Prabodhanm Weekly

Pages

Search

2018 ഫെബ്രുവരി 23

3040

1439 ജമാദുല്‍ ആഖിര്‍ 06

'ഓം മുഹമ്മദ് സ്വാമി നമശിവായഃ'

മാള ടി.എ മുഹമ്മദ് മൗലവി/സി.എസ് ഷാഹിന്‍

ഇസ്‌ലാമിക പ്രസ്ഥാനത്തെ നെഞ്ചേറ്റി വ്യക്തികളില്‍നിന്ന് വ്യക്തികളിലേക്ക്-2

അമ്പലപ്പുഴയിലെ കരുമാടി എന്ന പ്രദേശത്തുകാരനായ കറുത്തേടത്ത് അഹ്മദ്, ടിയാന്റെ സഹോദരീഭര്‍ത്താവ് അബ്ദുല്‍ കരീം, എന്റെ സഹോദരീ ഭര്‍ത്താവ് സി.ജെ മുഹമ്മദ് കോയ എന്നിവര്‍ ചേര്‍ന്ന് തൃപ്പൂണിത്തുറയില്‍ സാമാന്യം വലിയ തേയിലക്കച്ചവടം നടത്തിപ്പോന്നിരുന്നു. കരുമാടിക്കാരനായ അബ്ദുല്‍ ഖാദര്‍ (ഇദ്ദേഹം പിന്നീട് എന്റെ സഹോദരിയെ വിവാഹം കഴിച്ചു) ഒരിക്കല്‍ തൃപ്പൂണിത്തുറയില്‍ വന്നു. എവിടെയെങ്കിലും ഒരു തേയിലക്കട തുടങ്ങുന്നതിന് ആവശ്യമായ സഹായ സഹകരണങ്ങള്‍ ചെയ്തുതരണമെന്ന് അവരോട് ആവശ്യപ്പെട്ടു. 'ശരി, സഹായം നല്‍കാം. കൂടെ ഒരു പങ്കുകാരനെയും നല്‍കാം. പറ്റുമോ എന്ന് നോക്കൂ. ബോധ്യപ്പെട്ടാല്‍ കൂടെക്കൂട്ടിക്കോളൂ.' ഇങ്ങനെ പറഞ്ഞ് എന്നെ കാണാന്‍ അദ്ദേഹത്തെ അവര്‍ വീട്ടിലേക്ക് അയച്ചു. ഞങ്ങള്‍ പരിചയപ്പെട്ടു. കച്ചവടത്തില്‍ എന്നെ പങ്കാളിയാക്കാന്‍ അദ്ദേഹത്തിന് താല്‍പര്യക്കുറവുണ്ടായില്ല. വിവരം തൃപ്പൂണിത്തുറക്കാരെ അറിയിച്ചു. അങ്ങനെ ഞാനും അബ്ദുല്‍ ഖാദറും മാളയിലേക്ക് വണ്ടികയറി. അവിടെ ഒരു കട വാടകക്ക് എടുത്തു. തൃപ്പൂണിത്തുറയില്‍നിന്ന് തേയില അയച്ചുതുടങ്ങി. 1957-ല്‍ രണ്ടുപേരും കൂടി മാളയില്‍ കച്ചവടം ആരംഭിച്ചു. തീരുമാനിച്ചത് ദയൂബന്ദിലേക്ക് തുടര്‍ പഠനത്തിന് പോകാന്‍, എത്തിപ്പെട്ടത് മാളയില്‍ കച്ചവടക്കാരന്റെ വേഷത്തില്‍. ഞാന്‍ നേരത്തേ പറഞ്ഞില്ലേ; എന്റെ പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചത് അങ്ങനെയാണ്.

ചിറക്കല്‍ മുഹമ്മദ്ക്കയുടെ കടയാണ് വാടകക്കെടുത്തത്. താഴെ കട. മുകളില്‍ താമസം. കടയുടെ സമീപം ജുമുഅത്ത് പള്ളി. അന്ന് പള്ളിയിലെ ഖത്വീബ് കുഞ്ഞിക്കമ്മത്തി മുസ്‌ലിയാര്‍. നബാത്തിയ ഖുത്വ്ബ മലയാളത്തില്‍ പരിഭാഷപ്പെടുത്തിയാണ് അദ്ദേഹം ഖുത്വ്ബ നടത്തിയിരുന്നത്. മുക്രി ആലിയാരിക്ക വാളെടുത്ത് മആശിറ പറഞ്ഞിരുന്നതും മലയാളത്തില്‍ തന്നെ. മറ്റെവിടെയും ഇത് ഞാന്‍ കണ്ടിട്ടില്ല. ജുമുഅക്ക് ശേഷം അവസരം കിട്ടുമ്പോള്‍ ഞാന്‍ അല്‍പാല്‍പം പ്രസംഗിക്കാന്‍ തുടങ്ങി. അതോടു കൂടി പുതിയ പേര് കിട്ടി; ചായപ്പൊടി മുസ്‌ലിയാര്‍!

വിശാലമായ പ്രദേശത്ത് ധാരാളം ജനങ്ങള്‍ താമസിക്കുന്ന മഹല്ലായിരുന്നു മാള. സാമ്പത്തികമായി ഏറെ പിറകില്‍. മീന്‍ കച്ചവടവും ചുമടും കൂലിപ്പണിയും ചെയ്ത് ജീവിതം നയിക്കുന്ന സാധാരണക്കാര്‍. സാമ്പത്തികമായി അല്‍പം ഭേദപ്പെട്ടവര്‍ നാലോ അഞ്ചോ പേര്‍ മാത്രം. ഇതായിരുന്നു അന്നത്തെ മാള. ദീനീ വിദ്യാഭ്യാസവും കുറവ്. റമദാനില്‍ തറാവീഹിന് ഉണ്ടാവുക മൂന്നോ നാലോ ആളുകള്‍. റമദാനില്‍ ജുമുഅക്ക് വരുന്ന ചിലരാകട്ടെ പരസ്യമായി ബീഡി വലിച്ചുകൊണ്ടാവും വരവ്! ഒരു ദിവസം ഞാന്‍ സ്വുബ്ഹ് നമസ്‌കാരത്തില്‍ സൂറഃ സജദ ഓതി സുജൂദ് ചെയ്തു. ഇതെന്ത് നമസ്‌കാരം എന്നു പറഞ്ഞ് പിറകിലുള്ളവരില്‍ പലരും കൈയഴിച്ചു പോയി!

ഈ ഘട്ടത്തില്‍ മാളയിലെ ചിലര്‍ ജമാഅത്ത് അനുഭാവികളായി രംഗത്തു വരാന്‍ തുടങ്ങി. ബീഡിതെറുപ്പുകാരന്‍ കെ.എം അബ്ദു, കെ.എം മുഹമ്മദ് മാഷ്, ഇ.എസ് റഹ്മത്തുല്ല മാഷ്, ചിറക്കല്‍ ഇസ്മാഈല്‍, കടവില്‍ സാബു, അബ്ദുക്ക, എന്‍.എച്ച് മൊയ്തീന്‍, കെ.എം ഉമ്മര്‍, ആശാന്‍ മുഹമ്മദ്... ഇസ്‌ലാമിന്റെ സമഗ്രത ബോധ്യപ്പെട്ടു എന്നതിനപ്പുറം അന്നും ഞാന്‍ ഒരു ജമാഅത്തുകാരന്‍ ആയിരുന്നില്ല. എങ്കിലും മാളയിലെ ജമാഅത്തുകാരുമായി നല്ല ബന്ധം സ്ഥാപിച്ചു. വളരെ മുമ്പ് തന്നെ ചായപ്പൊടി കച്ചവടത്തിനു വേണ്ടി മാളയില്‍ എത്തിയ ആളാണ് അസീസ്. കടുത്ത നിരീശ്വരവാദി. സജീവ കമ്യൂണിസ്റ്റുകാരന്‍. ദീര്‍ഘനാളത്തെ ചര്‍ച്ചകളും സാഹിത്യ വായനയും കാരണമായി അദ്ദേഹവും പ്രസ്ഥാനത്തിലേക്ക് കടന്നുവന്നു. മാളയിലെ കരുമാത്ര പ്രദേശത്ത് താമസിക്കുന്ന ബീഡിതെറുപ്പുകാരനാണ് കുഞ്ഞുമുഹമ്മദ്. പ്രസ്ഥാനത്തെ ആഴത്തില്‍ സ്‌നേഹിക്കുന്ന ജമാഅത്ത് പ്രവര്‍ത്തകന്‍. കൂടെയുള്ളവര്‍ക്കെല്ലാം ആവേശപൂര്‍വം അദ്ദേഹം പ്രസ്ഥാനത്തെ പരിചയപ്പെടുത്തി. കൈയിലുള്ള സാഹിത്യങ്ങള്‍ പരമാവധി ആളുകള്‍ക്ക് വായിക്കാന്‍ കൊടുത്തു. ഞാന്‍ അദ്ദേഹവുമായി നിരന്തരം ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നില്‍ വലിയ ആവേശമുണര്‍ത്തി. അതിനെ തുടര്‍ന്ന് നാട്ടിലെ പ്രമുഖരായ പല കാരണവന്മാരുമായി ഞാന്‍ സ്ഥിരബന്ധം തുടങ്ങി. വീടുകള്‍ മാറിമാറി സന്ദര്‍ശിച്ചു. നമസ്‌കരിക്കാത്ത പലരെയും നമസ്‌കരിപ്പിച്ചു. അന്നമനട, മാമ്പ്ര എന്നീ പ്രദേശങ്ങളില്‍ ജുമുഅയിലെ പങ്കാളിത്തം ദയനീയമായിരുന്നു. വെള്ളിയാഴ്ചകളില്‍ വീടുകളില്‍ കയറിയിറങ്ങി ജുമുഅക്ക് ആളുകളെ ക്ഷണിക്കുന്നത് ഞങ്ങള്‍ പതിവാക്കി. കുറേകാലം ഈ അവസ്ഥ തുടര്‍ന്നു.

ഹോമിയോ ഡോക്ടര്‍ ഇസ്മാഈല്‍ സേഠ് അമ്പലപ്പുഴക്കടുത്ത് പുറക്കാട് സ്വദേശിയാണ്. എന്റെ പിതാവിനോടൊപ്പം മുസ്‌ലിം ലീഗില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. പിന്നീട് ജമാഅത്തുകാരനായി. അദ്ദേഹം അഴീക്കോട് ഹോമിയോ ഡിസ്‌പെന്‍സറി നടത്തിക്കൊണ്ടിരിക്കെ മാളയില്‍ വന്നു. എ.എസ് ഹോമിയോ ഡിസ്‌പെന്‍സറി എന്ന പേരില്‍ ഒരു ചികിത്സാലയം മാളയിലും ആരംഭിച്ചു. വിനീതന്‍, പരോപകാരി, പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ വലിയ ആവേശം. അദ്ദേഹത്തിന്റെ ശ്രമഫലമായി ജില്ലാ നാസിം കെ. അബ്ദുസ്സലാം മൗലവി, കെ. മൊയ്തു മൗലവി, കുറ്റിപ്പുഴ പി.കെ മൗലവി തുടങ്ങിയവര്‍ മാളയില്‍ വരികയും പ്രഭാഷണം നടത്തുകയും ചെയ്തു.

1959-ല്‍, പത്തു ദിവസത്തെ വഅ്‌ള് പരമ്പര സംഘടിപ്പിക്കുന്നതിനെക്കുറിച്ച് മാള മഹല്ല് കമ്മിറ്റിയില്‍ ആലോചന നടന്നു. സാമ്പത്തിക ബാധ്യതയില്ലാതെ വഅ്‌ള് നടത്താന്‍ ഏര്‍പ്പാട് ചെയ്തുതരാമെന്ന് ഞാന്‍ അഭിപ്രായപ്പെട്ടു. അത് അംഗീകരിക്കപ്പെട്ടു. കെ. അബ്ദുസ്സലാം മൗലവി, കെ. മൊയ്തു മൗലവി, ഇസ്സുദ്ദീന്‍ മൗലവി, ആലുവ ടി.കെ, അഴീക്കോട് ബുഖാരി, അഡ്വ. കെ.കെ കൊച്ചുമുഹമ്മദ്, ഖാസിം മൗലവി, ആലിക്കുട്ടി മൗലവി, പി.കെ മുഹമ്മദ് മൗലവി തുടങ്ങിയ അറിയപ്പെടുന്ന നേതാക്കളെ വഅ്‌ള് നടത്താനായി മാളയിലേക്ക് ക്ഷണിച്ചു. പള്ളിമുറ്റത്തായിരുന്നു പരിപാടി. വഅ്‌ള് പരമ്പര ആരംഭിച്ചു. നാലഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ എതിര്‍പ്പും ആക്ഷേപവും തലപൊക്കിത്തുടങ്ങി. 'മൗദൂദികള്‍' നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയാണെന്ന ആരോപണം ശക്തിപ്പെട്ടു. ഇസ്സുദ്ദീന്‍ മൗലവി നിശ്ചയിക്കപ്പെട്ട ദിവസം പ്രസംഗിക്കാന്‍ എത്തി. പുതിയ സാഹചര്യം പരിഗണിച്ച് ജമാഅത്തിനെ കുറിച്ച് ഒന്നും പരാമര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അപ്പോള്‍ ഇസ്സുദ്ദീന്‍ മൗലവി പ്രതികരിച്ചത് ഇങ്ങനെ: 'ഓഹോ... അങ്ങനെയാണോ.' ആ മറുപടിയില്‍ ചെറിയൊരു അപകടം ഞാന്‍ മണത്തു. മൗലവി വഅ്‌ള് തുടങ്ങി. ഒപ്പം എന്റെ നെഞ്ചിടിപ്പ് കൂടി വന്നു. ഇസ്‌ലാമിന്റെ ഓരോ വശവും അദ്ദേഹം മനോഹരമായി അവതരിപ്പിച്ചു. ഓരോ വശത്തെക്കുറിച്ച് പറഞ്ഞുതീരുമ്പോഴും 'ഇതാണ് ജമാഅത്തെ ഇസ്‌ലാമി' എന്ന് പുട്ടിന് തേങ്ങയിടുന്നതുപോലെ പറയുകയും ചെയ്തു. രംഗം ചൂടായി. എന്തോ അവിടെ വെച്ച് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. പക്ഷേ, പള്ളിമുറ്റത്ത് പ്രസംഗിക്കാന്‍ പിന്നീട് അനുവാദം നല്‍കപ്പെട്ടില്ല. വഅ്‌ള് നടത്താന്‍ മറ്റൊരു സ്ഥലം കിട്ടിയതുമില്ല. മൗലവിക്ക് അതൊന്നും വിഷയമല്ല. മാളക്കടവിലെ തോട്ടിന്റെ വക്കത്ത് മണലില്‍ ഇരുന്നാണ് അതിനു ശേഷം അദ്ദേഹം വഅ്‌ളുകള്‍ നടത്തിയത്.

മാളയിലെ പല കാരണവന്മാരും വലിയ വിരോധം വെച്ചുപുലര്‍ത്തിയപ്പോള്‍ ചിറക്കല്‍ മുഹമ്മദ്ക്ക നല്‍കിയ സഹകരണം സ്മരണീയമാണ്. ചില പരിപാടികള്‍ നടന്നത് മുഹമ്മദ്ക്കയുടെ കടയുടെ മുകളിലെ തിണ്ണയിലായിരുന്നു. അദ്ദേഹത്തിന്റെ മകനും കെ.പി.സി.സി മെമ്പറുമായിരുന്ന എ. എം അലിമാഷ് ഗുണകാംക്ഷയോടെയാണ് വര്‍ത്തിച്ചിരുന്നത്. പലവിധ എതിര്‍പ്പുകള്‍ മഹല്ലില്‍ നേരിടേണ്ടിവന്നു. അതിനിടയിലും നാട്ടില്‍ ഞങ്ങള്‍ കഴിയാവുന്ന സേവനങ്ങള്‍ ചെയ്തു. നാട്ടുകാരുമായി നല്ല ബന്ധം നിലനിര്‍ത്തി.

ഒരിക്കല്‍ മഹല്ലില്‍ ഞങ്ങളെ ഒറ്റപ്പെടുത്താന്‍ ഒരു വഅ്‌ള് സംഘടിപ്പിക്കപ്പെട്ടു. പ്രഭാഷണം മുഴുവന്‍ വ്യക്തിഹത്യ നിറഞ്ഞതായിരുന്നു. കൂട്ടത്തില്‍ എന്നെ ഉന്നംവെച്ച്, ഖുര്‍ആനിലാണ് ചിലര്‍ ചായപ്പൊടി പൊതിഞ്ഞു കൊടുക്കുന്നത് എന്ന് പറഞ്ഞു. ആക്ഷേപം പരിധിവിട്ടപ്പോള്‍ സദസ്സിലുണ്ടായിരുന്ന മുഹമ്മദ്ക്ക എഴുന്നേറ്റു നിന്ന് തുറന്നടിച്ചു: 'നിര്‍ത്തണം, ഇത് വഅ്‌ളല്ല. ഗീബത്തും ഫസാദുമാണ്. സ്വര്‍ഗത്തിന്റെ വാതില്‍ക്കല്‍ പട്ടിയെ കെട്ടിയിടുകയാണ്.' സദസ്സ് സ്തംഭിച്ചു. വഅ്‌ള് നിന്നു. തുടരാന്‍ പറഞ്ഞിട്ടും മുസ്‌ലിയാര്‍ തുടര്‍ന്നില്ല.

മറ്റൊരിക്കല്‍ മാളക്കടുത്ത് മാരേക്കാട് മഹല്ലില്‍ ഇ.കെ ഹസന്‍ മുസ്‌ലിയാരുടെ വഅ്‌ള് നടന്നു. കേള്‍ക്കാന്‍ ഞാനും പോയി. ഞാന്‍ പേനയും കടലാസും കരുതിയിരുന്നു. വഅ്‌ളിനിടയില്‍ മുസ്‌ലിയാര്‍ പറഞ്ഞു: 'ആ കള്ളന്മാര്‍ ഇവിടെ ഇല്ലാ കേട്ടോ...' (ജമാഅത്ത് പ്രവര്‍ത്തകരെയാണ് ഉദ്ദേശിച്ചത്). അന്നും ഞാന്‍ ഒരു ജമാഅത്തുകാരനായി മാറിയിട്ടില്ല. എന്നിട്ടും എന്തോ പെട്ടെന്ന് ഞാന്‍ എഴുന്നേറ്റുനിന്ന് പറഞ്ഞു: 'ഉണ്ട് മുസ്‌ല്യാരേ ഉണ്ട്. ഇവിടെ തന്നെയുണ്ട്.' സദസ്സ് ബഹളമയമായി. ചിലര്‍ എന്റെ അടുത്ത് വന്ന് എന്താണ് മൗലവീ പ്രശ്‌നം എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു; 'ഒന്നുമില്ല, അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ നീക്കിക്കൊടുത്തതാണ്. അദ്ദേഹം ഒന്നര മണിക്കൂര്‍ സംസാരിച്ചു. ഞാന്‍ അതെല്ലാം കുറിച്ചുവെച്ചിട്ടുണ്ട്. എനിക്ക് അര മണിക്കൂര്‍ തന്നാല്‍ മതി. സത്യാവസ്ഥ വിശദീകരിക്കാം.' എന്റെ ആവശ്യം അവര്‍ മുസ്‌ലിയാരെ അറിയിച്ചു. അദ്ദേഹം കുറച്ചുനേരം മൗനിയായി ഇരുന്നു. ശേഷം എഴുന്നേറ്റുനിന്ന് മൈക്കിലൂടെ നീട്ടിപ്പറഞ്ഞു; ''ഇത് നമ്മുടെ സദസ്സാണ്... നമ്മുടെ സ്റ്റേജാണ്... നമ്മുടെ മൈക്കാണ്... അവര്‍ക്ക് വേണമെങ്കില്‍ വേറെ സ്റ്റേജ് കെട്ടി പ്രസംഗിച്ചോട്ടെ...''

നാട്ടില്‍ എതിര്‍പ്പ് കൂടുതല്‍ രൂക്ഷമായി. അനങ്ങാന്‍ പറ്റാത്ത അവസ്ഥ. ഒരുമിച്ചിരിക്കാനും പരിപാടികള്‍ നടത്താനും ഒരു ഇടം അനിവാര്യമായിത്തീര്‍ന്നു. അതിനുവേണ്ടി മഹല്ല് പള്ളിയിലേക്കുള്ള വഴിയില്‍ ഒരു പഴയ കടമുറി വാടകക്ക് എടുത്തു. അവിടെ ഒരു വായനശാല തുടങ്ങി. ഉദ്ഘാടനത്തിനായി കൊടുങ്ങല്ലൂരില്‍നിന്നും സിദ്ദീഖ് ഹസന്‍ സാഹിബിനെ കൊണ്ടുവന്നു. ആ വായനശാലയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ഓടിയെത്തുന്നത് മൊയ്തു മൗലവിയാണ്. ഞാനും മൊയ്തു മൗലവിയും എത്രയോ രാത്രികള്‍ വായനശാലയുടെ തറയില്‍ അന്തിയുറങ്ങിയിട്ടുണ്ട്. മൗലവിയില്‍ തിളങ്ങി നില്‍ക്കുന്ന ഈമാനിന്റെ പ്രഭ ആദരവോടെ നോക്കിനിന്ന രാവുകള്‍.

എന്റെ വിവാഹം നടന്നത് 1959-ല്‍. പങ്കാളിയായി ജീവിതത്തിലേക്ക് കടന്നുവന്നത് സഫിയ. നേരത്തേ സൂചിപ്പിച്ച തൃപ്പൂണിത്തുറയില്‍ കച്ചവടം ചെയ്തിരുന്ന അബ്ദുല്‍ കരീം സാഹിബിന്റെ മകള്‍. വിവാഹശേഷം മാളയില്‍ ചെറിയ വീടെടുത്ത് താമസം തുടങ്ങി. അക്കാലത്ത് ഇടക്കിടെ നീര്‍ക്കുന്നം സന്ദര്‍ശിക്കുമായിരുന്നു. അപ്പോഴേക്കും ഹസന്‍ ബാവ സാഹിബും അസീസ് സാഹിബും കമ്യൂണിസം ഉപേക്ഷിച്ച് തങ്ങളുടെ ജീവിതദൗത്യം കണ്ടെത്തിക്കഴിഞ്ഞിരുന്നു. അഥവാ ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ അണിചേര്‍ന്നിരുന്നു.

തേയില എടുക്കാന്‍ ആഴ്ചതോറും കൊച്ചിയിലേക്ക് പോകുന്ന പതിവുണ്ടായിരുന്നു. യാത്രാമധ്യേ ആലുവ എം.കെ മൊയ്തു സാഹിബിന്റെ ജൗളിക്കടയില്‍ ഇറങ്ങും. ഓരോ വരവിലും ഓരോ പുസ്തകം അദ്ദേഹത്തില്‍നിന്ന് വായിക്കാന്‍ വാങ്ങും. അടുത്ത പോക്കില്‍ അത് തിരിച്ചുകൊടുത്ത് മറ്റൊന്ന് എടുക്കും. നേരത്തേ പറഞ്ഞല്ലോ, ഈ സന്ദര്‍ഭങ്ങളിലൊന്നും ഞാന്‍ പൂര്‍ണമായി പ്രസ്ഥാനത്തില്‍ പ്രവേശിച്ചിരുന്നില്ല. അനുഭാവവും താല്‍പര്യവും ഉണ്ടെന്നു മാത്രം. പല വസ്‌വാസുകളും മനസ്സില്‍ അവശേഷിച്ചിരുന്നു. അതുകൊണ്ടുതന്നെ സംഘടനയുടെ ഭാഗമാകാതെ നില്‍ക്കുകയായിരുന്നു. ഒരു വ്യാഴാഴ്ച ഉറക്കത്തില്‍ ഒരു സ്വപ്‌നം കണ്ടു. ഞാന്‍ കേരളത്തിലെ പ്രധാന സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്നു. എല്ലാ ഇടങ്ങളിലും മുസ്‌ലിംകള്‍ തലയില്‍ കൈവെച്ച് 'ഞങ്ങള്‍ക്കിനി ആരാണല്ലാഹ്...' എന്നു പറഞ്ഞ് വിലപിക്കുന്നു. ദീര്‍ഘനേരം നീണ്ടുനിന്ന സ്വപ്‌നം. രാവിലെ എഴുന്നേറ്റപ്പോള്‍ മനസ്സ് മുഴുവന്‍ അസ്വസ്ഥത. സീതി സാഹിബ്, ബാഫഖി തങ്ങള്‍, സുലൈമാന്‍ സേട്ട് സാഹിബ്.... അങ്ങനെ സമുദായ നേതാക്കളില്‍ പലരും മനസ്സില്‍ മിന്നിമറഞ്ഞു. പത്രമെടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒരു നേതാവും മരണപ്പെട്ടതായി വാര്‍ത്തയില്ല. പതിവുപോലെ കൊച്ചിയിലേക്കുള്ള യാത്രക്കിടയില്‍ ആലുവയില്‍ ഇറങ്ങി. എം.കെയുടെ കട അടഞ്ഞു കിടക്കുന്നു. അന്വേഷിച്ചപ്പോള്‍ അവരുടെ അമീര്‍ മരണപ്പെട്ടുവെന്നും അവരെല്ലാവരും കൂടി ജീപ്പെടുത്ത് എടയൂരിലേക്ക് പോയിരിക്കുകയാണെന്നും പരിസരവാസികള്‍ പറഞ്ഞു. വലിയൊരു ശൂന്യതയിലേക്ക് ഞാന്‍ എടുത്തെറിയപ്പെട്ടതുപോലെ തോന്നി. കുറച്ചുനേരം നിശ്ശബ്ദനായി ഇരുന്നു. പതുക്കെ ചിന്ത വീണ്ടെടുത്തു. ഞാന്‍ കണ്ട സ്വപ്‌നം സൂചന നല്‍കിയത് ഹാജി സാഹിബിന്റെ മരണത്തിലേക്കായിരിക്കണം. അത് എന്റെ മനസ്സിനെ പിടിച്ചുലച്ചു. പ്രസ്ഥാനത്തെ സംബന്ധിച്ച പലവിധ വസ്‌വാസുകളും അതോടെ മനസ്സില്‍നിന്നും കുടിയൊഴിഞ്ഞുപോയി. ആ സ്വപ്‌നത്തിലൂടെ അല്ലാഹു എനിക്ക് വഴികാണിക്കുകയായിരുന്നു എന്ന് കരുതാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. പ്രസ്ഥാനത്തില്‍ പൂര്‍ണമായി ലയിക്കാന്‍ പിന്നെ ഒട്ടും ശങ്കിച്ചില്ല.

ഇസ്‌ലാമിക പ്രസ്ഥാനത്തെ നെഞ്ചേറ്റിയുള്ള യാത്രകളായിരുന്നു പിന്നീട്. എവിടേക്ക് പോകുമ്പോഴും ബാഗില്‍ ജമാഅത്ത് സാഹിത്യം കൂട്ടിനുണ്ടാകും. തീവണ്ടിയിലോ ബസിലോ കയറി സീറ്റില്‍ ഇരുന്ന് കഴിഞ്ഞാല്‍ പുസ്തകം എടുത്ത് മടിയില്‍ വെക്കും. പലപ്പോഴും അടുത്തിരിക്കുന്നവര്‍ അതെടുത്ത് വായിക്കും.

വ്യക്തികളെ പിന്തുടരുക, അവരുമായി നിരന്തര ബന്ധം കാത്തുസൂക്ഷിക്കുക; സംഘടനാ വളര്‍ച്ചക്ക് അനിവാര്യമായ ഘടകമാണിത്. മാളക്കടുത്ത് വാളൂരിലെ സി.കെ ബീരാവു അങ്ങനെയാണ് പ്രസ്ഥാനത്തിലേക്ക് കടന്നുവന്നത്. സജീവ രാഷ്ട്രീയക്കാരനായ അദ്ദേഹം ആലപ്പുഴയില്‍ ഇഷ്ടികയുടെയും ഓടിന്റെയും കച്ചവടം നടത്തിവരികയായിരുന്നു. അപാര ഓര്‍മശക്തിക്കുടമ. മികച്ച പ്രഭാഷകന്‍. സി.കെ നാട്ടില്‍ വരുമ്പോഴെല്ലാം ഞാനും അബ്ദുസ്സലാം മൗലവിയും അദ്ദേഹത്തെ ചെന്നു കാണും. സംസാരിക്കും. ഈ കൂടിക്കാഴ്ചകള്‍ ഊഷ്മളമായ സൗഹൃദമായി വളര്‍ന്നു. കൂടുതല്‍ കാത്തിരിക്കേണ്ടി വന്നില്ല; ആ സൗഹൃദബന്ധം അദ്ദേഹത്തിന് പ്രസ്ഥാനത്തിലേക്ക് വാതില്‍ തുറന്നു കൊടുത്തു. അദ്ദേഹം ജമാഅത്ത് അംഗമായി. പില്‍ക്കാലത്ത് പ്രധാനപ്പെട്ട പല ഉത്തരവാദിത്തങ്ങളും വഹിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറായിരുന്ന അളിയന്‍ സി.ജെ മുഹമ്മദ് കോയയായിരുന്നു അടുത്ത ലക്ഷ്യം. പരസ്പരം കൊണ്ടും കൊടുത്തും അദ്ദേഹവുമായുള്ള ചര്‍ച്ച മുന്നോട്ടു പോയി. ഒടുവില്‍ നിരാശപ്പെടേണ്ടി വന്നില്ല. അദ്ദേഹവും ഇസ്‌ലാമിക പ്രസ്ഥാനത്തെ പുല്‍കി.

എന്നെ കാണാനായി വാപ്പ ഇടക്കിടെ മാളയില്‍ വരാറുണ്ടായിരുന്നു. വാപ്പ എന്നെ ആഴത്തില്‍ സ്‌നേഹിച്ചിരുന്നു. അതിനിടയില്‍ മാളയിലെ ചിലര്‍ വാപ്പയെ വലിയ തെറ്റിദ്ധാരണയില്‍ കുടുക്കി. മകന്‍ പിഴച്ചുപോയിരിക്കുന്നു, മൗദൂദികളുമായാണ് പുതിയ കൂട്ട് തുടങ്ങി പരാതികളുടെ കെട്ട് വാപ്പയുടെ മുമ്പില്‍ അവര്‍ തുറന്നുവെച്ചു. വാപ്പ പ്രശ്‌നം ഗുരുതരമായി കണ്ടു. എന്നെ അങ്ങേയറ്റം സ്‌നേഹിച്ചിരുന്ന അദ്ദേഹം കടുത്ത ദുഃഖത്തിലാണ്ടുപോയി. നീര്‍ക്കുന്നത്ത് തിരിച്ചു ചെന്ന് ഉമ്മയോട് വാപ്പ പറഞ്ഞു: 'ഞാന്‍ നാടു വിടുകയാണ്. എന്റെ മകന്‍ മുഹമ്മദിന്റെ കാര്യത്തില്‍ ഞാന്‍ പരാജയപ്പെട്ടിരിക്കുന്നു. അവനെ കിതാബ് ഓതാന്‍ അയക്കുന്നതിനു പകരം വല്ല മീന്‍കച്ചവടത്തിനും വിട്ടിരുന്നെങ്കില്‍ ഇത്രയും വിഷമിക്കേണ്ടിവരില്ലായിരുന്നു.' ഉമ്മ കരയാന്‍ തുടങ്ങി. വാപ്പയും കരഞ്ഞു. വിവരം നീര്‍ക്കുന്നത്തും പാട്ടായി. ഞാന്‍ നീര്‍ക്കുന്നത്ത് വണ്ടിയിറങ്ങിയാല്‍ കൊലപ്പുള്ളിയെ പോലെ ആളുകള്‍ എന്നെ നോക്കാന്‍ തുടങ്ങി. എന്റെ നേരെ കണ്ണ് പായിച്ച് അവര്‍ പരസ്പരം എന്തൊക്കെയോ പിറുപിറുക്കുമായിരുന്നു.

ഒരിക്കല്‍ വാപ്പ ഖത്വീബായിരുന്ന പുന്നപ്ര പള്ളിയില്‍ ജുമുഅക്കു ശേഷം ഞാന്‍ പ്രസംഗിച്ചു. ഒഴിവാക്കാന്‍ പറ്റാത്ത ചിലരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പ്രസംഗിക്കാന്‍ എഴുന്നേറ്റത്. വാപ്പയെ ആശ്വസിപ്പിക്കാന്‍ പ്രസംഗത്തിനിടയില്‍ ഞാന്‍ പറഞ്ഞു: 'ആളുകള്‍ പറയുന്നു ഞാന്‍ മൗദൂദിയാണെന്ന്. എന്തൊരസംബന്ധം! ഞാനും മൗദൂദിയും തമ്മില്‍ എന്ത് ബന്ധം? മൗദൂദി എവിടെ, ഞാന്‍ എവിടെ?' പ്രസംഗം അസീസ് സാഹിബിലും ഹസന്‍ ബാവ സാഹിബിലും നീരസമുണ്ടാക്കി. ഞാന്‍ അവരോട് കാര്യം വിശദീകരിച്ചു. തെറ്റിദ്ധാരണ അകറ്റി. അറിവിന്റെ കാര്യത്തില്‍ ഞാനും മൗദൂദിയും തമ്മിലുള്ള അകലമാണ് പ്രസ്തുത പ്രയോഗത്തിലൂടെ ഉദ്ദേശിച്ചത്. വാപ്പയെ തണുപ്പിക്കാന്‍ അതു ഉപകരിക്കുകയും ചെയ്തു. കുറേ നാളുകള്‍ക്കു ശേഷം വാപ്പ മാളയില്‍ വീണ്ടും വന്നു. എന്റെ കൂടെ കുറച്ചു ദിവസം താമസിച്ചു. ദീനീനിഷ്ഠയിലും ആരാധനാകര്‍മങ്ങളുടെ കാര്യത്തിലും എന്റെ ജീവിതത്തിലുണ്ടായ ഗുണപരമായ മാറ്റങ്ങള്‍ വാപ്പയെ അത്യധികം സന്തോഷിപ്പിച്ചതായി തോന്നി. സത്യസാക്ഷ്യവും പ്രബോധനവുമൊക്കെ വാപ്പയുടെ മേശപ്പുറത്ത് ഞാന്‍ വെക്കുമായിരുന്നു. അല്ലാഹുവിന് സ്തുതി! തിരിച്ചു പോകുമ്പോള്‍ എന്റെ കാര്യത്തില്‍ വാപ്പ സംതൃപ്തനായിരുന്നു. മാസങ്ങള്‍ക്കു ശേഷം നീര്‍ക്കുന്നത്ത് നടന്ന നബിദിന പരിപാടിയില്‍ പ്രസംഗിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. ''നിന്റെ നാഥനാണ, അവര്‍ക്കിടയിലുള്ള തര്‍ക്കങ്ങളില്‍ നിന്നെ വിധികര്‍ത്താവായി സ്വീകരിക്കുകയും എന്നിട്ട് നീ നല്‍കുന്ന വിധിത്തീര്‍പ്പുകളില്‍ മനഃപ്രയാസം തോന്നാതെ പൂര്‍ണമായി സമ്മതിക്കുകയും ചെയ്യുംവരെ അവര്‍ വിശ്വാസികളാവുകയില്ലതന്നെ'' (അന്നിസാഅ് 65). ഈ ആയത്ത് നന്നായി വിശദീകരിച്ചു. എന്റെ ആവേശവും ശൈലിയും വാപ്പയില്‍ ചിരി ഉണര്‍ത്തി. അദ്ദേഹം അത് നന്നായി ആസ്വദിക്കുന്നതായി ഞാന്‍ കണ്ടു. ഞാനും വാപ്പയും തമ്മിലുള്ള സ്‌നേഹബന്ധം പൂര്‍വാധികം ശക്തിപ്പെടുകയായിരുന്നു.

മാളയില്‍ സ്വതന്ത്രമായ ഒരു മദ്‌റസ തുടങ്ങിയാല്‍ ഫലം ചെയ്യുമെന്ന് ആലോചനയുണ്ടായി. പുതിയ തലമുറയെ വളര്‍ത്തിയെടുക്കുന്നതില്‍ മദ്‌റസ വഹിക്കുന്ന പങ്ക് ചെറുതല്ലല്ലോ. പോലീസ് സ്‌റ്റേഷന് സമീപമുണ്ടായിരുന്ന പുറമ്പോക്ക് ഭൂമിയില്‍ ഷെഡ് കെട്ടി മദ്‌റസ ആരംഭിച്ചു. കുറച്ചു കാലം കഴിഞ്ഞപ്പോള്‍ സ്ഥലം തികയാതെ വന്നു. പി.കെ അബ്ദുല്‍ ഖാദര്‍ സാഹിബ് മാള ടൗണില്‍ വാങ്ങിയ കെട്ടിടത്തിലേക്ക് മദ്‌റസ മാറ്റി. പ്രവര്‍ത്തനങ്ങല്‍ വിപുലീകരിച്ചു. ഈ സമയത്ത്, മഹല്ല് ഖത്വീബായിരുന്ന കുഞ്ഞിക്കമ്മത്തി മുസ്‌ലിയാര്‍ ചില പ്രശ്‌നങ്ങളുടെ പേരില്‍ രാജിവെച്ചുപോയി. മഹല്ലിലുള്ള അല്‍പം സ്വാധീനം ഉപയോഗപ്പെടുത്താന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഖത്വീബും മുദര്‍രിസുമായി ജമാഅത്ത് അനുഭാവികളെ കൊണ്ടുവരാന്‍ ശ്രമം നടത്തി. പട്ടാമ്പി എ.കെ മുഹമ്മദലി മൗലവി, ഇ.എന്‍ ഇബ്‌റാഹീം മൗലവി, ശര്‍ഖി തുടങ്ങിയവര്‍ മഹല്ലില്‍ മാറിമാറി സേവനമനുഷ്ഠിച്ചു. ശേഷം വെള്ളാങ്കല്ലൂര്‍ ഉമര്‍ മൗലവി ഖത്വീബായി ചാര്‍ജെടുത്തു.

ഈ ഘട്ടത്തില്‍ ഖുത്വ്ബയും മആശിറയും മലയാളത്തിലായിരുന്നു. ഇടക്കിടെ ഞാനും അബ്ദുസ്സലാം മൗലവിയും ഖുത്വ്ബ നടത്താറുണ്ടായിരുന്നു. പെട്ടെന്നാണ് ചിലര്‍ ഖുത്വ്ബയിലെ ഭാഷാ പ്രശ്‌നം കുത്തിപ്പൊക്കിയത്. 'ഖുത്വ്ബ അറബിയില്‍ പറയല്‍ നിര്‍ബന്ധമാണ്' എന്ന വാദവുമായി അവര്‍ രംഗത്തുവന്നു. മാത്രമല്ല ഞാനും അബ്ദുസ്സലാം മൗലവിയും ഖുത്വ്ബ നടത്തുമ്പോള്‍ കൂക്കിവിളിക്കാനും തുടങ്ങി. ജുമുഅക്ക് പള്ളിയില്‍ പോകാന്‍ പറ്റാത്ത അവസ്ഥ സംജാതമായി. മഹല്ലിന്റെ കിഴക്കേ അറ്റത്തുള്ള വലിയപറമ്പ് എന്ന പ്രദേശത്ത് ഒരു നമസ്‌കാര പള്ളിയുണ്ടായിരുന്നു. യു. ഹമീദ് സാര്‍, കല്ലേറ്റുംകര സുലൈമാന്‍ മൗലവി, അബ്ദുസ്സലാം മൗലവി തുടങ്ങിയവര്‍ മുന്‍കൈയെടുത്ത് നമസ്‌കാരപ്പള്ളി വിപുലീകരിച്ചു. പ്രമുഖരായ ചില കാരണവന്മാരുടെ സഹായത്തോടെ ജുമുഅ ആരംഭിച്ചു. അഞ്ചാറു മാസം കഴിഞ്ഞപ്പോള്‍ അവിടെയും തുടങ്ങി കൂക്കിവിളി പരിപാടി. നന്മ ആഗ്രഹിക്കുന്ന നാട്ടിലെ ചില കാരണവന്മാര്‍ മുന്നോട്ടു വന്നു. എവിടെയെങ്കിലും സ്വതന്ത്രമായി ഖുത്വ്ബ തുടങ്ങണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സ്ഥലമില്ലെങ്കില്‍ തന്റെ പറമ്പില്‍ ഒരു ഷെഡ് കെട്ടി ജുമുഅ ആരംഭിക്കാം എന്ന് എന്‍.എച്ച് മൊയ്തീന്‍ സാഹിബ് പറഞ്ഞു.

ഇപ്പോള്‍ ഐ.എസ്.ടി ജുമുഅത്ത് പള്ളി സ്ഥിതിചെയ്യുന്ന അമ്പത് സെന്റ് സ്ഥലത്തിന് അഡ്വാന്‍സ് നല്‍കി. നാലു ദിവസം കൊണ്ട് ഒരു ഷെഡ് കെട്ടി. സ്ത്രീകളടക്കമുള്ളവരെ പങ്കെടുപ്പിച്ച് ജുമുഅ ആരംഭിച്ചു. ക്രമേണ ഷെഡ്, മെച്ചപ്പെട്ട കെട്ടിടമായി വികസിച്ചു. പുതിയ പള്ളിയുടെ ഉദ്ഘാടനം ശ്രദ്ധേയമായിരുന്നു. സച്ചിദാനന്ദ സ്വാമി, ചര്‍ച്ചിലെ പുരോഹിതന്‍, ടി.കെ ആലുവ തുടങ്ങിയവര്‍ ഉദ്ഘാടനത്തിനെത്തി. മിമ്പറിനരികെനിന്ന് അവര്‍ ഒരുമിച്ച് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. ഇംഗ്ലീഷ് പത്രമുള്‍പ്പെടെ നിരവധി പത്രങ്ങള്‍ വലിയ പ്രാധാന്യത്തോടെ ഉദ്ഘാടന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ടി.എ മുഹമ്മദ് എന്ന വിലാസത്തില്‍ ഗള്‍ഫില്‍നിന്നൊരു കത്തുവന്നു. കവര്‍ പൊട്ടിച്ചു. 'ഓം മുഹമ്മദ് സ്വാമി നമശിവായഃ' എന്നായിരുന്നു കത്തിന്റെ തുടക്കം. താഴെ കുറേ തെറിയും!

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (1-3)
എ.വൈ.ആര്‍

ഹദീസ്‌

കര്‍മങ്ങള്‍ പാഴാകുന്നതെപ്പോള്‍?
നൗഷാദ് ചേനപ്പാടി