Prabodhanm Weekly

Pages

Search

2018 മെയ് 04

3050

1439 ശഅ്ബാന്‍ 17

മതം അഭിമുഖീകരിക്കുന്ന ചില ചോദ്യങ്ങളും ഉത്തരങ്ങളിലേക്കുള്ള ദൂരങ്ങളും

എം.എസ് ഷൈജു

ജീവിതത്തിന്റെ അര്‍ഥവും അന്തസ്സാരവും പഠിക്കുന്നതിനായി ഒരു ഗുരുവിനൊപ്പം ദീര്‍ഘകാലം താമസിച്ച ഒരു ശിഷ്യന്റെ കഥയുണ്ട്. പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ശിഷ്യന് ജീവിതത്തെപ്പറ്റി ഗുരു ഒന്നും പറഞ്ഞുകൊടുത്തില്ല. ദിവസവും ഗുരുവിനു വേണ്ടി അകലെയുള്ള കുളത്തില്‍നിന്ന് കുടിവെള്ളം കൊണ്ടുവരലായിരുന്നു ശിഷ്യന്റെ പ്രധാന ദൗത്യം. നിലാവുള്ള ഒരു രാത്രിയില്‍ കുടം നിറയെ വെള്ളവും കോരി, കൈയിലുള്ള കുടത്തിലെ വെള്ളത്തിന്റെ ഉപരിതലത്തില്‍ വെട്ടിത്തിളങ്ങി നിന്ന ചന്ദ്രബിംബത്തിന്റെ ഭംഗിയുമാസ്വദിച്ച് ശിഷ്യന്‍ നടന്നുവരുമ്പോള്‍ ഏതോ കൂര്‍ത്ത കല്ലില്‍ കാല്‍ തട്ടി കൈയിലെ കുടം താഴെ വീണു. ഒറ്റ നിമിഷം കൊണ്ട് കുടത്തിലെ ജലവും ചന്ദ്രബിംബവും അപ്രത്യക്ഷമായി. തന്റെ കൈയിലെ ജലവും ചന്ദ്രബിംബവും എങ്ങനെ അപ്രത്യക്ഷമായെന്ന് ശിഷ്യന് ഒട്ടും മനസ്സിലായില്ല. കുടം മാത്രമാണ് പൊട്ടിയത്. തൊട്ട് മുമ്പേ വരെ തന്റെ കൈയില്‍ ഉണ്ടായിരുന്ന ഒരു മഹാ ശോഭയെ ഒരു കല്ല് ഒറ്റ നിമിഷം കൊണ്ട് അപ്രത്യക്ഷമാക്കിക്കളഞ്ഞു! ഒരേ ഒരു നിമിഷം! ആ നിമിഷത്തിലാണ് ശിഷ്യന് സ്വന്തം ജീവിതത്തെക്കുറിച്ച് ബോധോദയമുണ്ടാകുന്നത്. ജീവിതത്തിന്റെ ഉത്തരങ്ങളിലേക്ക് സഞ്ചരിക്കാനുള്ള അയാളുടെ ചോദ്യങ്ങള്‍ രൂപപ്പെട്ടത് ആ സമയത്തായിരുന്നു. ആ ചോദ്യത്തെ പിന്തുടരാന്‍ അയാള്‍ക്ക് സാധിച്ചപ്പോള്‍ ജീവിതത്തിന്റെ അര്‍ഥം കണ്ടെത്തിയ വിശ്വോത്തര വിജ്ഞാനിയായി അയാള്‍ മാറിയത്രെ. ഇതൊരു കേവല കഥയല്ല. ജീവിതത്തിന്റെ അര്‍ഥവും ലക്ഷ്യവും തേടാന്‍ ശ്രമിക്കുന്ന സത്യാന്വേഷികള്‍ ഉള്‍ക്കൊള്ളേണ്ട വലിയ തത്ത്വങ്ങളും ദര്‍ശനങ്ങളും ഈ കഥ ഉള്‍ക്കൊണ്ടിട്ടുണ്ട്.

ആരാണ് മനുഷ്യര്‍? എന്താണ് നമ്മുടെ ജീവിത ദൗത്യം? ഈ ചോദ്യങ്ങളെ ജീവിതത്തില്‍ എപ്പോഴെങ്കിലും സത്യസന്ധമായി അഭിമുഖീകരിക്കേണ്ട ഏതെങ്കിലും അവസരങ്ങളിലൂടെ നാം കടന്നുപോയിട്ടുണ്ടോ? മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യങ്ങളിലേക്കും മൗലികതയിലേക്കും നമ്മെ കൊണ്ടു ചെന്നെത്തിക്കുന്ന ചോദ്യങ്ങളില്‍ ചിലതാണ് ഇവ. ഇവയുടെ ഉത്തരങ്ങള്‍ തേടിയുള്ള സത്യസന്ധമായ ജീവിതയാത്രയാണ് ഒരാളുടെ മതജീവിതം എന്ന് സാമാന്യമായി പറയാം. ഇസ്ലാമിനെ പറ്റി പറയുകയാണെങ്കില്‍, നിരന്തരമായി ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് മനുഷ്യ ചിന്തയുടെ ശ്രദ്ധ ക്ഷണിക്കുന്ന ഒരു ശൈലിയാണ് ഇസ്ലാം സ്വീകരിച്ചിരിക്കുന്നത്. വിശുദ്ധ ഖുര്‍ആന്റെ സവിശേഷത തന്നെ അതിന്റെ ചോദ്യശൈലികളാണ്.  ഈ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ കണ്ടെത്തുന്നതില്‍ സംഭവിക്കുന്ന വിജയ പരാജയങ്ങളാണ് ഒരാളുടെ ജീവിത മോക്ഷത്തിന് നിദാനമാകുന്നത്. ഓരോ ചോദ്യവും ഉന്നയിക്കപ്പെടുന്നത് അതിന്റെ ഓരോ വായനക്കാരോടുമാണ്. സ്വന്തം ബോധ്യങ്ങളും അറിവുകളും അനുഭവങ്ങളും കൊണ്ട് ആ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുമ്പോള്‍ ലഭിക്കുന്ന മറുപടികളാണ് അയാളുടെ ജീവിതാദര്‍ശമായി രൂപപ്പെടുന്നത്. ഈ ഉത്തരങ്ങള്‍ എല്ലാവര്‍ക്കും എല്ലായ്‌പ്പോഴും ഒന്നായിക്കൊള്ളണമെന്നില്ല. ചോദ്യങ്ങളെ ഓരോരുത്തരും എങ്ങനെയൊക്കെ സമീപിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഓരോരുത്തരുടെയും ഉത്തരങ്ങള്‍ രൂപപ്പെടുന്നത്. ഒരേ ചോദ്യത്തിന് പല ഉത്തരങ്ങള്‍ നല്‍കാന്‍ കഴിയുന്ന വിധമുള്ള ധൈഷണിക വൈപുല്യം രക്ഷിതാവ് മനുഷ്യരില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇസ്ലാമും അങ്ങനെ തന്നെയാണ്. എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങള്‍ എല്ലായ്‌പ്പോഴും ഒന്നുതന്നെയാകണമെന്ന് ഇസ്ലാമിന് നിര്‍ബന്ധങ്ങളില്ല. ചോദ്യങ്ങള്‍ രൂപപ്പെടുന്ന കാലവും അത് ഉന്നയിക്കപ്പെടുന്ന പശ്ചാത്തലങ്ങളും ഉത്തരങ്ങള്‍ രൂപപ്പെടുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ചോദ്യങ്ങളോടും ഉത്തരങ്ങളോടും ഒരാള്‍ കാണിക്കുന്ന സത്യസന്ധതയും വിശ്വസ്തതയുമാണ് പ്രധാനമാകുന്നത്. പ്രവാചകാനന്തരം ഇസ്ലാമിന് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി തന്നെ ഉത്തരങ്ങള്‍ കണ്ടെത്തുന്നതിലുള്ള വ്യക്തതക്കുറവായിരുന്നു. പ്രവാചകന്‍ ജീവിച്ചിരുന്ന കാലത്ത് നേരിടേണ്ടിവന്നിട്ടില്ലാത്ത പുതിയ പ്രതിസന്ധികള്‍ക്ക് എങ്ങനെ ഉത്തരം കാണണമെന്ന ആശങ്കകള്‍ തന്നെയാണ് മതം ഇപ്പോഴും നേരിടുന്ന പ്രതിസന്ധികള്‍.

ഏതോ കാലത്തെ ഒരു ചോദ്യം  മറ്റാര്‍ക്കൊക്കെയോ നല്‍കിയ ഉത്തരങ്ങളെ നിര്‍വികാരമായി അനുധാവനം ചെയ്യുന്നതിലുടെ മതം ഒരാളില്‍ നിര്‍വഹിക്കേണ്ടതായ ദൗത്യങ്ങള്‍ ഒന്നും പൂര്‍ത്തീകരിക്കപ്പെടുകയില്ല. മതത്തിന്റെ പ്രതിനിധാനങ്ങളുടെ ഭാഗമാകാന്‍ അത്തരക്കാര്‍ക്ക് ഒരിക്കലും സാധിക്കുകയുമില്ല. സങ്കടവശാല്‍, ഇസ്ലാമിക ലോകത്തിന് ഇന്നും, ഏതോ കാലത്ത് ആരൊക്കെയോ അഭിമുഖീകരിച്ച ചില ചോദ്യങ്ങള്‍ക്ക് അവര്‍ കണ്ടെത്തിയ അന്നത്തെ ഉത്തരങ്ങളില്‍നിന്ന് ഒട്ടും മുന്നോട്ടുപോകാന്‍ സാധിക്കാതെ വരുന്നു. അങ്ങനെ മതത്തിന്റെ വികാസ സാധ്യതകളും വിജ്ഞാന വികാസങ്ങളും നിശ്ചലമാക്കപ്പെടുകയാണ്. നാം ജീവിക്കുന്ന കാലത്ത് മതം നേരിടുന്ന ചില ചോദ്യങ്ങളുണ്ട്. ആ ചോദ്യങ്ങളോട് പ്രതികരിക്കാനും അവക്ക് ഇന്നത്തെ കാലത്തിന്റെ ഉത്തരങ്ങള്‍ തേടാനുമുള്ള ശ്രമങ്ങളിലൂടെ മാത്രമേ മതത്തിന്റെ വികാസക്ഷമതയെ കണ്ടെത്താനും അനുഭവിക്കാനും നമുക്ക് സാധിക്കുകയുള്ളൂ. ഇസ്ലാം ഉയര്‍ത്തുന്ന മൗലികമായ മൂല്യസങ്കല്‍പങ്ങളെ മുന്‍നിര്‍ത്തിയുള്ള അന്വേഷണങ്ങളാണ്  ഓരോ ചോദ്യത്തിന്റെയും തുടര്‍ച്ചകളായി ഉണ്ടാകേണ്ടത്. ലഭിക്കുന്ന ഉത്തരങ്ങളോട് സത്യസന്ധമായും നീതിയുക്തമായും പ്രതികരിക്കുകയും അവയെ ജീവിത ദര്‍ശനങ്ങളായി സ്വീകരിക്കുകയും ചെയ്യുന്നതിലൂടെയാണ് ഒരാള്‍ തന്റെ മതജീവിതത്തിന്റെ അടിസ്ഥാന ആദര്‍ശങ്ങളെ കണ്ടെത്തുന്നത്.

ചോദ്യങ്ങള്‍, ഉത്തരങ്ങള്‍ എന്നീ ആഖ്യാന സംജ്ഞകളെ അതിന്റെ കേവലതകളില്‍നിന്ന് മോചിപ്പിച്ചുകൊണ്ടുള്ള ഒരു വ്യവഹാരമാണ് നാം ഇവിടെ നടത്തുന്നത്. ഇത്തരം ചോദ്യങ്ങളെ ഒരിക്കല്‍ പോലും നേരിട്ടിട്ടില്ലാത്തവരും ചോദ്യങ്ങള്‍ കൊണ്ട് ഉത്തരങ്ങളിലേക്ക് സഞ്ചരിച്ചെത്താന്‍ സാധിക്കാത്തവരുമാണ് മനുഷ്യരില്‍ അധികമാളുകളും. ചോദ്യങ്ങളെ ഒട്ടും ഇഷ്ടപ്പെടാത്തവരും മനുഷ്യരില്‍ ഉണ്ട്. മറ്റാരോ കണ്ടെത്തിയ ഉത്തരങ്ങള്‍ കൊണ്ട് സ്വന്തം ജീവിതത്തെ നിര്‍വചിക്കാനുള്ള വൃഥാ ശ്രമങ്ങളില്‍ ഏര്‍പ്പെട്ടും തര്‍ക്കിച്ചും, എല്ലാറ്റിന്റെയും ഉത്തരങ്ങള്‍ കണ്ടെത്തപ്പെട്ടുകഴിഞ്ഞുവെന്നും ഇനി തനിക്ക് അതുമായി ബന്ധപ്പെട്ട് ഒന്നും അന്വേഷിക്കേണ്ടതില്ല എന്നും ശഠിച്ചും മതത്തിന്റെ പേരിലുള്ള ചില കപടമായ സംതൃപ്തികളില്‍ അവര്‍ സ്വന്തം ജീവിതത്തെയും മറ്റുള്ളവരുടെ ജീവിതത്തെയും തളച്ചിടാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. അവര്‍ അവരുടെ ജീവിതത്തിന്റെ അന്വേഷണപരതയെ അവഗണിക്കുകയും സ്വന്തം ഉത്തരങ്ങളെ കണ്ടെത്താനുള്ള എല്ലാ അവസരങ്ങള്‍ക്കു നേരെയും വാതിലുകള്‍ അടക്കുകയും ചെയ്യും. മനുഷ്യ ജീവിതത്തിന്റെ മൗലികമായ അര്‍ഥങ്ങളെ കണ്ടെത്തുന്നതിനുള്ള ചോദ്യങ്ങള്‍ സ്വയം കണ്ടെത്താനും അവക്ക് ഉത്തരം തേടാനായി മനുഷ്യരെ പ്രാപ്തരാക്കുന്നതിനുമാണ് ഓരോ കാലത്തെയും പ്രവാചകത്വ ദൗത്യങ്ങള്‍ ശ്രമിച്ചുപോന്നിട്ടുള്ളത്. ജീവിക്കുന്ന കാലത്തിന് മുന്നില്‍നിന്ന് ചില ചോദ്യങ്ങള്‍ സൃഷ്ടിക്കലായിരുന്നു പ്രവാചകന്മാരുടെ പ്രധാന ചുമതല. ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ സ്വയം കണ്ടെത്താന്‍ ശ്രമിച്ചും അതിനായി സമകാലീനരെ സഹായിച്ചും ഉത്തരങ്ങളിലേക്ക് സഞ്ചരിക്കാനുള്ള ഒരു രീതിശാസ്ത്രമാണ് അവര്‍ കാണിച്ചുതന്നത്.

നാം ജീവിക്കുന്ന കാലത്ത് അനിവാര്യമായും ഉണ്ടാകുന്ന ചില ചോദ്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാമത്തേത് നാമുമായിത്തന്നെ ബന്ധപ്പെട്ടതാണ്. ജീവിതത്തിന്റെ രഹസ്യങ്ങളും അന്തസ്സാരങ്ങളുമാണവയുടെ ഉള്ളടക്കങ്ങള്‍. അവയുടെ ഉത്തരങ്ങള്‍ നാം അന്വേഷിച്ചുകൊണ്ടേയിരിക്കുമ്പോള്‍ ജീവിതത്തില്‍ എവിടെയെങ്കിലും വെച്ച് നമുക്ക് ലഭിക്കുന്ന ഒരു ഉള്‍ബോധമാണ് നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ ഉത്തരം. അതിനാവശ്യമുള്ള കൈപ്പുസ്തകങ്ങളാണ് ആരാധനകളിലുടെയും വിജ്ഞാനങ്ങളിലൂടെയും മതം നല്‍കുന്നത്. രണ്ടാമത്തേത് നമ്മുടെ ദൗത്യങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ്. അതിനെയാണ് മതത്തിന്റെ സാമൂഹിക ഭാവങ്ങളായി നാം മനസ്സിലാക്കുന്നത്. നിയമങ്ങളും നിര്‍ദേശങ്ങളും ക്രമീകരണങ്ങളുമൊക്കെ ആവശ്യമായി വരുന്ന ഒരു വലിയ മേഖലയാണിത്. ആ ചോദ്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് ഓരോ സമൂഹങ്ങള്‍ക്കുള്ളില്‍നിന്നുമാണ്. അവയുടെ ഉത്തരങ്ങള്‍ കണ്ടെത്തപ്പെടേണ്ടതും ആ സമൂഹത്തിന്റെ അടരുകള്‍ക്കുള്ളില്‍നിന്നു തന്നെയാകേണ്ടതുമുണ്ട്. ലോകം തന്നെ ഒരു ആഗോള സമൂഹമായി മാറിക്കഴിഞ്ഞിരിക്കുന്ന ഇന്നത്തെ കാലത്ത് അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ വേറെയുണ്ട്.  കാലത്തിനും ദേശത്തിനും ഇടപെടേണ്ടിവരുന്നത് ഇത്തരം ചോദ്യങ്ങളിലും അവയുടെ ഉത്തരങ്ങളിലുമാണ്. ഈ ചോദ്യങ്ങളെ തിരിച്ചറിഞ്ഞും ബോധ്യപ്പെട്ടും അവക്കുള്ള ഉത്തരങ്ങള്‍ തേടാന്‍ നടത്തുന്ന ശ്രമങ്ങളാണ് അതത് കാലങ്ങളിലെ ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍. ഉത്തരങ്ങള്‍ തേടാനുള്ള അനിവാര്യതകളെ സൃഷ്ടിക്കാത്ത ഒരു കാലവും മനുഷ്യര്‍ക്കു മുന്നില്‍ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. ആ അനിവാര്യതകളെ തിരിച്ചറിയുകയും ഉള്‍ക്കൊള്ളുകയും ചെയ്യുക എന്നതാണ് അവയുടെ ഉത്തരങ്ങള്‍ കണ്ടെത്തുന്നതിന് ആദ്യമായി വേണ്ടത്. എന്നാല്‍ അനിവാര്യതകളെ തിരിച്ചറിയുന്നതില്‍ വര്‍ത്തമാനകാല മുസ്ലിം സമൂഹം മിക്കപ്പോഴും പരാജയപ്പെട്ടുപോകുന്നു. അതുവഴി കണ്ടെത്തേണ്ട ഉത്തരങ്ങള്‍ അവ്യക്തമാവുകയും ചെയ്യുന്നു. ഉത്തരങ്ങള്‍ കണ്ടെത്തപ്പെടുന്നതിന് മുമ്പായി ഉണ്ടാകുന്ന അനിവാര്യതകളെയാണ് ചോദ്യങ്ങള്‍ എന്ന് നാം വിളിക്കുന്നത്. ഈ അനിവാര്യതകളാണ് ഉത്തരത്തിലേക്ക് നമ്മെ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ട് പോകുന്നത്. ഉത്തരങ്ങള്‍ തേടുന്നവര്‍ ആദ്യമായി ചെയ്യേണ്ടത് അനിവാര്യതകളെ അംഗീകരിക്കലാണ്. ആത്മവിമര്‍ശനങ്ങളും ബാഹ്യ വിമര്‍ശനങ്ങളുമടക്കമുള്ള എല്ലാതരം വിമര്‍ശനങ്ങളും ഈ അനിവാര്യതകളുടെ ഭാഗമാണ്.

ചോദ്യങ്ങള്‍ മാനവരാശിക്ക് മുമ്പില്‍ ആത്യന്തികമായി എന്താണ് സൃഷ്ടിക്കുന്നത് എന്നു ചോദിച്ചാല്‍ തിരിച്ചറിവുകളും ആത്മബോധങ്ങളും എന്ന് പൊതുവില്‍ പറയാം. മനുഷ്യര്‍ ഓരോ കാലത്തും ആവിഷ്‌കരിക്കുന്ന നിയമങ്ങളും തത്ത്വങ്ങളുമെല്ലാം ഇത്തരം തിരിച്ചറിവുകളെയും ബോധങ്ങളെയും ആസ്പദിച്ച് രൂപപ്പെടുന്നവയാണ്.  ചോദ്യം ചെയ്യപ്പെടലുകളില്‍നിന്ന് ആദ്യമായി രൂപപ്പെടുന്നത് തിരിച്ചറിവുകളാണ്. ശരിയായ ഉത്തരങ്ങളിലേക്ക് മനുഷ്യരെ കൊണ്ടുപോകുന്നത് ഈ തിരിച്ചറിവുകളാണ്. ശരിയായ ഉത്തരത്തിലേക്ക് എത്തുന്നതില്‍ നാം പരാജയപ്പെടുകയാണെങ്കില്‍ പോലും ഈ തിരിച്ചറിവുകള്‍ നമുക്ക് വെളിച്ചമായിരിക്കും.  ചോദ്യം ചോദിക്കുന്നതിനും ചോദ്യം ചെയ്യപ്പെടലുകള്‍ക്കുമായി സ്വയം പാകപ്പെടുമ്പോള്‍ മാത്രമേ ചോദ്യങ്ങള്‍ മനുഷ്യരില്‍ ഉത്തരങ്ങള്‍ സൃഷ്ടിക്കുകയുള്ളൂ. ഓരോ ചോദ്യത്തില്‍നിന്നും ഉത്തരങ്ങളിലേക്കുള്ള ദൂരങ്ങള്‍ ഓരോ കാലത്തും ദേശത്തും വ്യത്യാസപ്പെട്ടിരിക്കും. ആ ദൂരങ്ങളെ തിരിച്ചറിയുന്നിടങ്ങളില്‍നിന്നാണ് ചോദ്യങ്ങള്‍ തീര്‍ക്കുന്ന സങ്കീര്‍ണതകളില്‍നിന്ന് പുറത്തുകടക്കാനും അവയുടെ ശരിയായ ഉത്തരങ്ങള്‍ കണ്ടെത്താനും നമുക്ക് കഴിയുന്നത്. വര്‍ത്തമാനകാല ഇസ്ലാമിക ലോകം ചില വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഇന്നത്തെ കാലത്തിന്റേതായ ചില ചോദ്യങ്ങള്‍ ലോകത്തെ വിവിധ മുസ്ലിം സമൂഹങ്ങള്‍ക്ക് മുന്നില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികളാണ് ഈ വെല്ലുവിളികളില്‍ മുഖ്യമായത്. ഓരോ കാലത്തിനും അതിന്റേതായ ചില സാംസ്‌കാരിക ഭാവങ്ങളും നിലപാടുകളും അവയുടേതായ ചോദ്യങ്ങളും ഉണ്ട്. ഈ ചോദ്യങ്ങളെ അടിച്ചമര്‍ത്തുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്യലാണ് അവയില്‍നിന്ന് രക്ഷപ്പെടാന്‍ പറ്റിയ മാര്‍ഗങ്ങളെന്ന് പലരും ധരിച്ചുപോകുന്നു. ചോദ്യങ്ങളെ മറുചോദ്യങ്ങള്‍ കൊണ്ട് നിഷ്പ്രഭമാക്കാമെന്നും കരുതുന്നു. ഈ നിഷേധാത്മകതകള്‍ കൊണ്ട് ഒരിക്കലും ആ ചോദ്യങ്ങള്‍ ഇല്ലാതെയാവുകയോ അവയുടെ ശക്തി ക്ഷയിക്കുകയോ ഇല്ല. അവയുടെ ഉത്തരങ്ങളിലേക്ക് എത്താനുള്ള നമ്മുടെ കാലതാമസം വര്‍ധിക്കുന്നു എന്ന് മാത്രമേയുള്ളൂ. കാലമുയര്‍ത്തുന്ന ഒരു ചോദ്യത്തെ നേരത്തേ തിരിച്ചറിയുകയും അതിന്റെ ഉത്തരം തേടുന്നതിനുള്ള യജ്ഞങ്ങളില്‍ വ്യാപൃതരാവുകയും ചെയ്യുക എന്നതാണ് ഉല്‍പതിഷ്ണുതയുടെ അടയാളം. ഉത്തരങ്ങളിലേക്ക് വളരെ വേഗം എത്തുകയും മറ്റുള്ളവരെ അതിലേക്ക് നയിക്കുകയും ചെയ്യുന്നവരാണവര്‍. ചോദ്യങ്ങളെ തമസ്‌കരിക്കല്‍ യാഥാസ്ഥിതികതയുടെ ലക്ഷണമാണ്.

മനുഷ്യന്റെ ഇന്നോളമുള്ള എല്ലാ പുരോഗതിയുടെയും മൂലകാരണങ്ങള്‍ അവന്റെ മനസ്സില്‍ രൂപപ്പെടുന്ന മൗലികമായ ചില ചോദ്യങ്ങളാണ്. ആ ചോദ്യങ്ങളും അവ തീര്‍ക്കുന്ന അനിശ്ചിതത്വങ്ങളും പരിഹരിക്കുന്നതിനായി നടത്തുന്ന യജ്ഞങ്ങളാണ് ഓരോ കണ്ടെത്തലിലേക്കും മനുഷ്യനെ കൊണ്ടുപോകുന്നത്. മനുഷ്യന്റെ ആത്മീയവും സാമൂഹികവുമായ എല്ലാ വികാസങ്ങളും ഈ ചോദ്യങ്ങളുമായും ഉത്തരങ്ങളുമായും ബന്ധപ്പെട്ടതാണ്. മധ്യകാലഘട്ടത്തിലെ ഇസ്ലാമിന്റെ ധൈഷണിക വികാസത്തിന്റെ കാരണങ്ങളന്വേഷിക്കുമ്പോള്‍ അവയില്‍ സുപ്രധാനമായത് അന്നത്തെ കാലത്തിന്റെ അനിവാര്യതകള്‍ക്ക് ഇസ്ലാമിലൂടെ പരിഹാരം കാണാന്‍ നടത്തിയ യജ്ഞങ്ങളായിരുന്നു എന്ന് കാണാന്‍ സാധിക്കും. വലിയ പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും അഭിമുഖീകരിച്ചാണ് അക്കാലത്ത് ഇസ്ലാം മുന്നോട്ടു പോയത്. നേരത്തേ സൂചിപ്പിച്ചതുപോലെ ഇന്നത്തെ കാലവും  വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. സമകാലിക ലോകത്തിന്റെ വിജ്ഞാന വികാസങ്ങളുടെ ഭാഗമായി രൂപപ്പെട്ടു വന്ന ആധുനിക കാഴ്ചപ്പാടുകളുമായി ബന്ധപ്പെട്ടാണ് മതം സംഘര്‍ഷങ്ങളില്‍ അകപ്പെടുന്നത്. അവകാശങ്ങളുടെ ഭാഗമായി ലോകത്ത് രൂപംകൊള്ളുന്ന പുതിയ സങ്കല്‍പങ്ങളെ ഇസ്ലാമുമായി ബന്ധപ്പെട്ട ഒരു ചോദ്യമായി അംഗീകരിക്കാനും അവയുടെ ഉത്തരങ്ങള്‍ കാണാനുമുള്ള ശ്രമങ്ങള്‍ക്ക് പൊതുവെ മുസ്ലിം സമൂഹങ്ങളില്‍ വേണ്ടത്ര പിന്തുണ കിട്ടാറില്ല. അഥവാ കിട്ടിയാല്‍ തന്നെ ആ ചോദ്യവും ഉത്തരവും അപ്രസക്തമാവുകയും പുതിയ ഉത്തരങ്ങള്‍ തേടേണ്ട ചോദ്യങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന ഒരു കാലത്ത് മാത്രമേ അവ ചര്‍ച്ചയാകാറുള്ളൂ. 

ഈ പഴഞ്ചന്‍ ഉത്തരങ്ങളില്‍ ഒരു സമൂഹം എക്കാലത്തും അഭിരമിക്കുന്നതിനെയാണ് സാമൂഹികമായ പിന്നാക്കാവസ്ഥ എന്ന് നാം വിളിക്കുന്നത്. ഉദാഹരണത്തിന്, ബാലാവകാശങ്ങളിലും വ്യക്തിസ്വാതന്ത്ര്യത്തിലും മനുഷ്യാവകാശങ്ങളിലും സ്ത്രീകളും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിലുമൊക്കെയുള്ള കാഴ്ചപ്പാടുകളില്‍ ആധുനിക ലോകം ഏറെ മുന്നോട്ടു പോയിട്ടുണ്ട്. എന്നാല്‍ ഇത്തരം അവകാശങ്ങളുമായും വീക്ഷണങ്ങളുമായും ബന്ധപ്പെട്ടുയരുന്ന ചര്‍ച്ചകളില്‍ മുഴങ്ങിക്കേള്‍ക്കുന്നത് പഴയ കാലത്ത് ചില സമൂഹങ്ങളില്‍ രൂപപ്പെട്ട ചോദ്യങ്ങള്‍ക്ക് അക്കാലത്തിന്റെ അടരുകള്‍ക്കുള്ളില്‍നിന്ന് കണ്ടെത്തപ്പെട്ട ഉത്തരങ്ങള്‍ മാത്രമാണ്. അവക്കപ്പുറം ഒരുത്തരവും ഇസ്ലാമിന് നല്‍കാനില്ല എന്ന തീര്‍പ്പുകളാണ് മുഴങ്ങിക്കേള്‍ക്കുന്നത്. കാലത്തിന്റെയും സമൂഹത്തിന്റെയും പശ്ചാത്തലം മാറ്റിവെച്ച്, അന്നത്തെ ചോദ്യങ്ങള്‍ വീണ്ടും ചോദിക്കുമ്പോള്‍ ഇന്ന് കിട്ടുന്ന ഉത്തരങ്ങളാണ് അതേ വിഷയത്തിലെ ഇന്നത്തെ ഉത്തരങ്ങള്‍. ഓരോ കാലത്തിന്റെയും ചില പൊതു തിരിച്ചറിവുകള്‍ ഉണ്ട്. മനുഷ്യന്റെ സാമൂഹിക വികാസത്തിന്റെ ഭാഗമായ ഇത്തരം പൊതു തിരിച്ചറിവുകളോട് മുഖം തിരിച്ച് മുന്നോട്ടു പോകുന്നവര്‍ക്ക് അവരുടെ മുന്നില്‍ രൂപപ്പെടുന്ന ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ സാധിക്കാതെ പോകും. അതുവഴി ഇസ്ലാം അതത് കാലങ്ങളില്‍ നിര്‍വഹിക്കേണ്ട സാമൂഹികമായ ഉത്തരവാദിത്തങ്ങളില്‍നിന്ന് അത്തരക്കാര്‍ ഒഴിഞ്ഞുമാറുകയും ചെയ്യും. 

വര്‍ത്തമാന കാലത്തിന്റെ സാംസ്‌കാരികവും സാമൂഹികവുമായ സവിശേഷതകളോട് ഇസ്ലാമിക സമൂഹം പുലര്‍ത്തുന്ന അകലങ്ങള്‍ വഴിയാണ് ഇന്നത്തെ കാലത്തെ മിക്കവാറും എല്ലാ പ്രതിസന്ധികളും രൂപപ്പെട്ടിട്ടുള്ളത്.  ഈ അകലങ്ങള്‍ ഇസ്ലാമിന് പൊതു സമൂഹത്തോടുള്ള സ്ഥായിയായ അകലങ്ങളായി വ്യാജ പ്രചാരണം നടത്തുകയും ചെയ്യുന്നു. അവക്ക് ഉത്തരങ്ങള്‍ തേടാനുള്ള ശ്രമങ്ങള്‍ക്ക് പകരം അവയോട് ശത്രുതാപരമായ അകല്‍ച്ചയും അവഗണനയും പുലര്‍ത്തല്‍ മതത്തിന്റെ പേരിലുള്ള ബാധ്യതയായി പഠിപ്പിക്കപ്പെടുന്ന സാഹചര്യങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇന്റിവിജ്വലിസം അഥവാ വ്യക്തിവാദം എന്നൊരു വീക്ഷണം തന്നെ ലോകത്ത് ശക്തമായിവരികയാണ്. ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യത്തിനും അവകാശത്തിനും വലിയ മാനങ്ങളുണ്ടെന്ന് ആധുനിക ഭരണഘടനകള്‍ കരുതുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പുതിയ നിയമങ്ങള്‍ ആവിഷ്‌കരിക്കപ്പെടുന്നു. വിശാലമായ വ്യക്തിയവകാശങ്ങളുടെ കാലത്താണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യനും മനുഷ്യനും തമ്മിലും, മനുഷ്യനും സമൂഹവും തമ്മിലുമുള്ള ബന്ധങ്ങളില്‍ മനുഷ്യാവകാശങ്ങള്‍ ഒരു വലിയ ഘടകമായി ഉയര്‍ന്നു വന്നു കഴിഞ്ഞിട്ടുണ്ട്. സ്വന്തം ഇഛകളെയും വീക്ഷണങ്ങളെയും പ്രകാശിപ്പിക്കാന്‍ മനുഷ്യന് നല്‍കപ്പെടുന്ന സ്വാതന്ത്ര്യത്തെ ആവിഷ്‌കാരത്തിന്റെ പട്ടികയിലാണ് ഇന്ന് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീക്കും പുരുഷനും സ്വന്തമായി കര്‍തൃത്വങ്ങളുണ്ടെന്ന വീക്ഷണങ്ങള്‍ക്ക് പ്രബലമായ സാമൂഹിക പിന്തുണയുമുണ്ട്. ആവിഷ്‌കാരത്തിന്റെ പുതിയ സാധ്യതകള്‍ മനുഷ്യര്‍ക്ക് മുന്നില്‍ തുറക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. 

ഇവയെല്ലാം ഇന്നത്തെ കാലത്തിന്റെ അനിവാര്യതകളാണ്. ഈ അനിവാര്യതകള്‍ പുതിയ ഉത്തരങ്ങള്‍ തേടാനുള്ള ആഹ്വാനമാണ് നമുക്ക് മുന്നില്‍ ഉയര്‍ത്തുന്നത്. കാലത്തിന്റെ അനിവാര്യതകളുമായി സ്ഥിരമായി സംഘര്‍ഷങ്ങളിലേര്‍പ്പെട്ടുകൊണ്ട് ഒരു സമൂഹത്തിനും അധികകാലം മുന്നോട്ടു പോകാന്‍ സാധിക്കില്ല. സംഘര്‍ഷങ്ങളില്‍നിന്ന് പുറത്തു കടക്കാനുള്ള ഏക പോംവഴി സത്യസന്ധമായി ഉത്തരങ്ങളെ തേടലാണ്. ഇസ്ലാമിനെ സംബന്ധിച്ചാകുമ്പോള്‍ ഈ ഉത്തരംതേടലുകള്‍ ഇസ്ലാമിന്റെ വിശാലമായ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയാകണം നടക്കേണ്ടത്. എന്നാല്‍ ചില ഉത്തരങ്ങളെ ആദ്യം തന്നെ പ്രതിഷ്ഠിക്കുകയും ചോദ്യങ്ങളെ കൃത്രിമമായി അവയുമായി കൂട്ടിമുട്ടിക്കുകയും ചെയ്യുന്ന നീക്കങ്ങളാണ് മതാന്വേഷണവുമായി ബന്ധപ്പെട്ട് പൊതുവെ നടന്നുവരുന്നത്. ഉത്തരങ്ങളെ കണ്ടെത്താനാണ് പഞ്ചേന്ദ്രിയങ്ങളും ബുദ്ധിയും ചിന്തയും അവയുടെ സങ്കലിത രൂപമായ യുക്തിയുമൊക്കെ മനുഷ്യന് നല്‍കപ്പെട്ടിരിക്കുന്നത്. അവയെ മുഴുവന്‍ അവഗണിച്ചും അവിശ്വസിച്ചും എല്ലാ ഉത്തരങ്ങളെയും മുന്‍കൂട്ടി പ്രതിഷ്ഠിച്ചുള്ള മതപഠനങ്ങള്‍ കൂടുതല്‍ അപകടം ചെയ്യും. എല്ലാ കാലത്തും ഇങ്ങനെ പഴയ ഉത്തരങ്ങളെ പ്രതിഷ്ഠിച്ച് ചോദ്യങ്ങളെ നേരിടാന്‍ ശ്രമിക്കുന്നവര്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കാലവും ലോകവും അവരെ അപ്രസക്തരാക്കിക്കളയുകയും പുതിയ ഉത്തരങ്ങളെ താമസിച്ചാണെങ്കിലും സ്വീകരിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാവുകയും ചെയ്തിട്ടുള്ളതാണ് ചരിത്രം. പുതിയ ചില പ്രതിസന്ധികളെക്കൂടി സൃഷ്ടിക്കുമെന്നതല്ലാതെ മറ്റൊരു ഉപകാരവും ഇത്തരക്കാരില്‍നിന്ന് സമൂഹത്തിനോ ഇസ്ലാമിനോ ലഭിക്കുമെന്ന് കരുതേണ്ടതില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (43-48)
എ.വൈ.ആര്‍

ഹദീസ്‌

ദയാവധത്തിന് നിയമസാധുതയോ?
കെ.സി ജലീല്‍ പുളിക്കല്‍