Prabodhanm Weekly

Pages

Search

2018 ഫെബ്രുവരി 23

3040

1439 ജമാദുല്‍ ആഖിര്‍ 06

അബ്ദുര്‍റഹ്മാന്‍ ആവാസ് ഇശലുകളെ പടവാളാക്കിയ കവി

പുത്തൂര്‍ ഇബ്‌റാഹീം കുട്ടി

അനുഗൃഹീത ഗാനരചയിതാവും ഉര്‍ദു ഭാഷാപണ്ഡിതനും അധ്യാപകനുമായിരുന്നു ഈയിടെ നമ്മെ വിട്ടുപിരിഞ്ഞ അബ്ദുര്‍റഹ്മാന്‍ ആവാസ്. കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയില്‍ ആമ്പ്ര പക്കര്‍കുട്ടി ഹാജിയുടെയും ഖദീജയുടെയും മകനായി 1948-ലാണ് അദ്ദേഹം ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളേജ്, കാസര്‍കോട് ആലിയാ കോളേജ് എന്നിവിടങ്ങളില്‍ പഠിച്ചു. 1971-ല്‍ അറബി അധ്യാപക പരീക്ഷയും 1973-ല്‍ ഉര്‍ദുവിന്റെ അദീബേ ഫാസിലും പാസ്സായി. 1978-ല്‍ ട്രെയ്‌നിംഗ് പൂര്‍ത്തിയാക്കി.

1971-1978 കാലത്ത് വിവിധ വിദ്യാലയങ്ങളില്‍ അറബി, ഉര്‍ദു അധ്യാപകനായി ജോലി ചെയ്തു. കുന്ദമംഗലം എ.യു.പി സ്‌കൂള്‍, ജി.യു.പി സ്‌കൂള്‍ തിരുവണ്ണൂര്‍, ജി.എഫ്.യു.പി സ്‌കൂള്‍ കാരപ്പുഴ, ജി.യു.പി സ്‌കൂള്‍ പേരാമ്പ്ര, എം.എം ഹൈസ്‌കൂള്‍ ന്യൂമാഹി, ജി.എച്ച്.എസ് കാവനൂര്‍ മലപ്പുറം, ജി.എച്ച്.എസ്.എസ് നീലേശ്വരം, മുക്കം എന്നിവിടങ്ങളില്‍ അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.

പാഠപുസ്തകങ്ങളിലെ ഉര്‍ദു കവിതകള്‍, ഗസലുകള്‍ എന്നിവക്ക് ഈണം നല്‍കി നാലു കാസറ്റുകള്‍ അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. സത്താര്‍ എം.എ എഴുതിയ ഇസ്‌ലാം ക്വിസ് എന്ന പുസ്തകം ഉര്‍ദുവിലേക്ക് വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചു. മലയാള കവിതകള്‍, ലളിതഗാനങ്ങള്‍, മാപ്പിളപ്പാട്ടുകള്‍, വില്‍പ്പാട്ടുകള്‍ എന്നിവയില്‍ നൂറിലധികം രചനകള്‍ ആവാസിന്റേതായുണ്ട്.

ആസ്വാദന-വിനോദ ഉപാധികള്‍ക്കപ്പുറത്ത് വിശ്വാസിയായ ഒരെഴുത്തുകാരന്റെ പ്രധാന ദൗത്യം തന്റെ രചനകളെ പ്രബോധനപരമായ ലക്ഷ്യങ്ങള്‍ക്കും അധാര്‍മികതക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്കും പ്രയോജനപ്പെടുത്തുക എന്നതാണ്. ഇത്തരമൊരു രീതി മാപ്പിള ഗാനരചനയില്‍ സ്വീകരിച്ച പ്രതിഭയായിരുന്നു അബ്ദുര്‍റഹ്മാന്‍ ആവാസ്. സാധാരണയായി സാമുദായിക വിഷയങ്ങളില്‍ സ്വീകരിച്ചുവരാറുള്ള ശീലങ്ങളില്‍നിന്ന് വ്യത്യസ്തമായി ആദര്‍ശങ്ങളെയും ആശയങ്ങളെയും ഇശലുകളില്‍ കോര്‍ത്തെടുത്ത് അനുവാചകരിലെത്തിക്കുകയായിരുന്നു അദ്ദേഹം. അബൂസഹ്‌ലയുടെ മാതൃക പിന്തുടര്‍ന്ന ആവാസിന്റെ രചനകള്‍ ഒരുകാലത്ത് ഇസ്‌ലാമിക കാമ്പസുകളിലും ഗ്രാമാന്തരങ്ങളിലെ സാംസ്‌കാരിക വേദികളിലും നിറഞ്ഞുനിന്നു.

പാരമ്പര്യ-തനതു മാപ്പിളപ്പാട്ടുകളില്‍നിന്ന് വേറിട്ടു നില്‍ക്കുന്ന നവോത്ഥാന ഗാനശാഖക്ക് ഛന്ദശാസ്ത്രത്തിന്റെ എല്ലാ നിയമങ്ങളും പാലിക്കാന്‍ കഴിഞ്ഞിരുന്നില്ല. അവ ആശയപ്രധാനവും സാഹിത്യസമ്പന്നവും ലളിതവുമായിരുന്നു. എഴുപതുകളിലും എണ്‍പതുകളിലും ഇസ്‌ലാമിക വേദികളില്‍ സജീവമായിരുന്ന ഇത്തരം ഗാനങ്ങളില്‍ മിക്കവയും ആസ്വാദകര്‍ നെഞ്ചോടു ചേര്‍ത്തുവെച്ചവയാണ്. അബ്ദുര്‍റഹ്മാന്‍ ആവാസ് എന്ന മാപ്പിളകവി പ്രാദേശിക വേദികളിലും മറ്റുമായി ആലപിക്കാനായി എഴുതിയ ഗാനങ്ങള്‍ കാലികപ്രസക്തവും ഭാവനാസമ്പന്നവും നര്‍മം ചാലിച്ചതുമായതിനാല്‍ ആസ്വാദകരെ പെട്ടെന്നാകര്‍ഷിച്ചു.

ഹജ്ജ് നിര്‍വഹിക്കാനുള്ള മോഹം മലയാളികള്‍ക്ക് സ്വപ്‌നമായിരുന്ന കാലത്തും, ഹജ്ജും ഉംറയും സര്‍വസാധാരണമായ കാലത്തും ഹജ്ജ് വിഷയമാക്കി ഒട്ടേറെ മനോഹരങ്ങളായ മാപ്പിളപ്പാട്ടുകള്‍ വിരചിതമായിട്ടുണ്ട്. ഇത്തരം ഗാനങ്ങളില്‍ ഭാവനാസൗന്ദര്യം കൊണ്ട് മികച്ചുനില്‍ക്കുന്ന ഒന്നാണ് അബ്ദുര്‍റഹ്മാന്‍ ആവാസിന്റെ 'ഹജ്ജിന്റെ കാലത്ത്' എന്ന് തുടങ്ങുന്ന ഗാനം. എഴുപതുകളില്‍ എഴുതപ്പെട്ട ആ ഗാനം സോഷ്യല്‍ മാധ്യമങ്ങളില്‍ ഈ അടുത്ത കാലത്ത് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അന്ന് മനാഫ് ഓമശ്ശേരിയുടെ ശബ്ദത്തില്‍ കാസറ്റ് റെക്കോര്‍ഡ് ചെയ്യപ്പെട്ടെങ്കിലും പുറംലോകത്തേക്ക് പ്രചാരം നേടാന്‍ അതിനു കഴിഞ്ഞില്ല.

ഹജ്ജിന്റെ കാലത്ത്

ഹറമിന്റെ ചാരത്ത്

പൂനിലാവെങ്ങും

പരന്നൊരു നേരത്ത്

ഞാനെന്റെ ഖല്‍ബിന്‍ ബുറാഖിലേറി

മോഹങ്ങളേറ്റി ഞാന്‍ ചെന്നിറങ്ങി

ഈ ഒരു രചന മാത്രം മതി, ആവാസിലെ കവിയെ അടയാളപ്പെടുത്താന്‍.

ശരീഅത്ത് വിവാദകാലത്ത് വിവാഹമോചനം, ബഹുഭാര്യത്വം, ശരീഅത്ത് വിരുദ്ധരുടെ ആരോപണങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ മാപ്പിളപ്പാട്ടിന്റെ ഇശലുകളില്‍ കോര്‍ത്ത് 'ശരീഅത്ത് ഗാനങ്ങള്‍' എന്ന പേരില്‍ ഒരു കാസറ്റ് അന്ന് പുറത്തിറക്കിയിരുന്നു. അതിലെ ചില വരികള്‍:

അന്ധന്മാര്‍ ആനയെ കണ്ടപോല്‍ ചിലരുണ്ട്

ശരീഅത്ത് കാണുന്നു

എന്തു മണ്ടത്തരമാകിലും ശരിയെന്ന പോല്‍ വെച്ചടിച്ചീടുന്നു.

പിന്നീട് ശരീഅത്ത് വിരോധികളുടെ ദുഷ്ടലാക്കുകളെയും ദുഷ്പ്രചാരണങ്ങളെയും തുറന്നുകാണിക്കുന്നു:

കെട്ടലും ചെല്ലലും തന്നെ ശരീഅത്ത്

ഒട്ടതിനാല്‍ പെരുത്ത മുസീബത്ത്

കഷ്ടത്തിലാണല്ലോ പെണ്ണുങ്ങള്‍ രാജ്യത്ത്

ഇഷ്ടന്മാര്‍ തട്ടിവിട്ടു - ഇന്നീ മട്ടില്‍

ദുഷ്ട് പടച്ചുവിട്ടു - പലനാട്ടില്‍

തപ്പിത്തിരഞ്ഞു നടന്നു പണിപ്പെട്ട്

പട്ടിക തന്നെയതിന്നായൊരുക്കീട്ട്

കെട്ടും ചൊല്ലും കുറിച്ചു - ശരീഅത്തിന്‍

പേര്‍ക്കങ്ങെഴുതിവച്ചു...

മുസ്‌ലിം സ്ത്രീകളുടെ കണ്ണീരൊപ്പുന്നതിന് ഇക്കൂട്ടര്‍ കാണിക്കുന്ന ഉത്സാഹം ആത്മാര്‍ഥമായാണോ എന്നും മറ്റുള്ള സ്ത്രീകളൊക്കെ സുഖത്തിലാണോ കഴിയുന്നത് എന്നും കവി ചോദിക്കുന്നുണ്ട്.

ത്വലാഖിനെക്കുറിച്ച മാനുഷികവും യുക്തിഭദ്രവുമായ ഖുര്‍ആനിക നിര്‍ദേശങ്ങള്‍ അദ്ദേഹം ഇങ്ങനെ സംക്ഷേപിക്കുന്നു:

ഉത്തമ ഗുണങ്ങളല്ല നിന്‍സ്വഭാവമെങ്കില്‍

ചട്ടമായുപദേശമൊട്ടുമേശിടുന്നില്ലെങ്കില്‍

ശിക്ഷനല്‍കിനോക്കിടും ഞാന്‍ നിന്റെ ഭാവിയോര്‍ത്ത്

രക്ഷയേതുമില്ലയെങ്കില്‍ മറ്റൊരു ഹിക്മത്ത്

ഒട്ടുനാള്‍ പിണങ്ങിയങ്ങൊഴിഞ്ഞു മാറിനില്‍ക്കും.

മട്ടുമാറിയെങ്കിലോ എന്നോര്‍ത്തുകൊണ്ടിരിക്കും

...............................................................................

കാര്യമായപ്പോള്‍ മറ്റൊരു മൂന്നാമതാംകക്ഷിക്ക്

തീര്‍പ്പിനായി വച്ചിടും ഇരുകൂട്ടരുമൊന്നിച്ച്

ഒത്തുചേര്‍ന്നു നീങ്ങിടാമോ ആവഴിക്കു നീങ്ങും

ഒക്കുകില്ലാ എങ്കിലോ ത്വലാഖ് ചൊല്ലി തീര്‍ക്കും

മുസ്‌ലിം സ്ത്രീസ്വാതന്ത്ര്യം എന്താണെന്ന് മറ്റൊരു രചനയില്‍ അബ്ദുര്‍റഹ്മാന്‍ ആവാസ് വ്യക്തമായി പരാമര്‍ശിക്കുന്നു. അതിലെ രണ്ടുവരി ഇവിടെ കുറിക്കാം:

നഗ്നമേനി കാട്ടി നാട്ടില്‍ ഞാനിറങ്ങണമെന്നോ

നര്‍ത്തകി ചമഞ്ഞൊരുങ്ങി ഞാന്‍ നടക്കണമെന്നോ

കാണികള്‍ക്ക് കാമമേറും വേഷമോ മഹത്വം?

മാന്യമായി വസ്ത്രധാരണം ചെയ്യലോ അടിമത്വം?

ഗാനങ്ങളെ ആശയപ്രചാരണത്തിനുള്ള മാധ്യമമാക്കുന്ന ഇത്തരം രചനകള്‍ ഇസ്‌ലാമിക ഗാനസാഹിത്യത്തിന് ഒരു മുതല്‍ക്കൂട്ടാണ്.

ആനുകാലിക സംഭവങ്ങളെ നല്ല ഈണത്തില്‍ പാട്ടിലേക്കാവാഹിക്കാനുള്ള എഴുത്തുവിദ്യ അദ്ദേഹത്തിനറിയാമായിരുന്നു. അതിനാല്‍ ആ ഗാനങ്ങള്‍ക്ക് പ്രിയമേറുകയും ചെയ്തിരുന്നു. ഏഷ്യാഡ്, പ്ലാച്ചിമട, എയിഡ്‌സ്, പൈങ്കിളി സാഹിത്യം തുടങ്ങിയ വിഷയങ്ങള്‍ കോര്‍ത്തൊരുക്കി അവതരിപ്പിക്കുകയും സാമൂഹിക പ്രശ്‌നങ്ങളിലെ നെറികേടുകളെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു ആവാസ്. ഐ.പി സിദ്ദീഖ്, ശ്രീവല്ലി, മനാഫ് ഓമശ്ശേരി, ഖലീല്‍ തുടങ്ങിയവരാണ് അദ്ദേഹത്തിന്റെ മിക്ക ഗാനങ്ങള്‍ക്കും ശബ്ദം നല്‍കിയത്.

ഉര്‍ദു ഗാനരചനയിലും കഴിവു തെളിയിച്ച കവിയായിരുന്നു അബ്ദുര്‍റഹ്മാന്‍ ആവാസ്. കേരളത്തിലും പുറത്തുമായി നിരവധി വേദികളില്‍ ഉര്‍ദു കവിതകള്‍ ആലപിക്കുകയും മുശാഇറകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഉര്‍ദു അധ്യാപകന്‍ എന്ന നിലയിലും ഉര്‍ദു ഭാഷയുടെ പ്രചാരണത്തിന് ആവാസിന്റെ രചനകള്‍ നിമിത്തമായിട്ടുണ്ട്.


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (1-3)
എ.വൈ.ആര്‍

ഹദീസ്‌

കര്‍മങ്ങള്‍ പാഴാകുന്നതെപ്പോള്‍?
നൗഷാദ് ചേനപ്പാടി