Prabodhanm Weekly

Pages

Search

2018 മെയ് 04

3050

1439 ശഅ്ബാന്‍ 17

തുര്‍ക്കിയില്‍ സമയമാകും മുമ്പേ പ്രസിഡന്റ്-പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍

സഈദ് അല്‍ഹാജ്

തുര്‍ക്കിയിലെ ഭരണക്രമം പാര്‍ലമെന്റ് സംവിധാനത്തില്‍നിന്ന് പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് മാറ്റാന്‍ ജനഹിത പരിശോധന നടത്തി കൃത്യം ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഒരു പ്രഖ്യാപനം നടത്തി. പ്രസിഡന്റ്-പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ വരുന്ന ജൂണ്‍ 24-ന് തന്നെ നടക്കാന്‍ പോകുന്നു. അതായത്, നേരത്തേ നിശ്ചയിച്ച സമയത്തിന് ഒരു വര്‍ഷവും അഞ്ച് മാസവും മുമ്പേ. ഉര്‍ദുഗാന്‍ നേതൃത്വം നല്‍കുന്ന 'അക്' (ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ്) പാര്‍ട്ടിയുടെ സഖ്യകക്ഷിയായ നാഷ്‌നലിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് ദൗലത് ബഹ്ജലിയുമായി നടത്തിയ ഹ്രസ്വമായ കൂടിക്കാഴ്ചക്കു ശേഷമാണ് ഈ തീരുമാനം.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടന്ന ഹിതപരിശോധനയിലാണ് 51.4% സമ്മതിദായകര്‍ പ്രസിഡന്‍ഷ്യല്‍ രീതിക്ക് അനുകൂലമായി വോട്ട് ചെയ്തത്. ഭരണഘടനാ ഭേദഗതി പ്രകാരം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള അടുത്ത തെരഞ്ഞെടുപ്പ് നടക്കേണ്ടത് 2019 മാര്‍ച്ചിലാണ്; അതേവര്‍ഷം നവംബറില്‍ പ്രസിഡന്റ്-പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളും നടക്കണം. യഥാര്‍ഥത്തില്‍, തെരഞ്ഞെടുപ്പ് നേരത്തേയാക്കുക എന്നത് അക് പാര്‍ട്ടിയുടെ അജണ്ടയില്‍ മുമ്പേ ഉള്ളതാണ്. കാരണം, 2019 നവംബര്‍ വരെ കാത്തിരിക്കുക എന്നത് പല നിലക്കും പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിച്ചേക്കും. രാഷ്ട്രീയമായി അതൊരു ദീര്‍ഘിച്ച കാലയളവ് തന്നെയാണ്. പലതരം സമ്മര്‍ദങ്ങള്‍ അതിനിടക്ക് അഭിമുഖീകരിക്കേണ്ടിവന്നേക്കാം; പ്രത്യേകിച്ച് സാമ്പത്തിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടവ.

ചില ഭരണഘടനാ പ്രശ്‌നങ്ങളുമുണ്ട്. തുര്‍ക്കിയില്‍ ഔദ്യോഗികമായി ഇപ്പോഴും നിലവിലുള്ളത് പാര്‍ലമെന്ററി സംവിധാനമാണ്. എന്നാല്‍ ഭരണഘടനാപരമായി അത് പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേക്ക് മാറിയിരിക്കുന്നു. പ്രസിഡന്‍ഷ്യല്‍ രീതിയിലാണ് കാര്യങ്ങള്‍ നടന്നുപോകുന്നതും. ഫലത്തില്‍ ഒരേ സമയം രണ്ട് സംവിധാനങ്ങള്‍ നിലനില്‍ക്കുന്നു എന്ന പ്രശ്‌നമുണ്ട്. അത് മറികടക്കാന്‍ എത്രയും പെട്ടെന്ന് തെരഞ്ഞെടുപ്പ് നടത്തുകയാണ് പ്രതിവിധി.

നേരത്തേ തെരഞ്ഞെടുപ്പ് നടത്തണം എന്ന് ആദ്യം പറഞ്ഞത് നാഷ്‌നലിസ്റ്റ് നേതാവ് ദൗലത് ബഹ്ജലിയാണ്. ഉര്‍ദുഗാനുമായി അദ്ദേഹം നടത്തിയ ചര്‍ച്ചയില്‍നിന്ന് ഉരുത്തിരിഞ്ഞതാണ് ആ അഭിപ്രായമെന്ന് വ്യക്തം. ഭരണനിര്‍വഹണം സംബന്ധിച്ച് കൃത്യതയും വ്യക്തതയും വരുത്തുക എന്ന അവരുടെ ന്യായം തള്ളാവതല്ല. എങ്കിലേ രാഷ്ട്രീയ സ്ഥിരതയുണ്ടാവൂ; സാമ്പത്തിക പ്രശ്‌നങ്ങളെ ക്രിയാത്മകമായി അഭിമുഖീകരിക്കാനാവൂ. എന്നാല്‍, അക് പാര്‍ട്ടി നേരത്തേ തെരഞ്ഞെടുപ്പ് നടത്തില്ല എന്ന് പുറമേക്ക് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയും പെട്ടെന്ന് ആ നിലപാട് തിരുത്തുകയും ചെയ്തതിനു പിന്നില്‍ തീര്‍ച്ചയായും ലാഭനഷ്ടങ്ങള്‍ നോക്കിയുള്ള ചില രാഷ്ട്രീയ കണക്കുകൂട്ടലുകളുണ്ട്. കുര്‍ദ് തീവ്രവാദികളുടെ ഭീഷണി നേരിടാനെന്ന പേരില്‍ തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്ന ഇഫ്‌രീന്‍ എന്ന സിറിയന്‍ ഭൂപ്രദേശത്ത് 'ഒലിവ് കൊമ്പ്' എന്ന പേരില്‍ സൈനിക ഓപ്പറേഷന്‍ തുര്‍ക്കി വിജയകരമായി പൂര്‍ത്തിയാക്കിയത് കഴിഞ്ഞ ദിവസങ്ങളിലാണ്. അത് അക് പാര്‍ട്ടിയുടെയും അതിന്റെ നേതാവായ ഉര്‍ദുഗാന്റെയും ജനപ്രീതി ഗണ്യമായി ഉയര്‍ത്തിയിട്ടുണ്ട്. ഇതൊരു ദേശീയ വിജയമായാണ് തുര്‍ക്കികള്‍ കൊണ്ടാടുന്നത്. നാഷ്‌നലിസ്റ്റ് പാര്‍ട്ടിയും കരുതുന്നത് ഇത് വെച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താം എന്നായിരിക്കാം.

ജനഹിതം പ്രതിഫലിപ്പിക്കുന്ന അഭിപ്രായ സര്‍വെകള്‍ സൂക്ഷ്മമായി പിന്തുടരുന്നവരാണ് ഉര്‍ദുഗാനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരും. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊക്കെ ശ്രദ്ധേയമായ വിജയങ്ങള്‍ കൈവരിക്കാനായതും അതുകൊണ്ടുതന്നെ. തെരഞ്ഞെടുപ്പ് അതിന്റെ യഥാസമയത്ത് ഏകദേശം ഒന്നര വര്‍ഷം കഴിഞ്ഞാണ് നടക്കുന്നതെങ്കില്‍ രണ്ട് പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരാനുള്ള സാധ്യത അവര്‍ മുന്നില്‍ കാണുന്നു. ഒന്ന് ആഭ്യന്തരവും മറ്റേത് ബാഹ്യവും. രണ്ടും തമ്മില്‍ അടുത്ത ബന്ധവുമുണ്ട്. തുര്‍ക്കിയില്‍ ഇപ്പോള്‍ സാമ്പത്തികമായി അല്‍പം ഉണര്‍വ് ദൃശ്യമാണെങ്കിലും തുര്‍ക്കി കറന്‍സിയായ ലീറയുടെ മൂല്യം ഡോളറിനും യൂറോക്കുമെതിരെ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതൊരു 'സാമ്പത്തിക യുദ്ധപ്രഖ്യാപന'മായിപ്പോലും ഉര്‍ദുഗാന്‍ കാണുന്നുണ്ട്. നേരത്തേ തെരഞ്ഞെടുപ്പ് നടത്തി ഭരണ സംവിധാനം ആശയക്കുഴപ്പങ്ങള്‍ക്കിടയില്ലാത്ത വിധം ഭദ്രമാക്കിയാല്‍ ഈ പ്രതിസന്ധി മറികടക്കാനാവും. ബാഹ്യമായ പ്രധാന വെല്ലുവിളി സിറിയയില്‍നിന്നു തന്നെയാണ്. പലതരം ശാക്തികപ്പോരുകളാണ് സിറിയയില്‍ നടക്കുന്നത്. ഇവയില്‍ തുര്‍ക്കിയും കക്ഷിയാണ്. നേരത്തേ വാഷിംഗ്ടണായിരുന്നു തുര്‍ക്കിയുടെ സഖ്യകക്ഷിയെങ്കില്‍ ഇപ്പോഴത് മോസ്‌കോയാണ്. വരും മാസങ്ങളില്‍ തുര്‍ക്കി വോട്ടര്‍മാരെ രോഷാകുലരാക്കുകയും നിരാശരാക്കുകയും ചെയ്യുന്ന പലതും സിറിയന്‍ പടക്കളത്തില്‍ അരങ്ങേറാന്‍ നല്ല സാധ്യതയുണ്ട്. അതുകൂടി മുമ്പില്‍ കണ്ടാണ് ഇഫ്‌രീന്‍ ഓപ്പറേഷന്‍ കഴിഞ്ഞ ഉടനെയുള്ള ഈ തെരഞ്ഞെടുപ്പു പ്രഖ്യാപനം. കഴിഞ്ഞ പതിനെട്ടു വര്‍ഷത്തെ ഭരണത്തില്‍നിന്ന് ആര്‍ജിച്ച അനുഭവങ്ങളുടെ പിന്‍ബലത്തില്‍ ഇത്തരം തെരഞ്ഞെടുപ്പു കളികളില്‍ വളരെ അഗ്രഗണ്യനാണ് ഉര്‍ദുഗാന്‍. 'ബാലറ്റ് പെട്ടികളുടെ ആശാന്‍' എന്ന ചെല്ലപ്പേര് അദ്ദേഹത്തിന് കിട്ടിയത് വെറുതെയല്ല.

രാഷ്ട്രീയ എതിരാളികള്‍ക്ക് സംഘടിക്കാനും ശക്തി സ്വരൂപിക്കാനുമുള്ള അവസരം കൊടുക്കാതിരിക്കുക എന്ന തന്ത്രവും ഇതിനു പിന്നിലുണ്ട്. കഷ്ടിച്ച് രണ്ട് മാസമേ ഇനി തെരഞ്ഞെടുപ്പിന് ബാക്കിയുള്ളൂ. പീപ്പ്ള്‍സ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ഗ്രൂപ്പുകള്‍ക്ക് തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ഈ സമയം തീരെ മതിയാവുകയില്ല. തെരഞ്ഞെടുപ്പു പ്രകടനപത്രിക തയാറാക്കണം, ഉര്‍ദുഗാനെതിരെ ഒരു പൊതു സ്ഥാനാര്‍ഥിയെ കണ്ടെത്തണം, പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ ഒരു പൊതുധാരണ രൂപപ്പെടുത്തണം. ഇതിനൊക്കെ സമയമെവിടെ? നാഷ്‌നലിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് വേര്‍പ്പെട്ട് മെറല്‍ അക്‌സനര്‍ എന്ന വനിത പുതുതായി രൂപംകൊടുത്ത 'ഗുഡ് പാര്‍ട്ടി'ക്ക് നിയമപരമായി ചില തടസ്സങ്ങളുണ്ട്. രൂപവല്‍ക്കരിച്ചിട്ട് നിശ്ചിത കാലം പിന്നിട്ടിട്ടില്ല എന്നതാണത്. ഇത് അക് പാര്‍ട്ടിയുടെ സഖ്യകക്ഷിയായ നാഷ്‌നലിസ്റ്റ് പാര്‍ട്ടിക്കാണ് ഗുണം ചെയ്യുക.

മറുവശത്ത് ഭരണകക്ഷിയായ അക് പാര്‍ട്ടി എത്രയോ മുമ്പ് തന്നെ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. കാഡറുകളെയും പ്രാദേശിക സംവിധാനങ്ങളെയും സജ്ജമാക്കുന്നതിന് പാര്‍ട്ടി സമ്മേളനങ്ങള്‍ എല്ലാ പ്രവിശ്യകളിലും നടന്നുവരുന്നു. തങ്ങളുടെ ശക്തനായ സ്ഥാനാര്‍ഥി ഉര്‍ദുഗാന്റെ വ്യക്തിപ്രഭാവം അണികള്‍ക്ക് ആവേശം പകരുന്നു. പ്രതിപക്ഷമാകട്ടെ 'അക്' പേടിയാല്‍ ആകെ അങ്കലാപ്പിലാണ്. നാട് ഭരിക്കാനറിയാത്തവര്‍ എന്ന ദുഷ്‌പേര് നേരത്തേ തന്നെ മുഖ്യപ്രതിപക്ഷമായ പീപ്പ്ള്‍സ് പാര്‍ട്ടിക്കാര്‍ക്കുണ്ട്. അവരുടെ ജനസമ്മിതി ഈയിടെയായി വളരെ പിറകോട്ട് പോയിട്ടുമുണ്ട്. അതിനിടക്കാണ് ഇരുട്ടടി പോലെ വളരെ നേരത്തേ വന്നുവീണ തെരഞ്ഞെടുപ്പ്. ഭരണകക്ഷിയെ നേരിടാന്‍ അവരുടെ കൈയിലുള്ളത്, ഉര്‍ദുഗാന്‍ അടിയന്തരാവസ്ഥ നീട്ടിക്കൊണ്ടുപോകുന്നു എന്ന ആരോപണം മാത്രം. സൈനിക അട്ടിമറി ശ്രമത്തിനു ശേഷം ഇത് ഏഴാം തവണയാണ് അടിയന്തരാവസ്ഥ നീട്ടുന്നത്. അതേസമയം, അടിയന്തരാവസ്ഥ പിന്‍വലിക്കാതെ തന്നെ തെരഞ്ഞെടുപ്പ് നടത്തുന്നതിന് നിയമപരമായി തടസ്സമൊന്നുമില്ല എന്നതാണ് യാഥാര്‍ഥ്യം.

മുഖ്യപ്രതിപക്ഷമായ പീപ്പ്ള്‍സ് പാര്‍ട്ടി (കമാലിസ്റ്റ്)യും അര്‍ബകാന്‍ രൂപം നല്‍കിയ സആദ പാര്‍ട്ടി(ഇസ്‌ലാമിസ്റ്റ്)യും മുന്‍ തുര്‍ക്കി പ്രസിഡന്റ് അബ്ദുല്ല ഗുലിനെ പൊതുസ്ഥാനാര്‍ഥിയാക്കാന്‍ ശ്രമം നടത്തുന്നുണ്ട്. അക് പാര്‍ട്ടിയുടെ മുന്‍ നേതാവ് കൂടിയാണ് ഗുല്‍. മേല്‍പ്പറഞ്ഞ കാരണങ്ങളാലും മറ്റും ശ്രമം വിജയിക്കാനുള്ള സാധ്യത കുറവാണ്. ഉര്‍ദുഗാന് കിടനില്‍ക്കുന്ന എതിരാളിയാണോ ഗുല്‍ എന്ന ചോദ്യവും ഉയരുന്നുണ്ട്. സാഹസികതയും എന്തിനെയും അഭിമുഖീകരിക്കാനുള്ള ചങ്കുറപ്പുമാണ് ഉര്‍ദുഗാനെ വേറിട്ടുനിര്‍ത്തുന്നതെങ്കില്‍, അത്തരം രാഷ്ട്രീയ മികവുകളൊന്നും അവകാശപ്പെടാനില്ല ഗുലിന്. പിന്തുണക്കുന്ന പാര്‍ട്ടികള്‍ ഏതൊക്കെ എന്ന് മാത്രം നോക്കിയല്ലല്ലോ കാര്യങ്ങള്‍ തീരുമാനിക്കപ്പെടുക. സ്ഥാനാര്‍ഥിയുടെ വ്യക്തിത്വം ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കും.

തെരഞ്ഞെടുപ്പു പ്രവചനം ഇപ്പോള്‍ അസാധ്യമാണ്. കാരണം പ്രതിപക്ഷം തങ്ങളുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടു പോലുമില്ലല്ലോ. അതേസമയം നവജാത 'ഗുഡ് പാര്‍ട്ടി'യുടെ നേതാവ് മെറല്‍ അക്‌സനര്‍ തന്റെ സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിച്ചിട്ടുമുണ്ട്. ഏതായാലും ഉര്‍ദുഗാന് കിട നില്‍ക്കുന്ന എതിരാളിയെ കണ്ടെത്താന്‍ പ്രതിപക്ഷത്തിന് നന്നായി വിയര്‍ക്കേണ്ടിവരും. എതിരാളി ദുര്‍ബലനെങ്കില്‍ ആദ്യ റൗണ്ടില്‍ തന്നെ പകുതിയിലധികം വോട്ട് നേടി ഉര്‍ദുഗാന്‍ വിജയിച്ചേക്കും. ഇപ്പോഴത്തെ അവസ്ഥയില്‍ പ്രതിപക്ഷത്തിന് പരമാവധി ചെയ്യാനാവുന്നത്, ആദ്യ റൗണ്ടില്‍ ഉര്‍ദുഗാന് വിജയം നല്‍കാതെ രണ്ടാമത്തെ റൗണ്ടിലേക്ക് അത് നീട്ടിവെപ്പിക്കുക എന്നതു മാത്രമാണ്. 

(ഫലസ്ത്വീനി കോളമിസ്റ്റായ ലേഖകന്‍ തുര്‍ക്കി രാഷ്ട്രീയകാര്യ വിദഗ്ധനാണ്)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (43-48)
എ.വൈ.ആര്‍

ഹദീസ്‌

ദയാവധത്തിന് നിയമസാധുതയോ?
കെ.സി ജലീല്‍ പുളിക്കല്‍