ദയാനന്ദ സരസ്വതിയെ മഹത്വവത്കരിക്കുന്ന പ്രസംഗം
സ്വാമി അഗ്നിവേശിന്റെ ഒരു പ്രസംഗം ലേഖനരൂപത്തില്‍ പ്രസിദ്ധീകരിച്ചിരുന്നുവല്ലോ(ജനുവരി 26). രാജ്യത്തെ അസ്വസ്ഥപ്പെടുത്തുന്ന, ഫാഷിസത്തെ നിരന്തരം എതിര്‍ത്ത് പോരുകയും ആ ദിശയിലുള്ള പ്രവര്‍ത്തനങ്ങളോട് ഐക്യദാര്‍ഢ്യപ്പെടുകയും ചെയ്യുന്ന ഉയരമുള്ള വ്യക്തിത്വമാണ് സ്വാമി അഗ്നിവേശ്. എന്നിരിക്കിലും മേല്‍ സൂചിപ്പിച്ച ലേഖനത്തിന്റെ പ്രധാന പ്രശ്നം അത് ഫാഷിസത്തിന്റെ ഉറവിടം തിരിച്ചറിയുന്നതില്‍ പരാജയപ്പെടുന്നു എന്നതാണ്.
അല്ലാഹുവിന്റെ നാമത്തില്‍ തുടങ്ങുന്ന പ്രസംഗം അടുത്ത ശ്വാസത്തില്‍ ദയാനന്ദ സരസ്വതിയെ മഹത്വവല്‍കരിക്കുന്നു. മഹര്‍ഷി എന്നാണ് യൂട്യൂബില്‍ ലഭ്യമായ പ്രസംഗത്തില്‍ കാണുന്നത്. ആരാണ് ദയാനന്ദ സരസ്വതി എന്ന അന്വേഷണം പ്രസക്തമാണെന്നു തോന്നുന്നു.
സ്കൂള്‍ പാഠപുസ്തകങ്ങളില്‍ ആര്യസമാജസ്ഥാപകന്‍ എന്ന ഒറ്റ വാചകത്തില്‍ നാം പരിചയിച്ച ദയാനന്ദ സരസ്വതിയിലേക്കാണ് ഇന്ന് നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ഫാഷിസത്തിന്റെ വേരുകള്‍ ചെന്നെത്തുന്നത്. 1824 ഫെബ്രുവരി 12-ന് ഗുജറാത്തിലെ കത്തിയവാറിര് ജനിച്ച മൂല്‍ശങ്കര്‍ തിവാരിയാണ് പിന്നീട് ദയാനന്ദ സരസ്വതി എന്ന പേരില്‍ അറിയപ്പെട്ടത്.
ഇസ്ലാം, ക്രിസ്തുമതം എന്നിവയെപ്പോല 'മതം' എന്ന കാറ്റഗറിയില്പെടുത്താന് കഴിയാതിരുന്ന ഹിന്ദുത്വത്തെ പ്രതിരോധാത്മകമായി നിര്‍മിച്ചെടുക്കുകയായിരുന്നു അദ്ദേഹം. ഈ ആശയക്കുഴപ്പം അഗ്നിവേശിന്റെ പ്രസംഗത്തില്‍ ഉടനീളം കാണാം.
ഇന്ന് ഫാഷിസ്റ്റുകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പശുക്കൊലകളുടെ മാസ്റ്റര്‍ ബ്രെയിന്‍ ആര്യസമാജവും ശങ്കര്‍ തിവാരിയുമാണ്. 1882-ല്‍ ദയാനന്ദന് അഥവാ ശങ്കര്‍ തിവാരി തുടങ്ങിയ ഗോരക്ഷിണി സഭയാണ് പിന്നീട് അസംഗഡ്, ഷഹബാദ് തുടങ്ങിയ കലാപങ്ങള്‍ സൃഷ്ടിക്കുകയും ഭീകരമായ കൂട്ടക്കൊലകള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തത്. ഹിന്ദുസമുദായം എന്നതിന്റെ പര്യായമായി ബീഫ് വിരോധം എന്ന ഇന്നത്തെ പരികല്പന വളര്‍ത്തി എന്നത് അതിന്റെ ദൂരവ്യാപക ഫലമാണ്.
ജുനൈദ് തീവണ്ടിയില്‍ വെച്ച് കൊല്ലപ്പെടുന്നതും 1917-ലെ ഷാഹ്ബാദ് കലാപവും ബലിപെരുന്നാള്‍ പശ്ചാത്തലത്തിലാണ് എന്നത് യാദൃഛികമല്ല. അഖ്ലാഖിന്റെയും ജുനൈദിന്റെയും കൊലകള്‍ക്ക് പിന്നിലെ പ്രോജക്റ്റ് ഇതാണ്. ദേശീയ പ്രസ്ഥാനത്തിലും പിന്നീട് ഭരണഘടനയിലും ഇന്ന് സംസ്ഥാനങ്ങളിലെ നിയമങ്ങളായും രൂപാന്തരപ്പെട്ട ആര്യസമാജ-ഗോസംരക്ഷണത്തിന്റെ രക്തപങ്കിലമായചരിത്രം വിവരിക്കാന്‍ ചെറിയ കുറിപ്പ് മതിയാവില്ല.
ശങ്കര്‍ തിവാരിയുടെ ശിഷ്യത്വത്തിലൂടെ പരിവര്‍ത്തനപ്പെട്ട മുന്‍ യുക്തിവാദ പശ്ചാത്തലമുള്ളയാളാണ് ശ്രദ്ധാനന്ദ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ശുദ്ധിപ്രസ്ഥാനത്തിന്റെ വളര്‍ച്ച ശ്രദ്ധാനന്ദനിലൂടെയാണ് നടന്നത്. 'വിദേശ' മതങ്ങള്‍ സ്വീകരിച്ച് അശുദ്ധരായവരെ വീട്ടിലേക്ക് തിരികെയെത്തിക്കുക എന്നതാണ് ഘര്‍വാപ്പസിയുടെ ചുരുക്കം. ഇതിന്റെയും നാള്‍വഴികള്‍ രക്തമുറയുന്നതും മുസ്ലിം അപരവല്‍ക്കരണത്തെ ഔദ്യോഗിക 'ദേശ' സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതും ആണ്.
ശങ്കറിന്റെ സത്യാര്‍ത്ഥപ്രകാശ് പുസ്തകവും പ്രസംഗത്തിന്റെ തുടക്കത്തില്‍ സൂചിപ്പിക്കപ്പെടുന്നുണ്ട്. ഹിന്ദുപരിഷ്കരണം എന്ന പേരില്‍ സെമിറ്റിക് മതങ്ങള്‍ക്കു നേരെ, പ്രത്യേകിച്ച് ഇസ്ലാമിനു നേരെ ദുര്‍ഗന്ധം വമിക്കുന്ന കള്ളപ്രചാരണങ്ങള്‍ ഇതില്‍ എമ്പാടും കാണാം. ഒരുവേള ഓറിയന്റലിസ്റ്റ് ആഖ്യാനങ്ങള്‍ ഇന്ത്യയിലെ സാധാരണക്കാര്‍ക്കിടയില്‍ പ്രചരിപ്പിച്ച ഗ്രന്ഥമാണിത്. അതിനെ ഫാഷിസ വിരുദ്ധപ്രസംഗത്തിന്റെ തുടക്കത്തില്‍ ഉദ്ധരിക്കുന്നതില്‍ വൈരുധ്യമുണ്ട്. ആര്യസമാജ് സ്കൂളില്‍ പെട്ടവരാണ് പ്രാദേശികമായി ഹിന്ദു സഭകള്‍ക്ക് രൂപം നല്‍കുന്നതും പിന്നീടത് ഒന്നിച്ച് ഹിന്ദുമഹാസഭയായി വികസിക്കുന്നതും. ഈ ചരിത്ര വസ്തുതകള്‍ കൂടി മനസ്സിലാക്കി വേണം പ്രസ്തുത പ്രസംഗം വായിക്കാന്‍.
ചിത്രരചനയെക്കുറിച്ച്
ചിത്രരചനയെക്കുറിച്ചുള്ള ലേഖനം (ലക്കം 3033) പ്രശംസനീയമാണ്. വരയ്ക്കുന്ന ഒരാളെന്ന നിലയില്‍, ഒരുപാട് സംശയങ്ങളുണ്ടായിരുന്നു. മറ്റുള്ളവരില്‍നിന്നുള്ള കുറ്റപ്പെടുത്തലുകളും ചിലപ്പോള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. സംശയങ്ങള്‍ തീര്‍ക്കാനും കുറ്റപ്പെടുത്തലുകളില്‍ കഴമ്പില്ലെന്ന് മനസ്സിലാക്കാനും ഈ ലേഖനം വഴി സാധിച്ചു. വരച്ചാല്‍ ജീവന് കൊടുക്കണം എന്ന വാദമായിരുന്നു കുറ്റപ്പെടുത്തലുകളില്‍ മുഴച്ചുനിന്നത്. മനുഷ്യരെയും ജന്തുക്കളെയും വരക്കരുതെന്ന് നിഷ്കര്‍ഷിക്കുന്ന ഇവര്‍, ചെടികളും പൂക്കളും വരക്കാം, ഫോട്ടോ എടുക്കാം, ഫെയ്സ് ബുക്ക് ഉപയോഗിക്കാം എന്നൊക്കെ അഭിപ്രായപ്പെടുന്നവരാണ്! എന്നാല്‍, ചെടികള്‍ക്കും പൂക്കള്‍ക്കും ജീവനുണ്ടല്ലോ എന്ന് തിരിച്ചു ചോദിക്കുമ്പോള്‍ അത് കുഴപ്പമില്ല എന്ന മറുപടിയിലൊതുക്കും. ഇസ്ലാമിനെ കുഴപ്പമാക്കാതെ സൂക്ഷിക്കാന്‍ നാം ശ്രദ്ധാലുക്കളായേ തീരൂ.
റഫീന ആരിഫ്
അവ്യക്തത ദൂരീകരിക്കണം
ഇന്ത്യയില്‍നിന്നുള്ള 2018-ലെ ഹജ്ജ് യാത്ര പലതുകൊണ്ടും ശ്രദ്ധേയമാവുകയാണ്. ഹാജിമാര്‍ക്ക് കിട്ടുന്നു എന്ന് മാലോകരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് പ്രമുഖ വിമാനകമ്പനികള്‍ക്ക് നല്കിക്കൊണ്ടിരുന്ന ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കിയ ശേഷമുള്ള ആദ്യ ഹജ്ജ് യാത്രയാണ് വരാനിരിക്കുന്നത്. മാനസ സരോവറിലേക്കോ വാരണാസിയിലേക്കോ ഉജ്ജയിനിലേക്കോ അതുപോലെ പുണ്യമെന്ന് കരുതപ്പെടുന്ന സ്ഥലങ്ങളിലേക്കോ അനുവദിച്ചു നല്കുന്ന കോടികള്‍ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് ഇതോടു ചേര്‍ത്തുവായിക്കേണ്ടതുണ്ട്. ഈ പ്രാവശ്യത്തെ ഹജ്ജ് നറുക്കെടുപ്പും ശ്രദ്ധേയമായിട്ടുണ്ട്. അപേക്ഷകരില്‍ 5-ാം വര്‍ഷക്കാരെ നറുക്കെടുപ്പില്ലാതെ പരിഗണിക്കാറായിരുന്നു പതിവ്. അതിന് തടയിട്ട കേന്ദ്രഗവണ്മെന്റിന്റെ നടപടിയെ സംസ്ഥാന ഹജ്ജ് കമ്മിറ്റി കോടതിയില്‍ ചോദ്യം ചെയ്തു. അതില്‍ വിധി വന്നിട്ട് മതി, ഈ വര്‍ഷത്തെ ഹജ്ജ് നറുക്കെടുപ്പ് എന്ന് സ്റ്റേറ്റ് ഹജ്ജി കമ്മിറ്റി തീരുമാനിക്കുകയും ചെയ്തു. അത് മറികടന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി കോടതി വിധി കാത്തിരിക്കാതെ കേരളത്തിലെ ഹാജിമാരെ തെരഞ്ഞെടുക്കാന്‍ മുംബൈയില്‍ നറുക്കെടുപ്പ് നടത്തുകയാണുണ്ടായത്. ശേഷം കോടതി വിധി വന്നു. 65 വയസ്സ് പൂര്‍ത്തിയായ 5-ാം വര്‍ഷ അപേക്ഷകരെ നറുക്കെടുപ്പില്ലാതെ ഹജ്ജിന് അയക്കാം എന്നാണ് വിധി.
കേന്ദ്ര ഹജ്ജ് കമ്മിറ്റി നറുക്കെടുത്തപ്പോള്‍ 65 വയസ്സ് പൂര്‍ത്തിയായ പല 5-ാം വര്‍ഷ അപേക്ഷകരും പുറത്തായിട്ടുണ്ട്. അനുവദിച്ച സീറ്റുകള്‍ 70 വയസ്സ് പൂര്‍ത്തിയായവരും നറുക്കെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ടവരും വഴി പൂര്‍ത്തിയായിക്കഴിഞ്ഞു. 65 വയസ്സ് പൂര്‍ത്തിയായ 5-ാം വര്‍ഷ അപേക്ഷകര്‍ ഇനി എന്തുചെയ്യും? നറുക്കെടുപ്പില്ലാതെ തന്നെ അവര്‍ക്ക് ഹജ്ജിന് പോകാമെന്ന് കോടതി വിധിച്ചതല്ലേ?
കെ.പി അബൂബക്കര്‍, മുത്തന്നൂര്‍
രണ്ടു വ്യക്തിത്വങ്ങള്‍
സന്തോഷവും സങ്കടവും നിറഞ്ഞ വായന അനുഭവമായിരുന്നു അബ്ദുസ്സലാം സുല്ലമി, കെ.എല്‍ ഖാലിദ് എന്നിവരെക്കുറിച്ച ഓര്‍മക്കുറിപ്പുകള്‍ (2018 ഫെബ്രുവരി 16). താരതമ്യമില്ലാത്ത രണ്ടു വ്യക്തിത്വങ്ങള്‍, ഒരാള്‍ വളരെ പ്രശസ്തന്‍, മറ്റേയാള്‍ അത്രയൊന്നും പ്രശസ്തനല്ല. പക്ഷേ രണ്ടു പേരും നാടിനും സമുദായത്തിനും ചെയ്ത സേവനങ്ങള്‍ വിലപ്പെട്ടതാണ്. അബ്ദുസ്സലാം സുല്ലമിക്ക് സമുദായത്തില്‍നിന്ന് പല വിഷമതകളും നേരിടേണ്ടിവന്നിട്ടുണ്ട്. എ. റശീദുദ്ദീന്‍ സുല്ലമിയുടെ ജീവിതം രസകരമായി കോറിയിട്ടിരിക്കുന്നു. സുല്ലമിക്കെതിരെ ശിഷ്യന് തന്നെ സാക്ഷി പറഞ്ഞ സംഭവം വല്ലാതെ വേദനിപ്പിച്ചു. കൂടെയുള്ളവര്‍ തന്നെ സുല്ലമിക്കെതിരെ കളിച്ചു എന്നത് എത്ര മാത്രം സങ്കടകരമാണ്. അയ്യായിരം രൂപ മാത്രമായിരുന്നു എടവണ്ണ ജാമിഅയില്‍ അദ്ദേഹത്തിന്റെ ശമ്പളം എന്നത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല; അതും അവസാന കാലത്തു മാത്രം. അറിവിനെയും സമുദായത്തെയും ഡിമാന്റുകളില്ലാതെ സ്നേഹിച്ച വ്യക്തി. ജമാഅത്തിനെതിരെ ഒരു ഘട്ടത്തില്‍ പുസ്തകമെഴുതിയ സുല്ലമി പിന്നീട് നിലപാടുകളില്‍ പലതും മാറ്റുകയും ചില ആശയങ്ങള്‍ അംഗീകരിക്കുകയും ചെയ്തത് പലര്‍ക്കും ദഹിക്കുന്നില്ല. ജമാഅത്തിനെ വിമര്‍ശിച്ചയാള്‍ പിന്നെ മരണം വരെ അങ്ങനെ തന്നെ ആയിരിക്കണം എന്നാണു അവരുടെ ആഗ്രഹം. ഒരിക്കലും മാറി ചിന്തിക്കാന്‍ പാടില്ല! ശാന്തപുരം അല്‍ ജാമിഅയില്‍ ക്ലാസ് എടുക്കാന്‍ പോയ സംഭവവും അങ്ങനെ തന്നെ. അതായത് സ്വന്തം പാര്‍ട്ടി പറയുന്നതിന് അപ്പുറം ചിന്തിക്കാനോ പറയാനോ പാടില്ല എന്ന തികച്ചും നിഷേധാത്മകമായ ഈ സമീപനം ഒരു സംഘടനക്കും ചേര്‍ന്നതല്ല. 'ഈലാഫ്' എന്ന കൊച്ചു വീടും അതിലെ പുസ്തകങ്ങളും കൈയില്‍ ഒരു കറുത്ത ബാഗുമായി വിജ്ഞാനത്തെ സ്നേഹിച്ചു നടന്ന ആ എളിയ മനുഷ്യനെ സമൂഹത്തിനു കൂടുതല്‍ പരിചയപ്പെടുത്തണം.
കെ.എല്‍ ഖാലിദ് സാഹിബിന്റെ അനുസ്മരണം ഒരു ഇസ്ലാമിക പ്രവര്‍ത്തകന്റെ അച്ചടക്കമുള്ള പോരാട്ടത്തെയാണ് അടയാളപ്പെടുത്തിയത്. ജീവിച്ചിരിക്കുമ്പോള്‍ സമൂഹത്തില്‍ പതിപ്പിക്കുന്ന മുദ്ര ആയിരിക്കും മരണ ശേഷവും നമ്മെ സമൂഹം ഓര്‍ക്കാന്‍ കാരണമാവുന്നത്. ഖാലിദ് സാഹിബ് ഇവിടെ ഇട്ടേച്ചു പോയ ആ മുദ്ര ആണ് പ്രബോധനത്തിന്റെ താളുകളില്‍ വായിച്ചത്. അല്ലാഹു രണ്ടു പേരുടെയും ഖബ്റിടം വിശാലമാക്കി കൊടുക്കുകയും സ്വര്ഗസ്ഥരില് ഉള്‍പ്പെടുത്തുകയും ചെയ്യുമാറാകട്ടെ.
പി.വി അബൂഫര്ദീന്
വാക്കുകളിലെ സൂക്ഷ്മത
ഡോ. കൂട്ടില്‍ മുഹമ്മദലിയുടെ പ്രഭാഷണം (ലക്കം-34) വായിച്ചു. പ്രഭാഷണത്തിന്റെ ആരംഭത്തില്‍ നമ്മുടെ രാജ്യത്തും വിദേശങ്ങളിലും നടക്കുന്ന ഫാഷിസത്തിന്റെയും അക്രമപ്രവര്‍ത്തനങ്ങളുടെയും ഭീകരമായ മുഖം വരച്ചുകാട്ടുന്നുണ്ട്. വിചാരപരമായി തുടങ്ങിയ പ്രഭാഷണം നല്ല നിലവാരം പുലര്‍ത്തിയിരുന്നു. എന്നാല്‍ തുടര്‍ന്ന് പ്രഭാഷകന്‍ വികാരാധീനനാകുന്നതുപോലെ തോന്നി.
ഇന്ത്യയില്‍ നിലവിലുള്ള മോദി ഭരണത്തെ വിമര്‍ശിക്കാന്‍ തുടങ്ങിയപ്പോള്‍ മറ്റൊരവസ്ഥയിലേക്ക് പോയപോലെ. ആശയപ്രകാശനത്തെക്കാള് ആവേശം കാണിക്കാനാണ് വാക്കുകള്‍ ചെലവഴിച്ചത്. ഉദാഹരണത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയെ, 'നരാധമനായ നരേന്ദ്രമോദി' എന്ന് വിശേഷിപ്പിക്കുന്നു.
ഏതു വിയോജിപ്പിലും പ്രതിപക്ഷ ബഹുമാനം നിലനിര്‍ത്തണമല്ലോ. പ്രത്യേകിച്ച് ഒരു ഇസ്ലാം മതവിശ്വാസി വാക്കിലും പ്രവൃത്തിയിലും സൂക്ഷ്മത പാലിക്കേണ്ടതാണ്. ശത്രുക്കളോടു പോലും നബി സൗമ്യമായും മൃദുലമായും മാത്രമാണ് സംസാരിച്ചത്. മോദിക്ക് വിമര്‍ശകരും ആരാധകരും ഉണ്ടാവാം. വാക്കുകള്‍ കൊണ്ട് ഒരു പ്രഭാഷകനും ആരെയും പ്രയാസപ്പെടുത്തരുത്. പ്രസംഗത്തില്‍ മിതത്വം പാലിക്കാതിരുന്നവരുടെ അനുഭവങ്ങള്‍ നമുക്ക് പാഠമാവേണ്ടതാണ്.
പട്ട്യേരി കുഞ്ഞികൃഷ്ണന് അടിയോടി, കരിയാട്
Comments