വര്‍ണവ്യവസ്ഥ പ്രത്യയശാസ്ത്രമാകുമ്പോള്‍
ഡോ. ഭീം റാവു അംബേദ്കറെ തന്റെ ഭരണകൂടം ആദരിച്ചതുപോലെ മറ്റൊരു ഭരണകൂടവും ആദരിച്ചിട്ടില്ലെന്നും ദലിതുകളുടെ ഉന്നമനത്തിനു വേണ്ടി ഏറ്റവുമധികം വിയര്‍പ്പൊഴുക്കിയത് ഭാരതീയ ജനതാ പാര്‍ട്ടിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിന് മറുപടിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്: ''മോദിജീ, താങ്കള്‍ നിലകൊള്ളുന്ന അക്രാമക പ്രത്യയശാസ്ത്രത്തിന് ഒരിക്കലും ദലിതുകളെയോ ബാബാ സാഹിബിനെയോ ആദരിക്കാന്‍ കഴിയില്ല. ആര്‍.എസ്.എസ്/ബി.ജെ.പി പ്രത്യയശാസ്ത്രം ബാബാ സാഹിബിനെ ആദരിക്കുന്നതിന്റെ ചില സാമ്പിളുകളിതാ.'' തമിഴ്‌നാട്ടിലും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും തകര്‍ക്കപ്പട്ട അംബേദ്കര്‍ പ്രതിമകളുടെ ചിത്രങ്ങളും അതിനൊപ്പം പോസ്റ്റ് ചെയ്തിരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള വാക്‌പോരായി കണ്ടാല്‍ മതി ഇതിനെയൊക്കെ. ഭരണകക്ഷി ഒന്ന് പറയുന്നു, പ്രതിപക്ഷം അതിനെ ഖണ്ഡിക്കുന്നു. തിരിച്ചും സംഭവിക്കും. പക്ഷേ ഈ വാക്‌പോരില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അറിഞ്ഞോ അറിയാതെയോ വിഷയത്തിന്റെ മര്‍മത്തിലേക്ക് കടന്നിരിക്കുന്നു. മോദിയും അമിത് ഷായും ഉള്‍പ്പെടെയുള്ള സംഘ് പരിവാര്‍ നേതാക്കള്‍ സ്വാംശീകരിച്ച പ്രത്യയശാസ്ത്രമാണ് യഥാര്‍ഥ പ്രശ്‌നം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
രാഷ്ട്രീയ പാര്‍ട്ടികളോ സാംസ്‌കാരിക കൂട്ടായ്മകളോ മത സംഘടനകളോ ഏതുമാകട്ടെ, അവ നിലകൊള്ളുന്ന ദര്‍ശനവും പ്രത്യയശാസ്ത്രവുമായിരിക്കും അവയുടെ സ്വഭാവവും പ്രവര്‍ത്തന രീതികളും നിര്‍ണയിക്കുക. ജനത്തെ കബളിപ്പിക്കാന്‍ ചില ചെപ്പടിവിദ്യകളൊക്കെ ആകാമെന്നല്ലാതെ, ദര്‍ശനവും പ്രവര്‍ത്തനരീതിയും ഏറെക്കാലം വേറിട്ട വഴികളിലൂടെ സഞ്ചരിക്കുകയില്ല. വര്‍ണവ്യവസ്ഥയുടെ അടിസ്ഥാനത്തിലുള്ള ധര്‍മത്തിലാണ് സംഘ് പരിവാറിന്റെ പ്രത്യയശാസ്ത്രം നിലകൊള്ളുന്നത്. മനുഷ്യരെ അവരുടെ ജന്മം നോക്കി ജാതീയമായി വിഭജിക്കുന്നതും മ്ലേഛരോ വിശുദ്ധരോ ആയി പരിഗണിക്കുന്നതും ഇതിന്റെ അടിസ്ഥാനത്തിലാണ്. അധഃസ്ഥിത ദലിത് സമൂഹമാകട്ടെ ജാതി ശ്രേണിയുടെ താഴ്ത്തട്ടില്‍ പോലും ഇടം കിട്ടാതെ പോയ നിഷ്‌കാസിത ജനതയും. പ്രത്യയശാസ്ത്രസംബന്ധിയായ ഇത്തരം വിഷയങ്ങളിലൊന്നും സംഘ് പരിവാര്‍ എന്തെങ്കിലും മാറ്റം വരുത്തിയതായി അറിയില്ല. അതേസമയം ദലിത് വിഭാഗത്തില്‍ പെടുന്നവരെ കേന്ദ്ര മന്ത്രിമാരാക്കുന്നതിലോ അവരിലൊരാള്‍ക്ക് രാഷ്ട്രപതി ഭവന്റെ കടിഞ്ഞാണ്‍ ഏല്‍പിച്ചുകൊടുക്കുന്നതില്‍ പോലുമോ ബി.ജെ.പി ആരുടെയും പിറകിലല്ല. ഇത് പ്രത്യയശാസ്ത്രപരമായ പിന്മാറ്റമൊന്നുമല്ല. സമീപകാലത്ത് ശക്തിപ്പെട്ട ദലിത് രാഷ്ട്രീയത്തിന്റെ സമ്മര്‍ദമാണ്. മനോഭാവത്തില്‍ ചാതുര്‍വര്‍ണ്യം ഇപ്പോഴും കൊടികുത്തിവാഴുകയാണ്. അതുകൊണ്ടാണ് ദലിതുകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് കൊണ്ടുവന്ന നിയമത്തിന് ഭേദഗതികളാവാമെന്ന സുപ്രീം കോടതി നിരീക്ഷണത്തെ കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തിലെടുക്കാതിരുന്നത്. ജാതിചിന്ത എല്ലാ അര്‍ഥത്തിലും സ്ഥാപനവത്കരിക്കപ്പെട്ടിരിക്കുന്നു. ദീര്‍ഘകാലം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസിനും ഇതില്‍നിന്ന് കൈകഴുകി രക്ഷപ്പെടാനാവില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷനെയും ഓര്‍മിപ്പിക്കട്ടെ.
Comments