സ്ത്രീ ഇമാമായ 'ജുമുഅ'
ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ജാമിദയുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിലെ വണ്ടൂരിനടുത്ത് ചെറുകോട്ട് ജുമുഅ നമസ്‌കാരം നടന്നതായി വായിക്കാനിടയായി. പുരുഷന്മാരടങ്ങുന്ന ഏതാനും പേര്‍ക്ക് അവര്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയതായാണ് റിപ്പോര്‍ട്ട്. സ്ത്രീകള്‍ ഇങ്ങനെ പൊതുവായി ജുമുഅക്ക് നേതൃത്വം നല്‍കുന്നതിനെ സംബന്ധിച്ച ഇസ്‌ലാമിക വീക്ഷണം എന്താണ്?
ആര്‍.എം സുഹറ, തിരുവോട്, കോഴിക്കോട്
ചില മാധ്യമങ്ങള്‍ സംഭവത്തെ പൊലിപ്പിച്ചുകാട്ടാന്‍ ശ്രമിച്ചെങ്കിലും മുസ്‌ലിം പണ്ഡിതന്മാരോ സംഘടനകളോ ജനസാമാന്യമോ കെണിയില്‍ വീണില്ല. ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി എന്ന കടലാസ് സംഘടനയെക്കുറിച്ച യാഥാര്‍ഥ്യബോധമാണ് കാരണം. ചേകനൂര്‍ മൗലവി ജീവിച്ചിരുന്നപ്പോള്‍ പോലും സമുദായത്തില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ സൊസൈറ്റിക്ക് കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ പിന്‍ഗാമികളാകട്ടെ, ഇസ്‌ലാമിന്റെ ശത്രുക്കളുടെ കൈകളിലെ ഉപകരണങ്ങള്‍ മാത്രമാണെന്ന തിരിച്ചറിവ് സമുദായത്തിനുണ്ട്. സംഘ് പരിവാറിന്റെ അപ്രഖ്യാപിത തടവില്‍ കഴിഞ്ഞ ഹാദിയയെ ഘര്‍വാപ്പസിക്ക് പ്രേരിപ്പിക്കാന്‍ നിയുക്തയായ വനിതയാണ് ജാമിദ. ഹാദിയയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ മുട്ടുമടക്കിയ ജാമിദ, വിഷണ്ണയായി തിരിച്ചുപോരേണ്ടി വന്നതാണ് അനുഭവം. ഹിന്ദു ഐക്യവേദി അടിച്ചിറക്കിയ ഒരു നോട്ടീസ് ഇതെഴുതുമ്പോള്‍ മുന്നിലുണ്ട്. 'ഇന്നലെ ചേകനൂര്‍ മൗലവി, നാളെ ജാമിദ ടീച്ചര്‍ ആകാതിരിക്കാന്‍.... മത തീവ്രവാദികള്‍ ഉയര്‍ത്തുന്ന ഭീഷണിക്കെതിരെ... ഐക്യദാര്‍ഢ്യ സമ്മേളനം 2018 ജനുവരി 9 ചൊവ്വാഴ്ച കോഴിക്കോട് കോര്‍പ്പറേഷന്‍ സാംസ്‌കാരിക നിലയം. ഉദ്ഘാടനം ആര്‍.വി ബാബു (ജനറല്‍ സെക്രട്ടറി, ഹിന്ദു ഐക്യവേദി'). ഇതാണ് നോട്ടിസിന്റെ ഉള്ളടക്കം. അപ്പോള്‍ ജാമിദയെയും ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയെയും തിരശ്ശീലക്കു പിന്നില്‍ നിന്നല്ല, മുന്നില്‍ നിന്നുതന്നെ നയിക്കുന്നത് ആരാണെന്ന് വ്യക്തമല്ലേ?
മുസ്‌ലിം സമൂഹം പ്രവാചകന്റെ കാലം മുതല്‍ ഇന്നേവരെ നിലനിര്‍ത്തിപ്പോരുന്ന അഞ്ചു നേര നമസ്‌കാരത്തെ പാടേ തള്ളിക്കളഞ്ഞവരാണ് ഖുര്‍ആനോ സുന്നത്തോ ഇല്ലാത്ത ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി. ഇസ്‌ലാമില്‍ മൂന്നു നേരമേ നമസ്‌കാരമുള്ളൂ, ളുഹ്‌റും മഗ്‌രിബും ജൂതന്മാര്‍ക്കു വേണ്ടി അബൂഹുറയ്‌റ നിര്‍മിച്ചെടുത്തതാണ്, രണ്ട് റക്അത്തിലധികം നമസ്‌കാരമേ ഇല്ല, മുസ്‌ലിംകള്‍ പരമ്പരാഗതമായി നിലനിര്‍ത്തിപ്പോരുന്ന രീതിയോ ഘടനയോ നമസ്‌കാരത്തിനില്ല, അതൊക്കെ ജൂതായിസമാണ് എന്നിത്യാദി വിതണ്ഡവാദങ്ങള്‍ ആവര്‍ത്തിക്കാനാണ് ആയുഷ്‌കാലത്തിന്റെ സിംഹഭാഗവും ചേകനൂര്‍ ചെലവഴിച്ചത്. അദ്ദേഹമെഴുതിയ പുസ്തകങ്ങളില്‍ മുഖ്യമായവയും തദ്വിഷയകമാണ്. ഓരോ പുസ്തകത്തിലും പ്രവാചകശിഷ്യനായ അബൂഹുറയ്‌റയെ ഒരു നൂറ് തവണയെങ്കിലും ജൂതനെന്ന് തെറി വിളിച്ചതാണ് അദ്ദേഹത്തിന്റെ പ്രധാന സംഭാവന. കേരളത്തില്‍ ജൂതന്മാര്‍ അവശേഷിച്ചിരുന്നുവെങ്കില്‍ സമുദായ സ്പര്‍ധ വളര്‍ത്തിയതിനും ഒരു സമുദായത്തെ മൊത്തം അപകീര്‍ത്തിപ്പെടുത്തിയതിനും മൗലവിക്കെതിരെ നീതിപീഠങ്ങളെ സമീപിക്കുമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. സ്വസമുദായത്തെയും മതത്തെയും തള്ളിപ്പറഞ്ഞ ഒരാള്‍ക്കൂട്ടം ശ്രദ്ധ പിടിച്ചുപറ്റാന്‍ നടത്തിയ പ്രഹസനം മാത്രമായിരുന്നു ജാമിദയുടെ നേതൃത്വത്തില്‍ ചെറുകോട്ട് നടന്ന 'ജുമുഅ'. ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി ആപ്പീസിലെ ഈ അഭ്യാസത്തില്‍ പങ്കെടുത്തവരുടെ എണ്ണം 20,30,50 എന്നിങ്ങനെ പല മാധ്യമങ്ങളില്‍ പലതാണ്. എന്തായാലും അതിന്റെ പേരില്‍ സ്ത്രീയുടെ ഇമാമത്ത് വിഷയം ചര്‍ച്ചയാക്കേണ്ടതേ ഇല്ല. തദ്വിഷയകമായി പണ്ഡിതന്മാര്‍ അഭിപ്രായം രേഖപ്പെടുത്തിക്കഴിഞ്ഞതുമാണ്. ആമിന വദൂദ് എന്ന വനിത അമേരിക്കയില്‍ ആദ്യ വനിതാ നിയന്ത്രിത ജുമുഅ നടത്തിയപ്പോള്‍ തന്നെ ഇസ്‌ലാമിക ചരിത്രത്തില്‍ മുന്‍മാതൃകയില്ലാത്ത ഈ സംഭവത്തെ ഏതാണ്ടെല്ലാ വിഭാഗം പണ്ഡിതന്മാരും തള്ളിക്കളഞ്ഞിട്ടുണ്ട്.
സൈമണ്‍ മാസ്റ്ററുടെ മയ്യിത്ത്
ബൈബിള്‍ പണ്ഡിതനും പില്‍ക്കാലത്ത് ഇസ്‌ലാംമത വിശ്വാസിയും അതിന്റെ വക്താവുമായി മാറിയ ഇ.സി സൈമണ്‍ മാസ്റ്ററുടെ മരണാനന്തരം അദ്ദേഹത്തിന്റെ ജനാസ, അദ്ദേഹത്തിന്റെ ആഗ്രഹത്തിനു വിരുദ്ധമായി മക്കള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിന് പഠനാവശ്യാര്‍ഥം നല്‍കിയതായി അറിഞ്ഞു. സോഷ്യല്‍ മീഡിയയിലടക്കം ഇക്കാര്യത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടന്നു. ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട മഹല്ല് അധികൃതരും പ്രസ്ഥാന പ്രവര്‍ത്തകരും ഇക്കാര്യത്തില്‍ നിസ്സംഗത പുലര്‍ത്തിയതായി വിമര്‍ശനമുണ്ട്. വിശദീകരിക്കാമോ?
കെ. അബ്ദുല്‍മജീദ് നെടിയനാട്, കോഴിക്കോട്
ഇ.സി സൈമണ്‍ മാസ്റ്റര്‍ പ്രബോധനം വായനക്കാര്‍ക്ക് സുപരിചിതനാണ്. ഖുര്‍ആനും ബൈബിളും നന്നായി പഠിച്ച് താരതമ്യത്തിലൂടെ വിശുദ്ധ ഖുര്‍ആനാണ് നിലവിലെ ബൈബിളിനേക്കാള്‍ കുറ്റമറ്റതും സമഗ്രവും എന്ന് മനസ്സിലാക്കി ഖുര്‍ആനിന്റെ പാതയിലേക്ക് പരിവര്‍ത്തനം ചെയ്ത ബുദ്ധിജീവിയാണദ്ദേഹം. ഇസ്‌ലാമിക ശരീഅത്ത് പ്രകാരം തന്റെ ഖബ്‌റടക്കം നടത്തണമെന്നാണ് അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചിരുന്നതെങ്കിലും മക്കള്‍ ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരം തൃശൂര്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ ഏറ്റെടുക്കുകയാണുണ്ടായത്. ഇത് തടയാനും മൃതദേഹത്തിനു വേണ്ടി കലഹിക്കാനും പോയാല്‍ വര്‍ഗീയ സ്പര്‍ധക്കാണ് കളമൊരുങ്ങുക എന്ന് മനസ്സിലാക്കിയാണ് ബന്ധപ്പെട്ട മഹല്ല് ഭാരവാഹികള്‍ മയ്യിത്ത് നമസ്‌കാരം മാത്രം നിര്‍വഹിച്ച് പിന്മാറിയത്. ഇത് നിസ്സംഗതയോ ഭീരുത്വമോ അല്ല, അവസരോചിതമായ സംയമനമാണ്.
മാധ്യമ ധാര്‍മികത
ഇസ്‌ലാം വ്യക്തിയുടെ സ്വകാര്യതയെ മാനിച്ചും സമൂഹത്തിന്റെ സുരക്ഷിതത്വത്തെ മുന്‍നിര്‍ത്തിയും വിലക്കിയ കാര്യങ്ങളാണല്ലോ ഊഹങ്ങള്‍ പ്രചരിപ്പിക്കല്‍, ഒളിഞ്ഞുനോട്ടം, വ്യക്തികളുടെ അന്തസ്സിന് കോട്ടം തട്ടുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ തുടങ്ങിയവ. എന്നാല്‍ ആധുനികകാലത്ത് വാര്‍ത്താ മാധ്യമ രംഗത്ത് നിലനില്‍ക്കുന്ന കിടമാത്സര്യവും സെന്‍സേഷനും മറ്റും കാരണമായി ഈ രംഗത്ത് പുലര്‍ത്തേണ്ട ധാര്‍മിക മര്യാദകള്‍ പാലിക്കാന്‍ പലരും സന്നദ്ധരല്ല. കേരളീയ സാഹചര്യത്തില്‍ മുസ്‌ലിം സമുദായം മാധ്യമ രംഗങ്ങളില്‍ സജീവമാണെന്നു കാണാം. പക്ഷേ മുകളില്‍ സൂചിപ്പിച്ച ധാര്‍മിക മര്യാദകള്‍ പാലിച്ചുകൊണ്ട് നിലവിലെ മാധ്യമ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം മുന്നോട്ടുപോയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
നിസാര്‍, ബാലരാമപുരം
'വിശ്വാസികളേ, ഒരു അധര്‍മകാരി വല്ല വാര്‍ത്തയുമായി നിങ്ങളെ സമീപിച്ചാല്‍ നിങ്ങളതിന്റെ നിജഃസ്ഥിതി അന്വേഷിക്കണം; അല്ലാഞ്ഞാല്‍ കാര്യമറിയാതെ ഒരു ജനവിഭാഗത്തിനു നിങ്ങള്‍ വിപത്ത് വരുത്താന്‍ ഇടവരും; പിന്നെ നിങ്ങളുടെ പ്രവൃത്തിയോര്‍ത്ത് നിങ്ങള്‍ ഖേദിക്കേണ്ടിയും വരും' (അല്‍ ഹുജ്‌റാത്ത് 6) എന്നാണ് മാധ്യമവൃത്തിയെ സംബന്ധിച്ചേടത്തോളം വിശുദ്ധ ഖുര്‍ആന്റെ മാര്‍ഗരേഖ. ലഭിക്കുന്ന ഏതു വാര്‍ത്തയും സത്യാവസ്ഥ ഉറപ്പുവരുത്തിയേ പ്രസിദ്ധീകരിക്കാവൂ; അതുതന്നെ പൊതു താല്‍പര്യമുള്ളതാണെങ്കില്‍. അനാവശ്യമായി വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതും അങ്ങനെ കിട്ടിയതൊക്കെ പരസ്യപ്പെടുത്തുന്നതും ഇസ്‌ലാം കര്‍ശനമായി നിരോധിച്ചതാണ്. അനാരോഗ്യകരമായ മത്സരവും വായനക്കാരെ/പ്രേക്ഷകരെ ആകര്‍ഷിക്കാനുള്ള വ്യഗ്രതയും നിമിത്തം മുസ്‌ലിം മാധ്യമങ്ങള്‍ക്കു പോലും ധാര്‍മിക പരിധികള്‍ പാലിക്കാന്‍ കഴിയാതെ പോവുന്നുണ്ട്. അത് ന്യായീകരിക്കാനാവില്ല. എന്നാല്‍ സര്‍ക്കാറിന്റെയോ പൊതു സ്ഥാപനങ്ങളുടെയോ തെറ്റായ ചെയ്തികളും ജനദ്രോഹകരമായ നടപടികളും വസ്തുനിഷ്ഠമായി അന്വേഷിച്ചു കണ്ടെത്തി പുറത്തു കൊണ്ടുവരുന്നത് ഈ ഗണത്തില്‍പെടില്ല. അക്കാര്യത്തില്‍ സാധ്യമാവുംവിധം സത്യസന്ധത ഉറപ്പുവരുത്തിയിരിക്കണം എന്നു മാത്രം. അപ്പോഴും ബന്ധപ്പെട്ടവരുടെ വിശദീകരണമോ നിഷേധമോ ജനങ്ങളിലെത്തിക്കാനുള്ള ആര്‍ജവം കാട്ടുന്നതാണ് നീതി.
Comments