Prabodhanm Weekly

Pages

Search

2018 മെയ് 04

3050

1439 ശഅ്ബാന്‍ 17

ഖുസാഅ (3)

ഡോ. മുഹമ്മദ് ഹമീദുല്ല

മുഹമ്മദുന്‍ റസൂലുല്ലാഹ്-54

പ്രവാചകന്‍ ഖുസാഅ ഗോത്രക്കാര്‍ക്ക് അയച്ച ഒരു കത്ത് നമുക്ക് ലഭിച്ചിട്ടുണ്ട്. ഏതു സാഹചര്യത്തിലാണ് അതെഴുതിയത് എന്ന് വ്യക്തമല്ല. കത്ത് ഇങ്ങനെ:

''കാരുണ്യവാനും കരുണാവാരിധിയുമായ ദൈവത്തിന്റെ നാമത്തില്‍-

ദൈവ പ്രവാചകന്‍ മുഹമ്മദില്‍നിന്ന് ബുദൈലുബ്‌നു വറഖക്കും ബുസ്‌റിനും; പിന്നെ ബനൂ അംറ് (ഖുസാഅകള്‍ തന്നെ) ഗോത്രമുഖ്യര്‍ക്കും.

ദൈവസ്തുതികളാല്‍ ഞാന്‍ നിങ്ങളെ അഭിസംബോധന ചെയ്യട്ടെ. ആ ദൈവമല്ലാതെ മറ്റു ആരാധ്യരില്ല. നിങ്ങള്‍ക്കറിയാമല്ലോ, നിങ്ങളുടേതൊന്നും ഞാന്‍ തൊട്ടിട്ടില്ല, എന്തെങ്കിലും തരത്തിലുള്ള കൈയേറ്റവും നിങ്ങള്‍ക്കെതിരെ നടത്തിയിട്ടില്ല. തിഹാമ നിവാസികളില്‍ നിങ്ങളെയാണ് ഞാന്‍ ഏറ്റവുമധികം ബഹുമാനിക്കുന്നത്. ബന്ധുത്വത്തിലും നാം അടുപ്പമുള്ളവരാണല്ലോ. അതായത് നിങ്ങളും 'സുഗന്ധം പൂശിയവരും' (മുത്വയ്യബൂന്‍) തമ്മിലുള്ള ബന്ധം.

എനിക്ക് ലഭിച്ചതെല്ലാം കുടിയേറി വന്നവരെന്ന നിലക്ക് നിങ്ങള്‍ക്കും ലഭിക്കുന്നതാണ്. അതായത് നിങ്ങളുടെ ആവാസ സ്ഥലത്തുനിന്ന് വരുന്ന ഒരാള്‍ക്ക് മക്കയില്‍ താമസിക്കണമെങ്കില്‍ ചെറിയ ഹജ്ജോ (ഉംറ) വലിയ ഹജ്ജോ (യഥാര്‍ഥ ഹജ്ജ്) വരണം. നിങ്ങള്‍ക്കൊരു ബുദ്ധിമുട്ടും ഞാന്‍ ഉണ്ടാക്കുന്നില്ല. നാം തമ്മില്‍ സമാധാനത്തിലാണല്ലോ. എന്നില്‍നിന്ന് നിങ്ങളൊന്നും പേടിക്കേണ്ടതില്ല, ഉത്കണ്ഠപ്പെടേണ്ടതുമില്ല.

ഞാന്‍ ഒരു കാര്യം കൂടി പറയട്ടെ. അല്‍ഖമതുബ്‌നു ഉലാഥയും പിന്നെ ഹൗദയുടെ മക്കളായ അദ്ദയും അംറും, അമീറുബ്‌നു ഇക്‌രിമ ഗോത്രത്തിലെ ഖാലിദു ബ്‌നു ഹൗദയുടെ രണ്ട് മക്കളും ഇസ്‌ലാം സ്വീകരിച്ചുകഴിഞ്ഞിരിക്കുന്നു. അവര്‍ കുടിയേറിപ്പാര്‍ക്കുകയും എന്നോട് അവരോടൊപ്പം വന്ന ഇക്‌രിമയുടെ പേരില്‍ അനുസരണ പ്രതിജ്ഞ നടത്തുകയും ചെയ്തിരിക്കുന്നു. നമ്മളെല്ലാവരുമിപ്പോള്‍ അനുവദിച്ചവയുടെയും നിരോധിച്ചവയുടെയും കാര്യത്തില്‍ ഒരേ നിലപാടിലാണ്. ഞാന്‍, നിങ്ങളോട് അവാസ്തവമായി ഒന്നും പറഞ്ഞിട്ടില്ല.

ദൈവസ്‌നേഹം നിങ്ങളില്‍ ചൊരിയുമാറാകട്ടെ (യുഹിബ്ബന്നകും).'' മറ്റൊരു റിപ്പോര്‍ട്ടില്‍, നിങ്ങള്‍ക്ക് ദീര്‍ഘായുസ്സുണ്ടാവട്ടെ (യുഹയ്യീകും) എന്നും.1

ബുദൈല്‍ ഇസ്‌ലാം സ്വീകരിച്ചത് ഹുദൈബിയ സന്ധിയുടെ കാലത്തോ മക്കാ വിജയ സന്ദര്‍ഭത്തിലോ അല്ലെന്ന് നാം കണ്ടു. ഈ രേഖയില്‍ - ഇതില്‍ 'താങ്കള്‍ക്ക് സമാധാനമുണ്ടാവട്ടെ' എന്ന അഭിവാദ്യ വാക്യം കാണാനില്ല- ഈ രേഖ കൈപ്പറ്റിയ ശേഷമാണ് അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചത് എന്നതിനും തെളിവില്ല. വിഗ്രഹങ്ങളെ ആരാധിച്ചുകൊണ്ടിരുന്നപ്പോള്‍ തന്നെയാണ് ഖുസാഅക്കാര്‍ മുസ്‌ലിംകളുമായി കരാറുണ്ടാക്കി അവര്‍ക്കൊപ്പം അണിനിരന്നത്. മക്കക്കാര്‍ക്ക് ബുദൈല്‍ എന്ന ഖുസാഅ ഗോത്രത്തലവനില്‍ വിശ്വാസം നഷ്ടപ്പെട്ടിരുന്നില്ലെങ്കിലും അവര്‍ക്ക് അദ്ദേഹത്തോട് രോഷമുണ്ടായിരുന്നു. ചുരുക്കത്തില്‍ ഖുസാഅക്കാര്‍ക്ക് ഇരുപക്ഷവും തങ്ങളെ ഉപേക്ഷിച്ചതായാണ് തോന്നിയത്. മുസ്‌ലിംകള്‍ക്കൊപ്പം ചേര്‍ന്നതിന് മക്കക്കാരും ബിംബാരാധന തുടരുന്നതിനാല്‍ പ്രവാചകനും തങ്ങളെ അകറ്റിനിര്‍ത്തുകയാണെന്ന് അവര്‍ കരുതി. ഈ വേവലാതി അവര്‍ പ്രവാചകനുമായും പങ്കു വെച്ചിട്ടുണ്ടാവാം. അതിനുള്ള മറുപടിയായും മേല്‍കൊടുത്ത കത്തിനെ വായിക്കാവുന്നതാണ്. അത്തരം യാതൊരു ആശങ്കയും വേണ്ടെന്ന് അവര്‍ക്ക് ഉറപ്പുനല്‍കുകയാണ്. കളങ്കമില്ലാത്ത ഈ സൗഹൃദത്തിന് ഒരു കോട്ടവും സംഭവിക്കില്ലെന്ന് അവരെ അറിയിക്കുന്നു. വളരെ മുമ്പത്തെ ബന്ധങ്ങള്‍ വരെ ഓര്‍മിച്ചെടുക്കുന്നുണ്ട് ആ കത്തില്‍. 'സുഗന്ധം പൂശിയവരെ'ക്കുറിച്ച വര്‍ത്തമാനം അതാണ്. മക്കയിലെ കുലപതികളിലൊരാളായ ഖുസയ്യ് മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ മക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. മക്കക്കാര്‍ മൊത്തത്തില്‍ തന്നെയും പരസ്പരം പോരടിക്കുന്ന രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞു. ഒരു ഗ്രൂപ്പിന്റെ പേര് 'സഖ്യം ചേര്‍ന്നവര്‍' എന്നും മറ്റേതിന്റേത് 'സുഗന്ധം പൂശിയവര്‍' എന്നും. രണ്ടാമത് പറഞ്ഞ വിഭാഗത്തിന് ആ പേരു വരാന്‍ കാരണം, ഈ ഗ്രൂപ്പില്‍ ചേരാന്‍ വരുന്നവര്‍ സഖ്യപ്രതിജ്ഞയെടുക്കുമ്പോള്‍ സുഗന്ധം വമിക്കുന്ന ഒരു ദ്രാവകത്തില്‍ കൈമുക്കണമായിരുന്നുവത്രെ. ഈ ഗ്രൂപ്പില്‍ പെടുന്നവരാണ് ബനൂഹാശിം (നബിയുടെ കുടുംബം), ബനൂ സുഹ്‌റ, ബനൂഹാരിസു ബ്‌നു ഫിഹ്ര്‍, തൈം, അസദ് എന്നിവ.2 കത്തില്‍ പറയുന്ന വലിയ തീര്‍ഥാടനം ദുല്‍ഹജ്ജ് മാസത്തിലെ ഹജ്ജും, ചെറിയ തീര്‍ഥാടനം മറ്റു മാസങ്ങളില്‍, പ്രത്യേകിച്ച് റജബില്‍ നടത്തുന്ന ഉംറയുമാണ്. കിലാബ് ഗോത്രത്തിലെ അല്‍ഖമയും ആമിരി ഗോത്രാംഗങ്ങളും3 ഹൗദയുടെ മക്കളും ഇസ്‌ലാം സ്വീകരിച്ച വിവരം കത്തില്‍ സൂചിപ്പിച്ചത്, ഖുസാഅക്കാരെയും ഇസ്‌ലാം സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നതിനാവണം. ഹി. 7-ന് പ്രവാചകന്റെ നടക്കാതെ പോയ തീര്‍ഥാടനത്തില്‍ അസ്‌ലമി ഗോത്രക്കാരനായ നജാഹ് അദ്ദേഹത്തെ ബലിമൃഗങ്ങളുമായി അകമ്പടി സേവിച്ചിരുന്നു.4 ഈ സംഭവത്തില്‍ ഈ ഗോത്രവുമായി ബന്ധപ്പെട്ട് പ്രത്യേകിച്ചൊന്നും പറയാനില്ല. പക്ഷേ, കുറച്ചു കഴിഞ്ഞപ്പോള്‍, അതായത് ഒന്നോ രണ്ടോ മാസത്തിന് ശേഷം ഹി. എട്ടാം വര്‍ഷം മധ്യത്തില്‍ താഴെപ്പറയുന്ന ഗൗരവമുള്ള വിഷയത്തില്‍ ഈ ഗോത്രത്തിന് ഇടപെടേണ്ടിവന്നു.

ഖുസാഅ- ബക്ര്‍ ഗോത്രങ്ങള്‍ തമ്മില്‍ തലമുറകളാല്‍ വാളൂരിപ്പിടിച്ചാണ് നില്‍പ്പ് എന്ന് നമുക്കറിയാമല്ലോ. ഈ ശത്രുതക്കാണ് ഹുദൈബിയ സന്ധി അന്ത്യം കുറിച്ചത്. ഇതു കഴിഞ്ഞാണ് നാം പറയുന്ന ആ സംഭവം. ബക്ര്‍ ഗോത്രത്തില്‍പെട്ട ഒരാള്‍ ഖുസാഅക്കാരുടെ സാന്നിധ്യത്തില്‍ വെച്ച് പ്രവാചകനെ വളരെ മോശമായി അധിക്ഷേപിച്ചു. ഒരു ഖുസാഅക്കാരന്‍ അയാളുടെ മേല്‍ ചാടിവീഴുകയും അയാളെ പരിക്കേല്‍പ്പിക്കുകയും ചെയ്തു.5 സ്വാഭാവികമായും ഇതിന് ബക്ര്‍ ഗോത്രത്തില്‍നിന്ന് തിരിച്ചടിയുണ്ടായി. അവര്‍ മക്കയുടെ തെക്കുള്ള വതീര്‍ എന്ന സ്ഥലത്തു വെച്ച് രാത്രി ഖുസാഅക്കാരെ ആക്രമിച്ചു. ചരിത്രകാരന്മാര്‍ പറയുന്നത്,6 മക്കക്കാരില്‍ ചിലര്‍ അവര്‍ക്ക് രഹസ്യമായി ആയുധങ്ങളും ഭക്ഷണസാധനങ്ങളും എത്തിച്ചിരുന്നുവെന്നാണ്. ബക്‌റിന്റെ ഈ കടന്നാക്രമണത്തില്‍ ചില മക്കക്കാര്‍ സജീവ പങ്കാളികളാവുകയും ചെയ്തിട്ടുണ്ട്. അക്രമികള്‍ മക്കയില്‍ അഭയം തേടി. അവര്‍ക്ക് സംരക്ഷണവും ലഭിച്ചു. പരാതിയുമായി ഖുസാഅ പ്രതിനിധിസംഘം നബി സന്നിധിയിലെത്തി. തങ്ങളെ സഹായിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പ്രതിനിധി സംഘത്തിലെ ഒരാള്‍ ഈയര്‍ഥം വരുന്ന ഒരു കവിത ആലപിച്ചു:

'ദൈവമേ, പ്രവാചകനോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു. അദ്ദേഹം ഓര്‍ക്കണം, അദ്ദേഹത്തിന്റെ പിതാവും ഞങ്ങളുടെ പിതാവും തമ്മിലുണ്ടായിരുന്ന സഖ്യം. ഖുറൈശികള്‍ ആ സഖ്യക്കരാര്‍ തകര്‍ത്തിരിക്കുന്നു. താങ്കളുടെ വിശുദ്ധ പ്രതിജ്ഞക്ക് വിരുദ്ധം പ്രവര്‍ത്തിച്ചിരിക്കുന്നു. ഖദായില്‍ വെച്ച് അവരെന്നെ പതിയിരുന്ന് ആക്രമിച്ചു. സങ്കടം ബോധിപ്പിക്കാന്‍ താങ്കളല്ലാതെ മറ്റാരും തന്നെയില്ല. അവര്‍ അപമാനിതരും എണ്ണത്തില്‍ ശുഷ്‌കവുമായ വിഭാഗം. ഞങ്ങള്‍ കുമ്പിടുകയും സാഷ്ടാംഗം വീഴുകയും ചെയ്തപ്പോള്‍ ഞങ്ങളെ കൊല്ലുകയായിരുന്നു അവര്‍.'7

ഈ അവസാനം പറഞ്ഞ വരി, ഖുസാഅക്കാര്‍ അപ്പോഴേക്കും ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ടെന്ന നമ്മുടെ ധാരണക്ക് ശക്തി പകരുന്നുണ്ട്. മക്ക വിജയസമയത്ത്, ശത്രുപക്ഷത്തെ നേതാവ് അബൂസുഫ്‌യാനൊപ്പമുണ്ടായിരുന്ന ബുദൈല്‍8 എന്ന ഖുസാഅക്കാരനും ഒരു പ്രതിനിധി സംഘവുമായി മദീനയില്‍ എത്തുന്നുണ്ട്.9 ഒടുവില്‍ പ്രവാചകന്‍ ബക്‌റിന്റെ ആവാസഭൂമി പിടിച്ചെടുത്തു. എന്നിട്ട്, ബനൂനുഫ്താഹ് എന്ന ബക്‌രി വിഭാഗത്തിനൊഴികെ ബാക്കിയെല്ലാവര്‍ക്കും പൊതുമാപ്പ് നല്‍കി.10 ഈ അവസരമുപയോഗിച്ച് ഖുസാഅക്കാര്‍ ബക്‌രികള്‍ക്കെതിരെ പ്രതികാര നടപടികള്‍ തുടങ്ങി. ഖുസാഅക്കാര്‍ അതിരു വിടുന്നുണ്ടെന്ന് കണ്ടപ്പോള്‍ ഉടന്‍ തന്നെ പ്രവാചകന്‍ ആ അനുമതി റദ്ദാക്കി.11 അതിക്രമം കാണിച്ചതിന് ഖുസാഅക്കാരെ ശകാരിക്കുകയും ചെയ്തു. ഈ പടനീക്കത്തില്‍ അസ്‌ലമി ഗോത്രക്കാരുടെ പങ്കാളിത്തം ഉറപ്പാണല്ലോ. അവരുടെ എണ്ണം കൂടിയതുകൊണ്ട് അവരെ രണ്ട് ബറ്റാലിയനുകളായി തിരിക്കേണ്ടി വന്നു. ഓരോന്നിനും വെവ്വേറെ കൊടിയും ഉണ്ടായിരുന്നു. ഒരു കൊടി നജാഹിന്റെയും മറ്റേ കൊടി ബുറൈദയുടെയും കൈകളില്‍.12

മക്ക വിജയത്തിനു ശേഷം മക്ക വിശുദ്ധ ഭൂമിയുടെ അതിരുകള്‍ കൃത്യമായി അടയാളപ്പെടുത്താന്‍ ഖുസാഅക്കാരനായ തമീമുബ്‌നു അസദിനെ പ്രവാചകന്‍ നിയോഗിക്കുകയുണ്ടായി.13 മക്ക പടയോട്ട സമയത്ത് ഒരു അസ്‌ലമിക്കാരന്‍ പ്രവാചകന് കുറച്ച് ആടുകളെ സമ്മാനിക്കുകയും പ്രവാചകനത് സ്വീകരിക്കുകയും, പിന്നീട് പ്രത്യുപകാരമായി പ്രവാചകന്‍ അയാള്‍ക്ക് ഒരു ആട്ടിന്‍പറ്റത്തെ തന്നെ സമ്മാനിക്കുകയും ചെയ്തിരുന്നു.14 അസ്‌ലമിക്കാരനായ ബുറൈദയെ പ്രവാചകന്‍ പലതവണ ആദരിച്ചിട്ടുണ്ട്. ഹി. ഒമ്പതാം വര്‍ഷം, തബൂക്ക് പടയോട്ടത്തിനു വേണ്ടി ആളുകളെ സംഘടിപ്പിക്കാന്‍ ബുറൈദയെ പ്രവാചകന്‍ അല്‍ഫുര്‍ഇലേക്ക് അയക്കുന്നുണ്ട്.15 ഹിജ്‌റ പത്താം വര്‍ഷം അലി യമനിലേക്ക് നിയോഗിതനായപ്പോള്‍, യുദ്ധമുതലുകളുടെ കൈകാര്യം സത്യസന്ധത കാരണം ബുറൈദയെയാണ് ഏല്‍പിച്ചത്.16 ഹി. പതിനൊന്നാം വര്‍ഷം ഉസാമത്തുബ്‌നു സൈദിന്റെ നേതൃത്വത്തില്‍ ബൈസാന്റിയന്‍ സാമ്രാജ്യത്തിലേക്ക് പടയോട്ടമുണ്ടായപ്പോള്‍ പതാകവാഹകനായി ബുറൈദയും ഒപ്പമുണ്ടായിരുന്നു.17

ഉദാരമനസ്സുള്ള ഗോത്രമായിരുന്നു ഖുസാഅ. വരള്‍ച്ചക്കാലം വരുമ്പോള്‍ തങ്ങളുടെ ആവാസ പ്രദേശങ്ങളില്‍ എല്ലാ ഗോത്രക്കാരെയും അവര്‍ താമസിക്കാന്‍ അനുവദിച്ചു. നികുതി കൊടുക്കാന്‍ വിസമ്മതിച്ച തമീം ഗോത്രം ഖുസാഅക്കാരുടെ ഭൂമിയിലാണ് താമസിച്ചിരുന്നതെന്ന കാര്യം നാം നേരത്തേ വിശദീകരിച്ചിട്ടുണ്ട്. പിന്നെ പ്രവാചകന്‍ ആ പ്രദേശത്തേക്ക് മറ്റൊരു നികുതി പിരിവുകാരനെ അയച്ചു. ഖുസാഅ ഉപഗോത്രമായ അസ്‌ലമിലെ ബുറൈദയെ തന്നെ. അസ്‌ലം, ഗിഫാര്‍ ഗോത്രങ്ങളുടെ നികുതി പിരിച്ചിരുന്നത് അദ്ദേഹമായിരുന്നു.18 മറ്റു നികുതി പിരിവുകാര്‍ക്കെന്നപോലെ, നികുതിനിരക്കുകള്‍ വിശദീകരിച്ചുകൊണ്ട് അദ്ദേഹത്തിനും പ്രവാചകന്‍ കത്തയച്ചിരുന്നു.19

(തുടരും)

 

 

കുറിപ്പുകള്‍

1. വസാഇഖ്, No. 172

2. ഇബ്‌നു സഅ്ദ് I/ii, പേ: 25, ഇബ്‌നു ഹിശാം പേ: 84-5

3. അവരിലൊരാളായ അദ്ദക്ക് പ്രവാചകന്‍ ഒരു നീരുറവ പതിച്ചുനല്‍കിയിരുന്നു. വസാഇഖ് No. 223,225, ഇബ്‌നു സഅ്ദ് 7/I, പേ: 35

4. മഖ്‌രീസി I, 337

5. ബലാദുരി, ക, ചീ: 740, മഖ്‌രീസി, I, 357

6. ഇബ്‌നു ഫഹ്ദ് - താരീഖ് മക്ക, പേ: 144-6, ഇബ്‌നു ഹിശാം, പേ: 803, ഇബ്‌നു സഅ്ദ് I/ii, പേ: 97

7. ഇബ്‌നു ഹിശാം പേ: 806,

8. അതേ പുസ്തകം

9. അതേ പുസ്തകം പേ: 811, ഇബ്‌നു സഅ്ദ് I/ii, പേ: 97

10. ഇബ്‌നു ഹിശാം പേ: 804, ഇബ്‌നു സഅ്ദ് I/ii, പേ: 97

11. മഖ്‌രീസി I, 377, 3889

12. അതേ പുസ്തകം പേ: 373. അദ്ദേഹത്തിന്റെ കവിത ഇബ്‌നു ഹിശാം, പേ: 773-ല്‍

13. ഇബ്‌നു സഅ്ദ് 2/1, പേ: 99; 4/11, p. 33, അസ്‌റഖി പേ: 357

14. മഖ്‌രീസി I, 422

15. അതേ പുസ്തകം പേ: 446

16. അതേ പുസ്തകം പേ: 502

17. അതേ പുസ്തകം പേ: 537, 539

18. അതേ പുസ്തകം പേ: 433

19. ഇബ്‌നു സഅ്ദ് 1/II, പേ: 82

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (43-48)
എ.വൈ.ആര്‍

ഹദീസ്‌

ദയാവധത്തിന് നിയമസാധുതയോ?
കെ.സി ജലീല്‍ പുളിക്കല്‍