വിയോജിപ്പുകള്‍ക്കിടയിലും പരസ്പരം ആദരിച്ച പണ്ഡിത പാരമ്പര്യം
ആഴവും വൈവിധ്യതയുമുള്ള വൈജ്ഞാനിക ഗവേഷണങ്ങളുടെ നീണ്ട ചരിത്രമുണ്ട് ഇസ്‌ലാമിക സമൂഹത്തിന്. വിശ്വാസം (അഖീദ), തത്ത്വചിന്ത (ഫല്‍സഫ), കര്‍മാനുഷ്ഠാന ശാസ്ത്രം (ഫിഖ്ഹ്), രാഷ്ട്രീയം (സിയാസത്ത്), ആത്മീയത (തസ്‌കിയ്യ, തസ്വവ്വുഫ്) തുടങ്ങിയ വ്യത്യസ്ത മേഖലകളില്‍ ഖുര്‍ആനിനെയും സുന്നത്തിനെയും ചിന്താ മനനങ്ങളെയും ആധാരമാക്കി നടത്തിയ ബൗദ്ധിക പ്രവര്‍ത്തനങ്ങള്‍, ഇസ്‌ലാമിക സമൂഹം അനേകം കൈവഴികളായി ഒഴുകാന്‍ നിമിത്തമായി. ചിലപ്പോള്‍ പരസ്പരം സന്ധിച്ചും ആശയങ്ങള്‍ പങ്കുവെച്ചും മറ്റു ചിലപ്പോള്‍ പരസ്പരം സംഘര്‍ഷപ്പെട്ടുമൊക്കെയാണ് ആ കൈവഴികള്‍ മുന്നോട്ടുപോയത്.
അശ്അരി, മുഅ്തസിലി, മാതുരിദീ വിശ്വാസ ധാരകള്‍, മാലികി, ഹനഫി, ശാഫിഈ, ഹമ്പലി, ളാഹിരീ. കര്‍മശാസ്ത സരണികള്‍, ബഹുമുഖ മാനങ്ങളുള്ള സുന്നീ - ശീഈ ധാരകള്‍ തുടങ്ങിയവയെല്ലാം ആശയ വൈവിധ്യങ്ങളുടെ ആവിഷ്‌കാര സാധ്യതകള്‍ ഒരു വശത്ത് തുറന്നിട്ടതോടൊപ്പം, മറുഭാഗത്ത് ആഭ്യന്തര സംഘര്‍ഷങ്ങളുടെ അപകടരമായ പ്രകടനങ്ങള്‍ക്കും ചില ഘട്ടങ്ങളില്‍ വഴി തുറന്നുവെന്നത് ചരിത്രത്തിലെ ശുഭകരമല്ലാത്ത അധ്യായങ്ങളാണ്. നിക്ഷിപ്ത താല്‍പര്യക്കാരായ ആഭ്യന്തര-ബാഹ്യ ഭരണകൂടങ്ങളും അധികാര കേന്ദ്രങ്ങളും മുസ്‌ലിം സമൂഹ ഗാത്രത്തിലെ ഈ വൈരുധ്യങ്ങളെ പല വിധത്തില്‍ മുതലെടുത്തപ്പോള്‍ അവാന്തര വിഭാഗങ്ങള്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍ രൂക്ഷത പ്രാപിച്ച ചരിത്ര സന്ദര്‍ഭങ്ങളും നിരവധി. പക്ഷേ, അവക്കെല്ലാമിടയില്‍ ഉയര്‍ന്ന ഇസ്‌ലാമിക ബോധവും സാംസ്‌കാരിക നിലവാരവും കാത്തുസൂക്ഷിച്ച, അഭിപ്രായ വ്യത്യാസങ്ങള്‍ക്കും ആശയ സംവാദങ്ങള്‍ക്കുമിടയിലും പരസ്പരം ആദരിക്കുകയും ബഹുമാനിക്കുകയും വൈജ്ഞാനിക ശേഷിയെ വിലമതിക്കുകയും ചെയ്ത പണ്ഡിതന്മാരുടെ മഹദ്പാരമ്പര്യം മുസ്‌ലിം സമൂഹത്തിനുണ്ട്. മാതൃകാ പൂര്‍ണമായ ആ ചരിത്രം കൂടുതല്‍ പറയേണ്ട കാലത്താണ് ഇന്ന് നാം ജീവിക്കുന്നത്. സംഘടനാ നേതൃത്വം പരസ്പരം വേദികള്‍ പങ്കിടുന്നതു പോലും വിവാദമാക്കുന്ന കാലത്ത് ചരിത്രത്തിലെ പണ്ഡിത മാതൃകകള്‍ ഓര്‍ത്തെടുക്കുന്നത് നമുക്ക് വെളിച്ചമാവുക തന്നെ ചെയ്യും.
ഇസ്‌ലാമിക ചരിത്രത്തിലെ അദ്വിതീയ പണ്ഡിതനും സലഫിധാരയുടെ പ്രമുഖ ഇമാമും ആചാര്യനുമായി ഗണിക്കപ്പെടുന്ന ഇമാം ഇബ്‌നുതൈമിയ്യയോട് പല വിഷയങ്ങളിലും വിയോജിപ്പുള്ള നിരവധി പണ്ഡിതന്മാരുണ്ടായിരുന്നു. അവരില്‍ പലരും അദ്ദേഹത്തോടും അദ്ദേഹം തിരിച്ചും സ്വീകരിച്ച സമീപനം ഇന്നത്തെ സംഘടനാ നേതാക്കള്‍ക്കും പണ്ഡിതന്മാര്‍ക്കും മാതൃകയാണ്. ഇബ്‌നുതൈമിയ്യയുടെ ശിഷ്യന്‍ ഹാമിദ് ശംസുദ്ദീന്‍ ദഹബി, ഇമാം അബുല്‍ ഹസന്‍ അശ്അരിയുടെ ചരിത്രം രേഖപ്പെടുത്തവെ ഇങ്ങനെ പറയുന്നുണ്ട്: ''അശ്അരിയുടെ പ്രഖ്യാപനം എന്നെ അത്ഭുതപ്പെടുത്തി. ഇമാം ബൈഹഖി അത് ഉദ്ധരിക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം പറയുന്നു. സാഹിര്‍ പറഞ്ഞതായി അബൂ ഹാസിം അബ്ദവി ഉദ്ധരിക്കുന്നു: ഇമാം അശ്അരിയുടെ അന്ത്യദിനങ്ങള്‍ ബഗ്ദാദിലെ എന്റെ വീട്ടിലായിരുന്നു. ഒരിക്കല്‍ അദ്ദേഹം എന്നെ വിളിച്ചു. ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് ചെന്നു നിന്നു. അശ്അരി പറഞ്ഞു: 'ഖിബ്‌ലക്കു നേരെ തിരിയുന്ന ആരെയും ഞാന്‍ കാഫിറാക്കിയിട്ടില്ലെന്ന് നീ സാക്ഷ്യം വഹിക്കണം. കാരണം എല്ലാവരും ഏകനായ ആരാധ്യനിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വ്യത്യാസം വാചകങ്ങളിലാണ്.' ഞാന്‍ (ദഹബി) പറയട്ടെ: ഇതുപോലുള്ളത് നാമും അംഗീകരിക്കുന്നു. അപ്രകാരം തന്നെയാണ് നമ്മുടെ ശൈഖായ ഇബ്‌നുതൈമിയ്യയും. അദ്ദേഹത്തിന്റെ അവസാന നാളുകളില്‍ ഈ സമുദായത്തിലെ ഒരാളെയും അദ്ദേഹം കാഫിറാക്കിയിട്ടില്ല'' (സിയറു അഅ്‌ലാമിന്നുബലാഅ്, വാള്യം 15, പേജ് 88).
ഭിന്നാഭിപ്രായങ്ങള്‍ പുലര്‍ത്തുന്നവര്‍ക്ക് നേരെ ശിര്‍ക്കും കുഫ്‌റും (ബഹുദൈവ വിശ്വാസവും ദൈവനിഷേധവും) ആരോപിക്കുക, അവരെ ഫാസിഖെന്നും കാഫിറെന്നും യഹൂദിയെന്നും അഭിസംബോധന ചെയ്യുക, ഇസ്‌ലാമിക സമൂഹത്തില്‍നിന്ന് അവര്‍ക്ക് ഭ്രഷ്ട് കല്‍പിക്കുക, അവരുടെ നന്മകള്‍ അവഗണിച്ചുതള്ളുക, വീഴ്ചകള്‍ പര്‍വതീകരിക്കുക.... സോഷ്യല്‍ മീഡിയാ കാലത്ത് ഇതൊക്കെ സര്‍വ സാധാരണമായിരിക്കുന്നു. സലഫിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരാളുടെ ശബ്ദ സന്ദേശം ഇങ്ങനെ: 'കുഫ്‌റുള്ളവനെ കാഫിര്‍ എന്നല്ലാതെ മുഅ്മിനെന്ന് വിളിക്കാമോ? ശിര്‍ക്ക് ചെയ്യുന്നവനെ ആദരിക്കണമോ? അവനെ ഏക ദൈവവിശ്വാസി(മുവഹിദ്)യെന്ന് പരിചയപ്പെടുത്തണമായിരുന്നോ? അധര്‍മം (ഫിസ്ഖ്) ചെയ്യുന്നവന്‍ ഫാസിഖല്ലാതെ പിന്നെ സച്ചരിതന്‍ (സ്വാലിഹ്) ആണോ?' സലഫുകളെന്ന് അവകാശപ്പെടുന്നവര്‍ തങ്ങളുടെ ഗുരുക്കന്മാരും മാര്‍ഗദര്‍ശികളുമായ പൂര്‍വകാല പണ്ഡിതന്മാരുടെ നിലപാടുകള്‍ ഇത്ര കര്‍ക്കശവും അസഹിഷ്ണുത നിറഞ്ഞതുമായിരുന്നോ എന്ന് ആലോചിക്കണം.
ഇസ്തിഗാസ വിഷയത്തിലും മറ്റും ഇബ്‌നുതൈമിയ്യ(റ)യുമായി നിരവധി തവണ സംവാദം നടത്തിയ വ്യക്തിയായിരുന്നു സദ്‌റുദ്ദീന്‍ ഇബ്‌നുല്‍ വകീല്‍ (മുഹമ്മദുബ്‌നു ഉമര്‍, ഹി: 716). ഇബ്‌നു കസീര്‍ പറയുന്നു: ''ശൈഖ് ഇബ്‌നുതൈമിയ്യയോട് ശക്തമായ എതിര്‍പ്പ് പുലര്‍ത്തിയ പണ്ഡിതനായിരുന്നു അദ്ദേഹം. പല സദസ്സുകളിലും ശൈഖുമായി അദ്ദേഹം സംവാദവും നടത്തിയിട്ടുണ്ട്. എന്നാല്‍ പോലും ശൈഖിന്റെ വിജ്ഞാനം അദ്ദേഹം അംഗീകരിക്കുകയും അതിനെ പുകഴ്ത്തുകയും ചെയ്തിട്ടുണ്ട്'' (അല്‍ ബിദായ വന്നിഹായ, വാള്യം 14, പേജ് 80, ഹിജ്‌റ 716-ലെ മരണങ്ങള്‍).
ഇബ്‌നു ഹജരില്‍ അസ്ഖലാനി ഇബ്‌നുല്‍ വകീലിനെ പരാമര്‍ശിച്ച് പറയുന്നു: ''ഇബ്‌നുതൈമിയ്യയുമായുള്ള സംവാദത്തിന് അദ്ദേഹമല്ലാതെ മറ്റാരും തയാറാകുമായിരുന്നില്ല'' (അദ്ദുററുല്‍ കാമിന, വാള്യം 5, പേജ് 373). ഈ മുഖ്യ സംവാദകന്റെ മരണ വാര്‍ത്ത ഇബ്‌നു തൈമിയ്യക്ക് ലഭിച്ചപ്പോള്‍ ശൈഖുല്‍ ഇസ്‌ലാമിന്റെ പ്രതികരണം ഇബ്‌നു ഹജര്‍ ഉദ്ധരിക്കുന്നുണ്ട്: ഇബ്‌നുല്‍ വകീലിന്റെ മരണ വാര്‍ത്ത ഇബ്‌നുതൈമിയ്യക്ക് ലഭിച്ചു. അദ്ദേഹം പറഞ്ഞു: 'ഓ, സദ്‌റുദ്ദീന്‍! താങ്കളുടെ വേര്‍പാടിലുള്ള അനുശോചനം വഴി അല്ലാഹു മുസ്‌ലിംകള്‍ക്ക് നന്മകള്‍ നല്‍കട്ടെ' (അദ്ദുററര്‍, വാള്യം 5, പേജ് 382).
മറ്റുള്ളവരെ സത്യനിഷേധി(കാഫിര്‍)യും അധര്‍മി(ഫാസിഖ്)യുമായി മുദ്ര കുത്തുന്നത് സംബന്ധിച്ച് തന്റെ സ്വന്തം നിലപാട് ഇബ്‌നുതൈമിയ്യ വിശദീകരിച്ചിട്ടുണ്ട്. വീക്ഷണവ്യത്യാസമുള്ള വിവിധ വിഭാഗങ്ങളെക്കുറിച്ച് വിവരിച്ച ശേഷം അദ്ദേഹം പറയുന്നു: ''ഞാന്‍ ഈ നിമിഷം വരെ ഒരാളോടും ദീനിന്റെ അടിസ്ഥാന കാര്യങ്ങളില്‍ (ഉസ്വൂല്‍) ഹമ്പലി മദ്ഹബിന്റെ ആശയം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ആരെയും കാഫിറോ ഫാസിഖോ പാപിയോ ആയി മുദ്രകുത്തുന്നത് ജനങ്ങളില്‍ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്ന വ്യക്തിയാണ് ഞാനെന്ന് എന്നെ പരിചയമുള്ളവര്‍ക്ക് അറിയാവുന്നതാണ്'' (മജ്മൂഉ ഫതാവാ, വാള്യം 3, പേജ് 229).
ശൈഖുല്‍ ഇസ്‌ലാമിന്റെ ഈ പ്രഖ്യാപനത്തെ വൈജ്ഞാനിക വിഷയങ്ങളില്‍ അദ്ദേഹവുമായി ഭിന്നാഭിപ്രായം പുലര്‍ത്തിയിരുന്ന ഇമാം താജുദ്ദീന്‍ സുബ്കി സാക്ഷ്യപ്പെടുത്തുന്നത് കാണുക: ''ശൈഖ് ഇബ്‌നുതൈമിയ്യ ആ കാലഘട്ടത്തില്‍ തഖിയ്യുദ്ദീന്‍ സുബ്കിയെപ്പോലെ മറ്റാരെയും ഇത്രയേറെ ആദരിച്ചിട്ടില്ല. തനിക്ക് മറുപടിയായി എഴുതപ്പെട്ട ഗ്രന്ഥങ്ങളെ പോലും ഇബ്‌നു തൈമിയ്യ പുകഴ്ത്തിപ്പറഞ്ഞിരുന്നു'' (ത്വബഖാതുശ്ശാഫിഈ വാള്യം 10, പേജ് 194).
ഇസ്തിഗാസ, സിയാറത്ത്, ത്വലാഖ് പോലുള്ള വിഷയങ്ങളില്‍ മറുപടിയും മറുപടിക്ക് മറുപടിയും എഴുതിയ ഗ്രന്ഥകര്‍ത്താക്കളാണ് ഇബ്‌നുതൈമിയ്യയും ഇമാം സുബ്കിയുമെന്ന് പ്രത്യേകം ഓര്‍ക്കുക. ശീഈ, റാഫിദ വിഭാഗങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഗ്രന്ഥങ്ങള്‍ രചിച്ച പണ്ഡിതനാണ് ഇമാം ഇബ്‌നുതൈമിയ്യ. ശീഈ വിഭാഗത്തിനെതിരെ എഴുതപ്പെട്ട പ്രമുഖ ഗ്രന്ഥമാണ് അദ്ദേഹത്തിന്റെ മിന്‍ഹാജുസ്സുന്ന. അവര്‍ക്കെതിരെയുള്ള വാദങ്ങള്‍ ശക്തിപ്പെട്ടുവന്നപ്പോള്‍ അവരും അഹ്‌ലുസ്സുന്നയും ഒരുപോലെ അംഗീകരിക്കുന്ന ചില സത്യങ്ങള്‍ അവഗണിക്കപ്പെട്ടുപോയോ എന്നു പോലും ചില പണ്ഡിതന്മാര്‍ ആശങ്കപ്പെടുകയുണ്ടായി. എന്നിട്ടും, ശീഈ, റാഫിദ വിഭാഗങ്ങള്‍ ഇസ്‌ലാമിക സമൂഹത്തില്‍നിന്ന് പുറത്താണെന്നോ കാഫിറാണെന്നോ ഇബ്‌നു
തൈമിയ്യ ഫത്‌വ നല്‍കിയില്ലെന്നു മാത്രമല്ല, അവരുടെ ചില ഗുണങ്ങള്‍ എടുത്തു പറയുകയും ചെയ്തു. കാപട്യത്തിലും കളവിലും അജ്ഞതയിലും മറ്റു ബിദ്ഈ വിഭാഗങ്ങളേക്കാള്‍ മുന്നിലാണ് റാഫിദകളെന്ന് വിവിധ സ്ഥലങ്ങളില്‍ പറയുമ്പോഴും അവരെ പറ്റി ചില വാചകങ്ങള്‍ ഇങ്ങനെയും ഇബ്‌നുതൈമിയ്യ പറയുകയുണ്ടായി:
''റാഫിദ, ജഹ്മിയ്യ പോലുള്ള ബിദ്ഈ കക്ഷികളായ മുസ്‌ലിംകള്‍ പല അനിസ്‌ലാമിക(കുഫ്ര്‍) രാജ്യങ്ങളിലേക്കും പോവുകയും ഇസ്‌ലാമിക പ്രബോധനം നടത്തുകയും ചെയ്തതിന്റെ ഫലമായി ധാരാളം പേര്‍ ഇസ്‌ലാം സ്വീകരിക്കുകയും അതിന്റെ നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. അവര്‍ മുബ്തദിഉകളായ മുസ്‌ലിംകളായിട്ടാണ് ഇസ്‌ലാമില്‍ പ്രവേശിച്ചിരുന്നതെങ്കിലും സത്യനിഷേധികളായി തുടരുന്നതിനേക്കാള്‍ ഉത്തമം അതായിരുന്നല്ലോ'' (മജ്മൂഉ ഫതാവാ വാള്യം 13/186).
ഒരു ശീഈ പണ്ഡിതനുമായുള്ള ഇബ്‌നുതൈമിയ്യയുടെ ബന്ധത്തെക്കുറിച്ച് അദ്ദേഹത്തിന്റെ തന്നെ ശിഷ്യനായ സ്വലാഹുദ്ദീന്‍ സ്വഫദി, ശംസുദ്ദീന്‍ ഹമദാനിയുടെ ചരിത്രം വിവരിക്കവെ പറയുന്നു: ''അദ്ദേഹം ബുദ്ധിമാനായ ശീഈ ആയിരുന്നു. സ്വഹാബത്തിനെ അദ്ദേഹം ആക്ഷേപിച്ചിട്ടില്ലെന്നു മാത്രമല്ല, അവരുടെ നന്മകള്‍ വിവരിച്ച് അദ്ദേഹം എഴുതുകയും ചെയ്തിരുന്നു. നല്ല രീതിയില്‍ അദ്ദേഹം മറ്റുള്ളവരോടൊപ്പമിരുന്നു, മുഅ്തസിലി ആശയം അദ്ദേഹത്തിനുണ്ടായിരുന്നു. ധാരാളം ഇബാദത്തുകള്‍ ബിദ്ഈ രീതിയില്‍ അനുഷ്ഠിച്ചിരുന്നു. പറഞ്ഞതിങ്ങനെയാണ്: 'അദ്ദേഹം കാരണം സുന്നികളില്‍ ചിലര്‍ ശീഈയും റാഫിദകളില്‍ ചിലര്‍ സുന്നിയും ആയിട്ടുണ്ട്. ഇബ്‌നു തൈമിയ്യ അദ്ദേഹത്തോടൊപ്പം വേദി പങ്കിട്ടിരുന്നു. ഹമദാനി അവസാന കാലം ചില വിഷയങ്ങളില്‍ പിറകോട്ട് പോയതായി പറയപ്പെടുന്നു'' (അഅ്‌യാനുല്‍ അസ്വ്ര്‍ വാള്യം 4, പേജ് 356).
ഇബ്‌നു തൈമിയ്യയുടെ കാലത്തെ ഏറ്റവും വലിയ അശ്അരി പണ്ഡിതനായിരുന്നു ഇമാം അലാഉദ്ദീനുല്‍ ബാജി (അലിയ്യുബ്‌നു മുഹമ്മദ്). അദ്ദേഹത്തെ സംബന്ധിച്ച് ഇമാം താജുദ്ദീന്‍ സുബ്കി പറയുന്നു: ''അദ്ദേഹം ഉസ്വൂലില്‍ ഇമാമായിരുന്നു. അദ്ദേഹത്തില്‍നിന്ന് സുബ്കി അത് കരസ്ഥമാക്കിയത്. ഭൂമിയില്‍ അശ്അരി മദ്ഹബിലും ഇല്‍മുല്‍ കലാമിലും അദ്ദേഹത്തേക്കാളും അറിവുള്ളര്‍ ഇല്ലായിരുന്നു. ഇബ്‌നുതൈമിയ്യയുടെ സമകാലികനായ അദ്ദേഹത്തിലേക്കായിരുന്നു തര്‍ജമയും ഇബാറത്തുകളിലെ പ്രശ്‌നങ്ങളും ചെന്നെത്തിയിരുന്നത്. ഇബ്‌നുതൈമിയ്യയെ കണ്ടമാത്രയില്‍ അദ്ദേഹം ആദരിച്ചിരിക്കും. അവര്‍ക്കിടയില്‍ തര്‍ക്ക സ്വഭാവത്തില്‍ ഒരു വാക്കു പോലും വന്നില്ല. ഇമാം ബാജി പറയുമായിരുന്നു. 'താങ്കള്‍ സംസാരിക്കുക. താങ്കളുടെ കൂടെ ഞാന്‍ ഗവേഷണം നടത്താം.' ഇബ്‌നുതൈമിയ്യ അപ്പോള്‍ ഇങ്ങനെ മറുപടി പറയും: എന്നെ പോലുള്ളവര്‍ താങ്കളുടെ മുന്നില്‍ സംസാരിക്കുകയോ? എന്റെ കടമ താങ്കളില്‍നിന്നും വിജ്ഞാനം കരസ്ഥമാക്കലാണ്'' (ത്വബഖാതുശ്ശാഫിഈ 10/342).
പരസ്പരം കാഫിറും ഫാസിഖുമായി മുദ്രകുത്താനും അകറ്റിനിര്‍ത്താനും ചിലര്‍ ശ്രമിക്കുന്ന സമകാലിക പശ്ചാത്തലത്തിലാണ് ഈ മഹാ പണ്ഡിതന്മാരുടെ മാതൃക, പരസ്പരം ആദരിക്കാനും ഉള്‍ക്കൊള്ളാനും നമുക്ക് പ്രചോദനമായിത്തീരുന്നത്. അഭിപ്രായ ഭിന്നതയുള്ള വിഷയങ്ങളുടെ പേരില്‍ പരസ്പരം ദീനില്‍നിന്ന് പുറത്താണെന്ന് പ്രഖ്യാപിക്കുന്ന തീവ്ര നിലപാടുകള്‍ ഇസ്‌ലാമിനോ മുസ്‌ലിം സമൂഹത്തിനോ യാതൊരു ഗുണവും ചെയ്യില്ല. അത് രക്തച്ചൊരിച്ചിലുകളും തീരാനഷ്ടങ്ങളും മാത്രമാണ് സമ്മാനിച്ചതെന്നതിന് ഇസ്‌ലാമിക ചരിത്രം സാക്ഷിയാണ്.
ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങള്‍ പ്രഖ്യാപിച്ച, മുസ്‌ലിം സമൂഹത്തില്‍ അംഗമായ ഒരാള്‍ ശിര്‍ക്കുപരമായ കാര്യങ്ങള്‍ ചെയ്യുകയോ കുഫ്‌റിന്റെ വാക്കുകള്‍ ഉച്ചരിക്കുകയോ ചെയ്യുന്നു. അദ്ദേഹത്തിന്റെ വീക്ഷണമനുസരിച്ച് അത് ശിര്‍ക്കോ കുഫ്‌റോ അല്ലതാനും. ഇത് രണ്ടു വിധത്തിലാകാം. ഒന്നുകില്‍ അദ്ദേഹം മുജ്തഹിദായ, ഗവേഷണവും പഠനവും നടത്തുന്ന പണ്ഡിതനായിരിക്കും. അല്ലെങ്കില്‍ അത്തരമൊരു പണ്ഡിതനെ തഖ്‌ലീദ് ചെയ്യുന്ന സാധാരണക്കാരനാകും. തങ്ങളുടെ വീക്ഷണത്തില്‍ ശിര്‍ക്കോ കുഫ്‌റോ അല്ലാത്തതും മറ്റുള്ളവരുടെ അഭിപ്രായത്തില്‍ ശിര്‍ക്കോ കുഫ്‌റോ ആയതുമായ കര്‍മങ്ങളുടെ പേരില്‍ വരെ കാഫിറും മുര്‍ത്തദ്ദുമായി മുദ്രകുത്താമോ? മരിച്ചുപോയ മഹാന്മാരോടുള്ള ഇസ്തിഗാസ ഉദാഹരണം. ചിലര്‍ ഇതിനെ ശിര്‍ക്കായി കരുതുന്നു. ഇങ്ങനെ ഇസ്തിഗാസ ചെയ്യുന്നവരെ കാഫിര്‍, മുശ്‌രിക്ക് എന്നൊക്കെ വിധിക്കാമോ?
സലഫി പണ്ഡിതനായ ഇബ്‌നുതൈമിയ്യക്ക് ഈ വിഷയത്തിലുായിരുന്ന നിലപാട് പരിശോധിക്കാം. ഇസ്തിഗാസ ശിര്‍ക്കാണെന്ന് വ്യക്തമാക്കിയ പണ്ഡിത പ്രമുഖനാണല്ലോ അദ്ദേഹം. പ്രസ്തുത വിഷയം ചര്‍ച്ച ചെയ്യവെ അദ്ദേഹം പറയുന്നു: ''ഖുര്‍ആനിലും ഹദീസിലും സ്ഥിരപ്പെട്ട ഒരു കാര്യത്തില്‍ ഒരാള്‍ ഭിന്നാഭിപ്രായം പുലര്‍ത്തിയാല്‍, ഗവേഷണത്തില്‍ തെറ്റു സംഭവിച്ചാലും പ്രതിഫലാര്‍ഹനായ മുജ്തഹിദ് ഒഴികെ മറ്റുള്ളവര്‍ കാഫിറോ ഫാസിഖോ പാപിയോ ആയിത്തീരും. മുജ്തഹിദിന് അദ്ദേഹത്തിന്റെ അബദ്ധം പൊറുക്കപ്പെടുകയും പ്രതിഫലം ലഭിക്കുകയും ചെയ്യും. അപ്രകാരം വിവരമില്ലാത്തവര്‍ വ്യക്തമായ പ്രമാണം സമര്‍പ്പിക്കപ്പെടുന്നതുവരെ കുറ്റവിമുക്തരായിരിക്കും. കാരണം അല്ലാഹു പറയുന്നു; 'നാം ദൂതന്മാരെ നിയോഗിക്കും വരെ ആരെയും ശിക്ഷിക്കുന്നവനല്ല'. വ്യക്തമായ തെളിവ് നല്‍കപ്പെട്ട ശേഷം വീണ്ടും നിഷേധിച്ചാല്‍ അതിന്റെ തോതനുസരിച്ച് ശിക്ഷിക്കപ്പെടും'' (മജ്മൂഉ ഫതാവാ 1/113).
ഇനി വിശ്വാസപരമായ (അഖീദ) വിഷയത്തില്‍ ഒരു പണ്ഡിതന് തന്റെ ഇജ്തിഹാദില്‍ പിഴവു സംഭവിച്ചു. സ്വാഭാവികമായും അദ്ദേഹത്തെ തഖ്‌ലീദ് ചെയ്യുന്ന സാധാരണക്കാരനും തെറ്റായ അഖീദ സ്വീകരിക്കാനിടയാകും. ഇവര്‍ ഇസ്‌ലാമിനു പുറത്താണെന്ന് പറയാന്‍ സാധിക്കുമോ? മിന്‍ഹാജുസ്സുന്നയില്‍ ഇമാം ഇബ്‌നു തൈമിയ്യ: ''ഒരു വ്യാഖ്യാതാവിന്റെ ഉദ്ദേശ്യം നബി(സ)യെ പിന്‍പറ്റുക എന്നതാണെങ്കില്‍ അദ്ദേഹം കാഫിറാവുകയില്ല. മുജ്തഹിദാണെങ്കില്‍ ഫാസിഖു പോലും ആവുകയില്ല. ജനങ്ങളില്‍ അറിയപ്പെടുന്ന അനുഷ്ഠാന കര്‍മങ്ങളുടെ വിഷയങ്ങളിലാണ് ഈ പറഞ്ഞത്. എന്നാല്‍ അഖീദ (വിശ്വാസ കാര്യങ്ങള്‍) വിഷയങ്ങളില്‍ ജനങ്ങളില്‍ ധാരാളം പേര്‍ പിഴവു സംഭവിച്ച എതിരാളികളെ കാഫിറാക്കുകയാണ് പതിവ്. ഇത് സ്വഹാബത്തിന്റെയോ താബിഉകളുടെയോ ഇമാമുകളുടെയോ രീതിയേ അല്ല. എതിരാളികളെ കാഫിറാക്കുന്ന മുബ്തദിഉകളായ ഖവാരിജി, മുഅ്തസിലി, ജഹ്മിയ്യ വിഭാഗത്തിന്റെ അടിസ്ഥാന സ്വഭാവമാണിത്. ഇമാം മാലിക്, ശാഫിഈ, അഹ്മദ് എന്നിവരുടെ ചില അനുയായികളിലും ഈ സ്വഭാവം ഉണ്ടായിട്ടുണ്ട്... എന്നാല്‍ നാല് പ്രമുഖ ഇമാമുമാരില്‍നിന്നും ഇങ്ങനെയൊരു സമീപനം ഉണ്ടായിട്ടില്ലെന്നു മാത്രമല്ല, അതിനു വിരുദ്ധമായ നിലപാടാണ് അവരില്‍നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുള്ളത്'' (മിന്‍ഹാജുസ്സുന്ന 5/240).
ഖുര്‍ആനിലും ഹദീസിലും കുഫ്‌റായി പരിഗണിക്കപ്പെട്ട കാര്യങ്ങള്‍ അനുഷ്ഠിച്ചതുകൊണ്ട് ഒരാള്‍ കാഫിറാകുമെന്ന് പൊതുവായി വിധിക്കാവതല്ല. അതുപോലെ കാഫിറും മുശ്‌രിക്കുമാകുമെന്ന് പൊതുവായി പറഞ്ഞ കാര്യങ്ങള്‍ അനുഷ്ഠിച്ച പ്രത്യേക വ്യക്തിയെ ചൂണ്ടി അയാള്‍ കാഫിറായെന്നും വിധിക്കാവതല്ല. ഇതാണ് ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വം. ചില ഹദീസുകളിലെ ഉദാഹരണങ്ങള്‍ കാണുക:
1. ഇബ്‌നു മസ്ഊദ് (റ) നിവേദനം ചെയ്യുന്നു: നബി(സ) പറഞ്ഞു: ''മുസ്‌ലിമിനെ ചീത്ത വ ിളിക്കല്‍ അധര്‍മവും അവനോട് യുദ്ധം ചെയ്യല്‍ കുഫ്‌റുമാണ്'' (ബുഖാരി, കിതാബുല്‍ ഈമാന്‍).
ഇവിടെ യുദ്ധം കുഫ്‌റാണെന്ന് പറയുന്നു. അപ്പോള്‍ മുസ്‌ലിമിനോട് യുദ്ധം ചെയ്യുകയോ മുസ്‌ലിമിനെ വധിക്കുകയോ ചെയ്ത മറ്റൊരു മുസ്‌ലിം കാഫിറാണെന്ന് വാദിക്കാമോ? ഖവാരിജുകളുടെ വിശ്വാസപ്രകാരം വന്‍ പാപം ചെയ്യുന്നവര്‍ കാഫിറാകും. അഹ്‌ലുസ്സുന്നയുടെ വിശ്വാസപ്രകാരം വന്‍ പാപം കുഫ്‌റല്ല. ഈ വീക്ഷണവ്യത്യാസം നാം മനസ്സിലാക്കേണ്ടതുണ്ട്.
ഈ ഹദീസ് വ്യാഖ്യാനിച്ചുകൊ് ഇമാം ഇബ്‌നു ഹജരില്‍ അസ്ഖലാനി (റ) പറയുന്നു: ''ഈ ഹദീസിന്റെ ബാഹ്യാര്‍ഥം വന്‍ പാപികളെ കാഫിറാക്കുന്ന ഖവാരിജുകളുടെ അഭിപ്രായത്തെ ബലപ്പെടുത്തുന്നു.... എന്നാല്‍ ഇവിടെ മുസ്‌ലിം സമൂഹത്തില്‍നിന്ന് പുറത്തുപോകുന്ന കുഫ്ര്‍ ഉദ്ദേശിക്കപ്പെട്ടിട്ടില്ല'' (ഫത്ഹുല്‍ ബാരി, വാള്യം 1/227).
2. അബൂ ഹുറയ്‌റ (റ) നിവേദനം ചെയ്യുന്നു. നബി(സ) പറഞ്ഞു: ''രണ്ട് കാര്യങ്ങള്‍ കുഫ്‌റാകുന്നു: വംശീയാക്ഷേപവും മയ്യിത്തിനു മേല്‍ അലമുറയിട്ടു കരയലും'' (മുസ്‌ലിം, കിതാബുല്‍ ഈമാന്‍ 121).
ഇമാം നവവി (റ) നാല് അഭിപ്രായങ്ങള്‍ ഉദ്ധരിച്ച് പറയുന്നു: ''ഇതില്‍ ഏറ്റവും ശരിയായ അഭിപ്രായം ഇത് സത്യനിഷേധികളുടെ പ്രവൃത്തിയും അനിസ്‌ലാമിക സ്വഭാവവും എന്ന അര്‍ഥത്തില്‍ പറഞ്ഞതാണ്'' (ശറഹു മുസ്‌ലിം 1/334).
ഇബ്‌നു ഉമര്‍ പിതാവില്‍നിന്ന് ഉദ്ധരിക്കുന്നു. ഉമറുബ്‌നുല്‍ ഖത്ത്വാബ് പറഞ്ഞു: ''എന്റെ പിതാവ് സത്യം. അപ്പോള്‍ നബി(സ) പറഞ്ഞു: ആരെങ്കിലും അല്ലാഹു അല്ലാത്തവരെ കൊണ്ട് സത്യം ചെയ്താല്‍ അവന്‍ ശിര്‍ക്ക് ചെയ്തു'' (അഹ്മദ് 1/47, നമ്പര്‍ 329). ഇമാം ത്വഹാവി (റ) വ്യാഖ്യാനിക്കുന്നു: ''ഇവിടെ ഇസ്‌ലാമില്‍നിന്ന് പുറത്തുപോകുന്ന ശിര്‍ക്കല്ല ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്'' (ശറഹു മുശ്കില്‍ ആസാര്‍ 2/297).
ഇബ്‌നു അബ്ബാസ് നിവേദനം ചെയ്യുന്നു. നബി (സ) പറഞ്ഞു: ''കള്ളുകുടിയന്‍ അല്ലാഹുവിനെ ബിംബാരാധകനെ പോലെ കണ്ടുമുട്ടും'' (അഹ്മദ് 1/27, നമ്പര്‍ 2453). ഈ ഹദീസ് പ്രകാരം കള്ള് കുടി ശിര്‍ക്ക് പോലെയാണ് എന്ന് പറയേണ്ടിവരും.
ഇബ്‌നു ഉമര്‍ നിവേദനം ചെയ്യുന്നു. നബി(സ) പറഞ്ഞു: ''മദ്യത്തെയും മദ്യപാനിയെയും മദ്യം കുടിപ്പിക്കുന്നവനെയും വില്‍ക്കുന്നവനെയും .... അല്ലാഹു ശപിച്ചിരിക്കുന്നു'' (അബൂദാവൂദ് 3674, ഇബ്‌നുമാജ 3380). ഈ ഹദീസ് പ്രകാരം ഒരു മദ്യപാനിയെ ശപിക്കാമോ? പൊതുവെയുള്ള ശാപം കണക്കിലെടുത്ത് ഒരു പ്രത്യേക വ്യക്തിയില്‍ ഈ ശാപപ്രാര്‍ഥന നടത്താമോ?
ഇമാം ബുഖാരി കിതാബുല്‍ ഹുദൂദിലെ ഒരു അധ്യായത്തിന് നല്‍കിയ തലക്കെട്ട് ഇങ്ങനെയാണ്:
അധ്യായം 5. 'മദ്യപാനിയെ ശപിക്കുന്നത് നിരോധിച്ചിരിക്കുന്നു. അവന്‍ ഇസ്‌ലാമിക സമൂഹത്തില്‍നിന്ന് പുറത്തല്ല'
ഈ തലക്കെട്ടിനു ശേഷം ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസ് ഇങ്ങനെയാണ്: ഉമറുബ്‌നുല്‍ ഖത്ത്വാബ് പറയുന്നു: ''നബി(സ)യുടെ കാലത്ത് ഒരാളുണ്ടായിരുന്നു. അബ്ദുല്ലാ എന്നാണ് പേര്. അദ്ദേഹം ഹിമാര്‍ എന്ന് അറിയപ്പെട്ടിരുന്നു. നബി(സ)യെ അയാള്‍ ചിരിപ്പിക്കാറുണ്ടായിരുന്നു. മദ്യപാനത്തിന്റെ പേരില്‍ നബി (സ) അയാളെ ശിക്ഷിച്ചു. ഒരിക്കല്‍ അയാള്‍ ശിക്ഷക്ക് ഹാജരാക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു. അപ്പോള്‍ സദസ്യരിലൊരാള്‍ ഇങ്ങനെ പറഞ്ഞു: 'എത്ര തവണ ഇയാളെ ശിക്ഷിക്കാന്‍ കൊണ്ടുവന്നു. അല്ലാഹു ഇയാളെ ശപിക്കട്ടെ.' ഇതു കേട്ട നബി(സ) പറഞ്ഞു: 'അദ്ദേഹത്തെ ശപിക്കരുത്. അല്ലാഹുവാണ് സത്യം, ഇദ്ദേഹം അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും ഇഷ്ടപ്പെടുന്നു' (ബുഖാരി 6398, കിതാബുല്‍ ഹുദൂദ്).
ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇബ്‌നു ഹജരില്‍ അസ്ഖലാനി പറയുന്നു. ''വന്‍ പാപങ്ങള്‍ ചെയ്തവര്‍ കാഫിറാകുമെന്ന് പറയുന്നവര്‍ക്കുള്ള മറുപടിയാണീ ഹദീസ്. മാത്രവുമല്ല വന്‍ പാപികളുടെ ഹൃദയത്തില്‍ അല്ലാഹുവിനോടും റസൂലിനോടുമുള്ള ഇഷ്ടമുണ്ടാവുകയില്ലെന്ന് പറയുന്നതിനെയും ഈ ഹദീസ് തള്ളിക്കളയുന്നു'' (ഫത്ഹുല്‍ ബാരി 15/328).
ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ (റ) പറയുന്നത് കാണുക: ''മദ്യ
പാനിയെ ശപിക്കുന്നത് ഈ ഹദീസ് വിലക്കുന്നു. കാരണം നബി (സ) തന്നെ അല്ലാഹുവിനോടും റസൂലിനോടുമുള്ള മദ്യപാനിയുടെ സ്‌നേഹത്തിന് സാക്ഷി പറഞ്ഞിരിക്കുന്നു. അതോടൊപ്പം മദ്യപിക്കുന്നവരെ പൊതുവായിട്ടാണ് ഇവിടെ ശപിച്ചിരിക്കുന്നത്. അപ്പോള്‍ പൊതുവായുള്ള ശാപവാക്ക് പറയുന്നതും ഒരു പ്രത്യേക വ്യക്തിയെ ചൂണ്ടി അങ്ങനെ പറയുന്നതും തമ്മിലുള്ള വ്യത്യാസം വ്യക്തമാണല്ലോ'' (മിന്‍ഹാജുസ്സുന്ന, വാള്യം 5, പേജ് 154).
ഇബ്‌നു തൈമിയ്യ വീും: ''വന്‍ പാപങ്ങള്‍ ചെയ്യുന്നവരെ കാഫിറാക്കുന്നതില്‍ വളരെയേറെ സൂക്ഷ്മത പാലിക്കേണ്ടത് നിര്‍ബന്ധമാണെന്ന് പറയുന്നത് ഇതുകൊണ്ടാണ്. ഇസ്‌ലാമില്‍ പ്രത്യക്ഷപ്പെട്ട ആദ്യ ബിദ്അത്ത്തന്നെ പാപങ്ങള്‍ കാരണമായി മുസ്‌ലിംകളെ കാഫിറാക്കുകയും അവരുടെ രക്തവും സമ്പത്തും അനുവദനീയമാക്കുകയും ചെയ്യുന്നതായിരുന്നു'' (മജ്മൂഉ ഫതാവാ 13/31).
വന്‍ പാപങ്ങള്‍ കൊണ്ട് മാത്രമല്ല, ബിദ്ഈ കക്ഷികളില്‍നിന്നുണ്ടാകുന്ന കുഫ്‌റിന്റെ വാചകങ്ങള്‍ കാരണമായും അവരെ കാഫിറാക്കാമോ? ശൈഖുല്‍ ഇസ്‌ലാം തന്നെ പറയുന്നു: ''ഒരു വാക്ക് തനി കുഫ്‌റിന്റേതായിരിക്കാം. അപ്പോള്‍ ഈ വാക്ക് ഉച്ചരിക്കുന്നവര്‍ കാഫിറാകുമെന്നു പറയാം. എന്നാല്‍ ഒരു പ്രത്യേക വ്യക്തി അതേ വാചകം പറഞ്ഞുവെന്നിരിക്കട്ടെ. എന്നാല്‍ അയാളുടെ പേരില്‍ കുഫ്ര്‍ ആരോപിക്കാനോ വിധിക്കാനോ പാടുള്ളതല്ല. വ്യക്തമായ തെളിവ് അദ്ദേഹത്തിന് മുന്നില്‍ സമര്‍പ്പിക്കപ്പെടുന്നതു വരെ'' (മജ്മുഉ ഫതാവാ 23/345).
അബൂ ഹുറയ്‌റ നിവേദനം ചെയ്യുന്നു. നബി (സ) പറഞ്ഞു: ''വ്യഭിചാരി വ്യഭിചരിക്കുന്ന സമയം വിശ്വാസിയായിക്കൊണ്ട് വ്യഭിചരിക്കുന്നില്ല. മോഷ്ടാവ് മോഷ്ടിക്കുന്ന നിമിഷം വിശ്വാസിയായ നിലയില്‍ മോഷ്ടിക്കുന്നില്ല. മദ്യപാനി മദ്യപിക്കുമ്പോള്‍ വിശ്വാസിയായി മദ്യപിക്കുന്നില്ല'' (ബുഖാരി 2120).
ഇമാം ഇബ്‌നു ഹജരില്‍ അസ്ഖലാനി വിശദീകരിക്കുന്നു: ''ഇമാം ഇബ്‌നു ബത്വാല്‍ പറയുന്നു. മദ്യപാനത്തെ എതിര്‍ത്തു പറഞ്ഞ ശക്തമായ ഹദീസാണിത്. ഖവാരിജുകള്‍ പറയുന്നത്, നിഷിദ്ധമാണെന്ന് മനസ്സിലാക്കിയിട്ടും വന്‍ പാപം ചെയ്യുന്നവര്‍ കാഫിറാണെന്നാണ്. എന്നാല്‍ അഹ്‌ലുസ്സുന്ന മനസ്സിലാക്കുന്നത്, പാപം ചെയ്യുന്ന നിമിഷം പാപിയുടെ ഈമാന്‍ പൂര്‍ണമായ അവസ്ഥയില്‍ ആയിരിക്കില്ല എന്നാണ്. പാപം ചെയ്യാത്തവനേക്കാളും കുറഞ്ഞ ഈമാനിലായിരിക്കും പാപിയുടെ ഈമാന്‍ എന്നാണ്'' (ഫത്ഹ് 10/34).
യഹൂദ-ക്രൈസ്തവരോടും ബഹുദൈവത്വ മതക്കാരോടും ദൈവനിഷേധികളോടും സഹകരിച്ചാലും സഹോദര മുസ്‌ലിം സംഘടനകളോട് കടുത്ത അയിത്തം പുലര്‍ത്തുന്ന ചില തീവ്ര ചിന്താഗതിക്കാരെ മുസ്‌ലിം സമുദായത്തില്‍ കാണാം. ഇത്തരക്കാരെ സംബന്ധിച്ച് ഇബ്‌നുതൈമിയ്യ പറയുന്നു: ''ഖദ്‌രീ, ശീഈ, ഖവാരിജി, മുര്‍ജിഈ പോലുള്ള ബിദ്ഈ ചിന്താഗതികള്‍ ഉണ്ടെങ്കില്‍ പോലും നബി (സ) കൊണ്ടുവന്നതില്‍ വിശ്വസിക്കുന്ന ഒരു വിശ്വാസി അതിനെ അപ്പാടെ നിഷേധിക്കുന്ന യഹൂദി-നസ്വാറാക്കളേക്കാള്‍ ഉത്തമരാണ്. തങ്ങള്‍ നബി(സ)യെ ധിക്കരിക്കുന്നുവെന്ന ചിന്തയിലല്ലോ അവര്‍ ഈ ചിന്താഗതിക്കാരായത്. അനുസരിക്കുന്നുവെന്ന ധാരണയിലാണല്ലോ. അതിനാല്‍ അവനില്‍ കുഫ്ര്‍ ഉണ്ടെങ്കില്‍ പോലും കാഫിറാവുകയില്ല. മാത്രവുമല്ല അവന്റെ കുഫ്ര്‍ നബി(സ)യെ തന്നെ കളവാക്കുന്നവരുടെ കുഫ്ര്‍ പോലെയായിരിക്കുകയുമില്ലല്ലോ'' (മജ്മുഉ ഫതാവാ വാള്യം 35, പേജ് 201).
സ്വഹാബത്തിനെ തന്നെ കാഫിറാക്കുകയും കടുത്ത രീതിയില്‍ ആക്ഷേപിക്കുകയും ചെയ്തവരാണ് ഖവാരിജുകള്‍. 'നരകത്തിലെ പടികള്‍' എന്ന് പോലും പ്രവാചകനില്‍നിന്നും അവരെക്കുറിച്ച് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഈ ഖവാരിജുകള്‍ പോലും കാഫിറാണെന്ന് അഹ്‌ലുസ്സുന്നത്തിന് വാദമില്ല എന്നാണ് സലഫി പണ്ഡിതര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളത്. ഇമാം ഇബ്‌നുതൈമിയ്യ പറയുന്നു:
''അഹ്‌ലുസ്സുന്ന അവരുടെ ആശയത്തിനെതിരായി ഇജ്തിഹാദിന്റെ അടിസ്ഥാനത്തില്‍ അബദ്ധങ്ങള്‍ പറഞ്ഞവരെ പോലും കാഫിറാക്കുകയോ ബിദ്അത്ത് ആരോപിക്കുകയോ ചെയ്തിട്ടില്ല. അലി, ഉസ്മാന്‍ പോലുള്ള സ്വഹാബികളെ കാഫിറാക്കുകയും അവരുടെ രക്തം അനുവദനീയമാക്കുകയും ചെയ്ത ഖവാരിജുകളെ പോലും സ്വഹാബത്ത് കാഫിറാക്കാത്തതുപോലെ'' (മജ്മൂഉ ഫതാവാ 19/212).
Comments