സഹവര്‍ത്തിത്വത്തിന്റെ ചരിത്രപാഠങ്ങള്‍ വിളംബരം ചെയ്ത് ഹിസ്റ്ററി കോണ്‍ഫറന്‍സ്
രാജ്യം അടക്കി ഭരിക്കുന്നത് ധ്രുവീകരണത്തിന്റെയും സംഘര്‍ഷത്തിന്റെയും രാഷ്ട്രീയമാണ്. അധികാരത്തിലെത്താനും ആധിപത്യമുറപ്പിക്കാനുമുള്ള മൂലധനമായി സാമൂഹികവും സാംസ്‌കാരികവുമായ സംഘര്‍ഷങ്ങള്‍ ഉപയോഗപ്പെടുത്തപ്പെടുന്നു. പരസ്പര ബന്ധങ്ങളും കൊടുക്കല്‍ വാങ്ങലുകളും മാനവരാശിയെ നിലനിര്‍ത്തുന്നതില്‍ വഹിക്കുന്ന പങ്കിനെ തിരസ്‌കരിച്ചുകൊണ്ടാണ് ഇന്ന് അധികാരികള്‍ മുന്നോട്ടുപോകുന്നത്. ഇത്തരമൊരു ലോകസാഹചര്യത്തില്‍ വ്യത്യസ്തവും വൈവിധ്യമാര്‍ന്നതുമായ ചരിത്രപാഠങ്ങള്‍ പകര്‍ന്നുനല്‍കുന്നതായിരുന്നു രണ്ട് ദിവസങ്ങളിലായി കോഴിക്കോട് ജെ.ഡി.റ്റി കാമ്പസില്‍ നടന്ന ഹിസ്റ്ററി കോണ്‍ഫറന്‍സ്. വിദ്വേഷത്തിന്റെയും പകയുടെയും രാഷ്ട്രീയ നീക്കങ്ങളെ സഹവര്‍ത്തിത്വത്തിലൂടെ സാഹോദര്യമൂല്യങ്ങള്‍ വളര്‍ത്തി പ്രതിരോധിക്കണമെന്നാണ് കേരള ചരിത്രം നല്‍കുന്ന പാഠം. ഇതിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതും പ്രായോഗിക മാതൃകകള്‍ ഓര്‍മിപ്പിക്കുന്നതുമായിരുന്നു 'സാമൂഹിക സഹവര്‍ത്തിത്വം: കേരള ചരിത്രപാഠങ്ങള്‍' എന്ന തലക്കെട്ടില്‍ മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടി.
2018 ഫെബ്രുവരി 10,11 ദിവസങ്ങളിലായിരുന്നു ഹിസ്റ്ററി കോണ്‍ഫറന്‍സ്. ചരിത്രത്തിന്റെ വിവിധ ഉള്‍പിരിവുകളില്‍ സാമൂഹിക സാഹോദര്യത്തിനും സമുദായ സഹവര്‍ത്തിത്വത്തിനും നല്‍കപ്പെട്ട പ്രാധാന്യവും ആത്മീയ-സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങള്‍, രാഷ്ട്രീയ സമരങ്ങള്‍, കല, സാഹിത്യം, സിനിമ തുടങ്ങിയ മേഖലകളില്‍ വിവിധ ജനവിഭാഗങ്ങള്‍ കാഴ്ചവെച്ച മാതൃകകളും വിവരിക്കുന്ന ഏഴ് അക്കാദമിക സെഷനുകളാണ് മൂന്ന് വേദികളിലായി നടന്നത്. ഇതിന് പുറമെയായിരുന്നു രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്ത ഉദ്ഘാടന-സമാപന സമ്മേളനങ്ങള്‍.
ഉദ്ഘാടന സെഷനില്‍ സാംസ്‌കാരിക-രാഷ്ട്രീയ പ്രമുഖര്‍ സന്നിഹിതരായി. രാജ്യത്തിന്റെ ചരിത്രം തിരുത്തിയെഴുതുന്ന സംഘ് പരിവാര്‍ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യത്തെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ദുര്‍വ്യാഖ്യാനിക്കുകയാണെന്ന് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. രാജ്യം സ്വാതന്ത്ര്യം നേടിയതുപോലും വൈവിധ്യങ്ങളുടെ കൂടിച്ചേരല്‍ രൂപപ്പെടുത്തിയ പോരാട്ടത്തിലൂടെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ഭൂപ്രകൃതിയും പടിഞ്ഞാറുവശത്തെ സമുദ്ര സാന്നിധ്യവും വിദേശികളെ ആകര്‍ഷിക്കുകയും ഇതിലൂടെ വിവിധ സമൂഹങ്ങള്‍ തമ്മിലുള്ള കൂടിച്ചേരലുകള്‍ക്ക് വഴിയൊരുക്കുകയുമായിരുന്നുവെന്ന് ചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണന്‍ അഭിപ്രായപ്പെട്ടു. പുരാതന കാലത്ത് ആഗോള കമ്പോളത്തില്‍ കേരളത്തിനുണ്ടായിരുന്ന സ്വാധീനം സാമൂഹിക സഹവര്‍ത്തിത്വത്തിന് നിമിത്തമായെന്നും അദ്ദേഹം പറഞ്ഞു.
കലാപങ്ങളിലൂടെ നൂറുകണക്കിന് ന്യൂനപക്ഷവിഭാഗത്തില്‍ പെട്ടവരെ അരുംകൊല ചെയ്ത സംഘ് പരിവാര്‍ മുത്ത്വലാഖിലൂടെ മുസ്‌ലിം സ്ത്രീകളുടെ കണ്ണീരൊപ്പാന്‍ ശ്രമിക്കുന്നത് കാപട്യമാണെന്ന് എം.ഐ ഷാനവാസ് എം.പി അഭിപ്രായപ്പെട്ടു. ആഴത്തിലുള്ള സൗഹാര്‍ദമാണ് കേരളത്തെ രൂപപ്പെടുത്തിയതെന്നും വിവിധ സമുദായങ്ങളുടെ സാഹോദര്യത്തിന് മികച്ച മാതൃകയാണ് കേരളത്തിന്റെ പുരാതന ചരിത്രമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദാഹരണങ്ങള്‍ നിരത്തി സമര്‍ഥിച്ചു. മതനിരപേക്ഷതയിലും ബഹുസ്വരതയിലും വൈവിധ്യങ്ങളിലും ഊട്ടിയുറപ്പിക്കപ്പെട്ട രാജ്യം ഫാഷിസ്റ്റ് ഭീഷണി നേരിടുമ്പോള്‍ സംഘടിതമായി ചെറുത്തുതോല്‍പിക്കാന്‍ ശ്രമിക്കണമെന്ന് ബിനോയ് വിശ്വം പറഞ്ഞു.
ചരിത്രത്തെ വക്രീകരിക്കുന്നതും വികൃതമാക്കുന്നതും എക്കാലത്തും രാഷ്ട്രീയത്തിന്റെ അതിപ്രസരമാണെന്ന് മുന്‍ എം.പി ടി.കെ ഹംസ പറഞ്ഞു. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് എന്നും ചരിത്ര രചന നടന്നിട്ടുള്ളത്. കേരളവും അതില്‍നിന്ന് ഭിന്നമല്ലെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തില്‍ അസന്നിഹിതമാക്കപ്പെട്ട ദലിത് സമൂഹങ്ങളെ വീണ്ടും അപ്രത്യക്ഷമാക്കാനുള്ള ശ്രമമാണ് സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്ന ആവശ്യത്തിന് പിന്നിലുള്ളതെന്ന് പ്രമുഖ ആക്ടിവിസ്റ്റും ചരിത്രകാരനുമായ കെ.കെ കൊച്ച് പറഞ്ഞു.
ചരിത്രത്തിലെ സാമുദായിക സഹവര്‍ത്തിത്വം പോലും നിരപേക്ഷമല്ലെന്നും അതത് കാലത്തെ അധികാര കേന്ദ്രങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് നിര്‍മിക്കപ്പെട്ടതാണെന്നും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ചരിത്ര വിഭാഗം തലവന്‍ ഡോ കെ. എസ് മാധവന്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യ സമൂഹത്തിന്റെ നിലനില്‍പിന് അനിവാര്യമായ വൈജ്ഞാനിക ശ്രമമാണ് ചരിത്ര കോണ്‍ഫറന്‍സ് എന്നും അദ്ദേഹം പറഞ്ഞു.
വൈജ്ഞാനിക അന്വേഷണങ്ങള്‍ സംഘ് പരിവാര്‍ കാലത്ത് ഒരു സാമൂഹിക പ്രവര്‍ത്തനവും രാഷ്ട്രീയ ആയുധവുമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള ഉപാധ്യക്ഷന്‍ പി. മുജീബുര്‍റഹ്മാന്‍ പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ കേരള മുസ്‌ലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷത വഹിച്ചു. കോഡിനേറ്റര്‍ ശിഹാബ് പൂക്കോട്ടൂര്‍ സ്വാഗതവും ഫൈസല്‍ പൈങ്ങോട്ടായി നന്ദിയും പറഞ്ഞു.
ആദ്യ ദിനം 'കേരളത്തിന്റെ സൗഹൃദ പാരമ്പര്യവും ചരിത്ര പാഠങ്ങളും' എന്ന വിഷയത്തില്‍ നടന്ന സെഷന്‍ ശ്രദ്ധേയമായി. സെഷനില്‍ മാധ്യമം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വി.എം ഇബ്‌റാഹീം അധ്യക്ഷത വഹിച്ചു. 'കേരളം: ദൈവത്തിന്റെ സ്വന്തം നാട്' എന്ന മുദ്രാവാക്യം കേരളത്തിന്റെ സംസ്‌കാരം, പൈതൃകം, ചരിത്രം എന്നിവയില്‍ ഊന്നി നില്‍ക്കുന്നതാണെന്ന് പി.എസ്.എം.ഒ കോളേജ് ചരിത്രവിഭാഗം മുന്‍ തലവന്‍ ഡോ. കെ.കെ അബ്ദുസ്സത്താര്‍ പറഞ്ഞു. മിത്തുകള്‍ നമ്മുടെ രാജ്യത്ത് പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഉദാഹരണമാണ് അഫ്രാസുല്‍ ഖാന്റെ കൊലപാതകമെന്ന് മുക്കം എം.എ.എം.ഒ കോളേജ് അസി. പ്രഫസര്‍ ഡോ. അജ്മല്‍ മുഈന്‍ അഭിപ്രായപ്പെട്ടു. സംഘ് പരിവാറിനെ പോലെ തന്നെ എതിര്‍ക്കപ്പെടേണ്ട ഒന്നാണ് ഇടതുപക്ഷ സാംസ്‌കാരികതയെന്ന് സംഗീതജ്ഞനും ആക്റ്റിവിസ്റ്റുമായ എ. എസ് അജിത്കുമാര്‍ പറഞ്ഞു. സഹവര്‍ത്തിത്വം എന്ന പദം ഇന്ത്യയില്‍ ഉണ്ടായിരുന്നു എന്നു പറയേണ്ട സാഹചര്യമാണിന്നുള്ളതെന്ന് ചെന്നൈ ന്യൂ കോളജ് അസി. പ്രഫസര്‍ ഇ.എസ് അസ്‌ലം അഭിപ്രായപ്പെട്ടു. ഹൈദരലിയുമായി ബന്ധപ്പെട്ട സൗഹൃദങ്ങള്‍ രേഖപ്പെടുത്തുന്ന ഒരുപാട് കഥകള്‍ ചരിത്രത്തില്‍ കാണാമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ അസി. പ്രഫസര്‍ ഡോ. എം.പി മുജീബുര്‍റഹ്മാന്‍ പറഞ്ഞു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഫീദ അഹ്മദ് ചര്‍ച്ചയുടെ കോഡിനേറ്ററായിരുന്നു.
'കേരളം: സാമൂഹിക സഹവര്‍ത്തിത്വത്തിന്റെ ചരിത്രവും വായനയും' എന്ന തലക്കെട്ടില്‍ നടന്ന സമാന്തര സെഷന്‍ കേരള ചരിത്രത്തിലെ സഹവര്‍ത്തിത്വ പാഠങ്ങളെ പകര്‍ന്നുനല്‍കുന്നതായിരുന്നു. ജമാഅത്തെ ഇസ്ലാമി കേരള ജനറല്‍ സെക്രട്ടറി എം.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ചരിത്രത്തെ മുതലെടുക്കുന്ന പ്രവണതകള്‍ മേല്‍ക്കോയ്മ നേടുന്ന കാലത്ത് സഹവര്‍ത്തിത്വത്തെക്കുറിച്ച ഏടുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുമാത്രമേ പ്രതിരോധം തീര്‍ക്കാനാകൂ എന്ന് തിരുവിതാംകൂറിലെ സാമൂഹികസഹവര്‍ത്തിത്വത്തെക്കുറിച്ച് സംസാരിച്ച ഡോ. ടി. ജമാല്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു. നവീനരാമായണം, ശ്രീകൈരളി ഭഗവദ്ഗീത തുടങ്ങിയ ബൃഹദ്കൃതികള്‍ മുസ്ലിം പണ്ഡിതന്മാരും, വിശുദ്ധ ഖുര്‍ആന്റെ അഞ്ചോളം പരിഭാഷകള്‍ ഹൈന്ദവ പണ്ഡിതന്മാരും നിര്‍വഹിച്ച സമ്പന്ന പാരമ്പര്യമാണ് കേരളത്തിനുള്ളതെന്നും എന്നാല്‍ അവ പ്രകാശിപ്പിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതില്‍ ചരിത്രപരമായ വലിയ വീഴ്ച നാം വരുത്തിയിരിക്കുകയാണെന്നും പ്രശസ്ത ചരിത്രസൂക്ഷിപ്പുകാരന്‍ അബ്ദുര്‍റഹ്മാന്‍ മങ്ങാട് അഭിപ്രായപ്പെട്ടു.
മതപരിവര്‍ത്തനങ്ങള്‍ കേരളത്തിന്റെ സമൂഹനിര്‍മിതിയില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും സാമൂഹിക ധ്രുവീകരണത്തിന് ഇതിനെ ഉപയോഗപ്പെടുത്തുന്നതിനെ നാം കരുതിയിരിക്കണമെന്നും ദക്ഷിണകേരളത്തിലെ സാമൂഹികസഹവര്‍ത്തിത്വത്തിന്റെ ചരിത്രം അവതരിപ്പിച്ച പ്രബോധനം സബ് എഡിറ്റര്‍ സദ്‌റുദ്ദീന്‍ വാഴക്കാട് പറഞ്ഞു. കേരളം കത്തിയെരിയുന്ന കാലത്ത് സാമൂഹിക സഹവര്‍ത്തിത്വത്തിന്റെ ഉദ്ബുദ്ധപാഠങ്ങള്‍ പകര്‍ന്നുനല്‍കിക്കൊണ്ട് രചിക്കപ്പെട്ട ചരിത്രഗ്രന്ഥങ്ങളാണ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ തുഹ്ഫതുല്‍ മുജാഹിദീനും ഖാദി മുഹമ്മദിന്റെ ഫത്ഹുല്‍ മുബീനുമെന്ന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് അസി. പ്രഫസര്‍ ഡോ. ശരീഫ് ഹുദവി അഭിപ്രായപ്പെട്ടു. കേരളത്തിന്റെ സാഹോദര്യസംസ്‌കൃതിയില്‍ മഹിളാരത്‌നങ്ങളുടെ ഉത്കൃഷ്ടപാരമ്പര്യമാണുള്ളതെന്ന് സാമൂഹികസഹവര്‍ത്തിത്വത്തില്‍ സ്ത്രീകളുടെ പങ്ക് എന്ന വിഷയം അവതരിപ്പിച്ച ആരാമം സബ്എഡിറ്റര്‍ ഫൗസിയ ഷംസ് പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി മീഡിയാ സെക്രട്ടറി ടി. ശാകിര്‍ ആമുഖഭാഷണം നിര്‍വഹിച്ചു.
'രാഷ്ട്രീയ സൗഹൃദം: സമവായവും സംഘര്‍ഷവും' എന്ന തലക്കെട്ടില്‍ തുടര്‍ന്ന് നടന്ന സെഷന്‍ കേരള ചരിത്രത്തിലുണ്ടായ സമവായങ്ങളിലും സംഘര്‍ഷങ്ങളിലും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും നേട്ടങ്ങള്‍ക്കുമുള്ള സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു. വ്യത്യസ്തമായ ആശയങ്ങളും സിദ്ധാന്തങ്ങളും ഉള്ളതുകൊണ്ടാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ന്നുവരുന്നതെന്ന് അധ്യക്ഷത വഹിച്ച വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. ഒരു ചെറിയ ശതമാനം വിഭാഗമാണ് എല്ലാകാലത്തും രാഷ്ട്രീയത്തില്‍ അക്രമമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നായിരുന്നു പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ അഭിപ്രായം.
കൂടുതല്‍ രാഷ്ട്രീയബോധമുണ്ടാക്കലാണ് സാഹോദര്യവും സഹവര്‍ത്തിത്വവും വര്‍ധിപ്പിക്കാനുള്ള മാര്‍ഗമെന്ന് തുടര്‍ന്ന് സംസാരിച്ച ഡോ. പി.ജെ വിന്‍സന്റ് പറഞ്ഞു. കാമ്പസുകളില്‍നിന്ന് രാഷ്ട്രീയം എടുത്തുക്കളയാനുള്ള ശ്രമം അരാഷ്ട്രീയവല്‍ക്കരണത്തെയാണ് ത്വരിതപ്പെടുത്തുകയെന്ന് പ്രഫ. എ.പി അബ്ദുല്‍ വഹാബ് പറഞ്ഞു.
സുപ്രീം കോടതിയിലെ മുതിര്‍ന്ന നാലു ജഡ്ജിമാര്‍ ജനാധിപത്യം അപകടത്തിലാണ് എന്ന് വിളിച്ചുപറയേണ്ട സാഹചര്യമുണ്ടായതാണ് ഇന്ത്യന്‍ രാഷ്ട്രീയം നേരിടുന്ന വെല്ലുവിളിയെന്ന് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് പറഞ്ഞു. രാജ്യത്തെ ഇരകളോട് ഐക്യപ്പെടുന്ന സൗഹൃദമായിരിക്കണം വളര്‍ന്നുവരേണ്ടതെന്ന് എഫ്.ഐ.ടി.യു ദേശീയ സെക്രട്ടറി റസാഖ് പാലേരി പറഞ്ഞു.
കോടതിക്കെതിരെ ജഡ്ജിമാര്‍ ഉയര്‍ത്തിയതുപോലുള്ള ചോദ്യങ്ങള്‍ ഈ വ്യവസ്ഥക്കുള്ളില്‍നിന്നുതന്നെ ഉയരുന്നുണ്ടെന്നതാണ് പ്രതീക്ഷയെന്ന് മീഡിയാ വണ്‍ മാനേജിംഗ് എഡിറ്റര്‍ സി. ദാവൂദ് പറഞ്ഞു. ഇസ്‌ലാമോഫോബിയ പോലുള്ള പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാധിക്കുന്നില്ലെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡണ്ട് ശംസീര്‍ ഇംബ്റാഹീം അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ് സെഷന്‍ കോഡിനേറ്ററായിരുന്നു.
ഹിസ്റ്ററി കോണ്‍ഫറന്‍സിന്റെ രണ്ടാം ദിവസത്തെ ആദ്യ സെഷന്‍ ചരിത്രരചനകളില്‍ കേന്ദ്രീകരിച്ചുള്ളതായിരുന്നു. 'ചരിത്ര രചനയും സൗഹൃദത്തിന്റെ വീണ്ടെടുപ്പുകളും' എന്ന തലക്കെട്ടില്‍ നടന്ന ചര്‍ച്ചയില്‍ ചരിത്ര രചനകളുടെ പശ്ചാത്തലങ്ങളും പ്രതിസന്ധികളും അവതരിപ്പിക്കപ്പെട്ടു. ഭാവിയിലെ സംഭവവികാസങ്ങളെ നിര്‍ണായകമായി സ്വാധീനിക്കാന്‍ സാധിക്കുന്ന നിയാമകശക്തിയുടെ റോള്‍ ചരിത്രത്തിനുണ്ട്. ക്രിയാത്മകമായി ചരിത്രത്തെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ചാണ് നാം ആലോചിക്കേണ്ടത്. ആളുകള്‍ക്കിടയില്‍ സഹവര്‍ത്തിത്വം സാധ്യമാക്കുന്ന തരത്തില്‍ അവയെ ഉപയോഗപ്പെടുത്താനാകണം - സെഷനില്‍ അധ്യക്ഷത വിഹിച്ച ഡോ. കൂട്ടില്‍ മുഹമ്മദലിയുടെ വാക്കുകള്‍.
ചരിത്രം ആത്മനിഷ്ഠമായാണ് നിലകൊള്ളുന്നതെന്നും വസ്തുതാപരമായ ചരിത്രം കണ്ടെത്തല്‍ അസാധ്യമാണെന്നും അതിനാല്‍ തന്നെ ചരിത്രത്തിന്റെ കാര്യത്തില്‍ സൂക്ഷ്മമായ അപഗ്രഥനവും അപനിര്‍മാണവുമാണ് ഉണ്ടാവേണ്ടതെന്നും നോവലിസ്റ്റും കഥാകൃത്തുമായ യു.കെ കുമാരന്‍ അഭിപ്രായപ്പെട്ടു. ആധുനികതക്ക് തുടക്കം കുറിച്ച ഭരണാധികാരിയായാണ് ടിപ്പു സുല്‍ത്താനെ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് കാണുന്നത്. എന്നാല്‍ ഈ കാര്യത്തെ പത്ത് കള്ളക്കഥകളിലൊന്നായാണ് മറ്റൊരു ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ വിലയിരുത്തുന്നത്. ചരിത്ര തമസ്‌കരണത്തിലും ചരിത്ര വെളിപ്പെടുത്തലിലും കൃത്യമായ രാഷ്ട്രീയമുണ്ട്. അവ തിരിച്ചറിഞ്ഞാണ് ചരിത്ര രചനയില്‍ വ്യാപൃതമാവേണ്ടതെന്ന് എഴുത്തുകാരന്‍ കെ.ടി ഹുസൈന്‍ സൂചിപ്പിച്ചു. ചരിത്രവും ചരിത്രരചനയും സത്യസന്ധതയുടെയും സര്‍ഗാത്മകതയുടെയും വേദിയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച എഴുത്തുകാരന്‍ പി.ടി. കുഞ്ഞാലി അഭിപ്രായപ്പെട്ടു.
ഹിന്ദു-മുസ്ലിം ബൈനറി ആധുനികതയുടെ നിര്‍മിതിയാണ്. ഈ ബൈനറിവെച്ച് ചരിത്രത്തെ സമീപിക്കുന്നതില്‍ ഒട്ടേറെ പരിമിതികളുണ്ട്. കാരണം, മുസ്ലിംകളോടൊപ്പം എപ്പോഴും ഉണ്ടായിരുന്നത് കീഴാള വിഭാഗമായിരുന്നു - പി.എസ്.എം.ഒ കോളേജ് അസി. പ്രഫസര്‍ വി. ഹിക്മത്തുല്ല പറഞ്ഞു. ഇന്ത്യന്‍ ചരിത്രത്തില്‍ മുസ്ലിംകളുടെ സ്ഥാനം എവിടെയാണ് എന്ന പരിശോധനയാണ് ഹൈദരാബാദ് യൂനിവേഴ്സിറ്റി ഗവേഷകന്‍ താഹിര്‍ ജമാല്‍ നടത്തിയത്. സെഷന്‍ കോഡിനേറ്റര്‍ വി.എം. ബദീഉസ്സമാന്‍ ചര്‍ച്ച നിയന്ത്രിച്ചു.
'സാമൂഹിക സഹവര്‍ത്തിത്വം: പ്രദേശങ്ങളും സംഭവങ്ങളും' എന്ന തലക്കെട്ടില്‍ നടന്ന സമാന്തര സെഷനില്‍ പി.പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ പ്രാധാന്യമുള്ള സംഘര്‍ഷങ്ങള്‍ക്കും സഹവര്‍ത്തിത്വത്തിനും ഇടയിലാണ് ചരിത്രം വികസിച്ചത്. പഴശ്ശിയും കുറ്റ്യാടിയിലെ വിവിധ സാമൂഹിക നേതൃത്വവും തമ്മില്‍ മികച്ച ബന്ധം നിലനിര്‍ത്തിയിരുന്നു. ഇത്തരം സഹവര്‍ത്തിത്വത്തിന്റെ കഥയാണ് കുറ്റ്യാടിക്ക് പറയാനുള്ളതെന്നും ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗം ഖാലിദ് മൂസ നദ്വി അഭിപ്രായപ്പെട്ടു. ചരിത്ര പഠനത്തില്‍ തുല്യതയില്ലാത്ത ഏടാണ് പൊന്നാനിയുടേതെന്ന് ഗ്രന്ഥകാരനും ചരിത്രകാരനുമായ ടി.വി അബ്ദുര്‍റഹ്മാന്‍ കുട്ടി അഭിപ്രായപ്പെട്ടു.
ഭൂതകാലത്തെക്കുറിച്ചുള്ള ഊഹങ്ങളെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിച്ച് എഴുതിയതാണ് നിലവിലുള്ള ചരിത്രമെന്ന് മലപ്പുറം ഗവ. കോളേജ് അസി. പ്രഫസര്‍ ഡോ. ജമീല്‍ അഹ്മദ് പറഞ്ഞു. ജന്മി-കുടിയാന്‍ പ്രശ്നമാണ് നാദാപുരം സംഘര്‍ഷങ്ങളുടെ അടിസ്ഥാനമെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ശൂറാംഗം ടി. മുഹമ്മദ് വേളം അഭിപ്രായപ്പെട്ടു. ജന്മിമാര്‍ മുസ്‌ലിംകളും കുടിയാന്മാര്‍ കീഴ്ജാതിക്കാരുമായിരുന്നു. പിന്നീടത് ഹിന്ദു-മുസ്‌ലിം, സി.പി.എം-ആര്‍.എസ്.എസ്, ലീഗ്-സി.പി.എം സംഘര്‍ഷങ്ങളായി പ്രശ്നവല്‍ക്കരിക്കപ്പെടുകയായിരുന്നു. നമ്മുടെ രാജ്യത്ത് വിവിധ മതങ്ങളും ജാതികളും സമുദായങ്ങളുമുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയും പിന്നീട് അവര്‍ക്കിടയില്‍ ഏകത്വം കൊണ്ടുവരാന്‍ ശ്രമിക്കുന്നതുമാണ് 'നാനാത്വത്തില്‍ ഏകത്വം' എന്ന ആശയമെന്ന് റിസര്‍ച്ച് സ്‌കോളര്‍ ഡോ. മുഹമ്മദ് ശഫീഖ് പറഞ്ഞു.
മുസ്‌ലിം ഹെറിറ്റേജ് പ്രൊജക്ട് കോഡിനേറ്റര്‍ എ.ടി യൂസുഫലി സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി കെ.കെ ഫാത്വിമ സുഹ്‌റ സെഷന്‍ കോഡിനേറ്ററായിരുന്നു.
ഞായറാഴ്ച ഉച്ചക്കു ശേഷം നടന്ന സെഷനില്‍ കല, സാഹിത്യം, സിനിമ എന്നീ ജനപ്രിയ സംസ്‌കാരങ്ങളുടെ ചരിത്രമാണ് വിലയിരുത്തപ്പെട്ടത്. 'സാഹിത്യവും സൗഹൃദവും' എന്ന തലക്കെട്ടില്‍ നടന്ന ചര്‍ച്ചയില്‍ ഒ. അബ്ദുര്‍റഹ്മാന്‍ അധ്യക്ഷനായിരുന്നു. സാഹിത്യത്തിലൂടെയും കലയിലൂടെയും വിശ്വമാനവികതയുടെ സന്ദേശമാണ് കൈമാറപ്പെടേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തിന്റെ ശാപം ദാരിദ്ര്യമല്ല, സമ്പത്താണെന്ന് പ്രമുഖ സാഹിത്യകാരന്‍ പി.കെ ഗോപി അഭിപ്രായപ്പെട്ടു. ഹോം സിനിമ സംവിധായകന്‍ സലാം കൊടിയത്തൂര്‍, പ്രബോധനം എക്സിക്യൂട്ടീവ് എഡിറ്റര്‍ അശ്റഫ് കീഴുപറമ്പ്, ടി.പി മുഹമ്മദ് ശമീം, കെ.ജി നിദ ലുലു സംസാരിച്ചു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് സെഷന്‍ കോഡിനേറ്ററായിരുന്നു.
ഹിസ്റ്ററി കോണ്‍ഫറന്‍സിന്റെ ഭാഗമായി നടന്ന അവസാന അക്കാദമിക സെഷനില്‍ ആത്മീയതയുടെ ചരിത്രമാണ് ചര്‍ച്ച ചെയ്തത്. 'ആത്മീയതയും സൗഹൃദവും, മതങ്ങളും ദര്‍ശനങ്ങളും' എന്ന തലക്കെട്ടില്‍ നടന്ന സെഷനില്‍ സമൂഹങ്ങള്‍ക്കും സമുദായങ്ങള്‍ക്കുമിടയിലെ സഹവര്‍ത്തിത്വത്തിന് ഊര്‍ജം പകരുന്നത് മതങ്ങളും ആത്മീയ ദര്‍ശനങ്ങളുമാണെന്ന് അഭിപ്രായമുയര്‍ന്നു. മതങ്ങളെല്ലാം മനുഷ്യ സൗഹാര്‍ദത്തിനും മൈത്രിക്കും വിഘാതമാണെന്നും മതങ്ങളെ കുറിച്ചുള്ള പൊതുസംസാരം അവസാനിപ്പിച്ചുകൊണ്ടു മാത്രമേ സമാധാനം സാധ്യമാകൂ എന്നുമുള്ള പൊതുബോധം ബോധപൂര്‍വം സൃഷ്ടിക്കപ്പെടുന്നതാണെന്നും സെഷനില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീര്‍ വി.ടി അബ്ദുല്ലക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സ്വയം മനസ്സില്‍ പേറുന്ന അഹംഭാവവും സ്വാര്‍ഥ താല്‍പര്യങ്ങളുമാണ് ലോകത്ത് അസമാധാനം ഉണ്ടാക്കിയതെന്നും ഇതിനെ തിരുത്തുകയാണ് മതദര്‍ശനങ്ങള്‍ ചെയ്യുന്നതെന്നും സ്വാമി ആത്മദാസ് യമി പറഞ്ഞു.
ഇസ്ലാമിക വിജ്ഞാനകോശം അസിസ്റ്റന്റ് എഡിറ്റര്‍ ഡോ. എ.എ ഹലീം, ഡോ. ഫൈസല്‍ ഹുദവി, പി.എം.എ ഗഫൂര്‍ സംസാരിച്ചു. പി.വി റഹ്മാബി ചര്‍ച്ച നിയന്ത്രിച്ചു.
രണ്ട് ദിവസത്തെ അക്കാദമിക സെഷനുകളില്‍ ഉയര്‍ന്നുവന്ന വിവിധ ആശയങ്ങള്‍ക്ക് അടിവരയിടുന്നതും പ്രായോഗിക മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതുമായിരുന്നു സമാപന സമ്മേളനം. നീതിയിലും സൗഹാര്‍ദത്തിലുമധിഷ്ഠിതമായ സമൂഹ നിര്‍മിതിക്ക് ആഹ്വാനം ചെയ്താണ് കോണ്‍ഫറന്‍സ് സമാപിച്ചത്. സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും പടര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നു സജീവമാകുമ്പോള്‍ ജനതയുടെ സഹവര്‍ത്തിത്വത്തിന്റെ പാരമ്പര്യം കണ്ടെടുക്കുന്നത് രാഷ്ട്രീയ പ്രതിരോധമാണെന്ന് കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു.
സമാപന സമ്മേളനം ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ പി. മുജീബുര്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു.
സംഘ്പരിവാര്‍ അധികാരത്തിലെത്തിയതോടെ ജനാധിപത്യത്തെ പോലും ജനങ്ങള്‍ ഭയക്കുന്നുവെന്ന് അഡ്വ. കെ.എന്‍.എ ഖാദര്‍ പറഞ്ഞു. പൗരന്റെ മേലുള്ള ഭരണകൂടത്തിന്റെ അധികാര പ്രയോഗത്തിനെതിരായ പ്രതിരോധമാണ് അനിവാര്യമായതെന്ന് കെ.ഇ.എന്‍ പറഞ്ഞു. സി.പി കുഞ്ഞുമുഹമ്മദ്, കെ. അംബുജാക്ഷന്‍, എ. റഹ്മത്തുന്നിസ, ഹാഫിസ് അനസ് മൗലവി, ശൈഖ് മുഹമ്മദ് കാരകുന്ന്, വി.പി ബശീര്‍, പി.സി അന്‍വര്‍, എം.പി അബ്ദുല്‍ഗഫൂര്‍ സംസാരിച്ചു. കേരള മുസ്‌ലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ കോഡിനേറ്റര്‍ ശിഹാബ് പൂക്കോട്ടൂര്‍ സ്വാഗതവും ടി.പി യൂനുസ് നന്ദിയും പറഞ്ഞു.
രണ്ട് ദിവസം എട്ട് വേദികളിലായി 50 പ്രബന്ധങ്ങളാണ് ഹിസ്റ്ററി കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെട്ടത്. ചരിത്ര പഠനത്തിലും അതിന്റെ വിശകലനങ്ങളിലും സംഘര്‍ഷങ്ങളുള്ളതുപോലെ സഹവര്‍ത്തിത്വത്തിനും വലിയ സ്ഥാനമുണ്ടായിരുന്നു. എന്നാല്‍ അധികാരം നിലനിര്‍ത്താനും ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കാനും എല്ലാ കാലത്തും സംഘര്‍ഷങ്ങളെയും ഭിന്നിപ്പുകളെയും ഉപയോഗപ്പെടുത്തുകയാണ് അധീശശക്തികള്‍ ചെയ്തത്. ഇന്നും നടന്നുകൊണ്ടിരിക്കുന്നത് ഇതുതന്നെയാണ്.
ചരിത്രത്തെ തങ്ങളുടെ നേട്ടങ്ങള്‍ക്കായി മാറ്റിയെഴുതാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന അധികാര ശക്തികള്‍ക്കെതിരായ ഏറ്റവും വലിയ പ്രതിരോധമാണ് ചരിത്രത്തിലെ സഹവര്‍ത്തിത്വ പാഠങ്ങള്‍ ഓര്‍ക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക എന്നത്. ഇങ്ങനെ വ്യത്യസ്തമായ ഒരു ചരിത്രാന്വേഷണത്തിനുള്ള ആഹ്വാനമായിരുന്നു ഹിസ്റ്ററി കോണ്‍ഫറന്‍സ്.
Comments