Prabodhanm Weekly

Pages

Search

2018 ഫെബ്രുവരി 23

3040

1439 ജമാദുല്‍ ആഖിര്‍ 06

ഖുര്‍ആനിലെ പറവകളും ജീവിത പാഠങ്ങളും

യാസര്‍ മൊയ്തു, ഒമാന്‍

ഖുര്‍ആനില്‍ ആവര്‍ത്തിച്ച് കടന്നുവന്നിട്ടും വേണ്ടവിധം പഠനവിധേയമാക്കപ്പെടാതെ പോയ കഥാപാത്രങ്ങളാണ് പക്ഷികള്‍. സാഹിത്യത്തെയും തത്ത്വശാസ്ത്രത്തെയുമൊക്കെ പക്ഷികള്‍ എന്നും പ്രചോദിപ്പിച്ചിട്ടുണ്ട്. എന്തുകൊണ്ടോ ഖുര്‍ആനിലെ പക്ഷികള്‍ക്ക് അര്‍ഹിച്ച പരിഗണന ലഭിക്കാതെ പോയി. അതിജീവനത്തിനും അന്വേഷണത്തിനും പ്രചോദനം നല്‍കുന്നവയായി പക്ഷി സൂക്തങ്ങളെ വായിച്ചെടുക്കാന്‍ ശ്രമിക്കുകയാണ് ഈ ലേഖനം.

മനുഷ്യന്റെ നിസ്സഹായതയില്‍ ഇടപെട്ട് പക്ഷികള്‍ പറന്നുവരുന്ന രംഗങ്ങള്‍ ഖുര്‍ആന്‍ ചിത്രീകരിക്കുന്നുണ്ട്. അതിലൊന്ന് ആദ്യത്തെ അന്യായ വധത്തിന് വിധേയനായ ഹാബീലിന്റെ മൃതദേഹത്തിന് മുന്നില്‍ ഘാതകനായ ഖാബീല്‍ പകച്ചുനിന്നപ്പോഴാണ്:

''നീ അവര്‍ക്ക് ആദമിന്റെ രണ്ടു പുത്രന്മാരുടെ കഥ വസ്തുനിഷ്ഠമായി വിവരിച്ചുകൊടുക്കുക. അവരിരുവരും ബലി നടത്തിയപ്പോള്‍ ഒരാളുടെ ബലി സ്വീകാര്യമായി. അപരന്റേത് സ്വീകരിക്കപ്പെട്ടില്ല. അതിനാല്‍ അവന്‍ പറഞ്ഞു: 'ഞാന്‍ നിന്നെ കൊല്ലുക തന്നെ ചെയ്യും.' അപരന്റെ മറുപടി: 'ഭക്തരില്‍നിന്ന് മാത്രമേ അല്ലാഹു കര്‍മങ്ങള്‍ സ്വീകരിക്കുകയുള്ളൂ.'

'എന്നെ കൊല്ലാന്‍ നീ എന്റെ നേരെ കൈ നീട്ടിയാലും നിന്നെ കൊല്ലാന്‍ ഞാന്‍ കൈ നീട്ടുകയില്ല. തീര്‍ച്ചയായും ഞാന്‍ പ്രപഞ്ചനാഥനായ അല്ലാഹുവിനെ പേടിക്കുന്നു.'

'എന്റെ പാപവും നിന്റെ പാപവും നീ തന്നെ പേറണമെന്നാണ് എന്റെ ആഗ്രഹം. അങ്ങനെ നീ നരകാവകാശിയായിത്തീരണമെന്നും. അക്രമികള്‍ക്കുള്ള പ്രതിഫലം അതാണല്ലോ.'

എന്നിട്ടും അവന്റെ മനസ്സ് സഹോദരനെ വധിക്കാന്‍ തയാറായി. അവന്‍ അയാളെ കൊന്നുകളഞ്ഞു. അതിനാല്‍ അവന്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായി.

പിന്നീട് അവന്‍, തന്റെ സഹോദരന്റെ ഭൗതിക ശരീരം മറവു ചെയ്യേണ്ടതെങ്ങനെയെന്ന് (അറിയാതെ പകച്ചുനിന്നപ്പോള്‍ അത്) കാണിച്ചുകൊടുക്കാനായി ഒരു കാക്കയെ അല്ലാഹു അയച്ചുകൊടുത്തു. ഇതു കണ്ട അയാള്‍ വിലപിച്ചു: 'കഷ്ടം! എന്റെ സഹോദരനെ മറമാടുന്ന കാര്യത്തില്‍ ഈ കാക്കയെ പോലെയാവാന്‍ പോലും എനിക്ക് കഴിഞ്ഞില്ലല്ലോ' അങ്ങനെ അവന്‍ കൊടും ഖേദത്തിലകപ്പെട്ടു'' (അല്‍ മാഇദ: 27-31).

പ്രധാനമായും രണ്ട് രീതിയിലാണ് കാക്കയുടെ ദൗത്യത്തെ പണ്ഡിതലോകം വ്യാഖ്യാനിച്ചത്:

ഒന്ന്: ഖാബീലിന് മൃതദേഹം എങ്ങനെ സംസ്‌കരിക്കണമെന്ന് അറിയില്ലായിരുന്നു. അത് പഠിപ്പിക്കാന്‍ ഒരു കാക്ക വേണ്ടിവന്നു.

രണ്ട്: ഖാബീലിന് അറിയാത്തതായിരുന്നില്ല പ്രശ്‌നം. തന്റെ കൈക്കരുത്തില്‍ രക്തസാക്ഷിയായ സഹോദരന്റെ ഭൗതിക ശരീരത്തോടു പോലും നീതി കാണിക്കാന്‍ തോന്നാത്ത വിധം ആ ഹൃദയം കടുത്തുപോയിരുന്നു. ഒരു കാക്ക മറ്റൊരു കാക്കയെ സംസ്‌കരിക്കുന്ന കാഴ്ച ഖാബീലിനെ പിടിച്ചുലച്ചു. ഇവിടെ കാക്ക ഒരു മനുഷ്യനെ മാനവികത പഠിപ്പിക്കുകയായിരുന്നു. മനുഷ്യന്‍ മറക്കുന്ന മൂല്യങ്ങളും മാനവികതയും ചിലപ്പോഴെങ്കിലും നിസ്സാരമെന്ന് മനുഷ്യന് തോന്നുന്ന ജീവികളില്‍നിന്നും മനുഷ്യന് പഠിച്ചെടുക്കാന്‍ കഴിഞ്ഞേക്കാം എന്നതാണ് ഈ കഥ നല്‍കുന്ന സന്ദേശം. 'മനുഷ്യന്‍ പൊതുവേ അകറ്റിനിര്‍ത്തുകയും ശബ്ദം പോലും ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്ന ഒരു ജീവിയെ തന്നെ ദൈവം ഇക്കാര്യത്തിന് തെരഞ്ഞെടുത്തയച്ചു എന്നതുതന്നെ ശ്രദ്ധേയമാണ്. മനുഷ്യന്‍ അതിന് മുന്നില്‍ ഒന്നുമറിയാത്ത വിദ്യാര്‍ഥിയും ആ പക്ഷി ഗുരുസ്ഥാനിയുമായി എന്ന് കഥാന്ത്യം' (ഇബ്‌നുല്‍ ഖയ്യിം: മിഫ്താഹു ദാരിസ്സആദഃ).

ഇസ്രാഈല്യരെ മുന്‍നിര്‍ത്തിയാണ് ഖുര്‍ആന്‍ ഈ കഥ പറയുന്നത് എന്നതില്‍നിന്ന് മറ്റൊരു ഉന്നം കൂടി കണ്ടെത്താനാവും. ക്രൂരതയുടെ പര്യായമായ ഖാബീലിന്റെ ശിലാഹൃദയത്തെ ഒന്നനക്കാന്‍ ഒരു കാക്കക്കു പോലും കഴിഞ്ഞു. പക്ഷേ ഇസ്രാഈല്യരുടെ മനസ്സിനെ ആര്‍ദ്രമാക്കാന്‍ പ്രവാചകന്മാരുടെ ഒരു പരമ്പര തന്നെ അധ്വാനിച്ചിട്ടും കഴിഞ്ഞില്ല. തൊട്ടുശേഷമുള്ള ആയത്ത് അതാണ് വ്യക്തമാക്കുന്നത്:

''ഇക്കാരണത്താല്‍, ഇസ്രാഈല്‍ വംശത്തിനു നാം നിയമം നല്‍കിയിട്ടുണ്ടായിരുന്നു: 'ഒരാത്മാവിനു പകരമായോ, നാശം വിതച്ചതിന്റെ പേരിലോ അല്ലാതെ ആരെങ്കിലും ഒരു മനുഷ്യനെ വധിച്ചാല്‍, അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചതുപോലെയാകുന്നു. ഒരുവന്‍ ആര്‍ക്കെങ്കിലും ജീവിതം നല്‍കിയാല്‍ അവന്‍ മുഴുവന്‍ മനുഷ്യര്‍ക്കും ജീവിതം നല്‍കിയതുപോലെയുമാകുന്നു. പക്ഷേ, തെളിഞ്ഞ മാര്‍ഗദര്‍ശനവുമായി നമ്മുടെ ദൂതന്മാര്‍ അവര്‍ക്കിടയില്‍ തുടര്‍ച്ചയായി വന്നുകൊ ണ്ടിരുന്നിട്ടും അവരിലധികമാളുകളും ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാകുന്നു എന്നതത്രെ വാസ്തവം''(5: 32).

മനുഷ്യന്‍ കൂടുതല്‍ നാഗരിക പരിണാമങ്ങള്‍ക്ക് വിധേയമാവുംതോറും അവന്റെ ഹൃദയം കൂടുതല്‍ കടുത്തുപോവുന്നുവെന്നും തിരിച്ചറിവുകള്‍ നഷ്ടപ്പെടുന്നുവെന്നുമാണ് ഈ രണ്ട് സൂക്തങ്ങളും നമ്മെ ഓര്‍മപ്പെടുത്തുന്നത്. തീ ഉപയോഗിക്കാന്‍ പഠിച്ച മനുഷ്യന്‍ ആ കഴിവ് ആദ്യമായി ഉപയോഗിച്ചത് എന്തിനായിരിക്കാം എന്ന ചോദ്യത്തിന് ചരിത്രകാരന്മാര്‍ക്കും സാമൂഹിക മനശ്ശാസ്ത്രജ്ഞര്‍ക്കും രണ്ടഭിപ്രായമാണ്. ഭക്ഷണം വേവിച്ച് ഊര്‍ജ പ്രതിസന്ധി കുറക്കാനാണ് ആദ്യം ശ്രമിച്ചിട്ടുണ്ടാവുക എന്ന് ഒരു വിഭാഗം പറയുമ്പോള്‍, അങ്ങനെയാവില്ല, തന്റെ പ്രതിയോഗിയെ നശിപ്പിക്കാനായിരിക്കും മനുഷ്യന്‍ ആദ്യം ശ്രമിച്ചിട്ടുണ്ടാവുക എന്ന് സാമൂഹിക മനശ്ശാസ്ത്രജ്ഞര്‍ സമര്‍ഥിക്കുന്നു. നൂറ്റാണ്ടുകള്‍ക്കിപ്പുറം മറ്റൊരു ഊര്‍ജ വിസ്മയമായ 'ആണവോര്‍ജം' സ്വന്തമാക്കുമ്പോള്‍ മനുഷ്യര്‍ അപരിഷ്‌കൃതര്‍ എന്ന വിശേഷണത്തില്‍നിന്ന് ഏറെ അകന്നിരുന്നു. പക്ഷേ മനസ്സും മസ്തിഷ്‌കവും കൂടുതല്‍ പ്രാചീനവും പ്രാകൃതവുമായി മാറുകയാണുണ്ടായത്. ഒരു പതിനായിരം വര്‍ഷങ്ങള്‍ക്ക് ശേഷം ആണവോര്‍ജ ചരിത്രത്തില്‍ ഗവേഷണം നടത്തുന്ന ഒരാള്‍ക്ക് മുന്നില്‍, ആണവസാങ്കേതികത മനുഷ്യന്‍ ആദ്യമായി വിനിയോഗിച്ചതെന്തിന് എന്ന ചോദ്യത്തിന് ചരിത്രകാരന്മാര്‍ക്കും മനശ്ശാസ്ത്രജ്ഞര്‍ക്കുമിടയില്‍ ഒരു അഭിപ്രായ ഭിന്നത പോലും ഉണ്ടാവില്ല എന്നതാണ് സത്യം.

സുലൈമാന്‍ നബിയുടെ ഓമന പക്ഷിയായ മരംകൊത്തി(ഹുദ്ഹുദ്)യാണ് മറ്റൊരു കഥാപാത്രം. പക്ഷികളുടെയും ഉറുമ്പുകളുടെയുമൊക്കെ ആശയവിനിമയം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നല്ലോ സുലൈമാന്‍ നബിക്ക്. ഹുദ്ഹുദുമായി നടത്തിയ ഒരു സംഭാഷണ ശകലം ഖുര്‍ആന്‍ ഉദ്ധരിക്കുന്നു:

''സുലൈമാന്‍ പക്ഷികളെ പരിശോധിച്ചു, അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ഇതെന്തു പറ്റി? ഹുദ്ഹുദിനെ കാണാനില്ലല്ലോ. അതെവിടെയെങ്കിലും അപ്രത്യക്ഷമായോ? അതിനെ ഞാന്‍ കഠിനമായി ശിക്ഷിക്കും, അല്ലെങ്കില്‍ അറുത്തുകളയും. അതുമല്ലെങ്കില്‍ വ്യക്തമായ വല്ല ന്യായവും അതെനിക്ക് സമര്‍പ്പിക്കണം.'

എന്നാല്‍ ഏറെ വൈകാതെ അത് തിരികെ വന്നു പറഞ്ഞു: താങ്കള്‍ക്കറിയാത്ത ചില കാര്യങ്ങള്‍ ഞാന്‍ അറിഞ്ഞിരിക്കുന്നു. സബഇല്‍നിന്ന് വ്യക്തമായ ചില വിവരങ്ങളുമായാണ് ഞാന്‍ വരുന്നത്'' (അന്നംല്: 20-22).

ഇവിടെ ഹുദ്ഹുദിലൂടെ ദൈവം സുലൈമാന്‍ നബിയെയും അതുമുഖേന മനുഷ്യലോകത്തെയും ചിലത് പഠിപ്പിക്കുന്നുണ്ട്. നിസ്സാരമായ ഒരു ജീവിക്ക് പോലും മനുഷ്യനറിയാന്‍ കഴിയാത്ത പലതും അറിയാന്‍ കഴിയുന്നുണ്ടെന്നും അക്കാര്യത്തില്‍ മനുഷ്യന് അഹംഭാവം പാടില്ലെന്നുമാണ് ആ പാഠം (റാസി- അത്തഫ്‌സീറുല്‍ കബീര്‍). മുന്‍വിധികള്‍ എപ്പോഴും ശരിയാവണമെന്നില്ല എന്ന പാഠവും ഹുദ്ഹുദ് നല്‍കുന്നു.  ഒരേസമയം പ്രവാചകനും രാജാവുമായ സുലൈമാന്‍ നബിയുടെ മുന്നില്‍ പോലും സ്വന്തം അറിവിലുള്ള ആത്മവിശ്വാസം തുറന്നു പ്രകടിപ്പിക്കാന്‍ ആ കൊച്ചു പക്ഷി കാണിച്ച ധൈര്യം നമ്മെ പലതും പഠിപ്പിക്കുന്നുണ്ട്.

പ്രഗത്ഭ പണ്ഡിതന്‍ ഇബ്‌നുല്‍ ഖയ്യിമിന്റെ ജീവിതത്തില്‍നിന്നുള്ള ഒരു സംഭവവും ഇതുമായി ചേര്‍ത്തുവായിക്കാം.

ഇബ്‌നുല്‍ ഖയ്യിം, തന്റെ ഗുരുസ്ഥാനീയന്‍ എന്ന് പരിചയപ്പെടുത്തുന്ന പണ്ഡിതനാണ് അബൂ ഇസ്മാഇല്‍ ഹര്‍വി. പക്ഷേ ഇവര്‍ തമ്മിലെ വീക്ഷണവൈരുധ്യങ്ങളും പ്രസിദ്ധമാണ്. ഒരാളോടുള്ള ആദരവ് അയാളോടുള്ള ബുദ്ധിപരമായ അടിമത്തമാകരുതെന്നാണ് ഇബ്‌നുല്‍ ഖയ്യിമിന്റെ പക്ഷം. ഒരു സന്ദര്‍ഭത്തില്‍ ഇബ്‌നുല്‍ ഖയ്യിം തന്റെ ഗുരുവിനോട് പറഞ്ഞതിങ്ങനെ: 'അങ്ങയ്ക്കറിയാത്ത ചില വിവരങ്ങള്‍ ഞാന്‍ നേടിയിരിക്കുന്നു' എന്ന് ഒരു മരംകൊത്തി പറഞ്ഞത് സുലൈമാന്‍ നബിയോടാണ്. താങ്കള്‍ (ഹര്‍വി) ആ പ്രവാചകനേക്കാള്‍ വലിയ ജ്ഞാനിയല്ല. താങ്കളെ തിരുത്തിയ ഞാനാകട്ടെ ആ മരംകൊത്തിയേക്കാള്‍ വിവരം കുറഞ്ഞവനുമല്ല' (മദാരിജുസ്സാലികീന്‍).

ഹുദ്ഹുദിന്റെ സ്ഥാനത്ത് വേറെയും കഥാപാത്രങ്ങളെ സങ്കല്‍പിച്ച് പുനരാഖ്യാനം ചെയ്താല്‍ ഈ ചരിത്ര സംഭവം കൂടുതല്‍ കാലിക പ്രസക്തമാവും. ഉദാഹരണമായി ഹുദ്ഹുദിന്റെ സ്ഥാനത്ത് പുതിയ തലമുറയിലെ ചെറുപ്പത്തെ നമുക്ക് സങ്കല്‍പ്പിക്കാം. സുലൈമാന്‍ നബിക്ക് മരംകൊത്തിയോടുണ്ടായതുപോലെ, മുന്‍വിധിയോടെയുള്ള ആശങ്കകളാണ് പുതിയ തലമുറയെ കുറിച്ച് സമൂഹം കൂടുതലായി പ്രകടിപ്പിക്കുന്നത്. ഒരര്‍ഥത്തില്‍ അത്തരം ആശങ്കകള്‍ ന്യായമാണെങ്കിലും പുതിയ ചെറുപ്പത്തിന്റെ അറിവും യോഗ്യതകളും അത്തരം ആശങ്കകളെ അതിജയിക്കുന്നു. പഴയ തലമുറകള്‍ വര്‍ഷങ്ങള്‍ കൊണ്ട് നേടിയെടുത്ത പല വിവരങ്ങളും പുതിയ കാലത്തെ ചെറുപ്പത്തിന് പഠിച്ചെടുക്കാന്‍ നിമിഷങ്ങള്‍ മതിയാവും. പക്ഷേ ഹുദ്ഹുദിനെ സുലൈമാന്‍ നബിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞതുപോലെ പുതിയ തലമുറയുടെ ഭാഷയും തുടിപ്പുകളും വായിച്ചെടുക്കാന്‍ സമൂഹത്തിന് ഒരു കാലത്തും കഴിഞ്ഞിട്ടില്ല.

പക്ഷികളെ നിരീക്ഷിക്കാനാവശ്യപ്പെടുന്ന രണ്ടിടങ്ങള്‍ ഖുര്‍ആനിലുണ്ട്. പ്രത്യക്ഷത്തില്‍ ആവര്‍ത്തനമാണെന്ന് തോന്നാമെങ്കിലും രണ്ടും രണ്ട് വീക്ഷണകോണില്‍ പറവകളെ കണ്ടു പഠിക്കാനുള്ള നിര്‍ദേശങ്ങളാണ്:

''അവര്‍ പറവകളെ കാണുന്നില്ലേ; വ്യോമാന്തരീക്ഷത്തില്‍ കീഴൊതുങ്ങിപ്പറക്കുന്നതെങ്ങനെയെന്ന്! അല്ലാഹുവല്ലാതെ ആരും അവയെ താങ്ങി നിര്‍ത്തുന്നില്ല. വിശ്വസിക്കുന്ന ജനത്തിന് ഇതില്‍ ദൃഷ്ടാന്തങ്ങളേറെയുണ്ട്'' (അന്നഹ്ല്‍: 79).

ഇവിടെ പക്ഷികളെ നിരീക്ഷിക്കാന്‍ പറയുന്നത്, അറിവിന്റെയും അന്വേഷണത്തിന്റെയും ലോകത്ത് പറന്നുയരാനുള്ള പ്രചോദനമായിട്ടും മനസ്സിലാക്കിക്കൂടേ? തൊട്ടു മുമ്പിലെ സൂക്തം കൂടി വായിക്കുമ്പോള്‍ അത് കൂടുതല്‍ വ്യക്തമാകും:

''അല്ലാഹു നിങ്ങളെ മാതാക്കളുടെ ഉദരങ്ങളില്‍നിന്ന് ഒന്നും അറിയാത്തവരായി പുറത്തേക്ക് കൊണ്ടുവന്നു. പിന്നെ നിങ്ങള്‍ക്ക് അവന്‍ കേള്‍വിയും കാഴ്ചയും ഹൃദയങ്ങളും നല്‍കി. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍'' (അന്നഹ്ല്‍: 78).

ഇവ രണ്ടും ചേര്‍ത്തു വായിക്കുമ്പോള്‍ പക്ഷികളില്‍നിന്ന് മനുഷ്യന്‍ കണ്ടെത്തേണ്ടത്, അറിവിന്റെ ആകാശങ്ങളിലേക്ക് പറന്നുയരാനുള്ള ജ്ഞാനോത്സുകതയാണെന്നു മനസ്സിലാക്കാം. ജിജ്ഞാസയുടെയും സമര്‍പ്പണത്തിന്റെയും ഏറ്റവും നല്ല മാതൃകകളാണ് പറവകള്‍. അവയുടെ സ്വതഃസിദ്ധമായ കഴിവിന്റെ പരിധിയും പരിമിതിയുമല്ലാതെ, മറ്റൊരു അതിരും അവക്കു മുന്നിലില്ല എന്നതാണ് പ്രധാനം. അറിവിന് മുന്നില്‍ കൃത്രിമമായി നിര്‍മിക്കപ്പെട്ട അതിരുകളും മതിലുകളാണ് ജാഹിലിയ്യത്ത് എന്ന് പറയുന്നത്. ഒന്നും അറിയാതിരിക്കല്‍ മാത്രമല്ല ജാഹിലിയ്യത്ത്; ചിലത് മാത്രമേ അറിയൂ എന്ന ശാഠ്യവും കൂടിയാണ്. 

ഇസ്രാഈല്യരോട് ഈ തത്ത്വം അല്ലാഹു മറ്റൊരു രൂപത്തില്‍ അവതരിപ്പിക്കുന്നുണ്ട്:

''ഇസാഈല്‍ മക്കളിലേക്കുള്ള ദൈവദൂതന്‍(ഈസാ) അവരോട് പറയും: ഞാന്‍ നിങ്ങള്‍ക്ക് കളിമണ്ണില്‍നിന്ന് പക്ഷിയുടെ രൂപമുണ്ടാക്കിത്തരാം. ശേഷം ഞാനതില്‍ ഊതിയാല്‍ അല്ലാഹുവിന്റെ അനുവാദപ്രകാരം അതൊരു പറവയായിത്തീരുന്നതാണ്. ജന്മനാ അന്ധത ബാധിച്ചവരെയും പാണ്ഡു രോഗികളെയും ഞാന്‍ അല്ലാഹുവിന്റെ അനുവാദത്താല്‍ സുഖപ്പെടുത്തുകയും മരിച്ചു കിടക്കുന്നവരെ ജീവിതത്തിലേക്ക് കൊണ്ടുവരികയും ചെയ്യും''(ആലുഇംറാന്‍: 49).

ഈസാ നബിയുടെ പ്രസ്താവനയെ അക്ഷരാര്‍ഥത്തിലെടുക്കുകയായിരുന്നു ഭൂരിപക്ഷ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും (അത് തെറ്റാണെന്ന് പറയുകയല്ല). ഇതിലെ പ്രയോഗങ്ങളെ ഉപമാലങ്കാരങ്ങളായി വായിക്കുമ്പോള്‍ ലഭിക്കുന്ന ആഴവും സൗന്ദര്യവും ആസ്വദിക്കാന്‍ ശ്രമിക്കുക മാത്രമാണ്.

ഇവിടെ പക്ഷി എന്ന രൂപകത്തിലൂടെ ഇസ്രാഈല്യര്‍ക്ക് മനോഹരമായ ഒരു ജീവിതവീക്ഷണ മാതൃക സമര്‍പ്പിക്കുകയായിരുന്നു പ്രവാചകന്‍. 'ത്വീനി'ല്‍നിന്ന് ആദ്യമുണ്ടാക്കിയത് ചലനമറ്റ പക്ഷിരൂപത്തെ മാത്രമായിരുന്നു. അതിലേക്ക് ദിവ്യപ്രചോദനം കടത്തിവിട്ടപ്പോഴാണ് അത് ചിറകു മുളച്ച് പറക്കാന്‍ തുടങ്ങുന്നത്. ഇവിടെ 'ത്വീന്‍'(കളിമണ്ണ്) എന്നത് നിശ്ചലാവസ്ഥയെ കുറിക്കുന്നു. ആ അവസ്ഥയില്‍ പക്ഷിയുടെ ചിറകുകള്‍ക്ക് പറക്കാനും കൊക്കുകള്‍ക്ക് പാടാനും കാലുകള്‍ക്ക് നടക്കാനും കഴിയില്ല.

സമാന പ്രയോഗം മനുഷ്യനെക്കുറിച്ചും ഖുര്‍ആനില്‍ കാണാം. ത്വീനില്‍നിന്ന് സൃഷ്ടിക്കപ്പെടുന്നത് ജൈവ മനുഷ്യന്‍ (ബശര്‍ ) മാത്രമാണ്. അവന്‍ ലക്ഷണമൊത്ത മനുഷ്യ(ഇന്‍സാന്‍)നായിത്തീരുന്നത് ദൈവത്തില്‍നിന്നുള്ള 'റൂഹ്' (ദിവ്യ സന്ദേശങ്ങളും ജീവിത വീക്ഷണങ്ങളുമായിരിക്കാം ഉദ്ദേശ്യം. ഖുര്‍ആനെ 'റൂഹെ'ന്ന് വിശേഷിപ്പിച്ചതു കാണാം - സുഖ്‌റുഫ്: 52) അവനില്‍ സന്നിവേശിപ്പിക്കപ്പെടുമ്പോഴാണ്.

കളിമണ്‍ പക്ഷി പറക്കാന്‍ തുടങ്ങുന്നതും അതിലേക്ക് പ്രവാചകന്‍ ദിവ്യപ്രചോദനം കടത്തിവിടുമ്പോഴാണല്ലോ. ഒരു പ്രവാചകന് / വേദത്തിന് ഒരു സമൂഹത്തില്‍ ചെയ്യാനുള്ള ദൗത്യവും ഇതുതന്നെയാണ്. അഥവാ അവരുടെ മനസും മസ്തിഷ്‌കവും വികാരവും 'ത്വീനി'യായ അവസ്ഥയില്‍ ചലനമറ്റുകിടക്കുകയാണ്. അവയെ ദൈവികമായ ഉത്തേജനങ്ങള്‍ നല്‍കി ഉയര്‍ന്നു പറക്കുന്ന 'തൈ്വറാ'ക്കി മാറ്റിയെടുക്കുക .ഒറ്റവാക്കില്‍ പറഞ്ഞാല്‍ മണ്ണില്‍നിന്നും ആകാശത്തിലേക്ക് (മിനത്ത്വീനി ഇലത്തൈ്വര്‍) ഒരു ജനതയെ കൊണ്ടുപോവുക.

ശേഷം പറയുന്ന അന്ധത(കമഹ്)യും കുഷ്ഠ(ബറസ്വ്)വും അവരെ ബാധിച്ച സാമൂഹികവും സാംസ്‌കാരികവുമായ ദീനങ്ങളായിരിക്കാം. അന്ധത ഒരാള്‍ക്ക് ലോകത്തിന്റെ സകല സൗന്ദര്യങ്ങളെയും നിഷേധിക്കുമ്പോള്‍, പാണ്ഡ് അയാളുടെ മുഴുവന്‍ സൗന്ദര്യത്തെയും മറ്റുള്ളവരുടെ മുമ്പില്‍ കെടുത്തിക്കളയുന്നു. അജ്ഞതയും അജ്ഞതാജന്യമായ സാമൂഹിക വ്യക്തിത്വവും ഒരേസമയം വ്യക്തികള്‍ക്കും സമൂഹത്തിനും നിഷേധിക്കുന്നത് ന്യായമായ സൗന്ദര്യാനുഭൂതികളും, സ്വന്തം ഉള്ളടക്കത്തെയും സൗന്ദര്യത്തെയും കുറിച്ചുള്ള ആത്മാഭിമാനവുമാണ് (കമഹ് എന്നത് അജ്ഞത കാരണം ചിന്തകള്‍ക്ക് ബാധിക്കുന്ന അന്ധതക്കും പറയാമെന്ന് ഇബ്‌നു മന്‍ദൂര്‍ തന്റെ ലിസാനുല്‍ അറബില്‍ പറയുന്നുണ്ട്).

'മസ്തിഷ്‌ക മരണം' സംഭവിച്ച ഒരു ജനതയെ ബൗദ്ധികമായ സജീവതയിലേക്ക് എഴുന്നേല്‍പിക്കുന്നതിനെ കുറിച്ചുമാവാം 'ഒടുവില്‍ മരിച്ചവരെ ജീവിപ്പിക്കുന്നു' എന്നു പറഞ്ഞത്. 'അജ്ഞത ജീവിതകാലത്തെ മരണവും മരണത്തിന് മുമ്പൊരുങ്ങുന്ന ശവക്കുഴിയുമാണ്' എന്ന അലി(റ)യുടെ വാക്കുകള്‍ ഇതിനനുബന്ധമായി വായിക്കാം.

പക്ഷികളെ നിരീക്ഷിക്കാനാവശ്യപ്പെടുന്ന മറ്റൊരു സൂക്തമിങ്ങനെ:

''അവര്‍ക്കു മുകളില്‍ ചിറകു വിടര്‍ത്തിയും ഒതുക്കിയും പറക്കുന്ന പക്ഷികളെ അവര്‍ നിരീക്ഷിക്കുന്നില്ലേ? ദയാപരനായ ദൈവമല്ലാതാരുമല്ല അവയെ താങ്ങിനിര്‍ത്തുന്നത്. അവന്‍ എല്ലാ കാര്യങ്ങളും കണ്ടറിയുന്നവന്‍ തന്നെ''(അല്‍മുല്‍ക്: 19).

മുകളില്‍ വിശദീകരിച്ച സൂക്തത്തിന്റെ ആവര്‍ത്തനമാണിതെന്നു തോന്നാം. പക്ഷേ മറ്റു ഉള്ളടക്കങ്ങളും ഇതില്‍ ആവിഷ്‌കൃതമായതായി കാണാം:

ഒന്ന്) ജീവിതത്തെക്കുറിച്ച് അശുഭ ചിന്തകള്‍ വെച്ചുപുലര്‍ത്തുന്നവരുമായി ഈ സൂക്തം സംവദിക്കുന്നു. തനിക്കു മുന്നില്‍ സാധ്യതകളുടെ വലിയ ലോകം മലര്‍ക്കെ തുറന്നുകിടക്കുന്നതു കാണാതെ അടഞ്ഞ വാതിലുകള്‍ നോക്കിയിരിക്കുകയാണ് അത്തരക്കാര്‍. അവര്‍ക്ക് പക്ഷികളില്‍ ചില പാഠങ്ങളുണ്ട്. ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ വിശ്രുതമായ ഒരു വാക്യം ഇവിടെ ഓര്‍മിക്കാം: ''പക്ഷികള്‍ക്ക് ലഭിക്കുന്നതുപോലെ വിഭവങ്ങള്‍ നിങ്ങള്‍ക്കും ലഭിച്ചേനെ, ദൈവത്തിലുള്ള നിങ്ങളുടെ ബോധ്യം അത്രക്ക് ശക്തമായിരുന്നെങ്കില്‍. അവ ഒഴിഞ്ഞ വയറുമായി പ്രഭാതത്തില്‍ കൂടു വിട്ട് പറക്കുന്നു. സന്ധ്യയില്‍ കൂടണയുന്നത് നിറഞ്ഞ വയറുമായാണ്''(തിര്‍മിദി). അവസരങ്ങളുടെ ലോകത്ത് കൃത്രിമമായ വേലികള്‍ സങ്കല്‍പിച്ച്‌വെച്ചതുകൊണ്ടാണ് ശുഭാപ്തിയുടെ ലോകം നമുക്ക് നിഷേധിക്കപ്പെടുന്നത്. ഈ സൂക്തത്തിന്റെ അല്‍പം മുമ്പ് അക്കാര്യം ഖുര്‍ആന്‍ പറയുന്നുമുണ്ട്:

''അവനാണ് നിങ്ങള്‍ക്ക് ഭൂമിയെ അധീനപ്പെടുത്തിത്തന്നത്. അതിന്റെ വിരിമാറിലൂടെ നിങ്ങള്‍ നടക്കുക. അവന്‍ തരുന്ന വിഭവങ്ങള്‍ നിങ്ങള്‍ ആസ്വദിക്കുക. അവനിലേക്കു തന്നെയാണ് നിങ്ങളുടെ മടക്കവും'' (അല്‍മുല്‍ക്: 15). 

ജീവിതത്തെ കുറിച്ച് വിഷാദാത്മക മുന്‍വിധികള്‍ നിരത്തി ദൈവത്തിന് മുന്നില്‍ ന്യായം പറയുന്നവരെ തിരുത്തുന്ന രംഗം ഖുര്‍ആനിലുണ്ട്:

''സ്വന്തം മനസ്സാക്ഷിയോട് നീതി പുലര്‍ത്താത്തവരുടെ ജീവനെടുക്കുന്ന വേളയില്‍ മലക്കുകള്‍ അവരോട് ചോദിക്കും? 'എന്തായിരുന്നു നിങ്ങളുടെ സ്ഥിതി?' അവര്‍ പറയും: 'ഭൂമിയില്‍ ഞങ്ങള്‍ ദുര്‍ബലരും അടിച്ചമര്‍ത്തപ്പെടുന്നവരുമായിരുന്നു.' മലക്കുകള്‍ ചോദിക്കും: 'അല്ലാഹുവിന്റെ ഭൂമി വിശാലമായിരുന്നല്ലോ? നിങ്ങള്‍ക്ക് മറ്റു സാധ്യതകള്‍ തേടി പലായനം ചെയ്യാമായിരുന്നില്ലേ?' അവരുടെ താവളം നരകമാണ്. അതെത്ര ചീത്ത സങ്കേതം!

എന്നാല്‍ യഥാര്‍ഥത്തില്‍ തന്നെ എന്തെങ്കിലും തന്ത്രമോ രക്ഷാമാര്‍ഗമോ കണ്ടെത്താനാവാതെ അടിച്ചമര്‍ത്തപ്പെട്ട പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഇതില്‍നിന്നൊഴിവാണ്. അവരോട് അല്ലാഹു ക്ഷമിച്ചേക്കാം. അല്ലാഹു ഏറെ മാപ്പേകുന്നവനും പൊറുക്കുന്നവനുമാണല്ലോ

അല്ലാഹുവിന്റെ ഭൂമിയില്‍ അഭയം തേടിപ്പോകുന്നവര്‍ക്ക് ധാരാളം അഭയകേന്ദ്രങ്ങളും മേച്ചില്‍പുറങ്ങളും കണ്ടെത്താനാവും. സ്വന്തം ചുറ്റുപാടില്‍നിന്ന് അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും അഭയാര്‍ഥികളായി പുറപ്പെടുന്നവന്‍ (ലക്ഷ്യത്തിലെത്താതെ) വഴിയില്‍ വെച്ച് മരണപ്പെടുകയാണെങ്കില്‍ ഉറപ്പായും അവ ന് അല്ലാഹുവിങ്കല്‍ പ്രതിഫലമുണ്ട്. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്'' (അന്നിസാഅ്: 97-100).

തടിയനങ്ങാതെ ജീവിക്കാന്‍ പള്ളിയില്‍ ആത്മീയവാസം നടത്താന്‍ തീരുമാനിച്ച യുവാവിനെ പറ്റി ഒരു കഥയുണ്ട്. പ്രാര്‍ഥനകളും സ്വലാത്തുകളുമായി 'ചുളു'വില്‍ ജീവിക്കുന്ന അയാളെ പള്ളിയിലെ പണ്ഡിതന്‍ ശാസിച്ചു പുറത്താക്കി. ആത്മീയത എന്നാല്‍ ആലസ്യത്തിന്റെ ലോകത്ത് പരാന്നഭോജിയായി ജീവിക്കുന്നതിന്റെ പേരല്ലെന്നും അധ്വാനിച്ച് അന്നം കഴിക്കണമെന്നും പണ്ഡിതന്‍ ശഠിച്ചപ്പോള്‍ അയാള്‍ മനസ്സില്ലാ മനസ്സോടെ ജോലി തേടി പോയി. വളരെക്കുറഞ്ഞ സമയം കൊണ്ട് തന്നെ അയാള്‍ തിരിച്ചു വന്ന് പള്ളിയില്‍ ഇരുത്തം തുടങ്ങി. ശാസിക്കാനൊരുങ്ങിയ പണ്ഡിതനോട് അയാള്‍ പറഞ്ഞു: 'ജോലി തേടി നടന്നപ്പോള്‍ ഒരു കാഴ്ച എന്റെ കണ്ണിലുടക്കി. പറക്കാന്‍ കഴിയാത്ത വിധം പരിക്കേറ്റ ഒരു പക്ഷി. അതിനെവിടന്ന് അന്നം കിട്ടുമെന്ന് ആലോചിച്ചിരിക്കവെ ആരോഗ്യമുള്ള മറ്റൊരു പക്ഷി പറന്നുവന്ന് ഇതിന്റെ കൊക്കിലേക്ക് ധാന്യക്കതിരുകള്‍ വെച്ചുകൊടുക്കുന്ന മനോഹരമായ കാഴ്ച ഞാന്‍ കണ്ടു. ഒരു പക്ഷിയുടെ കാര്യത്തില്‍ ദൈവത്തിന് ഇത്രയും ശ്രദ്ധയുണ്ടെങ്കില്‍ അവന്റെ മാര്‍ഗത്തില്‍ ഏകാന്ത ജീവിതം കൊതിക്കുന്ന എനിക്കും വേണ്ടത് ദൈവം തന്നോളും'. പണ്ഡിതന്‍ തിരിച്ചു ചോദിച്ചു: 'താങ്കള്‍ മാതൃകയാക്കിയത് ദീനം ബാധിച്ച പക്ഷിയെയാണ്. എന്തുകൊണ്ട് താങ്കള്‍ക്ക് കരുത്തനായ ആ പക്ഷിയായിക്കൂടാ?'

ഒരു മരക്കൊമ്പില്‍ ഇരിക്കുമ്പോള്‍ പക്ഷിയുടെ വിശ്വാസം ആ കൊമ്പിന്റെ ശക്തിയിലല്ല; തന്റെ ചിറകുകളുടെ കഴിവിലാണ്. ചിറകുകള്‍ ഉപയോഗിക്കേണ്ടതും നിശ്ചലമാക്കിവെക്കേണ്ടതും എപ്പോഴാണെന്ന് അതിന് നന്നായറിയാം. സ്വന്തം കഴിവുകളിലും യോഗ്യതകളിലും ആത്മവിശ്വാസമില്ലാത്തവര്‍ ചിറകിന്റെ ശക്തിയറിയാത്ത പക്ഷികളെ പോലെയാണ്. വേണ്ടവിധം ഉപയോഗിച്ചില്ലെങ്കില്‍ അത് കേവലം ഭാരം മാത്രമാണ്. കാലുകള്‍ കൊണ്ട് നടക്കുകയും മനസ്സു കൊണ്ട് പറക്കുകയും ചെയ്യേണ്ടവനാണ് മനുഷ്യന്‍. 'നീയെന്തിന് ഇഴഞ്ഞു നടക്കുന്നതിഷ്ടപ്പെടുന്നു? ജനിക്കുമ്പോള്‍ തന്നെ നിനക്ക് ചിറകുകളുണ്ടല്ലോ?'(റൂമി).

രണ്ട്: ഉയര്‍ച്ചകള്‍ അഹങ്കാരവും വീഴ്ചകള്‍ നിരാശയും നല്‍കുന്ന പ്രകൃതിയാണ് മനുഷ്യന്റേത്. ക്ഷേമത്തിന്റെയും സമൃദ്ധിയുടെയും ഉദയകിരണങ്ങള്‍ പ്രത്യക്ഷമാവുമ്പോഴേക്ക് അവന്‍ അഹങ്കാരത്തിന്റെ നട്ടുച്ചയിലെത്തുന്നു. അവ അസ്തമിക്കാനൊരുങ്ങുന്നതു കാണുമ്പോഴേക്കും അവന്‍ നിരാശയുടെ കൂരിരുട്ടില്‍ പരിഭ്രാന്തനാകുന്നു. കണക്കുകൂട്ടലുകള്‍ ശരിയാവുമ്പോഴും പിഴക്കുമ്പോഴും ദൈവബോധം മനസ്സില്‍നിന്ന് അസ്തമിച്ചുപോകുന്ന മനുഷ്യന് ഇതര ജീവികളില്‍ പാഠങ്ങളുണ്ട്; പ്രത്യേകിച്ച് പറവകളില്‍.

തൊട്ടു മുമ്പിലെ സൂക്തങ്ങളും ശേഷമുള്ള സൂക്തങ്ങളും ഈയൊരാശയത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്:

 ''ഉപരിലോകത്തുള്ളവന്‍ നിങ്ങളെ ഭൂമിയില്‍ ആഴ്ത്തിക്കളയുന്നതിനെയും അപ്പോള്‍ ഭൂമി ഇളകിമറിയുന്നതിനെയും കുറിച്ച് നിങ്ങള്‍ക്ക് ഭയപ്പാടൊന്നുമില്ലേ? അതല്ല; ഉപരിലോകത്തുള്ളവന്‍ നിങ്ങള്‍ക്കെതിരെ ചരല്‍കാറ്റുകള്‍ അയക്കുന്നതിനെ പറ്റിയും നിങ്ങള്‍ക്ക് പേടിയില്ലേ? നമ്മുടെ താക്കീതുകള്‍ എങ്ങനെയുണ്ടെന്ന് വഴിയെ നിങ്ങള്‍ അറിയുക തന്നെ ചെയ്യും'' (അല്‍മുല്‍ക്: 16-18).

''ദയാപരനായ ദൈവമല്ലാതെ (പ്രതിസന്ധിയില്‍) നിങ്ങളെ സഹായിക്കാന്‍ കഴിയുന്ന സൈന്യമേതുണ്ട്! നിഷേധികള്‍ വഞ്ചനയിലകപ്പെട്ടിരിക്കുക തന്നെയാണ്. ഇനി അല്ലാഹു അവന്റെ വിഭവങ്ങള്‍ വിലക്കിയാല്‍ നിങ്ങള്‍ക്ക് അന്നം തരാന്‍ ആരുണ്ട്? യഥാര്‍ഥത്തില്‍ അവര്‍ ധിക്കാരത്തിലും പകയിലും ആണ്ടുപോയിരിക്കുന്നു'' (അല്‍മുല്‍ക്: 20-21).

ഇവിടെ മനുഷ്യന്റെ അമിതമായ ആത്മവിശ്വാസത്തെയാണ് പക്ഷികളെ ഉദാഹരിച്ച് തിരുത്താന്‍ ശ്രമിക്കുന്നതെങ്കില്‍, വേറൊരിടത്ത് ദുരിതങ്ങളും തിരിച്ചടികളും വരുമ്പോള്‍ വിശ്വാസം ചോര്‍ന്നുപോകാതിരിക്കണമെന്ന് പഠിപ്പിക്കാനാണ് പക്ഷികളെ ഉദാഹരിക്കുന്നത്: 

''ഭൂമിയില്‍ നടക്കുന്ന ഏതുജീവിയും ഇരുചിറകുകളില്‍ പറക്കുന്ന ഏതു പറവയും നിങ്ങളെ പോലുള്ള ചില സമൂഹങ്ങള്‍ തന്നെയാണ്. അവയുടെ വിധിപ്രമാണത്തില്‍ നാമൊന്നും വിട്ടു കളഞ്ഞിട്ടില്ല. പിന്നീട് അവരെല്ലാം തങ്ങളുടെ നാഥങ്കല്‍ ഒരുമിച്ചു ചേര്‍ക്കപ്പെടും''(അല്‍അന്‍ആം: 38).

ദുരിതങ്ങളും പ്രതികൂലാവസ്ഥകളും ബാധിക്കുന്നത് മനുഷ്യസമൂഹങ്ങളെ മാത്രമല്ല. പ്രപഞ്ചത്തിലെ ചെറുതും വലുതുമായ എല്ലാ ജൈവവര്‍ഗങ്ങളും പരീക്ഷണങ്ങളെയും വറുതികളെയും നേരിട്ടും അതിജയിച്ചും തന്നെയാണ് ജീവിക്കുന്നത്. മനുഷ്യരെപോലെ തങ്ങള്‍ക്കനുകൂലമായി അവസ്ഥകളെ മാറ്റിയെടുക്കാനുള്ള ചിന്താശേഷി ഇല്ലാതിരുന്നിട്ടു പോലും അവ ക്ഷാമത്തിലും ക്ഷേമത്തിലും ജീവിതം ബാലന്‍സ് ചെയ്ത് മുന്നോട്ടുപോകുന്നു. ഒരു പക്ഷിയും തന്റെ വിധിയെ പഴിച്ച് അലസമായിരുന്ന് പട്ടിണി കിടന്ന് മരിച്ചിട്ടില്ല. നിലനില്‍പ് അപകടത്തിലായിരുന്നപ്പോഴും ഒരു ജീവിയും ആത്മഹത്യ ചെയ്തിട്ടില്ല. പക്ഷേ മനുഷ്യന്‍ ചെയ്തിട്ടുണ്ട്.

ഒരു ജീവിയും വറുതിയുടെ കാലത്ത് തന്റെ സ്വാര്‍ഥമായ നിലനില്‍പിനു വേണ്ടി സ്വന്തം ചോരക്കിടാങ്ങളെ കൊന്നുതള്ളിയിട്ടില്ല. പക്ഷേ മനുഷ്യന്‍ ഇന്നും അത് തുടരുന്നുണ്ട്. മനുഷ്യനല്ലാത്ത മറ്റൊന്നും ദൈവികമായി ലഭിച്ച ആവാസവ്യവസ്ഥകളെ നശിപ്പിച്ചിട്ടില്ല. മനുഷ്യന്‍ നശിപ്പിച്ചിട്ടുണ്ട്; അവന്റെയും ഇതര ജീവികളുടെയും ഭാവി തലമുറകളുടെയും ആവാസവ്യവസ്ഥകളെ. 

തുടര്‍ന്ന് വരുന്ന ആയത്തുകള്‍ അക്കാര്യമാണ് അടിവരയിടുന്നത്:

''നിനക്കുമുമ്പും നിരവധി സമൂഹങ്ങളിലേക്ക് നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ടായിരുന്നു. ആ സമുദായങ്ങളെ വിപത്തുകളിലും യാതനകളിലും അകപ്പെടുത്തിയിട്ടുമുണ്ട്. അവര്‍ വിനീതരാവാന്‍ വേണ്ടി. അതിനാല്‍, നമ്മുടെ പീഡനം ബാധിക്കുമ്പോള്‍ ഇക്കൂട്ടര്‍ വിനീതരാവാത്തതെന്ത്? പക്ഷേ, ഇവരുടെ മനസ്സുകള്‍ ഏറെ കടുത്തുപോയിരിക്കുന്നു. ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം വളരെ നല്ലതാണെന്ന് ചെകുത്താന്‍ അവരെ തോന്നിപ്പിക്കുകയും ചെയ്തു. പിന്നെ അവര്‍ക്കു ലഭിച്ച ഉദ്ബോധനങ്ങള്‍ വിസ്മരിച്ചപ്പോള്‍ സകലവിധ സൗഭാഗ്യങ്ങളുടെയും കവാടങ്ങള്‍ നാം അവര്‍ക്ക്  തുറന്നുകൊടുത്തു. അങ്ങനെ തങ്ങള്‍ക്കു ലഭിച്ച ഔദാര്യങ്ങളില്‍ ഏറെ നിഗളിച്ചപ്പോള്‍ നാം അവരെ പെട്ടെന്ന് പിടികൂടി. അപ്പഴോ, അവരതാ എല്ലാറ്റിലും നിരാശരായിത്തീരുന്നു. അക്രമം പ്രവര്‍ത്തിച്ച ആ ജനം അങ്ങനെ ഉന്മൂലനം ചെയ്യപ്പെട്ടു. സര്‍വലോകനാഥനായ അല്ലാഹുവിനു സ്തുതി(എന്തെന്നാല്‍, അവന്‍ അവരുടെ മുരടറുത്തുകളഞ്ഞു)'' (അല്‍ അന്‍ആം: 42-45).

ഖുര്‍ആനില്‍ ഏറ്റവും ഒടുവില്‍ പറന്നു വരുന്ന പക്ഷികളാണ് അബാബീല്‍:

''ആനപ്പടയെ നിന്റെ രക്ഷിതാവ് എന്തു ചെയ്‌തെന്ന് നീ കണ്ടതല്ലേ? അവരുടെ കുതന്ത്രങ്ങളെ അവന്‍ പാഴാക്കിയില്ലേ? അവരുടെ നേരെ അവന്‍ അബാബീല്‍ പക്ഷികളെ അയച്ചു. ചുട്ടെടുത്ത കല്ലുകള്‍ കൊണ്ട് അവ അവരെ എറിഞ്ഞുകൊണ്ടിരുന്നു. അങ്ങനെ അല്ലാഹു അവരെ ചവച്ചരച്ച കച്ചിത്തുരുമ്പു പോലെയാക്കി'' (അല്‍ഫീല്‍: 1-5)

ജാഹിലിയ്യാ അറബികളുടെ അഹങ്കാരത്തിനേറ്റ കനത്ത പ്രഹരമായിരുന്നു ആനപ്പടയുമായി അബ്‌റഹത്ത് മക്കയിലേക്ക് നടത്തിയ പടയോട്ടം. യുദ്ധോത്സുകത രക്തത്തില്‍ അലിഞ്ഞുചേര്‍ന്നവരായിട്ടു പോലും വിദേശ സേനയുടെ തന്ത്രങ്ങള്‍ക്കു മുന്നില്‍ പകച്ചുനില്‍ക്കാനേ അറബികള്‍ക്ക് കഴിഞ്ഞുള്ളൂ. ഇവിടെയും അബാബീലുകളെയാണ് പ്രതിരോധത്തിനായി അല്ലാഹു നിയോഗിക്കുന്നത്. ഏറെ വൈകും മുമ്പേ ഖുറൈശികള്‍ അതൊക്കെ മറവിക്ക് വിട്ടുകൊടുത്തു. അംഗബലവും കൈക്കരുത്തും കാട്ടി അവര്‍ വിശ്വാസികളെ ഭയപ്പെടുത്തുകയും ദ്രോഹിക്കുകയും ചെയ്തു. ഈയൊരു ചരിത്ര ഘട്ടത്തിലാണ് ജാഹിലിയ്യത്തിന്റെ ദുരഭിമാനം മുറികളില്‍ കയറി വാതിലടച്ചപ്പോള്‍ അബാബീല്‍ പട അവരുടെ മാനം കാത്ത കഥ അവരെ ഓര്‍മിപ്പിക്കുന്നത്.

അബാബീല്‍ എന്നത് പക്ഷികളുടെ വിശേഷണമാണെന്നാണ് പ്രബലമായ അഭിപ്രായം. വിവിധയിനം പക്ഷികള്‍ ഒന്നിച്ചു പറക്കുമ്പോഴാണത്രെ അവ അബാബീല്‍ ആകുന്നത്. അങ്ങനെയെങ്കില്‍ ഖുറൈശികള്‍ക്ക് ഒരു 'താങ്ങ്' കൂടി കൊടുത്തുകൊണ്ടാണ് അവ പറന്നുവന്നത്. ഒരുപക്ഷേ ഖുറൈശികള്‍ക്കിടയിലെ ഗോത്രീയ കലഹങ്ങളും തൊട്ടുകൂടായ്മയുമൊക്കെയായിരിക്കണം പൊതുശത്രുവിനെതിരെ സംഘടിക്കാര്‍ കഴിയാത്ത വിധം അവരെ ക്ഷയിപ്പിച്ചത്. ആഭ്യന്തര കലഹങ്ങളില്‍ ഉത്സാഹിതരായ ഒരു സമൂഹത്തിന് യഥാര്‍ഥ ശത്രുവിനു മുന്നില്‍ നിവര്‍ന്നു നില്‍ക്കാന്‍ പോലും കഴിയില്ല എന്നത് മുസ്‌ലിം ലോകത്തിന്റെ അനുഭവമാണല്ലോ. പക്ഷികള്‍ നിസ്സാര ജീവികളാണ്. പക്ഷേ അവ ഒരുമിച്ചാല്‍ ഒരു വന്‍ ശക്തിയായി മാറും. ആ ശക്തിക്ക് മുന്നില്‍ ധാര്‍ഷ്ട്യത്തിന്റെ വിഗ്രഹങ്ങള്‍ വീണുടയും.

''നിങ്ങളന്യോന്യം കലഹിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ നിങ്ങള്‍ ക്ഷയിച്ചുപോകും. നിങ്ങളുടെ കാറ്റുപോകും. നിങ്ങള്‍ ക്ഷമിക്കൂ. അല്ലാഹു ക്ഷമാശീലരോടൊപ്പമാണ്''(അല്‍അന്‍ഫാല്‍: 46).

അബാബീല്‍ പക്ഷികളും മനുഷ്യന്റെ നിസ്സഹായാവസ്ഥയില്‍ അവനെ സഹായിക്കാനാണ് വരുന്നത്. ഖാബീലിന്റെ മുമ്പില്‍ കാക്ക ഒരു ഗുരുവായി (മുഅല്ലിം) കടന്നുവന്നപ്പോള്‍ സുലൈമാന്‍ നബിക്ക് മരംകൊത്തി ഒരു വഴികാട്ടി(മുര്‍ശിദ്) യായി. മക്കയിലെ അറബികളിലെത്തുമ്പോള്‍ അവ യോദ്ധാക്കളായി(മുജാഹിദ്)ത്തീരുന്നു. എവിടെയും നീതിയുടെ ഭാഗത്തേക്കാണ് അവ ചിറകടിക്കുന്നത് എന്നതാണ് ഖുര്‍ആനിലെ പക്ഷിസൂക്തങ്ങളുടെ സൗന്ദര്യം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (1-3)
എ.വൈ.ആര്‍

ഹദീസ്‌

കര്‍മങ്ങള്‍ പാഴാകുന്നതെപ്പോള്‍?
നൗഷാദ് ചേനപ്പാടി