Prabodhanm Weekly

Pages

Search

2018 ഫെബ്രുവരി 23

3040

1439 ജമാദുല്‍ ആഖിര്‍ 06

ഇത്രയേറെ നിസ്സംഗരാവരുത് നാം

മജീദ് കുട്ടമ്പൂര്

കാറ്റില്‍ കൊമ്പിളക്കാത്ത മരം വേരു ചീഞ്ഞതായിരിക്കും. ദുരന്തങ്ങളില്‍ പിടയ്ക്കാത്ത മനസ്സ് മനുഷ്യത്വം മരവിച്ചതായിരിക്കും

മുസ്ത്വഫസ്സിബാഈ/ജീവിത പാഠങ്ങള്‍

 

സിംഹങ്ങള്‍ കാട്ടുപോത്തിനെ ആക്രമിക്കുമ്പോള്‍ സഹജീവി അപകടത്തിലാണെന്ന് മനസ്സിലാക്കി കാട്ടുപോത്തുകള്‍ ഒന്നായോടിയെത്തി ജീവന്‍ പണയംവെച്ചും സിംഹങ്ങളെ നേരിടുന്നതും ഒടുവില്‍ സിംഹങ്ങള്‍ പിന്തിരിയുന്നതും ചാനല്‍ ദൃശ്യങ്ങളില്‍ നാം കണുന്നതാണ്. ഇതുപോലെ മിണ്ടാപ്രാണികളുടെ സഹജീവി സ്‌നേഹത്തിന്റെ ധാരാളം ഉദാഹരണങ്ങള്‍ നാം ദിനേന കാണുന്നു. സസ്യജാലങ്ങള്‍ക്കുവരെ സാമൂഹിക ബോധവും സ്വവര്‍ഗ സ്‌നേഹവുമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍.

പ്രയാസങ്ങളിലും ദുരിതങ്ങളിലും സഹായിക്കാനെത്താത്തവര്‍ മൃഗങ്ങള്‍ക്കു പോലും അപമാനമാണ്. അനുകമ്പ, കാരുണ്യം, ദയ തുടങ്ങിയ ഉത്കൃഷ്ട വികാരങ്ങളാണ് ഇരുകാല്‍ ജീവിയായ മനുഷ്യന്റെ പ്രത്യേകത. പക്ഷേ, സഹജീവിയുടെ ദുഃഖത്തിലും പ്രയാസത്തിലും പങ്കു ചേരാതെയും അവരെ സഹായിക്കാതെയും മനസ്സാക്ഷി മരവിച്ചവരായി നാം മാറുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു, അടുത്ത കാലത്തെ ചില സംഭവങ്ങള്‍ കാണുമ്പോള്‍.

കൊച്ചി നഗരമധ്യത്തില്‍ ലോഡ്ജിന്റെ മുകളില്‍നിന്ന് വീണയാളെ രക്ഷിക്കാനും ആശുപത്രിയിലെത്തിക്കാനും ശ്രമിക്കാതെ ജനക്കൂട്ടം കാഴ്ചക്കാരായി നിന്ന സംഭവം വലിയ വാര്‍ത്തയായി. ഒരു അഭിഭാഷക അയാളെ രക്ഷിക്കാന്‍ മുന്നോട്ടു വന്നപ്പോഴും അവരെ തുണക്കാന്‍ ആരും തയാറായില്ല. മുക്കിന് മുക്കിന് ആശുപത്രികളോ ഗതാഗത സൗകര്യങ്ങളോ ഇല്ലാതിരുന്ന കാലത്ത് രോഗികളെ കട്ടിലില്‍ ചുമന്ന് അകലെയുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കാന്‍ മുന്നിട്ടിറങ്ങിയിരുന്ന ഒരു പൊതുസമൂഹം ജാഗ്രത്തായുണ്ടായിരുന്ന നമ്മുടെ നാട്ടില്‍ ഇന്ന്, വേദനയാല്‍ കൈകാലിട്ടടിച്ച് കരയുന്നവരെപ്പോലും കണ്ടില്ലെന്നു നടിച്ച് ആളുകള്‍ തിരിഞ്ഞുകളയുന്നു. ചുറ്റുവട്ടത്തേക്ക് നോക്കാനുള്ള കണ്ണോ കേള്‍ക്കാനുള്ള കാതോ നമുക്ക് ഇല്ലാതെയാവുന്നു. ജീവനു വേണ്ടി പിടയുന്നയാളെ ആശുപത്രിയിലെത്തിക്കാനോ, അതിനാരെങ്കിലും മുന്നിട്ടിറങ്ങിയാല്‍ സഹായിക്കാനോ തയാറല്ല. നാം അഭിമാനിക്കുന്ന ഉയര്‍ന്ന സാമൂഹിക ബോധവും മാനവികതയുമൊക്കെ എവിടെപ്പോയി?

വൈപ്പിനില്‍ മനോരോഗിയായ സ്ത്രീയെ പട്ടാപ്പകല്‍ ക്രൂരമായി മര്‍ദിച്ചതും കാലില്‍ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതും ജനം കാഴ്ചക്കാരായി നോക്കിനിന്ന സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി.

ഗര്‍ഭിണിക്ക് ബസില്‍ സീറ്റൊഴിഞ്ഞ് കൊടുക്കാന്‍ ആവശ്യപ്പെട്ട മധ്യവയസ്‌കനെ യുവാക്കള്‍ ഭാര്യയുടെ മുന്നിലിട്ട് മര്‍ദിച്ച് ബസ്സില്‍നിന്ന് തള്ളിയിട്ട് ഗുരുതരമായി പരിക്കേല്‍പിച്ചത് മറ്റൊരു സംഭവം. അപ്പോഴും ജനം വെറും കാഴ്ചക്കാര്‍ തന്നെ.

പ്രതികരണ ശേഷിയും ക്രിയാത്മകതയും ആത്മവീര്യവും നഷ്ടപ്പെട്ട സമൂഹത്തില്‍ അരക്ഷിതാവസ്ഥ ഉടലെടുക്കും. ഒരു സമൂഹത്തിന്റെ സാംസ്‌കാരിക മേന്മയും അന്തസ്സും പ്രകടമാവേണ്ടത് അരുതായ്മകള്‍ക്കെതിരെയുള്ള അവരുടെ പ്രതികരണങ്ങളില്‍നിന്നാണ്. നിര്‍ണായക ഘട്ടങ്ങളില്‍ പോലും സേവനമനസ്സ് പ്രകടിപ്പിക്കാത്ത ജനം വലിയൊരു സാമൂഹിക പാപമാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

തീവണ്ടിയില്‍ ഒരു യുവാവ് തന്നെ അപമാനിക്കാന്‍ ശ്രമിച്ചപ്പോള്‍ ഏറ്റവും വേദന തോന്നിയ കാര്യം സഹയാത്രികര്‍ നിസ്സംഗരായി, പ്രതികരിക്കാന്‍ കൂട്ടാക്കാതിരുന്നതാണെന്ന് ഒരു ചലച്ചിത്ര നടി ഈയിടെ വേദനയോടെ പറഞ്ഞിരുന്നു. ദല്‍ഹിയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടപ്പോഴും ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍ ദലിത് വിദ്യാര്‍ഥി ജീവനൊടുക്കേണ്ടി വന്നപ്പോഴുമൊക്കെ രാജ്യമൊട്ടാകെ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുയര്‍ന്നപ്പോള്‍, വിപ്ലവത്തിന്റെയും പ്രതികരണത്തിന്റെയും ഈറ്റില്ലമെന്ന് അഭിമാനം കൊള്ളുന്ന മലയാള ഭൂമിയില്‍ കാര്യമായൊരിളക്കവും ഉണ്ടായില്ല. നമ്മുടെ ചെറുപ്പക്കാരില്‍ അധികപേര്‍ക്കും തിന്മകളോട് രോഷമോ ഭാവിയെക്കുറിച്ച ആശങ്കകളോ ഇല്ലാതായിരിക്കുന്നു. ഫെയ്‌സ്ബുക്കിലും വാട്‌സ് ആപ്പിലും എന്തിനും പ്രതികരിക്കുന്ന സമൂഹം കണ്‍മുമ്പില്‍ ഒരപകടം കണ്ടാല്‍ തിരിഞ്ഞുനോക്കില്ല. അതിക്രമം കണ്ടാല്‍ അതില്‍ തനിക്കെന്ത് കാര്യം എന്ന് ചിന്തിക്കുന്നു. ഒരു കൈത്താങ്ങുണ്ടെങ്കില്‍ വിലപ്പെട്ട ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്നറിയുന്നവര്‍ ഒരു കൈ സഹായിക്കാതെ, രംഗം മൊബൈലില്‍ പകര്‍ത്തി നവ മാധ്യമങ്ങളിലൂടെ വൈറലാക്കുന്നു. മരിച്ചു കിടക്കുന്നയാളൊടൊപ്പം സെല്‍ഫിയെടുക്കാന്‍ മുതിരുന്നവര്‍ വരെയുണ്ട്. ഇവരുടെയൊക്കെ മാനസിക നില എങ്ങനെയാണ് ചികിത്സിച്ചു ഭേദമാക്കുക! മനുഷ്യത്വത്തിന്റെ ലാഞ്ഛനയില്ലാത്ത, അപരന്റെ പ്രശ്‌നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും നേരെ മനസ്സാക്ഷി കൊട്ടിയടച്ച ഒരു തലമുറ ഇവിടെ വാര്‍ത്തെടുക്കപ്പെട്ടു കൊണ്ടിരിക്കുന്നു. സഹജീവി സ്‌നേഹവും സാമൂഹിക ബാധ്യതകളും മാനവിക മൂല്യങ്ങളും ഏറെ പഠിപ്പിച്ച മതസംഹിതകളും പ്രത്യയശാസ്ത്രങ്ങളുമൊക്കെ നിറഞ്ഞുനില്‍ക്കുന്ന നമ്മുടെ നാട്ടിലെ സമൂഹത്തിന്റെ പൊതുബോധത്തില്‍ വിവരണാതീതമായ മൂല്യശോഷണമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. നമുക്ക് മതവേഷങ്ങള്‍ സുലഭമാണെങ്കിലും അവയില്‍ മനുഷ്യത്വപരമായ പാഠങ്ങളില്ലാതായിക്കൊണ്ടിരിക്കുന്നു. മറ്റുള്ളവര്‍ക്കു വേണ്ടി എന്തിന് സമയവും അധ്വാനവും പാഴാക്കുന്നു എന്ന ചിന്തയാല്‍ ജനം സ്വാര്‍ഥതയിലേക്ക് ഉള്‍വലിയുന്നു. ആള്‍ക്കൂട്ടത്തിനിടയിലും തനിച്ചാവുകയാണ് ഓരോരുത്തരും.

എങ്കിലും കാരുണ്യത്തിന്റെ ഉറവകളും ആര്‍ദ്രതയുടെ പശിമയും തീരെ വറ്റിപ്പോയിട്ടില്ല. കോഴിക്കോട്ട് ഓടയില്‍ വീണ അന്യ സംസ്ഥാന തൊഴിലാളിയെ രക്ഷിക്കാനിറങ്ങി ജീവത്യാഗം ചെയ്ത ഓട്ടോ ഡ്രൈവര്‍ നൗഷാദും ഓടുന്ന ട്രെയിനിനു മുമ്പില്‍പെട്ട അന്ധനായ രാമന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരണം വിളിച്ചുകൊണ്ടുപോയ ഐ.ആര്‍.ഡബ്ല്യു പ്രവര്‍ത്തകന്‍ കടലുണ്ടി അബ്ദുര്‍റഹ്മാന്‍ സാഹിബും കൊച്ചിയില്‍ മാളില്‍നിന്ന് വീണവന്റെ നിസ്സഹായത കണ്ടറിഞ്ഞ അഡ്വ. രഞ്ജിനിയുമൊക്കെ നമുക്ക് പ്രചോദനങ്ങളാവേണ്ടവരാണ്. മനസ്സിന്റെ മതില്‍ക്കെട്ടുകള്‍ പൊളിച്ചുമാറ്റാന്‍ നമുക്കാവണം. അറിയുന്നവരോ, അല്ലാത്തവരോ ആരുമാവട്ടെ, ദുരന്തത്തിലോ അപകടത്തിലോ പെട്ടതായി കണ്ടാല്‍ അവരുടെ ജീവന്‍ തന്റെ അശ്രദ്ധകൊണ്ട് നഷ്ടപ്പെടില്ല എന്ന തീര്‍ച്ച നമുക്കുണ്ടാവണം. നമുക്ക് നഷ്ടപ്പെട്ടുപോകുന്ന കാരുണ്യത്തിന്റെ നീരുറവകള്‍ എന്നന്നേക്കുമായി അപ്രത്യക്ഷമായി പോകുന്നതിനു മുമ്പ് അവയെ ഉണര്‍ത്തി സമൂഹത്തിന്റെ നീര്‍ച്ചാലുകളാക്കി മാറ്റാന്‍ നമുക്ക് ബാധ്യതയുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (1-3)
എ.വൈ.ആര്‍

ഹദീസ്‌

കര്‍മങ്ങള്‍ പാഴാകുന്നതെപ്പോള്‍?
നൗഷാദ് ചേനപ്പാടി