'ദൈവത്തിന്റെ സ്വന്തം നാട്ടി'ലെ ദൈവികാലക്ഷ്യങ്ങള്‍
'ദുര്‍ബലരുടെ അവകാശം അവരിലെ കരുത്തരില്‍ നിന്ന് പിടിച്ചെടുക്കപ്പെടുന്നില്ലെങ്കില്‍ ആ സമൂഹത്തെ അല്ലാഹു എങ്ങനെ പവിത്രമാക്കും?'
ഇത് പ്രവാചകന്‍ ചോദിച്ച ചോദ്യമാണ്. ഒരു ചരിത്രാഖ്യാനത്തിനിടയില്‍ അതിഥി കഥാപാത്രമായി ഒരു തെരുവുനായ കടന്നുവരുന്ന ഒരു ഭാഗം ഖുര്‍ആനില്‍ (അല്‍ കഹ്ഫ്) ഉണ്ട്. ഒരു നാട്ടിലെ പൈതൃക വിശ്വാസവൈകല്യത്തെ ചോദ്യം ചെയ്ത ചെറുപ്പക്കാരെക്കുറിച്ച് പറയുന്ന സന്ദര്‍ഭം. എഫെസ്യൂസ് (Ephesus) എന്നാണ് ആ പട്ടണത്തിന്റെ പേര്. ആത്മീയപ്രാധാന്യമുള്ള തീര്‍ഥാടന കേന്ദ്രമായതുകൊണ്ടായിരിക്കണം 'സ്വപ്‌നനഗരം' എന്ന അര്‍ഥത്തിലുള്ള ആ പേര് സിദ്ധിച്ചത്. നിവൃത്തിയില്ലാതായപ്പോള്‍ നാടുവിടേണ്ടിവന്ന അവരുടെ കൂടെ വഴിയില്‍ വെച്ച് കൂടിയതാണ് ആ നായ. അവരുടെ ചരിത്രമന്വേഷിച്ച് മുഹമ്മദ് നബിയെ സമീപിച്ചവര്‍ പരിഹാസസ്വരത്തില്‍ 'അവരിലെ നാലാമന്‍ നായയായിരുന്നു' എന്നും 'ആറാമന്‍ നായയായിരുന്നു' എന്നൊക്കെ തര്‍ക്കിച്ചതായും ഖുര്‍ആനില്‍ കാണാം (അല്‍ കഹ്ഫ്: 22). പക്ഷേ അന്യായങ്ങള്‍ക്കെതിരെയുള്ള അപകടകരമായ സാമൂഹിക നിശ്ശബ്ദതയോടുള്ള ദൈവത്തിന്റെ മറുപടിയായിരുന്നു ആ ജീവി. ആ ചെറുപ്പക്കാര്‍ ജനിച്ചു വളര്‍ന്ന ആ 'വിശുദ്ധ നഗര'ത്തില്‍ അവര്‍ക്കു വേണ്ടി ശബ്ദിക്കാന്‍ 'ഒരു പട്ടി പോലും ഉണ്ടായില്ല' എന്നല്ല, ഒരു പട്ടി മാത്രമേ ഉണ്ടായുള്ളൂ എന്ന് പറയാനാണ് ചരിത്രം അവസരം നല്‍കിയത്. അവര്‍ക്കു വേണ്ടി ആ നായ ശബ്ദിച്ചു. ഒരു നോക്കു കൊണ്ടു പോലും അവരെ ശല്യപ്പെടുത്താനനുവദിക്കാതെ അവരുറങ്ങിയ ഗുഹാമുഖത്ത് അത് കാവലിരുന്നു
'അവരുടെ നായ മുന്‍കാലുകള്‍ നീട്ടി ഗുഹാമുഖത്തില്‍ ഇരുന്നു. നീ അവരെയെങ്ങാനുംനോക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ പേടിച്ചരണ്ട് തി രിഞ്ഞോടിയേനെ...' ഗോത്രീയ അഹംബോധത്തിനപ്പുറം ഒരു തെരുവു പട്ടിയുടെ മഹത്വം പോലും ആ സമൂഹത്തിനില്ല എന്നര്‍ഥം.
പലപ്പോഴും അവകാശവാദങ്ങള്‍ അശ്ലീലങ്ങളായിത്തീരാറുണ്ട്. അത്തരത്തിലൊരു അശ്ലീലമായിത്തീര്‍ന്നിരിക്കുന്നു 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന അവകാശവാദവും. കാരണം ആ നാട്ടിലാണ് മധു എന്ന ആദിവാസി വിശപ്പ് മാറ്റാന്‍ അല്‍പം അരിയും ഭക്ഷണ സാധനങ്ങളും എടുത്തതിന് കൊലചെയ്യപ്പെട്ടത്. അതിനു മുമ്പ് തന്നെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന പ്രചാരണത്തെ തുടര്‍ന്ന് ചില യാചകര്‍ക്കും 'അന്യ'സംസ്ഥാന തൊഴിലാളികള്‍ക്കുമെതിരെയും നാട്ടിലെ ധീരന്മാരുടെ പരാക്രമങ്ങള്‍ അരങ്ങേറിയിട്ടുണ്ടായിരുന്നു. മൂന്നാം ലിംഗക്കാരും ഈയിടെ ആണുങ്ങളുടെ കൈക്കരുത്തറിഞ്ഞു. കേരളത്തിനു പുറത്താകട്ടെ ആള്‍ക്കൂട്ട മര്‍ദനം എന്ന ഓമനപ്പേരില്‍ ഇത്തരം തെമ്മാടിക്കൂട്ട പരാക്രമങ്ങള്‍ അന്താരാഷ്ട്ര വാര്‍ത്താപ്രാധാന്യം നേടിക്കൊണ്ടിരിക്കുന്നു. ദലിതുകള്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍, മൂന്നാം ലിംഗക്കാര്‍, സ്ത്രീകള്‍ ഇവരാണ് നിരന്തരം ആള്‍ക്കൂട്ട ഫാഷിസത്തിന് ഇരയാവുന്നത്. ഈയൊരു വേളയിലാണ് മുകളിലുദ്ധരിച്ച നബിവചനം ഏറെ പ്രസക്തമാകുന്നത്.
ആ നബിവചനത്തിന്റെ പശ്ചാത്തലം കൂടി പറയാം:
എത്യോപ്യന്‍ അഭയാര്‍ഥി ജീവിതം കഴിഞ്ഞ് തിരിച്ചെത്തിയ വിശ്വാസികളോട് അവിടെ അവരെ അതിശയിപ്പിച്ച കാഴ്ചകള്‍ വിവരിക്കാന്‍ നബി തിരുമേനി ആവശ്യപ്പെട്ടു. അവരെ നൊമ്പരപ്പെടുത്തിയ ഒരു കാഴ്ച അവര്‍ പറഞ്ഞു: പുരോഹിതയായ ഒരു വൃദ്ധ തലയില്‍ വെള്ളവും ചുമന്ന് ആളുകള്‍ക്കിടയിലൂടെ നടന്നുപോവുകയാണ്. ഒരു കൂട്ടം ചെറുപ്പക്കാര്‍ അവിടെ കൂടിയിരിക്കുന്നുണ്ട്. അവരിലൊരാള്‍ പിറകിലൂടെ ചെന്ന് അവരെ ആഞ്ഞു ചവിട്ടി തള്ളിയിട്ടു. അവരുടെ വെള്ളപ്പാത്രം താഴെ വീണ് ചിതറി. അവര്‍ മുട്ടു കുത്തി വീണ് പോയി. പതിയെ ആ വയോധിക എഴുന്നേറ്റു. ആ ചെറുപ്പക്കാരുടെ മുഖത്ത് നോക്കി പറഞ്ഞു: 'ദ്രോഹികളേ; നിങ്ങള്‍ പഠിക്കും. ദൈവം അവന്റെ സിംഹാസനം സ്ഥാപിച്ച് അതിനു കീഴില്‍ മുഴുവന്‍ തലമുറയെയും സംഗമിപ്പിക്കുന്ന ദിവസം. കൈകളും കാലുകളും സംസാരിക്കുന്ന ദിവസം. അന്ന് എന്റെയും നിങ്ങളുടെയും പരിണതിയെ കുറിച്ച് നിങ്ങള്‍ പഠിക്കും.'
നബി തിരുമേനി അല്‍പം ആലോചനാനിമഗ്നനായ ശേഷം പറഞ്ഞു: 'ആ സത്രീ പറഞ്ഞതാണ് സത്യം. അല്ലെങ്കിലും ദുര്‍ബലന്റെ അവകാശം കരുത്തനില്‍നിന്ന് പിടിച്ചടക്കപ്പെടുന്നില്ലെങ്കില്‍ ആ സമൂഹത്തെ അല്ലാഹു എങ്ങനെ പവിത്രമാക്കും..?'
ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യയുടെ വാക്കുകള്‍ ഇതിനോട് ചേര്‍ത്തു വായിക്കാം:
'അന്യായങ്ങള്‍ അന്തസ്സ് കെടുത്തിക്കളയും എന്നതില്‍ ഒരു സമൂഹത്തിനും തര്‍ക്കമുണ്ടാവില്ല. ഒരുപക്ഷേ ദൈവധിക്കാരത്തില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സംവിധാനത്തെപോലും ദൈവം പരിഗണിച്ചേക്കാം, അവിടെ നീതിക്കിടമുണ്ടെങ്കില്‍. അതില്ലെങ്കില്‍ വിശ്വാസാധിഷ്ഠിത സംവിധാനത്തിനു പോലും ദൈവിക പരിഗണനയുണ്ടാവില്ല' (മജ്മൂഅ് ഫതാവാ: 28/13).
ഒരു സമൂഹം 'ദൈവത്തിന്റെ നാട്ടുകാര്‍' ആയിത്തീരാനുള്ള അടിസ്ഥാന യോഗ്യതയും അയോഗ്യതയും അവരിലെ നിസ്സഹായരോടുള്ള സാമൂഹിക മനോനിലയിലുള്ള ഏറ്റക്കുറച്ചിലാണെന്ന് ഈ ഹദീസും ഗുഹാവാസികളുടെ കഥയും പഠിപ്പിക്കുന്നു. അങ്ങനെയൊരു വിശേഷണം സ്വയം അവകാശപ്പെട്ടവരായിരുന്നു ഇസ്‌റാഈല്യര്‍. 'ഞങ്ങള്‍ ദൈവത്തിന്റെ മക്കളും പ്രിയപ്പെട്ടവരുമാണ്' എന്ന അസംബന്ധത്തെ അവരുടെ സാമൂഹിക രോഗങ്ങളെ ഓര്‍മിപ്പിച്ച് ഖുര്‍ആന്‍ ആവര്‍ത്തിച്ച് തിരുത്തുന്നുണ്ട്
''ഇസ്രാഈല്‍ മക്കളിലെ നിഷേധികള്‍ ദാവൂദിന്റെയും മര്‍യമിന്റെ പുത്രന്‍ ഈസായുടെയും നാവുകളാല്‍ ശപിക്കപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അവര്‍ നിയമലംഘകരും അതിക്രമങ്ങള്‍ ചെയ്തു കൂട്ടിയവരുമായിരുന്നു. തങ്ങള്‍ ചെയ്ത ദുഷ്ടതകളെ അവര്‍ പസ്പരം വിലക്കുമായിരുന്നില്ല. എത്ര വികൃതമായിരുന്നു അവരുടെ പ്രവൃത്തികള്‍.''
ഇസ്രാഈല്യരുടെ സകല അഹംബോധങ്ങളെയും പരിഹാസ്യമാക്കുന്ന ആ മൂന്ന് സാമൂഹിക വൈകല്യങ്ങളും-നിയമ ലംഘനം, അതിക്രമങ്ങള്‍, അന്യായങ്ങള്‍ക്കെതിരെയുള്ള സാമൂഹിക നിസ്സംഗത (ലാ യതനാഹൗന അല്‍ മുന്‍കര്‍)- ഇന്ന് ഏറ്റവും പരിഷ്‌കൃത സമൂഹങ്ങളില്‍ പോലും സാര്‍വത്രികമാണ്. അതുകൊണ്ടാണ് ഒരാളെ മോഷ്ടാവെന്ന് വിളിച്ച് ആള്‍ക്കൂട്ടം തച്ചുകൊല്ലുമ്പോള്‍ 'കൂടെ സെല്‍ഫി എടുത്തത് അത്ര വലിയ തെറ്റാണോ?' എന്ന ചോദ്യമുന്നയിക്കുന്നവരും ദൈവത്തിന്റെ നാട്ടുകാരായി അറിയപ്പെടുന്നത്.
മോഷണത്തിന്റെ നിയമനടപടി പ്രതിപാദിച്ച (അല്‍മാഇദ: 38,39) സൂക്തങ്ങള്‍ക്ക് തൊട്ടുടനെയുള്ള സൂക്തങ്ങള്‍ ഭരണാധികാരികളെ തീക്ഷ്ണമായി അഭിസംബോധന ചെയ്യുന്നതു കാണാം. തുടര്‍ന്നുള്ള ഒന്നാം സൂക്തത്തില്‍ അല്ലാഹുവിന്റെ ആകാശഭൂമികളിലെ ആധിപത്യത്തെക്കുറിച്ചാണ് പറയുന്നത്. നിയമങ്ങളെ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ക്കെതിരെയുള്ള ഒരു താക്കീതായും, വിഭവങ്ങളുടെ നീതിപൂര്‍വകമായ വിതരണത്തെ കുറിച്ചുള്ള കല്‍പനയായുമൊക്കെ ഇതിനെ കാണാം.
രണ്ടാമത്തെ സൂക്തത്തില്‍ കപട സദാചാരവാദികളെയും രാഷ്ട്രീയത്തില്‍ ദ്രോഹകരമായ സമ്മര്‍ദങ്ങളുണ്ടാക്കുന്നവരെയും കുറിച്ചാണ് പറയുന്നത്.
മൂന്നാമത്തെ സൂക്തത്തില്‍ അഴിമതിയെയും കള്ളമൊഴികളെയും കുറിച്ച് പറയുന്നു. അത്തരം രാഷ്ട്രീയ ചുറ്റുപാടില്‍ ഭരണാധികാരികള്‍ കാണിക്കേണ്ട ജാഗ്രതയെ കുറിച്ചും തെര്യപ്പെടുത്തുന്നു.
ദൈവത്തിന്റെ രാഷ്ട്രീയ പ്രതിനിധികള്‍ അവരുടെ നിയമസ്രോതസ്സുകളോട് കാണിക്കേണ്ട കൂറും അതിനെതിരെ സാമൂഹിക പൊതുബോധങ്ങളെ ഭയക്കാതിരിക്കാനുള്ള നിര്‍ദേശവുമാണ് അടുത്ത സൂക്തം.
പിന്നീട് നിയമ നടപടികളില്‍ പാലിക്കേണ്ട തുല്യതയെ കൂടി പരാമര്‍ശിച്ചാണ് ഖുര്‍ആന്‍ വിവരണം അവസാനിപ്പിക്കുന്നത്. അഥവാ ഒരു മോഷ്ടാവിന്റെ കൈ ഛേദിക്കപ്പെടുന്നതിനു മുമ്പ് സമൂഹത്തില്‍ മോഷ്ടാക്കളെ സൃഷ്ടിക്കുന്ന ഒരു പാട് സാമൂഹിക-രാഷ്ട്രീയ ശക്തികളെ ചങ്ങലക്കിടേണ്ടതുണ്ട് എന്നര്‍ഥം.
ഇസ്രാഈല്യരുടെ 'മൃഗീയത' പുറത്തു വന്ന മറ്റൊരിടം പശുവിനെ അറുക്കാന്‍ പറഞ്ഞ സന്ദര്‍ഭമാണ്. ഒരു കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ആ സംഭവവും ഖുര്‍ആനില്‍ പറയുന്നത്.
'നിങ്ങള്‍ ഒരാളെ കൊല്ലുകയും അതിന്റെ പേരില്‍ പരസ്പരം തര്‍ക്കിക്കുകയും ചെയ്ത സാഹചര്യം ഓര്‍ക്കുക, നിങ്ങള്‍ ഒളിപ്പിച്ചുവെച്ചതിനെ പുറത്തുകൊണ്ടുവരികയായിരുന്നു അല്ലാഹു.' പശുവിനെ അറുക്കാന്‍ പറഞ്ഞപ്പോള്‍ ഹാലിളകിയ ആ സമൂഹം തന്നെ ഒരാളെ നിഷ്‌കരുണം കൊന്നുകളഞ്ഞു എന്ന് ഖുര്‍ആന്‍ പറയുമ്പോള്‍ അവരുടെ മാനസികാവസ്ഥക്ക് ജീവിച്ചിരിക്കുന്ന ഏതെങ്കിലും വിഭാഗങ്ങളുമായി വല്ല സാദൃശ്യവും തോന്നുന്നുവെങ്കില്‍ അത് ഒട്ടും യാദൃഛികമല്ല. അവര്‍ പരസ്പരം തര്‍ക്കിച്ചത് ഞങ്ങള്‍ നിരപരാധികളാണെന്ന് വാദിക്കാനായിരുന്നു എന്നാണ് വിശദീകരിക്കപ്പെടാറുള്ളത്. പക്ഷേ ആ സമൂഹത്തിന്റെ ലക്ഷണങ്ങള്‍ വെച്ചു നോക്കുമ്പോള്‍ അവര്‍ തര്‍ക്കിച്ചിട്ടുണ്ടാവുക അദ്ദേഹത്തെ കൊന്നത് ഞങ്ങളാണ് എന്ന അവകാശവാദമുന്നയിച്ചു കൊണ്ടായിരിക്കാം എന്നും സംശയിക്കാം. ഒരു പ്രവാചകനെ ഞങ്ങള്‍ കൊന്നു എന്ന് അഭിമാനത്തോടെ വിളിച്ചുപറഞ്ഞവരാണവര്‍ (അന്നിസാഅ്: 157). 'അവര്‍ മറച്ചുവെച്ചതിനെ അല്ലാഹു പുറത്തെടുത്തു' എന്നു പറഞ്ഞത് അവരുടെ ഗോത്രീയ അഹംബോധത്തിനിടയില്‍ ഒളിപ്പിച്ചു വെച്ച മാനവവിരുദ്ധതയെ കൂടി ഉദ്ദേശിച്ചായിരിക്കാം. മധുവിന്റെ വധവും സമാന സംഭവങ്ങളും സാക്ഷര കേരളത്തിന്റെ വംശീയ വികാരങ്ങളെ പുറത്തെത്തിച്ചതുപോലെ.
അഛാ ദിനങ്ങളല്ല, ദുരിതപൂര്‍ണമായ ദുര്‍ദിനങ്ങള്‍
റഹ്മാന്‍ മധുരക്കുഴി
പ്രത്യയശാസ്ത്ര വിദ്വേഷവും വംശവെറിയും വെറുപ്പിന്റെ രാഷ്ട്രീയവും മൂടുറച്ച മനസ്സിന്റെ ഉടമകള്‍, യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ എന്തു കൊടുംക്രൂരതയും അഴിച്ചുവിടുമെന്നതിന്റെ ഭീതിജനകമായ ഉദാഹരണമാണ് ജമ്മുവിലെ കഠ്‌വയില്‍ കണ്ടത്. രാജ്യത്ത് നേരത്തേ നടന്ന 'നിര്‍ഭയ' സംഭവം പോലുള്ള ബലാത്സംഗങ്ങളില്‍നിന്നും 'ആസിഫ' എന്ന എട്ടുവയസ്സുകാരി കുഞ്ഞിന്റെ ബലാത്സംഗക്കൊല വ്യത്യസ്തമാകുന്നത്, തങ്ങള്‍ക്കിഷ്ടമില്ലാത്ത ഒരു പ്രത്യേക സമുദായത്തിന്റെ നിഷ്‌കാസനമായിരുന്നു കഠിനകഠോരമായ ആ കുറ്റകൃത്യത്തിന് പ്രേരകമായത് എന്നതാണ്.
തങ്ങളാണ് അധികാരത്തിന്റെ ശീതളഛായയില്‍ വിഹരിക്കുന്നത് എന്നതിനാല്‍, തങ്ങള്‍ പിടികൂടപ്പെടുകയില്ലെന്നും ശിക്ഷിക്കപ്പെടുകയില്ലെന്നുമുള്ള ഉറച്ച വിശ്വാസവും തജ്ജന്യമായ അഹങ്കാരവുമാണ് ജനപ്രതിനിധിയായ ഒരു എം.എല്‍.എക്ക് യു.പിയിലെ ഉന്നാവോയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യാനും പരാതിപ്പെടാന്‍ ചെന്ന കുട്ടിയുടെ സ്വന്തം പിതാവിനെ പോലീസ് കസ്റ്റഡിയില്‍ കൊലക്ക് കൊടുക്കാനും ധൈര്യം പകര്‍ന്നത്. യു.പി മുഖ്യന്‍ യോഗി അധികാരമേറ്റെടുത്ത ആദ്യത്തെ രണ്ട് മാസങ്ങളില്‍ തന്നെ എണ്ണൂറിലധികം ബലാത്സംഗങ്ങള്‍ അരങ്ങേറിയ യു.പിക്ക് ബലാത്സംഗ സംസ്ഥാനമെന്ന 'സല്‍കീര്‍ത്തി' ലഭിച്ചുവെന്ന കാര്യവും ഇതൊന്നിച്ച് ചേര്‍ത്തു വായിക്കാം.
കുറ്റവാളികളില്‍ ചിലരെ അറസ്റ്റ് ചെയ്യാന്‍ ഭരണകൂടം നിര്‍ബന്ധിതമായപ്പോള്‍, അതിനെതിരെ ബി.ജെ.പി മന്ത്രിമാരും നേതാക്കളും പ്രതിഷേധവുമായി രംഗത്തുവന്നത് കള്ളന്‍ കപ്പലില്‍ തന്നെ ഉള്ളതുകൊണ്ടല്ലേ! ജമ്മുവിലെ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പോലും കുറ്റവാളികള്‍ക്ക് അനുകൂലമായി സമരത്തില്‍ അണിനിരന്ന ലജ്ജാകരമായ സംഭവത്തിനും നാട് സാക്ഷ്യം വഹിക്കുകയുണ്ടായി.
ഇത്രയേറെ ഭയാനകവും ലജ്ജാകരവുമായ സംഭവവികാസങ്ങള്‍ നാടിനെ പിടിച്ചുകുലുക്കിയിട്ടും രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് ഒരു കുലുക്കവുമുണ്ടായില്ല. സ്വതഃസിദ്ധമായ നിസ്സംഗതയുടെ മൗനത്തില്‍ തന്നെയായിരുന്നു അദ്ദേഹം. എന്നാല്‍, നമ്മുടെ പ്രിയ നാടിന് നാണക്കേടുണ്ടാക്കിയ ഖാദുക സംഭവത്തിനെതിരെ നാടാകെ രോഷാഗ്നിയാല്‍ തിളച്ചുമറിയുകയും ഐക്യരാഷ്ട്രസഭയുടെ നിശിത വിമര്‍ശനം ഏറ്റുവാങ്ങുകയും ചെയ്യേണ്ടിവന്നപ്പോള്‍ മോഡി വായതുറക്കാന്‍ നിര്‍ബന്ധിതമാവുക തന്നെ ചെയ്തു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ സംഘ്പരിവാറില്‍നിന്നുണ്ടാവുന്ന ലൈംഗികാതിക്രമങ്ങളെയും ന്യൂനപക്ഷ-ദലിത് വിഭാഗങ്ങള്‍ക്കെതിരെയുള്ള വ്യാപക കൈയേറ്റങ്ങളെയും കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി പുലര്‍ത്തുന്ന നിശ്ശബ്ദതക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ന്യൂയോര്‍ക്ക് ടൈംസ് മുഖപ്രസംഗമെഴുതുകയുണ്ടായി. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി തേടി ന്യൂയോര്‍ക്കില്‍ വന്‍ പ്രതിഷേധ പ്രകടനങ്ങളാണ് നടന്നത്.
ദേശീയ-അന്തര്‍ദേശീയ തലങ്ങൡ കഠ്‌വ, ഉന്നാവോ സംഭവങ്ങളില്‍ പ്രതിഷേധങ്ങള്‍ കൊടുമ്പിരികൊള്ളുന്ന പശ്ചാത്തലത്തില്‍ മോദിയുടെ നിസ്സംഗമായ മൗനദീക്ഷക്കെതിരെ ജനരോഷമുയര്‍ന്നപ്പോള്‍, മോദി പതിവു പോലെ മൗനം വെടിഞ്ഞ് അതിക്രമങ്ങള്‍ക്കെതിരെ കാപട്യത്തിന്റെ 'സിംഹഗര്‍ജനം' നടത്തിയിരിക്കുന്നു ഒരിക്കല്‍കൂടി.
ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയും ഹിംസയും തടയാന്‍ മോദി സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് ജോണ്‍ കിര്‍ബി ആവശ്യപ്പെടുകയും ഗോരക്ഷയുടെ പേരു പറഞ്ഞ് ഇന്ത്യയില്‍ നടക്കുന്ന അതിക്രമങ്ങളില്‍ പ്രധാനമന്ത്രി നിസ്സംഗനാവുന്നത് അപമാനകരമാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് മുഖപ്രസംഗമെഴുതുകയും ചെയ്തപ്പോഴാണ് അപമാന ഭാരത്തില്‍നിന്ന് തലയൂരാന്‍ അന്ന് നരേന്ദ്ര മോദി, 'നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കുകയില്ലെ'ന്ന പ്രസ്താവനാ പ്രഹസനം നടത്തിയത്. മോദിയുടെ പ്രസ്താവനയുടെ ചൂടാറും മുമ്പ് തന്നെ, മാട്ടിറച്ചി പ്രശ്‌നം ഉയര്‍ത്തി, ഝാര്‍ഖണ്ഡില്‍ അലീമുദ്ദീന്‍ അന്‍സാരിക്കെതിരെ ഗോരക്ഷാ ഗുണ്ടകള്‍ നിയമം കൈയിലെടുക്കുക തന്നെ ചെയ്തു. മോദിയുടെ 'നിരോധനാജ്ഞ'ക്ക് പുല്ലുവില കല്‍പിച്ച് പതിവുപോലെ, ബലാത്സംഗ സംഭവങ്ങള്‍ നാട്ടില്‍ ആവര്‍ത്തിക്കുക തന്നെ ചെയ്യുമെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, യു.പി.യിലെ ഇറ്റാവ ജില്ലയിലെ കോട്‌വാലിയില്‍ വിവാഹ ആഘോഷത്തില്‍ പങ്കെടുക്കുകയായിരുന്ന ഏഴു വയസ്സുകാരി ബലാത്സംഗക്കൊലക്ക് വിധേയയായത്. അഛാ ദിനങ്ങള്‍ക്ക് പകരം ദുര്‍ദിനങ്ങളും ദുരിതങ്ങളും ജനങ്ങള്‍ക്ക് നിരന്തരം സമ്മാനിക്കുന്ന മോദി-യോഗി കിരാത വാഴ്ചക്കെതിരെ ഇന്ത്യന്‍ ജനത ഒറ്റക്കെട്ടാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Comments