആറ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഒപ്പുവെച്ച കോര്‍ ആന്റ് സ്റ്റീല്‍ യൂനിയന്‍ എഗ്രിമെന്റാണ് പിന്നീട് യൂറോപ്യന്‍ യൂനിയനായി വികസിച്ചത്. ഇന്ന് അതില്‍ 25 രാഷ്ട്രങ്ങള്‍ അംഗങ്ങളാണ്. എല്ലാ അംഗരാജ്യങ്ങളും അതിന്റെ നിയമങ്ങളും നിര്‍ദേശങ്ങളും ഉടമ്പടികളും അംഗീകരിക്കുന്നു.

ദേശരാഷ്ട്രം അസ്തമിച്ചുകഴിഞ്ഞാല്‍ ലോകത്തുള്ള വിവിധ നാടുകളും നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള പരസ്പര ബന്ധം ചിട്ടപ്പെടുത്തുന്ന ബദല്‍ സംവിധാനമെന്തായിരിക്കും? ഉല്‍പാദക യൂനിയനുകളുടെ ശൃംഖലകള്‍, സാമൂഹിക ഘടനകളുടെ അസോസിയേഷനുകള്‍, രാഷ്ട്രീയ സംഘടനകളുടെ ഫെഡറേഷനുകള്‍, സ്വതന്ത്ര അധികാരമുള്ള സ്ഥാപനങ്ങളുടെ കൂട്ടായ്മകള്‍ തുടങ്ങിയ ബദല്‍ മാര്‍ഗങ്ങള്‍ ലോകത്ത് രൂപപ്പെട്ടുവന്നേക്കാം. ആഗോള നെറ്റ്‌വര്‍ക്ക് വഴി അവ കാര്യങ്ങള്‍ നിയന്ത്രിക്കും. അത്തരം നെറ്റ്‌വര്‍ക്കുകള്‍ കൈകാര്യം ചെയ്യപ്പെടുക പ്രാദേശിക കേന്ദ്രങ്ങളിലൂടെയാകും. ആ പ്രാദേശിക കേന്ദ്രങ്ങള്‍ക്ക് സാങ്കല്‍പികമായ ഒരു ആഗോള കേന്ദ്രവുമായി ബന്ധമുണ്ടാകും. അഥവാ, ഒരു രാഷ്ട്രാതിര്‍ത്തിക്കുള്ളില്‍ പരമാധികാരമുള്ള ഒറ്റ കേന്ദ്രത്തിനു പകരം ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന കൊച്ചു കൊച്ചു കേന്ദ്രങ്ങള്‍. ചെറിയ പ്രാദേശിക സമൂഹങ്ങളുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പുതിയ മാനേജ്‌മെന്റ് സംവിധാനങ്ങള്‍ ഭാവിയില്‍ വികസിച്ചുവരും. ചില ഘടനകള്‍ തകര്‍ന്നും പുതിയ ഘടനകള്‍ വളര്‍ന്നും ക്രമപ്രവൃദ്ധമായാണ് ഈ പരിണാമം സംഭവിക്കുക. നാം ജീവിക്കുന്ന ലോക ഘടനയില്‍നിന്നും വ്യത്യസ്തമായ ലോകക്രമമാണ് ഭാവിയില്‍ വരാനിരിക്കുന്നത്. ആ ലോക ഘടന എങ്ങനെയായിരിക്കണം എന്നതിനെ സംബന്ധിച്ച വിഷന്‍ രൂപപ്പെടുത്താന്‍ പ്രായോഗിക തലത്തിലും ഗവേഷണ രംഗത്തും ആഴത്തിലുള്ള ചിന്തയും ഭാവനയും ആവശ്യമാണ്. ഉദാഹരണമായി അന്ന് ഇലക്‌ട്രോണിക് നാണയം സര്‍വവ്യാപിയാകും. പണത്തിന്റെ മറ്റെല്ലാ രൂപങ്ങളും അപ്രത്യക്ഷമാകും. ഓരോ വ്യക്തിക്കും ഒരു അക്കൗണ്ട് ഉണ്ടാകും. അതിലേക്കാണ് അവന്റെ ശമ്പളവും ലാഭവിഹിതവും വരിക. മൊബൈല്‍ വഴിയോ നാം ഇനിയും കണ്ടെത്തിയിട്ടില്ലാത്ത മറ്റ് വഴികളിലൂടെയോ പണം പരസ്പരം കൈമാറാന്‍ സാധിക്കും. 'ഞാന്‍ ഇന്ന വ്യക്തിക്ക് ഇത്ര രൂപ നല്‍കുന്നു' എന്ന ഒറ്റ പറച്ചില്‍ കൊണ്ട് ചിലപ്പോള്‍ അത് സാധ്യമാകും.

ദേശരാഷ്ട്രം അതിജീവിക്കുമോ, അന്ത്യശ്വാസം വലിക്കുമോ എന്ന പ്രശ്‌നം നമ്മുടെ ആഗ്രഹവും തീരുമാനവുമായി ബന്ധപ്പെട്ട വിഷയമല്ല. ശാസ്ത്ര സാങ്കേതികവിദ്യ പുരോഗതി പ്രാപിക്കുമ്പോള്‍ അനിവാര്യമായി സംഭവിക്കുന്ന അനന്തര ഫലമാണ് അത്. 

വിവ: സി.എസ് ശാഹിന്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (43-48)
എ.വൈ.ആര്‍

ഹദീസ്‌

ദയാവധത്തിന് നിയമസാധുതയോ?
കെ.സി ജലീല്‍ പുളിക്കല്‍