Prabodhanm Weekly

Pages

Search

2018 ഫെബ്രുവരി 23

3040

1439 ജമാദുല്‍ ആഖിര്‍ 06

രചനാത്മക സമീപനം: ചില ചിന്തകള്‍

പി.പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി

പലപ്പോഴും 'ഹിന്ദുത്വ ഫാഷിസം' എന്ന പദപ്രയോഗം പ്രബോധനത്തില്‍ വന്നുകാണുന്നു. ഈ പ്രയോഗം ഒട്ടും രചനാത്മകമല്ല. ഇസ്‌ലാമിക പ്രസ്ഥാനം ഇതഃപര്യന്തം മുറുകെ പിടിക്കുന്ന ഒന്നാണ് രചനാത്മകത. അടച്ചാക്ഷേപിക്കലും അന്ധമായി സാമാന്യവല്‍ക്കരിക്കലും നീതിബോധത്തിന് നിരക്കാത്തതാണ്.

ഹിന്ദുത്വ ഫാഷിസമെന്ന പ്രയോഗം സാധാരണ ഹിന്ദുക്കളില്‍ ഭൂരിപക്ഷത്തെയും വേദനിപ്പിക്കാനിടയുണ്ട്. ഈ പ്രയോഗം നടത്തുന്നവര്‍ ഉദ്ദേശിക്കുന്ന സൂക്ഷ്മാര്‍ഥത്തിലല്ല അതു സാധാരണക്കാര്‍ മനസ്സിലാക്കുക. കൂടാതെ, ദുഷ്ട ചിന്താഗതിക്കാര്‍ ഈ പ്രയോഗത്തില്‍നിന്ന് മുതലെടുപ്പ് നടത്താനും നാനാമാര്‍ഗേണ കുപ്രചാരണങ്ങള്‍ നടത്താനും പരമാവധി ശ്രമിക്കും. സവര്‍ണ ഫാഷിസ്റ്റുകള്‍ എന്ന പ്രയോഗവും ഒഴിവാക്കപ്പെടേണ്ടതാണ്. വളരെ ചെറിയ ന്യൂനപക്ഷമേ ഫാഷിസ്റ്റുകളുടെ കെണിയില്‍ കുടുങ്ങിയവരായുള്ളൂ. ഇതില്‍തന്നെ പലരും തെറ്റിദ്ധരിച്ചും കുപ്രചാരണങ്ങളില്‍ കുടുങ്ങിയും അങ്ങനെ ആയിത്തീര്‍ന്നവരാണ്. തിരിച്ചറിവ് ഉണ്ടായാല്‍ തിരുത്താന്‍ സാധ്യതയുള്ളവരുമാണ്. ഹിന്ദുക്കളില്‍ മഹാഭൂരിപക്ഷവും ഫാഷിസ്റ്റ്‌വിരുദ്ധരാണ്. സവര്‍ണരില്‍ ഫാഷിസ്റ്റ്‌വിരുദ്ധരല്ലേ ഭൂരിപക്ഷവും? സംഘ് പരിവാര്‍ സംഘടനകളില്‍ സവര്‍ണരല്ലാത്തവര്‍ ധാരാളമുണ്ട്. ദലിതുകളുമുണ്ട്. ഗുജറാത്ത് വംശഹത്യ ഉള്‍പ്പെടെ പല കലാപങ്ങളിലും മുസ്‌ലിംകളെ കൊന്നൊടുക്കാന്‍ ദലിതുകളെയും മറ്റും സംഘ് പരിവാര്‍ ചട്ടുകമായി ഉപയോഗിച്ചിരുന്നുവെന്നതും വസ്തുതയാണ്.

കുറ്റത്തെയും കുറ്റവാളിയെയും വേറിട്ടു കാണുകയെന്നത് രചനാത്മക ശൈലിയുടെ കാമ്പും കാതലുമാണ്. നമ്മുടെ എതിര്‍പ്പ് കുറ്റത്തോട് മാത്രമാണെന്നും കുറ്റവാളിയോടല്ലെന്നും പരമാവധി കൃത്യമാക്കേണ്ടതുണ്ട്. അതേപോലെ വിഷയത്തിന്റെ ഗൗരവത്തിനനുസരിച്ചേ വിമര്‍ശനം നടത്താവൂ. ഈച്ചയെ കൊല്ലാന്‍ തോക്കെടുക്കരുതെന്നതും രചനാത്മകതയുടെ ഭാഗമാണ്. മുന്‍ഗണനാ ക്രമം പാലിക്കുകയെന്നതും ആക്കത്തൂക്കം നോക്കി നിലപാടുകള്‍ സ്വീകരിക്കുകയെന്നതുമൊക്കെ നാം സദാ ദീക്ഷിക്കേണ്ട രചനാത്മകതയുടെ ഭാഗം തന്നെ. നീതിബോധം കൈമോശം വരാതിരിക്കാന്‍ സദാ ജാഗ്രത പുലര്‍ത്തണം. 'തിന്മയെ നന്മകൊണ്ട് പ്രതിരോധിക്കണം' എന്നാണ് ഖുര്‍ആനിന്റെ ശാസന.

'നന്മ കല്‍പിക്കുക, തിന്മ വിരോധിക്കുക' എന്നത് ഖുര്‍ആന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഊന്നിപ്പറഞ്ഞ കാര്യമാണ്. അവിടെയൊക്കെ 'നന്മ കല്‍പിക്കുക' (അംറുന്‍ ബില്‍ മഅ്‌റൂഫ്) എന്നതിനെ അല്ലാഹു മുന്തിച്ചു പറഞ്ഞു എന്ന വസ്തുത ചിന്തനീയമാണ്. വെളിച്ചം പരക്കുമ്പോള്‍ അന്ധകാരം നിഷ്‌ക്രമിക്കും; നന്മ വളരുകയും വ്യാപിക്കുകയും ചെയ്യുമ്പോള്‍ തിന്മ താനേ തളരും.

ഗുണകാംക്ഷ (നസ്വീഹത്ത്) എന്ന സദ്‌വികാരം രോഷപ്രകടനത്തിന്റെ തീവ്രതയില്‍ വിനഷ്ടമായിക്കൂടാത്തതാണ്. ആളുകള്‍ക്ക് തിരിച്ചറിവുണ്ടായി അവര്‍ സ്വയം തെറ്റുകള്‍ തിരുത്തുകയാണ് വേണ്ടത്. അബൂത്വാലിബുമാരെ അബൂലഹബുമാരാക്കി മാറ്റിയിട്ട് ഒരു പ്രയോജനവുമില്ലെന്നു മാത്രമല്ല, പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാവുകയും ചെയ്യും.

മര്‍ദിത-പീഡിത വിഭാഗങ്ങള്‍ക്കു വേണ്ടി മാന്യമായും ശക്തമായും പോരാടേണ്ടതുണ്ട്. അത് പുണ്യ കര്‍മമാണ്. ഇസ്‌ലാം നമ്മുടെ ബാധ്യതയായി നിര്‍ണയിച്ചിട്ടുമുണ്ട്. മര്‍ദിത-പീഡിത വിഭാഗത്തിന്റെ ഭാഷ അവരുടെ രോഷപ്രകടനത്തിന്റെ തീക്ഷ്ണതയാര്‍ന്നതായിരിക്കും. അതി തീവ്രതയുടെ അസന്തുലിതത്വം അതിലുണ്ടാകും. അത് പ്രതിലോമപരവും നിഷേധാത്മകവുമായ ഫലങ്ങളുണ്ടാക്കുമെന്നതുറപ്പാണ്. ആകയാല്‍ അവര്‍ക്കു വേണ്ടി നാം പോരാടുമ്പോള്‍ അവരുടെ ശരിയല്ലാത്ത ഭാഷയും ശൈലിയും തജ്ജന്യ പ്രവണതകളും നമ്മിലേക്ക് അരിച്ചുകയറുന്നില്ലെന്ന് ഉറപ്പുവരുത്തണം.

പ്രവാചകന്മാര്‍ ധാരാളമായി പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഒരു പ്രവാചകനും തിരിച്ച് പരിഹസിച്ചിട്ടില്ല. പരിഹാസം രചനാത്മക ഫലം ഉണ്ടാക്കില്ലെന്നതാണ് കാരണം.

മര്‍ദിതരോട് സഹതാപം പുലര്‍ത്തണം. എന്നാല്‍ അവരിലെ ദുഷ്പ്രവണതകള്‍ ഇങ്ങോട്ട് സംക്രമിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുകയും വേണം. എന്നും വര്‍ഗ സംഘട്ടനങ്ങള്‍ നടക്കുമെന്നും നടക്കണമെന്നും പഠിച്ചവരുടെ/പഠിപ്പിക്കുന്നവരുടെ ഭാഷയും ശൈലിയുമാണ് മര്‍ദിതരെ പലപ്പോഴും സ്വാധീനിക്കുന്നത്. മര്‍ദകരെന്ന് തങ്ങള്‍ മനസ്സിലാക്കുന്നവരെ തകര്‍ത്ത് നശിപ്പിക്കാനുള്ള തീവ്ര വിരോധ വികാരവും രോഷവുമാണവരുടെ ഭാഷയും ശൈലിയും പ്രസരിപ്പിക്കുന്നത്. എന്നാല്‍ അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ) പറഞ്ഞത് 'നീ നിന്റെ സഹോദരനെ സഹായിക്കുക, അവന്‍ മര്‍ദകനായാലും ശരി; മര്‍ദിതനായാലും ശരി'  എന്നാണ്. ഇതു കേട്ട് വിസ്മയിച്ചവരോട് നബി വിശദീകരിച്ചുകൊടുത്തത്, തന്റെ സഹോദരനെ തെറ്റില്‍നിന്നും അക്രമത്തില്‍നിന്നും പിന്തിരിപ്പിക്കുകയെന്നതാണ് മര്‍ദകനോടുള്ള ഗുണകാംക്ഷ എന്നായിരുന്നു. കടുകടുത്ത ഫാഷിസ്റ്റും മഹാ അക്രമിയുമായ ഫിര്‍ഔനിനോട് പ്രതീക്ഷാപൂര്‍വം മൃദുലവും മാന്യവുമായ ശൈലിയില്‍ സംസാരിക്കാന്‍ അല്ലാഹു മൂസാ നബിയോട് നിര്‍ദേശിച്ചത് (സൂറ ത്വാഹാ: 44) നാം ഗൗനിക്കേണ്ട വസ്തുതയാണ്.

നാം ഒരു വിഭാഗത്തോട് പിണങ്ങുകയും കലഹിക്കുകയും ചെയ്യുമ്പോള്‍, ഒരുവേള ഇണങ്ങുകയും സഹകരിക്കുകയും ചെയ്യേണ്ട നല്ല ഒരു ചുറ്റുപാട് നാളെ വന്നേക്കാമെന്നും, ഒരു വിഭാഗവുമായി ചങ്ങാത്തം സ്ഥാപിക്കുമ്പോള്‍ ഒരുപക്ഷേ, പിണങ്ങുകയോ പിരിയുകയോ വേണ്ടിവന്നേക്കാമെന്ന് ഓര്‍ക്കുന്നതാണ് വിവേകം.

ഹംസ(റ)യെ ക്രൂരമായി വധിച്ച ഹിന്ദിനെയും വഹ്ശിയെയും പിന്നീട് ഉള്‍ക്കൊള്ളാന്‍ സാധിച്ച, ഹംസ(റ) ഉയര്‍ത്തിപ്പിടിച്ച അതേ പതാക ഈ ഘാതകരും പിന്നീട് ഉയര്‍ത്തിപ്പിടിച്ച ചരിത്രം ഇസ്‌ലാം നിഷ്ഠാപൂര്‍വം ഉയര്‍ത്തിപ്പിടിച്ച രചനാത്മക ശൈലിയുടെ ഉജ്ജ്വലമായ സല്‍ഫലമാണ്. ഈദൃശ ഉജ്ജ്വല-മഹിത മാതൃകകളാല്‍ നിറഞ്ഞതാണ് ഇസ്‌ലാമിന്റെ ചരിത്രം. ഇതാണ് നമുക്ക് പ്രചോദനമാകേണ്ടത്.

ഇന്ത്യയില്‍ ദലിതര്‍ മാത്രമല്ല ഇസ്‌ലാമിലേക്ക് കടന്നുവരുന്നത്. വിവിധ ജാതികളിലും മതവിഭാഗങ്ങളിലും പെട്ട ലക്ഷക്കണക്കിനാളുകള്‍ ഇസ്‌ലാം ആശ്ലേഷിച്ചിട്ടുണ്ട്; ആശ്ലേഷിക്കുന്നുമുണ്ട്. അവര്‍ണര്‍ക്ക് മാത്രമല്ല സവര്‍ണര്‍ക്കും ഇസ്‌ലാം വിമോചനം പ്രദാനം ചെയ്യുന്നുണ്ട്. 'അയ്യുഹന്നാസ്' (ഹേ, ജനങ്ങളേ) എന്ന സംബോധനയില്‍ എല്ലാവരും പെടുന്നുണ്ട്. ഏതെങ്കിലും വിഭാഗത്തിന് നമ്മോടുള്ള ശാത്രവം നമ്മെ നീതിയുടെ പാതയില്‍നിന്ന് വ്യതിചലിപ്പിക്കരുതെന്ന വിശുദ്ധ ഖുര്‍ആനിന്റെ ശാസന (5:8) ഗൗരവപ്പെട്ടതാണ്. സത്യവിശ്വാസിക്ക് ആരോടും അന്ധമായ നിരന്തര വൈരം ഉണ്ടാവില്ല; ഉണ്ടാവാന്‍ പാടില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (1-3)
എ.വൈ.ആര്‍

ഹദീസ്‌

കര്‍മങ്ങള്‍ പാഴാകുന്നതെപ്പോള്‍?
നൗഷാദ് ചേനപ്പാടി