മറ്റുള്ളവരുണ്ടാക്കുന്ന അജണ്ടകളില്‍ നട്ടം തിരിയുന്ന സമുദായം
ഏതൊരു സമൂഹത്തിനും വളരാനും വികസിക്കാനും മാത്രമല്ല, പ്രതിസന്ധികളെ അതിജീവിക്കാനും സ്വന്തമായ അജണ്ടകളും കൃത്യമായ ആസൂത്രണങ്ങളും ചടുലമായ പ്രവര്‍ത്തന പരിപാടികളും ഉണ്ടായേ തീരൂ. അതില്ലാതാകുമ്പോഴാണ് സമൂഹങ്ങള്‍ അധഃപതനത്തിലേക്ക് കൂപ്പുകുത്താന്‍ തുടങ്ങുന്നത്. നേടേണ്ടതെല്ലാം നേടി, ഇനി അതിന്റെ ഫലങ്ങള്‍ അനുഭവിച്ചാല്‍ മതിയെന്ന ചിന്താഗതി സമൂഹങ്ങളെ പിടികൂടാന്‍ തുടങ്ങുന്നതോടെ ഈ അധഃപതനം ആരംഭിക്കുന്നു. ഏതൊരു നാഗതികതയുടെയും സുവര്‍ണകാലമായി കരുതപ്പെടുന്ന കാലഘട്ടത്തില്‍ തന്നെയാണ് അതിനെ അധഃപതനത്തിലേക്ക് നയിക്കുന്ന ഈ അജണ്ടാരാഹിത്യം ഒരു പ്രതിഭാസമായി സമൂഹത്തില്‍ പ്രത്യക്ഷപ്പെടുക. അതൊരു സാര്‍വലൗകിക വസ്തുതയായി ചരിത്രദര്‍ശനത്തിന്റെ പിതാവായ ഇബ്‌നു ഖല്‍ദൂന്‍ നാഗരികതയുടെ ഉത്ഥാനപതനങ്ങളെ കുറിച്ച തന്റെ പഠനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിശപ്പില്‍നിന്നും പട്ടിണിയില്‍നിന്നും വിപ്ലവം ഉയര്‍ന്നുവരികയും, സുഭിക്ഷത കൈവരുന്നതോടെ ആ വിപ്ലവത്തിന്റെ നേട്ടങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെടാന്‍ തുടങ്ങുകയും ചെയ്യുമെന്നാണ് ഇബ്‌നുഖല്‍ദൂന്‍ അതിനെ കുറിച്ച് പറഞ്ഞത്. നിങ്ങളില്‍ ഞാന്‍ ഭയപ്പെടുന്നത് ദാരിദ്ര്യമല്ല, മറിച്ച് ഐശ്വര്യമാണെന്ന് പ്രവാചകന്‍ തന്റെ അനുയായികളോട് പറഞ്ഞതിന്റെ പൊരുളും ഇതുതന്നെയാണ്. നിലവിലുള്ള അവസ്ഥയില്‍ പൂര്‍ണ സംത്യപ്തരാവുക, മുന്നോട്ട് പോകുന്നതിനെ കുറിച്ചോ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനെ കുറിച്ചോ ഉള്ള ആലോചനകള്‍ കുറഞ്ഞുപോവുക എന്നിവയാണ് അതിന്റെ ലക്ഷണങ്ങള്‍. സ്വന്തമായി അജണ്ടകളില്ലാതാവുകയാണ് അതിന്റെ സ്വാഭാവിക പരിണതി.
പുറത്തുനിന്നുള്ള വെല്ലുവിളികള്‍ ഒന്നൊന്നായി സമൂഹത്തിനു നേരെ പാഞ്ഞുവരുമെന്നതാണ് ഈ ഘട്ടത്തിന്റെ പ്രത്യേകത. അതിനെതിരെ ചെറുത്തുനില്‍പ്പുകള്‍ ആ ഘട്ടത്തിലും സമൂഹത്തില്‍നിന്നുയര്‍ന്നുവരുമെന്നത് നേരാണ്. പക്ഷേ, കൃത്യമായ അജണ്ടകളുടെയും ആസൂത്രണങ്ങളുടെയും ഫലപ്രദമായ പ്രവര്‍ത്തന പദ്ധതികളുടെയും അഭാവം മൂലം ചെറുത്തുനില്‍പ്പുകള്‍ക്ക് പലതിനും വേണ്ടത്ര ദിശാബോധം ഉണ്ടായിരിക്കുകയില്ല. ഒന്നിനു പുറകെ ഒന്നായി അവ പരാജയമടഞ്ഞുകൊണ്ടിരിക്കും. പരാജയം ഉറച്ചുകഴിയുന്നതോടെ പരാജിതരുടെ അജണ്ട തന്നെ ശത്രുക്കള്‍ തീരുമാനിക്കുന്ന അടുത്ത ഘട്ടത്തിലേക്ക് പരാജിത സമൂഹം പ്രവേശിക്കും. ഇനിയൊരിക്കലും പരാജിതരില്‍നിന്ന് ഫലപ്രദമായ യാതൊരു ചെറുത്തുനില്‍പ്പും ഉയര്‍ന്നുവരാത്ത വിധം ശത്രുവിന്റെ വിജയം സുനിശ്ചിതവും ശാശ്വതവുമാക്കാന്‍ അതു കൂടിയേതീരൂ. ഭക്ഷണത്തളികയിലേക്ക് തീറ്റപ്രിയര്‍ കൈ നീട്ടുന്നതു കണക്കെ എല്ലാ ഭാഗങ്ങളില്‍നിന്നും സമൂഹങ്ങള്‍ നിങ്ങള്‍ക്കു നേരെ ഓടിയടുക്കും എന്ന് പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കിയത് ശത്രുവിന്റെ ആ അജണ്ട സെറ്റിംഗിനെ കുറിച്ചാണ്. ശത്രുവിന്റെ താളത്തിനൊത്ത് തുള്ളുന്ന, വെള്ളത്തിലൂടെ ഒഴുകുന്ന ചപ്പുചവറുകളായി മാറുകയാണ് ശത്രുവിന്റെ അജണ്ടയനുസരിച്ച് പ്രവര്‍ത്തിക്കുകയോ നിഷ്‌ക്രിയരാവുകയോ ചെയ്യുന്ന സമൂഹത്തിന്റെ വിധി. അതിനെ കുറിച്ചും പ്രവാചകന്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഏതൊരു സമൂഹത്തെയും പോലെ ഇസ്‌ലാമിക സമൂഹത്തിനും ചരിത്രത്തില്‍ ഈ ഘട്ടങ്ങളെയെല്ലാം തരണം ചെയ്യേണ്ടിവന്നിട്ടുണ്ട്. അതായത് സ്വന്തമായ അജണ്ടയനുസരിച്ച് ഇല്ലായ്മയില്‍നിന്ന് അതിദ്രുതം മുന്നേറുന്ന ഒരു ഘട്ടം. ഇസ്‌ലാം വലിയൊരു നാഗരികതയായി വളര്‍ന്നതും വികസിച്ചതും അതിലൂടെയാണ്. അടുത്തത് അജണ്ടകള്‍ നഷ്ടമായിക്കൊണ്ടിരുന്ന ദ്വിതീയ ഘട്ടമാണ്. ഇസ്‌ലാമിക നാഗരികത പരാജയം മുഖാമുഖം കാണാന്‍ തുടങ്ങിയത് ഈ ഘട്ടത്തിലാണ്. മൂന്നാമത്തേത് ശത്രുക്കള്‍ മുസ്‌ലിംകളുടെ അജണ്ടകള്‍ തീരുമാനിക്കുകയും അവര്‍ അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഘട്ടമാണ്. മത്സരം തമ്മില്‍ തമ്മിലാവുകയും വിഭാഗീയത അതിന്റെ പരമകാഷ്ഠയിലെത്തുകയും ചെയ്യുമെന്നതാണ് ഈ ഘട്ടത്തിന്റെ സവിശേഷത. വിഭാഗീയതക്ക് കാരണം ദൈവശാസ്ത്രമോ കര്‍മശാസ്ത്രമോ അതു രണ്ടും കൂടിയോ ആകാം. ശത്രുക്കള്‍ തന്നെ ഇറക്കുമതി ചെയ്യുന്ന ആശയങ്ങള്‍ വിഭാഗീയതക്കും ശിഥിലീകരണത്തിനും കാരണമാകാം. ഇതൊരു ചാക്രിക പ്രതിഭാസമായി ചരിത്രത്തില്‍ ആവര്‍ത്തിക്കുമെന്നാണ് ഇബ്‌നുഖല്‍ദൂന്റെ നിഗമനം.
ആധ്യാത്മിക ഘട്ടം, യുക്തിയുടെ യുഗം, ജന്മവാസനാ കാലം എന്നിങ്ങനെ ഇസ്‌ലാമിക ചരിത്രത്തെ അള്‍ജീരിയന്‍ പോസ്റ്റ് കൊളോണിയല്‍ ചിന്തകന്‍ മാലിക് ബിന്നബി വിഭജിക്കുന്നുണ്ട്. ഇവയില്‍ ആദ്യത്തെ രണ്ട് ഘട്ടത്തില്‍ സ്വന്തം അജണ്ടയനുസരിച്ച് ഇസ്‌ലാമിക സമൂഹം പ്രവര്‍ത്തിച്ചതിനാല്‍ അവര്‍ക്ക് വലിയ വിജയമുണ്ടാവുകയും ലോകത്തെ അതിശയിപ്പിച്ച നാഗരികതയായി ഇസ്‌ലാം ലോകത്ത് നിലനില്‍ക്കുകയും ചെയ്തു. ഇവയില്‍ ആധ്യാത്മിക യുഗം എന്ന് ബിന്നബി വിശേഷിപ്പിച്ച ഒന്നാം ഘട്ടം പ്രവാചകന്റെ കാലം മുതല്‍ സിഫ്ഫീന്‍ യുദ്ധം വരെയാണ്. ചിന്താപരവും ആശയപരവുമായ കാലുഷ്യങ്ങള്‍ അധികമൊന്നുമില്ലാതെ സ്വന്തം അജണ്ടയനുസരിച്ച് മുന്നേറിയ ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും സുവര്‍ണ കാലമാണത്. നാഗരികതയേക്കാള്‍ അതില്‍ പൂര്‍ണ ശോഭയോടെ കത്തിനിന്ന ധാര്‍മിക ഔന്നത്യമാണ് അതിനെ സുവര്‍ണമാക്കുന്നത്. നാഗരികമായി സുവര്‍ണ കാലമായി അറിയപ്പെടുന്നത് യുക്തിയുടെ യുഗം എന്ന് മാലിക് ബിന്നബി വിശേഷിപ്പിക്കുന്ന രണ്ടാം ഘട്ടമാണ്. അതായത് ആദ്യകാല അബ്ബാസിയാ കാലഘട്ടം. മാലിക് ബിന്നബി യുക്തിയുടെ യുഗത്തെ മംഗോളിയന്‍ കാലം വരെ നീട്ടുന്നുണ്ടെങ്കിലും ആദ്യ കാല അബ്ബാസിയാ യുഗം അവസാനിക്കുന്ന ഖലീഫ മുതവക്കിലിന്റെ കാലം വരെയാണ് അത് യഥാര്‍ഥത്തില്‍ നിലനിന്നത്. ഈ കാലഘട്ടത്തില്‍ ചിന്താപരവും ആശയപരവുമായ സംഘര്‍ഷങ്ങളും സംവാദങ്ങളും ഇസ്‌ലാമിക സമൂഹത്തിലുണ്ടായിരുന്നുവെങ്കിലും അതെല്ലാം നാഗരികമായും ധിഷണാപരമായും സ്വയം മുന്നേറാനുള്ള സ്വന്തം അജണ്ടയുടെ ഫലമായിരുന്നുവെന്ന് കാണാം. യൂറോപ്പിനെ വെളിച്ചത്തിലേക്കും ശാസ്ത്ര ബോധത്തിലേക്കും നയിച്ച വൈജ്ഞാനികവും നാഗരികവുമായ വിസ്‌ഫോടനം ഇസ്‌ലാമിക ലോകത്തുണ്ടായത് ഈ കാലഘട്ടത്തിലാണല്ലോ. മറ്റൊരു വിധം പറഞ്ഞാല്‍ അക്കാലത്തുണ്ടായ വൈജ്ഞാനികവും ചിന്താപരവുമായ സംവാദങ്ങളും തര്‍ക്കങ്ങളും ഒന്നും ബാഹ്യശക്തികളുടെ അജണ്ട പ്രകാരമായിരുന്നില്ല എന്ന് ചുരുക്കം. അതിനാല്‍തന്നെ അതിന്റെ പേരിലുള്ള പരസ്പരം കാഫിറാക്കലും തര്‍ക്കുല്‍ മുവാലാത്ത് പ്രഖ്യാപനങ്ങളും ഉണ്ടായിരുന്നില്ല.
എന്നാല്‍, അബ്ബാസിയാ യുഗത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക്, അതായത് അബ്ബാസി ഖലീഫ അല്‍മുതവക്കിലിന് ശേഷമുള്ള ഘട്ടത്തിലേക്ക് പ്രവേശിച്ചതോടെ ഇസ്‌ലാമിക ലോകത്തിന് പുതിയ അജണ്ടകള്‍ ഇല്ലാതായി തുടങ്ങി. അതിന്റെ സ്വാഭാവിക പ്രത്യാഘാതമായിരുന്നു കാലവും ദേശവും മാറുന്നത് തീരെ പരിഗണിക്കാതെ പഴയ അജണ്ടകളില്‍ വാശിയോടെ കടിച്ചുതൂങ്ങാനുള്ള പ്രവണത. ദൈവശാസ്ത്രപരവും കര്‍മശാസ്ത്രപരവുമായ കടുത്ത വിഭാഗീയത ഈ പ്രവണതയുടെ അനിവാര്യ ഫലമായിരുന്നു. ദൈവശാസ്തത്തിന്റെ വിഷയത്തില്‍ മാത്രമല്ല കര്‍മശാസ്ത്ര വിഷയത്തില്‍ പോലും സംഘര്‍ഷവും അപരവല്‍ക്കരണവും അതിന്റെ അകമ്പടിയായുണ്ടായി. കര്‍ക്കശവാദികളായ ഹമ്പലികളുണ്ടാക്കിയ കലാപം അടിച്ചമര്‍ത്താന്‍ ബഗ്ദാദില്‍ ഭരണകൂടത്തിന് രംഗത്തിറങ്ങേണ്ട സ്ഥിതിവിശേഷം പോലും ഉണ്ടായി. എന്നാല്‍ ഇക്കാലത്തെ വിഭാഗീയത പോലും ശത്രുക്കളുടെ അജണ്ടയനുസരിച്ചായിരുന്നുവെന്ന് പറഞ്ഞുകൂടാ. മറിച്ച്, ദൈവശാസ്ത്രത്തിലും കര്‍മശാസ്ത്രത്തിലും മൗലികമായ അന്വേഷണങ്ങളും പഠനങ്ങളും നിലച്ച് ഇവ്വിഷയകമായി പൂര്‍വികര്‍ എഴുതിവെച്ച ഗ്രന്ഥങ്ങള്‍ക്ക് വ്യാഖ്യാനങ്ങളും ടിപ്പണികളും ചമയ്ക്കുകയെന്നതു മാത്രം വൈജ്ഞാനിക പ്രവര്‍ത്തനമായി ചുരുങ്ങിപ്പോയതിന്റെ പരിണിത ഫലമായിരുന്നു ഇത്. അജണ്ടകളില്ലാതാവുകയെന്ന് സൂചിപ്പിച്ചതും ഈ അവസ്ഥാവിശേഷത്തെയാണ.്
എന്നാല്‍ താര്‍ത്താരികളുടെ അധിനിവേശത്തോടെ ഇസ്‌ലാമിക സമൂഹത്തിന്റെ അജണ്ടകള്‍ ശത്രുക്കള്‍ തീരുമാനിക്കുന്ന മൂന്നാം ഘട്ടത്തിലേക്ക് ഇസ്‌ലാമിക ചരിത്രം പ്രവേശിച്ചു. ജന്മവാസനാ കാലം എന്ന് ബിന്നബി വിശേഷിപ്പിക്കുന്നത് ഈ ഘട്ടത്തെയാണ്. പരസ്പരം കലഹിക്കുകയെന്നത് മനുഷ്യന്റെ ജന്മവാസനയായതുകൊണ്ടാകാം ബിന്നബി ഈ ഘട്ടത്തിന് ആ പേര് നല്‍കിയത്. മനുഷ്യരെ ഒരുമിപ്പിച്ചുനിര്‍ത്തുന്ന മൂല്യങ്ങളോ അജണ്ടകളോ ഇല്ലാതാകുമ്പോള്‍ അവര്‍ സ്വാഭാവികമായും പരസ്പരം കലഹിക്കുകയെന്ന ജന്മവാസനയിലേക്ക് തിരിച്ചുപോകുമെന്ന കാര്യം ഉറപ്പാണല്ലോ. അതു തന്നെയാണ് ഈ ഘട്ടത്തിലും സംഭവിച്ചത്. യഥാര്‍ഥത്തില്‍ താര്‍ത്താരി അധിനിവേശം സാധ്യമാക്കിയതുതന്നെ ശീഈ- സുന്നി വിഭാഗീയതയാണ്. മംഗോളുകളെ ഇസ്‌ലാമിക ലോകം ആക്രമിക്കാനായി ക്ഷണിച്ചുവരുത്തുന്നതില്‍ ശീഈകള്‍ക്ക് പങ്കുണ്ട് എന്ന് ആരോപിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യം അവിശ്വസിക്കേണ്ട കാര്യമില്ല. കാരണം ശത്രുക്കളുടെ കൈയിലെ പാവയോ അവരുടെ താളത്തിനൊത്ത് തുള്ളുന്നവരോ ആകാന്‍ ഏതെങ്കിലും ഒരു കൂട്ടരെ നിര്‍ബന്ധിക്കുന്ന തരത്തില്‍ പരസ്പര കലഹം അതിനു മുമ്പേ ഇരു കൂട്ടരും ആരംഭിച്ചിരുന്നുവല്ലോ. അതുവരെ ഇസ്‌ലാമിക ലോകത്തെ ന്യൂനപക്ഷമെന്ന നിലക്ക് പല അപരവല്‍ക്കരണങ്ങളും നേരിട്ടതിനാല്‍ സ്വാഭാവികമായും ശത്രുക്കളുടെ അജണ്ടക്ക് ആദ്യം വശംവദരായത് ശീഈകളായതിലും അത്ഭുതമില്ല. ഏതായാലും ഈ കലഹത്തെ പില്‍ക്കാലത്തും ശാശ്വതമാക്കുന്ന ദൈവശാസ്ത്രവും വൈകാരിക ചേരുവകളും ഈ കാലഘട്ടത്തിലോ അതിനു ശേഷമോ നിര്‍മിക്കപ്പെടുകയും ചെയ്തു. ശീഈ-സുന്നി വൈരുധ്യത്തിന്റെ മെറിറ്റ് പരിശോധനാവിധേയമാക്കുക ഈ ലേഖനത്തിന്റെ ഉദ്ദേശ്യമല്ല. അത് രൂപപ്പെട്ട രാഷ്ട്രീയവും ചരിത്രപരവുമായ സന്ദര്‍ഭത്തിലേക്ക് നേരിയ സൂചന നല്‍കുക മാത്രമാണ് ഉദ്ദേശ്യം. പക്ഷേ അതിനു മുമ്പും ശേഷവും സുന്നി ഭരണത്തിനു കീഴില്‍ ശീഈകളും ശീഈ ഭരണത്തിനു കീഴില്‍ അപൂര്‍വമായിട്ടെങ്കിലും സുന്നികളും സഹവര്‍ത്തിത്വത്തോടെ കഴിഞ്ഞിരുന്നുവെന്നതും നാം കാണാതിരുന്നുകൂടാ. ശീഈകളുടെ സുന്നികളുമായുള്ള സഹവര്‍ത്തിത്വ ജീവിതത്തെ, സുന്നികള്‍ ആരോപിക്കുന്നതുപോലെ അവരുടെ 'തഖിയ്യ'യായി മനസ്സിലാക്കിയാലും സുന്നി ഭരണകൂടങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും അവരുടെ ക്രിയാത്മകമായ അജണ്ടകള്‍ നടപ്പിലാക്കാനുള്ള സമാധാനപരമായ അന്തരീക്ഷം അത് ഒരുക്കിയെന്നത് നിസ്സാര കാര്യമല്ലല്ലോ. സുന്നി ഭരണത്തില്‍ ശീഈ കലാപങ്ങള്‍ അപൂര്‍വമായതിന് ഈ തഖിയ്യയല്ലാതെ മറ്റൊരു കാരണവുമില്ല. ഇന്ത്യയിലെ മുസ്‌ലിം ഭരണത്തില്‍ ഒരിക്കല്‍ പോലും ഒരു ശീഈ-സുന്നി കലാപമുണ്ടായിട്ടില്ല. അത് സുന്നികളുടേതായാലും ശീഈകളുടേതായാലും. സുന്നികളായ മുഗള്‍ ഭരണത്തില്‍ മന്ത്രിമാരുടെ നല്ലൊരു ശതമാനവും ശീഈകളായിരുന്നു. സുന്നി വിശ്വാസാചാരങ്ങളില്‍ മറ്റാരേക്കാളും പ്രതിബദ്ധതയുണ്ടായിരുന്ന മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ ഭരണത്തിലാണ് ഏറ്റവും കൂടുതല്‍ ശീഈ മന്ത്രിമാരും ഉദ്യോഗസ്ഥരുമുണ്ടായിരുന്നത്. അവധിലെയും ഡക്കാനിലെയും ശീഈ ഭരണകൂടത്തില്‍ സുന്നി മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും ധാരാളമുണ്ടായിരുന്നു. കേരളത്തിലെ ശാഫിഈ പണ്ഡിതനും പോരാളിയുമായിരുന്ന ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം പോര്‍ച്ചുഗീസുകാര്‍ക്കെതിരെ സാമൂതിരിയെയും മുസ്‌ലിംകളെയും സഹായിക്കാന്‍ അഭ്യര്‍ഥന നടത്തിയതും തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന തന്റെ ഗ്രന്ഥം സമര്‍പ്പിച്ചതും ശീഈ മതവിശ്വാസിയായ ബീജാപൂരിലെ അലി ആദില്‍ഷാഹി സുല്‍ത്താന്നാണ്. മാര്‍ക്‌സ് ചരിത്രത്തെ മുഴുവന്‍ വര്‍ഗസംഘട്ടനമായി വായിച്ചതുപോലെ ഇസ്‌ലാമിക ചരിത്രത്തെ മുഴുവന്‍ ശീഈ-സുന്നി സംഘട്ടനമായി വായിക്കുന്ന ചില സമകാലിക പ്രവണതകള്‍ ശ്രദ്ധയില്‍ പെട്ടതുകൊണ്ടുകൂടിയാണ് ഇത് പ്രത്യേകം സൂചിപ്പിച്ചത.്
ഇതെല്ലാം വസ്തുതയായിരിക്കെ തന്നെ ഇസ്‌ലാമിക ലോകത്തിന്റെ രാഷ്ട്രീയ ശക്തി ക്ഷയിപ്പിക്കാന്‍ ശത്രുക്കള്‍ പല കാലത്തും പ്രയോജനപ്പെടുത്തിയ വലിയൊരായുധം തന്നെയാണ് ശീഈ-സുന്നി സംഘര്‍ഷം എന്ന കാര്യത്തില്‍ സംശയമില്ല. താര്‍ത്താരികള്‍ ആ സംഘര്‍ഷത്തെ ചൂഷണം ചെയ്ത് ഇസ്‌ലാമിക ലോകത്ത് അധിനിവേശം നടത്തിയതിനെ കുറിച്ച് നേരത്തേ സൂചിപ്പിച്ചു. ആ സംഘര്‍ഷത്തില്‍ പരിഹാരം അസാധ്യമാണെന്ന് തോന്നിക്കുന്ന ദൈവ ശാസ്ത്രപ്രശ്‌നങ്ങളുണ്ട്. അതിലേറെ വൈകാരികമായ ചേരുവകളുമുണ്ട്. പ്രവാചകന്റെ അടുത്ത അനുചരന്മാരോടുള്ള ശീഈകളുടെ നിഷേധാത്മക സമീപനവും കര്‍ബലയുമൊക്കെ അതിലെ അപരിഹാര്യമായ വൈകാരിക പ്രശ്‌നങ്ങളാണ്. ശത്രുക്കള്‍ മുസ്‌ലിംകള്‍ക്കു വേണ്ടി പലപ്പോഴും അജണ്ടകള്‍ തയാറാക്കാന്‍ ഉപയോഗപ്പെടുത്തിയതും അതിനെയാണ്.
വര്‍ത്തമാന കാലത്തേക്ക് വരുമ്പോള്‍ ഇടക്കാലത്ത് ശക്തി കുറഞ്ഞിരുന്ന ഈ സംഘര്‍ഷങ്ങള്‍ ശക്തിയോടെ തിരിച്ചുവരുന്നതാണ് കാണുന്നത്. വലിയ പ്രതീക്ഷകള്‍ നല്‍കിയ അറബ് വസന്തം തന്നെ ആ സംഘര്‍ഷത്തില്‍ അട്ടിമറിക്കപ്പെട്ടു. ഇസ്‌ലാമിക വിപ്ലവത്തിന്റെ പേരില്‍ മേനി നടിക്കുന്ന ശീഈ ഇറാനും സുന്നി രാജാക്കന്മാരുമെല്ലാം ഈ സംഘര്‍ഷത്തില്‍ യഥാര്‍ഥ ശത്രുവായ അമേരിക്കയുടെ അജണ്ട പ്രകാരം ഈ സംഘര്‍ഷത്തില്‍ തീ കോരിയിടുക മാത്രമാണ് ചെയ്യുന്നത്. അതില്‍ വിജയിച്ചതും വിജയിക്കുന്നതും അമേരിക്ക മാത്രമാണ്. അതിനാല്‍ ആ സംഘര്‍ഷത്തില്‍ പലരും കരുതുന്നതുപോലെ മതമല്ല, മറിച്ച് മധ്യപൗരസ്ത്യ നാടുകളെ ഒന്നടങ്കം തീറെഴുതി വാങ്ങുന്നതില്‍ ഏറക്കുറെ ഇപ്പോള്‍ വിജയിച്ചുകഴിഞ്ഞ അമേരിക്കയുടെയും ഇസ്രയേലിന്റെയും കൊളോണിയല്‍ രാഷ്ട്രീയമാണുള്ളത്. അവരുടെ അജണ്ട പ്രകാരം തുള്ളുന്നതു കാരണം മുസ്‌ലിം രാഷ്ട്രങ്ങളും കൂട്ടായ്മകളും അത് തിരിച്ചറിയുന്നില്ലെന്ന് മാത്രം.
വര്‍ത്തമാനകാല ഇസ്‌ലാമിക ലോകത്തെ ദുര്‍ബലപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഈ സംഘര്‍ഷത്തിന്റെ അനുരണനം കേരളത്തില്‍ വരെയുണ്ട് എന്ന് കാണുമ്പോള്‍ അതിന്റെ വ്യാപ്തി ഊഹിക്കാമല്ലോ. ഫാഷിസം ഒരു യാഥാര്‍ഥ്യമായി ഇന്ത്യന്‍ മുസ്‌ലിംകളെ മുഴുവന്‍ വിഴുങ്ങാന്‍ വായും പിളര്‍ന്ന് നില്‍ക്കുമ്പോഴാണ് സമുദായത്തില്‍ പുതിയ പുതിയ സംഘര്‍ഷ മേഖലകള്‍ തുറക്കപ്പെടുന്നത് എന്നതാണ് വലിയ വിരോധാഭാസം. അവര്‍ക്കിടയിലെ മത സംവാദങ്ങള്‍ പോലും ആരുടെ അജണ്ട പ്രകാരമാണ് എന്ന് സംശയിക്കുന്നത് ഇവിടെയാണ്. അതിനുള്ള ഫണ്ട് ഇറാന്റേതായാലും മറ്റുള്ളവരുടേതായാലും അജണ്ടകള്‍ വേവുന്നത് യഥാര്‍ഥ ശത്രുവിന്റെ ആലയത്തിലാകാനേ സാധ്യതയുള്ളൂ. ഫാഷിസവുമായുള്ള ഒത്തുതീര്‍പ്പിന് ഇന്ത്യയിലെ ശീഈ വഖ്ഫ് ബോര്‍ഡോ അതിന്റെ വക്താക്കളോ മാത്രമല്ല, സുന്നി ബോര്‍ഡില്‍ പെട്ടവരും ഉണ്ടെന്നാണല്ലോ വ്യക്തമാകുന്നത്. ശീഈ-സുന്നി വിവാദം മാത്രമല്ല സൂഫി-സലഫി സംവാദങ്ങള്‍, അതിന്റെ പേരിലുള്ള തീവ്രവാദ ചാപ്പകുത്തലുകള്‍, ബഹിഷ്‌കരണാഹ്വാനങ്ങള്‍, മുസ്‌ലിംകള്‍ക്കിടയില്‍ ലിബറലിസത്തിന് ലഭിക്കുന്ന സ്വീകാര്യത, ഹദീസ്‌നിഷേധ പ്രവണത, വളരെ റാഡിക്കല്‍ സ്വഭാവത്തിലുള്ള ഇസ്‌ലാമിക ഫെമിനിസത്തെ കുറിച്ച ചര്‍ച്ച തുടങ്ങിയവയിലെല്ലാം ഇസ്‌ലാമിക സമൂഹത്തിന്റെ കെട്ടുറപ്പിനെ ശിഥിലീകരിക്കുകയെന്ന അജണ്ട പ്രവര്‍ത്തിക്കുന്നുണ്ട്. ഫ്‌ളാഷ് മോബുകളൊന്നും ഒരു സുപ്രഭാതത്തില്‍ യാദൃഛികമായി പൊട്ടിമുളക്കുന്നതല്ല. ഒരു ഭാഗത്ത് ഫാഷിസ്റ്റ് ഭരണ കൂടങ്ങള്‍ മനുഷ്യന്റെ എല്ലാ സ്വകാര്യതകളിലും യാതൊരു മറയും കൂടാതെ ഇടപെടുമ്പോള്‍ അതിനെ നേരിയ തോതില്‍ പോലും ചോദ്യം ചെയ്യാതെ മറുഭാഗത്ത്, സ്ത്രീക്കും പുരുഷനും മതത്തിന്റെ ധാര്‍മിക ചട്ടങ്ങളും അധ്യാപനങ്ങളും ഉപദേശിക്കുന്നതു പോലും മനുഷ്യന്റെ സ്വയം നിര്‍ണയാവകാശത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും നേരെയുള്ള കൈയേറ്റമാണെന്നാണ് ലിബറലിസം പ്രചരിപ്പിക്കുന്നത്. ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ അമേരിക്ക ചെല്ലും ചെലവും നല്‍കി പോറ്റിവളര്‍ത്തിയ അയാന്‍ ഹിര്‍സി അലിയുടെ 'ഇന്‍ഫിഡല്‍' എന്ന വ്യാജ ആത്മകഥ വരെ ഇസ്‌ലാമിക് ഫെമിനിസ്റ്റ് കൃതിയായാണ് കേരളത്തില്‍ കൊണ്ടാടപ്പെട്ടത്! ലോകത്തു തന്നെ അത്യപൂര്‍വവും കേരളത്തില്‍ തീരെയില്ലാത്തതുമായ സ്ത്രീ ചേലാകര്‍മം ഇവിടെ ചര്‍ച്ചയായതു പോലും ഹിര്‍സി അലിയുടെ കൃതി പുറത്തു വന്നതിനു ശേഷമാണ്. കാരണം പില്‍ക്കാലത്ത് ഇസ്‌ലാം ഉപേക്ഷിച്ചുവെന്ന് പരസ്യമായി പ്രഖ്യാപിച്ച് അവിശ്വാസിയായിത്തീര്‍ന്ന അയാന്‍ ഹിര്‍സി അലി താന്‍ കുട്ടിക്കാലത്ത് ചേലാകര്‍മം ചെയ്യപ്പെട്ടതിനെ വളരെ ബീഭത്സമായി പുസ്തകത്തില്‍ ചിത്രീകരിക്കുന്നുണ്ട്. ബോധപൂര്‍വം ഇസ്‌ലാംഭീതി വളര്‍ത്താന്‍ കെട്ടിച്ചമച്ചതാണ് ഈ 'ആത്മകഥ' എന്നതിപ്പോള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം വിവാദ വ്യവസായങ്ങള്‍ക്ക് പിറകിലെ അജണ്ട മനസ്സിലാക്കാതെ പെണ്‍ ചേലാകര്‍മത്തിന്റെ കര്‍മശാസ്ത്രം വിശദീകരിക്കുന്ന മതപണ്ഡിതന്മാരും കഥയറിയാതെ ആട്ടം കാണുക തന്നെയാണ്.
ചുരുക്കത്തില്‍, സ്വന്തം അജണ്ടയില്ലെങ്കില്‍പോലും മറ്റുള്ളവര്‍ മുന്നിലേക്കിട്ടതരുന്ന അജണ്ടകള്‍ക്കനുസരിച്ച് തര്‍ക്കങ്ങളിലേര്‍പ്പെടുന്നതിനെയും സംഘടനാ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ തര്‍ക്കുല്‍ മുവാലാത്ത് (ബഹിഷ്‌കരണം) പ്രഖ്യാപിക്കുന്നതിനെയും ഇല്ലാ പ്രശ്‌നങ്ങളുടെ പേരില്‍ സൃഷ്ടിച്ചെടുക്കുന്ന വിവാദങ്ങള്‍ക്കു പിറകെ പോകുന്നതിനെയും കുറിച്ച് സമുദായം പുനരാലോചന നടത്തുന്നില്ലെങ്കില്‍ അവര്‍ തീര്‍ച്ചയായും പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കിയതു പോലെ ആറ്റിലൊഴുകുന്ന ചപ്പുചവറുകളായി മാറും എന്ന കാര്യത്തില്‍ സംശയമില്ല. പൊതുവായ ലക്ഷ്യമുണ്ടായപ്പോഴൊക്കെ ഗതകാല ചരിത്രത്തില്‍ ഭിന്നതകള്‍ മറന്ന് സമുദായം ഒന്നിച്ചതിന്റെ അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഇന്ത്യയില്‍ നടന്ന ഖിലാഫത്ത് പ്രസ്ഥാനം അത്തരത്തിലൊന്നായിരുന്നു. കൊളോണിയലിസത്തെ നേരിടുകയെന്നതായിരുന്നു അതിന്റെ പൊതു ലക്ഷ്യം. അലീഗഢ് പ്രസ്ഥാനത്തിന്റെയും ദയൂബന്ദ് പ്രസ്ഥാനത്തിന്റെയും പേരില്‍ അര നൂറ്റാ് പരസ്പരം പോരടിച്ചിരുന്ന ആധുനിക വിദ്യാഭ്യാസം നേടിയവരും പാരമ്പര്യ മത വിദ്യാഭ്യാസത്തിന്റെ വക്താക്കളും, സുന്നികളും ശീഈകളും, ദയൂബന്ദികളും ബറേല്‍വികളും, കോണ്‍ഗ്രസ്സുകാരും മുസ്‌ലിം ലീഗുകാരുമെല്ലാം അണിനിരന്ന ഒരു ബഹുജന പ്രസ്ഥാനമായിരുന്നു ഖിലാഫത്ത് മൂവ്‌മെന്റ്. കൊളോണിയലിസം മുസ്‌ലിംകള്‍ക്ക് അത്രമേല്‍ ഭീകരമായ അനുഭവമായി മാറിയതുകൊണ്ടാണ് അന്ന് മുസ്‌ലിംകള്‍ക്ക് ആ യോജിപ്പ് സാധ്യമായത്. സമാനമോ അതിനേക്കാള്‍ ഭീകരമോ ആയ മറ്റൊരു വെല്ലുവിളിയുടെ മുനമ്പിലാണ് തങ്ങളിപ്പോഴുള്ളത് എന്ന തിരിച്ചറിവുണ്ടായാല്‍ ഇക്കാലത്തും മുസ്‌ലിംകള്‍ക്ക് ഭിന്നതകള്‍ മറന്ന് ഒന്നിക്കാനാകും എന്ന ചരിത്രപാഠമാണ് അത് നല്‍കുന്നത്. ഫാഷിസത്തെ പ്രതിരോധിക്കുകയാണ് ഇന്ത്യന്‍ മുസ്‌ലിംകളുടെ പൊതുവായ ലക്ഷ്യം എന്ന് തീര്‍ച്ചപ്പെടുത്താന്‍ എല്ലാവരും ഒരുക്കമാണോ എന്നതാണ് ഈ ഘട്ടത്തില്‍ ഉയര്‍ത്തേണ്ട പ്രധാന ചോദ്യം.
Comments